Friday, February 24, 2012

ഈ ഭൂമി എല്ലാവര്‍ക്കും വേണ്ടി

ചില ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ചോദിക്കണം. ചില സിദ്ധാന്തങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞും വീണ്ടും വായിക്കണം. അപ്പോള്‍ പുതിയ അര്‍ഥങ്ങള്‍, പുതിയ പരിഹാരങ്ങള്‍ എന്നിവയിലെത്താം. മിക്ക പ്രശ്‌നങ്ങളും ദീര്‍ഘകാല പ്രസക്തിയോടെ ആവര്‍ത്തിച്ചും ഏറിയും കുറഞ്ഞും വരും. അങ്ങനെയൊരു ചെറിയ ചോദ്യമാണ് ഉല്‍പാദനം കൂടിയിട്ടും എന്താണ് പട്ടിണിക്കാര്‍ ധാരാളം നിലനില്‍ക്കുന്നത്. ജനസംഖ്യ കാരണമാണോ.

ഇതേ പ്രശ്‌നമായിരുന്നു ഏതാണ്ട് ഇരുന്നൂറ്റിപത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്കും ചോദിക്കാനുളളത്. അന്ന് മാല്‍ത്തേസ് വിടര്‍ത്തിയ ഒരു സിദ്ധാന്തം തന്നതില്‍ നിന്നു വ്യത്യസ്ഥമായ ഉത്തരം ഇന്നുണ്ടാവും. കക്ഷിയുടെ പ്രധാന നിഗമനം ഭക്ഷ്യ ഉല്‍പാദനത്തിലെ ഇഴഞ്ഞ വര്‍ധനവും (അരിത്ത്‌മെറ്റിക് പ്രോഗ്രഷന്‍) ജനസംഖ്യയിലെ കുതിച്ചുചാട്ടവും (ജേ്യാമെട്രിക്ക് പ്രോഗ്രഷന്‍) ആണെന്നായിരുന്നു. നമുക്കത് ഇന്നത്തെ സാഹചര്യത്തില്‍ അങ്ങനെയങ്ങ് കയ്യേറ്റുകൂടാ. ജനസംഖ്യയും ഭക്ഷ്യ ഉല്‍പാദനവും ഒരേ തോതില്‍ വര്‍ധിച്ചാലും പട്ടിണിക്കാരുടെ എണ്ണം കുറയണമെന്നില്ല. വേണമെങ്കില്‍ കൂട്ടുകയും ചെയ്യാം. ഇതാണ് നമ്മുടെ അനുഭവം. അതായത് ദാരിദ്ര്യവും ജനസംഖ്യയും തമ്മില്‍ നിശ്ചിതവും കണിശവുമായ ബന്ധമുണ്ടാവണമെന്നില്ല. മാല്‍ത്തേസിന്റെത് ഒരൊഴുക്കന്‍ കാര്യകാരണ പ്രതിപാദനമായിരുന്നു.

മനുഷ്യന്‍ പെരുകുമ്പോള്‍, ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ചാലും ഈ വന്‍ജനസംഖ്യയെ തീറ്റിപോറ്റാനാവില്ലെന്ന ആകെ മ്ലാനമായൊരു കാഴ്ചപ്പാടാണദ്ദേഹം തന്നത്. ജനസംഖ്യ ചുരുക്കിയാല്‍ പട്ടിണി ഉണ്ടാവില്ലെന്ന ഒരു നിഗമനവും അതിലുണ്ട്. ഉല്‍പാദനം പരിമിതവും പ്രത്യുല്‍പാദനം അപരിമിതവും ഒട്ടൊക്കെ ശരിയാവാം. എന്നാല്‍ ഇതില്‍ മാത്രമായി ദാരിദ്ര്യത്തെ

ഒതുക്കുന്നത് ഓരോ മനുഷ്യനും തിന്നു കൂട്ടുന്നതിലെ വര്‍ധനവിനെ കാണാതിരിക്കലാവും. നമുക്ക് മറിച്ച് ചിന്തിക്കേണ്ടതുണ്ട്. അങ്ങനെ ചിന്തിച്ചതാണല്ലോ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് അമര്‍ത്യസെന്‍ തന്ന അഗാധമായ പഠനം. 1943ല്‍ ദശലക്ഷങ്ങള്‍ പട്ടിണികൊണ്ട് മരിച്ചപ്പോഴും ബംഗാളിലെ ഉല്‍പാദനം കുറവല്ലായിരുന്നു. പിന്നെ ഈ ദശലക്ഷങ്ങള്‍ ക്ഷാമത്തില്‍ എരിഞ്ഞമര്‍ന്നതെങ്ങനെ. അതായിരുന്നു കാണാതെ പോയത്. ഉണ്ടാക്കിയതൊക്കെ കുറച്ചുപേരങ്ങ് തിന്നുതീര്‍ത്താലോ. അവര്‍ ശക്തരാണ്, ധനികരാണ്, മേലാളരാണ്. മറ്റവന്റെ പാത്രത്തില്‍ കയ്യിടുന്ന ഈ സ്വഭാവം ആസുരമായ തോതില്‍ വളര്‍ന്നാല്‍ ഉല്‍പാദനം എത്ര കൂട്ടിയാലും ജനസംഖ്യ എത്ര കുറഞ്ഞാലും പട്ടിമാല്‍ത്തേസിനെ പുനര്‍വായിക്കുന്നതിങ്ങനെയാണ്. വികസനം ഇന്നത്തെ അര്‍ഥത്തിലാവുമ്പോള്‍ ക്രമാതീതമായ ഉല്‍പാദന ഉപഭോഗ വര്‍ധന എന്നാണര്‍ഥം. ഉല്‍പാദനത്തേക്കാള്‍ ഉപഭോഗം വളര്‍ന്നാല്‍ ത്വരിത വികസനമെന്നാണ് അമേരിക്കന്‍ ധനശാസ്ത്രം. വരുമാനത്തേക്കാള്‍ വേഗത്തില്‍ ഉപഭോഗം. തികയാതെ വന്നാല്‍ കടം വാങ്ങുക. ഇതാണത്രെ വികസനം. അവിടത്തെ വളര്‍ച്ചയുടെ 85 ശതമാനവും ഉപഭോഗവര്‍ധന കാരണമാണത്രെ. അതായത് വളര്‍ച്ചകൊണ്ട് വന്‍ ഉല്‍പാദന വര്‍ധനവുണ്ടായാലും വരുമാന അസമത്വം കുറച്ചുപേരെ അതിശേഷിയുളള ക്രയവിക്രയക്കാരാക്കും. അവര്‍ ഉല്‍പാദിത വസ്തുക്കളുടെ 90 ശതമാനം വാങ്ങിക്കൂട്ടും. അതായത് ഏതാണ്ട് 80 ശതമാനം ജനത്തിനും വാങ്ങാന്‍ ബാക്കിയാവുന്നത് വെറും 10 ശതമാനം മാത്രം. അതാണല്ലോ അമേരിക്കയില്‍ ഈയിടെ കോര്‍പ്പറേറ്റുകള്‍ക്കെതിരെ നടന്ന വാള്‍സ്ട്രീറ്റ് കലാപത്തില്‍ 99 =1 എന്ന പ്രമേയം പൊന്തിവന്നത്. അതായത് മൊത്തം സമ്പത്ത് 1 ശതമാനം പേര്‍ക്ക്, ബാക്കി 99 ശതമാനത്തിനും ഒന്നുമില്ല. മാല്‍ത്തേസ് തെറ്റാവുന്നത് ഇങ്ങനെയാണ്.

ഒരര്‍ഥത്തില്‍ നിശിതമായ സാമൂഹിക കാഴ്ചപ്പാടില്ലാത്ത ധനവര്‍ധനവും വിതരണവുമാണ്, ജനസംഖ്യ വര്‍ധനവല്ല, ദാരിദ്ര്യ വര്‍ധനവിനു കാരണം . ഇന്ത്യയില്‍ പണം കയ്യില്‍ കിട്ടിയ മധ്യവര്‍ഗത്തിന്റെ ആര്‍ത്തി വേണ്ടുന്നതിലും വേണ്ടാത്തതിലും ചെന്നെത്തി. അവരുടെ ഡിമാന്റ് കൂടിയതോടെ അവര്‍ക്കും ഉന്നത ധനികര്‍ക്കും വേണ്ടതു മാത്രമുണ്ടാക്കുന്ന ഒരുല്‍പാദന വ്യവസ്ഥ വന്നു. തൊഴിലും വിഭവങ്ങളും അങ്ങോട്ടു തിരിച്ചു വിട്ടതോടെ താഴ്തല ഭൂരിപക്ഷത്തിന് വേണ്ടതില്ലാതായി. സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ച കൂടുതല്‍ യന്ത്രങ്ങളെ ആശ്രയിച്ച് ചെലവ് കുറച്ച് ഉല്‍പാദനത്തിലെത്തി. അതോടെ തൊഴിലും ഇല്ലാതായി. വെറും തൊഴിലാളികളായിരുന്നവര്‍ക്ക് വരുമാനമില്ലാതായി. ഈ ദൂഷിത വൃത്തം ഭേദിക്കാനാവശ്യമായ ഉല്‍പാദന പ്ലാനിങ്ങ്, ധന വിതരണ ക്രമീകരണം, വിപണി നിയന്ത്രണം എന്നിവ നമ്മുടെ വിദൂര സ്വപ്‌നം പോലുമല്ല.

ദാരിദ്ര്യ വര്‍ധനവിന്റെ താഴ്ത്തട്ടിലെ വിശകലനം തരുന്ന ഈ സത്യം മറന്നാണ് ജനസംഖ്യയെ മാത്രം പഴി പറയുന്നത്. ഇന്നും ഇത് മാത്രം പറയുന്നവരുണ്ട്. ജനം പെരുകുന്നതാണ് ഏക കാരണമെന്ന സ്വരമാണവരുടേത്. അതാണ് തെറ്റ്. ക്രമാതീതമായ ജനസംഖ്യ വര്‍ധന പ്രശ്‌നം തന്നെയാണ്. എന്നാല്‍ ഭൂമിയിലെ അപാരമായ അതിജീവന സമ്മര്‍ദ്ദങ്ങളെക്കുറിച്ചെഴുതിയ വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകത്തില്‍ ജനസംഖ്യ വര്‍ധനവിന്റെ ഭീഷണിയെക്കുറിച്ചെഴുതിയ ലെസ്റ്റര്‍ ബ്രൌണ്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു. പരിമിതമായ ഭൂമിയില്‍, അപരിമിതനായ (ആര്‍ത്തിപണ്ടാരം) മനുഷ്യന്റെ തിന്നും കുടിച്ചുമുളള കൂത്താട്ടമാണ് ഇന്നത്തെ ദുസ്ഥിതി സൃഷ്ടിച്ചത്. സമ്പന്നരുടെ വകതിരിവില്ലാത്ത ഉപഭോഗം വികസനമായി നാം തെറ്റിദ്ധരിച്ചു. ഭൂമി എല്ലാവര്‍ക്കും വേണ്ടിയാണെന്ന പൊരുള്‍ അറിയണം. ഇന്നത്തെ എല്ലാവരും എന്നല്ല, എന്നത്തെയും എല്ലാവര്‍ക്കും വേണ്ടി. അതില്ലാത്ത സദാചാര വിരുദ്ധ ഉപഭോഗത്തെക്കുറിച്ചാണ് ഗാന്ധിജിയും മറ്റു പല ചിന്തകരും പറഞ്ഞത്. വേണ്ടതൊക്കെ ഉണ്ടാക്കുക. പിടിച്ചെടുക്കാനാവുന്നവര്‍ കിട്ടിയതൊക്കെ സ്വാഹാ ചെയ്യുക.

ഇതൊരു വ്യവസ്ഥയല്ല. അവ്യവസ്ഥയാണ്. അതാണ് ഒരു രാജ്യത്തെ പ്രശ്‌നം. അമിത ഉപഭോഗം കൊണ്ടുളള പൊണ്ണത്തടിയും മറ്റു ഭൂരിപക്ഷം രാജ്യങ്ങളിലെ പ്രശ്‌നം പട്ടിണികൊണ്ടുളള ശുഷ്‌കപാത്രവുമാവുന്നത് വേണ്ടതൊക്കെ ഉണ്ടാക്കാന്‍ ഒരു ശാസ്ത്രത്തിനും പറ്റില്ല. ശാസ്ത്രശേഷിയേക്കാള്‍ എത്രയോ അധികമാണ് മനുഷ്യന്റെ ആര്‍ത്തി. മാല്‍ത്തേസ് ഈ ഭാഗമാണ് മറന്നത്. അഥവാ അന്ന് ഇന്നത്തെ അത്ര ആര്‍ത്തിക്കാരുണ്ടാവില്ലായിരിക്കാം. പിന്നെ അദ്ദേഹം ഒരു പളളി വികാരിയായിരുന്നു. അപ്പോള്‍ സദാചാര ചിന്ത ഉല്‍പാദനത്തേക്കാള്‍ പ്രത്യുല്‍പാദനത്തിനു നേരെയായതായിരിക്കാം. എന്തായാലും നമുക്കീ പ്രശ്‌നം ഇങ്ങിനെ കാണണം.

ജനസംഖ്യ കുറച്ച് സമൃദ്ധിയാക്കിക്കളയാമെന്ന ധാരണ വേണ്ട. നിയന്ത്രിക്കേണ്ടത് അവനവന്റെ ആവശ്യമാണ്. കൂട്ടത്തില്‍ മറ്റവനും ഉണ്ടെന്ന ബോധം. ആരാന്റെ പട്ടിണിയില്‍ എന്റെ കുറ്റമെത്രയുണ്ട് എന്നൊന്ന് ചിന്തിക്കാമോ. അതാണ് വളര്‍ച്ചയുടെ സഹയോഗത്തിന്റെ സംസ്‌കൃതി. എല്ലാവരും ഉളെളാരു ഭൂമി എന്ത് മനോഹരമാണ്.

*
പി എ വാസുദേവന്‍ ജനയുഗം 23 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചില ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ചോദിക്കണം. ചില സിദ്ധാന്തങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞും വീണ്ടും വായിക്കണം. അപ്പോള്‍ പുതിയ അര്‍ഥങ്ങള്‍, പുതിയ പരിഹാരങ്ങള്‍ എന്നിവയിലെത്താം. മിക്ക പ്രശ്‌നങ്ങളും ദീര്‍ഘകാല പ്രസക്തിയോടെ ആവര്‍ത്തിച്ചും ഏറിയും കുറഞ്ഞും വരും. അങ്ങനെയൊരു ചെറിയ ചോദ്യമാണ് ഉല്‍പാദനം കൂടിയിട്ടും എന്താണ് പട്ടിണിക്കാര്‍ ധാരാളം നിലനില്‍ക്കുന്നത്. ജനസംഖ്യ കാരണമാണോ.