Showing posts with label അന്ധവിശ്വാസം. Show all posts
Showing posts with label അന്ധവിശ്വാസം. Show all posts

Sunday, April 13, 2014

ചോദ്യങ്ങൾ മാറുന്നു, ഉത്തരങ്ങളും

ഇലത്താളം കലാകാരനായ കല്ലൂർബാബുവിനെ പരാമർശിച്ച്‌ കഴിഞ്ഞ പരീക്ഷക്ക്‌ ഉണ്ടായ ചോദ്യം പുതിയ തലമുറയെ ചിന്തിപ്പിക്കുന്നതായിരുന്നു. എട്ടാം ക്ളാസിലെ മലയാളം പരീക്ഷയ്‌ക്കായിരുന്നു ചോദ്യം. ബാബുവിനെ ഒഴിവാക്കിയ വാർത്ത, ചോദ്യമാകുന്നതിന്‌ മുന്നോടിയായി അയിത്തത്തിനെതിരെ അതിശക്തമായി പ്രതികരിച്ച മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികളും ചേർത്തിരുന്നു. “നീചനാരിതൻ കയ്യാൽ ജലം വാങ്ങിയാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ” എന്ന സൂര്യതേജസുള്ള വരികൾ.

ജാതീയമായ വേർതിരിവുകൾ ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവോ? പ്രതികരിക്കുക-ഇതായിരുന്നു ആറുമാർക്കിന്റെ ചോദ്യം. നിയമസഭയിലെ മന്ത്രിയുടെ പരാമർശം മുതൽ അയ്യൻകാളിയുടെയും അയ്യാവൈകുണ്ഠരുടെയും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയും നാരായണഗുരുവിന്റെയും ആനന്ദതീർഥന്റെയും ബ്രഹ്‌മാനന്ദ ശിവയോഗിയുടെയും കാലത്തെവരെ ഒരുനിമിഷം കൊണ്ട്‌ കുട്ടികൾ ഓർത്തിട്ടുണ്ടാകും. പരീക്ഷാഹാളിൽ ഒരുനിമിഷം കൊണ്ട്‌ ചിന്തയുടെ സുഗന്ധം നിറഞ്ഞിട്ടുണ്ടാകും.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ ഒരു ചോദ്യത്തിന്‌ ഇടമുണ്ടായി എന്നത്‌ ഞെട്ടിപ്പിക്കുന്ന കാര്യമാണ്‌. പുരോഗമനാശയങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട്‌ പഴയകാലം തിരിച്ചുവരുന്നു എന്നതിന്റെ സൂചനയാണ്‌ ഈ ചോദ്യം.

ഭൂമി എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന്‌ വളരെക്കാലം ഭൂമിയെ ദൈവം സൃഷ്‌ടിച്ചു എന്നായിരുന്നു ഉത്തരം. ദൈവത്തെ മനുഷ്യൻ സൃഷ്‌ടിച്ചു എന്ന ഉത്തരം ഉണ്ടായതോടുകൂടി ഹൃദയത്തിൽ വെളിച്ചം നിറയുകയും ചിന്തയ്‌ക്ക്‌ തീപിടിക്കുകയും ചെയ്‌തല്ലൊ. പരീക്ഷാഹാളിൽ നിന്ന്‌ ഇരുട്ട്‌ ഇറങ്ങിപ്പോവുകയും അറിവിന്റെ കുളിർകാറ്റു വീശുകയും ചെയ്‌തല്ലോ.

പക്ഷേ, കേരളം തിരിച്ചുപോകുന്നു. ഒരു ചോദ്യത്തിന്റെ പേരിൽ അധ്യാപകന്റെ ചോറുണ്ണാനുള്ള കൈ വെട്ടിയെറിഞ്ഞത്‌ ഇവിടെയാണല്ലോ. കൺമുമ്പിൽ വച്ചുണ്ടായ ആ മതദൈവനീതിനിർവഹണം പിന്നീട്‌ ഗുരുപത്‌നിയുടെ സ്വയംഹത്യയിൽ കലാശിച്ചതും ഇവിടെയാണല്ലോ. അതുവഴി മതം സ്‌നേഹമാണ്‌, ത്യാഗമാണ്‌, ക്ഷമയാണ്‌, മാപ്പാണ്‌ എന്നെല്ലാമുള്ള വ്യാജപ്രചരണങ്ങൾ തകർന്ന്‌ പോയതും ഇവിടെയാണല്ലൊ.

എട്ടാം ക്ളാസിലെ പാഠപുസ്‌തകം തയ്യാറാക്കിയ മാഷുമാർ ഇന്ത്യൻ ഭരണഘടനയെ ആദരിക്കുന്നവരാണ്‌. പൗരന്മാരുടെ മൗലിക കർത്തവ്യങ്ങളിൽ ശാസ്‌ത്രീയമായ കാഴ്‌ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്‌ക്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കണമെന്ന്‌ പറഞ്ഞിട്ടുണ്ടല്ലൊ. പാഠപുസ്‌തകത്തിലെ ഒരു യൂണിറ്റ്‌ അന്ധവിശ്വാസ ദൂരീകരണത്തിനായി മാറ്റിവച്ചിട്ടുണ്ട്‌. നാരായണഗുരു കുട്ടിച്ചാത്തനു കത്തുകൊടുത്തതും സഞ്‌ജയന്റെ സ്വാമിജി എന്ന കഥയും മറ്റുമാണ്‌ വെളിച്ചത്തിനെന്തൊരു വെളിച്ചം എന്നു പേരിട്ടിട്ടുള്ള ഈ യൂണിറ്റിലുള്ളത്‌. ക്ളാസുകളിൽ അന്ധവിശ്വാസം സംബന്ധിച്ച ചർച്ചകളും നടക്കാറുണ്ട്‌. ചോദ്യപേപ്പറിൽ ഇക്കുറി ജോത്സ്യൻ എന്ന നഗ്ന കവിത ചേർത്തിട്ടുണ്ട്‌. ഈ കവിതയുടെ സാമൂഹ്യപ്രസക്തി, ആസ്വാദനഭംഗി ഇവ വിലയിരുത്തി ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കാനായിരുന്നു ചോദ്യം.

ജോത്സ്യൻ

ജോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല
ചന്ദ്രൻ അപഹരിച്ചോ
രാഹുവോ കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാൾ
കവടി നിരത്തിയതേയില്ല
നേരേ നടന്നു
പൊലീസ്‌ സ്റ്റേഷനിലേക്ക്‌

ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കി, പരീക്ഷക്കാലവും മറന്നപ്പോഴാണ്‌ ഈ ചോദ്യം ജോത്സ്യന്മാരുടെ ശ്രദ്ധയിൽപ്പെടുന്നത്‌. കേരള ഗണക കണിശ സഭ മലപ്പുറത്തുകൂടി, കളരിക്കുറുപ്പടക്കമുള്ള സമുദായങ്ങളെ അവഹേളിക്കുകയാണെന്നും ഉടൻ നടപടി വേണമെന്നും പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കയച്ചു. ഇപ്പോഴും അവർ കവടിനിരത്താതെ പരാതിയുമായി അധികൃതകേന്ദ്രത്തിലേക്ക്‌ പോയല്ലോ എന്നു പറഞ്ഞു ചിരിക്കുന്നവരെ എന്തുചെയ്യാനാണ്‌.

*
കുരീപ്പുഴ ശ്രീകുമാർ

Monday, March 17, 2014

ഭരണകൂടവും ബ്രാന്റ് ഗുരുജിമാരും

ഒരുതലത്തില്‍, ആശാറാം ബാപ്പുവിന്റെ അറസ്റ്റ് വിരസമായ ഒരു പഴങ്കഥയുടെ ആവര്‍ത്തനമാണ്. മറ്റൊരു മനുഷ്യദൈവം സര്‍വൈശ്വര്യങ്ങളില്‍നിന്നും നേരെ നിലംപൊത്തിയിരിക്കുന്നു. അപ്പോള്‍ സൂര്യനുകീഴില്‍ പുതുതായെന്തുണ്ട്? നമ്മുടെ സന്യാസിവര്യന്മാരുടെ കളിമണ്‍കാലുകള്‍ പുറത്തായിക്കൊണ്ടിരിക്കുന്നത് ഒരു പതിവു സംഭവമല്ലേ? ""നിരപരാധികളാണ് എന്ന് തെളിയിക്കപ്പെടുന്നതുവരെ പുണ്യവാളന്മാര്‍ കുറ്റവാളികളായി വിലയിരുത്തപ്പെടേണ്ടവരാണ്"" എന്നു പറയുമ്പോള്‍ ജോര്‍ജ് ഓര്‍വല്‍ പലതും അര്‍ഥമാക്കിയിരിക്കും. ഒരാള്‍ദൈവത്തിനും ദൈവികമായ ഗുണഗണങ്ങളോടെ ഒരിക്കലും ജീവിക്കാനാവില്ലല്ലോ. ഒരുപക്ഷേ വിവേകമാവുക, നിലംപറ്റിയ ഈ ഗുരുജിമാരുടെ ധാര്‍ഷ്ട്യപൂര്‍വമായ അതിമോഹത്തിന്റെ പ്രതിഫലനമാണ് അതെന്ന് കരുതി നീങ്ങുന്നതാണ്. എങ്കിലും ഒരാള്‍ അതേപ്പറ്റി ചിന്തിക്കാനായി അല്‍പനേരം ചെലവഴിക്കുകയാണെങ്കില്‍, ആശാറാമിന്റെ അറസ്റ്റ് മറ്റൊരു ആള്‍ദൈവത്തിന്റെ വ്യക്തിപരമായ പരാജയത്തിന്റെ മാത്രം കഥയല്ലെന്ന് കാണാനാവും. മറിച്ച്, ഈ സംഭവം വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള നേര്‍ത്ത വരയെ നാടകീയമായി വരച്ചുകാട്ടുകയാണ്. സമകാലീന ഇന്ത്യയില്‍ വിശ്വാസവും രാഷ്ട്രീയവും പണവും തമ്മിലുള്ള സമ്പൂര്‍ണ സംയോജനത്തെ ഇത് തുറന്നുകാട്ടുന്നു.

16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആശാറാം ബാപ്പുവിനെതിരെയുള്ള ആരോപണം, നരേന്ദ്ര ധാബോല്‍ക്കര്‍ അന്ധവിശ്വാസങ്ങള്‍ക്കും അതിന്റെ ആചാരപരമായ പ്രയോഗങ്ങള്‍ക്കുമെതിരെ നടത്തിക്കൊണ്ടിരുന്ന പോരാട്ടം എത്രമാത്രം പ്രസക്തമാണ് എന്നതിനുള്ള തെളിവാണ്; ഇനിയും അതിന് കൂടുതല്‍ തെളിവുകള്‍ വേണമെങ്കില്‍! ആ ചെറിയ പെണ്‍കുട്ടിയെ സ്വാമിക്ക് സമീപത്തെത്തിച്ചത് ഭൂതബാധയില്‍ നിന്ന് ഒഴിവാക്കാനാണ് - എല്ലാത്തരം ബാധകളില്‍ നിന്നും! അരിച്ചരിച്ചെത്തുന്ന വെളിപ്പെടുത്തലുകളില്‍നിന്ന് മനസ്സിലാവുന്നത് ആശാറാമിന്റെ സഹായികള്‍, അച്ഛനെയും മകളെയും ധരിപ്പിച്ചത് അവള്‍ക്ക് എന്തോ തരത്തിലുള്ള ഭൂതബാധയുണ്ടെന്നും അതിനെ തുരത്താനുള്ള സിദ്ധി ഗുരുവിനുണ്ടെന്നുമാണ്! ഇത്തരത്തിലുള്ള അന്ധശ്രാദ്ധ അഥവാ അന്ധവിശ്വാസം നമ്മുടെ എല്ലാ ആള്‍ദൈവങ്ങളും പതിവായി പ്രോത്സാഹിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമാണ്. അതിനെതിരായാണ് ധാബോല്‍ക്കറും അദ്ദേഹത്തിന്റെ മഹാരാഷ്ട്രാ അന്ധശ്രാദ്ധ നിര്‍മൂലന്‍ സമിതിയും പോരാടിക്കൊണ്ടിരുന്നത് - ആ പോരാട്ടത്തിനുള്ള വിലയായി അദ്ദേഹത്തിന് നല്‍കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നുവെങ്കിലും!

ഇന്ത്യയില്‍ എല്ലായിടത്തും എല്ലായ്പ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഭരണകൂട-ദേവാലയ- കോര്‍പറേറ്റ് കോംപ്ലക്സ് എന്ന കാര്യത്തിനുള്ള ഒരു തെളിവ് കൂടിയാണ് - ഇനിയും തെളിവുകള്‍ വേണ്ടതുണ്ടെങ്കില്‍ - ആശാറാമിന്റെ കേസ്. മിക്കപ്പോഴും, അത് നേരിട്ടുള്ള കാഴ്ചയില്‍ നിന്നുമറഞ്ഞാണ് നില്‍പ്പ് എന്നുമാത്രം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നമ്മുടെ പൗരസമൂഹത്തിന്റെ നെടുംതൂണുകളും - വിഖ്യാത ശാസ്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ വരെ - ദൈവങ്ങളുടെയും ആള്‍ദൈവങ്ങളുടെയും മുമ്പില്‍ ദണ്ഡനമസ്കാരം ചെയ്യുന്നത് ഒരു പതിവുകാഴ്ചയാണല്ലോ. അതുകൊണ്ട് എത്ര അനായാസമാണ് വിശ്വാസവും രാഷ്ട്രീയവും പണവും തമ്മില്‍ ലയിക്കുന്നത് എന്ന കാര്യം, നമുക്ക് തിരിച്ചറിയാനാവാതായിരിക്കുന്നു. ആള്‍ദൈവങ്ങള്‍ ആശാറാമിന്റെ കാര്യത്തിലുണ്ടായപോലെ വൃത്തികെട്ട രീതിയില്‍ പെരുമാറുകയോ അതല്ലെങ്കില്‍ അധികാരവൃത്തങ്ങളുടെ അപ്രീതിക്ക് പാത്രമാവുകയോ (അതാണല്ലോ കഴിഞ്ഞ വര്‍ഷം ബാബാ രാം ദേവിന്റെ അഴിമതി വിരുദ്ധ റാലിക്കുശേഷം സംഭവിച്ചത്) ചെയ്യുമ്പോള്‍ മാത്രമാണ്, ആ മൂടുപടം എടുത്തുമാറ്റപ്പെടുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇക്കാലമത്രയും നമ്മുടെ മൂക്കിനു താഴെ എന്താണ് സംഭവിച്ചുകൊണ്ടിരുന്നത് എന്ന കാര്യം - എന്നുവച്ചാല്‍, ഭരണകൂട - ആരാധനാലയ - കോര്‍പറേറ്റ് കോംപ്ലക്സ് നിലനില്‍ക്കുന്നുണ്ട് എന്ന കാര്യം നാം തിരിച്ചറിയുന്നുള്ളൂ. ഇപ്പോള്‍ നരേന്ദ്രമോഡിയും മറ്റു രാഷ്ട്രീയ നേതാക്കളും നിലംപറ്റിയ ആള്‍ദൈവത്തോട് അകലം പാലിക്കാന്‍ തന്ത്രപരമായ കാരണങ്ങളാല്‍ നിര്‍ബന്ധിതരാവുന്നുണ്ടാവാം. പക്ഷേ ഗുജറാത്തിലെ ബിജെപി ഗവണ്‍മെന്റായാലും മുന്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റായാലും ആശാറാമിനെ രാജഗുരുവിനെപ്പോലെയാണ് പരിഗണിച്ചിരുന്നത് എന്നത് ഒരു രഹസ്യമല്ല. രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാനാവും, ആശാറാമിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ആശ്രമങ്ങള്‍, ഗുരുകുലങ്ങള്‍, സ്കൂളുകളടക്കമുള്ള ആ മുഴുവന്‍ സാമ്രാജ്യവും പടുത്തുയര്‍ത്തിയത് സര്‍ക്കാര്‍ ഗ്രാന്റായി അനുവദിച്ച വിശാലഭൂപ്രദേശത്താണ് (അത്, പിന്നീട് കൈയ്യേറ്റം വഴി അയാള്‍ വീണ്ടും വികസിപ്പിച്ചു);

അതല്ലെങ്കില്‍ ധനാഢ്യരായ സിന്ധി-മാര്‍വാഡി സമുദായങ്ങളുടെ സ്വകാര്യ സംഭാവനകള്‍ വഴിയാണ്. തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ അയാള്‍ക്ക് ചുറ്റും ഒരു സുരക്ഷിതകവചം ചമച്ചു. അത് ശിശുഹത്യയടക്കമുള്ള ഒട്ടനവധി പാതകങ്ങളില്‍നിന്ന് അയാളെ സംരക്ഷിച്ചുനിര്‍ത്തി. കൊല നടത്തി എളുപ്പത്തില്‍ രക്ഷപ്പെടാന്‍ അക്ഷരാര്‍ഥത്തില്‍ ആള്‍ദൈവത്തിന് കഴിഞ്ഞു. സൗഭാഗ്യങ്ങളാകെ വാരിക്കൂട്ടുന്ന കാര്യത്തില്‍ തന്റെ രാഷ്ട്രീയമായ വന്‍ സ്വാധീനം ഉപയോഗപ്പെടുത്തുന്നതില്‍ തീര്‍ച്ചയായും ആശാറാം ഒറ്റക്കല്ല. ഇന്ത്യയിലെ വിജയം കണ്ട എല്ലാ ആള്‍ദൈവങ്ങള്‍ക്ക് പിറകിലും ഭരണകൂട ഉപകരണങ്ങളും പൊതുമുതലും നിര്‍ബാധം കൈകാര്യം ചെയ്യാനാവുന്ന ഒരു പറ്റം ശക്തരായ രാഷ്ട്രീയക്കാര്‍ നിലയുറപ്പിച്ചതായി കാണാം. ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍, വിജയികളായ ഈ ഗുരുക്കള്‍ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കും. അതാകട്ടെ, മറ്റ് കോര്‍പറേറ്റ് താല്‍പര്യങ്ങളെ ആകര്‍ഷിക്കും. വിശേഷിച്ചും, വളര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിന്റെയും ടൂറിസത്തിന്റെയും കമ്പോളങ്ങളുമായി ബന്ധപ്പെട്ടവരെ. നാടനും മറുനാടനുമായ സ്വകാര്യ മൂലധനത്തെ ആകര്‍ഷിക്കാനായി ഇന്ത്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയോലിബറല്‍ ഭരണക്രമത്തിനു കീഴില്‍, മറ്റേതു കാലത്തേക്കാളും എളുപ്പമായിത്തീര്‍ന്നിരിക്കുകയാണ്, പൊതുസമ്പത്തും പൊതുധനവും മത-ബിസിനസ്സ്-സാമ്രാജ്യങ്ങള്‍ക്കായി കുത്തിച്ചോര്‍ത്താന്‍. മിക്കപ്പോഴും ഇത്തരം കേസുകളില്‍, ആകെ നടത്തേണ്ട ഒരു കാര്യം, ഭൂവിനിയോഗത്തില്‍ മാറ്റം വരുത്താനുള്ള അനുമതിയാണ്; (കൃഷിഭൂമി വാണിജ്യാവശ്യത്തിനോ, സ്ഥാപനത്തിന്റെ ആവശ്യത്തിനോ ഉപയോഗിക്കാവുന്ന രീതിയിലുള്ള മാറ്റം) അതല്ലെങ്കില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം തരപ്പെടുത്താന്‍ എന്ന പേരില്‍, ഗുരുജിമാര്‍ തുടങ്ങുന്ന അധ്യാപനപ്പുരകള്‍ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനോ(UGC), സംസ്ഥാന നിയമസഭകളോ സര്‍വകലാശാലാപദവി അനുവദിക്കലാണ്. പൊതു-സ്വകാര്യ പങ്കാളിത്തം (PPP) എന്ന നിയോലിബറല്‍ മന്ത്രം, മറ്റേതൊരു കോര്‍പറേറ്റ് താല്‍പര്യത്തെയും പോലെ, മതാധിഷ്ഠിത വ്യവസായ സംരംഭകരെയും ഏറെ സഹായിച്ചിട്ടുണ്ട്. ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തേതിന് ഒറ്റ വ്യത്യാസമേയുള്ളൂ. അവരുടെ വിശുദ്ധപരിവേഷവും അവരെപ്പറ്റിയുള്ള വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അടരുകളും ഏതുതരത്തിലുള്ള ഗുരുതരമായ അന്വേഷണത്തില്‍നിന്നും - വെല്ലുവിളിയുടെ കാര്യം പിന്നെയല്ലേ? -അവരെ സംരക്ഷിച്ചുനിര്‍ത്തും എന്നതാണത്.

സമീപകാലം വരെ സര്‍ക്കാരുകള്‍, വിശേഷിച്ചും ബിജെപി നേതൃത്വത്തിലുള്ളവ, സ്വാമി രാംദേവിന് തന്റെ പതഞ്ജലീയോഗ പീഠത്തിന്റെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ആശ്രമ-ആശുപത്രി സമുച്ചയത്തിന്റെ ഉപസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് പൊതുസ്ഥലം സൗജന്യമായി നല്‍കുന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രാംദേവിന്റെ ആശ്രമത്തിന് സര്‍വകലാശാലാ പദവി നല്‍കി. ഹരിയാനയാകട്ടെ, ബാബയുടെ ഗുരുകുല സംവിധാനത്തിന് അംഗീകാരം നല്‍കി. ഇവ ധര്‍മസ്ഥാപനങ്ങളല്ല. ഫീസ് ചുമത്തുന്ന ലാഭം നോക്കിപഠനപ്പുരകളാണ്; ധര്‍മസ്ഥാപനങ്ങള്‍ എന്ന പേരില്‍ അവയ്ക്ക് നികുതിയിളവുകള്‍ ലഭിക്കുന്നുണ്ടാവാമെങ്കിലും സര്‍ക്കാര്‍ പിന്തുണയുള്ള രാംദേവിന്റെ ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ ദശലക്ഷങ്ങളാണ് വാരിക്കൂട്ടിയത് - ഔഷധഫലത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ ഏറെ സംശയാസ്പദമാണ് അവയെങ്കിലും! തന്റെ പ്രതിപുരുഷന്മാര്‍ വഴി നടത്തപ്പെടുന്ന ടിവി ചാനലായ ആസ്ത വന്‍ലാഭമാണ് അയാള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്നത്. ആരംഭകാലത്ത് ഈ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലും പുറത്തുമുള്ള സമ്പന്നര്‍ ഉദാരമായാണ് സഹായമെത്തിച്ചത്. ഒരിക്കല്‍ ഭൗതിക ആസ്തികള്‍ ആയിക്കഴിഞ്ഞാല്‍, സര്‍ക്കാര്‍ ഏജന്‍സികളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അവയ്ക്ക് വേണ്ട പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനായി രംഗപ്രവേശം ചെയ്യും. റോഡുകള്‍ക്കും ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കും വഴിയൊരുക്കും. ഭരണകൂടവും ഹിന്ദുസംസ്കാരത്തിന്റെ പ്രാചീനമൂല്യങ്ങളുടെ വഴിവാണിഭക്കാരും സ്വകാര്യമൂലധനവും തമ്മിലുള്ള ഈ ത്രികക്ഷി ബന്ധമാണ് മിക്കവാറും എല്ലാ ബ്രാന്റ് ഗുരുജിമാരും പ്രവര്‍ത്തന മാതൃകയാക്കുന്നത്. ഭരണകൂടം മതനിരപേക്ഷമാണോ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ളതാണോ അതല്ല വിവിധ പ്രാദേശിക പാര്‍ടികളുടേതാണോ ഹിന്ദുത്വ ദേശീയതാവാദികളുമായി ഐക്യപ്പെടുന്നവരുടേതാണോ എന്നത് ഇക്കാര്യത്തില്‍ ഒരു വ്യത്യാസവുമുണ്ടാക്കുന്നതേയില്ല.

പാട്ടഭൂമിയില്‍ ആശ്രമം കര്‍ണാടക സംസ്ഥാനം 99 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയ ഭൂമിയില്‍ തന്റെ ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തിന്റെ ആസ്ഥാനം പണിഞ്ഞ ശ്രീ ശ്രീ രവിശങ്കറിന്റെ കഥ നോക്കാം. ആ ആശ്രമത്തിന് ഇന്‍ഫോസിസ് പോലുള്ള ബംഗളൂരു ആസ്ഥാനമായുള്ള സോഫ്റ്റ്വെയര്‍ കമ്പനികളില്‍നിന്നും കിട്ടിയ പിന്തുണ ഏവര്‍ക്കുമറിയാം. പക്ഷേ തീര്‍ന്നില്ല കഥ. ഇത്രയും കൂടിയുണ്ട്. ആര്‍ട്ട് ഓഫ് ലിവിങ്ങിന് ഗ്രാന്റായി ഒഡിഷ സംസ്ഥാനത്തുനിന്ന് 200 ഏക്കര്‍ ഭൂമിയാണ് കിട്ടിയത്. അവിടെ കഴിഞ്ഞ വര്‍ഷം ഒരു പുതിയ യൂണിവേഴ്സിറ്റി ആരംഭിച്ചുകഴിഞ്ഞു. ""പൗരാണിക മൂല്യങ്ങളോടെ ആധുനിക അധ്യാപനം"" ആണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്! ഇതേ ബിസിനസ്സ് മോഡലാണ് തങ്ങളുടെ പ്രാദേശിക പുത്രനായ മഹര്‍ഷി മഹേഷ് യോഗിയുടെ കാര്യത്തില്‍ മധ്യപ്രദേശ് സര്‍ക്കാരും നടപ്പാക്കിയത് - ഗ്രാന്റായി ഭൂമി കിട്ടിയ സര്‍വകലാശാല! ദൈവക്കമ്പോളം (the God Market) എന്ന എന്റെ പുസ്തകത്തില്‍ ബാബാ രാംദേവിന്റേതടക്കമുള്ള ഇത്തരം കേസുകളിലെ ഭരണകൂട ഇടപെടലിന്റെ വിശദമായ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. പരസ്യമായി ലഭ്യമായ തെളിവുകള്‍ സമാഹരിച്ചുകൊണ്ട് അതില്‍ ഉള്‍പ്പെട്ട പാര്‍ട്ട്ണര്‍മാരുടെ വിട്ടുപോയ കണ്ണികള്‍ പൂരിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ; ഗുരുജിമാരും അവരുടെ രാഷ്ട്രീയ-കോര്‍പറേറ്റ് സഹായികളും തമ്മിലുള്ള ബന്ധം അനാവൃതമാക്കുകയേ ചെയ്തിട്ടുള്ളൂ).

സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ പൂജാരികള്‍ക്ക് നല്‍കുന്ന ശമ്പളം, ക്ഷേത്ര പുനരുദ്ധാരണത്തിന് വേണ്ടി ചെലവാക്കുന്ന സംഖ്യകള്‍, പൂജകള്‍ നടത്താനുള്ള സാമ്പത്തികശേഷി ഇല്ലാത്തവര്‍ക്കായി അത് നടത്തിക്കൊടുക്കുന്നതിനുള്ള തുക, കുട്ടികളെ കര്‍മകാണ്ഡം (എന്നുവച്ചാല്‍ പൂജാ വിധികള്‍) പഠിപ്പിക്കുന്ന വേദപാഠശാലകള്‍ സ്ഥാപിക്കാനുള്ള ചെലവ് എന്നിങ്ങനെ നേരിട്ട് നല്‍കുന്ന സബ്സിഡികള്‍ക്ക് പുറമെയാണ് ഈ ആശ്രമത്തലവന്മാര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍. ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നു കിട്ടുന്ന ഏറ്റവും വലിയ പരോക്ഷ സബ്സിഡി ടൂറിസം വഴിയാണ്. കേന്ദ്രസഹായത്തോടെ സംസ്ഥാനങ്ങള്‍ പുതിയ തീര്‍ഥാടന യാത്രാപദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റിയുമായി കൂട്ടുചേര്‍ന്നുകൊണ്ട് തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അമ്പലങ്ങള്‍ക്കായി പ്രാചീന ഇതിഹാസം (പൗരാണിക ചരിത്രം) കണ്ടെത്താന്‍ സ്റ്റേറ്റ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റുകള്‍ പരിശ്രമിക്കുന്നത് അപൂര്‍വ സംഭവമല്ലാതായിത്തീര്‍ന്നിരിക്കുന്നു. പലപ്പോഴും മതാധിഷ്ഠിത ഉത്സവങ്ങളുമായി ബന്ധപ്പെട്ട സാംസ്കാരികാചാരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ (ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത നവരാത്രി, മകരസംക്രാന്തി ആഘോഷങ്ങള്‍ ഉദാഹരണം) മുന്നോട്ടു വരുന്നു. അതുമല്ലെങ്കില്‍ പുതുപുത്തന്‍ ആചാരാനുഷ്ഠാനങ്ങള്‍ തന്നെ അവതരിപ്പിക്കുന്നു (മധുരമീനാക്ഷി ക്ഷേത്രത്തിലെ സ്വര്‍ണരഥ പ്രദക്ഷിണം, കേരളത്തിലെ ശബരിമലയിലെ "ദിവ്യപ്രഭ"യുടെ അവതരണം എന്നിവ ഉദാഹരണം). പൊതുമുതല്‍ പരസ്യമായി ഹിന്ദുക്കളുടെ മതസ്ഥാപനങ്ങളിലേക്ക് കുത്തിച്ചോര്‍ത്തുന്നത് (രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കനുസരിച്ച് ചിലപ്പോള്‍ ന്യൂനപക്ഷ വിശ്വാസത്തിനും ഇത് ലഭിക്കാറുണ്ട്) മോശം തന്നെ. പക്ഷേ ഭരണകൂടവും മതങ്ങളും തമ്മിലുള്ള ഗൂഢാലോചന പൊതുസമൂഹത്തിന്റെ സാംസ്കാരിക ആവാസവ്യവസ്ഥക്ക് മേല്‍ ഉണ്ടാക്കുന്ന പരിക്കുകള്‍ ഉറുപ്പിക അടിസ്ഥാനത്തില്‍ കണക്കാക്കാനേ കഴിയില്ല.

ഭരണകൂട-ആരാധനാലയ-കോര്‍പറേറ്റ് കോംപ്ലക്സ് വേരോടുന്നത് ദൈവത്തിലുള്ള വിശ്വാസത്തോടൊപ്പം ദൈവത്തിന്റെ ഭൂമിയിലെ വ്യാപാര പ്രതിനിധികളിലുള്ള അന്ധവിശ്വാസം കൂടിച്ചേര്‍ന്ന ഒരു മണ്ണിലാണ്. വിശ്വാസാധിഷ്ഠിതമായ അവിശുദ്ധ ബന്ധങ്ങള്‍ ഒരു മതനിരപേക്ഷ ഭരണസംവിധാനത്തില്‍ മതനിരപേക്ഷമായ ഒരു പൊതുസംസ്കാരം രൂപപ്പെടുത്തിയെടുക്കാന്‍ ഭരണഘടനാപരമായി ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ എന്ന നിലക്കല്ലാതെ, നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നയരൂപീകരണ കര്‍ത്താക്കളായ മേലാളന്മാരും ഭരണയന്ത്ര നടത്തിപ്പുകാരും ഭക്തന്മാര്‍ എന്ന നിലയില്‍ മതസ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ നമുക്ക് ലഭ്യമാവുക, നിയമവാഴ്ചയോട് ഒട്ടും ആദരവില്ലാത്ത ഒരു സംസ്കാരമാണ്. യുക്തിരഹിതമായ വിശ്വാസങ്ങളെ വിമര്‍ശന വിധേയമാക്കുന്നതില്‍നിന്ന് അവയെ രക്ഷിക്കുന്ന ഒരു സംസ്കാരമായിരിക്കും അത്. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സംവിധാനം ചെയ്ത സീനിയര്‍ പൊലീസ് ഓഫീസര്‍ ഡി ജി വന്‍സാരയുടെ കാര്യമെടുക്കുക. അത്തരമൊരു വ്യാജ ഏറ്റുമുട്ടലിലാണ് 19 വയസ്സുള്ള ഇസ്രത്ത്ജഹാന്റെയും മറ്റു മൂന്നുപേരുടെയും ജീവനൊടുങ്ങിയത്. സബര്‍മതിയിലെ സെന്‍ട്രല്‍ ജയിലില്‍നിന്നും അദ്ദേഹം എഴുതിയ രാജിക്കത്തില്‍ നരേന്ദ്രമോഡി തന്റെ ദൈവമാണെന്നും ആശാറാമല്ലാതെ മറ്റാരുമായിരുന്നില്ല തന്റെ ഗുരു എന്നും പ്രഖ്യാപിക്കുന്നുണ്ട്. ""ദൈവ""ത്തിന് തന്റെ ""ഗുരു""വിനെ രക്ഷിക്കാനാവാത്തതായിരിക്കണം അദ്ദേഹം രാജിവെക്കാനിടയാക്കിയ പ്രകോപനം എന്നുതോന്നുന്നു. നീതി നിര്‍വഹണ ഓഫീസറും മോഡിയുടെ ഹിന്ദുത്വ ദേശീയതാ അജണ്ടയുമായുള്ള സുദൃഢബന്ധം ഒരുഭാഗത്ത്; ആള്‍ദൈവവുമായുള്ള അടുപ്പം മറുഭാഗത്തും - ചിത്രം വ്യക്തമാണ്. തന്റെ ഗുരുവില്‍നിന്ന് പകര്‍ന്നുകിട്ടിയ ""ആത്മീയത"" വ്യാജ ഏറ്റുമുട്ടല്‍ വഴിയുള്ള നിരപരാധികളുടെ കൊലക്കെതിരെയുള്ള ധാര്‍മിക പരിഗണനകള്‍ കൊണ്ട് ഒട്ടും ""കളങ്കിത""മാവാത്ത ഒന്നാണ് എന്നതാണ് വിരോധാഭാസം! തങ്ങളുടെ ഭക്തകള്‍ക്കു നേരെ പരസ്യമായി ചാടിവീഴുന്ന ആശാറാം ബാപ്പുവിനെപ്പോലുള്ള ഗുരുക്കന്മാരെ ആരാധിക്കുന്ന വന്‍സാര മോഡല്‍ നിയമപാലകര്‍ എത്രയുണ്ട് എന്ന കാര്യം സമചിത്തതയോടെ മനസ്സിലാക്കാവുന്ന ഒന്നാണ്. വിശ്വാസം അടിസ്ഥാനപ്പെടുത്തിയുള്ള ഈ കറക്കുകമ്പനി ഉള്ളേടത്തോളം കാലം, ചുരുങ്ങിയപക്ഷം ആള്‍ദൈവങ്ങള്‍ തന്നെ ഉള്‍പ്പെട്ട കേസുകളില്‍ നിയമലംഘകര്‍ ശിക്ഷിക്കപ്പെടുമെന്നും നീതി നടപ്പാക്കപ്പെടുമെന്നും പ്രതീക്ഷിക്കാന്‍ എന്ത് ന്യായമാണുള്ളത്? യുക്തിരഹിത വിശ്വാസങ്ങള്‍ക്കും മതപരമായ ആചാരങ്ങള്‍ക്കും കിട്ടുന്ന ഭരണകൂട പരിരക്ഷ കൂടുതല്‍ ഹാനികരമാണ്. ഉത്തര്‍പ്രദേശിലെ മിസാപൂര്‍ ജില്ലയിലെ താന്ത്രികനായ വിഭൂതിനാരായണ്‍ പഗ്ലാ ബാബയുടെ ആശ്രമത്തിലേക്ക് ലാലുപ്രസാദ് യാദവ് നടത്തിയ സമീപകാല സന്ദര്‍ശനം ഇതിനുദാഹരണമാണ്.

താന്ത്രിക വിശ്വാസങ്ങള്‍ സാധാരണേതരവും ഗൂഢവിശ്വാസപരവുമാണ് എന്ന കാര്യം എല്ലവര്‍ക്കുമറിയാവുന്നതാണ്. അതിനാകട്ടെ, ഒരു തരത്തിലുള്ള ശാസ്ത്രീയ തെളിവുകളും ഇല്ലെങ്കിലും ആശാറാം ബാപ്പു പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്നും ഭൂതപ്രേതാദികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത് താന്ത്രികവിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ട് ഈ ചോദ്യം സ്വയം ചോദിക്കുക. ലാലു പ്രസാദ് തന്റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സ്വന്തം ""ദൈവ""ത്തിന് സ്ഥാനോന്നതി നല്‍കാന്‍ ശ്രമിക്കുമോ, അതല്ല ഭൂതപ്രേതങ്ങളുടെ നിലനില്‍പിനെത്തന്നെ ചോദ്യം ചെയ്യുന്ന വിമര്‍ശനാത്മക ചിന്തയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമോ? ഉത്തരം നമുക്കെല്ലാമറിയാമല്ലോ. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു നിയമം? എന്താണ് ചെയ്യേണ്ടത്? ധാബോല്‍ക്കറും സുഹൃത്തുക്കളും ദീര്‍ഘകാലമായി തീവ്രമായി പോരാടിപ്പോന്ന ഒരു കാര്യമുണ്ടല്ലോ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു നിയമം എന്നത് അതുകൊണ്ട് എന്തെങ്കിലും ആവുമോ? ആശാറാമിന്റെ ആശ്രമത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഏറ്റവുമൊടുക്കത്തെ ബീഭത്സകഥ തടയാന്‍ അത്തരമൊരു നിയമത്തിന് കഴിയുമായിരുന്നോ? ബലാത്സംഗവും കൊലപാതകവും പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് തീര്‍ച്ചയായും പുതിയൊരു നിയമവും കൊണ്ടുവരേണ്ടതില്ല. അതിനാകെ വേണ്ടത് കുറ്റാരോപിതരായവരെ, അവരുടെയോ അവരുടെ രാഷ്ട്രീയ തലതൊട്ടപ്പന്മാരുടെയോ ദൈവസമാനമായ കഴിവുകളില്‍ ഭയന്നുപോവാതെ കുറ്റവാളികളെ കൂടുതല്‍ കര്‍ശനവും ശക്തവുമായ വിചാരണ നടപടികള്‍ക്ക് വിധേയരാക്കുക മാത്രമാണ്. പക്ഷേ ഒരുവന്‍/ഒരുവള്‍ ഏതു വിശ്വാസത്തിലോ പാരമ്പര്യത്തിലോ പെട്ട ആളാവട്ടെ, ഭൂതപ്രേതാദികളെ ഒഴിവാക്കാനോ ഭൗതിക ശാസ്ത്രത്തിലെയും ജീവശാസ്ത്രത്തിലെയും അറിയപ്പെടുന്ന എല്ലാ നിയമങ്ങളെയും മറികടന്നുകൊണ്ടുള്ള അത്ഭുതകാര്യങ്ങള്‍ കാട്ടുവാനോ, അതല്ലെങ്കില്‍ ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത രോഗങ്ങള്‍ക്കുള്ള ശമനമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുവാനോ ഉള്ള ഏതൊരു പ്രതിപാദനത്തെയും പരസ്യത്തെയും പ്രചാരണത്തെയും തടയുന്ന തരത്തില്‍ ഓരോ സംസ്ഥാനത്തും നടപ്പാക്കാന്‍ ബാധ്യതപ്പെട്ട വിധം ഒരു നിയമമുണ്ടായിരുന്നെങ്കിലോ? അത്തരമൊരു നിയമം ദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കപ്പെട്ടിരുന്നു എന്നു കരുതുക. എത്രക്ക് അസാധ്യമാണെങ്കിലും ഈ നിയമം നിര്‍ഭയം, കര്‍ശനമായി പക്ഷഭേദമെന്യേ നടപ്പാക്കി എന്നും വിചാരിക്കുക. (വര്‍ഷങ്ങളായി മഹാരാഷ്ട്ര അസംബ്ലിയില്‍ കെട്ടിക്കിടക്കുന്നതും എന്നാല്‍ ധാബോല്‍ക്കറുടെ കൊലക്കുശേഷം ഓര്‍ഡിനന്‍സ് വഴി നടപ്പാക്കപ്പെട്ടതുമായ ആ നിയമത്തിന്റെ മാതൃകയിലുള്ള ഒന്നാണ് നാം വിഭാവനം ചെയ്യുന്ന നിയമം). ആശാറാമിന്റെ ആശ്രമത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ബലാത്സംഗം ഒഴിവാക്കാന്‍ ഈ നിയമം വഴി കഴിയുമായിരുന്നോ? അസന്ദിഗ്ധമായും "അതെ" എന്നതായിരിക്കണം മറുപടി. ദൈവതുല്യമായ കഴിവുകള്‍ അവകാശപ്പെടാന്‍ അത്തരമൊരു നിയമം നടപ്പായിരുന്നെങ്കില്‍ ആശാറാമിന് കഴിയുമായിരുന്നില്ല. കുറ്റകൃത്യങ്ങള്‍ അപ്പടി അപ്രത്യക്ഷമാക്കാന്‍ അത്തരമൊരു നിയമത്തിന് കഴിയില്ല എന്നത് ശരിതന്നെ. കാരണം, മിക്ക കൊലപാതകങ്ങളും ബലാത്സംഗങ്ങളും വിശ്വാസത്തിന്റെ മറവിലല്ല നടക്കുന്നത്. പക്ഷേ അത്തരമൊരു നിയമം വഴി കുറ്റകൃത്യങ്ങള്‍ക്കും ദുര്‍നടപടികള്‍ക്കും വിശ്വാസത്തെ മറയാക്കുന്നത് വിഷമകരമാക്കാനാവുമായിരുന്നു.

അതിലും പ്രധാനം, ആള്‍ദൈവങ്ങളായി മാറിത്തീര്‍ന്നവര്‍, പ്രകൃതിയിലെ വസ്തുതകളുമായി യാതൊരടിസ്ഥാനവും ഇല്ലാത്ത വിധം, നിഗൂഢശക്തികളിലും പ്രതിഭാസങ്ങളിലും അന്ധമായ വിശ്വാസം ഉളവാക്കാനായി നടത്തുന്ന പൊതുസംവാദങ്ങള്‍ വഴിയുള്ള അപഭ്രംശത്തെ തടയാന്‍ അതിന് കഴിയുമായിരുന്നു എന്നുള്ളതാണ്. പൗരസ്വാതന്ത്ര്യത്തിന്റെ ചില വക്താക്കള്‍ ഭയപ്പെടുന്നതുപോലെ, അത്തരമൊരു നിയമം തങ്ങളുടെ ഇഷ്ടപ്രകാരമുള്ള വിശ്വാസങ്ങള്‍ സ്വതന്ത്രമായി ആചരിക്കാനുള്ള ഭരണഘടനാദത്തമായ ജനങ്ങളുടെ അവകാശത്തിന്റെ നിഷേധമായിത്തീരുമോ? ധാബോല്‍ക്കറുടെ മുന്‍കൈക്കെതിരെ അണിനിരന്ന യാഥാസ്ഥിതിക ശക്തികള്‍ പ്രചരിപ്പിച്ചു പോന്നതുപോലെ, അന്ധവിശ്വാസത്തിനെതിരായ ഒരു നിയമം യഥാര്‍ഥത്തില്‍ മതത്തിനുതന്നെ എതിരായുള്ള ഒന്നാണോ? തങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കാനും ആചരിക്കാനുമുള്ള അവകാശമെന്നത് ഒരു തരത്തിലും കടന്നാക്രമിക്കപ്പെടാന്‍ പാടില്ലാത്ത അമൂല്യമായ ഒരവകാശമാണ്. അക്കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും സ്ഥാനമില്ല. പക്ഷേ ചോദ്യം യഥാര്‍ഥത്തില്‍ ഇതാണ്: മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തില്‍, അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനും അതുവഴി ലാഭം കൊയ്യാനുമുള്ള സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുമോ? എവിടെയാണ് മതവിശ്വാസം അവസാനിക്കുന്നതും അന്ധവിശ്വാസം ആരംഭിക്കുന്നതും? അതല്ലെങ്കില്‍, അന്ധവിശ്വാസവിരുദ്ധ ബില്ലിന്റെ യാഥാസ്ഥിതിക വിമര്‍ശകര്‍ കരുതുന്നതുപോലെ, മതത്തിന് അന്ധവിശ്വാസമില്ലാതെ നിലനില്‍പ്പില്ല എന്നതാണോ ശരി? അത്തരമൊരു നിയമം ഇഷ്ടപ്പെട്ട ഏതു മതവും സ്വീകരിക്കാനും ആചരിക്കാനുമുള്ള ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് എതിരായി ബാധിക്കുമെന്ന് ഭയപ്പെടുന്നവര്‍ ഇന്ത്യന്‍ ഭരണഘടന ശ്രദ്ധാപൂര്‍വം വായിക്കട്ടെ. ഭരണഘടനയില്‍ മതസ്വാതന്ത്യമെന്നത് പൗരന്മാരുടെ മൗലികാവകാശത്തിന് കീഴ്പ്പെടുന്ന ഒന്നാണ്. എന്നുവെച്ചാല്‍ മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തികവും ധനപരവും രാഷ്ട്രീയവും മറ്റ് മതനിരപേക്ഷ നടപടികളും നിയന്ത്രിക്കാനും തടയാനും ഉള്ള അവകാശം ഭരണകൂടത്തിനുണ്ട്. പ്രസ്തുത നടപടികള്‍ പൊതുക്രമപാലനം, ധാര്‍മികത, ആരോഗ്യം എന്നിവയെ സംബന്ധിച്ച് ഈ ഭാഗത്തുപറയുന്ന മാനദണ്ഡങ്ങളുമായി വൈരുധ്യമുള്ളതാണെങ്കില്‍ (""ഈ ഭാഗം"" ഭരണഘടനയുടെ പാര്‍ട്ട് 3 -മായി ബന്ധപ്പെട്ടതാണ്. അവിടെയാണ് പൗരന്റെ മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്നത്).

ദുഷ്പ്രേതങ്ങള്‍ കൂടിയതാണ് എന്നുംപറഞ്ഞ് ആരുടെയെങ്കിലും മാനസിക സമ്മര്‍ദം ചികിത്സാ വിധേയമാക്കുന്നത് ആശാറാം അവകാശപ്പെട്ടതുപോലെ, ന്യായമായും ""മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട മതനിരപേക്ഷ പ്രവര്‍ത്തന""മായി കണക്കാക്കുന്നത് ശരിയാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. ജീവിക്കാനും സ്വതന്ത്രരായിരിക്കാനുമുള്ള ജനങ്ങളുടെ മൗലിക താല്‍പര്യം മുന്‍നിര്‍ത്തി ഭരണകൂടം ഇതിനെ നിയന്ത്രിക്കരുത് എന്നുപറയുന്നതില്‍ ഒരു ന്യായവുമില്ല. പൗരന്മാരുടെ മറ്റു മൗലികാവകാശങ്ങള്‍ക്ക് എതിരായി മാറുന്ന മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട മതനിരപേക്ഷ നടപടികളെ തടയാന്‍ ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ ഭരണകൂടത്തിന്അവകാശമുണ്ട് എന്നു മാത്രമല്ല, അങ്ങനെ ചെയ്യാന്‍ അത് പ്രതിജ്ഞാബദ്ധവുമാണ്. ഭരണഘടനയുടെ അനുഛേദം ടകഅ(വ) വിഭാവനം ചെയ്യുന്നത്. ""ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുന്നത്"" ഓരോ പൗരന്റെയും മൗലിക കടമകളില്‍ പെട്ടതാണ് എന്നാണ്. ചില കേസുകളില്‍ സുപ്രീംകോടതി ഇക്കാര്യങ്ങള്‍ പൗരന്റെ നിയമബദ്ധമായ കടമകളാണെന്നും ഭരണകൂടം അക്കാര്യത്തില്‍ ജാഗരൂകമാകണമെന്നും വിധിച്ചിട്ടുണ്ട്.

ഇത്തരം നിയന്ത്രണങ്ങള്‍ തങ്ങളുടെ വിശ്വാസത്തിന്റെ മേലുള്ള അസഹനീയമായ പ്രതിബന്ധങ്ങളായി കരുതുന്നവര്‍ ചില ആത്മപരിശോധനകള്‍ നടത്തേണ്ടതുണ്ട്. അയുക്തികവും അന്ധവിശ്വാസജഡിലവും ദ്രോഹകരവുമായ ഇത്തരം ആചാരങ്ങള്‍ ഇല്ലെങ്കില്‍ പൊളിഞ്ഞുപോകാവുന്ന അത്രയ്ക്ക് ദുര്‍ബലമാണോ അവരുടെ വിശ്വാസം? തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ കടമയില്‍പ്പെട്ടതല്ലേ, അതിന്റെ കാലഹരണപ്പെട്ട വിശ്വാസങ്ങളെയും അയുക്തികമായ ധാരണകളെയും ശുദ്ധീകരിച്ചെടുക്കുക എന്നതും? ഇങ്ങനെയൊക്കെയാണെങ്കിലും ധാബോല്‍ക്കര്‍ തന്റെ ജീവിതം തന്നെ നല്‍കിയ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുക എന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ല. ശാസ്ത്രീയമായ കാഴ്ചപ്പാടിനോടും വിമര്‍ശനാത്മകമായ ചിന്തയോടുമുള്ള പ്രതിബദ്ധത ഒന്നു മാത്രമാണ് അന്ധവിശ്വാസത്തിന്റെ വഴിവാണിഭക്കാര്‍ക്കും അവരുടെ രാഷ്ട്രീയ സഹായികള്‍ക്കുമെതിരായുള്ള ഏക ആയുധം.

*
മീരാ നന്ദ, ഫ്രണ്ട്ലൈനിനോട് കടപ്പാട്
മൊഴിമാറ്റം: എ കെ രമേശ് 
ദേശാഭിമാനി വാരിക

Friday, March 7, 2014

ഡോണിജറും വിശുദ്ധനരകവും പിന്നെ നമ്മളും

ഹിന്ദുക്കളും ഹിന്ദുമതവും വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയാണ്. തീവ്ര ഹിന്ദുത്വത്തിന്റെയും കോര്‍പ്പറേറ്റ് കുത്തകകളുടെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായുള്ള നരേന്ദ്രമോഡിയുടെ വളര്‍ച്ച മാത്രമല്ല അതിനു കാരണം. ഹിന്ദുത്വത്തിന്റെ വിവിധ രൂപങ്ങള്‍ നടത്തുന്ന മറ്റു വിക്രിയകളും ഇതിനുകാരണമാണ്. ചില ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദപ്രകാരം പെന്‍ഗ്വിന്‍ ബുക്സ് പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞയായ വെന്‍ഡി ഡോണിജര്‍ ഹിന്ദുമതത്തെക്കുറിച്ചെഴുതിയ പുസ്തകം പിന്‍വലിക്കുകയും അതിന്റെ എല്ലാ പ്രതികളും നശിപ്പിക്കുകയും ചെയ്യുന്നു. മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് അതിലെ മുന്‍ അന്തേവാസിയായ ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ ""വിശുദ്ധനരകം"" എന്ന പുസ്തകം വിവാദ വിഷയമാകുന്നു. അതേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാന പൊലീസ് കേസെടുക്കുന്നു. കേരളത്തില്‍ പലയിടങ്ങളിലും യാഗങ്ങള്‍ അരങ്ങേറുന്നുവെന്നു മാത്രമല്ല യാഗസ്ഥലത്ത് ഒരുക്കിയ ""വൈദിക"" പുസ്തകശാലയില്‍ നരേന്ദ്രമോഡിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്നു. പുതിയ ഹിന്ദുത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ ആശയസംഹിതകളുടെ സ്വഭാവമെന്തെന്നും തെളിയിക്കുന്നവയാണ് ഈ ഓരോ സംഭവങ്ങളും.

കഴിഞ്ഞ മൂന്നു ദശകക്കാലത്തിലേറെയായി ഹിന്ദുമതത്തെക്കുറിച്ച് ഗവേഷണം നടത്തുകയും നിരവധി ആധികാരിക ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്ത സാമൂഹ്യശാസ്ത്രജ്ഞയാണ് വെന്‍ഡി ഡോണിജര്‍. ഹിന്ദുമതത്തിന്റെ പ്രയോഗത്തില്‍, പ്രത്യേകിച്ച് പ്രതിമാശില്‍പകലയിലും കൊത്തുപണികളിലും കാണാവുന്ന ലൈംഗിക ചിഹ്നങ്ങളെയും മാതൃകകളെയുമാണ് അവര്‍ പഠനത്തിന് വിധേയമാക്കിയത്. ശിവലിംഗങ്ങള്‍, ശിവാരാധനയിലുള്ള അര്‍ദ്ധനാരീശ്വരസങ്കല്‍പം, നപുംസകങ്ങളും ലിംഗാതീതവുമായ ദേവതകള്‍, പ്രതിമാശില്‍പങ്ങളിലും കൊത്തുപണികളിലും കാണാവുന്ന ലൈംഗികരൂപങ്ങള്‍ മുതല്‍ ഇന്ത്യന്‍ മതരൂപങ്ങളില്‍ കാമസങ്കല്‍പത്തിന്റെയും ആരാധനയുടെയും അതിപ്രസരംവരെ അവരുടെ പഠനത്തിനു വിധേയമായി. ഇത്തരം ലൈംഗിക ചിഹ്നങ്ങളെ മറ്റു സമൂഹങ്ങളിലെ ലൈംഗിക ചിഹ്നങ്ങളുമായി താരതമ്യപ്പെടുത്തിയ അവര്‍ പുരുഷാധിപത്യസമൂഹത്തിന്റെ ലൈംഗികനിര്‍വചനങ്ങള്‍ എങ്ങനെ മതാരാധനാ രൂപങ്ങളെ ക്രമപ്പെടുത്തിയെന്ന് വിശദീകരിച്ചു. അതേസമയം ഉര്‍വരതാപൂജയുടെയും ലൈംഗികാടിസ്ഥാനത്തിലുള്ള ദേവതാ രൂപങ്ങളുടെയും സ്വാധീനം ജനപ്രിയ ഹിന്ദുമതത്തില്‍ സ്ഥാനംപിടിച്ചുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ വേദങ്ങളിലും ഉപനിഷത്തുകളിലും കാണുന്ന പ്രപഞ്ച വീക്ഷണത്തിനപ്പുറമുള്ള ദേവതാരാധനാ രൂപങ്ങളാണ് പൗരാണിക ഹിന്ദുമതത്തില്‍ സ്ഥാനംപിടിച്ചതെന്ന് അവര്‍ വാദിച്ചു. ശിവലിംഗം, താമര, സര്‍പ്പം മുതലായ പ്രകടമായ ലൈംഗികചിഹ്നങ്ങളും ലിംഗത്തിന്റെയും യോനിയുടെയും പൂജയും ഇതിനുദാഹരണങ്ങളാണ്.

പൗരാണിക ഹിന്ദുമതത്തേയും താന്ത്രിക മതം എന്ന് പൊതുവില്‍ അറിയപ്പെടുന്നതും വ്യത്യസ്ത ആഗമങ്ങളനുസരിച്ചുള്ളതുമായ പൂജകളെയും അനുഷ്ഠാനരൂപങ്ങളെയും സംബന്ധിച്ച നിരവധി പഠനങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. മദ്ധ്യകാലത്ത് ഹിന്ദുമതത്തെ വന്‍തോതില്‍ സ്വാധീനിച്ച താന്ത്രിക വിധികളില്‍ ഉര്‍വരതാ പൂജയുടെയും ലൈംഗികതയുടെയും അംശങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. കര്‍ണാടകത്തില്‍ വീരശൈവരുടെ ലിംഗാരാധനയിലും വടക്കേ ഇന്ത്യയില്‍ ഹോളി അടക്കമുള്ള ഉത്സവങ്ങളിലും പ്രകടമായ ലൈംഗികാംശങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. വെന്‍ഡി ഡോണിജറിന്റെ പ്രധാന പഠനവിഷയമായ ജനപ്രിയ ഹിന്ദുമതത്തെ സംബന്ധിച്ച് എത്തിച്ചേര്‍ന്ന നിഗമനങ്ങളുടെ വെളിച്ചത്തില്‍ ഹിന്ദുമതത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്ന് വിശദീകരിക്കുക മാത്രമേ അവര്‍ ചെയ്യുന്നുള്ളു. എറിക് ഹോബ്സ്ബോമും ടെറന്‍സ് റേഞ്ചറും ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്തം"" എന്ന പദപ്രയോഗം നടത്തുന്നുണ്ട്. ഓരോ കാലഘട്ടത്തിലും ഒരു സമൂഹം അതിനാവശ്യമായ പാരമ്പര്യത്തെ ഉല്‍പാദിപ്പിക്കും. സമൂഹത്തിന്റെ താല്‍ക്കാലികാവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ പാരമ്പര്യം. അതിന് സ്ഥായിയും ചരിത്രപരവുമായ പ്രസക്തി ഉണ്ടാകണമെന്നില്ല. ഇപ്പോള്‍ ഇന്ത്യയില്‍ അധീശത്വം കൈവരിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് വേദങ്ങളും ഉപനിഷത്തുക്കളും ഭഗവദ്ഗീതയുമൊക്കെയുള്ള ""ഹിന്ദു"" പാരമ്പര്യത്തിലാണ് താല്‍പര്യം. ഈ പാരമ്പര്യം ഉന്നതരായ ബ്രാഹ്മണ, ക്ഷത്രിയന്മാര്‍ സൃഷ്ടിച്ചതാണ്. ക്രിസ്തുമതവും ഇസ്ലാമുമൊക്കെ ഉയര്‍ത്തുന്ന ധാര്‍മ്മിക പാരമ്പര്യത്തോട് കിടപിടിക്കാവുന്നതുമാണ്. ക്രിസ്തുമതവും ഇസ്ലാമുമൊക്കെ ഇതേരീതിയിലുള്ള ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്ത""ങ്ങളാണെന്ന് അവര്‍ ആലോചിക്കുന്നില്ല. ഉര്‍വരതാപൂജയുടെയും നരബലിയടക്കമുള്ള ആചാരങ്ങളുടെയും സൂചനകള്‍ ബൈബിളിന്റെ പഴയനിയമത്തില്‍ കാണാവുന്നതാണ്. ജനങ്ങള്‍ കുടിപാര്‍ക്കുകയും വ്യാപിക്കുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ അവരുടെ ജീവിത സാഹചര്യങ്ങളനുസരിച്ചാണ് ദേവതകളെ സങ്കല്‍പിക്കുന്നത്. കൃഷിയും വാണിജ്യവുംപോലെ ഉര്‍വരതയും ലൈംഗികതയും അവരുടെ ജീവിത സാഹചര്യങ്ങളുടെ ഭാഗവുമാണ്.

സ്ത്രീയുടെ ലൈംഗികതയെ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുന്ന നാടുവാഴിത്ത-പുരുഷാധിപത്യ സമൂഹങ്ങളില്‍ അതേ സങ്കല്‍പത്തെ ആധാരമാക്കിയുള്ളതും ചിലപ്പോള്‍ പുരുഷാധിപത്യത്തെ ചോദ്യംചെയ്യുന്നതുമായ ദേവതാ സങ്കല്‍പങ്ങള്‍ വളര്‍ന്നുവരാം. ധര്‍മ്മവും അര്‍ത്ഥവുംപോലെ കാമവും പുരുഷാര്‍ത്ഥമായി കാണുന്ന സമൂഹങ്ങളില്‍ ഇതിന് കൂടുതല്‍ സാധ്യതയുണ്ട്. ജനപ്രിയ ഹിന്ദുമതത്തില്‍ അതാണ് സംഭവിച്ചതും. അത് ചൂണ്ടിക്കാണിക്കുകയാണ് വെന്‍ഡി ഡോണിജര്‍ ചെയ്തത്. ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും അശ്ലീലമായി ചിത്രീകരിക്കുന്നുവെന്നുമുള്ള ഹിന്ദുത്വവാദികളുടെ പ്രലപനങ്ങള്‍ ഒരുതരം കണ്ണടച്ചിരുട്ടാക്കലാണ്. ജനപ്രിയ ഹിന്ദുമതത്തില്‍ ആധ്യാത്മിക ദൈവ സങ്കല്‍പമല്ല ഉണ്ടായിരുന്നതെന്നും ജീവിതവൃത്തിയുടെ ഭാഗമായി അഭീഷ്ടങ്ങള്‍ നിര്‍വഹിച്ചു തരുന്ന ദേവതാ സങ്കല്‍പമാണ് ശബരിമല അയ്യപ്പനും ആറ്റുകാലും ഗുരുവായൂരും കൊല്ലൂര്‍ മൂകാംബികയുമടക്കം എല്ലാ ദേവ ദേവീ ക്ഷേത്രങ്ങളെയും നിലനിര്‍ത്തുന്നതെന്നുമുള്ള വസ്തുതയെ ബോധപൂര്‍വം വിസ്മരിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം ഇത്തരം ആചാരങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേത്ര പുനഃസ്ഥാപനങ്ങള്‍ നടത്തുന്നതിനും ഹിന്ദുത്വവാദികള്‍ക്ക് ഒരു മടിയുമില്ല. പ്രായോഗികതലത്തിലുള്ള ഇരട്ടത്താപ്പിനെയാണ് ഇതു കാണിക്കുന്നത്.

ഇത്തരം ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്ത""ത്തിന് വേറൊരുദ്ദേശ്യംകൂടിയുണ്ട്. ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്ന ക്ഷേത്ര കേന്ദ്രിതമായ "ആധ്യാത്മിക" ഹിന്ദുമതത്തെക്കാള്‍ സാമൂഹ്യ സംഘര്‍ഷങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് പഴയകാലത്തെ ജനപ്രിയ ഹിന്ദുമതത്തിനുണ്ട്. ശിവനും വിഷ്ണുവുമെല്ലാം ബ്രാഹ്മണ സംസ്കൃത പാരമ്പര്യം വളര്‍ത്തിയെടുത്ത ദേവതകളാണ്. പ്രാദേശികതലത്തില്‍ നിലനിന്ന ആരാധനാ രൂപങ്ങളെ ഉള്‍ക്കൊണ്ടാണ് ഇവ പ്രചരിച്ചത്. പ്രാദേശികാരാധനാ രൂപങ്ങള്‍ ഗോത്രസമൂഹങ്ങളുടെ വീരാരാധനയാണ്. സാമൂഹ്യ സംഘര്‍ഷങ്ങളിലും പോരാട്ടങ്ങളിലും മരിക്കുന്നവരാണ് വീരന്മാരായി ആരാധിക്കപ്പെടുന്നത്. നമ്മുടെ നാട്ടിലെ വീരക്കല്ലുകളും മാഡതിക്കല്ലുകളും ഉദാഹരണങ്ങളാണ്. പലപ്പോഴും ജന്മി നാടുവാഴിത്തത്തിനെതിരായി കലഹിച്ചവരെയും ചോദ്യംചെയ്തവരെയും ഇത്തരത്തില്‍ ആരാധിച്ചതായി കാണാം. വടക്കേ മലബാറിലെ മുച്ചിലോട്ടു ഭഗവതി തെയ്യവും പൂമാതൈ തോറ്റവും ഉദാഹരണങ്ങളാണ്. ഇത്തരം പാരമ്പര്യങ്ങളില്‍ പലതിലും മനുഷ്യരുടെ വൈകാരികമായ അംശങ്ങളെ പ്രകീര്‍ത്തിക്കുക സാധാരണയാണ്. കൃഷ്ണന്റെ രാസക്രീഡ ഭക്തര്‍ക്ക് അംഗീകരിക്കാന്‍ ഒരു പ്രയാസവുമില്ലല്ലോ. ഇത്തരം ജനകീയാംശങ്ങളെ പൂര്‍ണമായും തമസ്കരിക്കുകയും തികച്ചും ""ആര്‍ഷ""വും ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതവുമായ മറ്റൊരു ഹിന്ദുമതവും ക്ഷേത്ര സംസ്കാരവും അടിച്ചേല്‍പിക്കുകയും ചെയ്യുക ഇതിന്റെ ഭാഗമാണ്. ഇന്നത്തെ ഹിന്ദുത്വത്തിന്റെ മുഖ്യ വക്താക്കളായ മദ്ധ്യവര്‍ഗത്തിന്റെ കപട ധാര്‍മ്മികതയെ അതുവഴി താലോലിക്കുകയും ചെയ്യാം.

കപട ധാര്‍മികതയെ താലോലിക്കുമ്പോള്‍ എന്താണ് സംഭവിക്കുകയെന്നതിന് ഉദാഹരണമാണ് മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ വിശുദ്ധനരകം എന്ന ഗ്രന്ഥം. മാതാഅമൃതാനന്ദമയി മഠം ഇതിനുമുമ്പും ചര്‍ച്ചാവിഷയമായതാണ്. തൃശൂരെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന വി നാരായണന്‍കുട്ടിയുടെ മരണത്തോടനുബന്ധിച്ച്, പിന്നീട് സത്നാംസിംഗ് എന്ന ഭക്തന്റെ മരണവുമായി ബന്ധപ്പെട്ട് ഈ മഠം വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായിരുന്ന ഒരു ആസ്ട്രേലിയക്കാരിയുടെ രചന നമ്മുടെ ഒരു വിശുദ്ധ സങ്കേതത്തില്‍ എന്തൊക്കെയാണ് നടക്കാവുന്നത് എന്നതിന്റെ സൂചന നല്‍കുന്നു. ഒരു സന്യാസിമഠവും ആശ്രമവും ജനാധിപത്യപരമായി പ്രവര്‍ത്തിക്കും എന്ന് ആരും പ്രതീക്ഷിക്കില്ല. പരസ്യമായി പ്രഖ്യാപിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്നേഹവും വാത്സല്യവും കരുണയുമെല്ലാം മഠത്തിലെ അന്തേവാസികളോടും കാണിക്കും എന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഗെയ്ല്‍ ട്രെഡ്വെല്‍ പറയുന്നത് "കാരുണ്യമയി"യായ അമൃതാനന്ദമയി മഠത്തിനകത്ത് തികഞ്ഞ ഏകാധിപതിയാണെന്നാണ്. "അമ്മ"യുടെ അടുത്ത ആളുകളായ സ്വാമിമാര്‍ അതിനുപറ്റിയ മന്ത്രിമാരും. ലൈംഗികതയും ബലാത്സംഗംപോലും ഏകാധിപത്യത്തിന്റെ രൂപങ്ങളാണ്. സര്‍വസാധാരണമായ ഭൗതിക തൃഷ്ണകള്‍പോലും "ഭക്തി"യുടെ മറവില്‍ അമ്മയും അവരുടെ ആത്മീയ സന്തതികളും സ്വലാഭത്തിനായി ഉപയോഗിക്കുന്നുവെന്നാണ് ട്രെഡ്വെലിന്റെ വെളിപ്പെടുത്തല്‍. എതിര്‍ക്കുന്നവരെ ഏതെങ്കിലും രൂപത്തില്‍ വകവരുത്തുക ആശ്രമത്തിന്റെ പൊതു സ്വഭാവമാണത്രെ. അതായത് പുറമെയുള്ള ധാര്‍മ്മികത കപടമാണെന്നും മഠത്തിനകത്ത് തികഞ്ഞ കേന്ദ്രീകരണവും ഏകാധിപത്യവുമാണെന്നും വരുന്നു. കേരളത്തില്‍ ഏറ്റവുമധികം വരുമാനമുള്ള, ഏറ്റവുമധികം വിദേശപ്പണം കൈപ്പറ്റുന്നവരില്‍പെടുന്ന സംഘടനയാണ് മാതാ അമൃതാനന്ദമയിമഠം എന്നുകൂടി അറിയുമ്പോള്‍ മഠത്തിന്റെ സ്വഭാവം ഒന്നുകൂടി വ്യക്തമാവുകയാണ്. സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്ക് ഇടംനല്‍കുന്ന ജനപ്രിയ ആരാധനാ രൂപങ്ങളില്‍നിന്ന് ഇത്തരം ""പുതിയ തലമുറ"" സന്യാസിമഠങ്ങള്‍ക്കുള്ള അകല്‍ച്ചയും പ്രകടമാകുകയാണ്.

മാതാ അമൃതാനന്ദമയിമഠത്തോളം വലിപ്പമില്ലെങ്കിലും അവരുടെകൂടി പിന്തുണയോടെയാണ് കോഴിക്കോട്ടെ കാശ്യപവേദാശ്രമം ഒരു സോമയാഗം നടത്തിയത്. പുതിയ മഠങ്ങളും ഹിന്ദുത്വം മൊത്തത്തിലും പ്രചരിപ്പിക്കുന്ന ""ആധ്യാത്മിക"" ഹിന്ദുമതത്തിനും അതിനുള്ള പ്രകടമായ ചാതുര്‍വര്‍ണ്യ സ്വഭാവത്തിനും നല്ലൊരുദാഹരണമാണ് സോമയാഗം. പാലക്കാട്ട് തഥാതന്‍ എന്ന മറ്റൊരു സന്യാസിയും ""ധര്‍മ്മസൂയം"" എന്നപേരില്‍ യാഗം നടത്തിയതിനുശേഷമാണ് കോഴിക്കോട്ടെ യാഗം നടത്തിയത്. കോഴിക്കോട്ടെ യാഗത്തിന് മൂന്നുകോടിയോളം രൂപയുടെ പിരിവാണ് നടത്താന്‍ തീരുമാനിച്ചത്. അതിനുള്ള വസ്തുവകകളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സംഘടിപ്പിച്ചു. ""ജീവകാരുണ്യ"" പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാദിവസവും അന്നദാനവും നടത്തി. യാഗച്ചടങ്ങുകളിലും അന്നദാനത്തിലുമായി 13 ലക്ഷംപേര്‍ പങ്കെടുത്തുവെന്നാണ് സംഘാടകരുടെ കണക്ക്. ചിലര്‍ എല്ലാ ദിവസവും പങ്കെടുത്തിട്ടുണ്ടാകാം. യാഗചടങ്ങുകളോടൊപ്പം വൈദിക പാരമ്പര്യത്തിനുവേണ്ടിയുള്ള ജനങ്ങളുടെ സംഘാടനം യാഗത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

യാഗങ്ങളും സന്യാസവും ""ജീവകാരുണ്യ"" പ്രവര്‍ത്തനങ്ങളും മറ്റുമായി പുതിയ ധാര്‍മ്മിക പ്രസ്ഥാനം സൃഷ്ടിക്കാനുള്ള ഹിന്ദുത്വത്തിന്റെ പ്രവര്‍ത്തനങ്ങളും വെന്‍ഡി ഡോണിജറിനെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞരുടെ പഠനങ്ങളുടെമേല്‍ ഏര്‍പ്പെടുത്തുന്ന വിലക്കുകളും കൂട്ടിവായിക്കേണ്ടതാണ്. വേദോപനിഷത്തുകളും പൗരാണികമതവും കൂടിച്ചേര്‍ന്ന ഒരു ബ്രാഹ്മണ-സംസ്കൃത പാരമ്പര്യവും നിരവധി പ്രാദേശിക വഴക്കങ്ങളും തമ്മില്‍ നടന്ന കൊള്ളക്കൊടുക്കകളുടെ ഫലമായാണ് നമ്മുടെ ദേവാലയങ്ങളും ആരാധനാരൂപങ്ങളും കലാ സാംസ്കാരികാവിഷ്കാരങ്ങളും വളര്‍ന്നുവന്നത്. വൈവിധ്യമാണ്, ഏകീകൃത രൂപമല്ല അതിനുണ്ടായത്. നമുക്ക് ശൈവാരാധനയും വൈഷ്ണവാരാധനയും ശാക്തേയരൂപങ്ങളും പലതരത്തിലുള്ള പൂര്‍വികാരാധനകളും ഉര്‍വരതാ കാമദേവപൂജകളും ഒക്കെ കലര്‍ന്ന രീതികളാണുള്ളത്. നമ്മുടെ പ്രാദേശിക വൈവിധ്യത്തില്‍ ഇത്തരം രീതികള്‍ വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജനതയുടെ പാരമ്പര്യങ്ങള്‍ എന്തെന്നു തിരിച്ചറിയാന്‍ ഇത്തരം വൈവിധ്യങ്ങളുടെ മൂര്‍ത്തമായ പഠനം ആവശ്യമാണ്. ഡോണിജറെയും ലോറന്‍സനെയും ഫ്രൈഡംഹെം ഹാര്‍ഡിയെയും സൂസന്‍വാഡ്ലിയെയുംപോലുള്ള നിരവധി നരവംശ ശാസ്ത്രജ്ഞരും ഇന്ത്യന്‍ ചരിത്രകാരന്മാരും ഇക്കാര്യത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരാണ്. അവരുടെ പഠനങ്ങളില്‍ വൈകല്യങ്ങള്‍ കടന്നുകൂടാം. അതിനെ വിമര്‍ശിക്കാനുള്ള ബാധ്യത അതുകണ്ടെത്തുന്നവര്‍ക്കുണ്ട്. പക്ഷേ അത്തരം പഠനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെടാനും അത് നടപ്പിലാക്കണമെന്ന് ശഠിക്കാനുമുള്ള താല്‍പര്യം വിജ്ഞാനനിഷേധമാണ്.

ഹാരപ്പന്‍ സംസ്കാരത്തെയും പ്രാചീന ഇന്ത്യാചരിത്രത്തെയുംകുറിച്ച് ശുദ്ധ വങ്കത്തങ്ങള്‍ എഴുതി നിറച്ച പുസ്തകങ്ങള്‍ ""ഹൈന്ദവ""മായതുകൊണ്ട് യഥേഷ്ടം അച്ചടിച്ചു വില്‍ക്കുന്നുണ്ടെന്ന വസ്തുതയും നാം ഓര്‍ക്കണം. ഇത്തരം ""ഹൈന്ദവ"" വാദങ്ങളെ പിന്തുണയ്ക്കുന്ന ഡേവിഡ് ഫ്രൌലിയെയും മിഷെല്‍ ദാനിനോയെയും ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്. അപ്പോള്‍ വിദേശികളുടെ വിവരമില്ലായ്മയും മുന്‍വിധികളുമല്ല പ്രശ്നം.സ്വന്തം മുന്‍വിധികളനുസരിച്ച് എഴുതാന്‍ വെന്‍ഡിഡോണിജറിനെപ്പോലുള്ളവര്‍ തയ്യാറില്ല എന്നതുതന്നെയാണ്.

ഡോണിജറിന്റെ പുസ്തകം പിന്‍വലിപ്പിച്ചതുകൊണ്ട് ഹിന്ദുത്വവാദികള്‍ എന്താണ് നേടുന്നത്? സല്‍മാന്‍ റുഷ്ദിയുടെ ""സാത്താനിക് വേഴ്സസ്"" നിരോധിപ്പിച്ചതുകൊണ്ട് മുസ്ലീം തീവ്രവാദികള്‍ക്കുണ്ടായ അതേ നേട്ടംതന്നെ. വിശുദ്ധ ഇസ്ലാമിലേക്കുള്ള സാത്താന്റെ കടന്നുകയറ്റം തടഞ്ഞതോടെ യഥാര്‍ത്ഥ ഇസ്ലാമിക പാരമ്പര്യം ""കണ്ടുപിടിക്കാന്‍"" ഇസ്ലാമിന്റെ വക്താക്കള്‍ക്കായി. അതുപോലെ ജനപ്രിയ ഹിന്ദുമതത്തില്‍ ""കടന്നുകൂടിയ"" ലൈംഗികതയെയും "അശ്ലീല"ത്തെയും മറ്റ് "ജീര്‍ണ"മായ ആചാരരൂപങ്ങളെയും അവയെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നുവെന്ന് തെളിയിക്കാനുള്ള ഒരു ഗവേഷകയുടെ ശ്രമത്തെ തകര്‍ത്ത് യഥാര്‍ത്ഥ ഹിന്ദുത്വത്തിന്റെ ""ആധ്യാത്മിക"" പാരമ്പര്യം "കണ്ടുപിടിക്കാന്‍" ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നു. ഇത്തരം വ്യത്യസ്തരൂപങ്ങള്‍ കുറിച്ചിട്ട സമൂഹസംഘര്‍ഷങ്ങളെയും അവര്‍ തമസ്കരിക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന ""ആധ്യാത്മിക""മായ ധാര്‍മ്മിക ഹിന്ദുമതത്തിന്റെ തേര്‍വാഴ്ചയാണ് "വിശുദ്ധ നരക"ത്തിലൂടെ വരച്ചുകാണിക്കുന്നത്. അത് സൃഷ്ടിക്കുന്ന പുതിയ ജനപ്രിയ മതമാണ് യാഗങ്ങള്‍ മുതല്‍ പൊങ്കാലവരെ പുതിയ ഭക്തജനങ്ങള്‍ കഞ്ഞിവെച്ചും ഭക്ഷണംകഴിച്ചും പായസമുണ്ടുമൊക്കെ ആഘോഷിക്കുന്നത്. പുതിയ ഭക്തി ഏറ്റവും ശക്തമായി പ്രത്യക്ഷപ്പെടുന്നത് സ്ത്രീകളിലുമാണ്.

പുതിയ ഹിന്ദുമതവും മൂലധനാധിപത്യവും തമ്മിലുള്ള ബന്ധവും മറന്നുകൂട. മാതാ അമൃതാനന്ദമയിമഠം വിദേശ ഫണ്ടുവാങ്ങുന്നുവെന്നു മാത്രമല്ല, അതു നടത്തുന്ന നിരവധി സ്ഥാപനങ്ങളിലൂടെ ഇന്നത്തെ മൂലധനാധിപത്യത്തിന് കീഴടങ്ങുന്ന ഭൗതികതതന്നെയാണ് പ്രചരിപ്പിക്കുന്നത്. മറ്റു നിരവധി "ഹിന്ദു" സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനവും വ്യത്യസ്തമല്ല. "ഹിന്ദുത്വം" പ്രചരിപ്പിക്കുകയും ""പാശ്ചാത്യഭൗതിക ""സംസ്കാരത്തെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന നവലിബറല്‍ പരിഷ്കാരങ്ങളെ വിമര്‍ശിക്കാന്‍ തയ്യാറില്ല. ഹിന്ദുത്വത്തിന്റെ ""വികസനനായക""നായ മോഡിയുടെ പരിഷ്കാരങ്ങള്‍ പൂര്‍ണമായും തികഞ്ഞ കോര്‍പറേറ്റ്വല്‍ക്കരണമാണ്. ഇതിനെക്കുറിച്ചുനടന്ന വിവാദങ്ങളിലൊരിടത്തുപോലും നമുക്ക് ഹിന്ദുത്വവാദികളെയോ സന്യാസികളെയോ കാണാനാവില്ല. ""ആധ്യാത്മിക"" ഹിന്ദുമതത്തിന് ഭൗതികമായ മൂലധനാധിപത്യവുമായി ഒരുവിധത്തിലുള്ള പിണക്കവുമില്ല. നേരെതിരിച്ചും അങ്ങനെതന്നെയാണെന്നും വ്യക്തമാണ്. പെന്‍ഗ്വിന്‍ബുക്സ് ഒരുകാലത്ത് (1934ല്‍) സോഷ്യലിസ്റ്റ് പക്ഷപാതികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സഹായത്തോടെ അല്ലെന്‍ ലെയിന്‍ എന്ന തൊഴില്‍രഹിതനായ ചെറുപ്പക്കാരന്‍ തുടങ്ങിയ സ്ഥാപനമാണ്. പുരോഗമന സാഹിത്യമടക്കം നിരവധി ലോകോത്തര സാഹിത്യ-വൈജ്ഞാനിക ഗ്രന്ഥങ്ങളെ ചുരുങ്ങിയ വിലയ്ക്ക് ജനസമക്ഷമെത്തിച്ചവരാണവര്‍.

ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളില്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ ചെലവായത് പെന്‍ഗ്വിന്‍ ബുക്സ് വഴിയായിരുന്നു. പിന്നീട് സ്ഥിതി മാറി. പെന്‍ഗ്വിന്‍ ബുക്സ് അടച്ചുപൂട്ടുന്ന സ്ഥിതിയായി. അമേരിക്കന്‍ പുസ്തകശാലയായ പിയേഴ്സന്‍ കോര്‍പറേഷന്‍ പെന്‍ഗ്വിന്‍ ഏറ്റെടുത്തു. അവരുടെ നിലപാടുകള്‍ക്കും മാറ്റംവന്നു. ഈ മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമാണ് വെന്‍ഡി ഡോണിജറുടെ പുസ്തകം കണ്ടുകെട്ടി നശിപ്പിക്കാനുള്ള അവരുടെ നീക്കം. മതത്തിന്റെ സമ്മര്‍ദ്ദത്തിന് മൂലധനം കീഴടങ്ങുന്നതിന്റെ പ്രത്യക്ഷമായ തെളിവാണിത്. ശിവാജിയെക്കുറിച്ച് ഒരു വിദേശ ചരിത്രകാരന്‍ എഴുതിയ പുസ്തകം ഇതുപോലെ പിന്‍വലിക്കപ്പെട്ടിട്ട് അധികകാലമായില്ല എന്നും ഓര്‍ക്കണം. നമ്മുടെ നാട്ടിലെ മതപ്പെരുമാക്കന്മാരുടെ തീട്ടൂരങ്ങളനുസരിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും പിന്‍വലിക്കുകയും ചെയ്തതുകൊണ്ട് പുസ്തകക്കുത്തകകള്‍ക്ക് ഒന്നും സംഭവിക്കാനില്ല. പക്ഷേ ജ്ഞാനസമ്പാദനത്തിനുള്ള സാധാരണക്കാരുടെ അവകാശമാണ് ഇല്ലാതാക്കുന്നത്. അറിവിനെ മതവും മൂലധനവും ഒരുപോലെ ഭയപ്പെടുന്നു എന്നാണിതിന്റെ അര്‍ത്ഥം.

*
കെ എന്‍ ഗണേശ് ചിന്ത വാരിക

Tuesday, January 21, 2014

കേരള നവോത്ഥാനവും യാഗ പുനരുത്ഥാനവും

""വിഷയം: ശൂദ്രന് യാഗാദികര്‍മങ്ങള്‍ ചെയ്യാന്‍ അര്‍ഹതയില്ല.

എതിരഭിപ്രായം: നാലുവര്‍ണങ്ങള്‍ക്കും യാതൊരു വിവേചനവും കൂടാതെ യാഗങ്ങള്‍ ചെയ്യാന്‍ അധികാരം ഉണ്ട്.

ശരിയായ വീക്ഷണഗതി:

യഥാര്‍ഥത്തില്‍ യാഗങ്ങള്‍ ചെയ്യാന്‍ മൂന്ന് (ഉയര്‍ന്ന) വര്‍ണങ്ങള്‍ക്കുമാത്രമേ അധികാരമുള്ളൂ. കാരണം (യാഗത്തിനുള്ള) അഗ്നി കൂട്ടാനുള്ള അവകാശം ഈ മൂന്നു വര്‍ണങ്ങള്‍ക്കുമാത്രമെ നല്‍കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട് ശൂദ്രന് യാഗവുമായി ഒരു ബന്ധവുമുണ്ടാകാന്‍ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാല്‍ വേദങ്ങള്‍ ബ്രാഹ്മണനും മറ്റു രണ്ടു വര്‍ണങ്ങള്‍ക്കും മാത്രമേ ബാധകമാവുകയുള്ളൂ. ഇതാണ് ആത്രേയന്റെ അഭിപ്രായം. (ജൈമിനിയുടെ മീമാംസാസൂത്രങ്ങള്‍ VII: 25-26. കെ ദാമോദരന്റെ "ഭാരതീയ ചിന്ത" കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് - 1992 എഡിഷന്‍-പേജ് 239).

ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന "ജൈമിനി"യുടെ മേല്‍ ഉദ്ധരിച്ച പൂര്‍വമീമാംസാ സൂത്രങ്ങള്‍, 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മലയാളിയുടെ ചുണ്ടില്‍ കൗതുക മേമ്പൊടിചേര്‍ത്തൊരു പരിഹാസച്ചിരിപടര്‍ത്തേണ്ടതാണ്. എന്നാല്‍ വ്യത്യസ്തമായ ചിലത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കാലഹരണപ്പെട്ട യജ്ഞസംസ്കാരത്തെ, ചൂഷണതാല്പര്യത്തോടെ ചിലര്‍ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍, ആ "അമൃതത്വ" ലഹരിയുടെ "സോമരസം" നുണയാന്‍ കുറെപ്പേരെങ്കിലും തയ്യാറെടുപ്പു നടത്തിക്കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍, 1920-ഓടുകൂടിത്തന്നെ സവര്‍ണമേധാവിത്വത്തിനെതിരെയുള്ള നിശ്ശബ്ദവിപ്ലവത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നുവല്ലോ. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഏതാണ്ട് പടിക്കുപുറത്താവുകയും ചെയ്തിരുന്നു. "ശൂദ്രവിഭാഗം" എന്ന പേരില്‍ അതിനീചമായി പിന്തള്ളപ്പെട്ടിരുന്നവരുടെ വിമോചനസമരങ്ങളും ശക്തിപ്പെട്ടു.

1940-കളോടെ പൂണൂല്‍-സവര്‍ണമേധാവിത്വത്തിന് ക്ഷേത്രങ്ങളുടെ അകത്തളങ്ങളിലും ശ്രീകോവിലിനുള്ളിലും ഒതുങ്ങിക്കൂടേണ്ടിവന്നു. ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്ക് പുറത്ത് അതിനു ഫണം വിടര്‍ത്താന്‍ കഴിയാതെയായി. ഈ പശ്ചാത്തലത്തില്‍ ജൈമിനിയുടെ മീമാംസാസൂത്രങ്ങള്‍ക്കോ യാഗസംഘാടനത്തിനോ 1975 വരെ കേരളത്തില്‍ വലിയ സ്ഥാനമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ 75-നു ശേഷം ഈ അവസ്ഥക്ക് ചെറിയ മാറ്റമുണ്ടാവാന്‍ തുടങ്ങി. തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത് പഞ്ഞാളില്‍ 1975-ല്‍ കൊട്ടിഘോഷിച്ച് നടത്തിയ "അതിരാത്രം" എന്ന യാഗം വീണ്ടും പൊതുമണ്ഡലത്തില്‍ "ബ്രാഹ്മണ്യ"ത്തിനും സവര്‍ണതാല്പര്യത്തിനും "താക്കോല്‍സ്ഥാനസമ്മതി" നേടുന്നതിന് അവസരമൊരുക്കി. നമ്പൂതിരിയും മറ്റു സവര്‍ണരും കാര്‍മികരാവുന്ന വിവാഹാദി കുടുംബച്ചടങ്ങുകളെ "സ്റ്റാറ്റസ് സിംബല്‍" ആയി കാണുന്നിടത്തോളം, നവോത്ഥാനകേരളം നിലവാരത്തകര്‍ച്ച നേരിടുകതന്നെ ചെയ്യും. തങ്ങള്‍ക്കു വിലക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതിന് പകരം അതിനു കാരണമായവരെത്തന്നെ തങ്ങളുടെ തട്ടകത്തില്‍ സ്വീകരിച്ച് വരേണ്യവല്‍ക്കരിക്കുന്നത് തങ്ങളെക്കൂടി ബഹുമാന്യരാക്കുന്നു എന്ന ചിന്താപരമായ അടിമത്തത്തിന് കേരളത്തിലെ പ്രബല "പിന്നാക്കവിഭാഗങ്ങള്‍" പോലും വഴിപ്പെട്ടിരിക്കുന്നു.

1975നു ശേഷം കേരളത്തില്‍ യാഗങ്ങളുടെ പരമ്പരതന്നെ ഉണ്ടായി. 1984 ല്‍ തിരുവനന്തപുരത്ത് തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന "സോമയാഗം", 1992 ല്‍ എറണാകുളത്തുനടന്ന "പുത്രകാമേഷ്ടി", തുടര്‍ന്ന് കോഴിക്കോട്ട് നടന്ന "സര്‍വകാമേഷ്ടി," 2002 ല്‍ വീണ്ടും പാഞ്ഞാളില്‍ നടന്ന "വിശ്വവേദസത്രം," തുടര്‍ന്ന് അംബായാഗം, മംഗളമയീയാഗം എന്നിങ്ങനെ യാഗങ്ങളുടെ ഘോഷയാത്രതന്നെയായിരുന്നു. പാഞ്ഞാള്‍ "അതിരാത്രത്തിലെ" രണ്ട് വിദേശികളുടെ സജീവ സാന്നിധ്യം അന്ന് പത്രമാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. ഫ്രിറ്റ്സ് സ്റ്റാളും, ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രൊഫ. ആസ്കോപര്‍ക്കോളിയും മറ്റും നമ്മുടെ മഹത്തായ യാഗപാരമ്പര്യത്തില്‍ മതിമയങ്ങിപ്പോയി എന്നായിരുന്നു കേരളത്തിന്റെ ദേശീയപാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രത്തിന്റെ ഭാഷ്യം. പ്രാക്തന ഗോത്രാചാരങ്ങള്‍ ഇപ്പോഴും പുലര്‍ത്തിപ്പോരുന്ന ഒരു അപരിഷ്കൃത ജനവിഭാഗം കേരളത്തിലുണ്ടെന്നും അവരുടെ കൗതുകകരമായ യാഗക്കാഴ്ചകള്‍ക്ക് താന്‍ സാക്ഷ്യംവഹിച്ചു എന്നുമാണ് ഇത് സംബന്ധിച്ച് മേല്‍സൂചിപ്പിച്ച പ്രൊഫസര്‍മാര്‍ അവരുടെ നാട്ടിലെ പത്രങ്ങളില്‍ എഴുതിയതത്രേ! "

മലയാള മനോരമ" ഈ ലേഖനരഹസ്യം വെളിപ്പെടുത്തിയത് ഈ ലേഖകന്‍ ഓര്‍ക്കുന്നു. എന്തോ?.. നാണക്കോടോര്‍ത്ത് അന്ന് ആരും ഇത് വിവാദമാക്കിയില്ല എന്നുമാത്രം. പ്രാചീന ഇന്ത്യയില്‍ നിലനിന്നിരുന്ന ഒരു ആചാരത്തെ, കൗതുകത്തിനുവേണ്ടി പുനരാവിഷ്കരിച്ച് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് യാഗലക്ഷ്യമെങ്കില്‍ അത് നമുക്കു മനസ്സിലാക്കാന്‍ കഴിയും. ദീര്‍ഘായുസ്സ്, സന്താനലബ്ധി, സ്വര്‍ഗപ്രാപ്തി, സമൂഹ പുരോഗതി എന്തിന് പരിസര ശുചീകരണംവരെ യാഗലക്ഷ്യങ്ങളില്‍ പെടുന്നു എന്നാണ് അതിന്റെ യജമാനന്മാരുടെയും പാര്‍ശ്വവര്‍ത്തികളുടെയും അവകാശവാദം. ലക്ഷക്കണക്കിനു രൂപ ചെലവുചെയ്ത് അനാചാരങ്ങള്‍ തിരികെക്കൊണ്ടുവന്ന് വലിയൊരു വിഭാഗം ജനങ്ങളുടെ സമയവും ഊര്‍ജവും പാഴാക്കിക്കളയുന്നതിനുമാത്രമേ ഈ യാഗങ്ങള്‍ ഉപകരിക്കുകയുള്ളു എന്ന കാര്യത്തില്‍ സംശയമേതുമില്ല.

1975 നുശേഷം കേരളത്തില്‍ നടന്ന യാഗങ്ങള്‍ സമൂഹത്തിനോ വ്യക്തികള്‍ക്കോ എന്തു ഗുണം ചെയ്തു എന്ന് വിശദീകരിക്കാനുള്ള ബാധ്യതപോലും യാഗസംഘാടകര്‍ ഏറ്റെടുക്കുന്നില്ല എന്നതാണ് ഏറെ വിചിത്രം.

II

""കാടന്മാരായിരുന്ന നമ്മുടെ പൂര്‍വികര്‍ക്ക് മാന്ത്രികവിദ്യ-അവമിഥ്യയായിരുന്നെങ്കില്‍ക്കൂടിയും- ആവശ്യമായിരുന്നു. അവരുടെ കാടത്തമായിരുന്നു കാരണം"" എന്ന് ദേവീപ്രസാദ് ചതോപാധ്യായ പറയുന്നു. ("ഇന്ത്യന്‍ നിരീശ്വരവാദം" പേജ് 279) "കാടന്മാര്‍" എന്ന് ദേവീപ്രസാദ് പറഞ്ഞതിനെ ഇന്നു നാം സാമാന്യേന ഉപയോഗിച്ചുപോരുന്ന അര്‍ഥത്തില്‍ വിലകുറച്ചുകാണേണ്ടതില്ല. ചരിത്രപരമായ വിശാലാര്‍ഥത്തില്‍ കണ്ടാല്‍മതി. വേദങ്ങള്‍ ആവിര്‍ഭവിച്ച കാലം മനുഷ്യരാശിയുടെ ശൈശവമായിരുന്നു. ഇന്നു മനുഷ്യന്‍ ബാഹ്യപ്രപഞ്ചത്തിനുമേല്‍ സ്ഥാപിച്ചെടുത്ത ആധിപത്യത്തോടുപമിക്കാവുന്ന യാതൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത്തരം ഒരു ചുറ്റുപാടില്‍ പ്രകൃതിയില്‍ കാണുന്നതെല്ലാം - തീയും കാറ്റും മുകിലും മിന്നലും ഇടിമുഴക്കവും കൊടുങ്കാറ്റുമെല്ലാം - തങ്ങളെ ഭരിക്കുന്ന ദൈവികശക്തികളായിട്ടാണ് അവര്‍ക്കു തോന്നിയിരുന്നത്. ഈ നിസ്സഹായതയില്‍നിന്നുള്ള മോചനമാര്‍ഗം അവര്‍ കണ്ടെത്തിയത് മാന്ത്രികവിദ്യയിലൂടെയാണ്. ഈ മാന്ത്രികവിദ്യ പ്രകൃതിക്കുമുന്നിലുള്ള മനുഷ്യന്റെ ദൗര്‍ബല്യ പ്രകടനമാണെങ്കിലും പ്രകൃതിയോടേറ്റുമുട്ടാനുള്ള അബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു അത്. ""യാഥാര്‍ഥ്യത്തെ നിയന്ത്രിക്കുന്നു എന്ന മിഥ്യ സൃഷ്ടിച്ചുകൊണ്ട് നിങ്ങള്‍ക്കതിനെ നിയന്ത്രിക്കാം എന്ന തത്വത്തെയാണ് മാന്ത്രികവിദ്യ ആശ്രയിക്കുന്നത്"" എന്ന് ജോര്‍ജ് തോംസണ്‍ പറയുന്നു. (Religion;. London 1950) "നിയന്ത്രിക്കുന്നു" എന്ന മിഥ്യാപ്രതീതി താല്‍ക്കാലികമായി സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതിനപ്പുറം യാഥാര്‍ഥ്യത്തെ നിയന്ത്രിക്കാന്‍ മാന്ത്രിക വിദ്യകള്‍ക്ക് (യാഗങ്ങള്‍ക്ക്) കഴിയുകയില്ല.

ദേവതകള്‍ക്ക് സോമരസം അര്‍പ്പിച്ച് "അമൃതത്വം" അഥവാ ദീര്‍ഘായുസ്സ് നേടലാണ് സോമയാഗങ്ങളുടെ ലക്ഷ്യം. ഇവയ്ക്ക് പൊതുവെ "ജ്യോതിഷ്ടോമം" എന്ന പേരുണ്ട്. അഗ്നിഷ്ടോമം, ഷോഡശി, വാജപേയം, അതിരാത്രം തുടങ്ങി സോമയാഗങ്ങള്‍ ഏഴാണ്. മരണത്തെ മറികടക്കാം എന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തില്‍ മീമാംസാകാലത്ത് സോമയാഗം നടത്തിയിരുന്നതിനെ അന്നത്തെ സാമൂഹ്യജീവിത പശ്ചാത്തലം വിലയിരുത്തുമ്പോള്‍ ഗുരുതരമായ തെറ്റായി വിലയിരുത്താന്‍ കഴിയുകയില്ല.

എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. മാന്ത്രികവിദ്യയുടെ മായിക സാധ്യത എന്ന ഫലശൂന്യതയെ ആധുനികമനശ്ശാസ്ത്രം തെളിവുകളോടുകൂടി തള്ളിക്കളഞ്ഞിരിക്കുന്നു. വില്‍ഹംറൈഹ് (Wilherm Reich 1897-1957) എറിക് ഫ്രോം (Eric Fromum1900-1980) എന്നീ പ്രശസ്ത നവ ഫ്രോയിഡിയന്മാര്‍ "യാഗസംസ്കാരം" പോലുള്ള ദുരാചാരങ്ങള്‍ എങ്ങനെ സമൂഹത്തില്‍ രൂപപ്പെടുന്നു എന്ന് കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഫാസിസത്തിന്റെ മാനസികോപാധികളായി വില്‍ഹം റൈഹ് തന്റെ Mass Psychology of Facism എന്ന പ്രശസ്ത കൃതിയില്‍ സിദ്ധാന്തിക്കുന്ന ആത്മീയതയും, വംശീയതയും, ദേശീയതയും "നവ"യാഗ സംസ്കാര" പ്രവണതകളില്‍ ഒളിഞ്ഞിരിക്കുന്നത് കാണാം. ചരിത്രത്തിന് സമൂഹത്തെ രൂപപ്പെടുത്തുന്നതിലും സമൂഹത്തിന് വ്യക്തിയെ വാര്‍ത്തെടുക്കുന്നതിലും പങ്കുണ്ടെന്ന മാര്‍ക്സിയന്‍ സിദ്ധാന്തം അംഗീകരിച്ച പ്രശസ്ത മനശ്ശാസ്ത്രനായിരുന്നല്ലോ എറിക് ഫ്രോം. മുതലാളിത്തം കൊടികുത്തിവാഴുന്ന അരക്ഷിത സമൂഹത്തില്‍ സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അനുഭൂതികള്‍ ഉണ്ടായിക്കൊണ്ടിരിക്കാന്‍ വേണ്ടി മിഥ്യകളുടെ (Illusions)പരമ്പര സൃഷ്ടിക്കപ്പെടും എന്ന് ഫ്രോം പറഞ്ഞത് നവയാഗപരമ്പരയുടെ കാര്യത്തിലും പ്രസക്തമാണല്ലോ. കപടസ്വത്വത്തെ (pseudo-self)സൃഷ്ടിക്കുകയും കപടചിന്തകളില്‍ (pseudo-thoughts) വ്യാപരിക്കുകയും ഈ മിഥ്യകള്‍ നിലനില്‍ക്കാനായി കപട അനുഭൂതികള്‍ (pseudo feelings) അനുഭവിപ്പിക്കുകയും ചെയ്തുകൊണ്ട്, സ്വത്വത്തിന്റെ ആന്തരിക ജീവിത സമൃദ്ധിയില്‍നിന്ന് അന്യവല്‍ക്കരണം നടത്തുന്നു എന്ന എറിക് പ്രോമിന്റെ നിരീക്ഷണം "നവയാഗസംസ്കാര"വുമായി എങ്ങനെ നാഭീ-നാളബന്ധം പുലര്‍ത്തുന്നു എന്ന് നമുക്കിന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

""ശാസ്ത്രവും മതത്തെപോലെ മാന്ത്രികവിദ്യയില്‍നിന്നാണ് ഉരുത്തിരിഞ്ഞത്. മതം അജ്ഞാതത്തിനുമുമ്പുള്ള മനുഷ്യന്റെ നിസ്സഹായത പ്രകടിപ്പിക്കുന്ന മാന്ത്രിക വിദ്യയുടെ നിഷേധാത്മക വശത്തെ വികസിപ്പിച്ചു. ശാസ്ത്രമാകട്ടെ അറിഞ്ഞതിന്മേലുള്ള അവന്റെ ശക്തി വിളംബരം ചെയ്തുകൊണ്ട് അതിന്റെ സ്വീകാര്യാത്മക വശത്തെ വളര്‍ത്തിയെടുത്തു"" എന്ന് ജോര്‍ജ് തോംസണ്‍ പറയുന്നു. (Religion;. London 1950) ശാസ്ത്രത്തിന്റെ ഈ സ്വീകാര്യാത്മകതയെ നിഷേധിക്കാനാവാത്തതിനാല്‍ മതം അതിന്റെ ""ചെമ്പു തെളിയാതിരിക്കാന്‍" ശാസ്ത്രീയയുക്തികള്‍ മോഷ്ടിച്ചെടുത്ത് ""പുറംപൂച്ച്"" നടത്തി സുരക്ഷിതരായിരിക്കാന്‍ വേവലാതിപ്പെടുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ഈ പശ്ചാത്തലത്തില്‍ നിരന്തരം യാഗങ്ങള്‍ നടത്തി മേനി നടിക്കാനുള്ള ഭൗതിക ചുറ്റുപാട് രൂപപ്പെടുത്തിയെടുക്കാന്‍ സവര്‍ണമേധാവിത്വത്തിന് എങ്ങനെ സാധ്യമാകുന്നു എന്ന് മതേതരത്വത്തിന് ഏറെ മൂല്യം കല്‍പിക്കുന്ന മലയാളി ഗൗരവപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു.

III

ഓരോ വേദത്തിനും മന്ത്രങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്ന് നാല് ഭാഗങ്ങളുണ്ട്. യാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ബ്രാഹ്മണമാണ് പൂര്‍വ മീമാംസ. ജൈമിനി എന്ന മഹര്‍ഷിയാണ് മീമാംസദര്‍ശനത്തിന്റെ ഉപജ്ഞാതാവ് എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. വേദങ്ങള്‍ക്ക് ജ്ഞാനപരം, കര്‍മപരം, ഉപാസനാപരം എന്നിങ്ങനെ മൂന്ന് വ്യാഖ്യാനഭേദങ്ങളുമുണ്ട്. കര്‍മ പരമായ വ്യാഖ്യാനമാണ് മീമാംസ നിര്‍വഹിക്കുന്നത്. കര്‍മമെന്നാല്‍ "യാഗം" എന്നാണ് മീമാംസയില്‍ അര്‍ഥം.

ഉപനിഷദ് മാഹാത്മ്യത്തെ തന്റെ ""തത്വമസി"" എന്ന വിഖ്യാതകൃതിയിലൂടെ പ്രഘോഷിക്കുന്ന സുകുമാര്‍ അഴീക്കോട് യാഗസംസ്കാരത്തെക്കുറിച്ച് പ്രസ്തുത കൃതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത് ശ്രദ്ധിക്കുക. ""വേദം ബ്രഹ്മകാണ്ഡം എന്നും ധര്‍മ കാണ്ഡം എന്നും രണ്ടു ഭാഗമാണെന്ന് ജൈമിനി പറയുന്നു. ധര്‍മകാണ്ഡം ദേവതാസ്തുതിപരമായ ഉപാസനാകാണ്ഡവും യജ്ഞവിധി രൂപമായ കര്‍മകാണ്ഡവുമായി വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നു. ബ്രഹ്മകാണ്ഡം എന്ന പവിത്രമായ ആത്മീയാനുഭൂതിയുടെ ഹിരണ്യഹൃദയം തുറന്നുവിടുകയാണ് യഥാര്‍ഥമായി വേദപഠനത്തിന്റെ ലക്ഷ്യം. യാജ്ഞികന്മാര്‍ക്ക് അതല്ല ലക്ഷ്യം, യാഗം ചെയ്തു നേടാവുന്ന സ്വര്‍ഗാദികളായ ഫലങ്ങളാണ്, ""ജ്യോതിഷ്ടോമേന സ്വര്‍ഗകാമോയജതേ"" എന്ന ജൈമിനിയുടെ പൂര്‍വമീമാംസാസൂത്രത്തിലെ വിധി നോക്കുക. പൊന്നുവേണ്ടെന്ന് വെച്ച് തുരുമ്പന്വേഷിച്ചുപോയ ഭാരതത്തിന്റെ ആത്മാവിന്റെ ദാരിദ്ര്യത്തെയാണ് നാം ബ്രാഹ്മണങ്ങളില്‍ കണ്ടെത്തുന്നത്."" (സുകുമാര്‍ അഴീക്കോട് -"തത്വമസി" 3-ാം പതിപ്പ് 1985 പേജ് 48)
ഭാരതത്തിന്റെ ആത്മാവിന്റെ ദാരിദ്ര്യത്തെയാണ് യജഞസംസ്കാരം വെളിപ്പെടുത്തുന്നതെന്നാണ് ""തത്വമസി"കാരന്‍ പറയുന്നതെങ്കില്‍ ആ ദാരിദ്ര്യത്തില്‍ നിന്ന് എങ്ങനെ മുതലെടുപ്പ് നടത്താം എന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കേരളത്തിലെ ചില "യുവ ആചാര്യ"ന്മാരിപ്പോള്‍. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിപ്പിച്ച് ""ശൂദ്രവിമോചനം"" സാധ്യമാക്കിയ ശ്രീനാരായണനവോത്ഥാന ഭൂമികയിലേക്ക് ""യജ്ഞസംസ്കാര""ത്തിന്റെ "സവര്‍ണമേധാവിത്വ" മോഹവുമായി എത്തുന്ന മേല്‍പറഞ്ഞ "ആചാര്യ"ന്മാരെ നാം തിരിച്ചറിയേണ്ടതുണ്ട്.

വേദങ്ങള്‍ ഉപനിഷത്തുകള്‍ എന്നിവ എന്താണെന്ന് അറിയാതെ ആ പേരുകള്‍ കേള്‍ക്കുന്ന മാത്രയില്‍തന്നെ അപ്രാപ്യമായ ഏതോ അനുഭൂതിവിശേഷത്തിന് ജനസാമാന്യം അടിമപ്പെടുന്ന ഒരു അന്തരീക്ഷം ഇപ്പോഴും ഇന്ത്യയില്‍ പൊതുവെ നിലനില്‍ക്കുന്നുണ്ട്. ""ഏകശിലാബദ്ധവും കാലാതിശായിയും സനാതനവുമായ ഒരു പ്രാക്തന ദര്‍ശനം"" എന്നത് ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല എന്നതാണ് ചരിത്രപാഠം. പ്രാചീന ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളും ഇതില്‍നിന്ന് വ്യത്യസ്ഥമല്ല. വൈരുധ്യപൂര്‍ണമായ നിരവധി ദര്‍ശനങ്ങളുടെ വിളനിലമായിരുന്നു പ്രാചീനഭാരതം. "പഴമയുടെ വിശുദ്ധിക്ക്" തൊട്ടുകൂടായ്മ കല്‍പ്പിക്കപ്പെട്ടുപോരുന്ന പാരമ്പര്യം ഇന്ത്യയില്‍ പൊതുവെ നിലനിന്നിരുന്നതിനാല്‍ മുമ്പത്തേതിന് വിരുദ്ധമായ ദാര്‍ശനിക ചിന്ത അവതരിപ്പിച്ചിരുന്ന പ്രതിഭാശാലികള്‍ പോലും "ഇരട്ടനാവുകൊണ്ട് "സംസാരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. "ഇന്ത്യന്‍ ഫിലോസഫി"എന്ന ഗ്രന്ഥത്തില്‍ ദേവീപ്രസാദ് ചതോപാധ്യായ ഇതുസംബന്ധിച്ച് സൂക്ഷ്മതലത്തിലുള്ള ഒരു നിരീക്ഷണം അവതരിപ്പിക്കുന്നുണ്ട്. ""ഒരു പഴയ വീക്ഷണഗതി വീണ്ടും വിശദീകരിക്കുന്നതിനിടയില്‍ ഒരു ദാര്‍ശനികന്‍ സ്പഷ്ടമായ ഒരു പുതുമ അവതരിപ്പിക്കുമ്പോള്‍ പോലും പ്രതിനിധാനം ചെയ്യുന്ന പഴയ വിജ്ഞാനത്തില്‍തന്നെ വിലീനനായിരിക്കുന്നതിന്റെ ഒരു വ്യാഖ്യാനം മാത്രമാണ് എന്ന് അയാള്‍ എപ്പോഴും വാദിച്ചിരുന്നു"".

യാഗസൂചകമായ നല്ലൊരു ദൃഷ്ടാന്തംതന്നെ നമുക്കുപരിശോധിക്കാം.108 ഉപനിഷത്തുകളില്‍ ഏറ്റവും ശ്രഷ്ഠമെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടുള്ള 13 എണ്ണത്തില്‍പ്പെട്ടതാണ് മുണ്ഡകോപനിഷത്ത്. രണ്ടു ഖണ്ഡങ്ങള്‍ വീതമുള്ള 3 മുണ്ഡകങ്ങള്‍ അടങ്ങിയ ഈ ഉപനിഷത്തില്‍ ആകെ 65 മന്ത്രങ്ങളാണുള്ളത്. മുണ്ഡകം ഒന്നിലെ ഖണ്ഡം രണ്ടിലുള്ള ആദ്യ 6 മന്ത്രങ്ങളും യാഗമാഹാത്മ്യത്തെയാണ് പ്രകീര്‍ത്തിക്കുന്നത്. കാളി, കരാളി, മനോജവ, സുലോഹിത, സുധൂമ്രവര്‍ണ, സ്ഫുലിംഗിനി, വിശ്വരൂപി എന്നിങ്ങനെ ആഹുതി ഗ്രസനത്തിനായി ഇളകിക്കൊണ്ടിരിക്കുന്ന ഏഴ് അഗ്നി നാവുകളിലേയ്ക്ക് യഥാവിധി അഗ്നിഹോത്രാദി കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു എങ്കില്‍, ഒരുവന്‍ അര്‍പ്പിക്കുന്ന ആ ആഹൂതികള്‍ തന്നെ സൂര്യന്റെ രശ്മികളായിത്തീര്‍ന്ന് അവനേയും എടുത്ത് ദേവന്മാരുടെ നാഥനായ ഇന്ദ്രന്‍ വാഴുന്ന ആ സ്വര്‍ഗത്തിലേയ്ക്ക് പോകുന്നു എന്നാണ് ഈ 6 മന്ത്രങ്ങളുടേയും സാര സംഗ്രഹം. ഏഴാമത്തെ മന്ത്രം ഇതിന് നേര്‍വിപരീതമായ ആശയത്തെയാണ് പ്രഖ്യാപനം ചെയ്യുന്നത്.

പ്ലവാഹ്യേതേ, അദൃഢം യജ്ഞരൂപാ അഷ്ടാ ദശോക്തമപരം യേഷ്ഠകര്‍മ്മ ഏതച്ഛ്റേയോയേങ്കഭിനന്ദന്തിമൂഢാ ജരാമൃത്യുംതേപുരരേവാപിയന്തി

16 ഋത്വിക്കുകളും യജമാനനും പത്നിയും ഉള്‍പ്പെടെ 18 പേര്‍ ചേര്‍ന്നു ചെയ്യുന്ന ഈ യജ്ഞങ്ങളെ ശ്രേയസ്സാധനമായി കരുതി അഭിനന്ദിക്കുന്ന മുഢന്മാര്‍ ജനനമരണചക്രത്തില്‍പ്പെട്ട് കറങ്ങിക്കൊണ്ടിരിക്കും എന്നും യജ്ഞസ്വരൂപങ്ങളെല്ലാം സംസാരസാഗരത്തിന്റെ തരണത്തിന് അപര്യാപ്തങ്ങളായ ഉറപ്പില്ലാത്തവഞ്ചികളെപ്പോലെ നശ്വരങ്ങളും ദോഷകരങ്ങളുമാകുന്നു എന്നും ആണ് ഈ മന്ത്രത്തിന്റെ താല്പര്യം. യാഗങ്ങളുടെ അര്‍ഥശൂന്യതയെ വളരെ സ്പഷ്ടമായിത്തന്നെ ഈ മന്ത്രം വിശകലനം ചെയ്യുന്നുണ്ട്. യാഗത്തെ ആറു കൈകള്‍ കൊണ്ട് തലോടുകയും ഏഴാമത്തെ കൈകൊണ്ട് ഊക്കോടെ പ്രഹരിക്കുകയും ചെയ്യുന്ന ഈ വൈരുധ്യത്തിനെ ശ്രീരാമകൃഷ്ണാശ്രമത്തിലെ മൃഡാനന്ദ സ്വാമികളെപ്പോലുള്ളവര്‍ വ്യാഖ്യാനം കൊണ്ട് മറയിടാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഈ വൈരുധ്യം മുഴച്ചുനില്‍ക്കുകതന്നെ ചെയ്യുന്നുണ്ട്.

ഛാന്ദോഗ്യോപനിഷത്തിലെ "ശൗവഉദ്ഗീതം" (ശ്വാക്കളാല്‍ ഉപജ്ഞാതമായ ഉദ്ഗീതം) യാഗസംസ്കാരത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. ബകദാത്ഭ്യന്‍, ഗ്ലാവമെത്രേയന്‍ എന്നീ രണ്ടു ബ്രാഹ്മണര്‍ നോക്കി നില്‍ക്കെ ഒരു വെള്ളനായയും അതിന്റെ കൂട്ടുകാരും മുന്നിലുള്ളതിന്റെ വാല് പിന്നിലുള്ളത് കടിച്ചുപിടിച്ചുകൊണ്ട് യാഗച്ചടങ്ങിലെന്നപോലെ വട്ടം ചുറ്റിമോങ്ങിക്കൊ ണ്ടിരുന്നു. മോങ്ങലിന്റെ അര്‍ഥം ഉപനിഷത്ത് ഇങ്ങനെ വ്യാഖ്യാനിക്കുന്നു.

ഓം അദാമോം പിബാമോംദേവോ വരുണ; പ്രജാപതി: സവിതാന്നമിതാഹരത്, അന്നപതേ! അന്നംഇഹാഹര, ആഹര, ഓമിതി (ചാന്ദോഗ്യം 1.12.5) (ഓം ഞങ്ങള്‍ അന്നം കഴിക്കുമാറാകട്ടെ! ഓം, വെള്ളം കുടിക്കുമാറാകട്ടെ. വരുണനും പ്രജാപതിയും സവിതാവും ഞങ്ങള്‍ക്ക് അന്നംതരട്ടെ! അന്നങ്ങള്‍ക്കെല്ലാം നാഥനായിട്ടുള്ളവനേ! ഞങ്ങള്‍ക്ക് അന്നം തന്നാലും...അന്നം തന്നാലും).

ഇപ്രകാരം യാഗകര്‍മങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമ്പോഴും ഛാന്ദോഗ്യവും യാഗങ്ങളെ പ്രമാണമാക്കുന്നുണ്ട്. സുകുമാര്‍ അഴീക്കോട് ഇതുസംബന്ധിച്ച് ആശ്വാസം കൊള്ളുന്നത് ഇങ്ങനെയാണ്. ""ആത്മവിദ്യയുടെ പരകാഷ്ഠയായ ഉപനിഷത്തിന്റെ ഔന്നിത്യംകാട്ടുന്നതോടൊപ്പം ഛാന്ദോഗ്യത്തില്‍ ബ്രാഹ്മണങ്ങളിലെ യജ്ഞക്രിയാപരതയുടെ പടുകുഴികളും കാണാം. ചന്ദ്രന്റെ കളങ്കം പോലെ എന്നു നമുക്ക് സമാശ്വസിക്കാം"".(തത്വമസി-ചആട 3-ാം പതിപ്പ്) പേജ് 277)

ചന്ദ്രനിലെ കളങ്കം കളങ്കമാണെന്നു തുറന്നു വിമര്‍ശിക്കാതെ ഒരു നിസ്സംഗതയാണ് അഴീക്കോട് ഇക്കാര്യത്തില്‍ പുലര്‍ത്തിയത്. ഈ നിസ്സംഗതയെപ്പോലും അതിവൈകാരികതയായി പെരുപ്പിച്ചുകാട്ടിയ മഹാകവി അക്കിത്തം "നമ്പൂതിരി"യെപ്പോലുള്ളവരാണ് (അക്കിത്തം: "ശ്രൗതശാസ്ത്രപാരമ്പര്യം കേരളത്തില്‍" ശുക്രപുരം 1990 പുറം 38) ആധുനികകാലത്തെ യാഗസംഘാടകരുടെ പ്രതിലോമശക്തിയെ ഉദ്ദീപിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ഖേദപൂര്‍വം പറയട്ടെ.

ഭാരതത്തിലെ പ്രാക്തന ദര്‍ശനങ്ങളില്‍ ലോകായതം, സാംഖ്യം, ബൗദ്ധം, ജൈനം തുടങ്ങിയ ഭൗതികദര്‍ശനങ്ങളൊഴികെ മറ്റെല്ലാ ആത്മീയദാര്‍ശനികരും -ജൈമിനിയും ശ്രീശങ്കരനും ഉള്‍പ്പടെ-സ്വീകരിച്ചുപോന്ന ഗൃഹാതുരത്വ ദൗര്‍ബല്യ സമീപനമാണ് പുതിയകാലത്ത് യാഗത്തെയും "കമ്പോളവല്‍ക്കരിക്കാനുള്ള" പൂണൂല്‍ യജമാനന്മാരുടെ നീക്കങ്ങള്‍ക്ക് പ്രമാണമായിത്തീരുന്നത് "ഇന്ത്യയുടെ പൂര്‍വകാലത്തിന്റെ രാഷ്ട്രീയപ്രഭാവം എത്രതന്നെ മാറിക്കൊണ്ടിരുന്നതായി തോന്നിയാലും ഏറ്റവും പഴയകാലം മുതല്‍ 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകംവരെ അതിന്റെ സാമൂഹ്യസ്ഥിതി മാറ്റമില്ലാതെതന്നെ ഇരുന്നിട്ടുണ്ട്" എന്ന് മാര്‍ക്സ് പറഞ്ഞത് പ്രസക്തമാണ്. (മാര്‍ക്സ് ഏംഗല്‍സ് "ബ്രിട്ടനെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍"-മോസ്കോ 1954 പേജ് 380)

മരവിച്ചുനിന്ന ഇന്ത്യന്‍ തത്വചിന്താ രീതിക്ക് പൂതുജീവന്‍ നല്‍ കിയ രാജാറാംമോഹന്‍റോയ്, ഈശ്വരചന്ദ്ര വിദ്യാസാഗര്‍, വിവേകാനന്ദന്‍, ടാഗോര്‍, മഹാത്മാഗാന്ധി തുടങ്ങിയ ആധുനികപരിഷ്കര്‍ ത്താക്കള്‍പോലും മതവേഷവും മുന്‍വിധികളും എടുത്തണിഞ്ഞുകൊണ്ട് മാത്രമേ പരിഷ്കരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുള്ളു. പ്ലേറ്റോ തന്റെ ഏറ്റവും പരിപക്വമായ "നിയമങ്ങള്‍" എന്ന കൃതിയില്‍ ഇങ്ങനെ പറയുന്നു "സത്യം എന്നത് സ്ഥായിയായ ഒരു നല്ലകാര്യമാണ്. എങ്കിലും അത് ആളുകളെക്കൊണ്ട് വിശ്വസിപ്പിക്കാന്‍ പ്രയാസമാണ്."- മാര്‍ക്സ് പറഞ്ഞതുപോലെ കാഴ്ചപ്പാടുകളില്‍ തലകീഴായിനില്‍ക്കുന്ന ഒരു ലോകത്ത് സത്യം അവിശ്വസനീയമാംവിധം തലനിവര്‍ത്തി നേരെത്തന്നെയാണല്ലോ നില്‍ക്കുക. നിവര്‍ന്നുനില്‍ക്കുന്ന സത്യത്തെ അസത്യമായും തലകീഴായി നില്‍ക്കുന്ന പ്രതിലോമ ആശയ അസത്യങ്ങളെ സത്യമായും ജനബോധം സാമാന്യവല്‍ക്കരിക്കുന്നു.

പരിഷ്കരണശ്രമങ്ങളിലെ ആശയവാദമുന്‍വിധികള്‍ താല്‍ക്കാലിക വിജയങ്ങള്‍ക്ക് കാരണമായേക്കാമെങ്കിലും ദീര്‍ഘകാല പുരോഗതി എന്ന ലക്ഷ്യപ്രാപ്തിക്ക് അത് വിലങ്ങുതടിയായിത്തീരുന്നു എന്ന് ശ്രീനാരായണഗുരുവിന്റെ "നിശ്ശബ്ദ വിപ്ലവം" തന്നെ തെളിവുനല്‍കുന്നുണ്ടല്ലോ. തികച്ചും സോദ്ദേശ പ്രേരകമായിരുന്നു എങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്താനും വിശ്വാസ്യത നേടിയെടുക്കാനും ഗുരു സ്വീകരിച്ച വിഗ്രഹപ്രതിഷ്ഠാരീതിതന്നെ ഉദാഹരമായി എടുക്കാവുന്നതാണ്. വിഗ്രഹാരാധകനല്ലാതിരുന്നിട്ടുകൂടി ഗുരുവിന് 28 വിഗ്രഹപ്രതിഷ്ഠകള്‍ നടത്തേണ്ടിവന്നു. അദൈ്വതിയും വിഗ്രഹപ്രതിഷ്ഠാവിരോധിയുമായിരുന്ന വാഗ്ഭടാനന്ദ ഗുരുവിനുമുന്നില്‍ ഉത്തരം മുട്ടിപ്പോയപ്പോള്‍ "ജനങ്ങള്‍ സൈ്വര്യം തരേണ്ടേ, എന്ന കേവല യുക്തിയില്‍ അദ്ദേഹത്തിന് അഭയം കണ്ടെത്തേണ്ടിയും വന്നു. ഈ വൈരുധ്യം ബഹുജനപിന്തുണയുടെ കാര്യത്തില്‍ ഗുരുവിന് രക്ഷാകവചമായിരുന്നു എങ്കിലും മരണശേഷം അദ്ദേഹവും വിഗ്രഹവല്‍ക്കരിക്കപ്പെടുകയും ചില്ലുകൂട്ടില്‍ അടക്കപ്പെടുകയുമാണല്ലോ ഉണ്ടായത്.

യുക്തിപരമായി ഔന്ന്യത്യം പുലര്‍ത്തുമ്പോഴും "യുക്തിരാഹിത്യത്തിന്" മൗനാനുവാദം നല്‍കുന്ന കീഴ്വഴക്കം നവോത്ഥാന കേരള സംസ്കൃതിയെ ഒരു ശാപംപോലെ പിന്തുടരുകയാണ്. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന് കേരളത്തില്‍ ഉറപ്പുള്ള ഒരു സൗധം പണിയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സുസജ്ജമായ താല്‍ക്കാലിക ടെന്റുകള്‍ പെട്ടെന്ന് കെട്ടിയുയര്‍ത്താനുള്ള കോപ്പുകള്‍ കരഗതമാണുതാനും. ഇങ്ങനത്തെ ഒരു താല്‍ക്കാലിക ടെന്റിലേക്ക് ഇത്തിരി ഇടം തേടി "സോമയാഗം" എന്ന "ഒട്ടകം" എത്തിയിരിക്കുന്നു. തിരിച്ചറിവിന്റെ വലിയ ദണ്ഡുപയോഗിച്ച് അതിനെ ആട്ടിപ്പായിക്കേണ്ടത് കേരളത്തിന്റെ ഭൗതിക വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്.

*
എ കെ പീതാംബരന്‍ ദേശാഭിമാനി വാരിക

അന്ധകാരയുഗം തിരിച്ചെത്തുമ്പോള്‍

"" ശൂദ്രം അക്ഷരസംയുക്തം... ""

മൂന്നാം സഹസ്രാബ്ദ ഘട്ടത്തിലേക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കും മനുഷ്യരാശി കടന്നു എന്ന് അഭിമാനിക്കുന്ന ഘട്ടത്തിലാണ് ലോക മാനവികതയെത്തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു സംഭവം കേരളത്തിലുണ്ടായത്. അതും കേരളത്തിന്റെ സാമൂഹികചരിത്രത്തെ നവോത്ഥാനപരമായ ഊര്‍ജംനിറച്ച് ചടുലമാക്കിയ സംഭവപരമ്പരകള്‍കൊണ്ട് ശ്രദ്ധേയമായ ഗുരുവായൂരില്‍. കേരളം അപമാനഭാരത്താല്‍ ശിരസ്സ് കുനിക്കേണ്ട സംഭവമാണ് ജാതിയുടെ പേരില്‍ ഗുരുവായൂരിലുണ്ടായത്. ഒരു കലാകാരനോട് മനുഷ്യത്വരഹിതമായ വിവേചനം കാട്ടിയ ആ നടപടി അടിയന്തരമായി തിരുത്തപ്പെടേണ്ടതുണ്ട്.

കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. പഞ്ചവാദ്യത്തിന്റെ ഭാഗമായി ഇലത്താളം കൊട്ടാനെത്തിയ കല്ലൂര്‍ ബാബു എന്ന സര്‍ഗധനനായ കലാകാരനാണ് ജാതിയുടെ പേരില്‍ അപമാനിതനായത്; അരങ്ങിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട് തിരിച്ചയക്കപ്പെട്ടത്. കലയ്ക്കും കലാകാരനും ജാതിയില്ല എന്നത് കേരളം ഒറ്റക്കെട്ടായി പ്രഖ്യാപിക്കേണ്ടതുണ്ട്.

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യമൂല്യങ്ങള്‍ സംരക്ഷിച്ചുനിര്‍ത്താനും പുതുവഴികളിലൂടെ സമൂഹത്തിന് പുരോഗമിക്കാനും ഇത് കൂടിയേതീരൂ. ക്ഷേത്രപ്രവേശനത്തിന്, ക്ഷേത്രത്തിനുള്ളില്‍ കയറി പ്രാര്‍ഥിക്കുന്നതിന് അധഃസ്ഥിതര്‍ എന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് ഒരിക്കല്‍ അധികാരമുണ്ടായിരുന്നില്ല. ആ അധികാരം സ്ഥാപിച്ചെടുക്കുന്നതിന്, സ. പി കൃഷ്ണപിള്ളയടക്കമുള്ളവര്‍ മര്‍ദനമേറ്റ് സമരം നടത്തിയ പൈതൃകമുള്ള നാടാണ് ഗുരുവായൂര്‍. പ്രസാദമൂട്ടലില്‍നിന്ന് അബ്രാഹ്മണരെ ഒഴിവാക്കിനിര്‍ത്തിയതിനെതിരെ സ്വാമി ആനന്ദതീര്‍ഥനെപ്പോലുള്ളവര്‍ പൊരുതിയ മണ്ണാണത്. അത്തരം സമരങ്ങളാണ് കേരളസമൂഹത്തെ മുന്നോട്ടുനയിച്ചത്. അത്തരം ഇടപെടലുകളുടെ ഫലമായാണ് സമൂഹത്തിലെ ഒഴിവാക്കപ്പെട്ട വലിയ ഒരു വിഭാഗത്തിന് ക്ഷേത്രത്തില്‍ കയറി ആരാധന നടത്താനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. അത്തരം ഇടപെടലുകളിലൂടെയാണ് പ്രസാദമൂട്ടലില്‍ സ്ഥാനമില്ലാതിരുന്നവര്‍ക്ക് സ്ഥാനം ലഭിച്ചത്.

സവര്‍ണ ന്യൂനപക്ഷത്തിന്റെ സ്വകാര്യ സൂക്ഷിപ്പായിരുന്ന ഇത്തരം ഇടങ്ങള്‍ പതിയെപ്പതിയെ കൂടുതല്‍ ആളുകള്‍ക്കായി തുറന്നുകിട്ടിയത് ധീരസമരങ്ങളുടെ തുടര്‍ഫലമായാണ്. അതിനെ പിന്‍പറ്റുന്ന പ്രതിഷേധങ്ങള്‍ ഗുരുവായൂരിലെ പുതിയ സംഭവത്തിന് തൊട്ടുപിന്നാലെതന്നെ ഉണ്ടായിക്കാണുന്നു എന്നത് ശുഭോദര്‍ശിയാണ്. കലാമണ്ഡലം ഗോപിയെയും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെയും പെരുവനം കുട്ടന്‍മാരാരെയും കെപിഎസി ലളിതയെയുംപോലുള്ള മതിനിരപേക്ഷ കലാകാരന്മാര്‍ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇതില്‍ ഇടപെട്ടു എന്നത് അഭിമാനകരമാണ്.

ഗുരുവായൂരില്‍ കലാകാരന്മാര്‍ക്ക് ജാതിയുടെ പേരില്‍ വിലക്കുള്ളത് ഈ ഒരു രംഗത്തുമാത്രമല്ല. അവിടെ കൃഷ്ണനാട്ടം നടത്താന്‍ "ഉയര്‍ന്ന ജാതിക്കാര്‍" എന്ന് മുദ്രയണിഞ്ഞവര്‍ക്കുമാത്രമേ സാധിക്കൂ. അഷ്ടപദി പാടാനും സവര്‍ണനായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ശ്രുതിശുദ്ധമായ നിലയില്‍ ഭാവാര്‍ദ്രവും മധുരോദാരവുമായി ജയദേവഗീതികള്‍ പാടാന്‍ കഴിയുമെങ്കിലും ജാതിയില്‍ "താഴ്ന്നവന്‍" ആയിരുന്നാല്‍ മാറ്റിനിര്‍ത്തും എന്ന നില അംഗീകരിക്കാനാകില്ല. ലയബദ്ധമായും ഭാവഗംഭീരമായും കൃഷ്ണനാട്ടം നടത്താന്‍ കഴിയുമെങ്കിലും ജനിച്ചത് ബ്രാഹ്മണനായല്ല എന്നതിന്റെ പേരില്‍ ആ കല അവതരിപ്പിക്കുന്നതിന് വിലക്കുണ്ടാകും എന്ന് വരുന്ന സ്ഥിതിയും അംഗീകരിക്കാന്‍ കഴിയില്ല. ദേവസ്വംബോര്‍ഡുതന്നെ താമസ- ഭക്ഷണ സൗകര്യങ്ങളും സ്റ്റൈപെന്‍ഡും നല്‍കി പഠിപ്പിക്കുന്ന ക്ലാസുകളില്‍നിന്ന് ഇറങ്ങിവരുന്നവര്‍ക്കുപോലും ജാതിയുടെ പേരില്‍ വിവേചനം നേരിടേണ്ടിവരികയാണ്. ഇത്തരം വിലക്കുകളേര്‍പ്പെടുത്തുന്നവര്‍ ചരിത്രമറിയാത്ത ഏതോ പ്രാകൃത പാരമ്പര്യത്തിന്റെ അന്ധകൂപങ്ങളില്‍ കഴിയുന്നവരാണ്. സമൂഹത്തെയാകെ ബാധിക്കുന്ന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടായിക്കൂടാ.

കേരളം എങ്ങനെയാണ് ഇത്രയും പുരോഗമിച്ചത് എന്നത് വിസ്മരിച്ചുകൂടാ. അധഃകൃതര്‍ എന്ന് മുദ്രയടിച്ച് മാറ്റിനിര്‍ത്തിയിരുന്നവരിലെ സ്ത്രീകള്‍ കല്ലുമാലയണിഞ്ഞേ നടക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. ആ കല്ലുമാല പൊട്ടിച്ചെറിയാന്‍ നടന്ന സമരങ്ങളുണ്ട്. ആ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ നടന്ന സമരങ്ങളുണ്ട്. ക്ഷേത്രത്തിനടുത്തുള്ള വഴികളിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പഠിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പഠിച്ചാല്‍തന്നെ പഠിപ്പിനൊത്തുള്ള തൊഴില്‍ നേടാന്‍ കഴിയുമായിരുന്നില്ല. ഇത്തരത്തിലുള്ള വിവേചനങ്ങളെയാകെ തകര്‍ത്തെറിഞ്ഞ സാമൂഹിക നവോത്ഥാനമുന്നേറ്റം നാളെ ഗുരുവായൂരിലെ പ്രാകൃതവും മനുഷ്യത്വരഹിതവുമായ ഇന്നത്തെ വിലക്കുകളും തകര്‍ത്തെറിയുകതന്നെചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. "ശൂദ്രം അക്ഷരസംയുക്തം ദൂരതഃ പരിവര്‍ജയേല്‍" എന്ന സ്മൃതിനിയമം അക്ഷരംപഠിച്ച ശൂദ്രനെ അകലെ വര്‍ജിക്കണമെന്ന് കല്‍പ്പിക്കുന്നു. ജനാധിപത്യ-മതനിരപേക്ഷ സമൂഹത്തില്‍ ഭരണഘടനയ്ക്കുമേലെ വിലപ്പോകുന്നത് സ്മൃതിവാക്യമാണെന്ന് വന്നുകൂടാ.

"തന്‍മന്ത്രം ബ്രാഹ്മണാധീനം; ബ്രാഹ്മണോ മമ ദൈവതം" എന്ന നിലയില്‍ ബ്രാഹ്മണനാണ് ദൈവം എന്ന സിദ്ധാന്തം അടിച്ചേല്‍പ്പിക്കുന്നത് ആരുതന്നെയായാലും അവര്‍ ഭരണഘടനാമൂല്യങ്ങളായ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും തുല്യാവകാശ സംഹിതയ്ക്കുമെതിരായി നില്‍ക്കുന്നവരാണ്. അവര്‍ക്കെതിരെ ആ നിലയ്ക്കുള്ള നിയമനടപടികളുണ്ടാകണം. ജനാധിപത്യഭരണ സംവിധാനത്തില്‍ സര്‍ക്കാരിന് അക്കാര്യത്തില്‍ ചുമതലതന്നെയുണ്ട്.

എന്നാല്‍, സംഘപരിവാര്‍ പ്രഭൃതികളുടെ അപ്രീതിയുണ്ടായാലോ എന്നുകരുതി അവര്‍ ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ്. ഈ നാട്യം ജനങ്ങള്‍ തിരിച്ചറിയണം. കാലത്തെ, ചരിത്രത്തെ പതിനെട്ടാം നൂറ്റാണ്ടിലെ ജീര്‍ണാധികാരത്തിലേക്ക് തിരികെക്കൊണ്ടുപോയി തള്ളാനുള്ള പ്രാകൃതനടപടികളുടെ ഭാഗമായാണ് ഇലത്താള കലാകാരനെതിരായ ഗുരുവായൂരിലെ ജാതിവിവേചനമടക്കമുള്ള സംഭവങ്ങളെ കാണേണ്ടത്. അത് ആ നിലയ്ക്കുതന്നെ പരിഷ്കൃതസമൂഹവും ജനാധിപത്യസര്‍ക്കാരും കൈകാര്യംചെയ്യേണ്ടതുമുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

Monday, January 20, 2014

അന്ധകാരയുഗം തിരിച്ചെത്തുമ്പോള്‍

2014 ഫെബ്രുവരി മാസം കോഴിക്കോട്, പാലക്കാട് ജില്ലകള്‍ യാഗത്തിന്റെയും മഹായാഗത്തിന്റെയും വേദികളാക്കി മാറ്റാന്‍ ഒരുകൂട്ടര്‍ തീരുമാനിച്ചിരിക്കുന്നു. കോഴിക്കോട് ജില്ല ഇതാദ്യമായിട്ടാണ് യജ്ഞവേദിയാകുന്നത്. പാലക്കാട് ജില്ല ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ യജ്ഞവേദി ആയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം 1975ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റാളിന്റെയും ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രൊഫ. പര്‍പോളയുടെയും നേതൃത്വത്തില്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രയജ്ഞമാണ്. കോഴിക്കോട്ട് ഫെബ്രുവരി 13 മുതല്‍ 19 വരെ സോമയാഗവും പാലക്കാട്ട് ഫെബ്രുവരി 6 മുതല്‍ 12 വരെ ധര്‍മസൂയ മഹായാഗവും നടക്കുന്നു. രണ്ട് യാഗവും ഏഴുദിവസം നീണ്ടുനില്‍ക്കുന്ന സപ്താഹയജ്ഞങ്ങളാണ്. രണ്ടുകൂട്ടരും പ്രചരിപ്പിക്കുന്നത് ലോകസമാധാനത്തിനും പ്രപഞ്ച ഊര്‍ജത്തെ  ആവാഹിച്ച് ശരീര പുഷ്ടി വര്‍ധിപ്പിക്കാനും അന്തരീക്ഷം സംശുദ്ധമാക്കാനും, രോഗാണുക്കളെ ഇല്ലാതാക്കാനും മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കാനും മഴ പെയ്യിക്കാനും യജ്ഞശിഷ്ടം കഴിക്കുന്നവര്‍ക്ക് സന്താനലാഭം കിട്ടാനും മറ്റും ഈ യജ്ഞം ഉപകരിക്കും എന്നാണ്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് നമ്മുടെ നാട്ടില്‍ നടമാടിയിരുന്നു എന്നു പറയപ്പെടുന്ന ഈ യജ്ഞസംസ്കാരത്തെ അക്കാലത്തു തന്നെ ശ്രമണന്മാരുടെയും മറ്റും നേതൃത്വത്തില്‍ ഉന്മൂലനം ചെയ്യപ്പെടുകയുണ്ടായി.

ആഴ്ചകളും മാസങ്ങളും നീണ്ടുനിന്ന യജ്ഞങ്ങള്‍ നടത്തി നാട്ടിലെ മൃഗങ്ങളെയെല്ലാം കൊന്നൊടുക്കിയതിന്റെ ഫലമായി നാട്ടില്‍ കൃഷി ആവശ്യത്തിനുപോലും കന്നുകാലികളെ കിട്ടാതെ വന്നപ്പോള്‍, അക്കാലത്തെ ജനങ്ങള്‍ ഹിംസയ്ക്കെതിരെ അഹിംസാ മുദ്രാവാക്യമുയര്‍ത്തി നടത്തിയ ചെറുത്തുനില്‍പ്പിന്റെയും പോരാട്ടങ്ങളുടെയും ഫലമായിട്ടുകൂടിയാണ് കാലാന്തരത്തില്‍ ബുദ്ധന്റെയും ജൈനന്റെയും മറ്റും നേതൃത്വത്തില്‍ രൂപംകൊണ്ട മതങ്ങള്‍ എന്ന് കാണാന്‍ കഴിയും. അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ ഉണ്ടാകുന്നത് മാലിന്യങ്ങളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ മാലിന്യങ്ങളുടെ ഉറവിടം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്താല്‍ മാത്രമേ മാലിന്യജന്യമായ രോഗങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തെക്കാള്‍ എത്രയോ ഇരട്ടി അന്തരീക്ഷമാലിന്യം മറ്റു സംസ്ഥാനങ്ങളിലുണ്ട്. കേരളത്തോട് മാത്രം അതിലും വിശേഷിച്ച് കോഴിക്കോട്, പാലക്കാട് ജില്ലകളോട് എന്തേ ഇത്ര സ്നേഹം. ഉത്തരം ലളിതമാണ്. ഈ രണ്ട് ജില്ലകളിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് താരതമ്യേന കൂടുതല്‍ വേരോട്ടമുള്ളത്; വിശ്വാസികളായ കമ്യൂണിസ്റ്റുകാരെയെങ്കിലും അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞാല്‍ അത്രയുമായി. ഇവരുടെ പൂര്‍വികര്‍ 1992ല്‍ കുട്ടികളില്ലാത്ത ദമ്പതിമാരെ പങ്കെടുപ്പിച്ച് എറണാകുളത്ത് നടത്തിയ പുത്രകാമേഷ്ടിയുടെ ഫലം ഇപ്പോഴും "അപൂര്‍വസിദ്ധി"യില്‍ കുടികൊള്ളുകയാണ്.

ലോകസമാധാനത്തിനായി 1975ല്‍ പാഞ്ഞാളില്‍ നടത്തിയ അതിരാത്രത്തിനു ശേഷമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അശാന്തി ഉണ്ടായത് എന്നു കാണാന്‍ കഴിയും. അടിയന്തരാവസ്ഥയും ഇറാക്ക് യുദ്ധവും ഗുജറാത്ത്-മാറാട്-മുസാഫര്‍പൂര്‍ കലാപങ്ങളുമെല്ലാം അതിനു ശേഷമാണ് ഉണ്ടായത്. വിശ്വാസികളല്ലാത്തവരെപ്പോലും വിശ്വാസികളാക്കാന്‍ പറ്റുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സംഘാടകര്‍ നടത്തുന്നത്. ഇവര്‍ക്കൊഴുകിയെത്തുന്ന സാമ്പത്തിക സ്രോതസ് അന്വേഷിച്ചു കണ്ടെത്താന്‍ ബാധ്യതപ്പെട്ടവര്‍പോലും ഇവരുടെ മുന്നില്‍ കയ്യുംകെട്ടി നില്‍ക്കുന്നു. മലയാളികളുടെ, പ്രത്യേകിച്ച് അഭ്യസ്തവിദ്യരുടെ ശാസ്ത്ര ബോധവും യുക്തിചിന്തയും കൈമോശം വന്നുകൊണ്ടിരിക്കുന്നു. പാവപ്പെട്ട വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം ആസുരശക്തികളുടെ പ്രവര്‍ത്തനം കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റും.

ശാസ്ത്രം വളരുന്നതനുസരിച്ച് നമ്മുടെ ശാസ്ത്രജ്ഞര്‍ വളരുന്നുണ്ടോ എന്ന ചോദ്യം ഏറെ നാളുകളായി ഉത്തരം കിട്ടാതെ ഉഴലുകയായിരുന്നു. എന്നാലിപ്പോള്‍ ശാസ്ത്രം വളരുന്നതനുസരിച്ച് ശാസ്ത്രജ്ഞര്‍ പോലും വളരുന്നില്ല എന്ന് ഖണ്ഡിതമായി ഉത്തരം പറയാന്‍ ഒരു ശാസ്ത്രജ്ഞനെങ്കിലും മുന്നോട്ടു വന്നിരിക്കുന്നു. മറ്റാരുമല്ല, ഈ വര്‍ഷത്തെ ഭാരതരത്ന പുരസ്കാര ജേതാവായ പ്രൊഫ. സി എന്‍ ആര്‍ റാവു. ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിന് തിരുപ്പതി ക്ഷേത്രത്തില്‍നിന്ന് അനുഗ്രഹം തേടുന്ന നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാരെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ബഹിരാകാശ ദൗത്യങ്ങള്‍ക്കു മുമ്പ് ഉപഗ്രഹങ്ങളുടെ ചെറുമാതൃക തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ദൈവാനുഗ്രഹം വാങ്ങുന്ന നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ജനങ്ങളുടെ ഇടയില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ശാസ്ത്രജ്ഞനായ തനിക്ക് ജ്യോതിഷത്തിലോ മറ്റന്ധവിശ്വാസങ്ങളിലോ വിശ്വാസമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രൊഫ. റാവു, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുക മാത്രമല്ല മറിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുക കൂടിയാണ് ചെയ്തത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51A യിലെ മൗലിക കര്‍ത്തവ്യങ്ങള്‍ എന്ന വകുപ്പില്‍ (h) ഉപവകുപ്പ് പറയുന്നു... "ജനങ്ങളില്‍ ശാസ്ത്രീയ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കണം". ഭരണഘടനയെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ പ്രവര്‍ത്തനം എന്നര്‍ത്ഥം. കേരളത്തില്‍ത്തന്നെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ ശബരിമല സന്നിധാനത്തിലെത്തി സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടുന്നു; മുന്‍ ചെയര്‍മാന്‍ ഡോ. മാധവന്‍ നായര്‍ക്ക് ഗുരുവായൂരപ്പനോടായിരുന്നു കൂടുതല്‍ ഇഷ്ടം. ഭരണാധികാരികള്‍ വല്ലപ്പോഴെങ്കിലും നമ്മുടെ ഭരണഘടന വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഇതുപറയാന്‍ കാരണം സമീപകാലത്ത് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ശോഭന്‍ സര്‍ക്കാര്‍ എന്ന ഒരു സന്യാസി സ്വപ്നം കണ്ടെന്ന് കേട്ട മാത്രയില്‍, പത്തൊന്‍പതാം നൂറ്റാണ്ടിലെ രാജാവ്, രാജ റാവൂ റാംബക്സ് സിംഗിന്റെ കോട്ടയില്‍ ദേശീയ പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ ശ്രീവാസ്തവയും കൂട്ടരും സ്വര്‍ണം കുഴിച്ചെടുക്കാന്‍ കാട്ടിയ പരാക്രമം ഭാരതത്തിനും ഭാരതീയര്‍ക്കുമാകെ അപമാനം വരുത്തിവയ്ക്കുകയുണ്ടായി. ആഴ്ചകളോളം കോട്ടയും പരിസരവും ഉഴുതുമറിച്ചിട്ടും സ്വര്‍ണത്തിന്റെ തരിപോലും കിട്ടിയില്ല. ഇന്ദിരാഗാന്ധിയുടെ കാലത്തും ഇത്തരത്തില്‍ ഒരു "സ്വര്‍ണഖനനം" നടത്തിയിരുന്നതായും അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഭൂട്ടോ, തങ്ങളുടെ വിഹിതം ആവശ്യപ്പെട്ട് കത്തെഴുതിയതായും സ്വര്‍ണം ലഭിച്ചില്ല എന്നുപറഞ്ഞ് ഇന്ദിരാഗാന്ധി ഭൂട്ടോയ്ക്ക് മറുപടി അയച്ചിരുന്നതായും വാര്‍ത്തയുണ്ടായിരുന്നു. ഇന്ദിരയുടെ പിതാവ് നെഹ്റു ആയിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രിയെങ്കില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ ശ്രീവാസ്തവ ആ കസേരയില്‍ പിന്നെ ഉണ്ടാകുമായിരുന്നില്ല.

"തമസോ മാ ജ്യോതിര്‍ഗമയ" - അന്ധകാരത്തില്‍നിന്ന് എന്നെ വെളിച്ചത്തിലേക്ക് നയിക്കേണമേ എന്നുദ്ഘോഷിച്ച ഭാരതീയ ഋഷിവര്യന്മാരുടെ നാട് ഇന്നെവിടെയെത്തി നില്‍ക്കുന്നു. വിദ്യാഭ്യാസരംഗത്ത് അസൂയാര്‍ഹമായ നേട്ടം കൈവരിച്ച കേരളം സാമൂഹികാപചയങ്ങളുടെ വിളനിലമായി മാറിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് നമ്മുടെ നാട്ടില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കണ്ട്സഹിക്കവയ്യാതെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച വിവേകാനന്ദന്‍ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ കണ്ടിരുന്നെങ്കില്‍ ഈ മതഭ്രാന്തന്മാരെ നോക്കി "മാ നിഷാദ" എന്നുപറയുമായിരുന്നു.

1823ല്‍ ബ്രിട്ടീഷുകാര്‍ കല്‍ക്കട്ടയില്‍ ആദ്യമായി ഒരു സംസ്കൃത കോളേജ് സ്ഥാപിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ ഭാരതീയ നവോത്ഥാന നായകനായ രാജാറാം മോഹന്‍ റായ് അതിനെ അതിശക്തമായി എതിര്‍ക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു... ""ഈ രാജ്യത്തെ ഇരുട്ടില്‍ തുടര്‍ന്നു വച്ചേക്കുകയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉദ്ദേശമെങ്കില്‍ അതിന് ഏറ്റവും പറ്റിയത് സംസ്കൃത സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം തന്നെയാണ്. തുടര്‍ന്ന് പറഞ്ഞു... ഭാരതീയരുടെ അഭിവൃദ്ധിയാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെങ്കില്‍ ഗണിതശാസ്ത്രം, പ്രകൃതിശാസ്ത്രം, രസതന്ത്രം, ശരീരശാസ്ത്രം മുതലായ ഉപയോഗപ്രദങ്ങളായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുരോഗമനോന്മുഖവും ഉദ്ബുദ്ധവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയില്‍ നടപ്പില്‍ വരുത്തുകയാണ് വേണ്ടത്. രാജാറാം മോഹന്‍ റായിയുടെ വാദം അംഗീകരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്നീട് നിര്‍ബന്ധിതരായി. (ശ്രീനാരായണ യുഗപ്രഭാവം. പേജ്.312).

ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം, കാവ്യ-ശാസ്ത്രാദി സമ്പ ത്തുക്കളാല്‍ സമ്പന്നമായ സംസ്കൃതഭാഷയോടുള്ള എതിര്‍പ്പ് കൊണ്ടല്ല സംസ്കൃതഭാഷാവിശാരദന്‍ കൂടിയായിരുന്ന റായ്, സംസ്കൃതകോളേജ് തുടങ്ങുന്നതിനെ എതിര്‍ത്തത്. ബ്രഹ്മസമാജ സ്ഥാപകന്‍ കൂടിയായിരുന്ന റായിയുടെ നേതൃത്വത്തില്‍ അക്കാലത്ത് നടന്ന നവോത്ഥാനപ്പോരാട്ടങ്ങള്‍ക്ക് സംസ്കൃതഭാഷയുടെ അധീശത്വവും പേറി ബ്രാഹ്മണമേധാവിത്തം സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ ചില്ലറയൊന്നുമായിരുന്നില്ല. അവരാദ്യം സംസ്കൃതഭാഷയ്ക്ക് ദൈവികപരിവേഷം ചാര്‍ത്തി ദേവഭാഷയാക്കി അവതരിപ്പിച്ചു. ഭൂമിയിലെ ദേവന്മാരായ തങ്ങള്‍ക്കുമാത്രമേ ദേവഭാഷ പഠിക്കാന്‍ അധികാരമുള്ളൂ എന്ന് രാജാക്കന്മാരെക്കൊണ്ട് അംഗീകരിപ്പിക്കുകയും അത് ലംഘിക്കുന്നവരുടെ ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കുമെന്ന നിയമം സ്ഥാപിച്ചെടുക്കുകയും ചെയ്തു. അഥവാ ഏതെങ്കിലുമൊരവര്‍ണന്‍ നാല ക്ഷരം പഠിച്ചുപോയാല്‍ അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നിയമമുണ്ടാക്കി ""ശൂദ്രം അക്ഷരസംയുക്തം ദൂരതഃ പരിവര്‍ജയേത്"". അക്ഷരം പഠിച്ച ശൂദ്രനെ വളരെ ദൂരെ കൊണ്ടുപോയി ഉപേക്ഷിക്കണം. അന്നൊക്കെ സംസ്കൃതശ്ലോകങ്ങളാണ് പ്രമാണമായി സ്വീകരിച്ചുപോന്നത്.

ബ്രാഹ്മണമേധാവിത്തം ആദ്യം വേദത്തിന് "അപൗരുഷേയത്വം" (അപൗരുഷേയം വാക്യം വേദഃ) കല്‍പ്പിക്കുകയും അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒന്നാക്കി മാറ്റുകയും ചെയ്തു. ഇന്ന് കാണപ്പെടുന്ന മിക്കവാറും എല്ലാ സംസ്കൃത ഗ്രന്ഥങ്ങളും അതിന്റെ ആദിരൂപത്തില്‍നിന്നും എത്രയോ രൂപഭേദത്തിനു വിധേയമായതാണ്. നൂറ്റാണ്ടുകളോളം വേദാദിഗ്രന്ഥങ്ങള്‍ ചെവിക്കുചെവി കൈമാറി മനുഷ്യമനസ്സില്‍ മാത്രം കൂടിക്കൊണ്ടിരുന്നു എന്നത് എല്ലാവരും സമ്മതിക്കും. അതുകൊണ്ടു കൂടിയാണല്ലോ വേദത്തിനു "ശ്രുതി" എന്ന പേര് സിദ്ധിച്ചത്. എന്തിനേറെപ്പറയുന്നു രാമായണ-മഹാഭാരതാദി കാവ്യങ്ങള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍നിന്നും എത്രയോ മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുന്നു. അതൊക്കെത്തന്നെ കാലാകാലങ്ങളില്‍ തല്‍പ്പര കക്ഷികള്‍ അവരവരുടെ താല്‍പ്പര്യപ്രകാരം എഴുതിച്ചേര്‍ത്തതോ വെട്ടിമാറ്റിയതോ ആണെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞു. കാല്‍ലക്ഷത്തോളം മാത്രം പദ്യങ്ങളുണ്ടായിരുന്ന "ജയം" (victory) കാലാന്തരത്തില്‍ "ഭാരതം" ആയതും തുടര്‍ന്ന് ഒരുലക്ഷത്തോളം പദ്യമുള്‍ക്കൊണ്ട "മഹാഭാരതം" ആയതും ലോകം അംഗീകിച്ചുകഴിഞ്ഞ സത്യമാണ്.

നമ്മുടെ ഗോത്രസംസ്കാരത്തിന്റെ കാലഘട്ടത്തില്‍ സാമൂഹിക ജീവിതത്തില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന "സംഘര്‍ ഷങ്ങള്‍ക്ക് " കാവ്യരൂപം നല്‍കാന്‍ അക്കാലത്ത് ഋഷിവര്യന്മാരായ കവികള്‍ അഥവാ ദാര്‍ശനികന്മാര്‍ (ഋഷിഃകവിഃ, ഋഷിഃകില ദര്‍ശനാത്) ധാരാളമുണ്ടായിരുന്നു. വിശ്വാമിത്രനായാലും വ്യാസനായാലും വസിഷ്ഠനായാലും കാളിദാസനായാലും ഭാസനായാലും അവരാരും തന്നെ സവര്‍ണവര്‍ഗ പ്രതിനിധികളായി അറിയപ്പെട്ടവരല്ല. എല്ലാവരും പ്രതിഭാശാലികളായ കവീശ്വരന്മാര്‍ ആയിരുന്നു. രാമായണം എഴുതിയ വാല്മീകിതന്നെ, ഇതൊരു കഥയാണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.

""യാവത് സ്ഥാസ്യന്തി ഗിരയഃ കരിതശ്ച മഹീതലേ താവത് രാമായണകഥാ ലോകേ ഷു പ്രചരിഷ്യതി""

ഭൂമിയില്‍ പര്‍വതങ്ങളും നദികളും ഉള്ളിടത്തോളം കാലം രാമായണകഥ ലോകത്ത് പ്രചരിക്കും. മനുഷ്യരുള്ള കാലത്തോളം രാമായണകഥ അവരുടെ ഹൃദയങ്ങളില്‍ കുടികൊള്ളുമെന്ന് സാരം. അത് വാല്മീകിരാമായണത്തിന്റെ കാര്യം; കമ്പരാമായണം, തുളസീദാസരാമായണം തുടങ്ങി വേറെയും രാമായണങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. മഹാത്മാഗാന്ധി "രാമരാജ്യത്തെ" ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതിനേക്കാള്‍ എല്ലാ അര്‍ത്ഥത്തിലും സമ്പന്നമായ ലങ്കാരാജ്യം നമ്മുടെ തൊട്ടടുത്ത് പ്രശോഭിച്ചിരുന്നു. നാം നമ്മുടെ മക്കളെ നോക്കി മര്യാദാപുരുഷോത്തമനായ രാമനെപ്പോലെയാവണം, ദുഷ്ടരാവണനെപ്പോലെയാകരുത് എന്നുപദേശിക്കുമ്പോള്‍ നമ്മുടെ അയല്‍ക്കാരായ ശ്രീലങ്കന്‍ രക്ഷിതാക്കള്‍ അവരുടെ മക്കള്‍ രാവണനെപ്പോലെയാകാന്‍ പ്രാര്‍ഥിക്കുന്നു. അതിനവര്‍ക്ക് അവരുടെതായ ന്യായീകരണങ്ങളുണ്ട്. സ്വന്തം സഹോദരി ഒരു പ്രേമാഭ്യര്‍ത്ഥന നടത്തിയതിന്റെ പേരില്‍ അവളുടെ സൗന്ദര്യധാമങ്ങളായ മൂക്കും മുലകളും അരിഞ്ഞുകളഞ്ഞ ശ്രീരാമന്റെ "സീതയെ" എത്ര മാന്യമായും സുരക്ഷിതമായുമാണ് ഞങ്ങള്‍ രാവണന്‍ സംരക്ഷിച്ചത് എന്ന ശ്രീലങ്കക്കാരുടെ ചോദ്യത്തിനു മുന്നില്‍ നാം ഉത്തരം കിട്ടാതെ ഇപ്പോഴും പകച്ചുനില്‍ക്കുന്നു.

ആര്യഭടനെപ്പോലുള്ള, മാധവനെപ്പോലുള്ള എത്രയെത്ര ശാസ്ത്രജ്ഞന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് നമ്മുടെ നാട്. മറ്റേതൊരു ഭാഷയേയും പോലെ ഒരുപക്ഷേ അതിനേക്കാളുപരി വിഭവസമൃദ്ധമായ ഭാഷയാണ് സംസ്കൃതഭാഷ. അതിന്റെ മഹത്വത്തെ മലീമ സപ്പെടുത്തുന്ന രീതിയില്‍ ഏതോ ഒരുകാലത്ത് ഒരു വിഭാഗം ബ്രാഹ്മണരുടെ ഇടയില്‍ നിലനിന്നിരുന്നതും നമ്മുടെ പൂര്‍വികന്മാരായ നവോത്ഥാന നായകന്മാരും പുരോഗമന പ്രസ്ഥാനക്കാരും അതിശക്തമായ പോരാട്ടം നടത്തി അറബിക്കടലിലെറിഞ്ഞതുമായ ആ "യജ്ഞസംസ്കാരം", അതിന്റെ എല്ലാവിധമായ ബീഭത്സവും ക്രൂരവും പൈശാചികവുമായ മുഖത്തോടെ നമ്മുടെ നാട്ടില്‍ തിരിച്ചുകൊണ്ടുവരാന്‍ ചില ആസുരശക്തികള്‍ ശ്രമിക്കുന്നു. വിവേകാനന്ദ സ്വാമികള്‍ മുതല്‍ ചട്ടമ്പിസ്വാമികള്‍ വരെ എത്രയെത്ര മഹാരഥന്മാര്‍ ഈ യജ്ഞസംസ്കാരത്തെ കാടത്ത മെന്നു വിശേഷിപ്പിച്ചു. കേരളത്തില്‍ മുമ്പും ഇത്തരം യജ്ഞസംസ്കാരങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തായാട്ട് ശങ്കരന്‍, സുകുമാര്‍ അഴീക്കോട്, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങി എത്രയോ പേര്‍ ശക്തമായി പ്രതികരിക്കുകയുണ്ടായി. നമ്മുടെ കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ബോധപൂര്‍വം മൗനം പാലിക്കുന്നു. പ്രബുദ്ധകേരളം എന്ന വിശേഷണം തന്നെ നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വൈവിധ്യമാര്‍ന്ന ആശയങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വച്ചുപുലര്‍ത്താനും പ്രചരിപ്പിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. എന്നാല്‍ അത് ശതാബ്ദങ്ങള്‍ക്കു മുമ്പ് കടപുഴക്കി എറിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നമ്മുടെ നാട്ടില്‍ തിരിച്ചുകൊണ്ടുവരികയും അതുവഴി പരശുരാമന്‍ മഴു എറിഞ്ഞു നേടിയതെന്ന് പറഞ്ഞുകൊണ്ട് കേരളത്തെ പുനരവതരിപ്പിക്കാനുള്ള ചിലരുടെ നീക്കം അത്യന്തം അപലപനീയമാണ്. ഈ നീക്കത്തെ പ്രബുദ്ധകേരളം ശക്തമായി ചെറുത്തു തോല്‍പ്പിക്കും. ഗോക്കളുടെ ജാതിയായ ഗോത്വത്തെപ്പോലെ മനുഷ്യന്റെ ജാതി മനുഷ്യത്വം ആണെന്ന് പ്രോദ്ഘോഷിച്ച ശ്രീനാരായണഗുരുവിന്റെയും ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നാഹ്വാനം ചെയ്ത സഹോദരന്‍ അയ്യപ്പന്റെയും നാട്ടില്‍ ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും മറവില്‍ പഴയ ഇരുണ്ടയുഗം തിരിച്ചുകൊണ്ടുവരാനുള്ള യജ്ഞകര്‍ത്താക്കളുടെ പുറപ്പാട് കേരളത്തെ ലോകജനതയുടെ മുന്നില്‍ വീണ്ടും അപമാനിതരാക്കും.

നാലു വേദങ്ങളുടെയും ഭാഷ്യം രചിച്ച സായണാചാര്യന്‍ പറഞ്ഞത്, ഇഷ്ടപ്രാപ്തിക്കും അനിഷ്ടപരിഹാരത്തിനുമുള്ള അലൗകിക ഉപായമാണ് വേദം എന്നാണ്. പുത്രകാമേഷ്ടി ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തും നടത്തിയിട്ടുള്ള ഒരു യാഗത്തിലും ഉദ്ദിഷ്ട യാഗഫലം ലഭ്യമായിട്ടില്ല. എറണാകുളത്ത് പുത്രലബ്ധിക്കായി നടത്തിയ പുത്രകാമേഷ്ടിയില്‍ പങ്കെടുത്ത പതിനായിരങ്ങളില്‍ ഒരാള്‍ക്കുപോലും നാളിതുവരെ പുത്രലബ്ധി ഉണ്ടായില്ല. ചൊവ്വയിലേക്ക് മംഗള്‍യാന്‍ റോക്കറ്റും അയച്ച്കാത്തിരിക്കുന്ന ഇന്ത്യന്‍ ജനതയുടെ ശാസ്ത്രബോധത്തിനു മുകളില്‍ കരിനിഴല്‍ വീഴ്ത്താന്‍ സാമ്രാജ്യത്വം കിണഞ്ഞു ശ്രമിക്കാതിരിക്കില്ല. നമ്മുടെ ചാനലുകളൊക്കെത്തന്നെയും രാമായ ണ-മഹാഭാരത-ഭാഗവതാദി സീരിയലുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. അതില്‍ ദേവന്മാരായും ദേവതമാരായും അഭിനയിക്കുന്ന നടന്മാരെയും നടികളെയും സാക്ഷാല്‍ ഈശ്വരന്മാരായി കരുതി ആരാധിക്കുന്ന പ്രവണതയും നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്നു. പണ്ട് വിറകടുപ്പ് കത്തിച്ചിരുന്ന കാലത്ത് വീട്ടില്‍ ആഹാരം പാകം ചെയ്യുമ്പോള്‍ ദേവേന്ദ്രന്റെ നാക്കായി കണക്കാക്കപ്പെടുന്ന അഗ്നിജ്വാലയില്‍ അല്‍പം കയില്‍ കൊണ്ടൊഴിച്ചു "അഗ്നയേ ഇദം, ന മമ" ഇതഗ്നിക്കുള്ളതാണ്, എന്റെതല്ല" എന്നുപറഞ്ഞുകൊണ്ട് നമ്മുടെ അമ്മമാര്‍ സായൂജ്യമടഞ്ഞിരുന്നു. ഇന്നിപ്പോള്‍ ഗ്യാസടുപ്പില്‍ ആ സാഹസത്തിനു മുതിര്‍ന്നാല്‍ ഗ്യാസിന്റെ ബര്‍ണര്‍ അടഞ്ഞു തീ കെട്ടുപോകും എന്നു മനസ്സിലാക്കിയ അമ്മമാര്‍ ആ പണി സ്വയം വേണ്ടെന്നു വച്ചു. വീണ്ടും അത്തരം ആചാരങ്ങള്‍ക്ക് പുതിയ രൂപവും മാനവും നല്‍കുന്നത് പ്രബുദ്ധ കേരളത്തിന് അപമാനമാണ്.

തൃണാരണിമണികളെക്കൊണ്ട് ആദികാലത്ത് തീ കടഞ്ഞെടുത്തിരുന്നു എങ്കില്‍ ഇന്നതിന്റെ ആവശ്യമില്ല. "യത്ര യത്ര ധൂമഃ തത്ര തത്ര വഹ്നി" എവിടെ എവിടെ പുകയുണ്ടോ അവിടെ അവിടെ തീയുണ്ട് എന്ന് തര്‍ക്കശാസ്ത്രം വിധിക്കുന്നു. വിധി കാലഘട്ടത്തില്‍ അത് ശരിയായിരുന്നു. പിന്നീട് ശാസ്ത്രം വളര്‍ന്നു. ഇപ്പോള്‍ പുകയുള്ളിടത്തെല്ലാം തീയുണ്ടെന്നു പറഞ്ഞാല്‍ അത് പൂര്‍ണമായും വസ്തുതാപരമാകില്ല. വിവേകാനന്ദസ്വാമികള്‍ ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ നിത്യഭ്രാന്താലയമാക്കി നിലനിര്‍ത്താനുള്ള അജണ്ട സാമ്രാജ്യത്ത്വത്തിന്റെതാണ്. അതിനു വിളനിലമായി നമ്മുടെ ആരാധനാലയങ്ങള്‍ മാറാന്‍ പാടില്ല. അവിടെ വരുന്ന വിശ്വാസികളുടെ മനസ്സിനെ അന്ധകാരത്തില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനുള്ള ദൗത്യമാണ് നാം ഏറ്റെടുക്കേണ്ടത്.

വി ടി ഭട്ടതിരിപ്പാട് ഒരിക്കല്‍ പറഞ്ഞു: ഹരിജനങ്ങളെ നാം മൃഗങ്ങളാണെന്നു വിചാരിക്കുന്നു. ഒരു കരിങ്കല്ലിനെ നാം ദേവനാണെന്നു കരുതുന്നു. ഈ വ്യസനകരമായ വിശ്വാസത്തെ - മതഭ്രാന്തിനെ- കൈവെടിഞ്ഞേ കഴിയൂ. എന്റെ സഹോദരീസഹോദരന്മാരെ, നമുക്ക് കരിങ്കല്ലിനെ കരിങ്കല്ലായിത്തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും. (വി ടി ജന്മശതാബ്ദിപ്പതിപ്പ്-പുറം. 104). പുത്രകാമേഷ്ടിക്കെതിരെ പ്രതികരിച്ചുകൊണ്ട് ഇഎംഎസ് എഴുതി. "രണ്ടുമൂന്ന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ട യജ്ഞസംസ്കാരം പുന രുദ്ധരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും നിരുത്സാഹപ്പെടുത്താന്‍ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ മുന്നോട്ടുവരണം". സ്വാമി വിവേകാനന്ദന്റെ ആഹ്വാനം ആവര്‍ത്തിക്കട്ടെ.... ഉത്തിഷ്ഠത! ജാഗ്രത!

*
ജെ പ്രസാദ് ദേശാഭിമാനി വാരിക

Sunday, January 19, 2014

ഗുരുവായൂരമ്പലവും മനുഷ്യവിരുദ്ധതയും

ഗുരുവായൂർ ക്ഷേത്രം, മനുഷ്യവിരുദ്ധ നീക്കത്തിനാൽ പിന്നെയും ശ്രദ്ധ ആകർഷിക്കുന്നു. ഇക്കുറി കല്ലൂർ ബാബുവിനെ ക്ഷേത്രത്തിൽ നിന്ന്‌ പുറത്താക്കിക്കൊണ്ടാണ്‌ മനസിലെ മാലിന്യം പുറത്തുകാട്ടിയത്‌.

കല്ലൂർ ബാബു, ഇലത്താളം കലാകാരനാണ്‌. പഞ്ചവാദ്യത്തിലെ നാദസുഭഗതയാണ്‌ ഇലത്താളം. ആ വാദ്ദ്യം വായിക്കാനറിയാത്തതുകൊണ്ടല്ല പുറത്താക്കപ്പെട്ടത്‌. കല്ലൂർ ബാബു താഴ്‌ന്ന ജാതിക്കാരനായതുകൊണ്ട്‌. ഇലത്താളം നിർമിക്കുന്നത്‌ കീഴ്‌ജാതിക്കാർ. അവർ പഠിച്ചപ്പോൾ താളം വഴങ്ങുകയും ചെയ്‌തു. ഒന്നര മണിക്കൂറിലധികം വായിച്ച്‌ ജനപ്രീതി നേടിയതിനുശേഷമാണ്‌ പുറത്താക്കപ്പെട്ടത്‌. പുറത്താക്കപ്പെട്ടതോ, പിന്നാക്ക വിഭാഗമായ യാദവ കുടുംബത്തിൽ പിറന്ന കൃഷ്‌ണന്റെ പേരിൽ. കഥയിൽ വ്യാസൻ നൽകിയ മാന്യതയെങ്കിലും അധികൃതർ കൃഷ്‌ണനും സഹജാതിക്കാർക്കും നൽകേണ്ടതല്ലേ? അതെങ്ങനെ അധികൃതർ വ്യാസന്റെ പിന്മുറക്കാർ അല്ലല്ലൊ.ഗുരുവായൂർ ക്ഷേത്രത്തിൽ, മനുഷ്യവിരുദ്ധ ദർശനം പുതിയ കാര്യമല്ല. അവിടെ മനുഷ്യസാന്നിധ്യം ഉറപ്പിക്കാൻ വേണ്ടി കേളപ്പനും എ കെ ജിയും പി കൃഷ്‌ണപിള്ളയും നടത്തിയ സമരം ചരിത്രത്തിലുണ്ട്‌. അന്ന്‌ സഖാവ്‌ പി കൃഷ്‌ണപിള്ളയെ ഗുരുവായൂരപ്പന്റെ രക്ഷകർത്താക്കൾ നേരിട്ടത്‌ പേശീബലം കൊണ്ടായിരുന്നു. ഗുരുവായൂരമ്പലമേൽക്കൂര സ്വർണം പൂശുന്നതിനെക്കാൾ നല്ലത്‌ വീടില്ലാത്തവർക്ക്‌ വീടുവെച്ച്‌ കൊടുക്കുന്നതാണ്‌ എന്നു പറഞ്ഞതിന്‌, ക്ഷേത്രപരിസരത്തു വച്ച്‌ പവനനെയും കൂട്ടുകാരെയും കൈകാര്യം ചെയ്‌തതും കേരളം മറന്നിട്ടില്ല.

യേശുദാസിന്റെ ക്ഷേത്രപ്രവേശന നിരാസമാണ്‌ രസകരം. ക്രസ്‌ത്യാനി കണ്ടുപിടിച്ച കറണ്ടും മൈക്കും ഉപയോഗിച്ച്‌ ക്രിസ്‌ത്യാനി പാടിയ പാട്ട്‌ ക്ഷേത്രത്തിൽ കേൾപ്പിക്കാം. പേരിൽ ക്രിസ്‌തുമത സൂചനയുള്ളതിനാൽ യേശുദാസിനു പ്രവേശനമില്ല.

കേരളത്തിന്റെ തനതു കലാരൂപമായ കൃഷ്‌ണനാട്ടം ഒന്നു കാണണമെന്നുവച്ചാൽ ഹിന്ദുപേരുള്ള നിരീശ്വരവാദിയെ പ്രവേശിപ്പിച്ചാലും അഹിന്ദുക്കളെ പ്രവേശിപ്പിക്കുകയില്ല. അതായത്‌ നമ്മുടെ സാംസ്‌കാരികനായകരായ ചെമ്മനം ചാക്കോ, യു എ ഖാദർ, എം പി വീരേന്ദ്രകുമാർ തുടങ്ങിയവർക്ക്‌ കൃഷ്‌ണനാട്ട സി ഡി വീട്ടിലിട്ടു കാണാമെന്നർഥം. ഇപ്പോൾ സജീവമായി കൃഷ്‌ണനാട്ടമുള്ളത്‌ ഗുരുവായൂരിൽ മാത്രമാണ്‌. നേർച്ചയെന്ന നിലയിൽ കൃഷ്‌ണനായി വേഷമിടുന്നതിനുമുണ്ട്‌ ജാതീയമായ തടസം. മേൽജാതിക്കാർക്കു മാത്രമേ അതിനനുവാദമുള്ളു. നമ്മുടെ ശ്രീശാന്തിന്റെ ജാതി ചെമ്പുതെളിഞ്ഞത്‌ അങ്ങനെയാണല്ലോ. കൃഷ്‌ണവേഷം കെട്ടി ഗുരുവായൂരപ്പന്റെ മുന്നിൽ നിന്നതിനുശേഷം അദ്ദേഹം ക്രിക്കറ്റിൽ നിന്നുതന്നെ ഔട്ടായിയെന്നത്‌, ഇതുകൊണ്ടൊന്നും മേൽജാതിക്കാർക്കും രക്ഷയില്ലെന്നതിന്റെ തെളിവായിരിക്കാം.

ഗുരുവായൂരപ്പന്‌ ഹിന്ദുമതക്കാരോട്‌ പ്രത്യേകിച്ച്‌ മമതയൊന്നുമില്ല. ഗുരുവായൂർ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്‌ അഹിന്ദുക്കളാണ്‌.
ജാതീയമായ വേർതിരിവുകൾ ഇനിയെങ്കിലും ഗുരുവായൂർ ക്ഷേത്രാധികൃതർ അവസാനിപ്പിക്കണം. അല്ലെങ്കിൽ കല്ലൂർ ബാബു എന്തിന്‌ അമ്പലമതിലകത്തേക്ക്‌ പോകണം? ഞെരളത്തു രാമപ്പൊതുവാൾ കാണിച്ച മഹനീയമായ വഴിയുണ്ടല്ലൊ. ജനങ്ങളിലേക്കു ചെല്ലുക. സോപാനം വിട്ട്‌ സംഗീതം ജനങ്ങളിലെത്തിച്ചപ്പോഴാണ്‌ പ്രതികരണമുണ്ടായത്‌. മതിലകത്ത്‌ ഒടുങ്ങുമായിരുന്ന ഞെരളത്തിനെ മലയാളത്തിനു കിട്ടിയത്‌ അങ്ങനെയാണ്‌.

ഒരാളുടേയും ജാതിയും മതവുമൊന്നും തിരിച്ചറിയാൻ ദൈവത്തിനു സാധിക്കുകയില്ല. ഇരുത്താനോ തിരുത്താനോപോലും സാധിക്കുകയില്ല. ആരാധനാലയങ്ങളുണ്ടാക്കി അതിൽ ദൈവസങ്കൽപം നിക്ഷേപിച്ചത്‌ മനുഷ്യനാണ്‌. മനുഷ്യൻ യഥാർഥ മനുഷ്യരാകണമെങ്കിൽ സങ്കുചിതമായ ജാതിമതദൈവ ചിന്തകളിൽ നിന്ന്‌ മോചിതരാകേണ്ടതുണ്ട്‌.

*
കുരീപ്പുഴ ശ്രീകുമാർ ജനയുഗം

Saturday, January 4, 2014

യജ്ഞസംസ്കാരമെന്ന സാംസ്കാരികവൈകൃതം

ചരിത്രത്തിന്റെ ദിശാസൂചിയെ പുറകോട്ട് തിരിച്ചുവയ്ക്കാന്‍ നൂറ്റാണ്ടുതെറ്റി ജനിച്ചവര്‍ കേരളത്തിലും ഏറെ സജീവമാണ്. കേരളത്തിലും എന്ന് എടുത്തുപറഞ്ഞത് രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക- സാംസ്കാരികരംഗങ്ങളില്‍ കേരളം ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായി ഏറെ പുരോഗമനപരമായ നേട്ടങ്ങള്‍ കൈവരിച്ച ഭൂപ്രദേശം എന്നതുകൊണ്ടുകൂടിയാണ്. ഇന്ത്യന്‍ ഗ്രാമങ്ങള്‍ പലതും ഇന്നും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും "അനുഗ്രഹ-നിഗ്രഹശക്തി"യുളള പുരോഹിതന്മാരുടെയും പിടിയിലാണ്. ഭാവി-ഭൂത-വര്‍ത്തമാനങ്ങള്‍ മനസ്സിന്റെ തിരശീലയില്‍ മിന്നിക്കുന്ന ആള്‍ദൈവങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത് എന്നത് ചരിത്രവൈപരീത്യം. ശാസ്ത്ര-സാങ്കേതികവിദ്യകളുടെ നെറുകയിലിരുന്ന് മാസ്മരികമായ അന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെമാത്രമല്ല, അഭ്യസ്തവിദ്യരെയും പിടിച്ചിരുത്തി അനുഗ്രഹാശിസ്സുകള്‍ നല്‍കുന്ന ആള്‍ദൈവങ്ങളുടെ സംഖ്യ ഇന്ത്യയില്‍ കോടിയിലധികമായിരിക്കുന്നു എന്നാണ് പുതിയ കണക്കുകള്‍. ഏതോ പരേതകാരണവര്‍ സന്യാസിയുടെ സ്വപ്നത്തില്‍ വന്നുപറഞ്ഞ സ്വര്‍ണഖനിയെ തുരന്നെടുക്കാന്‍ സര്‍വസന്നാഹങ്ങളോടെ പാടുപെടുന്ന സര്‍ക്കാര്‍സ്ഥാപനമായ ഇന്ത്യന്‍ ആര്‍ക്കിയോളജി തമ്പ്രാക്കന്മാര്‍ രാജ്യത്തിന് അപമാനമായി വര്‍ത്തിക്കുന്നു.

കേരളം പക്ഷേ, ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ വീഥിയിലൂടെ സഞ്ചരിച്ചാണ് ചരിത്രത്തില്‍ ഇടംനേടിയത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ജാതീയമായ ഉച്ചനീചത്വങ്ങളെയും കുടഞ്ഞെറിഞ്ഞാണ് കേരളം മാനവരാശിയുടെ പ്രതീക്ഷയായി ഉദിച്ചുയര്‍ന്നത്. ചുവന്ന കേരളം ഇന്ത്യന്‍ ഭൂപ്രഭുത്വത്തിനും അവിടെ വേരുകളൂന്നി വളര്‍ന്ന ഇന്ത്യന്‍ മുതലാളിത്തത്തിനും മാത്രമല്ല ലോകമുതലാളിത്തത്തിനും ദുശ്ശകുനമായിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ മറപിടിച്ച് ജാത്യന്ധര്‍ സംഘടിച്ചു. ലോകമുതലാളിത്തം പണം വാരിയെറിഞ്ഞു. വിമോചനസമരം കേരളത്തിന്റെ ദിശാസൂചിയെ പുറകോട്ട് തിരിച്ചുവച്ചു.

1975 കളില്‍ ലോകമുതലാളിത്തം കേരളത്തിന്റെ ചുവന്ന മണ്ണിനെ ഉഴുതുമറിച്ച് അന്തകവിത്തുപാകാന്‍ സജ്ജമാക്കാനുളള മറ്റൊരു കര്‍മപരിപാടിക്കും തുടക്കമിട്ടു. കേരളം വളര്‍ത്തിയെടുത്ത ഫ്യൂഡല്‍ വിരുദ്ധ-സാമ്രാജ്യത്വവിരുദ്ധ സാംസ്കാരികപൈതൃകത്തെ സമൂലം പിഴുതെറിയുക എന്നതായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. കേരളത്തിനു പുറത്ത് ഇന്നും സജീവമായി കാണപ്പെടുന്ന,കേരളം കുടഞ്ഞുകളഞ്ഞ യജ്ഞസംസ്കാരത്തെ ഇവിടെ പുനഃസ്ഥാപിക്കുക എന്ന ദീര്‍ഘവീക്ഷണത്തോടെ, അതുവഴി കേരളത്തിന്റെ മനസ്സിനെ പഴയ ഫ്യൂഡല്‍ ഭൂപ്രഭുത്വത്തിന്റെ സാംസ്കാരികവൈകൃതങ്ങളിലേക്ക് പുനരാനയിക്കുക എന്ന ദൗത്യവുമായാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഫ്രിറ്റ്സ് സ്റ്റാള്‍, ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രൊഫസര്‍ ആസ്കോ പര്‍പ്പോള തുടങ്ങിയ പാശ്ചാത്യ അക്കാദമികപണ്ഡിതന്മാര്‍ കേരളത്തില്‍ വിമാനമിറങ്ങിയത്. വൈദിക വിജ്ഞാനത്തില്‍ പഠനഗവേഷണങ്ങളുടെ ഭാഗമെന്ന നിലയില്‍ പരസ്യംചെയ്ത് സംഘടിപ്പിക്കപ്പെട്ട ഈ യാഗത്തെയും അതിനെ പിന്‍പറ്റി രൂപപ്പെട്ട പുതിയ സാഹചര്യത്തെയും അധികാരഭ്രഷ്ടരായ കേരളത്തിലെ ബ്രാഹ്മണപുരോഹിതന്മാരും മറ്റു സവര്‍ണജാതിക്കാരും ഏറെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. എന്താണെന്നറിയാനും പഠിക്കാനുമെന്ന വ്യാജേന ഉല്‍പ്പതിഷ്ണുക്കളായ നിരവധി സവര്‍ണപുരോഗമനവാദികളും ഈ കുറുമുന്നണിയില്‍ അറിഞ്ഞോ അറിയാതെയോ അംഗങ്ങളായി. പാഞ്ഞാള്‍ പാടത്തെ കശാപ്പുശാല എന്ന് യജ്ഞവേദിക്കെതിരെ ഉച്ചൈസ്തരം വിളിച്ചുപറഞ്ഞ വി ടി ഭട്ടതിരിപ്പാടിന്റെ വജ്രസൂചിയെപ്പോലും അരിമാവിലേക്ക് ബ്രാഹ്മണപുരോഹിത മേധാവിത്വം ചുരുട്ടിക്കെട്ടി. അതൊരു തുടക്കമായിരുന്നു. മുഖ്യമായും വൈദേശിക പണക്കൊഴുപ്പില്‍ പുളഞ്ഞ ഫ്യൂഡല്‍ ജീര്‍ണത തദ്ദേശീയവും വൈദേശികവുമായ സമ്പത്തിന്റെ പിന്‍ബലത്തില്‍ കേരളീയ അന്തരീക്ഷത്തെ യജ്ഞസംസ്കാരത്തിലേക്ക് പിടിച്ചുകെട്ടി. പിന്നീട് അതിരാത്രം, സോമയാഗം, അംബായാഗം, സര്‍വൈശ്വര്യയാഗം, മംഗളമയീയാഗം, പുത്രകാമേഷ്ടി, സര്‍വകാമേഷ്ടി, കനകധാരായജ്ഞം എന്നിങ്ങനെ എന്തെല്ലാം തരത്തിലുളള യജ്ഞശവഘോഷയാത്രകള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. ഗര്‍ഭപാത്രം നീക്കംചെയ്യപ്പെട്ട സ്ത്രീകള്‍വരെ പുത്രകാമേഷ്ടിയില്‍ പുത്രലബ്ധിക്കായി രജിസ്റ്റര്‍ചെയ്തു എന്നറിയുമ്പോഴാണ് ഈ ഫ്യൂഡല്‍ ജീര്‍ണത കേരളത്തെയും എത്രയധികം സ്വാധീനിച്ചു എന്ന് നാം തിരിച്ചറിയുന്നത്. ഇത്തരത്തില്‍ എന്തു വൈകൃതം കാണിച്ചാലും കേരളം നിസ്സംഗതയോടെ വര്‍ത്തിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നു. ഇത്തരം യജ്ഞസംസ്കാരത്തെ വേദപാരമ്പര്യത്തോട് പിടിച്ചുകെട്ടുന്നവരാണ് ബഹുഭൂരിപക്ഷവും. അവരെ സംബന്ധിച്ചിടത്തോളം ഋഗ്വേദം മുതല്‍ ആരംഭിച്ച് ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, വേദാംഗങ്ങള്‍വരെ വ്യാപിച്ചുകിടക്കുന്ന അതിവിപുലമായ ഗ്രന്ഥപരമ്പരകളാണ് വേദങ്ങള്‍. ഇത് ഭീകരമായ ചതിക്കുഴിയാണ്. കാരണം ഈ ഗ്രന്ഥപരമ്പരകള്‍ നൂറ്റാണ്ടുകളുടെ ഇടവേളകള്‍ക്കിടയില്‍ വ്യത്യസ്ത സാമൂഹ്യസാഹചര്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടതാണ്. വ്യത്യസ്ത വര്‍ഗതാല്‍പ്പര്യങ്ങളാണ് ഇവ ഓരോന്നും പ്രകടിപ്പിക്കുന്നത്. വര്‍ഗരഹിതമെന്നു പറയാവുന്ന ഋഗ്വേദ കാലഘട്ടവും കട്ടപിടിച്ച വര്‍ഗപക്ഷപാതം ആത്മസത്തയാക്കിയ ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ബ്രാഹ്മണകാലഘട്ടവും പ്രതിനിധാനംചെയ്യുന്നത് ഒരേ ആശയലോകമല്ലെന്നത് എടുത്തുപറയേണ്ടതില്ല. ഇതു മറച്ചുവച്ചാണ് പുരോഗമനവാദികളടക്കം വൈദികകാലഘട്ടം എന്നു പ്രയോഗിക്കുന്നത്. ഋഗ്വേദകാലഘട്ടത്തിലെ കവികളെ സംബന്ധിച്ചിടത്തോളം യജ്ഞം അവരുടെ കൂട്ടായ്മകളാണ്. കൂട്ടായ അധ്വാനവും കൂട്ടായ ഉപഭോഗവും. സ്വഭാവികമായും പുരോഗതിയുടെ അത്താണിയും അവരെ സംബന്ധിച്ചിടത്തോളം യജ്ഞം എന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ്. യജ്ഞം അവര്‍ക്ക് രഥമാണ്. അത് അവര്‍ക്ക് ക്ഷേമം വരുത്തുന്നു. ശത്രുക്കളെ നശിപ്പിക്കുന്നത് യജ്ഞമാണ്.

യജ്ഞം നിത്യസുഖത്തിലേക്ക് നയിക്കുന്ന തോണിയാണ്. യജ്ഞം വസ്ത്രമാണ്, യജ്ഞം അഗ്നിയാണ്, യജ്ഞം കാര്‍ഷികവൃത്തിയാണ്. ഇത്തരത്തില്‍ സ്വന്തം കൂട്ടായ്മകളെ അടയാളപ്പെടുത്തുന്ന ബിംബങ്ങളിലൂടെ അനാവൃതമാകുന്ന യജ്ഞസങ്കല്‍പ്പത്തെ അനുഷ്ഠാനമാക്കി പരുവപ്പെടുത്തിയത് ബ്രാഹ്മണങ്ങളാണ്. ഒരുപക്ഷേ, ഋഗ്വേദകാലത്ത് നിലവിലിരുന്ന കൂട്ടായ്മകളുടെ ഭാഗമായി രൂപപ്പെട്ട ലളിതമായ പ്രാര്‍ഥനകളും ഗാനങ്ങളും കര്‍മങ്ങളും കാലാന്തരത്തില്‍ സങ്കീര്‍ണമായിത്തീര്‍ന്നതാകാം പില്‍ക്കാലത്തെ യജ്ഞാനുഷ്ഠാനങ്ങള്‍. സമൂഹം വര്‍ഗപരമായി വേര്‍പിരിഞ്ഞതോടുകൂടി സമ്പത്തിന്റെ ഉടമസ്ഥത സ്വന്തമാക്കിയ വിഭാഗങ്ങള്‍ ഇവയെ ഫലപ്രദമായി ഉപയോഗിക്കുകയും മറ്റുള്ളവരെ ചൂഷണംചെയ്യാനുള്ള ഉപാധിയാക്കുകയുംചെയ്തു. അതിനുവേണ്ടി ബ്രാഹ്മണങ്ങളെന്നപേരില്‍ കുറേ ഗ്രന്ഥങ്ങളും അവര്‍ എഴുതിയുണ്ടാക്കി. ക്രമത്തില്‍ എല്ലാ തരത്തിലുള്ള ജീര്‍ണതകളുടെയും ഉന്മാദരംഗമായി യജ്ഞങ്ങള്‍ മാറി. ഗാന്ധാരം മുതല്‍ വിദേഹംവരെ തിങ്ങിനിറഞ്ഞ യാഗധൂമംകൊണ്ടും എങ്ങും പൊങ്ങിയ പശുരോദനംകൊണ്ടും ഇന്ത്യയുടെ നീലാകാശം ഏറ്റവും കലുഷമായിത്തീര്‍ന്നു. ആനമുതല്‍ തേനീച്ചവരെയും ഉറുമ്പ്- പാമ്പ് എന്നിവ മുതല്‍ മനുഷ്യന്‍വരെയും യാഗമൃഗമായി. അരുംകൊലയും അതിമാലിന്യങ്ങളും നിറഞ്ഞാടിയ യജ്ഞവേദി പൈശാചികമായ പ്രാണിഹിംസയുടെ മാത്രമല്ല, മദ്യപാനത്തിന്റെയും അശ്ലീലത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും കൂടി കൂത്തരങ്ങായി അധഃപതിക്കുകയുംചെയ്തു. ലോകായത ദാര്‍ശനികന്മാരുടെ വാക്കുകളിലൂടെ പറഞ്ഞാല്‍, ബുദ്ധി-പൗരുഷവിഹീനന്മാരായ പുരോഹിതന്മാരുടെ വയറ്റുപിഴപ്പിനുള്ള മാര്‍ഗം. &ഹറൂൗീ;ഈ ബ്രാഹ്മണങ്ങളിലൂടെയാണ് ബ്രാഹ്മണപുരോഹിതവര്‍ഗം യാജ്ഞികമായ ചടങ്ങുകളെ അരക്കിട്ടുറപ്പിച്ചത്. സാമൂഹ്യ-സാംസ്കാരിക ധാരകളിലെ അധീശത്വം മാത്രമല്ല, സാമ്പത്തിക മേല്‍കോയ്മയുടെ അധീശത്വവും അതുവഴി അവര്‍ നേടിയെടുത്തു. ഒരു യാഗം നടത്തിയാല്‍ അതിനു നേതൃത്വം കൊടുത്ത പുരോഹിതനു ലഭിക്കുന്ന ദക്ഷിണ ഭീകരമാണ്. രാമായണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്കനുസരിച്ച് ദശരഥനുവേണ്ടി അശ്വമേധയാഗം നടത്തിയ ഋഷ്യശൃംഗന് ലഭിച്ച തുക- പത്തുലക്ഷം പശുക്കള്‍, പത്തു കോടി സ്വര്‍ണനാണയം, നാല്‍പ്പതു കോടി വെള്ളിനാണയം- ഇത്രയുമത്രെ. ബ്രാഹ്മണങ്ങളിലൂടെ വ്യവസ്ഥാപിതമാക്കിയ യജ്ഞസംസ്കാരം ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ- ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ- അഭേദ്യ ഭാഗമായാണ് വളര്‍ച്ച പ്രാപിച്ചത്. ത്രൈവര്‍ണികര്‍ക്ക്, അതായത് ബ്രാഹ്മണ- ക്ഷത്രിയ- വൈശ്യ വിഭാഗങ്ങളില്‍പ്പെട്ട സവര്‍ണര്‍ക്കുമാത്രമാണ് യാഗംചെയ്യാനും യാഗത്തില്‍ പങ്കെടുക്കാനും അധികാരമുള്ളത്. ശൂദ്രനും സ്ത്രീക്കും യാഗം ചെയ്യാനുളള അധികാരമില്ല. സാമൂഹ്യക്രമത്തില്‍നിന്ന് വ്യതിചലിച്ച് ഏതെങ്കിലും ശൂദ്രനോ സ്ത്രീയോ യാഗംചെയ്താല്‍ അതില്‍ ബ്രാഹ്മണര്‍ സംബന്ധിക്കരുതെന്ന് കര്‍ക്കശമായ ഭാഷയില്‍ സ്മൃതിഗ്രന്ഥങ്ങള്‍ താക്കീതു നല്‍കുന്നുണ്ട്. (മനു.4.80-81, 204) എന്നാല്‍, യാഗത്തിന്റെ ഭാഗമായി വരുന്ന വിറകുവെട്ടലും വെള്ളംകോരലും മുറ്റമൊരുക്കലും ശൂദ്രകര്‍ത്തവ്യമത്രെ. ഈ പണി കഴിഞ്ഞാല്‍ ശൂദ്രന്‍ ഓടിപ്പൊയ്ക്കൊള്ളണം. ശൂദ്രസാന്നിധ്യംകൊണ്ട് മലീമസമായ യജ്ഞഭൂമിയെ മന്ത്രംചൊല്ലി ശുദ്ധീകരിച്ചാണ് യജ്ഞകര്‍മങ്ങള്‍ക്ക് സജ്ജമാക്കുന്നത്. ഇപ്രകാരം സമൂഹത്തിലെ സവര്‍ണാധിപത്യത്തെ - ചാതുര്‍വര്‍ണ്യവ്യവസ്ഥയെ - പുനഃസ്ഥാപിക്കാനുളള, ഫ്യൂഡല്‍ ജീര്‍ണതകളെ അരക്കിട്ടുറപ്പിക്കാനുളള വിവിധ പദ്ധതികളിലെ മുഖ്യ ഇനമായും യജ്ഞപുനരുദ്ധാനം മാറുന്നു. അതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും വ്യാപിപ്പിക്കുന്ന, ജനാധിപത്യ- മതനിരപേക്ഷ ആശയങ്ങളെ ശിഥിലമാക്കുന്ന യജ്ഞസംസ്കാരം അരക്കിട്ടുറപ്പിക്കാനുളള ഏതൊരു ശ്രമത്തെയും നിരുത്സാഹപ്പെടുത്തേണ്ടത് ജനാധിപത്യ- മതനിരപേക്ഷശക്തികളുടെ ബാധ്യതയാണ്.

അവരുടെ പോരാട്ടങ്ങളുടെ സദ്ഫലങ്ങളാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നതെല്ലാം. യജ്ഞം നടത്തിയോ ഫ്യൂഡല്‍ ഭൂപ്രഭുത്വം ഇഷ്ടദാനമായി നല്‍കിയോ രൂപപ്പെട്ടതല്ല ആധുനിക കേരളം. അതുകൊണ്ടുതന്നെ യജ്ഞസംസ്കാരമല്ല, ഇന്നത്തെ ആധുനിക ശാസ്ത്രയുഗത്തിന്റെ സംസ്കാരമാണ് നമുക്കു വളര്‍ത്തിയെടുക്കേണ്ടത്. ആധുനിക ശാസ്ത്ര-സാങ്കതിക വിദ്യകളുടെ നേട്ടങ്ങളെല്ലാം മൂക്കറ്റം അനുഭവിച്ച് തിമിര്‍ക്കുന്നവരാണ് ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇടതുപക്ഷ-മതനിരപേക്ഷജനാധിപത്യ പ്രസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളി- കര്‍ഷകാദി ബഹുജനങ്ങളെ അകറ്റുക, ജനങ്ങളെ ജാതീയമായ അന്ധവിശ്വാസ ജടിലമായ ആശയങ്ങളില്‍ തളച്ചിടുക, ജനങ്ങളുടെ ഐക്യവും സഹകരണവും ഇല്ലാതാക്കുക ഇതെല്ലാമാണ് യജ്ഞസംസ്കാരം പുനരുദ്ധരിക്കാന്‍ പണമെറിയുന്ന ഫ്യൂഡല്‍-മൂലധന കോര്‍പറേറ്റ് ശക്തികളുടെ ലക്ഷ്യം. അതിനെതിരെ ശക്തമായ രീതിയില്‍ ആശയരംഗത്ത് പ്രതികരിക്കേണ്ടത് ഓരോ പുരോഗമന- ജനാധിപത്യ-മതനിരപേക്ഷവാദിയുടേയും കടമയത്രെ.

*
ഡോ. ധര്‍മരാജ് അടാട്ട് ദേശാഭിമാനി

Friday, November 22, 2013

വിശ്വാസത്തെ ദുരുപയോഗിക്കുമ്പോള്‍

ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പേരിലുള്ള വര്‍ഗീയശക്തികള്‍ പരസ്പരം ശത്രുക്കളാണെന്നു തോന്നിപ്പിച്ച് പരസ്പരം പൂരിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണെന്ന് മതനിരപേക്ഷ വാദികളാകെ ഇന്ന് ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ തീരെ അപ്രസക്തവും ഗവേഷണപരമായ പ്രാധാന്യം മാത്രമുള്ളവയുമായ മതപരമായ ചില അനുഷ്ഠാനങ്ങള്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ മതവിശ്വാസികളായ പലര്‍ക്കും അതിന്റെ പുനരുജ്ജീവനപരമായ വര്‍ഗീയരാഷ്ട്രീയലക്ഷ്യം മനസിലായെന്നു വരില്ല. തെയ്യം, പൂരക്കളി മുതലായ ജനകീയകലകളുടെയോ കഥകളി, കൂടിയാട്ടം മുതലായ ക്ലാസിക്കല്‍കലകളുടെയോ പ്രദര്‍ശനംപോലെയോ പുനരുദ്ധാരണംപോലെയോ പ്രോത്സാഹനംപോലെയോ കലാപരമായ ഉദ്ദേശ്യമല്ല ഇത്തരം കാലഹരണപ്പെട്ട, അതിസങ്കീര്‍ണങ്ങളും ബ്രാഹ്മണമേധാവിത്വത്തെ അരക്കിട്ടുറപ്പിക്കുന്നതുമായ അനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനശ്രമത്തിനു പിന്നിലുള്ളതെന്നര്‍ഥം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദുരനുഷ്ഠാനങ്ങളെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെ ദൈവവിശ്വാസികളായ അതതു ജാതിമതശക്തികളെ ആകര്‍ഷിക്കുകയും അവരുടെ കൂട്ടായ്മ രൂപപ്പെടുത്തുകയും അങ്ങനെ വര്‍ഗീയശക്തികളെ ശക്തിപ്പെടുത്തുകയും ആത്യന്തികമായി പിന്തിരിപ്പന്‍ രാഷ്ട്രീയകൂട്ടുകെട്ടുകളെ വളര്‍ത്തുകയുമാണ് അവരുടെ ലക്ഷ്യമെന്നു ചുരുക്കം.

ഭാരതീയപാരമ്പര്യത്തിന്റെ ശക്തമായ ഘടകങ്ങളിലൊന്നാണ് യജ്ഞസംസ്കാരം. പ്രാചീനഭഭാരതത്തിലെ ഉപരിവര്‍ഗസംസ്കാരത്തിന്റെ ആദ്യത്തെ രൂപമാണ് വൈദികമതമെന്നു പറയാം. ഏതാണ്ട് 3500 കൊല്ലംമുമ്പ് ആവിര്‍ഭവിച്ച് ക്രമേണ ശക്തി പ്രാപിച്ച് ആയിരത്തിലേറെ കൊല്ലം നിലനിന്ന ഒരു സാമൂഹ്യരാഷ്ട്രീയസ്ഥാപനമാണത്. ബ്രാഹ്മണപൗരോഹിത്യ മേധാവിത്വത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയും യജ്ഞസംസ്കാരവുമാണ് അതിന്റെ രണ്ട് അവിഭാജ്യഘടകങ്ങള്‍. ഇവ രണ്ടും കാലക്രമത്തില്‍ ഏറ്റവും കടുത്ത ചൂഷണോപാധികളായിത്തീര്‍ന്നുവെന്ന ചരിത്രവസ്തുത പ്രാചീനേന്ത്യാചരിത്രം പഠിക്കുമ്പോള്‍ കാണാനാകും.

ഉള്ളടക്കംകൊണ്ട് ആത്മീയതയെക്കാളേറെ ഭൗതികത്വം പ്രകാശിപ്പിക്കുന്ന ഋഗ്വേദാദിസാഹിത്യകൃതികള്‍, ബ്രാഹ്മണപുരോഹിതര്‍ക്ക് യജ്ഞകര്‍മങ്ങളില്‍ ചൊല്ലാനുള്ള ശബ്ദപ്രധാനമായ മന്ത്രങ്ങള്‍ മാത്രമായി, അവരുടെ ധനസമ്പാദനത്തിനുള്ള ഉപകരണങ്ങള്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയാണ് വൈദികമതത്തില്‍. കര്‍മം സ്വയമേവ ഫലം നല്‍കുന്നു എന്ന തത്വമാണ് യജ്ഞത്തിനടിസ്ഥാനം. ഇന്നിന്ന കര്‍മം ചെയ്താല്‍ ഇന്നിന്ന ഫലം കിട്ടും എന്നു വേദവിധികളുണ്ട്. സോമയാഗങ്ങളിലൊന്നായ ജ്യോതിഷ്ടോമം (അഗ്നിഷ്ടോമം) എന്ന യാഗം ചെയ്താല്‍ സ്വര്‍ഗം കിട്ടും എന്നു വിധി. ഇവിടെ സ്വര്‍ഗം എന്നതിന് ആദ്യകാലത്ത് സുഖം എന്നേ അര്‍ഥമുണ്ടായിരുന്നുള്ളൂ. (ദുഃഖം കലരാത്തതും ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ നശിക്കാത്തതും ആഗ്രഹത്തിനൊത്തു വരുന്നതുമായ സുഖമാണ് സ്വര്‍ഗം എന്ന പദത്തിന് ആസ്പദമായിട്ടുള്ളത്.) ജ്യോതിഷ്ടോമം കഴിച്ച ആള്‍ക്ക് ഉടനെ സുഖം കിട്ടുന്നതായി കാണുന്നില്ല. അപ്പോള്‍ വേദവിധി അസത്യമായിപ്പോകും. വേദം അസത്യമാണെന്ന് അംഗീകരിക്കാന്‍ യജ്ഞത്തിന്റെ ദര്‍ശനമായ മീമാംസ തയ്യാറല്ല. വേദം പരമപ്രമാണമാണ് മീമാംസകര്‍ക്ക്. അതുകൊണ്ട് അവര്‍ ഒരു സിദ്ധാന്തം ആവിഷ്കരിച്ചു. യജ്ഞകര്‍മം ചെയ്ത ഉടനെ യജമാനന് (യജ്ഞം നടത്തുന്നവന്) അപൂര്‍വം (മുന്‍പ് ഇല്ലാത്തത് എന്നര്‍ഥം) ലഭിക്കുന്നു. പിന്നീട് യഥാകാലം ഫലമനുഭവപ്പെടുമ്പോള്‍ ഈ അപൂര്‍വം ആ ഫലമായി മാറുകയാണെന്നാണ് പ്രസ്തുതസിദ്ധാന്തം പ്രഖ്യാപിക്കുന്നത്. യജ്ഞകര്‍മങ്ങള്‍ക്ക് ഉദ്ദിഷ്ടഫലം ലഭിക്കാതെ വരുമ്പോള്‍ ഒഴിവുകഴിവു പറഞ്ഞു തടിതപ്പാന്‍ പുരോഹിതന്മാര്‍ കണ്ടുപിടിച്ച സൂത്രവിദ്യയാണ് ഈ അപൂര്‍വസിദ്ധാന്തം. പ്രാചീനഭാരതത്തിലെ യുക്തിചിന്തകരായ നൈയായികര്‍ പരിഹാസഗര്‍ഭമായി ഇക്കാര്യം മറ്റൊരുവിധത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ന്യായഭാഷ്യകാരനായ വാത്സ്യായനന്‍ വേദം അസത്യമാണെന്നു തെളിയിക്കുന്നതിനുവേണ്ടി പുത്രകാമേഷ്ടിയുടെ ഫലപ്രദത്വത്തെപ്പറ്റി പ്രസ്താവിക്കുന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പുത്രകാമേഷ്ടികൊണ്ട് ഉദ്ദേശിക്കുന്ന ഫലം പുത്രസിദ്ധിയാണ്. പക്ഷേ, അതിനു ചില നിബന്ധനകളുണ്ടെന്നു വാത്സ്യായനന്‍ ചൂണ്ടിക്കാട്ടുന്നു. ദമ്പതിമാര്‍ പ്രത്യുല്‍പ്പാദനക്ഷമതയുള്ളവരായിരിക്കണം. അതായത്, ഭാര്യ വന്ധ്യയോ ഭര്‍ത്താവ് ഷണ്ഡനോ ആകരുത്. അവര്‍ക്കു നല്ല ആരോഗ്യമുണ്ടായിരിക്കണം. അവര്‍ വിധിയാംവണ്ണം സംഭോഗംചെയ്യണം. പുത്രകാമേഷ്ടി വിശദാംശങ്ങളില്‍ ഒരു വൈകല്യവും വരാതെ നടത്തണം. ഇത്രയും ഒത്തുവന്നാലേ ദമ്പതിമാര്‍ക്കു പുത്രനുണ്ടാവൂ. എന്താണീ വിവരണംകൊണ്ട് വാത്സ്യായനന്‍ ഉദ്ദേശിക്കുന്നത്? പുത്രകാമേഷ്ടി എന്ന യാഗത്തിന് ദമ്പതിമാര്‍ക്കു പുത്രനെ നല്‍കാനുള്ള സഹജമായ സാമര്‍ഥ്യമില്ലെന്നുതന്നെ. പുത്രകാമേഷ്ടി കഴിക്കാതെയും മേല്‍പ്പറഞ്ഞ മൂന്നു നിബന്ധനകള്‍ ഒത്തുവരുന്നവര്‍ക്ക് പുത്രന്മാരുണ്ടാവാമല്ലോ. കള്ളു കുടിച്ചാലും ഇല്ലെങ്കിലും ഉറക്കം വരുമെങ്കില്‍ ഉറക്കം കിട്ടുന്നതിനുവേണ്ടി കള്ളു കുടിക്കണമോ? വൈദികമതത്തിന്റെ ആരംഭകാലത്ത് യജ്ഞം സമൂഹമൊട്ടുക്കും പങ്കെടുക്കുന്ന ഒരു പൊതുചടങ്ങായിരുന്നുവെന്നു കരുതണം. കൂട്ടായി അധ്വാനിച്ചുണ്ടാക്കിയ ഉല്‍പ്പന്നങ്ങളുടെ പുനര്‍വിതരണം നടത്താന്‍ യജ്ഞാവസരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടായിരിക്കണം. അങ്ങനെ സമൂഹാംഗങ്ങളുടെ ഉല്‍പ്പാദനവിതരണ പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു കൂട്ടായ്മയായി യജ്ഞം ആദ്യകാലത്ത് സാമൂഹ്യമായൊരു ധര്‍മം നിര്‍വഹിച്ചിട്ടുണ്ടെന്നു തോന്നുന്നു. എന്നാല്‍, പില്‍ക്കാലത്തു ചാതുര്‍വര്‍ണ്യവ്യവസ്ഥ രൂഢമൂലമായതോടെ, പൗരോഹിത്യമേധാവികളായ ബ്രാഹ്മണര്‍ മറ്റുള്ളവരെ ചൂഷണംചെയ്യുന്നതിനുള്ള ഉപാധിയായി യജ്ഞാദികര്‍മങ്ങളെ ഉപയോഗിച്ചുതുടങ്ങി. ഭൗതികമായ ഓരോ ആഗ്രഹം നിറവേറ്റിക്കിട്ടുന്നതിന്, സുഖലോലുപത വര്‍ധിപ്പിക്കുന്നതിന്, പല തരത്തിലുള്ള വന്‍ചെലവുചെയ്ത് നടത്തേണ്ടുന്ന യാഗങ്ങള്‍ അവതരിപ്പിക്കുകയായി. ചെറിയ തോതിലുള്ള ഇഷ്ടികള്‍ (സോമപാനവും ജന്തുഹിംസയുമില്ലാത്ത യാഗങ്ങള്‍) മുതല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സത്രങ്ങള്‍വരെയുള്ള യജ്ഞങ്ങള്‍ നടപ്പായി.

രാജാക്കന്മാര്‍ നടത്തുന്ന അശ്വമേധം എന്ന യജ്ഞത്തില്‍ യാഗാശ്വമടക്കം മുന്നൂറില്‍പരം പക്ഷിമൃഗാദികളെ കൊല്ലുന്നു. സൗത്രാമണിയജ്ഞത്തില്‍ പുരോഹിതന്മാര്‍ മദ്യപാനംചെയ്ത് അന്യോന്യം തെറിവിളിച്ച് ബഹളം കൂട്ടണമെന്നു വിധിയുണ്ട്. അശ്വമേധത്തില്‍ യജമാനപത്നി കുതിരയുടെ ലിംഗം തന്റെ യോനി പിളര്‍ന്ന് അതില്‍ ആഴ്ത്തിവയ്ക്കണമെന്നാണ് നിയമം. യജ്ഞങ്ങള്‍ക്ക് ഉദ്ദിഷ്ടഫലമുണ്ടാവണമെങ്കില്‍ കനത്ത ദക്ഷിണ നല്‍കി പുരോഹിതന്മാരെ തൃപ്തിപ്പെടുത്താതെ പറ്റില്ല. ദക്ഷിണയുടെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന പ്രസ്താവനകള്‍ പില്‍ക്കാലഗ്രന്ഥങ്ങളില്‍ ധാരാളം കാണാം. ചുരുക്കത്തില്‍ ബ്രാഹ്മണപൗരോഹിത്യമേധാവിത്വത്തിന്റെ വിഷയലമ്പടതയും മദ്യപാനാസക്തിയും ധനമോഹവും നിറവേറ്റുന്നതിനു മതത്തിന്റെ മറയില്‍ ഉപയോഗിക്കപ്പെടുന്ന ഉപായങ്ങളായിത്തീര്‍ന്നു വൈദികയജ്ഞങ്ങള്‍. അതുകൊണ്ടുതന്നെ വൈദികമതത്തിനെതിരായി- വിശേഷിച്ച് അതിലെ ബ്രാഹ്മണ പൗരോഹിത്യമേധാവിത്വത്തിലുള്ള ചാതുര്‍വര്‍ണ്യത്തിനും യജ്ഞഹിംസയ്ക്കുമെതിരായി- ചിന്തകന്മാര്‍ മുന്നോട്ടുവന്നു. ഉപനിഷത്തുക്കളില്‍ത്തന്നെ യജ്ഞാദികള്‍ക്കെതിരായ ഒറ്റപ്പെട്ട പ്രതിഷേധ പ്രസ്താവനകള്‍ ദര്‍ശിക്കാം. ബുദ്ധന്റെ നേതൃത്വത്തില്‍ ഈ വൈദികമതത്തിനെതിരായി സംഘടിതമായ പോരാട്ടം നടന്നു. ഭൗതികവാദപരവും യുക്തിവാദപരവും നിരീശ്വരവാദപരവുമായ ചാര്‍വാക (ലോകായത) ദര്‍ശനത്തിന്റെ ഉപജ്ഞാതാവായ ബൃഹസ്പതിമഹര്‍ഷിയും അതിനിശിതമായി വൈദികമതത്തെ കടന്നാക്രമിച്ച ചിന്തകരില്‍ ഉള്‍പ്പെടുന്നു. ഇത്രയും വിവരിച്ചതിന്റെ ഉദ്ദേശ്യം മറ്റൊന്നുമല്ല. പ്രാചീനഭാരത സംസ്കാരമെന്നുവച്ചാല്‍ യജ്ഞസംസ്കാരം മാത്രമല്ല, അതിനെതിരായി സൈദ്ധാന്തികമായോ പ്രായോഗികമായോ സമരംചെയ്ത ഉപനിഷത്തുകളുടെയും ബുദ്ധന്റെയും ലോകായതം, സാംഖ്യം മുതലായ നിരീശ്വരദര്‍ശനങ്ങളുടെയുംകൂടി സംസ്കാരമാണ്. ബ്രാഹ്മണപൗരോഹിത്യത്തെയും ജാതിവ്യവസ്ഥയെയും അരക്കിട്ടുറപ്പിക്കുന്നതാണ് യജ്ഞസംസ്കാരമെങ്കില്‍ അവ രണ്ടിനെയും എതിര്‍ക്കുന്നതാണ് യജ്ഞത്തിനെതിരായ സംസ്കാരം. അതുകൊണ്ടാണ് നവോത്ഥാനനായകര്‍ മറ്റന്ധവിശ്വാസ അനാചാരാദികളെയെന്നപോലെ ജാതിവ്യവസ്ഥയെയും യജ്ഞസംസ്കാരത്തെയും എതിര്‍ത്തത്.

സൂക്ഷ്മമായി നോക്കിയാല്‍ യജ്ഞത്തിന്റെ അടിസ്ഥാനമായ അപൂര്‍വസിദ്ധാന്തം ഈശ്വരനെ നിരാകരിക്കുന്നുവെന്നും യജ്ഞത്തിന്റെ ദര്‍ശനമായ മീമാംസ, പൗരോഹിത്യസംരക്ഷകമെങ്കിലും, നിരീശ്വരവാദപരമായിരുന്നുവെന്നുമാണ് കാണുക. വൈദികമതത്തില്‍ വിഗ്രഹാരാധനയും ക്ഷേത്രവിശ്വാസവും ഉണ്ടായിരുന്നില്ലെന്നുകൂടി ഇവിടെ സ്മരിക്കേണ്ടതാണ്. എന്നാല്‍, ഇത്തരം സൈദ്ധാന്തികമോ സാംസ്കാരികമോ ചരിത്രപരമോ ആയ പരിഗണനകളൊന്നും നമ്മുടെ യജ്ഞസംസ്കാര പുനരുദ്ധാരകരെ അലട്ടുന്നില്ല. അവര്‍ക്ക് വൈദികപ്പഴമകള്‍ പവിത്രപരിവേഷമണിയിച്ച് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പരത്തുകയും, തങ്ങളുടെ വര്‍ഗീയരാഷ്ട്രീയം വളര്‍ത്തുന്നതിന് പശ്ചാത്തലമൊരുക്കുന്നതിനുവേണ്ടി കാലഹരണപ്പെട്ട മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അതിനിടയിലൂടെ പണം വാരിക്കൂട്ടുകയുമാണ് വേണ്ടത്.

കേരളത്തില്‍ കുറച്ചുകാലമായി നടന്നുവരുന്ന ക്ഷേത്രപുനരുദ്ധാരണ ശ്രമങ്ങളും വര്‍ഗീയത പരത്തുന്ന മതപ്രഭാഷണങ്ങളും, മുമ്പെങ്ങും ഇവിടങ്ങളില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത രാമനവമി- രാമായണമാസ-രക്ഷാബന്ധാചരണങ്ങളും വെറും മതവിശ്വാസത്തെയും ഭക്തിയെയും സൗഹൃദത്തെയുമാണ് വെളിപ്പെടുത്തുന്നതെന്ന് ഒരു കുട്ടിപോലും വിശ്വസിക്കുകയില്ല. നിര്‍ദോഷമായ മതവിശ്വാസത്തെയും നിരുപദ്രവമായ ഈശ്വരവിശ്വാസത്തെയും ദുരുപയോഗപ്പെടുത്തുക എന്ന വര്‍ഗീയരാഷ്ട്രീയലക്ഷ്യമാണ് ഇതിനെല്ലാം പിന്നില്‍. ഇസ്ലാമിക-ക്രൈസ്തവ-മതമൗലിക വാദികളും സമാന്തരമായ വിവിധകര്‍മാനുഷ്ഠാനങ്ങളിലൂടെ ഇതുതന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ എല്ലാ ജാതികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും ഒരു ജാതിയിലും മതത്തിലും വിശ്വസിക്കാത്തവരും, വിവിധരാഷ്ട്രീയകക്ഷികളില്‍പെട്ടവരും ഒരു കക്ഷിയോടും ബന്ധമില്ലാത്തവരുമായ മതനിരപേക്ഷവാദികളും ഒറ്റക്കെട്ടായി പ്രതികരിക്കുകയും പ്രചാരവേല നടത്തുകയും ചെയ്യേണ്ടതുണ്ട്.

*
ഡോ. എന്‍ വി പി ഉണിത്തിരി ദേശാഭിമാനി

Monday, November 11, 2013

അന്ധവിശ്വാസം ഉല്‍ഖനനം ചെയ്യുമ്പോള്‍

പ്രകൃതിയില്‍ സ്വപ്നം കാണാന്‍ കഴിയുന്ന ഏകജീവി ഒരുപക്ഷേ മനുഷ്യനായിരിക്കും. അവന്റെ സ്വപ്നങ്ങളില്‍നിന്നും ഭാവനയില്‍നിന്നുമാണ് സുന്ദരമായ കാവ്യങ്ങളും കഥകളും നോവലുകളുമെല്ലാം ഉരവംചെയ്യുന്നത്. സ്വപ്നങ്ങള്‍ വ്യാഖ്യാനിച്ച സുപ്രസിദ്ധ മനഃശാസ്ത്രജ്ഞനാണ് സിഗ്മണ്ട് ഫ്രോയിഡ്. മനുഷ്യബന്ധങ്ങളില്‍ അന്തര്‍ലീനമായ ചോദനകളെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളും കണ്ടെത്തിയ പരികല്‍പ്പനകളും ലോകം ഇന്നും ചര്‍ച്ച ചെയ്യുന്നു. സ്വപ്നങ്ങളെ ഉല്‍ഗ്രഥിക്കുക എന്നത് മനഃശാസ്ത്രപഠനശാഖയുടെ ഭാഗമാണ്. എന്നാല്‍, സ്വപ്നദര്‍ശനത്തിന്റെ സത്യസ്ഥിതി അറിയാന്‍ ഉല്‍ഖനനം നടത്തുന്നത് അസംബന്ധവും അബദ്ധജടിലവുമാണ്. അതുകൊണ്ടുതന്നെ ഉത്തര്‍പ്രദേശിലെ ഉന്നോവ ജില്ലയിലെ ദൗണ്ഡിഖേഡ ഗ്രാമത്തില്‍ ശോഭന്‍സര്‍ക്കാര്‍ എന്ന സന്യാസി കണ്ട സ്വപ്നത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പുരാവസ്തുപഠനവകുപ്പ് നടത്തിയ ഉല്‍ഖനനം ചോദ്യംചെയ്യപ്പെടേണ്ടതാണ്.

കേന്ദ്രസര്‍ക്കാരിന്റെ സാംസ്കാരികവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പുരാവസ്തു പഠനഗവേഷണകേന്ദ്രം. ബ്രിട്ടീഷുകാരുടെ കാലംമുതല്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണിത്. കൊളോണിയല്‍ കാലഘട്ടത്തില്‍ അധീശശക്തികള്‍ക്ക് തങ്ങളുടെ അധികാരം സമര്‍ഥമായി പ്രയോഗിക്കുന്നതിന് ഇന്ത്യയുടെ സാംസ്കാരിക വൈജാത്യത്തെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് സര്‍ വില്യം ജോണ്‍സ് ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ച് ഇന്ത്യയുടെ പൂര്‍വചരിത്രസംബന്ധിയായ കാര്യങ്ങളില്‍ പഠനം തുടങ്ങിയത്. ഒരു നാടിന്റെ പൂര്‍വചരിത്രം പുനര്‍നിര്‍മിക്കുന്നതില്‍ പുരാവസ്തുപഠനത്തിന് ഏറെ പ്രാധാന്യമുണ്ട്. ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ ഉല്‍ഖനനം നടത്തി കണ്ടെടുക്കുന്ന അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അവസ്ഥകള്‍ എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ക്രിസ്തുവിന് 2000 വര്‍ഷംമുമ്പ് ഇന്ത്യയില്‍ ഒരു നാഗരികത നിലവിലുണ്ടായിരുന്നുവെന്ന് മനസ്സിലായത് സിന്ധുനദീതടത്തില്‍ നടത്തിയ ഉല്‍ഖനനത്തിലൂടെയാണ്. ആധുനികകാലത്ത് പുരാവസ്തുപഠനവകുപ്പിന് വലിയ ഉത്തരവാദിത്തങ്ങളും വിപുലമായ അധികാരവുമുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെ രാജ്യത്തൊരിടത്തും ഉല്‍ഖനനം പാടില്ല. ചരിത്രപ്രാധാന്യമുണ്ടെന്ന് തോന്നുന്ന സ്ഥലത്ത് ഉല്‍ഖനനം നടത്താന്‍ സര്‍വകലാശാലകള്‍ക്കോ സംസ്ഥാന പുരാവസ്തുപഠനവകുപ്പിനോ താല്‍പ്പര്യമുണ്ടെങ്കില്‍ വിശദമായ പഠനറിപ്പോര്‍ട്ട് സഹിതം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് അപേക്ഷ സമര്‍പ്പിക്കണം. അവരുടെ കേന്ദ്ര ഉപദേശകസമിതി  ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചശേഷമാണ് ഉല്‍ഖനനത്തിന് അനുമതി നല്‍കുക. എല്ലാവര്‍ഷവും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ഇത്തരം കീഴ്വഴക്കങ്ങളും രീതികളുമൊക്കെ മറികടന്നാണ് കേന്ദ്രപുരാവസ്തുപഠനവകുപ്പ് ഉത്തര്‍പ്രദേശിലെ ഉന്നോവയിലെ രാജാറാം ബകേഷ്സിങ് കോട്ടയുടെ അവശിഷ്ടങ്ങളില്‍ ഉല്‍ഖനനം നടത്താന്‍ തീരുമാനിച്ചത്.

ശോഭന്‍സര്‍ക്കാര്‍ എന്ന സന്യാസി ഒരു സ്വപ്നം കാണുന്നു. പുരാതനകൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 1000 ടണ്ണോളം സ്വര്‍ണം കുമിഞ്ഞുകിടക്കുന്നുണ്ടെന്ന്. സന്യാസി ഉടന്‍ വിവരം ജില്ലാഭരണാധികാരികളെ അറിയിക്കുന്നു. തുടര്‍ന്ന് ഉന്നതങ്ങളില്‍നിന്ന് വന്‍ സമ്മര്‍ദമുണ്ടാവുകയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ പ്രസ്തുത പ്രദേശത്ത് നിധിവേട്ടയ്ക്കായി ഖനനം തുടങ്ങുകയും ചെയ്തു. വിവരം പത്ര- ദൃശ്യ മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെ റിപ്പോര്‍ട്ടുചെയ്തു. വാര്‍ത്ത കേട്ട പലരും മൂക്കത്ത് വിരല്‍വച്ചു. ചിലര്‍ ഉല്‍ക്കണ്ഠാകുലരായി. മഷിനോട്ടക്കാരുടെയും മന്ത്രതന്ത്രകൂടോത്രക്കാരുടെയും പ്രവചനസിദ്ധന്മാരുടെയും മനംകുളിര്‍ത്തു. പലരും പലരീതിയില്‍ പ്രതികരിച്ചു. ആര്‍ഷഭാരതസംസ്കൃതിയില്‍ ഊറ്റംകൊള്ളുന്ന സാക്ഷാല്‍ നരേന്ദ്രമോഡി പറഞ്ഞു, ഒരു സന്യാസിയുടെ സ്വപ്നത്തിന്മേല്‍ കാട്ടിക്കൂട്ടുന്ന വിഡ്ഢിത്തമെന്ന്. ഉല്‍ഖനനത്തേക്കാള്‍ നല്ലത് വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കലാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ആറുവര്‍ഷം ഭരിച്ചിട്ട് എത്ര കള്ളപ്പണം തിരിച്ചുകൊണ്ടുവന്നുവെന്ന്, സ്വപ്നംകണ്ട സ്വാമി തിരിച്ചടിച്ചപ്പോള്‍ മോഡി മൗനിയായി.

കൊട്ടും കുരവയുമിട്ട് നടത്തിയ ഉല്‍ഖനനം ഒരാഴ്ചയിലേറെ നീണ്ടു. ഒടുവില്‍ ഒരു "മണ്ണാങ്കട്ടയും" കിട്ടാതായപ്പോള്‍ പുരാവസ്തുപഠനക്കാര്‍ പണിനിര്‍ത്തി. നമ്മുടെ പത്ര- ദൃശ്യ മാധ്യമങ്ങള്‍ പലതും കണ്ണുപൊത്തി. വാര്‍ത്ത തമസ്കരിച്ചു. കേന്ദ്ര സാംസ്കാരികവകുപ്പിനുകീഴിലുള്ള ഒരു സ്ഥാപനം ഹിമാലയന്‍ മണ്ടത്തരം ചെയ്തിട്ടും ഉത്തരവാദപ്പെട്ടവരാരും മിണ്ടാതിരിക്കുന്നത് ഭൂഷണമല്ല. പുകള്‍പെറ്റ ഒരു സ്ഥാപനത്തിന് തീരാകളങ്കമുണ്ടാക്കിയ ഈ ഉല്‍ഖനനത്തിനുപിന്നില്‍ കളിച്ച ഉന്നതരെ കണ്ടെത്തണം. പൊതുഫണ്ട് ദുര്‍വ്യയം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണം. എന്നാല്‍, വിവാദങ്ങളില്‍നിന്ന് തലയൂരാന്‍ മുടന്തന്‍ന്യായങ്ങളുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉന്നതര്‍ രംഗത്തിറങ്ങി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മണിയുമായി ഹിന്ദു പത്രം നടത്തിയ അഭിമുഖത്തില്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഉല്‍ഖനനം നടത്തിയതെന്ന് പറയുന്നുണ്ട്. എന്നാല്‍, കൊട്ടാരാവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വര്‍ണനിക്ഷേപമുണ്ടെന്നതരത്തില്‍ ഒരു റിപ്പോര്‍ട്ടും തങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉന്നതര്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ രണ്ട് വകുപ്പുകള്‍ പരസ്പരം പഴിചാരുമ്പോള്‍ ഉയരുന്ന നിരവധി ചോദ്യങ്ങളുണ്ട്. ഏതെങ്കിലുമൊരു സന്യാസിയുടെ സ്വപ്നദര്‍ശനത്തിന്റെ നിജസ്ഥിതി അറിയാന്‍ പൊതുഫണ്ട് വിനിയോഗിക്കുന്നതെങ്ങനെ? കീഴ്വഴക്കങ്ങളും ചട്ടങ്ങളും മറികടന്ന് ഇത്തരമൊരു ഉല്‍ഖനനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ പ്രേരിപ്പിച്ചതാര്? ഉല്‍ഖനനം നടത്താന്‍ ആവശ്യമായ അപേക്ഷ സമര്‍പ്പിച്ചതാര്? പ്രസ്തുത അപേക്ഷ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കേന്ദ്ര ഉപദേശകസമിതിയുടെ പരിഗണനയ്ക്ക് വന്നിരുന്നോ? തുടങ്ങിയ കാര്യങ്ങളുടെ വിശദീകരണം ഉത്തരവാദപ്പെട്ടവരില്‍നിന്ന് തേടേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്.

*
പ്രേമന്‍ തറവട്ടത്ത് ദേശാഭിമാനി