Thursday, January 16, 2014

കോമാളിത്ത രാഷ്ട്രീയം

ബസിനും തീവണ്ടിക്കും ചരക്കുവണ്ടിക്കും മുകളില്‍ സാഹസികമായി കയറിയും തൂങ്ങിപ്പിടിച്ചും സാധാരണക്കാരന് യാത്രചെയ്യേണ്ടിവരുന്ന രാജ്യമാണ് ഇന്ത്യ. ഗത്യന്തരമില്ലാതെ വേണ്ടിവരുന്ന അത്തരം യാത്രകള്‍ നിയമവിരുദ്ധമാണെന്ന് കല്‍പ്പിച്ച് നടപടിയെടുക്കാന്‍ അധികാരികള്‍ മടിച്ചുനില്‍ക്കാറില്ല. തിങ്കളാഴ്ച പകല്‍ വെളിച്ചത്തില്‍ കായംകുളം- പുനലൂര്‍ സംസ്ഥാനപാതയില്‍ കണ്ടത് വ്യത്യസ്തമായ കാഴ്ചയാണ്. നാളെ ഇന്ത്യയുടെ ഭരണസാരഥ്യം വഹിക്കുമെന്ന് സ്വയംപറയുന്ന ഒരു വ്യക്തിയുടെ ഹാസ്യകലാ പ്രകടനമെന്നോ ആഭാസനാടകമെന്നോ അതിനെ വിളിച്ചാല്‍ അനുചിതമാകില്ല.

യൂത്ത് കോണ്‍ഗ്രസ് പദയാത്രയ്ക്കെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി പൊലീസ് വാഹനത്തിനു മുകളില്‍ വലിഞ്ഞുകയറുകയും ഇരിക്കുകയും കമിഴ്ന്നുകിടന്ന് ഇരുവശത്തേക്കും കൈനീട്ടുകയും ചെയ്യുന്ന രംഗങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ജനം കണ്ടു. രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും കൂടെ കയറ്റിയായിരുന്നു പ്രകടനം. അകത്ത് യാത്രക്കാരെ കയറ്റേണ്ട വാഹനത്തിന്റെ പുറത്ത് ആള്‍ കയറിയപ്പോള്‍ മുകള്‍ഭാഗം അമര്‍ന്നുതാണു. അത് പൊതുമുതല്‍ നശിപ്പിക്കലിന്റെ പരിധിയില്‍ വരും. അതും പോരാഞ്ഞ് ഈ പ്രകടനം ആസ്വദിക്കാന്‍ തിക്കിത്തിരക്കിയ യൂത്ത് കോണ്‍ഗ്രസുകാര്‍ കേന്ദ്ര സഹമന്ത്രിയടക്കമുള്ളവരെ ഇടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചു. മന്ത്രി കൊടിക്കുന്നില്‍ സുരേഷിന് ജാഥാസ്ഥലത്തുനിന്ന് നേരെ ആശുപത്രിയിലേക്ക് പോകേണ്ടിവന്നു. മോട്ടോര്‍ വാഹനനിയമത്തിന്റെ 123(2)-ാം ചട്ടത്തിന്റെ ലംഘനം, പൊതുമുതല്‍ നശീകരണവിരുദ്ധ നിയമത്തിലെ സെക്ഷന്‍ മൂന്നിന്റെ ലംഘനം എന്നിവയടക്കം ഒന്നിലേറെ കുറ്റകൃത്യങ്ങള്‍ ഈ പ്രകടനത്തില്‍ സംഭവിച്ചു. രാഹുല്‍ഗാന്ധി, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെടുന്ന പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് വാഹനം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതും കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ളവരെ പരിക്കേല്‍പ്പിച്ചതും കുറ്റകൃത്യംതന്നെ.

സുരക്ഷയ്ക്കുവേണ്ടിയാണ് രാഹുലിനെ വണ്ടിക്കുമുകളില്‍ കയറ്റിയത് എന്ന പരിഹാസ്യമായ ന്യായീകരണമാണ് അധികൃതരില്‍നിന്ന് വരുന്നത്. സുരക്ഷയ്ക്കുവേണ്ടിയായിരുന്നെങ്കില്‍ ഒപ്പം കയറ്റുക കമാന്‍ഡോകളെയല്ലേ? നേതാവിന് സുരക്ഷാസന്നാഹമാകാം; അദ്ദേഹത്തിന്റെ കോമാളിത്ത പ്രകടനത്തിന് നിയമം ലംഘിച്ച് സൗകര്യമൊരുക്കിയതിനെ ഏത് സുരക്ഷാകാരണം പറഞ്ഞാണ് ന്യായീകരിക്കുക? സുരക്ഷാസംവിധാനത്തിന്റെ ഭാഗമായാണ് രാഹുലിന്റെ പൊലീസ് വാഹനയാത്രയെന്നും നിയമലംഘനമില്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആദ്യപ്രതികരണം. അന്വേഷണം നടക്കുംമുമ്പ്, പരാതി പരിശോധിക്കുംമുമ്പ് ആഭ്യന്തരമന്ത്രി ഇത്തരമൊരു പ്രതികരണം നടത്തുന്നത് പൊലീസിന് പരസ്യമായി നിര്‍ദേശം നല്‍കലാണെന്ന് അറിയാത്തയാളല്ല ചെന്നിത്തല. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ്, കണ്‍മുന്നിലാണ് കോണ്‍ഗ്രസിന്റെ യുവനേതാവ് അസംബന്ധനാടകം കളിച്ചത് എന്നതും ഗൗരവമുള്ള സംഗതിയാണ്. അപക്വമതിയായ ഒരാളിന്റെ നിര്‍ദോഷപ്രകടനംമാത്രമായി ചുരുക്കിക്കാണേണ്ട വിഷയമല്ലിത്. നാളെ രാജ്യം ഭരിക്കാനുള്ളയാള്‍ എന്നാണ് രാഹുലിനെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പറയുന്നത്. ഇന്ന് ഭരണത്തിലിരിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയുടെ തലപ്പത്താണ് രാഹുല്‍. അങ്ങനെയൊരാളില്‍നിന്ന് നിരന്തരം ചാപല്യപ്രകടനങ്ങളുണ്ടാവുകയാണ്.

സാമ്രാജ്യദാസ്യവും വിദേശ ഫിനാന്‍സ് മൂലധനത്തോടുള്ള വിധേയത്വവും കോര്‍പറേറ്റ് സേവയും ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ പ്രാതിനിധ്യവുമല്ലാതെ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയം കോണ്‍ഗ്രസിനില്ല. നെഹ്റു കുടുംബത്തിന്റെ മഹിമയും കാലാകാലങ്ങളില്‍ ഉയര്‍ത്തുന്ന കപടമുദ്രാവാക്യങ്ങളും അതിന് സ്വീകാര്യത വരുത്താന്‍ അഴിമതിപ്പണത്തിന്റെ കുത്തൊഴുക്കുമാണ് കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പ് നേട്ടത്തിലേക്ക് നയിക്കാറുള്ളത്. നെഹ്റുകുടുംബപാരമ്പര്യം രാഹുലിലൂടെ പ്രയോഗിക്കാമെന്നാണ് കോണ്‍ഗ്രസ് ഇന്ന് കണക്കുകൂട്ടുന്നത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ കെഎസ്യു പ്രകടനത്തിന്റെ നിലവാരത്തിനുപോലും താഴെ നില്‍ക്കുന്ന ഈ നേതാവിന്റെ തണലിലാണ് കോണ്‍ഗ്രസ് എന്നതുതന്നെ ആ പാര്‍ടിയുടെ വിശ്വാസ്യത എത്രമാത്രം ദയനീയാവസ്ഥയിലാണ് എന്ന് കാണിക്കുന്നു. പത്തുവര്‍ഷമായി കേന്ദ്രഭരണം നയിക്കുന്ന കക്ഷിയുടെ നേതാവ്, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തുന്ന സന്ദര്‍ശനത്തില്‍ രാഷ്ട്രീയമായ എന്തെങ്കിലും പറയുമെന്ന് കരുതിപ്പോയവരുണ്ട്.

കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നു. കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പൊതുമുതല്‍ പതിച്ചുനല്‍കുകയാണ്. അതിന്റെ ഭാഗമായി പണംപറ്റുന്ന ദല്ലാളന്മാരായി യുപിഎ നേതാക്കള്‍ മാറി. അഴിമതി ആരോപണത്തിന് വിധേയരാകാത്തവരായി ആരുമില്ലാത്ത സ്ഥിതിയിലാണ് യുപിഎ മന്ത്രിസഭ. ജനദ്രോഹനയങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുന്നതിലാണ് അവര്‍ വാശികാണിക്കുന്നത്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ യുപിഎ ഭരണത്തിനെതിരെ തെരുവിലിറങ്ങുന്നു. കോണ്‍ഗ്രസ് തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുന്നു. അത്തരം പ്രശ്നങ്ങളില്‍ തന്റെ നിലപാടെന്ത് എന്ന് വ്യക്തമാക്കുന്നതിനുപകരം കോമാളിത്ത പ്രകടനംകൊണ്ട് വാര്‍ത്തയില്‍ ഇടംനേടിയ നേതാവ്, കോണ്‍ഗ്രസ് ആര്‍ക്കും രക്ഷിക്കാനാകാത്ത പതനത്തിലാണ് എന്നുകൂടിയാണ് തെളിയിച്ചത്. അത് സംഭവത്തിന്റെ രാഷ്ട്രീയവശം. നിയമവശം മറ്റൊന്നാണ്. രാഹുല്‍ യാത്രയിലെ എല്ലാ നിയമലംഘനങ്ങളും സുരക്ഷാവീഴ്ചകളും കര്‍ക്കശമായ നിയമപരിശോധനയ്ക്ക് വിധേയമാക്കണം. നിയമം ലംഘിച്ചവര്‍ക്കെതിരെ മുഖം നോക്കാതെയും മുട്ട് വിറയ്ക്കാതെയും നടപടിയുണ്ടാകണം. അങ്ങനെ ചെയ്തില്ലെങ്കില്‍, നാളെ ആര്‍ക്കും തെരുവില്‍ നിയമം ലംഘിക്കാനുള്ള പ്രേരണയായി അത് മാറും. റോഡ് നിയമം തെറ്റിക്കുന്നവര്‍ക്കും പൊതുസ്ഥലത്ത് അടിപിടി കൂടുന്നവര്‍ക്കും, തടയാന്‍ വരുന്ന പൊലീസിന്റെ മുഖത്തേക്ക് വിരല്‍ചൂണ്ടാനുള്ള ഉദാഹരണമായി അത് മാറും. ജനാധിപത്യസമൂഹത്തിന് ചേര്‍ന്ന അവസ്ഥയല്ല അത്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: