Sunday, January 19, 2014

ചരിത്രവഴികളില്‍

കഴിഞ്ഞ നാലുവര്‍ഷമായി ചരിത്രവഴികളിലാണ് കണ്ണൂര്‍ പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിശദമായ ചരിത്രരചനയാണ് പഠനകേന്ദ്രം ഏറ്റെടുത്തത്. ആദ്യത്തെ നാലുവര്‍ഷം കൊണ്ടുതന്നെ കണ്ണൂര്‍ ജില്ലയിലെ രക്തരൂഷിതമായ സമരങ്ങളുടെയും, സഹനങ്ങളുടെയും, രക്തസാക്ഷ്യങ്ങളുടെയും ചരിത്രം ഒന്നും രണ്ടും സഞ്ചികകളിലൂടെ പഠനകേന്ദ്രം ജനങ്ങളുടെ മുന്നില്‍ എത്തിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം മുതലുള്ള ഔപചാരിക പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണമായല്ല ഈ പുസ്തകത്തില്‍ കണക്കാക്കുന്നത്.

കണ്ണൂരിന്റെ നീണ്ടകാല പൊതുചരിത്രത്തില്‍ നിന്നുതന്നെയാണ് കണ്ണൂര്‍ ജില്ല കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം എന്ന പുസ്തകം ആരംഭിക്കുന്നത്. കണ്ണൂരിന്റെ അതിപ്രാചീന ചരിത്രം, നാടുവാഴിത്തകാലം, വിദേശികളുടെ വരവ്, നവോത്ഥാന പ്രസ്ഥാനങ്ങളുടെ കണ്ണൂരിലെ പ്രത്യേകമായ പ്രവര്‍ത്തനങ്ങളും ഇടങ്ങളും, ദേശീയപ്രസ്ഥാനത്തിന്റെ പ്രോജ്വലമായ തുടക്കങ്ങള്‍, 1930 ലെ പയ്യന്നൂരിലേക്കുള്ള ഉപ്പ് സത്യഗ്രഹജാഥയുടെ പൂര്‍ണചരിത്രം എന്നിവയെല്ലാം പൊതുചരിത്ര രചനയുടെ കാഴ്ചപ്പാടില്‍നിന്ന് വിശദീകരിച്ചുകൊണ്ടാണ് ആദ്യകാല കര്‍ഷകപ്രസ്ഥാനത്തിന്റെ സൂക്ഷ്മചരിത്രത്തിലേക്ക് കടക്കുന്നത്. ജന്മിത്വത്തിന്റെ കിരാതഭരണത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് മലബാറില്‍ കര്‍ഷകസംഘം വേരുറപ്പിച്ചത്. 1939 ഡിസംബറില്‍ പിണറായിയില്‍ ചേര്‍ന്ന രഹസ്യസമ്മേളനത്തോടെ പരസ്യപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച കമ്യൂണിസ്റ്റ് പാര്‍ടി ഈ ജന്മിത്വവിരുദ്ധ പോരാട്ടങ്ങളുടെ നടുനായകത്വം ഏറ്റെടുത്തു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കര്‍ഷകരും, അക്കാലത്തുതന്നെ ശക്തമായ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചുവന്ന തൊഴിലാളി സംഘടനകളുമാണ് 1940 ലെ സാമ്രാജ്വത്വവിരുദ്ധദിനാചരണം ചോരയില്‍ ചുവപ്പിച്ചുകൊണ്ട് ഇതിഹാസമെഴുതിയത്.

മൊറാഴയിലെ അഞ്ചാംപീടികയില്‍ എസ്ഐ കുട്ടിക്കൃഷ്ണമേനോനും ഗോപാലന്‍നായര്‍ എന്ന ഒരു പൊലീസുകാരനും മരിച്ചുവീണു. തലശേരിയില്‍ അബുമാസ്റ്ററും മുളിയന്‍ ചാത്തുക്കുട്ടിയും ധീരരക്തസാക്ഷികളായി. മട്ടന്നൂരില്‍ ഒരു പൊലീസുകാരന്‍ ഏറ്റുമുട്ടലില്‍ മരിച്ചു. ചോരയില്‍ കുതിര്‍ന്ന ഈ ചരിത്രങ്ങള്‍ വിശദമായി രേഖപ്പെടുത്തിക്കൊണ്ടാണ് ഒന്നാം സഞ്ചികയ്ക്ക് വിരാമമിടുന്നത്. രണ്ടാം ലോകമഹായുദ്ധവും അനന്തരസംഭവങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയെ പൊതുവായും കണ്ണൂര്‍ ജില്ലയിലെ പാര്‍ടിയെ പ്രത്യേകമായും ഏതുവിധേനയെല്ലാം ബാധിച്ചു എന്ന് വിശകലനംചെയ്തുകൊണ്ടാണ് രണ്ടാം സഞ്ചിക ആരംഭിക്കുന്നത്.

1942ലെ ക്വിറ്റിന്ത്യാ സമരകാലത്ത് പാര്‍ടി നേരിടേണ്ടിവന്ന പ്രശ്നങ്ങളെ പുസ്തകം നന്നായി അവലോകനംചെയ്യുന്നു. ഭക്ഷ്യക്ഷാമം നേരിടാനുളള ചെറുത്തുനില്‍പ്പിന്റെയും കൂട്ടുകൃഷിയുടെയും അനന്തരഫലമായാണ് ജന്മിമാരും കര്‍ഷകസംഘവും തമ്മില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. ന്യായമായ വിലയ്ക്ക് നെല്ല് സാധാരണ ജനങ്ങള്‍ക്ക് വില്‍ക്കണമെന്നും കരിഞ്ചന്ത തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് 1946 ല്‍ കരിവെള്ളൂരിലും കാവുമ്പായിയിലും സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. രക്തരൂഷിതമായ ഈ സമരങ്ങളുടെയെല്ലാം സമ്പൂര്‍ണചരിത്രം രണ്ടാം സഞ്ചികയില്‍ കൈകാര്യംചെയ്തിട്ടുണ്ട്. കരിവെള്ളൂര്‍, കാവുമ്പായി രക്തസാക്ഷ്യങ്ങള്‍ കമ്യൂണിസ്റ്റ് ചരിത്രത്തിലെ സുവര്‍ണനക്ഷത്രങ്ങളാണ്. 1947-48 കാലം കണ്ണൂരില്‍ കമ്യൂണിസ്റ്റ് വേട്ടക്കാലമായിരുന്നു. കല്‍ക്കത്താ തീസീസിന്റെ പേരും പറഞ്ഞ് കോണ്‍ഗ്രസും ഗുണ്ടാപ്പടയും കമ്യൂണിസ്റ്റുകാരെ വേട്ടയാടി. ഗാന്ധിയന്‍ കമ്യൂണിസ്റ്റായ മൊയാരത്ത് ശങ്കരനെപ്പോലും ഗുണ്ടകള്‍ പിടികൂടി നിഷ്ഠുരമായി മര്‍ദിച്ചുകൊലപ്പെടുത്തി. 57-ല്‍പ്പരം സഖാക്കള്‍ക്ക് ആ കാലംവരെ ആത്മത്യാഗം ചെയ്യേണ്ടിവന്നിട്ടുണ്ട്.

ചെറുത്തുനില്‍പ്പിന്റെ ഇതിഹാസോജ്വല സമരങ്ങളാണ് 1948 കാലം മുതല്‍ 1950 വരെ കണ്ണൂരില്‍ അരങ്ങേറിയത്. മുനയന്‍കുന്ന്, കോറോം, പെരളം, പഴശ്ശി, തില്ലങ്കേരി, പായം എന്നീ പടനിലങ്ങളിലെല്ലാം ചെറുത്തുനില്‍പ്പുകളുണ്ടായി. ജനനായകരായ കുഞ്ഞാപ്പു മാസ്റ്റര്‍, സി അനന്തന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയ പടനായകരെല്ലാം രക്തസാക്ഷികളായി. ഈ പോരാട്ടങ്ങളുടെ ഇതുവരെ വേണ്ടത്ര അനാവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത വിശദചരിത്രം ഈ പുസ്തകത്തില്‍ അനാവരണംചെയ്യപ്പെട്ടിരിക്കുന്നു. ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരതയാണ് സേലം ജയിലില്‍ 1950 ല്‍ അരങ്ങേറിയത്. 22 സഖാക്കളെ നിഷ്ഠുരമായി ജയലധികാരികള്‍ വെടിവച്ചുകൊന്നു. അതില്‍ 18 പേരും കണ്ണൂര്‍ ജില്ലക്കാരായിരുന്നു. ഈ സഖാക്കളെക്കുറിച്ചെല്ലാം ചരിത്രപുസ്തകം വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. സേലം ജയില്‍ വെടിവയ്പിനു ശേഷം നടന്ന മറ്റൊരു കൊടുംക്രൂരതയാണ് പാടിക്കുന്നിലെ വെടിവയ്പ്. ജയിലിലെ റിമാന്‍ഡ് തടവുകാരായിരുന്ന രയിരുനമ്പ്യാര്‍, കുട്ട്യപ്പ, ഗോപാലന്‍നമ്പ്യാര്‍ എന്നിവരെ കള്ളജാമ്യത്തില്‍ ഇറക്കി മെയ് 4ന് പുലര്‍കാലത്ത് പാടിക്കുന്നിന്റെ നെറുകയില്‍ കൊണ്ടുപോയി വെടിവച്ചുകൊന്നു. കോണ്‍ഗ്രസ് ഭരണാധികാരികളുടെ നിഷ്ഠുരതകള്‍ കൂടിവരുംതോറും പാര്‍ടി കൂടുതല്‍ ജനസ്വീകാര്യത നേടിവന്നിരുന്ന ചരിത്രമാണ് കണ്ണൂര്‍ ജില്ലയുടേത്. 1952 ലെ തെരഞ്ഞെടുപ്പില്‍ മലബാറില്‍ പാര്‍ടി നേടിയ കനത്ത വിജയം അതാണ് തെളിയിച്ചത്. ഈ തെരഞ്ഞെടുപ്പിന്റെ വിശദമായ വിവരണങ്ങളോടെയും, ഇക്കാലയളവില്‍ നമുക്ക് നഷ്ടപ്പെട്ട മഹാനായ നേതാവ് കൃഷ്ണപിള്ളയുടെ തീരാനഷ്ടം അടയാളപ്പെടുത്തിയുമാണ് കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രത്തിന്റെ രണ്ടാം സഞ്ചിക അവസാനിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെമാത്രം ചരിത്രപുസ്തകമല്ല ഇത്. പതിതവര്‍ഗം എങ്ങനെ നിവര്‍ന്നുനിന്നു പോരാടി അടിമത്തം അവസാനിപ്പിച്ച് സാമൂഹ്യനീതിക്കുവേണ്ടി നായകസ്ഥാനം ഏറ്റെടുത്ത് സമൂഹത്തെ ആകെ മുന്നോട്ടുനയിച്ചു എന്ന് വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്ന സാമൂഹ്യചരിത്ര പുസ്തകംകൂടിയാണ്.

പുസ്തകരചനയുടെ സാമ്പ്രദായിക രീതികളെ ഈ പുസ്തകം നിരാകരിക്കുന്നു. ഒരുകൂട്ടം എഴുത്തുകാരുടെ കൂട്ടായ്മയുടെ സൃഷ്ടിയാണ് ഈ പുസ്തകം. അതില്‍ അക്കാദമിക് പണ്ഡിതന്മാരും അമേച്വര്‍ ചരിത്രകാരന്മാരും ഉള്‍ച്ചേര്‍ന്നിരുന്നു. വില്ലേജ് തലത്തില്‍ വിവരം ശേഖരിച്ച് നല്‍കി സിപിഐ എം ലോക്കല്‍ കമ്മിറ്റികളും ഈ ഉദ്യമത്തില്‍ പങ്കാളികളായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചീഫ് എഡിറ്ററും സി പി അബൂബക്കര്‍ എഡിറ്ററുമായ എഡിറ്റോറിയല്‍ ബോര്‍ഡാണ് ഈ പുസ്തകം എഴുതിത്തയ്യാറാക്കിയത്. ഡോ. സി ബാലന്‍, കവിയൂര്‍ രാജഗോപാലന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, കെ ഭാസ്കരന്‍ മാസ്റ്റര്‍ തുടങ്ങിയവരാണ് മറ്റു പങ്കാളികള്‍. കണ്ണൂര്‍ ജില്ല കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം ഒന്നും രണ്ടും സഞ്ചികകള്‍ക്ക് യഥാക്രമം 200, 300 രൂപയാണ് വില.

*
കീച്ചേരി രാഘവന്‍ (പുസ്തകത്തിന്റെ എഡിറ്റോറിയല്‍ കോ-ഓഡിനേറ്ററായിരുന്നു ലേഖകന്‍ )

No comments: