Sunday, January 26, 2014

അകാലത്തില്‍ പൊലിഞ്ഞ മിച്ചബജറ്റ് സ്വപ്നം

1976ലാണ് കെ എം മാണി ആദ്യ ബജറ്റ് അവതരിപ്പിച്ചത്. അന്നു മുതല്‍ ഇന്നുവരെ ഒരു ധനമന്ത്രിക്കും മിച്ചബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഖ്യാതി 2014-15ലെങ്കിലും നേടണമെന്ന സ്വപ്നം അദ്ദേഹത്തിനുണ്ടായിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ പൊലിഞ്ഞത്. പകരം അദ്ദേഹത്തിനു കിട്ടിയതോ, കേരളചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച ധനമന്ത്രിയെന്ന ദുഷ്കീര്‍ത്തിയും. ഇപ്പോള്‍ത്തന്നെ അതിരൂക്ഷമായ വിലക്കയറ്റം ഈ ബജറ്റോടെ എല്ലാ സീമയും ഭേദിക്കും. 2010-11ല്‍ റവന്യൂ കമ്മി 8034 കോടി രൂപയായിരുന്നു. അതായത്, സംസ്ഥാനവരുമാനത്തിന്റെ 2.6 ശതമാനം. ശമ്പള പരിഷ്കരണവര്‍ഷത്തില്‍ കമ്മി കൂടിയതില്‍ ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയില്ല. 2012-13ല്‍ റവന്യൂകമ്മി 3406 കോടി രൂപയായി കുറഞ്ഞെന്നും (0.9 ശതമാനം) 2013-14ല്‍ അത് 2269 കോടി രൂപയായി (0.5 ശതമാനം) വീണ്ടും താഴുമെന്നുമാണ് കഴിഞ്ഞ ബജറ്റില്‍ പ്രസ്താവിച്ചത്. യഥാര്‍ഥത്തില്‍ കമ്മി ഇത്രവരില്ല എന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ടായിരുന്നു.

പഞ്ചായത്തുകള്‍ക്കും മറ്റും നല്‍കുന്ന 4000 കോടിയില്‍ മുക്കാല്‍പങ്കും മൂലധന ചെലവ് ആണെന്നും അതുകൊണ്ട് യഥാര്‍ഥത്തില്‍ ബജറ്റ്് കമ്മിയില്ലെന്നും 1202 കോടി മിച്ചമാണെന്നും അദ്ദേഹം കണക്കാക്കി. പഴയതുപോലുള്ള വിവാദം ഭയന്ന് അക്കാര്യം പെരുമ്പറയടിച്ചില്ല. പക്ഷേ, 2014-15 വഴിത്തിരിവ് ആയിരിക്കും എന്ന് അദ്ദേഹത്തിന് സംശയമില്ലായിരുന്നു. മിച്ചബജറ്റുതന്നെ.

2014-15ലേക്ക് ധനമന്ത്രി അവതരിപ്പിച്ചത് 7131 കോടി റവന്യൂകമ്മിയും 14,398 കോടി ധനകമ്മിയും വരുന്ന ബജറ്റാണ്. റവന്യൂകമ്മി സംസ്ഥാന വരുമാനത്തിന്റെ 1.5 ശതമാനവും ധനകമ്മി 3.1 ശതമാനവും വരും. കെ എം മാണിയുടെ മൂന്നാം ഊഴത്തിലെ ഇതുവരെയുളള അനുഭവംവച്ച് പറഞ്ഞാല്‍ കമ്മി ഇതിലൊന്നും നില്‍ക്കുകയില്ല. കേരള നിയമസഭ പാസാക്കിയ നിയമപ്രകാരം 2014-15ല്‍ റവന്യൂ കമ്മിയേ പാടില്ല. നികുതിപിരിവ് കഴിഞ്ഞ രണ്ടുവര്‍ഷത്തെപ്പോലെയാണെങ്കില്‍ കമ്മി ഇവിടെയും നില്‍ക്കുകയില്ല. 2012-13ല്‍ സംഭവിച്ചതു നോക്കൂ. കഴിഞ്ഞവര്‍ഷം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ 2012-13ല്‍ 3406 കോടി രൂപ കമ്മി വരുമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ നിയമസഭയില്‍ വച്ച കണക്കുപ്രകാരം കമ്മി 9351 കോടി രൂപയായി. പ്രതീക്ഷിച്ചിരുന്ന റവന്യൂവരുമാനത്തില്‍ 4132 കോടിയുടെ കുറവ്.

അതേസമയം, റവന്യൂചെലവ് 1813 കോടി രൂപ അധികമാണ്. ബജറ്റ് അവതരണവേളയില്‍ 2012-13 ഡിസംബര്‍വരെയുളള വരവു ചെലവു കണക്കുകള്‍ ധനമന്ത്രിയുടെ കൈവശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മതിപ്പു കണക്കിനേക്കാള്‍ വരുമാനം കുറയുമെന്നും ചെലവ് അധികരിക്കുമെന്നും കൃത്യമായി പറയാന്‍ കഴിയും. എന്നാല്‍, അതിനു തുനിയാതെ കമ്മി കുറച്ചുകാണിക്കാനുളള പൊള്ളക്കണക്കുകളാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇതേ അടവ് ഇത്തവണയും ആവര്‍ത്തിച്ചു. 2013-14ല്‍ ഡിസംബര്‍വരെയുളള കണക്കുപ്രകാരം നികുതിവരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമാണ് വര്‍ധന. ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ എത്ര കിണഞ്ഞുശ്രമിച്ചാലും ഇത് 12 ശതമാനത്തിനപ്പുറം പോകുകയില്ല. കൃത്യമായി പറഞ്ഞാല്‍ ഡിസംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എട്ടുശതമാനം മാത്രമാണ് നികുതിവര്‍ധന. എങ്കിലും റവന്യൂവരുമാനം 15 ശതമാനം ഉയരുമെന്ന് ഉദാരമായ അനുമാനം ഞാന്‍ സ്വീകരിക്കുകയാണ്. എങ്കില്‍ 2013-14ലെ പുതുക്കിയ റവന്യൂവരുമാനം 50,757 കോടി രൂപയേ വരൂ. എന്നാല്‍, ധനമന്ത്രി ഇത് 54,966 കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്.

നികുതിവരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം ഉയരുമെന്നും കേന്ദ്രസഹായത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നുമാണ് ധനമന്ത്രിയുടെ അനുമാനം. ഇത് ശുദ്ധ അസംബന്ധമാണ്. ഡിസംബര്‍വരെയുളള കണക്ക് പരിശോധിച്ചാല്‍ റവന്യൂചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 20 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍, ബജറ്റില്‍ ധനമന്ത്രി പ്രതീക്ഷിക്കുന്ന 61,175 കോടി രൂപതന്നെ ചെലവായി ഞാനും സ്വീകരിക്കുകയാണ്. എന്റെ കണക്കുപ്രകാരം യഥാര്‍ഥ ധനകമ്മി 10,418 കോടി രൂപയാണ്. അതായത്, സംസ്ഥാനവരുമാനത്തിന്റെ 2.6 ശതമാനം. റവന്യൂകമ്മി കൂടിയാലുളള പ്രത്യാഘാതമെന്താണ്? വായ്പയെടുക്കുന്ന പണം നിത്യദാനചെലവുകള്‍ക്കായി നീക്കിവയ്ക്കേണ്ടിവരും. അതേസമയം, റവന്യൂകമ്മി ഇല്ലാതാകുമെന്നും വായ്പയെടുക്കുന്ന പണം മുഴുവന്‍ റോഡ്, പാലം, കെട്ടിടം തുടങ്ങിയ നിര്‍മാണചെലവുകള്‍ക്കായി നീക്കിവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ 2009-10 വര്‍ഷംമുതല്‍ വലിയതോതില്‍ പൊതുമരാമത്തു പണികള്‍ക്ക് അനുവാദം നല്‍കിവരികയായിരുന്നു. അതുകൊണ്ട് കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട ബില്ലുകളുടെ തുക പെരുകുകയാണ്. ഇവര്‍ക്ക് നല്‍കാന്‍ പണമുണ്ടാകില്ല. ഇപ്പോള്‍ കോണ്‍ട്രാക്ടര്‍മാരുടെ ബില്‍ കുടിശ്ശിക 1600 കോടി രൂപയിലെത്തി. കഴിഞ്ഞ ഏതാനും വര്‍ഷമായി പശ്ചാത്തല സൗകര്യസൃഷ്ടിക്കായി കൂടുതല്‍ തുക നീക്കിവച്ചുകൊണ്ടിരുന്ന പ്രവണതയ്ക്ക് വിരാമമിടേണ്ടിവരും.

0.6 ശതമാനമായിരുന്ന മൂലധനച്ചെലവ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പടിപടിയായി ഉയര്‍ന്ന് ഏതാണ്ട് 1.6 ശതമാനത്തിലെത്തിയതാണ്. നടപ്പ് ബജറ്റുപ്രകാരം ഈ പ്രവണതയ്ക്കു വിരാമമായിരിക്കുന്നു. ഇതു നമ്മുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു. ക്ഷേമപെന്‍ഷന്‍പോലുളള റവന്യൂചെലവ് കുടിശ്ശികയാണ്. 1000 രൂപ മിനിമം പെന്‍ഷന്‍ വേണമെന്നതാണ് ഡിമാന്റ്. ക്ഷേമനിധികളുടെ പെന്‍ഷനുകളില്‍ വര്‍ധന പ്രഖ്യാപിക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. പാര്‍പ്പിട പദ്ധതികള്‍ക്ക് അധിക പണവും നീക്കിവച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 70,000 രൂപവച്ച് അധികധനസഹായം നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്തതുമൂലം കേരളത്തിലെ മുഴുവന്‍ പാര്‍പ്പിട പദ്ധതികളും സ്തംഭനത്തിലാണ്. നടപ്പുവര്‍ഷംപോലെ അടുത്ത വര്‍ഷവും ഇന്ദിരാ ആവാസ് പദ്ധതിപ്രകാരമുള്ള 55,000 വീട്ടില്‍ പത്തിലൊന്നുപോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അനൗപചാരിക സംഭാഷണങ്ങളില്‍ ആസൂത്രണബോര്‍ഡ് അധികൃതര്‍ ഈ വര്‍ഷത്തെ പ്ലാന്‍ വെട്ടിച്ചുരുക്കേണ്ടി വരും എന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍, ബജറ്റ് കണക്കില്‍ ഇത് പ്രതിഫലിക്കുന്നില്ല. പദ്ധതിച്ചെലവ് 14,540 കോടി രൂപയായിരുന്നത് 600 കോടിയുടെ കുറവേ പ്രതീക്ഷിക്കുന്നുളളൂ.

പ്ലാനിനു പുറത്ത് ഒട്ടേറെ പുതിയ റവന്യൂചെലവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൂടി ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ് കണക്കില്‍ നല്‍കിയിട്ടുള്ള റവന്യൂചെലവിന്റെ പുതുക്കിയ കണക്ക്. അതുകൊണ്ട് പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കേണ്ടിവരും. ഇത് ആരോരുമറിയാതെ ചെയ്യാമെന്നാണ് ധനമന്ത്രി കരുതുന്നത്. പ്ലാനില്‍ വരാന്‍പോകുന്ന വെട്ടിക്കുറവിനെ ഇതുവഴി മറയിട്ടിരിക്കുകയാണ്. കാര്‍ഷികമേഖലയുടെ നിക്ഷേപം യുഡിഎഫ് ഭരണകാലത്ത് ചരിത്രത്തിലേറ്റവും താഴ്ന്ന നിലയിലെത്തി.

കൃഷിയും അനുബന്ധ മേഖലകളിലെയും നിക്ഷേപം 2012-13ല്‍ വാര്‍ഷിക പദ്ധതിയുടെ 17.5 ശതമാനമായിരുന്നത് 2013-14ല്‍ 16 ശതമാനമായും കുറഞ്ഞു. ഇപ്പോഴത് 17.9 ശതമാനമായി. വാചകമടി മാറ്റിവച്ചാല്‍ കാര്‍ഷികമേഖലയുടെ വിഹിതത്തില്‍ സംസ്ഥാനപ്ലാനില്‍ വര്‍ധനയില്ല. ഉല്‍പ്പാദനമേഖലകള്‍ക്ക് 30 ശതമാനം പണം വകയിരുത്തണമെന്ന നിബന്ധന നീക്കംചെയ്തതിന്റെ ഫലമായി തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പദ്ധതിയില്‍ അഞ്ചുശതമാനംപോലും കൃഷിക്ക് നീക്കിവയ്ക്കുന്നില്ല. അവസാനമായി അധികവിഭവ സമാഹരണത്തെക്കുറിച്ച്. 1556 കോടിയുടെ അധികഭാരം പുതിയ ബജറ്റിലൂടെ ജനങ്ങളുടെ ചുമലില്‍ വരുന്നു. ഉടുതുണിക്കുപോലും നികുതിയായി. കെട്ടിടനികുതി ഇരട്ടിയായി. നേരത്തതന്നെ വാറ്റു നികുതിയില്‍ 15-25 ശതമാനം വര്‍ധന ധനമന്ത്രി നടത്തിയിരുന്നു. വിലക്കയറ്റത്തിന്റെ രൂക്ഷത അനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ ഒരു കരുണയുമില്ലാതെയാണ് അദ്ദേഹം അധികനികുതിഭാരം കെട്ടിവച്ചത്. ഇതിന് കേരളജനതയോട് അദ്ദേഹം കണക്ക് പറയേണ്ടി വരും.

*
ഡോ. തോമസ് ഐസക് ദേശാഭിമാനി

No comments: