Saturday, January 4, 2014

യജ്ഞസംസ്കാരമെന്ന സാംസ്കാരികവൈകൃതം

ചരിത്രത്തിന്റെ ദിശാസൂചിയെ പുറകോട്ട് തിരിച്ചുവയ്ക്കാന്‍ നൂറ്റാണ്ടുതെറ്റി ജനിച്ചവര്‍ കേരളത്തിലും ഏറെ സജീവമാണ്. കേരളത്തിലും എന്ന് എടുത്തുപറഞ്ഞത് രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക- സാംസ്കാരികരംഗങ്ങളില്‍ കേരളം ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായി ഏറെ പുരോഗമനപരമായ നേട്ടങ്ങള്‍ കൈവരിച്ച ഭൂപ്രദേശം എന്നതുകൊണ്ടുകൂടിയാണ്. ഇന്ത്യന്‍ ഗ്രാമങ്ങള്‍ പലതും ഇന്നും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും "അനുഗ്രഹ-നിഗ്രഹശക്തി"യുളള പുരോഹിതന്മാരുടെയും പിടിയിലാണ്. ഭാവി-ഭൂത-വര്‍ത്തമാനങ്ങള്‍ മനസ്സിന്റെ തിരശീലയില്‍ മിന്നിക്കുന്ന ആള്‍ദൈവങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത് എന്നത് ചരിത്രവൈപരീത്യം. ശാസ്ത്ര-സാങ്കേതികവിദ്യകളുടെ നെറുകയിലിരുന്ന് മാസ്മരികമായ അന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെമാത്രമല്ല, അഭ്യസ്തവിദ്യരെയും പിടിച്ചിരുത്തി അനുഗ്രഹാശിസ്സുകള്‍ നല്‍കുന്ന ആള്‍ദൈവങ്ങളുടെ സംഖ്യ ഇന്ത്യയില്‍ കോടിയിലധികമായിരിക്കുന്നു എന്നാണ് പുതിയ കണക്കുകള്‍. ഏതോ പരേതകാരണവര്‍ സന്യാസിയുടെ സ്വപ്നത്തില്‍ വന്നുപറഞ്ഞ സ്വര്‍ണഖനിയെ തുരന്നെടുക്കാന്‍ സര്‍വസന്നാഹങ്ങളോടെ പാടുപെടുന്ന സര്‍ക്കാര്‍സ്ഥാപനമായ ഇന്ത്യന്‍ ആര്‍ക്കിയോളജി തമ്പ്രാക്കന്മാര്‍ രാജ്യത്തിന് അപമാനമായി വര്‍ത്തിക്കുന്നു.

കേരളം പക്ഷേ, ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ വീഥിയിലൂടെ സഞ്ചരിച്ചാണ് ചരിത്രത്തില്‍ ഇടംനേടിയത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ജാതീയമായ ഉച്ചനീചത്വങ്ങളെയും കുടഞ്ഞെറിഞ്ഞാണ് കേരളം മാനവരാശിയുടെ പ്രതീക്ഷയായി ഉദിച്ചുയര്‍ന്നത്. ചുവന്ന കേരളം ഇന്ത്യന്‍ ഭൂപ്രഭുത്വത്തിനും അവിടെ വേരുകളൂന്നി വളര്‍ന്ന ഇന്ത്യന്‍ മുതലാളിത്തത്തിനും മാത്രമല്ല ലോകമുതലാളിത്തത്തിനും ദുശ്ശകുനമായിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ മറപിടിച്ച് ജാത്യന്ധര്‍ സംഘടിച്ചു. ലോകമുതലാളിത്തം പണം വാരിയെറിഞ്ഞു. വിമോചനസമരം കേരളത്തിന്റെ ദിശാസൂചിയെ പുറകോട്ട് തിരിച്ചുവച്ചു.

1975 കളില്‍ ലോകമുതലാളിത്തം കേരളത്തിന്റെ ചുവന്ന മണ്ണിനെ ഉഴുതുമറിച്ച് അന്തകവിത്തുപാകാന്‍ സജ്ജമാക്കാനുളള മറ്റൊരു കര്‍മപരിപാടിക്കും തുടക്കമിട്ടു. കേരളം വളര്‍ത്തിയെടുത്ത ഫ്യൂഡല്‍ വിരുദ്ധ-സാമ്രാജ്യത്വവിരുദ്ധ സാംസ്കാരികപൈതൃകത്തെ സമൂലം പിഴുതെറിയുക എന്നതായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. കേരളത്തിനു പുറത്ത് ഇന്നും സജീവമായി കാണപ്പെടുന്ന,കേരളം കുടഞ്ഞുകളഞ്ഞ യജ്ഞസംസ്കാരത്തെ ഇവിടെ പുനഃസ്ഥാപിക്കുക എന്ന ദീര്‍ഘവീക്ഷണത്തോടെ, അതുവഴി കേരളത്തിന്റെ മനസ്സിനെ പഴയ ഫ്യൂഡല്‍ ഭൂപ്രഭുത്വത്തിന്റെ സാംസ്കാരികവൈകൃതങ്ങളിലേക്ക് പുനരാനയിക്കുക എന്ന ദൗത്യവുമായാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഫ്രിറ്റ്സ് സ്റ്റാള്‍, ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രൊഫസര്‍ ആസ്കോ പര്‍പ്പോള തുടങ്ങിയ പാശ്ചാത്യ അക്കാദമികപണ്ഡിതന്മാര്‍ കേരളത്തില്‍ വിമാനമിറങ്ങിയത്. വൈദിക വിജ്ഞാനത്തില്‍ പഠനഗവേഷണങ്ങളുടെ ഭാഗമെന്ന നിലയില്‍ പരസ്യംചെയ്ത് സംഘടിപ്പിക്കപ്പെട്ട ഈ യാഗത്തെയും അതിനെ പിന്‍പറ്റി രൂപപ്പെട്ട പുതിയ സാഹചര്യത്തെയും അധികാരഭ്രഷ്ടരായ കേരളത്തിലെ ബ്രാഹ്മണപുരോഹിതന്മാരും മറ്റു സവര്‍ണജാതിക്കാരും ഏറെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. എന്താണെന്നറിയാനും പഠിക്കാനുമെന്ന വ്യാജേന ഉല്‍പ്പതിഷ്ണുക്കളായ നിരവധി സവര്‍ണപുരോഗമനവാദികളും ഈ കുറുമുന്നണിയില്‍ അറിഞ്ഞോ അറിയാതെയോ അംഗങ്ങളായി. പാഞ്ഞാള്‍ പാടത്തെ കശാപ്പുശാല എന്ന് യജ്ഞവേദിക്കെതിരെ ഉച്ചൈസ്തരം വിളിച്ചുപറഞ്ഞ വി ടി ഭട്ടതിരിപ്പാടിന്റെ വജ്രസൂചിയെപ്പോലും അരിമാവിലേക്ക് ബ്രാഹ്മണപുരോഹിത മേധാവിത്വം ചുരുട്ടിക്കെട്ടി. അതൊരു തുടക്കമായിരുന്നു. മുഖ്യമായും വൈദേശിക പണക്കൊഴുപ്പില്‍ പുളഞ്ഞ ഫ്യൂഡല്‍ ജീര്‍ണത തദ്ദേശീയവും വൈദേശികവുമായ സമ്പത്തിന്റെ പിന്‍ബലത്തില്‍ കേരളീയ അന്തരീക്ഷത്തെ യജ്ഞസംസ്കാരത്തിലേക്ക് പിടിച്ചുകെട്ടി. പിന്നീട് അതിരാത്രം, സോമയാഗം, അംബായാഗം, സര്‍വൈശ്വര്യയാഗം, മംഗളമയീയാഗം, പുത്രകാമേഷ്ടി, സര്‍വകാമേഷ്ടി, കനകധാരായജ്ഞം എന്നിങ്ങനെ എന്തെല്ലാം തരത്തിലുളള യജ്ഞശവഘോഷയാത്രകള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. ഗര്‍ഭപാത്രം നീക്കംചെയ്യപ്പെട്ട സ്ത്രീകള്‍വരെ പുത്രകാമേഷ്ടിയില്‍ പുത്രലബ്ധിക്കായി രജിസ്റ്റര്‍ചെയ്തു എന്നറിയുമ്പോഴാണ് ഈ ഫ്യൂഡല്‍ ജീര്‍ണത കേരളത്തെയും എത്രയധികം സ്വാധീനിച്ചു എന്ന് നാം തിരിച്ചറിയുന്നത്. ഇത്തരത്തില്‍ എന്തു വൈകൃതം കാണിച്ചാലും കേരളം നിസ്സംഗതയോടെ വര്‍ത്തിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നു. ഇത്തരം യജ്ഞസംസ്കാരത്തെ വേദപാരമ്പര്യത്തോട് പിടിച്ചുകെട്ടുന്നവരാണ് ബഹുഭൂരിപക്ഷവും. അവരെ സംബന്ധിച്ചിടത്തോളം ഋഗ്വേദം മുതല്‍ ആരംഭിച്ച് ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, വേദാംഗങ്ങള്‍വരെ വ്യാപിച്ചുകിടക്കുന്ന അതിവിപുലമായ ഗ്രന്ഥപരമ്പരകളാണ് വേദങ്ങള്‍. ഇത് ഭീകരമായ ചതിക്കുഴിയാണ്. കാരണം ഈ ഗ്രന്ഥപരമ്പരകള്‍ നൂറ്റാണ്ടുകളുടെ ഇടവേളകള്‍ക്കിടയില്‍ വ്യത്യസ്ത സാമൂഹ്യസാഹചര്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടതാണ്. വ്യത്യസ്ത വര്‍ഗതാല്‍പ്പര്യങ്ങളാണ് ഇവ ഓരോന്നും പ്രകടിപ്പിക്കുന്നത്. വര്‍ഗരഹിതമെന്നു പറയാവുന്ന ഋഗ്വേദ കാലഘട്ടവും കട്ടപിടിച്ച വര്‍ഗപക്ഷപാതം ആത്മസത്തയാക്കിയ ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ബ്രാഹ്മണകാലഘട്ടവും പ്രതിനിധാനംചെയ്യുന്നത് ഒരേ ആശയലോകമല്ലെന്നത് എടുത്തുപറയേണ്ടതില്ല. ഇതു മറച്ചുവച്ചാണ് പുരോഗമനവാദികളടക്കം വൈദികകാലഘട്ടം എന്നു പ്രയോഗിക്കുന്നത്. ഋഗ്വേദകാലഘട്ടത്തിലെ കവികളെ സംബന്ധിച്ചിടത്തോളം യജ്ഞം അവരുടെ കൂട്ടായ്മകളാണ്. കൂട്ടായ അധ്വാനവും കൂട്ടായ ഉപഭോഗവും. സ്വഭാവികമായും പുരോഗതിയുടെ അത്താണിയും അവരെ സംബന്ധിച്ചിടത്തോളം യജ്ഞം എന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ്. യജ്ഞം അവര്‍ക്ക് രഥമാണ്. അത് അവര്‍ക്ക് ക്ഷേമം വരുത്തുന്നു. ശത്രുക്കളെ നശിപ്പിക്കുന്നത് യജ്ഞമാണ്.

യജ്ഞം നിത്യസുഖത്തിലേക്ക് നയിക്കുന്ന തോണിയാണ്. യജ്ഞം വസ്ത്രമാണ്, യജ്ഞം അഗ്നിയാണ്, യജ്ഞം കാര്‍ഷികവൃത്തിയാണ്. ഇത്തരത്തില്‍ സ്വന്തം കൂട്ടായ്മകളെ അടയാളപ്പെടുത്തുന്ന ബിംബങ്ങളിലൂടെ അനാവൃതമാകുന്ന യജ്ഞസങ്കല്‍പ്പത്തെ അനുഷ്ഠാനമാക്കി പരുവപ്പെടുത്തിയത് ബ്രാഹ്മണങ്ങളാണ്. ഒരുപക്ഷേ, ഋഗ്വേദകാലത്ത് നിലവിലിരുന്ന കൂട്ടായ്മകളുടെ ഭാഗമായി രൂപപ്പെട്ട ലളിതമായ പ്രാര്‍ഥനകളും ഗാനങ്ങളും കര്‍മങ്ങളും കാലാന്തരത്തില്‍ സങ്കീര്‍ണമായിത്തീര്‍ന്നതാകാം പില്‍ക്കാലത്തെ യജ്ഞാനുഷ്ഠാനങ്ങള്‍. സമൂഹം വര്‍ഗപരമായി വേര്‍പിരിഞ്ഞതോടുകൂടി സമ്പത്തിന്റെ ഉടമസ്ഥത സ്വന്തമാക്കിയ വിഭാഗങ്ങള്‍ ഇവയെ ഫലപ്രദമായി ഉപയോഗിക്കുകയും മറ്റുള്ളവരെ ചൂഷണംചെയ്യാനുള്ള ഉപാധിയാക്കുകയുംചെയ്തു. അതിനുവേണ്ടി ബ്രാഹ്മണങ്ങളെന്നപേരില്‍ കുറേ ഗ്രന്ഥങ്ങളും അവര്‍ എഴുതിയുണ്ടാക്കി. ക്രമത്തില്‍ എല്ലാ തരത്തിലുള്ള ജീര്‍ണതകളുടെയും ഉന്മാദരംഗമായി യജ്ഞങ്ങള്‍ മാറി. ഗാന്ധാരം മുതല്‍ വിദേഹംവരെ തിങ്ങിനിറഞ്ഞ യാഗധൂമംകൊണ്ടും എങ്ങും പൊങ്ങിയ പശുരോദനംകൊണ്ടും ഇന്ത്യയുടെ നീലാകാശം ഏറ്റവും കലുഷമായിത്തീര്‍ന്നു. ആനമുതല്‍ തേനീച്ചവരെയും ഉറുമ്പ്- പാമ്പ് എന്നിവ മുതല്‍ മനുഷ്യന്‍വരെയും യാഗമൃഗമായി. അരുംകൊലയും അതിമാലിന്യങ്ങളും നിറഞ്ഞാടിയ യജ്ഞവേദി പൈശാചികമായ പ്രാണിഹിംസയുടെ മാത്രമല്ല, മദ്യപാനത്തിന്റെയും അശ്ലീലത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും കൂടി കൂത്തരങ്ങായി അധഃപതിക്കുകയുംചെയ്തു. ലോകായത ദാര്‍ശനികന്മാരുടെ വാക്കുകളിലൂടെ പറഞ്ഞാല്‍, ബുദ്ധി-പൗരുഷവിഹീനന്മാരായ പുരോഹിതന്മാരുടെ വയറ്റുപിഴപ്പിനുള്ള മാര്‍ഗം. &ഹറൂൗീ;ഈ ബ്രാഹ്മണങ്ങളിലൂടെയാണ് ബ്രാഹ്മണപുരോഹിതവര്‍ഗം യാജ്ഞികമായ ചടങ്ങുകളെ അരക്കിട്ടുറപ്പിച്ചത്. സാമൂഹ്യ-സാംസ്കാരിക ധാരകളിലെ അധീശത്വം മാത്രമല്ല, സാമ്പത്തിക മേല്‍കോയ്മയുടെ അധീശത്വവും അതുവഴി അവര്‍ നേടിയെടുത്തു. ഒരു യാഗം നടത്തിയാല്‍ അതിനു നേതൃത്വം കൊടുത്ത പുരോഹിതനു ലഭിക്കുന്ന ദക്ഷിണ ഭീകരമാണ്. രാമായണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്കനുസരിച്ച് ദശരഥനുവേണ്ടി അശ്വമേധയാഗം നടത്തിയ ഋഷ്യശൃംഗന് ലഭിച്ച തുക- പത്തുലക്ഷം പശുക്കള്‍, പത്തു കോടി സ്വര്‍ണനാണയം, നാല്‍പ്പതു കോടി വെള്ളിനാണയം- ഇത്രയുമത്രെ. ബ്രാഹ്മണങ്ങളിലൂടെ വ്യവസ്ഥാപിതമാക്കിയ യജ്ഞസംസ്കാരം ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ- ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ- അഭേദ്യ ഭാഗമായാണ് വളര്‍ച്ച പ്രാപിച്ചത്. ത്രൈവര്‍ണികര്‍ക്ക്, അതായത് ബ്രാഹ്മണ- ക്ഷത്രിയ- വൈശ്യ വിഭാഗങ്ങളില്‍പ്പെട്ട സവര്‍ണര്‍ക്കുമാത്രമാണ് യാഗംചെയ്യാനും യാഗത്തില്‍ പങ്കെടുക്കാനും അധികാരമുള്ളത്. ശൂദ്രനും സ്ത്രീക്കും യാഗം ചെയ്യാനുളള അധികാരമില്ല. സാമൂഹ്യക്രമത്തില്‍നിന്ന് വ്യതിചലിച്ച് ഏതെങ്കിലും ശൂദ്രനോ സ്ത്രീയോ യാഗംചെയ്താല്‍ അതില്‍ ബ്രാഹ്മണര്‍ സംബന്ധിക്കരുതെന്ന് കര്‍ക്കശമായ ഭാഷയില്‍ സ്മൃതിഗ്രന്ഥങ്ങള്‍ താക്കീതു നല്‍കുന്നുണ്ട്. (മനു.4.80-81, 204) എന്നാല്‍, യാഗത്തിന്റെ ഭാഗമായി വരുന്ന വിറകുവെട്ടലും വെള്ളംകോരലും മുറ്റമൊരുക്കലും ശൂദ്രകര്‍ത്തവ്യമത്രെ. ഈ പണി കഴിഞ്ഞാല്‍ ശൂദ്രന്‍ ഓടിപ്പൊയ്ക്കൊള്ളണം. ശൂദ്രസാന്നിധ്യംകൊണ്ട് മലീമസമായ യജ്ഞഭൂമിയെ മന്ത്രംചൊല്ലി ശുദ്ധീകരിച്ചാണ് യജ്ഞകര്‍മങ്ങള്‍ക്ക് സജ്ജമാക്കുന്നത്. ഇപ്രകാരം സമൂഹത്തിലെ സവര്‍ണാധിപത്യത്തെ - ചാതുര്‍വര്‍ണ്യവ്യവസ്ഥയെ - പുനഃസ്ഥാപിക്കാനുളള, ഫ്യൂഡല്‍ ജീര്‍ണതകളെ അരക്കിട്ടുറപ്പിക്കാനുളള വിവിധ പദ്ധതികളിലെ മുഖ്യ ഇനമായും യജ്ഞപുനരുദ്ധാനം മാറുന്നു. അതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും വ്യാപിപ്പിക്കുന്ന, ജനാധിപത്യ- മതനിരപേക്ഷ ആശയങ്ങളെ ശിഥിലമാക്കുന്ന യജ്ഞസംസ്കാരം അരക്കിട്ടുറപ്പിക്കാനുളള ഏതൊരു ശ്രമത്തെയും നിരുത്സാഹപ്പെടുത്തേണ്ടത് ജനാധിപത്യ- മതനിരപേക്ഷശക്തികളുടെ ബാധ്യതയാണ്.

അവരുടെ പോരാട്ടങ്ങളുടെ സദ്ഫലങ്ങളാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നതെല്ലാം. യജ്ഞം നടത്തിയോ ഫ്യൂഡല്‍ ഭൂപ്രഭുത്വം ഇഷ്ടദാനമായി നല്‍കിയോ രൂപപ്പെട്ടതല്ല ആധുനിക കേരളം. അതുകൊണ്ടുതന്നെ യജ്ഞസംസ്കാരമല്ല, ഇന്നത്തെ ആധുനിക ശാസ്ത്രയുഗത്തിന്റെ സംസ്കാരമാണ് നമുക്കു വളര്‍ത്തിയെടുക്കേണ്ടത്. ആധുനിക ശാസ്ത്ര-സാങ്കതിക വിദ്യകളുടെ നേട്ടങ്ങളെല്ലാം മൂക്കറ്റം അനുഭവിച്ച് തിമിര്‍ക്കുന്നവരാണ് ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇടതുപക്ഷ-മതനിരപേക്ഷജനാധിപത്യ പ്രസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളി- കര്‍ഷകാദി ബഹുജനങ്ങളെ അകറ്റുക, ജനങ്ങളെ ജാതീയമായ അന്ധവിശ്വാസ ജടിലമായ ആശയങ്ങളില്‍ തളച്ചിടുക, ജനങ്ങളുടെ ഐക്യവും സഹകരണവും ഇല്ലാതാക്കുക ഇതെല്ലാമാണ് യജ്ഞസംസ്കാരം പുനരുദ്ധരിക്കാന്‍ പണമെറിയുന്ന ഫ്യൂഡല്‍-മൂലധന കോര്‍പറേറ്റ് ശക്തികളുടെ ലക്ഷ്യം. അതിനെതിരെ ശക്തമായ രീതിയില്‍ ആശയരംഗത്ത് പ്രതികരിക്കേണ്ടത് ഓരോ പുരോഗമന- ജനാധിപത്യ-മതനിരപേക്ഷവാദിയുടേയും കടമയത്രെ.

*
ഡോ. ധര്‍മരാജ് അടാട്ട് ദേശാഭിമാനി

No comments: