Wednesday, January 8, 2014

ഭിന്ന ലൈംഗികതയുടെ ചരിത്രവും ദര്‍ശനവും

ലൈംഗികതയെ നിയന്ത്രിക്കാനും നിരോധിക്കാനും അധിനിവേശ ശക്തികള്‍ ശ്രമിച്ചിട്ടുള്ള കാലംമുതല്‍ തന്നെ ലൈംഗികതയെ നിര്‍വചിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പുരുഷകേന്ദ്രിതമായ കുടുംബസങ്കല്‍പ്പനങ്ങള്‍ക്കനുസരിച്ചാണ് എക്കാലവും സമൂഹം ലൈംഗികതയെ സമീപിച്ചിട്ടുള്ളത്. അതനുസരിച്ച് പുരുഷന്‍ സ്ത്രീ എന്നീ ലൈംഗിക ഗണത്തില്‍ ചുറ്റിക്കറങ്ങുന്നതാണ് രതിയും പ്രണയവും. താന്ത്രികലൈംഗികതയില്‍ ഇതിന് മതപരമായ ഒരു പരിവേഷംതന്നെ നല്‍കുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് താന്ത്രികമതം വളര്‍ന്നുവന്നത്. ഇതിവിടെ പ്രത്യേകം പരാമര്‍ശിക്കാന്‍ കാരണം ലൈംഗിക ആഹ്ലാദത്തിന്റെ നിഗൂഢലോകങ്ങള്‍ തുറക്കുന്നതാണ് താന്ത്രികലൈംഗികത എന്ന് സൂചിപ്പിക്കാനാണ്. അങ്ങനെ ലൈംഗികതയ്ക്ക് ഒരു ശാസ്ത്രംതന്നെ രൂപംകൊണ്ടു. ലൈംഗികതയെ നിരോധിക്കുന്നതല്ല താന്ത്രികമതം. മറിച്ച് അതിന് നേര്‍വിപരീതമായി മനുഷ്യന്റെ ഏറ്റവും വലിയ ആഹ്ലാദം ലൈംഗികാഹ്ലാദമാണെന്ന് പറഞ്ഞുകൊണ്ട് അതിനെ പ്രയോഗവല്‍ക്കരിക്കാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്ക്കരിക്കുകയാണ് ചെയ്യുന്നത്.

ലൈംഗികതയെ നിരോധിക്കുന്നതിന് പകരം ലൈംഗികതയെ നിര്‍വചിക്കുകയാണ് താന്ത്രികമതം ചെയ്യുന്നത്. ലൈംഗികതയുടെ സുഖദവാഹിനികളിലൂടെ സഞ്ചരിച്ച് ഇന്ദ്രിയാതീതമായ ആനന്ദം നുകരുക എന്നതാണ് താന്ത്രികാനുഷ്ഠാനങ്ങളുടെ പ്രധാനലക്ഷ്യം. സന്യാസസദൃശമായ ശേഷികള്‍ അഥവാ ശരീര ത്തെ നിയന്ത്രിക്കാനുള്ള ശേഷികള്‍ ഉപയോഗപ്പെടുത്തുന്നതാണ് താന്ത്രികമൈഥുനം. സുഷുമ്നാഗ്രത്തില്‍ സര്‍പ്പത്തിന്റെ ആകൃതിയില്‍ കുണ്ഡലിനി എന്ന മൂലാധാരചക്രമുണ്ടെന്നും അവിടെയാണ് സാക്ഷാല്‍ ശക്തി നിദ്രകൊള്ളുന്നതെന്നും അവിടെനിന്നും ശക്തിയെ അഥവാ സ്ത്രൈണലൈംഗികതയെ സഹസ്രാരത്തിലെ ശിവനുമായി അഥവാ പുരുഷലൈംഗികതയുമായി വിലയംപ്രാപിക്കുന്ന അവസ്ഥയാണ് താന്ത്രികമൈഥുനം. തികച്ചും അസംബന്ധമായ ഒരു സങ്കല്‍പ്പനമാണ് സര്‍പ്പത്തിന്റെ ആകൃതിയിലുള്ള കുണ്ഡലിനി തുടങ്ങിയവ. എന്നാല്‍ ശിവ-ശക്തി അഥവാ പുരുഷ-സ്ത്രീ ലൈംഗികത അതിന്റെ സംയോഗം എന്ന മിത്തിക്കല്‍ ഭാവന ലൈംഗികതയെ സംബന്ധിച്ച ഒരു യഥാര്‍ഥ കാഴ്ചപ്പാടുമായി ഒത്തുപോകുന്നതാണ്. പുരുഷനും സ്ത്രീയും ആദിയില്‍ ഒരൊറ്റ ജന്തുവായിരുന്നുവെന്ന ഗ്രീക്ക് സങ്കല്‍പ്പവുമായി സാമ്യമുള്ളതാണ് മേല്‍പ്പറഞ്ഞ ശിവ-ശക്തി സമന്വയം.

എന്താണ് ഈ മിത്തിന്റെ സാമൂഹ്യ ഉള്ളടക്കം എന്നുപരിശോധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന് തോന്നുന്നു. കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം എന്ന കൃതിയില്‍ ഫ്രെഡറിക് എംഗല്‍സ് ലോകത്തിലെ ആദ്യത്തെ വര്‍ഗവിവേചനമാണ് പുരുഷനും സ്ത്രീയും തമ്മിലുള്ളതെന്ന് പറയുന്നുണ്ട്. സ്വകാര്യസ്വത്തിന്റെ നിയന്ത്രണാധികാരം പുരുഷന് കൈവന്നതോടെയാണ് പുരുഷാധിഷ്ഠിതമായ കുടുംബഘടന രൂപംകൊള്ളുന്നത്. സ്ത്രീയെ കുടുംബത്തിനുള്ളില്‍ തളയ്ക്കേണ്ടത് അതോടെ അനിവാര്യമായിരുന്നു. അങ്ങനെയാണ് ചരിത്രത്തില്‍ ഇന്ന് കാണുന്ന സ്ത്രീപുരുഷ വിഭജനം ഉണ്ടാവുന്നത്. സ്ത്രീയും പുരുഷനുംതമ്മില്‍ ഇന്ന് കാണുന്ന വിഭജനം ചരിത്രത്തില്‍ രൂപംകൊള്ളുന്നതിന് മുമ്പ് നിലനിന്ന സ്ത്രീപുരുഷബന്ധം തികച്ചും വ്യത്യസ്തമായിരുന്നുവെന്നതിന് സംശയമില്ല. കാരണം ഇക്കാലത്ത് സ്വകാര്യസ്വത്ത് ആവിര്‍ഭവിച്ചിരുന്നില്ല. പുരുഷന്റെ അധികാരപ്രയോഗങ്ങള്‍ പക്ഷേ സ്വകാര്യസ്വത്തിന് മുമ്പുതന്നെ വ്യത്യസ്ത രീതിയില്‍ നിലനിന്നിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഒട്ടേറെ നരവംശശാസ്ത്രപഠനങ്ങള്‍ സഹായകമാകും. ഇത്തരം അധികാരരൂപങ്ങള്‍ അതിന്റെ പ്രാഥമികരൂപത്തില്‍ നിലനിന്നിരുന്നപ്പോള്‍ സ്ത്രീയും പുരുഷനും തമ്മില്‍ പലനിലയിലും തുല്യതയും സ്വാതന്ത്ര്യവും നിലനിര്‍ ത്തിയിരിക്കണം. പുരുഷത്വത്തെസംബന്ധിച്ചും സ്ത്രീത്വത്തെ സംബന്ധിച്ചുമുള്ള ഇന്നു നിലനില്‍ക്കുന്ന സങ്കല്‍പ്പ ങ്ങളും അന്നത്തെ രീതികളും അടിസ്ഥാനപരമായും വ്യത്യസ്തമായിരിക്കും. സ്ത്രീത്വം, പുരുഷത്വം എന്ന സങ്കല്‍പ്പനങ്ങള്‍തന്നെ അന്ന് നിലനില്‍ക്കാന്‍ സാധ്യതയില്ല. ലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്നും നിലനില്‍ക്കുന്ന പാതിവ്രത്യം, കന്യകാത്വം, വൈധവ്യം, കുലീനസ്ത്രീ, തെരുവ് പെണ്ണ്, വേശ്യ, ഗണിക, ദേവദാസി, കുലട, തെറിച്ചപെണ്ണ്, യക്ഷി, രാക്ഷസന്‍ തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ക്കും അന്ന് പ്രസക്തിയില്ല.

വിഖ്യാത സ്ത്രീവാദിയായ വെര്‍ജീനിയ വുള്‍ഫ് ഉയര്‍ത്തിക്കാണിക്കുന്ന സ്ത്രീയുടെ സവിശേഷസ്വത്വങ്ങളും അന്നില്ല. അന്നത്തെ സ്ത്രീസവിശേഷതകള്‍ ഇന്നത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമായതും പുരുഷനാല്‍ നിര്‍വചിതമല്ലാത്തതുമായ സ്ത്രീസ്വത്വമാവാനേ സാധ്യതയുള്ളൂ. സിമോണ്‍ ദി ബുവര്‍ "സെക്കന്റ് സെക്സ്" എന്ന ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്ന സ്ത്രീയുടെ സ്വത്വപരമായ സവിശേഷതകള്‍ യഥാര്‍ഥത്തില്‍ പുരുഷനിര്‍വചിതം മാത്രമല്ല പുരുഷനിര്‍മിതം കൂടിയാണ്. ഗ്രീസിലും ഇന്ത്യയിലും വ്യത്യസ്തരീതിയില്‍ നിലനിന്ന അര്‍ധനാരീശ്വരസങ്കല്‍പ്പങ്ങള്‍ അന്ന് നിലനിന്ന സ്ത്രീപുരുഷ പാരസ്പര്യത്തിന്റെ സവിശേഷ രൂപമായിരുന്നു. മാവേലിനാട് എന്ന സങ്കല്‍പ്പത്തിലെന്നപോലെ ഈ മിത്തിലും പ്രതിഫലിക്കുന്നത് ആദ്യകാലത്ത് നിലനിന്ന സ്ത്രീപുരുഷബന്ധത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ സ്മൃതികളാണ്.

സ്ത്രീയെ സംബന്ധിച്ച അധിനിവേശ സങ്കല്‍പ്പമാണ് വര്‍ണവ്യവസ്ഥ ഇന്ത്യയില്‍ അടിച്ചേല്‍പ്പിച്ചത്. അത് സ്ത്രീയെ പുരുഷന്റെ കേവലഭോഗവസ്തുവായി അധഃപതിപ്പിച്ചു. വാത്സ്യായനന്റെ കാമശാസ്ത്രഗ്രന്ഥംപോലെ നൂറുകണക്കിന് സാഹിത്യകൃതികള്‍ ലൈംഗികതയെ സംബന്ധിച്ച വികലമായ ആശയങ്ങള്‍ ആവിഷ്ക്കരിച്ചു. സ്ത്രീകളെ കുലസ്ത്രീകളെന്നും വേശ്യാംഗനകളെന്നും വിഭജിക്കുന്ന കൃതിയാണ് കാമശാസ്ത്രം. ലൈംഗികതയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളില്‍ വ്യത്യസ്ത സ്വഭാവമുള്ളവര്‍ ഉണ്ടെന്ന് ഈ കൃതി വിശദീകരിക്കുന്നു. പുരുഷന്മാരെയും കാമശാസ്ത്രം ഇങ്ങനെ വിഭജിക്കുന്നുണ്ട്. തികച്ചും അസംബന്ധവും അശാസ്ത്രീയവുമാണ് ഇത്തരം വിഭജനങ്ങളെല്ലാം. സ്ത്രീകളുടെയും പുരുഷന്മാരുടെയും രൂപ പരമായ സവിശേഷതകളാണ് വാത്സ്യായനന്റെ മാനദണ്ഡങ്ങള്‍. പില്‍ക്കാലത്ത് രചിക്കപ്പെട്ട ഗീതാഗോവിന്ദം എന്ന കൃതിയും വാത്സ്യായനനെ ചുവടുപിടിച്ച് എഴുതിയതാണ്. ജയദേവനാണ് ഇതിന്റെ കര്‍ത്താവ്. സ്ത്രീകളായിരുന്നാലും പുരുഷന്മാരായിരുന്നാലും രൂപപരമായ സവിശേഷതകള്‍ ആണ് അവരുടെ ലൈംഗികതയെ നിര്‍ണയിക്കുന്നത് എന്ന് കാമശാസ്ത്രം പറയുന്നു. ഒരു സ്ത്രീ തന്നെ പ്രായവ്യത്യാസം വരുമ്പോള്‍ രൂപത്തില്‍ അസാധാരണമാംവിധം മാറാറുണ്ട് എന്നത് നമുക്കെല്ലാവര്‍ക്കുമറിയാവുന്നതാണ്. മാത്രമല്ല ജനിതകപരമായ സവിശേഷതകളെക്കുറിച്ചൊന്നും തീരെ അറിവില്ലാതിരുന്ന വാത്സ്യായനന് സ്ത്രീകളുടെ പ്രത്യേകതകളെക്കുറിച്ച് അറിയാന്‍ സാധ്യമല്ല.

ഹസ്തരേഖാശാസ്ത്രംപോലെ അസംബന്ധമായ ഒരു ശാസ്ത്രമാണ് കാമശാസ്ത്രവും. തീര്‍ത്തും മുന്‍ധാരണകളാണ്. കൃത്യമായി പറഞ്ഞാല്‍ പുരുഷമുന്‍ധാരണകളാണ് കാമശാസ്ത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. പ്രാചീനകാലംമുതല്‍ സമൂഹം സ്ത്രീയെ അസ്പൃശ്യയായും വര്‍ജിക്കപ്പെടേണ്ടവളായും കരുതിയിരുന്നുവെന്നാണ് ഫ്രോയിഡ് തന്റെ "ഓണ്‍ സെക്ഷ്വാലിറ്റി" എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. രക്തഭീതിയും മറ്റും ഇതിന് കാരണമായിരുന്നു എന്നും ഫ്രോയിഡ് പറയുന്നതിനെക്കുറിച്ച് നേരത്തെ പരാമര്‍ശിച്ചുകഴിഞ്ഞു. എന്നാല്‍ പ്രാചീനകാലം എന്ന് ഫ്രോയിഡ് പറയുന്നത് സംശയാസ്പദമാണ്. കാരണം പ്രാചീനകമ്യൂണിസം എന്ന് മാര്‍ക്സും എംഗല്‍സും വിശേഷിപ്പിക്കുന്ന സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് സൂക്ഷ്മമായ അറിവുകള്‍ അപര്യാപ്തമാണ്.

പുരുഷനും സ്ത്രീയും തമ്മിലുള്ള ലിംഗപരമായ വിഭജനം പ്രാചീന സാമൂഹ്യദശയില്‍ വളരെസവിശേഷതകളോടെയാണ് നിലനിന്നത്. വിവാഹം, കുടുംബം, സ്വകാര്യസ്വത്ത് ഇവയൊന്നുംതന്നെ രൂപംകൊണ്ടിട്ടില്ലാത്ത പ്രാചീനദശയില്‍ നിലനിന്നിരുന്ന ആണ്‍-പെണ്‍ വിഭജനം വളരെ അയവേറിയതും തുല്യതയില്‍ അധിഷ്ഠിതവുമായിരുന്നു. അത്തരമൊരുഘട്ടത്തില്‍ സ്ത്രീയെ അസ്പൃശ്യയായും വര്‍ജിക്കപ്പെടേണ്ടവളായും പുരുഷന്മാര്‍ കാണേണ്ട ഒരു സാഹചര്യവുമില്ല. ലൈംഗികവിലക്കുകളെപ്പറ്റി പ്രതിപാദിക്കുന്ന ഘട്ടത്തില്‍ പ്രാചീനഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഫ്രോയിഡ് പറയുന്നത്. പ്രാചീനഗോത്രവര്‍ഗം എന്നതുകൊണ്ട് ഫ്രോയിഡ് ഉദ്ദേശിക്കുന്നത് എന്താണ് എന്നത് അവ്യക്തമാണ്. സമൂഹം ഗോത്രങ്ങളായി രൂപംകൊള്ളുന്നതിന് മുമ്പുള്ള മനുഷ്യാവസ്ഥ എന്തായിരുന്നുവെന്നതിനെക്കുറിച്ച് ഫ്രോയിഡ് ശാസ്ത്രീയമായി പ്രതിപാദിച്ചുകാണുന്നില്ല. ഗോത്രവര്‍ഗരൂപത്തില്‍ സമൂഹം സംഘടിപ്പിക്കപ്പെടുന്നതിനുമുമ്പ് ഒരു കാലഘട്ടമുണ്ടായിരുന്നു. നാടോടികളായി അലയുന്ന മനുഷ്യരുടെ സമൂഹമായിരുന്നു അത്. അതുപോലെ വനാന്തരങ്ങളില്‍നിന്നും വനാന്തരങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കിരാതസമൂഹ ഘട്ടവും ഉണ്ടായിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടിയും അവയോട് എതിരിട്ടും ആണ് പ്രാചീനമനുഷ്യന്‍ ജീവിച്ചത്. അത്തരമൊരു ഘട്ടത്തിലെ മനുഷ്യര്‍ അതായത് മൃഗങ്ങളെ വെട്ടിവീഴ്ത്തിയും അമ്പെയ്ത് കൊന്നും ജീവിച്ചിരുന്ന മനുഷ്യര്‍, സ്ത്രീകളുടെ ആര്‍ത്തവരക്തം കണ്ടാല്‍ ഭയപ്പെടും എന്നുപറയുന്നത് അടിസ്ഥാനരഹിതമാണ്. ഘോരവനാന്തരങ്ങളില്‍ ജീവിച്ചിരുന്ന ഉയര്‍ന്ന കായികശേഷിയുണ്ടായിരുന്ന ആദിമ മനുഷ്യരുടെ ഇടയില്‍ സ്ത്രീ ഭീതി ഉണ്ടായിരുന്നുവെന്നത് ഫ്രോയിഡിന്റെ ഒരു മുന്‍ധാരണയായി മാത്രം കാണാവുന്നതാണ്.

പ്രാചീനമനുഷ്യരുടെ ഇടയില്‍ പലതരം അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നുവെന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ ശക്തമായ ലൈംഗികചോദനയും പ്രണയാഭിലാഷവും ആദിമസമൂഹങ്ങളിലും നിലനിന്നിരുന്നുവെന്നതുകൊണ്ടുതന്നെ സ്ത്രീഭീതിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ആദിമസമൂഹങ്ങള്‍ക്ക് ബാധകമല്ല. സമൂഹത്തിന്റെ അധികാര സംഘടനാരൂപങ്ങള്‍ സ്ത്രീസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കന്യകാത്വം അഥവാ പാതിവ്രത്യം. സ്ത്രീയെ നിര്‍വചിക്കുന്നതിന്റെ അടിസ്ഥാനമാനദണ്ഡമാണ് ചാരിത്ര്യം. ക്രിസ്തുമതത്തിലാണ് പാതിവ്രത്യസങ്കല്‍പ്പം അതിന്റെ കേവലമായ രൂപത്തില്‍ നിലനില്‍ക്കുന്നത്. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെതന്നെ ആജീവനാന്തം ബ്രഹ്മചാരികളായി അഥവാ കന്യകകളായി ജീവിക്കുന്ന സവിശേഷരീതി ക്രിസ്തുമതം സാര്‍വലൗകികമാക്കി. മധ്യകാലഘട്ടത്തില്‍ ക്രിസ്ത്യന്‍ സന്യാസിനിമാരുടെ മഠങ്ങള്‍ കുത്തഴിഞ്ഞ ലൈംഗികജീവിതത്തിന്റെ താവളമായി മാറിയെന്നത് മറ്റൊരു കഥ.

വിഖ്യാത എഴുത്തുകാരനായ ബോക്കാഷ്യോ ഡി കാമറണ്‍ കഥകളില്‍ ഇത് പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലും വിശേഷിച്ച് ബുദ്ധമതത്തിലും പാതിവ്രത്യസങ്കല്‍പ്പത്തിന് മുന്‍തൂക്കംനല്‍കിയിരുന്നു. ക്രിസ്ത്യന്‍ സന്യാസിനിമാര്‍ക്ക് സമാനമായ ഒരു ജീവിതമാണ് ബുദ്ധ-ജൈന സന്യാസിനിമാര്‍ അവരുടെ ആശ്രമങ്ങളില്‍ നയിച്ചിരുന്നത്. എന്നാല്‍ സവര്‍ണഹിന്ദുസമൂഹങ്ങളിലും സവര്‍ണേതര ഹിന്ദുസമൂഹങ്ങളിലും നിലനിന്നുവരുന്ന പാതിവ്രത്യസങ്കല്‍പ്പം എന്നത് ഇതില്‍നിന്ന് ഭിന്നമാണ്. പതിവ്രതയായ ഭാര്യ എന്ന സങ്കല്‍പ്പം കന്യക എന്നതിന് നേരെ വിപരീതമാണ്. ഒരു ഭര്‍ത്താവിനുമാത്രം വിധേയപ്പെട്ടുകൊണ്ട് ജീവിതകാലം മുഴുവന്‍ ലൈംഗികാടിമത്തം അനുഭവിക്കുന്ന കൃത്യമായിപ്പറഞ്ഞാല്‍ ലൈംഗിക സ്വാതന്ത്ര്യമില്ലാത്ത അഥവാ ജനാധിപത്യപരമായ ലൈംഗിക ജീവിതമില്ലാത്ത അവസ്ഥയെയാണ് പതിവ്രതയായഭാര്യ എന്ന സങ്കല്‍പ്പം അര്‍ഥമാക്കുന്നത്. എന്നാല്‍ അതില്‍മാത്രം ഒതുങ്ങുന്നതല്ല പാതിവ്രത്യസങ്കല്‍പ്പം. വിവാഹത്തിന് മുമ്പ് പരപുരുഷന്മാരുമായി രതിബന്ധംമാത്രമല്ല പ്രണയബന്ധംപോലും സ്ഥാപിക്കാന്‍ പാടില്ല എന്നതാണ് പാതിവ്രത്യസങ്കല്‍പ്പത്തിന്റെ അടിസ്ഥാനം. പതിവ്രതയായ സ്ത്രീ എന്നാല്‍ അതാണര്‍ഥം. പുരുഷന്റെ സ്വാര്‍ഥതയാണ് പാതിവ്രത്യസങ്കല്‍പ്പത്തിന് അടിസ്ഥാനമെന്നാണ് ഫ്രോയിഡ് പറയുന്നത്. ഈ സ്വാര്‍ഥതയാണ് ഏകപത്നീ വിവാഹവ്യവസ്ഥയ്ക്കും അടിസ്ഥാനം എന്നാണ് ഫ്രോയിഡിന്റെ നിഗമനം.

ഇവിടെ ഒരു വൈരുധ്യമുണ്ട്. ഒന്നിലധികം സ്ത്രീകളെ വിവാഹംചെയ്യുമ്പോള്‍ പുരുഷന്റെ താല്പര്യങ്ങള്‍ കൂടുതല്‍ സാക്ഷാത്ക്കരിക്കുകയാണല്ലോ ചെയ്യുന്നത്. ഒന്നിലധികം സ്ത്രീകളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരുടെ സ്വാര്‍ഥതയാണ് ഒരു സ്ത്രീയെ സ്വന്തമാക്കുന്ന പുരുഷസ്വാര്‍ഥതയെക്കാള്‍ വലുത്. അങ്ങനെ വരുമ്പോള്‍ ബഹുഭാര്യാത്വവ്യവസ്ഥ നിലനിര്‍ത്തുന്നതിനാണ് പുരുഷന്‍ മുന്‍തൂക്കം കൊടുക്കേണ്ടത്. ഇസ്ലാമിക സമൂഹത്തിലും ഹിന്ദുസമൂഹങ്ങളിലും ബഹുഭാര്യാത്വവ്യവസ്ഥ ഇന്നും നിലനില്‍ക്കുന്നു. ഇസ്ലാമിക സമൂഹത്തില്‍ ഇസ്ലാമിക മതനിയമത്തിനനുസരിച്ചാണെങ്കില്‍ ഹിന്ദു സമൂഹങ്ങളില്‍ യാതൊരു നിയമത്തിന്റെയും പിന്‍ബലമില്ലാതെ ഇത് പിന്തുടരുന്നു. അപ്പോള്‍ പുരുഷന്റെ സ്വാര്‍ഥതയാണ് ഏകപത്നീസങ്കല്‍പ്പത്തിന്റെ അടിസ്ഥാനം എന്നുപറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ബഹുഭാര്യത്വത്തിലാണ് പുരുഷന്റെ സ്വാര്‍ഥത കൂടുതല്‍ പൂവണിയുന്നത്. ഒന്നിലധികം സ്ത്രീകളെ വിവാഹംകഴിക്കുന്ന വ്യവസ്ഥയില്‍തന്നെ ഒരു ഭര്‍ത്താവിന് തന്റെ ഭാര്യമാരില്‍ പാതിവ്രത്യം എന്ന സങ്കല്‍പ്പം അടിച്ചേല്‍പ്പിക്കാവുന്നതാണ്. രാജഭരണവ്യവസ്ഥയില്‍ രാജ്ഞിപദവും മറ്റ് പിന്‍തുടര്‍ച്ചാവകാശങ്ങളും നഷ്ടപ്പെട്ടുപോവാതിരിക്കാന്‍ ചില രാജകുടുംബങ്ങളും രാജവംശങ്ങളും ശ്രമം നടത്തിയിരുന്നു. സ്വകാര്യ സ്വത്തുടമാബന്ധവുമായി ഇഴചേര്‍ന്നുപോകുന്നതാണ് ഏകപത്നീവ്യവസ്ഥ എന്നുകാണാം. ജനസമൂഹങ്ങളില്‍ ഏകഭാര്യാത്വത്തിന് സാര്‍വത്രികത കൈവരാന്‍ അതൊരു പ്രധാനപ്പെട്ട കാരണമാണ്. രണ്ടാമതായി എടുത്തുപറയേണ്ടത് സമൂഹത്തിലെ സ്ത്രീ-പുരുഷ അനുപാതമാണ്. ജനസംഖ്യയില്‍ സ്ത്രീകളും പുരുഷന്മാരും ഏതാണ്ട് തുല്യമാവുമ്പോള്‍ പുരുഷസ്വാര്‍ഥതയ്ക്ക് അതീതമായി ഏകഭാര്യാവ്യവസ്ഥ പ്രയോഗത്തില്‍ വരുന്നു. സ്ത്രീപുരുഷ അനുപാതത്തിന് താളംതെറ്റുമ്പോള്‍ ഇത് മാറുന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ പ്രവാചകന്‍ മുഹമ്മദ്നബിയുടെ കാലത്ത് ബഹുഭാര്യാത്വം നിലനില്‍ക്കാനുള്ള കാരണം അതായിരുന്നു. പ്രവാചകന്‍തന്നെ ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. ഏകപത്നീവ്യവസ്ഥ അഥവാ പുരുഷ കേന്ദ്രിതമായ ദാമ്പത്യവ്യവസ്ഥ നിലനില്‍ക്കവേ തന്നെയാണ് അപ്രഖ്യാപിതമായ ബഹുഭാര്യാത്വം പുരുഷന്മാര്‍ പിന്‍തുടരുന്നതും. ഒന്നിലേറെ സ്ത്രീകളെ വിവാഹംചെയ്തിരുന്ന രാജാക്കന്മാരുടെയും മറ്റ് വീരപുരുഷന്മാരുടെയും ജീവിതമാതൃക ഒരിക്കലും പാതിവ്രത്യമനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്ക് കളങ്കമായിരുന്നില്ല എന്നതാണ് രസകരം. കാരണം പാതിവ്രത്യമെന്നത് പുരുഷന് ബാധകമല്ല. അത് സ്ത്രീക്ക് മാത്രം ബാധകമായ ഒന്നാണ്. ഒരു കുടുംബത്തില്‍തന്നെ ഒരാള്‍ പതിവ്രതയും മറ്റൊരാള്‍ അതിന് നേരെവിപരീതത്തില്‍ ജീവിക്കുന്നു. അത് ആ കുടുംബത്തിന്റെ യശ്ശസ്സിന് മങ്ങലേല്‍പ്പിക്കുന്നില്ല. കാരണം കുടുംബത്തിന്റെ ആഭിജാത്യവും അന്തസ്സും പടുത്തുയര്‍ത്തപ്പെട്ടത് രണ്ട് സ്തംഭങ്ങളുടെ മേലാണ്. ഒന്ന് പാതിവ്രത്യമാണെങ്കില്‍ മറ്റേത് നഗ്നമായ വ്യഭിചാരം. നൂറിലധികം സ്ത്രീകളെ വിവാഹംകഴിച്ച് ജീവിക്കുന്ന രാജാക്കന്മാരുടെ വംശീയ മഹിമകൊണ്ട് ശ്രദ്ധേയമാണ് ഇന്ത്യയുടെ ചരിത്രം. ലോകത്തിന്റെ ചരിത്രവും അതുതന്നെ. ഇങ്ങനെ കുടുതല്‍ സ്ത്രീകളെ വിവാഹംകഴിക്കുന്ന രാജാക്കന്മാര്‍ ശ്രീരാമനെപ്പോലെതന്നെ പ്രകീര്‍ത്തിക്കപ്പെടുന്നു. അത് പുരുഷന്റെ മഹത്വത്തിന്റെ അളവുകോലായി മാറുന്നു. പാതിവ്രത്യം സ്ത്രീയുടെയും. അങ്ങനെ തികച്ചും യുക്തിക്ക് നിരക്കാത്തതും അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ ഒന്നായി പാതിവ്രത്യം എന്ന സങ്കല്‍പ്പം മനുഷ്യസമൂഹത്തില്‍ നിലനിന്നുപോരുന്നു. തന്റെ ഭാര്യമാരുടെ ജനനേന്ദ്രിയം ബെല്‍റ്റുകൊണ്ട് ഭദ്രമാക്കിക്കെട്ടുന്ന സമ്പ്രദായം സമൂഹത്തില്‍ നിലനിന്നിരുന്നു. യൂറോപ്യന്‍രാജ്യങ്ങളിലാണ് ഇത്തരം സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നത്. ചാസ്റ്റിറ്റി ബെല്‍റ്റ് അഥവാ ചാരിത്ര്യപ്പട്ട എന്നാണിതിന്റെ പേര്. ഇരുമ്പുകൊണ്ടും സ്വര്‍ണംകൊണ്ടും ദന്തങ്ങള്‍ക്കൊണ്ടും ആണ് ചാരിത്ര്യപ്പട്ടകള്‍ നിര്‍മിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവാചാര്യനായ വോള്‍ട്ടയര്‍ ചാരിത്ര്യപ്പട്ടയെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൊതുസമൂഹം ഇത്തരത്തിലുള്ള ചാരിത്ര്യപ്പട്ടകള്‍ ഉപയോഗിച്ചിരുന്നില്ല. സദാചാരത്തെക്കുറിച്ചും കന്യകാത്വത്തെക്കുറിച്ചുമുള്ള മതാത്മകവും ആദര്‍ശാത്മകവുമായ ആശയങ്ങളും മൂല്യങ്ങളും സ്ഥായിയായ ഒരു ചാസ്റ്റിറ്റിബല്‍ട്ടായി സമൂഹത്തില്‍ വര്‍ത്തിക്കുന്നു.

പുരുഷാധിഷ്ഠിതവും സ്ത്രീവിരുദ്ധവുമായ ഈ സങ്കല്‍പ്പനങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് ചില സ്ത്രീവാദികള്‍പോലും സ്ത്രീപ്രശ്നങ്ങളെയും ലൈംഗികതയെയും വിശകലനം ചെയ്യുന്നത് എന്നതാണ് വൈരുധ്യം. പാതിവ്രത്യസങ്കല്‍പ്പം ലൈംഗികജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ഫ്രോയിഡ് സൂക്ഷ്മമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പാതിവ്രത്യസങ്കല്‍പ്പമനുസരിച്ച് സ്ത്രീ എന്നും ചാരിത്ര്യശുദ്ധി സംരക്ഷിക്കണം. ചാരിത്ര്യശുദ്ധിസങ്കല്‍പ്പം പ്രകൃതിവിരുദ്ധവും കൃത്രിമവുമായ ഒന്നാകയാല്‍ അത് സ്വച്ഛന്ദമായ ലൈംഗിക ജീവിതത്തെയും ലൈംഗികാഹ്ലാദങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും മാനസിക ഷണ്ഡത്വത്തിന് പാതിവ്രത്യസങ്കല്‍പ്പമനുസരിച്ചുള്ള പരമ്പരാഗത കുടുംബജീവിതം വഴിതെളിയിക്കുന്നു. സ്നേഹവും ഭോഗതൃഷ്ണ അഥവാ കാമവും എന്ന വിഭജനം പാതിവ്രത്യമെന്ന സങ്കല്‍പ്പത്തിന്റെ സൃഷ്ടിയാണ്. പ്രണയവും കാമവും യഥാര്‍ഥത്തില്‍ പരസ്പരപൂരകമായ വൈകാരികപ്രതിഭാസമാണ്. ഡെല്യൂസ് ഡിസയര്‍ എന്ന് വിശേഷിപ്പിക്കുന്ന വൈകാരികസംയുക്തമാണത്. ലിബിഡോ എന്ന് മനഃശാസ്ത്രത്തില്‍ പറയുന്ന സെക്ഷ്വല്‍ എനര്‍ജി അവിഭജിതമാണ്. അത് വെണ്ണയും നറുനെയ്യുമെന്നപോലെ ഒരൊറ്റസംയുക്തമാണ്. ലൈംഗിക വിലക്കുകളാണ്, ലൈംഗികവിലക്കുകള്‍ സൃഷ്ടിക്കുന്ന വൈകാരികപ്രത്യാഘാതങ്ങളുടെ തീവ്രതയാണ് ഈ വെണ്ണയെയും നറുനെയ്യിനെയും വേര്‍തിരിക്കുന്നത്. കാമിക്കുന്നവരെ പ്രണയിക്കാനും പ്രണയിക്കുന്നവരെ കാമിക്കാനും കഴിയാത്ത മാനസിക അവസ്ഥയെയാണ് ഫ്രോയിഡ് മാനസികഷണ്ഡത്വം എന്നുപറയുന്നത്. അഗമ്യഗമന അഭിലാഷവും ലൈംഗികവിലക്കുകളും മാന്യതാസങ്കല്‍പ്പവും ആദര്‍ശവല്‍ക്കരണവും വ്യക്തികളുടെ സ്വച്ഛന്ദമായ ഇച്ഛകളെ അസ്വസ്ഥമാക്കുന്നു. ഒരു നടന്റെ ഭാവങ്ങള്‍ സ്വച്ഛന്ദമായി പ്രകാശിപ്പിക്കപ്പെടുന്നതുപോലെ സാക്ഷാല്‍ക്കരിക്കപ്പെടേണ്ടതാണ് പ്രണയ-കാമസംയുക്തം. എന്നാല്‍ കുടുംബജീവിതം സൃഷ്ടിക്കുന്ന കൃത്രിമമായ മാന്യതാസങ്കല്‍പ്പവും ആരാധനാ മനോഭാവവും ലൈംഗികതയുടെ അനര്‍ഘളമായ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. സ്ത്രീ ആരാധിക്കപ്പെടേണ്ടവളും പൂജിക്കപ്പെടേണ്ടവളുമായ ദേവിയാണെന്നും അമ്മയാണെന്നുമുള്ള ഓര്‍മപ്പെടുത്തലുകളും മൂല്യങ്ങളും പുരുഷന്മാരുടെ മനസ്സില്‍ ഭാര്യമാരോട് മാതൃസഹജമായ ഒരാഭിമുഖ്യം സൃഷ്ടിക്കുന്നു. പെണ്‍കുട്ടികളില്‍ അല്ലെങ്കില്‍ സ്ത്രീകളില്‍ ഇതേ സമീപനം തന്നെയാണുണ്ടാകുന്നത്. അവര്‍ പിതൃസഹജമായ ആഭിമുഖ്യം ഭര്‍ത്താക്കന്മാരോട് അല്ലെങ്കില്‍ കാമുകന്‍മാരോട് നിലനിര്‍ത്തുന്നു. എന്നാല്‍ ഫ്രോയിഡ് ഈ വിഷയത്തില്‍ നടത്തിയ വിശകലനങ്ങളില്‍ നിര്‍ണായകമായ ഒരു പാളിച്ചയുണ്ട്. അദ്ദേഹത്തിന്റെ വിശകലനമനുസരിച്ച് കുട്ടിക്കാലത്ത് അച്ഛനോട് തോന്നുന്ന മകളുടെ വികാരവും അമ്മയോട് തോന്നുന്ന മകന്റെ വികാരവും ആണ് യഥാക്രമം ഇലക്ട്രാ കോംപ്ലക്സ്, ഈഡിപ്പസ് കോംപ്ലക്സ് എന്നീ പ്രതിഭാസങ്ങള്‍ക്ക് കാരണം. വൈകാരികമായ ആഭിമുഖ്യങ്ങള്‍ സാമൂഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്നതാണ്. ഫ്രോയിഡാവട്ടെ എല്ലാ അമ്മമാരും ആണ്‍മക്കളും തമ്മിലുള്ള ബന്ധത്തെ ചരിത്രനിരപേക്ഷമായി കാണുന്നു.

പാശ്ചാത്യസമൂഹങ്ങളില്‍ വിശേഷിച്ചും ഇന്ന് ഈഡിപ്ലസ് കോംപ്ലക്സിന് പ്രസക്തിയില്ല. ലൈംഗികവിലക്കുകളില്‍നിന്നും നിരോധനങ്ങളില്‍നിന്നും മാത്രമല്ല ഇന്ന് പാശ്ചാത്യസമൂഹങ്ങള്‍ വിമോചിതമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെന്നപോലെ സ്ത്രീകളെ ദേവതകളായി ആരാധിക്കുന്ന പ്രവണതയും അവിടെയില്ല. അതുകൊണ്ടുതന്നെ മാനസികഷണ്ഡത്വത്തിന്റെ സാധ്യതകള്‍ വളരെയധികം കുറഞ്ഞുവരികയാണവിടെ.

പാശ്ചാത്യരുടെ ലൈംഗികബന്ധവും ഇന്ത്യക്കാരുടെ ലൈംഗികബന്ധവും ഘടനാപരമായി വ്യത്യസ്തമാണ്. ചുംബനത്തിന്റെ രീതിമാത്രമെടുത്ത് പരിശോധിച്ചാല്‍ അത് വ്യക്തമാകും. പാശ്ചാത്യചുംബനങ്ങള്‍ ഇന്ത്യക്കാര്‍ കാണുന്നതുവരെ, ഇവിടെ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ചുംബനരീതി ഏകസ്വഭാവത്തിലുള്ളതായിരുന്നു. കുഞ്ഞുങ്ങളെ ചുംബിക്കുന്ന ശൈലിയാണത്. പാശ്ചാത്യചുംബനരീതി എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്ന് ഇന്ത്യക്കാര്‍ അറിഞ്ഞുകഴിഞ്ഞിട്ടും ഇന്നും പരമ്പരാഗത ഇന്ത്യന്‍ ശൈലിതന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഈ വ്യത്യാസം എല്ലാതലങ്ങളിലുമുണ്ട്. സുരക്ഷിതമായ ഭവനങ്ങളില്‍ കുളിമുറികളില്‍പോലും നഗ്നരായി കുളിക്കാന്‍ കഴിയാത്തവിധം അകാരണമായ ലൈംഗികലജ്ജയും സങ്കോചവും ഇന്ത്യക്കാരെ വിശേഷിച്ചും കേരളീയരെ വിട്ടുപോയിട്ടില്ല. നഗ്നതയെ സ്വന്തം കിടപ്പുമുറിയിലും ഭയപ്പെടുന്ന പ്രവണതയായി ഇത് നിലനില്‍ക്കുന്നു. വര്‍ധിച്ചുവരുന്ന വന്ധ്യതയുടെയും ഷണ്ഡത്വത്തിന്റെയും അടിസ്ഥാനകാരണവും ഇതുതന്നെയാണ്.

ഭയഭക്തിബന്ധത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ കുടുംബജീവിതസങ്കല്‍പ്പം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വേറെയുമുണ്ട്. ദാമ്പത്യസംഘര്‍ഷങ്ങള്‍, ലൈംഗിക അസംതൃപ്തി, മയക്കുമരുന്നിന്റെയും മദ്യപാനത്തിന്റെയും സ്വാധീനം, തുടങ്ങിയവയാണവ. നിര്‍ഭയത്വവും സ്വച്ഛന്ദതയും സര്‍ഗാത്മകതയും പൂത്തുലയേണ്ട ലൈംഗികജീവിതത്തില്‍ ഭക്തിയും ആരാധനയും ഭയവും വിലക്കുകളും നിയന്ത്രണങ്ങളും നിരോധനങ്ങളും കടന്നുവരുമ്പോള്‍ എല്ലാം സംഘര്‍ഷഭരിതമാവുന്നു. ഇതിന് കാരണം അമ്മയ്ക്ക് മകനോടോ മകന് അമ്മയോടോ തോന്നുന്നതെന്ന് ഫ്രോയിഡ് കരുതിയ വികാരമല്ല. മറിച്ച് കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും നിലനില്‍ക്കുന്ന ലൈംഗികനിയന്ത്രണാധികാരങ്ങളാണ്. മതാത്മകമായ ചിന്തകളാണ്. ആരാധനാലയവും കിടപ്പറയും ഒരുപോലെയാവുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രത്യാഘാതങ്ങളാണ്. പാശ്ചാത്യസമൂഹങ്ങളിലെ കുടുംബജീവിതത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളെപ്പറ്റി സൂചിപ്പിച്ചു. സ്വച്ഛന്ദമായ ലൈംഗികതയെയും പ്രണയത്തെയും പ്രോത്സാഹിപ്പിക്കുന്ന രീതികളാണവ. ആരാധനകളുടെയും ഭക്തിയുടെയും ബന്ധനങ്ങളുടെയും പിരിമുറുക്കങ്ങളില്ലാത്ത ജനാധിപത്യരീതികളില്‍ അധിഷ്ഠിതമാണത്. അത് തീര്‍ത്തും പുരുഷനിരപേക്ഷവും സ്ത്രീനീതിയില്‍ അധിഷ്ഠിതവും ജനാധിപത്യപരവും ആണ് എന്നല്ല. ഇന്ത്യയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന മതാധിഷ്ഠിത കുടുംബജീവിതത്തില്‍നിന്നും വ്യത്യസ്തമാണ് എന്നാണ് പറയുന്നത്. മതവിശ്വാസങ്ങള്‍ പാശ്ചാത്യസമൂഹങ്ങളിലുമുണ്ട്. എന്നാല്‍ തീക്ഷ്ണമായ മാതൃദേവതാസങ്കല്‍പ്പം അഥവാ അമ്മ സങ്കല്‍പ്പം ഹിന്ദുമതത്തിന്റെ സവിശേഷതയാണ്. അത്തരമൊന്ന് പാശ്ചാത്യസമൂഹങ്ങളില്‍ ഇന്നില്ല. ക്രിസ്തുമതം പിതാവിന് പ്രാധാന്യംകൊടുക്കുന്നതാണ്. അഥവാ പുരുഷന് പ്രാധാന്യംകൊടുക്കുന്നതാണ്. പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്ന ക്രൈസ്തവമതത്തിന്റെ ത്രിത്വസങ്കല്‍പ്പം അടിസ്ഥാനപരമായും പുരുഷസങ്കല്‍പ്പകേന്ദ്രിതമാണ്. അതുകൊണ്ടുതന്നെ ഫ്രോയിഡ് പറയുന്ന ഈഡിപ്പസ് കോംപ്ലക്സ് ക്രിസ്തീയസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കെട്ടുകഥമാത്രമാണ്. മാത്രമല്ല ക്രിസ്ത്യാനികളുടെ ദൈവമെന്ന പുരുഷന്‍ കുടുംബത്തിലും ഭൂമിയിലും നിലകൊള്ളുന്ന പുരുഷനല്ല. ക്രിസ്ത്യാനികള്‍ സ്വന്തം പിതാവിനെ ക്രിസ്തുവായി കാണുന്നില്ല. മാത്രമല്ല അവര്‍ക്കിടയില്‍ അമ്മയെ ദേവിയായി ആരാധിക്കുന്ന സഹോദരനുമില്ല. ദൈവത്തെ പിതാവായി കാണുന്നതും പിതാവിനെ ദൈവമായി കാണുന്നതും വ്യത്യസ്തമാണ്. അതുപോലെതന്നെ ദൈവത്തെ അമ്മയായി കാണുന്നതും അമ്മയെ ദൈവമായി കാണുന്നതും വ്യത്യസ്തമാണ്. ഇന്ത്യക്കാര്‍ അഥവാ ഹിന്ദുക്കള്‍ പൊതുവില്‍ അമ്മയെ അല്ലെങ്കില്‍ സ്ത്രീയെ ദേവിയായി ആരാധിക്കുന്നു. പാശ്ചാത്യരുടെ ഇടയില്‍ ഈ രീതി യില്ലാത്തതുകൊണ്ട് അവരുടെ കുടുംബജീവിതം താരതമ്യേന ആത്മീയതയില്‍ അധിഷ്ഠിതമല്ലാത്തതും ശാസ്ത്രീയ യുക്തികള്‍ക്കനുസരിച്ച് നീങ്ങുന്നതുമാണ്. മതവിശ്വാസങ്ങള്‍ ഇപ്പോഴും അവരുടെ കുടുംബങ്ങളില്‍ നിര്‍ണായകമാണെങ്കിലും ലൈംഗികജീവിതത്തെ അത് സാരമായി ബാധിക്കുന്നില്ല. പാപചിന്തകളും കുമ്പസാരങ്ങളും ക്രിസ്തീയകുടുംബങ്ങളെ ഇന്നും പാരതന്ത്ര്യത്തില്‍ തളച്ചിടുന്നതാണെങ്കിലും ഹിന്ദുകുടുംബജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ അതവരുടെ ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കുന്നില്ല എന്നുപറയേണ്ടിയിരിക്കുന്നു. അതിന് കാരണം ആധുനിക ശാസ്ത്രത്തിന്റെ പല ക്രിയാത്മക വശങ്ങളും പല ജനാധിപത്യ ഘടകങ്ങളും ഇന്ന് പാശ്ചാത്യസമൂഹങ്ങളില്‍ പ്രചരിച്ചതാണ്. കുട്ടികളെ വളര്‍ത്തുന്ന രീതി, ആണ്‍ പെണ്‍ ബന്ധങ്ങള്‍ എന്നിവയിലെല്ലാം പാശ്ചാത്യസമൂഹങ്ങളില്‍ ഇന്ന് പ്രകടമാവുന്ന ക്രിയാത്മക രീതികളാണതിനടിസ്ഥാനം. അതിവൈകാരികതയിലധിഷ്ഠിത മല്ലാത്ത ബന്ധമാണ് പാശ്ചാത്യര്‍ കുട്ടികളോട് നിലനിര്‍ത്തുന്നത്. ഇത് പലപ്പോഴും ഇന്ത്യക്കാരുടെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. കുട്ടികളെ അമിതമായി സ്നേഹിക്കാതിരിക്കുക, അവരെ അനാവശ്യമായി നിരീക്ഷിക്കാതിരിക്കുക, കഠിനമായി ശിക്ഷിക്കാതിരിക്കുക തുടങ്ങിയ പലകാര്യങ്ങളിലും മെച്ചപ്പെട്ട രീതികളാണ് ഇന്നവര്‍ പിന്‍തുടരുന്നത്. മേല്‍പ്പറഞ്ഞ രീതികള്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വിഖ്യാത മനഃശാസ്ത്രജ്ഞനായ എറിക് ഫ്രോം "ആര്‍ട്ട് ഓഫ് ലവിങ്" എന്ന ഗ്രന്ഥത്തില്‍ സ്നേഹത്തെ എങ്ങനെ സര്‍ഗാത്മകമായ ഒരു പ്രയോഗമായി വികസിപ്പിക്കാം എന്ന് വിശദീകരിക്കുന്നുണ്ട്. മുകളില്‍ വിശദീകരിച്ച പാശ്ചാത്യകുടുംബങ്ങളിലെ പ്രവണതകള്‍ എറിക് ഫ്രോം പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.

മതാത്മകവികാരത്തെയും സ്നേഹത്തെയും വേര്‍പെടുത്തുക എന്നതാണ് എറിക് ഫ്രോമിന്റെ രീതി. ആത്മ രതി, പരപീഡാരതി എന്നിവയില്‍നിന്നെല്ലാം വിമോചിതമായ സ്നേഹത്തെയാണ് എറിക് ഫ്രോം വിഭാവനം ചെയ്യുന്നത്. ഇന്ന് സ്നേഹമെന്ന പേരില്‍ തീക്ഷ്ണമാവുന്ന വികാരങ്ങളില്‍ ഫ്രോം വിമര്‍ശിക്കുന്ന മതാത്മകവികാരങ്ങളുടെ സ്വാധീനം പ്രകടമാണ്. ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, ആത്മപീഡ, എന്നിവയെല്ലാം കുടുംബങ്ങളില്‍ വര്‍ധിച്ചുവരുന്നതിന്റെ ഉത്തരവാദിത്തം സ്നേഹത്തിലേക്ക് അരിച്ചിറങ്ങിയ മതാത്മകമായ കലര്‍പ്പുകളാണ്. കുട്ടികളെയായാലും ഇണകളെയായാലും സ്നേഹിക്കുന്നത് സ്വന്തം ആത്മസംതൃപ്തിക്കുവേണ്ടിയാണ് എന്ന് വരുമ്പോള്‍ സ്നേഹം എത്ര തീവ്രമായിരുന്നാലും അത് സ്നേഹിക്കപ്പെടുന്നവര്‍ക്ക് ദോഷകരമാവുന്നു. ഈ ലളിതമായ സത്യമാണ് പലപ്പോഴും വിസ്മരിക്കപ്പെടുന്നത്. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെയാണ് നാം പലപ്പോഴും സ്വന്തം ആശയങ്ങളെന്നു പറയുന്നത്. അല്ലെങ്കില്‍ അഭിപ്രായങ്ങളെന്ന് പറയുന്നത്. ഇഷ്ടാനിഷ്ടങ്ങളെ യുക്തിവല്‍ക്കരിക്കുക എന്നതാണ് നമ്മുടെ തത്വശാസ്ത്രം. ഇഷ്ടാനിഷ്ടങ്ങളെ ഇഷ്ടാനിഷ്ടങ്ങളായി മാത്രം നിലനിര്‍ത്തുകയും ആശയങ്ങളെ ആശയങ്ങളായിത്തന്നെ സമീപിക്കുകയും ചെയ്യുക എന്ന രീതി നാമിനിയും അവലംബിച്ചുകാണുന്നില്ല. ഒരാള്‍ക്ക് കുരങ്ങനെ ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കുരങ്ങനില്‍നിന്ന് മനുഷ്യന്‍ പരിണമിച്ചുവെന്ന അഭിപ്രായത്തെ എതിര്‍ക്കുന്നത് അസംബന്ധമാണ്

ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്നുവരുന്ന ഒരു കുടുംബസംവിധാനത്തില്‍ അല്ലെങ്കില്‍ കുടുംബരഹിത സംവിധാനത്തില്‍ ഇന്ന് കാണുന്ന സംഘര്‍ഷങ്ങളും പ്രശ്നങ്ങളും ഉണ്ടാവുകയില്ല. സ്നേഹം ജനാധിപത്യാധിഷ്ഠിതമാവുമ്പോള്‍ മാത്രമേ അത് സര്‍ഗാത്മകമാവുകയുള്ളൂ. അതുപോലെതന്നെ ജനാധിപത്യം സ്നേഹാധിഷ്ഠിതമാവുമ്പോള്‍ മാത്രമേ അത് യഥാര്‍ഥ ജനകീയ ജനാധിപത്യമാവുകയുള്ളൂ. സ്നേഹരഹിതമായ ജനാധിപത്യം ന്യൂനപക്ഷത്തിന്റെ അധികാരപ്രയോഗമായി അധഃപതിക്കുന്നതുപോലെ ജനാധിപത്യരഹിതമായ സ്നേഹം ഗുണഭോക്താക്കള്‍ക്ക് വിദ്വേഷം സമ്മാനിക്കുന്ന വികാരമായി തരംതാഴും. പ്രണയവും ജനാധിപത്യവും സംയോജിക്കുമ്പോഴാണ് യഥാര്‍ഥ സര്‍ഗാത്മക സമൂഹം സൃഷ്ടിക്കപ്പെടുന്നത്.

രതിയുടെ മനഃശാസ്ത്രം വിശകലനം ചെയ്യുമ്പോള്‍ ഫ്രോയിഡ് ലൈംഗികവ്യതിയാനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഈ വ്യതിയാനങ്ങളെല്ലാംതന്നെ ലൈംഗികവിലക്കുകളുടെ ഫലമായി രൂപം കൊണ്ടതാണ് എന്നാണ് ഫ്രോയിഡിന്റെ അഭിപ്രായം. ഇതിനെ പൊതുവില്‍ പ്രകൃതിവിരുദ്ധ ലൈംഗികത എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ സ്വവര്‍ഗാനുരാഗവും ഉഭയലൈംഗികാസക്തിയും ഇന്ന് പ്രകൃതിവിരുദ്ധ ലൈംഗികതയായി വിശേഷിപ്പിക്കപ്പെടുന്നില്ല. ഭിന്നലൈംഗികത എന്ന ഗണത്തിലാണ് ഇന്ന് ഇത് പരിഗണിക്കപ്പെടുന്നത്. വിശ്വപ്രസിദ്ധ യവനകവയിത്രിയായിരുന്ന സാഫോയും വിഖ്യാത യവനചിന്തകനായിരുന്ന സോക്രട്ടീസും സ്വവര്‍ഗാനുരാഗികളായിരുന്നുവെന്ന് പറയപ്പെടുന്നു. ഭരണകൂടത്തെ പ്രകോപിപ്പിക്കുന്ന ചിന്തകന്മാരും പ്രതിഭാശാലികളും പലപ്പോഴും ഈ ആരോപണം നേരിട്ടിട്ടുണ്ട്. ലിംഗകേന്ദ്രിതമായ രതിസങ്കല്‍പ്പം സൃഷ്ടിക്കുന്ന കുരുക്കാണിത്. ഇതനുസരിച്ച് അഥവാ ഈ യാഥാസ്ഥിതിക സങ്കല്‍പ്പമനുസരിച്ച് ആണ് പെണ്ണിനെയും പെണ്ണ് ആണിനെയും മാത്രമേ കാമിക്കുന്നുള്ളൂ. അല്ലെങ്കില്‍ പ്രണയിക്കുന്നുള്ളൂ. മനുഷ്യസമൂഹം അതിന്റെ ദീര്‍ഘകാലചരിത്രത്തിലൂടെ പ്രകടമാക്കിയ ആത്മബന്ധങ്ങളുടെ യാഥാര്‍ഥ്യത്തെ തമസ്കരിക്കുന്ന സമീപനമാണിത്. സ്വവര്‍ഗാനുരാഗത്തെയും സ്വയംഭോഗത്തെയും ലൈംഗികവ്യതിയാനമായി വിലയിരുത്തുന്ന പ്രവണതയ്ക്ക് ശാസ്ത്രീയാടിത്തറ നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായി. മാനസിക വൈകല്യമായിട്ടാണ് ആധുനിക മനഃശാസ്ത്രം ഇന്നും ഇതിനെ വിലയിരുത്തുന്നത്. ആധുനിക മനഃശാസ്ത്രവും ക്രിമിനല്‍ വ്യവസ്ഥയും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മിഷേല്‍ ഫൂക്കോ "അബ്നോര്‍മല്‍" എന്ന കൃതിയില്‍ വിശദീകരിക്കുന്നുണ്ട്. എതിര്‍ലിംഗത്തില്‍പ്പെട്ടവരോടും സ്വഗണത്തില്‍പ്പെട്ടവരോടും ഒരുപോലെ താല്പര്യമുള്ളവരാണ് ഉഭയലൈംഗികാസക്തര്‍. ഉഭയലിംഗത്വം അഥവാ ബൈസെക്ഷ്വാലിറ്റി എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണെന്ന് ആധുനികമനഃശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും ഫ്രോയിഡ് അതിനെ പ്രകൃതിവിരുദ്ധലൈംഗികതയുടെ ഗണത്തിലാണ് പെടുത്തിയത്.  മനുഷ്യന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കുട്ടികള്‍ ഏത് ലിംഗത്തില്‍പ്പെട്ടവരായാലും ലൈംഗികാവയവങ്ങള്‍ ഒരുപോലെയായിരിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. സ്ത്രൈണഹോര്‍മോണുകളും പുരുഷഹോര്‍മോണുകളും ഒരേ മനുഷ്യനില്‍ത്തന്നെ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും ശാസ്ത്രീയമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. നേരത്തെ സൂചിപ്പിച്ച അര്‍ധനാരീശ്വര സങ്കല്‍പ്പമെന്ന മിത്തിലെ യാഥാര്‍ഥ്യത്തിന്റെ ഒരു തലമാണിത്. ഉഭയലിംഗപ്രവണത എല്ലാ വ്യക്തികളിലും ജനിക്കുന്ന ഘട്ടത്തില്‍ ഉണ്ടാവുമെന്ന് ഫ്രോയിഡ് പറയുന്നുണ്ട്.

സാമ്പ്രദായികമായ ലൈംഗികനിര്‍വചനങ്ങള്‍ ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളെയും സാമൂഹിക യാഥാര്‍ഥ്യങ്ങളെയും നിരാകരിക്കുന്നതാണ്. വളരെക്കാലം സ്വയംഭോഗം എന്നത് ഒരു കുറ്റമായും മാനസികവൈകല്യമായും ഭരണകൂടം കണക്കാക്കിയിരുന്നു. മതപരമായ സങ്കല്‍പ്പങ്ങളും അന്ധവിശ്വാസങ്ങളും കൂടിച്ചേര്‍ന്ന് സ്വയംഭോഗത്തെ പാപമായി പരിഗണിക്കാന്‍ തുടങ്ങി. ഇതിന്റെ വിശദാംശങ്ങള്‍ ഫൂക്കോയുടെ അബ്നോര്‍മല്‍ എന്ന കൃതിയില്‍ കാണാവുന്നതാണ്. ലൈംഗികതയെ നിര്‍വചിക്കുന്നതില്‍ ഭരണകൂടവും മതമേധാവികളും വാത്സ്യായനനെ പോലുള്ള കാമശാസ്ത്രകാരന്മാരും ആധുനിക മനഃശാസ്ത്രവും ഉത്സാഹം കാണിച്ചു. വാത്സ്യായനന്റെ കൃതിയെ ഒരു ശാസ്ത്രഗ്രന്ഥമായിട്ടാണ് ഭാരതീയര്‍ കണ്ടത്. എന്നാല്‍ ശാസ്ത്രീയയുക്തികള്‍ക്ക് നിരക്കാത്ത രീതിയിലാണ് വാത്സ്യായനന്‍ ലൈംഗികതയെ നിര്‍വചിച്ചത്. ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടാന്‍ കാരണം ആധികാരികമെന്ന രീതിയില്‍ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ്. അറേബ്യന്‍ കാമശാസ്ത്രം ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. ആര്‍ത്തവരക്തം മണ്ണില്‍ത്തളിച്ചാല്‍ കൂടുതല്‍ വിളവുകളുണ്ടാകുമെന്ന് ഗോത്രവര്‍ഗ കര്‍ഷകര്‍ വിശ്വസിക്കുന്നുണ്ട്. പുത്രകാമേഷ്ടി, സര്‍വകാമേഷ്ടി തുടങ്ങിയ യാഗങ്ങള്‍ പ്രാചീന ഇന്ത്യയില്‍ വളരെ പ്രചാരംനേടിയിരുന്നു. ചത്ത കുതിരയുമായി സ്ത്രീകള്‍ സംഭോഗത്തിലേര്‍പ്പെട്ടാല്‍ കുട്ടികളുണ്ടാവുമെന്ന ധാരണ ഇവിടുത്തെ രാജാക്കന്മാര്‍ വച്ചുപുലര്‍ത്തി. അങ്ങനെ അതുമായി ബന്ധപ്പെട്ട യാഗത്തില്‍ രാജ്ഞിമാര്‍ പരസ്യമായി അശ്വസംഭോഗം നടത്തി. ആര്‍ത്തവം, ഗര്‍ഭധാരണം, ഗര്‍ഭഛിദ്രം, കന്യാചര്‍മഭേദനം തുടങ്ങി പല വിഷയങ്ങളിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കപ്പെട്ടു.

ഹിന്ദുക്കളും ബുദ്ധജൈനസന്യാസിമാരും നഗ്നതയെ ദൈവികതയായിട്ടാണ് കാണുന്നത്. കുംഭമേളയില്‍ ലക്ഷക്കണക്കിന് സന്യാസിമാര്‍ പൂര്‍ണനഗ്നരായി വിലസുന്നത് എല്ലാവര്‍ക്കുമറിയാവുന്നതാണല്ലോ. വര്‍ദ്ധമാന മഹാവീരനും അദ്ദേഹത്തിന്റെ അനുയായികളും പൂര്‍ണനഗ്നരായി ജീവിച്ചു. പൂര്‍ണനഗ്നന്മാരായ ജൈനന്മാരെയാണ് ദ്വിഗംബരന്മാരെന്നു വിളിക്കുന്നത്. പല ഗോത്രവര്‍ഗജനവിഭാഗങ്ങളും നഗ്നതയെ ആഘോഷിക്കുന്നുണ്ട്. പ്രാചീനകാലത്ത് സൈനികര്‍ നഗ്നരായി യുദ്ധംചെയ്തിരുന്നുവത്രെ. ഹിന്ദുക്ഷേത്രങ്ങളിലെ പൂര്‍ണനഗ്നശില്പങ്ങളും പ്രതിമകളും ഈ നഗ്നതാപൂജയെ വെളിവാക്കുന്നു. ദേവീദേവന്മാരുടെ ശില്പങ്ങളും ഇക്കൂട്ടത്തില്‍ ധാരാളം കാണാം. പ്രാചീനഗ്രീസിലും ഇത്തരം ശില്പങ്ങളും ചിത്രങ്ങളും ഉണ്ടായിരുന്നു. ആദ്യകാലത്ത് ഒളിമ്പിക് മത്സരത്തില്‍പ്പോലും ആളുകള്‍ നഗ്നരായി ഓടിയിരുന്നത്രെ. ലൈംഗികതയെ സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക സങ്കല്‍പ്പങ്ങള്‍ നിലനിര്‍ത്തുന്ന സമൂഹങ്ങളില്‍ തന്നെയാണ് ഇത്തരത്തില്‍ വിപരീതദശയിലുള്ള നഗ്നതാപൂജ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പൗരാണിക ഭാരതത്തില്‍ നിലനിന്നിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും തുറന്ന ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. അതിന്റെ പ്രകാശനങ്ങളാണ് ക്ഷേത്രച്ചുവരുകളിലെ നഗ്നശില്പങ്ങള്‍. അങ്ങനെ ഒരുഭാഗത്ത് ലൈംഗികതയെ ആദര്‍ശവല്‍ക്കരിക്കുകയും സ്ത്രീ അമ്മയാണെന്ന് പറയുകയും അതേ അവസരത്തില്‍ സ്ത്രീയുടെ യോനിയെ ആരാധിക്കുകയും ചെയ്യുന്ന വൈപരീത്യ മാണിത്. ധാരാളം യുവതികളുമായി രാസക്രീഡയില്‍ ഏര്‍പ്പെടുന്ന ശ്രീകൃഷ്ണന്‍ വിഷ്ണുവിന്റെ പ്രധാനപ്പെട്ട അവതാരങ്ങളിലൊന്നാണ്. രാധാമാധവന്മാരുടെ രാസക്രീഡയാണ് ജയദേവന്റെ ഗീതഗോവിന്ദത്തില്‍ വര്‍ണിക്കുന്നത്. ഈ കൃതി ആത്മീയ കൃതിയായിട്ടാണ് ഹിന്ദുക്കള്‍ പരിഗണിക്കുന്നത്. വാത്സ്യായനന്റെ കാമസൂത്രത്തിലെ ലൈംഗികസങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് രചിക്കപ്പെട്ട കൃതിയാണിത്. മണിപ്രവാള സാഹിത്യകൃതികള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ആവിഷ്ക്കാരങ്ങളാണ്. ചന്ദ്രോത്സവം എന്ന പ്രസിദ്ധ മണിപ്രവാള കൃതിയില്‍ മേദിനീവെണ്ണിലാവ് എന്ന ഒരു മാദകസുന്ദരിയെ വര്‍ണിക്കുന്നുണ്ട്. സൗന്ദര്യത്തിന്റെ അപാരബിംബമായിട്ടാണ് അവള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഈ കൃതിയില്‍ വേശ്യകളെ വര്‍ണിക്കുന്നുണ്ട്. തേവടിച്ചികള്‍ എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടത്. ദേവദാസികളും നര്‍ത്തകികളും തേവടിച്ചികളും നിറഞ്ഞുനിന്ന നാടുവാഴിത്ത സംസ്കാരത്തിന്റെ പ്രതിഫലനമാണ് ഈ കൃതി. ഭോഗാലസരായ നാടുവാഴികളുടെയും ബ്രാഹ്മണരുടെയും ജീവിതമാണ് ഇതില്‍ ചിത്രീകരിക്കുന്നത്. അധിനിവേശ ശക്തികള്‍ക്ക് ഭോഗാലസരായി ജീവിക്കാന്‍ വേണ്ടിയാണ് ദേവദാസി സമ്പ്രദായവും മറ്റും നിലനിര്‍ത്തിയത്. അന്ന് ആട്ടക്കാരികള്‍ അഥവാ നര്‍ത്തകികള്‍ എന്നുപറഞ്ഞാല്‍ അവര്‍ ദേവദാസികളായിരുന്നു. നമ്മുടെ ക്ലാസിക് നര്‍ത്തനങ്ങള്‍ വികാസം പ്രാപിക്കുന്നതങ്ങനെയാണ്. പൗരാണിക സംസ്കാരങ്ങളുടെ ജീവിത ദര്‍ശനത്തിന്റെയും ലാവണ്യബോധത്തിന്റെയും ജീവല്‍ ബിംബങ്ങളാണ് ക്ലാസിക് കലകള്‍ എന്നുപറയാം. മാര്‍ക്സിസ്റ്റ് ചിന്തകനായ ക്രിസ്റ്റഫര്‍ കാഡ്വെല്‍ ക്ലാസിക് കലകളുടെ സാമൂഹിക ഉള്ളടക്കത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തുകയുണ്ടായി. എല്ലാ ക്ലാസിക് കലകളുടെയും സാംസ്കാരികമായ അന്തര്‍ധാര കീഴാളവര്‍ഗ സംസ്കൃതി ഉള്‍ച്ചേര്‍ന്ന നാടന്‍പാട്ടുകളും കലാ-വാങ്മയ രൂപങ്ങളുമാണെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിയത്. എന്നാല്‍ വര്‍ഗസമൂഹം സത്താപരമായും ഘടനാപരമായും വികാസം പ്രാപിക്കുന്നതിനനുസരിച്ച്, ഉപരിവര്‍ഗം തങ്ങളുടെ അഭിരുചികള്‍ക്കും വര്‍ഗപരമായ താല്പര്യങ്ങള്‍ക്കുമിണങ്ങുന്ന രീതിയില്‍ കലയെ സാങ്കേതികമായി ചിട്ടപ്പെടുത്തുകയും സത്താപരമായി വിമാനുഷികവല്‍ക്കരിക്കുകയും ചെയ്യുന്നു. സത്താപരമായ ഈ അപമാനവീകരണം ഭാരതീയ ക്ലാസിക് കലകളെയും സംസ്കാരത്തെയും നൂറ്റാണ്ടുകളോളം ജഡവും മൃതവുമാക്കി നിലനിര്‍ത്തുകയാണ് ചെയ്തത്.

നാടകം, സിനിമ, ചിത്രകല, സാഹിത്യം തുടങ്ങിയ സര്‍ഗാത്മക കലകളില്‍ ഉണ്ടായ കാലാനുസൃതമായ വികാസം ഇന്ത്യന്‍ നൃത്തകലയില്‍ ഉണ്ടായിട്ടില്ല. ഫ്യൂഡല്‍ സംസ്കാരത്തിന്റെ ലാവണ്യമുദ്രയാണിന്നും ഇന്ത്യന്‍ നൃത്തകല. ദേവദാസികളെന്നു വിളിക്കപ്പെട്ട ലൈംഗികാടിമകള്‍ സമ്പന്നരായ ഉപരിവര്‍ഗ പുരുഷന്മാരെ കാമപരവശരാക്കാന്‍ വേണ്ടി നടത്തിയ നൃത്തരൂപങ്ങളാണ് ഇന്ന് കലാലയവിദ്യാര്‍ഥികള്‍ ആയിരക്കണക്കിന് രൂപ ചെലവഴിച്ച് വേദികളില്‍ അവതരിപ്പിക്കുന്നത്. ഫ്യൂഡല്‍ കാബറെ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഭരതനാട്യവും മോഹിനിയാട്ടവും ഒഡീസിയും രാസലീലയും മണിപ്പുരിയും കുച്ചുപ്പുടിയുമെല്ലാം ദാസിയാട്ടത്തിന്റെ ശുദ്ധീകരിച്ച പതിപ്പുകള്‍ മാത്രമാണ്. കാബറേയില്‍ അംഗലാവണ്യ പ്രദര്‍ശനം സ്ത്രീശരീരത്തെ ഭോഗപരമായ ഒരു കലാരൂപമായി ഉപദര്‍ശിക്കുന്നു.

ബൂര്‍ഷ്വാസമൂഹം വ്യക്തിസ്വാതന്ത്ര്യത്തിന് നല്‍കുന്ന വിവക്ഷകള്‍ ഉള്‍ച്ചേര്‍ന്നാണ് ആധുനിക കലകളുടെ സത്തയും ഘടനയും രൂപപ്പെടുന്നത്. പലരും കരുതുന്നതുപോലെ മുതലാളിത്തം സ്ത്രീയെ ഭോഗവസ്തുവായി മാത്രമല്ല പരിഗണിക്കുന്നത്. ലൈംഗികതൃഷ്ണ, ഉല്പാദനപ്രവര്‍ത്തനം, ആത്മീയമെന്ന് ഞങ്ങള്‍ കരുതുന്ന വ്യാവഹാരികപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം തങ്ങളുടെ ഊര്‍ജസ്രോതസ്സായി ബൂര്‍ഷ്വാസമൂഹം സ്ത്രീയെ കാണുന്നു. അതുകൊണ്ടുതന്നെ മുതലാളിത്തയുഗം വികസിക്കുന്നതോടെ സ്ത്രീയുടെ പ്രവര്‍ത്തനവൈവിധ്യം പ്രകടമാകുന്നു. ഫ്യൂഡല്‍ ഘടനയ്ക്കുള്ളില്‍ രൂപപ്പെട്ട കലാരൂപങ്ങളുടെ സങ്കീര്‍ണമായ സാങ്കേതിക രീതികളും മുദ്രകളും ഭാവ-രസാദികളുടെ അനുശാസനകളും കാലാനുസൃതമായി മാറ്റാന്‍ പറ്റാത്തതാണെന്ന അടിമബോധമാണ് ഇന്നും കലാരംഗത്ത് നിലനില്‍ക്കുന്നത്.

പ്രതിഭാശാലികളായ ചില കലാകാരികളും കലാകാരന്മാരും നടത്തിയ ഒറ്റപ്പെട്ട പരീക്ഷണങ്ങളൊഴിച്ചാല്‍, കലയുടെ രൂപവും സങ്കേതവും ഉള്ളടക്കവും കാലത്തിനനുസരിച്ച് പരിപ്രവര്‍ത്തിക്കപ്പെടേണ്ടതാണെന്ന സര്‍ഗപരമായ കാഴ്ചപ്പാട് നമ്മുടെ കലാലോകം നിലനിര്‍ത്തുന്നില്ല. കലയുടെ മേഖലയില്‍ ഇന്നും മതാത്മകമായ (മതത്തില്‍പോലും നവോത്ഥാനങ്ങളുണ്ടാകാറുണ്ട്) കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നത്. ഭരതമുനിയുടെ നാട്യശാസ്ത്രവും അതിനെ ഉപജീവിച്ച് രചിച്ച നന്ദികേശന്റെ അഭിനയ ദര്‍പ്പണം, ധനഞ്ജയന്റെ ദശരൂപകം, ശാരംഗദേവന്റെ സംഗീത രത്നാകരം, തുളുരാജന്റെ സംഗീത സാരാമൃതം, ബാലരാമവര്‍മയുടെ ഹസ്തലക്ഷണ ദീപിക തുടങ്ങിയ ക്ലാസിക് കൃതികളെല്ലാം ഭാരതീയ കലയുടെ ദര്‍ശനവും ലാവണ്യനിയമവും രൂപപ്പെടുത്തുന്നു. രസശൃംഗം അഥവാ ഏറ്റവും ഉയര്‍ന്ന രസം ശൃംഗാരമാണെങ്കില്‍ ക്ഷേത്രങ്ങളിലും മറ്റ് ആരാധനാകേന്ദ്രങ്ങളിലും ശൃംഗാരരസപ്രധാനമായ കലകളും ഉയര്‍ന്നുവരേണ്ടതാണ് എന്ന ഫ്യൂഡല്‍താല്പര്യം നാട്യശാസ്ത്രം നിറവേറ്റുന്നു.

ശൃംഗാരത്തെ വിപ്രലംഭം, സംഭോഗം എന്നിങ്ങനെ പകുത്തിരിക്കുന്നു. വിപ്രലംഭത്തിന് പൂര്‍വ വിപ്രലംഭം, ഉത്തര വിപ്രലംഭം എന്നിങ്ങനെ രണ്ടവസ്ഥകളുണ്ട്. കൂടാതെ വിപ്രലംഭത്തിലെ പൂര്‍വരാഗത്തിന് നാട്യശാസ്ത്രം പത്തവസ്ഥകള്‍കൂടി കല്‍പ്പിക്കുന്നു. അഭിലാഷം, ചിന്ത, സ്മൃതി, ഗുണകീര്‍ത്തനം, ഉദ്വേഗം, പ്രലാപം, ഉന്മാദം, വ്യാധി, ജഡത, മരണം എന്നിങ്ങനെ വിരഹംമൂലമുണ്ടാകുന്ന ദുരന്തത്തെ വിഭജിച്ചിരിക്കുന്നു. ഈ രീതിയില്‍ രസവിഭജനം നടത്തുന്നത് ലൈംഗികതയുമായി ബന്ധപ്പെട്ട മനോ-ശാരീരികാവസ്ഥകളെ കേന്ദ്രീകരിച്ചതാണെന്നതില്‍നിന്നും നാട്യകലയുടെ പ്രത്യയശാസ്ത്രാര്‍ഥ തലങ്ങള്‍ വ്യക്തമാവുന്നുണ്ട്. കാമശാസ്ത്രത്തിലെ ഭോഗജന്യമായ ആനന്ദ ദര്‍ശനത്തെ ആന്തരികതലത്തില്‍ പിന്‍പറ്റുന്നതാണ് നാട്യശാസ്ത്രത്തിന്റെ രസാനുഭൂതി സിദ്ധാന്തങ്ങള്‍.

ആത്മീയതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കേണ്ട ഭക്തി-ധ്യാന-ശാന്തി-കരുണഭാവങ്ങളെ ഒഴിവാക്കി ശൃംഗാരരസത്തിന് നാട്യശാസ്ത്രത്തില്‍ നല്‍കിയ മുന്തിയ പരിഗണന ക്ലാസിക് കലാസങ്കല്‍പ്പത്തിന്റെ ദാര്‍ശനികമായ ആന്തരിക ദാരിദ്ര്യം വെളിപ്പെടുത്തുന്നു. നിര്‍വേദം, ഗ്ലാനി, ശങ്ക, അസൂയ, ശ്രമം, ചിന്ത, ഔത്സുക്യം, നിദ്ര, സ്വപ്നം, വിബോധം, ജാഡ്യം, മോഹം എന്നീ അനുഭാവ പ്രകടനങ്ങള്‍ വിപ്രലംഭ ശൃംഗാരവുമായി ബന്ധപ്പെട്ടവയാണ്. രതിക്ക് ആത്മീയ പരിവേഷം നല്‍കിക്കൊണ്ടാണ് ചിന്തയെ മനുഷ്യന്റെ കാമവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ മനുഷ്യന്റെ മൗലികമായ പ്രവര്‍ത്തനം ലൈംഗികതയും മൗലികഭാവം ലൈംഗിക ഇച്ഛാശക്തിയും തജ്ജന്യവുമായ ഭാവങ്ങളുമാണെന്ന് അനുശാസിക്കുന്ന ജീവിതദര്‍ശനമാണ് നാട്യശാസ്ത്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഭാരതീയ നടനകലയുടെ അടിസ്ഥാന ആശയങ്ങളിലൊന്ന് സ്ത്രീത്വത്തെയും പൗരുഷത്തെയും ദ്വന്ദ്വമായി ഉപദര്‍ശിക്കുന്നുവെന്നതാണ്. യവനദാര്‍ശനികര്‍ സൗരകല, ചാന്ദ്രകല എന്നിങ്ങനെയാണ് ഈ ദ്വന്ദ്വത്തെ സമീപിക്കുന്നത്.

വേദകാലഘട്ടത്തിലെ സ്ത്രീ-പുരുഷ സങ്കല്പം ക്ലാസിക് കാലഘട്ടമാവുമ്പോഴേക്കും നിയതമായ പ്രത്യയശാസ്ത്രവല്‍ക്കരണത്തിന് വിധേയമാവുന്ന കാഴ്ച ശ്രദ്ധേയമാണ്. ആത്മാവിന് സ്ത്രീ-പുരുഷ ഭേദമില്ലെന്ന് ഋഗ്വേദം ഉദ്ഘോഷിക്കുന്നു. (ഋഗ്വേദം 1, 164, 16). എന്നാല്‍ പുരുഷാധിഷ്ഠിത വ്യവസ്ഥയ്ക്കനുസൃതമായ രീതിയിലാണ് സ്ത്രീകളുടെ കര്‍മ്മ-ഗുണ-ധര്‍മ്മ ഭേദത്തെ നിര്‍വചിക്കുന്നത്. ഉദാരണം പുരുഷന് ബീജാധാനത്തിനുള്ള ഉര്‍വരഭൂമിയാണ് സ്ത്രീ (അഥര്‍വവേദം: 3,4,17). ഭര്‍ത്താവിന്റെ ഇച്ഛാനുസാരിണിയും പുത്രന്മാര്‍ക്ക് ജന്മംകൊടുക്കുന്നവളുമായ സ്ത്രീയുടെ ഒരേ ഒരു ഭാഗ്യം ഭര്‍ത്താവാണ് (അഥര്‍വവേദം 5.11-2.2). ഇങ്ങനെ വേദനങ്ങളില്‍ പുരുഷന് നല്‍കുന്ന പ്രഥമസ്ഥാനത്തെയും അധീശത്വത്തെയും അടിസ്ഥാനമാക്കുന്നതാണ് ക്ലാസിക് കലകള്‍ രൂപംകൊണ്ട ഫ്യൂഡല്‍ കാലഘട്ടത്തിലെ ലാവണ്യദര്‍ശനങ്ങള്‍. സ്ത്രീശരീരത്തെക്കുറിച്ചും മനസ്സിനെക്കുറിച്ചുമുള്ള പ്രതിലോമപരമായ പുരുഷാധിപത്യ വീക്ഷണമാണ് ഇന്ത്യന്‍ ക്ലാസിക് കലകളുടെ ലാവണ്യനിയമത്തെയും ഉള്ളടക്കത്തെയും രൂപപ്പെടുത്തിയത്. പുരുഷശരീരത്തിന് കാന്തികമായി വശംവദയാവാനുള്ള സാങ്കേതികപ്രക്രിയയില്‍ കവിഞ്ഞൊന്നും ഭരതനാട്യത്തിന്റെ കലാദര്‍ശനത്തിലില്ല. ദൈവത്തെയും പ്രകൃതിയെയും ലൈംഗികതയെക്കുറിച്ചുമുള്ള പ്രതീകവല്‍ക്കരിക്കപ്പെട്ട ബിംബങ്ങളായി സങ്കല്‍പ്പിക്കുന്ന പൗരാണിക കലകള്‍ കലാകാരിയെ സ്ത്രീജനനേന്ദ്രിയത്തിന്റെ സാമാന്യവല്‍ക്കരിക്കപ്പെട്ട പ്രതിരൂപങ്ങളായി മാത്രമേ പരിഗണിക്കുന്നുള്ളൂ. താന്ത്രികാരാധനയിലെ ലിംഗ-യോനി ബിംബങ്ങളില്‍, യോനീബിംബത്തിന്റെ അപമാനവീകരിക്കപ്പെട്ട പ്രതിരൂപമായോ അസാമാന്യവല്‍ക്കരിക്കപ്പെട്ട ജൈവരൂപമായോ മാത്രമേ പെണ്‍കുട്ടികള്‍ക്ക് നൃത്ത (ക്ലാസിക്) കലയില്‍ കര്‍ത്തൃസാന്നിധ്യമുള്ളൂ. കലാകാരിയുടെ സാന്നിധ്യത്തെ സമര്‍ഥമായി അപമാനവീകരിച്ചുകൊണ്ടാണ് സ്ത്രീയെ കേവലമായി ബിംബവല്‍ക്കരിക്കുന്നത്. ക്ലാസിക് കലകളിലെ ദൈവസങ്കല്പമാവട്ടെ ലൈംഗികതയുടെ പുരുഷാകാരമല്ലാതെ മറ്റൊന്നുമല്ല. സ്ത്രീയുടെ അല്ലെങ്കില്‍ പുരുഷന്റെ മാനവിക മോചനം, സ്വത്വപ്രകാശനം തുടങ്ങിയ സര്‍ഗപരമായ യാതൊന്നിനും ഇടംകൊടുക്കാതെയും കര്‍തൃസാന്നിധ്യം നിഷേധിച്ചുകൊണ്ടും നടത്തുന്ന യാന്ത്രികമായ ആഭിചാരക്രിയക്ക് ലാവണ്യാത്മകമായ പരിവേഷം നല്‍കുകയാണ് എല്ലാ ക്ലാസിക് കലകളും ചെയ്യുന്നത്.

പുരുഷകേന്ദ്രീകൃത സ്ത്രീ സൗന്ദര്യസങ്കല്‍പത്തില്‍ പിറവിയെടുത്ത നടനകലകളിലെല്ലാം കലാകാരികള്‍ അന്യവല്‍ക്കരിക്കപ്പെട്ടവരാണ്. സ്വന്തം ശരീരത്തിന്റെ ചലനങ്ങളെ നിര്‍ണയിക്കാനും രൂപപ്പെടുത്താനും അവകാശമില്ലാത്ത സ്രഷ്ടാവ്, സ്വന്തം ശരീരത്തില്‍ ഉടമസ്ഥാവകാശമില്ലാത്ത സ്വത്വബോധമറ്റ അടിമക്ക് സമാന(ന്‍)യാകുന്നു. ശരീരത്തിന്റെ ദ്രുതചലനത്തിനും ലാസ്യഭാവഹാവാദികള്‍ക്കും നല്‍കുന്ന അനുശാസനങ്ങള്‍ കലാകാരിയെ കേവലശരീരമായി പരിഗണിക്കുന്ന സൗന്ദര്യശാസ്ത്രദര്‍ശനം പ്രതിഫലിപ്പിക്കുന്നു. ശരീരത്തിനുമേല്‍ നിയന്ത്രണമുള്ള സര്‍ഗമനസ്സിനെയല്ല, മനസ്സിനും താളത്തിനുമനുസരിച്ച് പരിപൂര്‍ണ വിധേയയാവാന്‍ കഴിയുന്ന ശരീരത്തിന്റെ കേവലസത്തയാണ് ക്ലാസിക്കല്‍ നൃത്തങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്.

*
പി പി സത്യന്‍ ദേശാഭിമാനി വാരിക

No comments: