Monday, January 6, 2014

നടക്കാവ് സ്കൂളിന്റെ അനുഭവം; മാതൃക

അടിത്തറയുടെ വൈപുല്യവും ഘടനയിലെ ജനാധിപത്യ സ്വഭാവവും കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ ഇതര സംസ്ഥാനങ്ങളുടേതില്‍നിന്ന് വ്യത്യസ്തമാക്കുന്നു. ജനാധിപത്യ സംസ്കാരത്തിന്റെ വളര്‍ച്ചയോടൊപ്പം നമ്മുടെ പൊതുവിദ്യാഭ്യാസവും വളര്‍ന്നു. ഇടതുപക്ഷം നയിച്ച സര്‍ക്കാരുകളുടെ ഇടപെടലിലൂടെ സവിശേഷമായ മാതൃകയായി അത് ഉയരുകയുംചെയ്തു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിനെതിരെ കരുത്തന്‍ പോരാട്ടങ്ങള്‍ നടന്ന നാടാണ് കേരളം. ദരിദ്ര-ധനികഭേദമില്ലാതെ എല്ലാ കുഞ്ഞുങ്ങള്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവസരവും പ്രേരണയുമാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ പ്രദാനംചെയ്തത്. അഭിമാനകരമായ ആ അവസ്ഥ നശിപ്പിക്കുംവിധമുള്ള ഇടപെടലുകള്‍ നിരന്തരം ഉണ്ടായെങ്കിലും കേരളത്തിലെ ജനാധിപത്യസമൂഹം പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിനാണ് എന്നും നിലകൊണ്ടത്. എന്നാല്‍, പാഠ്യപദ്ധതി പരിഷ്കരണം അട്ടിമറിക്കുന്നതിലൂടെയും അണ്‍എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കൈയുംകണക്കുമില്ലാതെ അംഗീകാരം നല്‍കുന്നതിലൂടെയും പൊതുവിദ്യാലയങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് ഇന്നുണ്ടാകുന്നത്. ജാതി-മത ശക്തികളും വാണിജ്യതാല്‍പ്പര്യക്കാരും വിദ്യാഭ്യാസമേഖലയെ പാടേ വിഴുങ്ങാനൊരുങ്ങുകയാണ്. സാധാരണക്കാരന് വിദ്യാഭ്യാസാവസരം നിഷേധിക്കുന്ന ഈ പ്രവണതയ്ക്കെതിരായ ചെറുത്തുനില്‍പ്പില്‍, പൊതുവിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തല്‍ അനിവാര്യമായ കര്‍ത്തവ്യമാണ്. ആ വഴിക്കുള്ള അര്‍ഥവത്തായ ഒരു പരിശ്രമത്തിന്റെ വാര്‍ത്തയാണ് കോഴിക്കോട്ടുനിന്ന് വരുന്നത്.

മത്സ്യത്തൊഴിലാളികളടക്കമുള്ള സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ വന്‍കിട സ്വകാര്യ സ്കൂളുകള്‍ക്കുപോലും മാതൃകയായി മാറിയിരിക്കുന്നു. കോഴിക്കോട്ടെ നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് നക്ഷത്രവിദ്യാലയങ്ങളെ വെല്ലുന്ന പെരുമ ആര്‍ജിച്ച് വാര്‍ത്തകളില്‍ ഇടംനേടിയത്. 120 വര്‍ഷം പിന്നിട്ട ഈ സ്കൂള്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ന് സംസ്ഥാനത്ത് ഒന്നാംസ്ഥാനത്താണ്. മറ്റേതൊരു സര്‍ക്കാര്‍ വിദ്യാലയവുമെന്നതുപോലെ പരിമിതികളില്‍ വീര്‍പ്പുമുട്ടിയ ഈ സ്കൂളിനെ ചുരുങ്ങിയ കാലംകൊണ്ട് ഇവ്വിധം മാറ്റിത്തീര്‍ത്തത് സ്ഥലം എംഎല്‍എ എ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അവിശ്രമം നടന്ന പ്രവര്‍ത്തനങ്ങളാണ്. എംഎല്‍എ ഫണ്ടും സര്‍ക്കാര്‍ വിഹിതവുമടക്കം ഏഴുകോടി രൂപയും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ 15 കോടി രൂപയുമാണ് നടക്കാവ് സ്കൂളിനെ ഉയരങ്ങളിലെത്തിച്ചത്.

പ്രിസം (പ്രൊമോട്ടിങ് റീജണല്‍ സ്കൂള്‍ ടു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേഡ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍) എന്ന പദ്ധതിയിലൂടെയാണ് വികസനം സാധ്യമായത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് "പ്രിസം" രൂപമെടുത്തത്. എംഎല്‍എ ഫണ്ടില്‍നിന്നുള്ള വിഹിതം വിനിയോഗിച്ച് അന്ന് പ്രാഥമിക സൗകര്യങ്ങള്‍ വിപുലമാക്കി. കോഴിക്കോട് ഐഐഎമ്മിലെ മാനേജ്മെന്റ് വിദഗ്ധര്‍ തയ്യാറാക്കിയ വികസന രൂപരേഖയുമായി രണ്ടാംഘട്ട നിര്‍മാണത്തിന് പണംകണ്ടെത്താന്‍ എംഎല്‍എ ശ്രമിക്കുന്ന ഘട്ടത്തിലാണ്, കോഴിക്കോട് സ്വദേശിയും വിദേശ വ്യവസായിയുമായ കെ ഇ ഫൈസല്‍ സഹായസന്നദ്ധതയുമായി എത്തുന്നത്. ഇവര്‍ കൈകോര്‍ത്തതോടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. പിടിഎയും കുട്ടികളും അധ്യാപകരും ഒറ്റക്കെട്ടായി സഹകരിച്ചു. മാധ്യമങ്ങള്‍ അകമഴിഞ്ഞ പിന്തുണ നല്‍കി. 2012 മാര്‍ച്ചില്‍ സ്കൂള്‍ അടച്ചപ്പോള്‍ നിര്‍മാണജോലി ആരംഭിച്ചു. എട്ടുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കി.

ഫാക്ടറിയില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് പാളികള്‍ ചേര്‍ത്തുവച്ചായിരുന്നു കെട്ടിടനിര്‍മാണം. ഇറക്കുമതിചെയ്ത കൃത്രിമ പുല്‍ത്തകിടി പാകിയ ഫുട്ബോള്‍- ഹോക്കി സ്റ്റേഡിയം, 750 ചതുരശ്രയടിയിലുള്ള മനോഹരമായ ക്ലാസ് മുറികള്‍, ഭാഷാ ലാബ്, ഇന്‍ഡോര്‍ സ്റ്റേഡിയവും ജിംനേഷ്യവും, എക്സിബിഷന്‍ ഹാള്‍, അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച അടുക്കള, വിശാലമായ ഡൈനിങ് ഹാള്‍-ഇങ്ങനെ സ്കൂള്‍ സര്‍വസജ്ജമായി. ഇന്‍ഫോസിസിന്റെ സഹായത്തോടെ 150 കംപ്യൂട്ടര്‍ അടങ്ങിയ മള്‍ട്ടിമീഡിയ സ്മാര്‍ട്ട് ക്ലാസ് മുറിയും ഐഎസ്ആര്‍ഒ സഹായത്തോടെയുള്ള അത്യാധുനിക ശാസ്ത്രലാബും തയ്യാറായി. കൂറ്റന്‍ ലൈബ്രറിയും ഇരുന്നു വായിക്കാനുള്ള പൂന്തോട്ടവും ഇതിനുപുറമെ.

അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു, വിഎച്ച്എസ്സി വിഭാഗങ്ങളിലായി 2300 വിദ്യാര്‍ഥിനികള്‍ ഉള്ള ഈ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ നേട്ടങ്ങള്‍ കേട്ടറിഞ്ഞ് പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ നേരിട്ടു കാണാനെത്തി. വിജയഗാഥയ്ക്ക് ഒരു കൈ സഹായമായി കുട്ടികള്‍ക്ക് സംഗീത പരിശീലനം നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചാണ് അദ്ദേഹം മടങ്ങിയത്. കച്ചവടക്കണ്ണോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ- സ്വാശ്രയ വിദ്യാലയങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്കും അതിന് താങ്ങുംതണലും നല്‍കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കുമുള്ള മധുരമായ മറുപടിയായി നിലകൊള്ളുകയാണ് ഇന്ന് നടക്കാവ് സ്കൂള്‍. എല്ലായിടത്തേക്കുമുള്ള മാതൃകയായി ഇതിനെ ഒരുപക്ഷേ കാണാന്‍ സാധിച്ചേക്കില്ല. പക്ഷേ, എല്ലാവര്‍ക്കുമുള്ള പ്രചോദനമായി, സന്ദേശമായി ഇതിനെ ഉയര്‍ത്തിപ്പിടിക്കാനാവും. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള പോരാട്ടവും കൂടിയാണിത്. വിദ്യാഭ്യാസ മേഖലയില്‍നിന്ന് പിന്മാറുകയല്ല; അതിനെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത് എന്നതിന്റെ പ്രാധാന്യം ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നുമുണ്ട് ഈ അനുഭവം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: