Saturday, February 11, 2012

അറബ് വസന്തം ഇന്ത്യന്‍ സമുദ്രത്തിലേക്ക്

കഴിഞ്ഞ ഏതാനും മാസങ്ങളായി ജനാധിപത്യത്തിനുവേണ്ടി സ്വേച്ഛാധിപതികള്‍ക്കെതിരെ പല അറബ് രാജ്യങ്ങളിലും വിജയകരമായും അല്ലാതെയും നടന്ന ജനകീയപ്രക്ഷോഭത്തിന്റെ അലകള്‍ ഇന്ത്യന്‍ സമുദ്രത്തിലേക്കും വ്യാപിച്ചിരിക്കുന്നു.ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന മാലി ദ്വീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം ഇതിന്റെ ഭാഗമായി കണക്കാക്കാം. 1192 ദ്വീപുകളുടെ സമൂഹമാണ് മാലി ദ്വീപ്. ചുരുക്കം ചില ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. മൂന്ന് ലക്ഷത്തോളമാണ് ജനസംഖ്യ. തദ്ദേശീയര്‍ മതംമാറി മുസ്ലിങ്ങള്‍ ആയവരും വ്യാപാരാര്‍ഥം കുടിയേറിയ അറബികളുമാണ് ഭൂരിപക്ഷം. ആഫ്രിക്കയും കിഴക്കനേഷ്യയും ഇന്ത്യയും തമ്മിലുള്ള നാവികബന്ധങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനമാണ് മാലി ദ്വീപിനുള്ളത്. ഒരുകാലത്ത് കടല്‍ക്കൊള്ളക്കാരുടെ ആവാസകേന്ദ്രമായിരുന്നു ഈ ദ്വീപുകള്‍ .

മുപ്പത് വര്‍ഷത്തിലേറെ സ്വേച്ഛാധിപതിയായി വാണ മൗമൂന്‍ അബ്ദുള്‍ ഖയൂമിനെ പരാജയപ്പെടുത്തിയാണ് 2008ല്‍ മുഹമ്മദ് നഷീദ് പ്രസിഡന്റായി അധികാരമേറ്റത്. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് അധികാരത്തിലെത്തിയ നഷീദ് അബ്ദുള്‍ ഖയൂമിന്റെ മാര്‍ഗത്തില്‍ത്തന്നെയാണ് ചലിച്ചത്. ഈ സാഹചര്യത്തിലാണ് ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ മാലിദ്വീപ് തിളച്ചുമറിയാന്‍ തുടങ്ങിയിരിക്കുന്നത്. മൂന്നാഴ്ച നീണ്ടുനിന്ന പ്രക്ഷോഭത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുഹമ്മദ് നഷീദ് രാജിവച്ചു. പട്ടാളത്തെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ഗത്യന്തരമില്ലാതെ സ്ഥാനമൊഴിഞ്ഞത്. നഷീദിന്റെ രാജിയെ തുടര്‍ന്ന് അധികാരത്തിലെത്തിയിരിക്കുന്നത് മുഹമ്മദ് വാഹിദ് ഹസ്സനാണ്. സിവില്‍ ഉദ്യോഗസ്ഥരെയും പട്ടാളമേധാവിയെയും പുതുതായി നിയമിച്ച് സ്വന്തം സ്വാധീനം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഹസ്സന്‍ ആദ്യം ചെയ്തത്.

പക്ഷേ മാലിദ്വീപിലെ പുതിയ സംഭവവികാസങ്ങള്‍ അവസാനിച്ചു എന്നുപറയാറായിട്ടില്ല. മാലിയുടെ തന്ത്രപരമായ പ്രാധാന്യവും ഭൂമിശാസ്ത്രപരമായ കിടപ്പും പല ബാഹ്യശക്തികളെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. മാലിയുടെ തെക്ക്-കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഡീഗോ ഗാര്‍ഷ്യ ദ്വീപ് അമേരിക്കയുടെ പ്രധാനപ്പെട്ട സൈനികത്താവളമാണ്. ആദ്യമൊക്കെ ഡീഗോ ഗാര്‍ഷ്യയില്‍ അമേരിക്ക താവളമുറപ്പിക്കുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. എന്നാല്‍ , ഉറച്ച അമേരിക്കന്‍ പക്ഷപാതിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇപ്പോള്‍ ഇതേക്കുറിച്ച് മിണ്ടുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രവും ശാന്തമഹാസമുദ്രവും സാമ്രാജ്യത്വസ്വാധീനത്തില്‍നിന്ന് മുക്തമാക്കുക എന്നത് ലോകസമാധാനത്തിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത കര്‍ത്തവ്യമാണ്. ഏഷ്യാ പസഫിക് മേഖലയില്‍ നാവികസാന്നിധ്യം വര്‍ധിപ്പിക്കുക എന്ന അമേരിക്കന്‍ സാമ്രാജ്യത്വപദ്ധതിയെക്കുറിച്ച് ഈ പംക്തിയില്‍ നേരത്തെ വിശദമായി പ്രതിപാദിച്ചിരുന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ഏഷ്യാ പസഫിക് മേഖലയിലെ അമേരിക്കന്‍ കടന്നുകയറ്റത്തെ ചൈന എതിര്‍ക്കുന്നുണ്ട്. എന്നാല്‍ , ഇന്ത്യ മൗനം പാലിക്കുകയാണ്. മാലി ദ്വീപിലെ സംഭവവികാസങ്ങള്‍ ഇന്ത്യയുടെയും ചൈനയുടെയും നിലപാടുകളുമായി കൂട്ടിവായിക്കേണ്ടതാണ്.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 11 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...