Sunday, January 26, 2014

ഹരി പകരുന്ന കബീര്‍

ദേശാടനപ്പക്ഷികളുടെ ചിറകടിപോലെ സദസ്സിലെ ഇരമ്പം. ആര്‍ത്തുവിളികളോ ബഹളമോ ഇല്ല. കച്ചേരി കഴിഞ്ഞ് സുഹൃത്തുക്കള്‍ അഭിനന്ദിക്കുമ്പോള്‍ ഹരിനാരായണന്‍ പഴയ ആ നെയ്ത്തുതൊഴിലാളിയെയാണ് ഓര്‍ത്തത്. ഇന്ത്യന്‍ സാംസ്കാരികജീവിതത്തിന് ഊടും പാവും നല്‍കിയ കബീര്‍ദാസിനെക്കുറിച്ച് തനിക്ക് ജ്ഞാനം പകര്‍ന്നുതന്ന ആ തൊഴിലാളിയെ. ഇന്ത്യയെ അശാന്തിയുടെ കാര്‍മേഘം മൂടുമ്പോഴൊക്കെ വെളിച്ചമാകുന്ന കബീറിന്റെ ആശയങ്ങളെ പിന്തുടരാന്‍ പ്രേരിപ്പിച്ച ആ മനുഷ്യനെ.

കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളാണ് വേദി. അവിടെ രണ്ടരമണിക്കൂര്‍ നീണ്ട കച്ചേരി- "കഹേ കബീര്‍" കഴിഞ്ഞതേയുള്ളൂ. ഹരിക്കാണ് നേതൃത്വം, മൃദംഗത്തില്‍. ഹിന്ദുസ്ഥാനി- കര്‍ണാട്ടിക് ഭേദമില്ലാതെ തബല, സിത്താര്‍, വയലിന്‍, വീണ, ബാംസുരി, ഹാര്‍മോണിയം എന്നിവ. പ്രശസ്തരായ കലാകാരന്മാര്‍. കബീറിന്റെ സൃഷ്ടികള്‍ക്ക് കുമാര്‍ ഗന്ധര്‍വയടക്കമുള്ള സംഗീതജ്ഞര്‍ നല്‍കിയ സംഗീതാവിഷ്കാരങ്ങള്‍ക്ക്, നിര്‍ഗുണീഭജനുകള്‍ക്ക് താള- തന്ത്രി വാദ്യ വിവര്‍ത്തനം നല്‍കുകയായിരുന്നു ഇവര്‍.

14 വര്‍ഷംമുമ്പ് ഹരി തുടങ്ങിവച്ച പരീക്ഷണം ഒരിടവേളയ്ക്കുശേഷം ട്രാവലിങ് ആര്‍ടിസ്റ്റ്സ് കലക്ടീവിന്റെ നേതൃത്വത്തില്‍ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദീപാവലിനാളില്‍ നടത്തിയ കച്ചേരിക്ക് ലഭിച്ച വിപുലമായ ആസ്വാദനമാണ് ജനുവരി 17ന് വീണ്ടുമൊരു പരീക്ഷണത്തിന് ഹരിയെ പ്രേരിപ്പിച്ചത്. അജ്ഞാതനായ ആ നെയ്ത്തുതൊഴിലാളി നല്‍കിയ തീപ്പൊരിയാണ് ഹരിയുടെ മനസ്സില്‍ കബീറിനെ ആളിക്കത്തിച്ചത്. 1987ല്‍ നടത്തിയ ഉത്തരേന്ത്യന്‍ യാത്രയിലായിരുന്നു അത്. പിന്നെ കബീര്‍ ജനിച്ച ബനാറസില്‍. ചക്രവര്‍ത്തിയുടെയും പുരോഹിതരുടെയും രോഷത്തിനു പാത്രമായി അനുയായികളോടൊപ്പം കബീര്‍ തിരിച്ചുപോയ മഗാഹാര്‍ ഗ്രാമത്തില്‍. കാവ്യഭംഗിയും ആശയഗാംഭീര്യവും കാലാതിവര്‍ത്തിയാക്കുന്ന കബീറിന്റെ ദോഹകളെക്കുറിച്ച്, സംഗീതത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, ദര്‍ശനങ്ങളെക്കുറിച്ചെല്ലാം വര്‍ഷങ്ങള്‍ നീളുന്ന അന്വേഷണം, നിരന്തരസാധന. ഗാന്ധിജിയെയും വിവേകാനന്ദനെയും ടാഗോറിനെയും മുതല്‍ വൈക്കം മുഹമ്മദ് ബഷീറിനെവരെ സ്വാധീനിച്ച ആ മഹാമനീഷിയെക്കുറിച്ചാണ് ഹരിനാരായണന്‍ പഠിക്കുന്നത്.

ഇന്ത്യയുടെ ബഹുസ്വരതയെ തച്ചുടയ്ക്കാന്‍ വെമ്പിനില്‍ക്കുന്ന ഫാസിസത്തിന്റെ ബുള്‍ഡോസറിനെ ചെറുക്കാന്‍ സൗമ്യമെങ്കിലും ശക്തിയുള്ള ഒരു സാംസ്കാരികായുധമാണ് കബീറെന്ന് മനസ്സിലാക്കിയാണ് ഹരിയുടെ സംഗീതാന്വേഷണങ്ങള്‍. കോഴിക്കോട്ടെ സാംസ്കാരികപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഹരിക്ക്, വിവരണാതീതമായ ഊര്‍ജമാണ് പകരുന്നത്. ചുവരുകളില്‍ കുറുങ്കവിതകള്‍ കുറിച്ചിട്ട കൊച്ചുമുറിയിലിരുന്ന് കബീറിന്റെ സംഗീതത്തെക്കുറിച്ച് പറയുമ്പോള്‍ ഹരിയിലെ മൃദംഗവിദ്വാന്‍ കൊട്ടിക്കയറും. കബീറിന്റെ കാലത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ചരിത്രകാരന്റെയോ സാമൂഹ്യശാസ്ത്രജ്ഞന്റെയോ വിശകലനപടുത്വം. കബീറിയന്‍ ദോഹകളെക്കുറിച്ചാകുമ്പോള്‍ കൃതഹസ്തനായ നിരൂപകന്‍. തത്വചിന്തയെക്കുറിച്ചാകുമ്പോള്‍ ദാര്‍ശനികന്റെ ബൗദ്ധികമായ അതികായത്വം. ഇന്ത്യന്‍ സംസ്കാരത്തിന്റെ ഓരോ അടരുകളിലുമുണ്ട് കബീര്‍.

ഗാന്ധിജിയുടെ ചര്‍ക്കയില്‍, റാം-റഹിം ദ്വന്ദത്തില്‍, ദൈ്വതാദൈ്വത ദര്‍ശനങ്ങളില്‍, സൂഫിസത്തിന്റെ കാവ്യ-സംഗീത സ്വാരസ്യങ്ങളില്‍, കവിഗുരു ടാഗോറിന്റെ സൃഷ്ടികളില്‍, രബീന്ദ്ര സംഗീതത്തില്‍, ബാവുള്‍ ഗാനങ്ങളില്‍, ഏക്താരയുടെ ഗൂഢവും സുന്ദരവുമായ ഈണങ്ങളില്‍, ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഗസല്‍ ഗായകരില്‍, ഇന്ത്യന്‍ ചിത്ര- ശില്‍പ്പ കലകളില്‍ എല്ലാം. ആത്മീയവും ഭൗതികവുമായ ദാര്‍ശനികാന്വേഷണങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ട് കബീറിന്റെ മിസ്റ്റിക് പ്രഭാവം. കബീറിന്റെ സൃഷ്ടികള്‍ക്ക് ഇന്ത്യന്‍ തത്വചിന്തയിലെന്നപോലെ സംഗീതത്തിലുമുള്ള അഗ്രഗാമിത്വം ഇന്ന് കേരളം അറിയുന്നത് ഹരിനാരായണന്‍ എന്ന മൃദംഗവിദ്വാനിലൂടെ. മായയും ബ്രഹ്മവും പരിത്യാഗവുമടക്കമുള്ള കബീറിന്റെ ഇഷ്ടവിഷയങ്ങളിലുള്ള സൃഷ്ടികള്‍ കേരള കലാമണ്ഡലത്തിലെ ഈ പഴയ വിദ്യാര്‍ഥി ആവിഷ്കരിക്കുമ്പോള്‍, അഞ്ചുനൂറ്റാണ്ടുകള്‍ക്കപ്പുറം വാരാണസിയില്‍ ജീവിച്ച ആ അവധൂതന്റെ അദൃശ്യമായ സര്‍ഗസാന്നിധ്യം അനുഭവിക്കാനാകും.

കബീറിനെ ഇതിനുമുമ്പ് പാടിയ കുമാര്‍ ഗന്ധര്‍വ, അജോയ് മുഖര്‍ജി, ഭീംസെന്‍ ജോഷി എന്നിവര്‍ക്ക് കേരളത്തില്‍നിന്ന് ഒരു പിന്‍ഗാമി. ജീവിച്ചിരിക്കുന്ന ഗായകരില്‍ ആബിദ പര്‍വീണും റാഷിദ് ഖാനും കിഷോരി അമോങ്കറും അനൂപ് ജലോട്ടയും ഹരിനാരായണന് പ്രചോദനമേകുന്നു. അജ്ഞാതരായ മാതാപിതാക്കളുടെ അനാഥനായ മകന്‍. ഒരു സന്യാസിയുടെ അനുഗ്രഹത്താല്‍ ഗര്‍ഭിണിയായ ബ്രാഹ്മണവിധവയുടെ മകനായി ജനിച്ചതാണെന്നാണ് ഐതിഹ്യം. 15-ാം നൂറ്റാണ്ടില്‍ ജനിച്ച് 16-ാം നൂറ്റാണ്ടില്‍ മരിച്ച കബീറിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഇത്തരം ഐതിഹ്യങ്ങള്‍ അനവധി. വാരാണസിയില്‍ ഗംഗാതീരത്തെ മുസ്ലിം നെയ്ത്തുകാരുടെ കുടുംബം എടുത്തുവളര്‍ത്തിയ ആ ശിശു പിന്നീട് സന്ത് കബീറായി. മിശ്രമതസ്ഥനും മതാതീതമനുഷ്യനുമായി. മുസ്ലിമായും ഹിന്ദുവായും ഇത് രണ്ടുമല്ലാതെയായും ജീവിച്ചു. ഉത്തമനായ ഗുരുവര്യനെയെന്നപോലെ ഇരുമതക്കാരും സ്നേഹിച്ചു, ആരാധിച്ചു; അത്രതന്നെ അളവില്‍ വെറുത്തു. പലവട്ടം കൊലപാതകശ്രമങ്ങള്‍. അഞ്ചുവട്ടമെങ്കിലും മര്‍ദിച്ച് ഗംഗാനദിയില്‍ കെട്ടിത്താഴ്ത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. നിന്ദാസ്തുതികള്‍ക്കിടയില്‍ ഒരു ജീവിതം. ""കല്ലിനെ ആരാധിച്ചാണ് ദൈവത്തെ കണ്ടെത്തുന്നതെങ്കില്‍ ഞാന്‍ പര്‍വതത്തെ ആരാധിക്കും. ലോകത്തിന് ഭക്ഷിക്കാന്‍ ഗോതമ്പും ധാന്യങ്ങളും പൊടിക്കുന്ന വീട്ടിലെ അരകല്ലിനെ ആരാധിക്കുകയാണ് അതിലും ഭേദം"" എന്നുപറയാന്‍ ധൈര്യം കാണിച്ച കബീര്‍ പുരോഹിതരുടെ ശത്രുവായതില്‍ എന്തത്ഭുതം?

അവിശ്വാസികള്‍ക്ക് കബീര്‍ ഭൗതികവാദി. ""ദൈവം നിങ്ങളില്‍തന്നെയാണ്. ശരീരത്തില്‍ കസ്തൂരിയുള്ളതറിയാതെ അതിന്റെ ഗന്ധം തേടി അലയുന്ന കസ്തൂരിമാനിനെപ്പോലെയാണ് നിങ്ങള്‍"" എന്നുപറഞ്ഞ കബീര്‍ ആത്മീയവാദികള്‍ക്ക് സത്യാന്വേഷിയായ സന്യാസി. സംസ്കാരത്തിലെ എല്ലാതരം ആധിപത്യപ്രവണതകളെയും നിരാകരിച്ചു കബീര്‍. അതുകൊണ്ടുതന്നെ സംസ്കൃതത്തിന്റെ വരേണ്യതയെയും ഇബ്രാഹിം ലോദിയുടെ കാലത്തെ അധിനിവേശത്തിന്റെ സാംസ്കാരികപ്രതീകമായിരുന്ന ഉറുദുവിനെയും തന്റെ കാവ്യവ്യവഹാരങ്ങളില്‍നിന്ന് പുറത്താക്കി. ഇബ്രാഹിം ലോദിയുടെ കാലത്ത് 15-ാം നൂറ്റാണ്ടില്‍ നെയ്ത്തുകേന്ദ്രമായി വളര്‍ന്ന വാരാണസിയിലേക്ക് കുടിയേറിയ സമീപപ്രദേശങ്ങളിലെ ജനവിഭാഗങ്ങളുടെ ഭാഷകളില്‍നിന്ന് രൂപംകൊണ്ട ലിപിയില്ലാത്ത പാഞ്ച്മേല്‍ ഭാഷയിലാണ് കബീര്‍ ദോഹകള്‍ സൃഷ്ടിച്ചത്. പ്രാദേശിക വാമൊഴികളുടെ സമ്മേളനമായിരുന്നു കബീറിന്റെ ഭാഷ. ഭോജ്പുരിയും പഞ്ചാബിയും ഒഡിയയും ഗുജറാത്തിയുമൊക്കെ പാഞ്ച്മേല്‍ വാമൊഴിയില്‍ സമ്മേളിക്കുന്നു. ഭക്തിപ്രസ്ഥാനമെന്ന ധാരയില്‍പ്പെട്ട തുക്കാറാമിനേക്കാള്‍, മീരയേക്കാളൊക്കെ കബീര്‍ ഇന്നും വായിക്കപ്പെടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട്? കബീറിന്റെ സൃഷ്ടികള്‍ വായിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന അസംഖ്യം നിഘണ്ടുക്കള്‍ സൂക്ഷിച്ച ഷെല്‍ഫുകള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍പ്പോലുമുണ്ട്. ഇന്ത്യ രാഷ്ട്രീയമായി ഒരു ആപല്‍ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ കബീറിന്റെ പുനര്‍വായനയും കബീറിനെക്കുറിച്ചുള്ള അന്വേഷണങ്ങളും കൊണ്ട് എങ്ങനെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രതിരോധകവചം തീര്‍ക്കാനാകുമെന്നാണ് ചിന്തിക്കേണ്ടതെന്ന് ഹരി.

കബീര്‍ പറയുന്നു: ഹിന്ദു കാരുണ്യവാനാണ്/ മുസല്‍മാന് സഹാനുഭൂതിയുണ്ട്/അതവരുടെ ഹൃദയത്തിലുണ്ട്/ഹലാല്‍പ്രകാരം ഒരുവന്‍ കൊല്ലുന്നു/നരബലി നടത്തി മറ്റവനും/അഗ്നി അവരുടെ വീടുകളെ ചുട്ടെരിക്കുന്നു/അവര്‍ക്ക് ഒരൊറ്റ പാതയേ ഉള്ളൂ/സത്യഗുരു കാണിച്ചുതന്ന പാത/ശാന്തി തേടുന്നവരേ/കബീര്‍ പറയുന്നു/ രാമനെന്നോ ഖുദാ എന്നോ പറയരുത്. മനുഷ്യമനസ്സിനെ കൂടുതല്‍ പ്രബുദ്ധമാക്കാനും നിര്‍മലമാക്കാനുമാണ് കബീര്‍ ഇങ്ങനെ പറയുന്നത്. കബീര്‍ ഉയര്‍ത്തിപ്പിടിച്ചത് മതാതീത ആത്മീയത. മുസ്ലിം ദമ്പതികള്‍ വളര്‍ത്തിയ കബീറിനെ മഹന്തുക്കളാരും ശിഷ്യനാക്കിയില്ല. രാമാനന്ദന്‍ എന്ന സന്യാസിയില്‍നിന്ന് ബാലനായ കബീര്‍ ദീക്ഷ സ്വീകരിച്ചത് അദ്ദേഹം കുളിക്കാന്‍ പോകുന്ന വഴിയില്‍ കിടന്നുകൊണ്ടാണ്. അറിയാതെ കബീറിനെ ചവിട്ടിപ്പോയ ഗുരു "രാം രാം" എന്നുരുവിട്ടപ്പോള്‍ അത് ശിഷ്യനാകാനുള്ള അനുമതിയാണെന്ന് വാദിച്ച് ഗുരുവിന്റെ ഉത്തരം മുട്ടിക്കുകയാണ്. ദീക്ഷ സ്വീകരിച്ചത് അങ്ങനെ.

ഗുരുവിന്റെ ശ്രാദ്ധദിനത്തില്‍ പാല്‍ ശേഖരിക്കാന്‍ പോയ കബീര്‍, വഴിയില്‍ കണ്ട ചത്ത പശുവിന്റെ വായ്ക്കടുത്ത് ഒരുകെട്ട് പുല്ല് വച്ച് കാത്തുനിന്നു. പാല്‍ വാങ്ങാന്‍ പോയ കബീറിനെ തിരഞ്ഞെത്തിയ സന്യാസിമാരോട് കബീര്‍ ചോദിച്ചു: ""പരേതാത്മാക്കള്‍ പാല്‍ കുടിക്കുമെങ്കില്‍ ചത്ത പശു പുല്ലു തിന്നേണ്ടതല്ലേ?"" കയറ്റുപായ  കബീറിന്റെ ഇഷ്ടരൂപകം. പല വര്‍ണത്തിലുള്ള നൂലുകള്‍കൊണ്ടാണ് അതുണ്ടാക്കിയത്. ചവിട്ടിക്ക് ഒന്നും ആവശ്യമില്ല, നിങ്ങളുടെ കാലുകളിലെ മണ്ണൊഴികെ. ആര്‍ക്കും അതില്‍ ചവിട്ടാം. അത് സ്വയം പൊടി ശരീരത്തിലേറ്റുവാങ്ങി നിങ്ങളുടെ കാലുകളെ ശുദ്ധീകരിക്കുകയാണെന്ന് കബീര്‍. ഗാന്ധിജി ചര്‍ക്കയെയും ഖാദിയെയും അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമാക്കിയത് കബീറിന്റെ സ്വാധീനംകൊണ്ടാകാമെന്നു പറയുന്നത് അതുകൊണ്ടാണ്. കബീര്‍ പറയുന്നു: ഹിന്ദു അമിതമായി പൂജിച്ച് മരിച്ചുപോകുന്നു/ മുസ്ലിം സ്വയം പീഡിപ്പിച്ച് മരിക്കുന്നു/ ഒരുത്തനെ ഭസ്മമാക്കുന്നു/ മറ്റൊരുത്തനെ മറവുചെയ്യുന്നു/ പക്ഷേ രണ്ടുപേരും ദൈവത്തിലെത്തുന്നില്ല. കബീറിന്റെ തത്വചിന്ത കാലാതിവര്‍ത്തിയാകുന്നതിനു കാരണവും ഹരി പറയുന്നു.

കബീര്‍ സംസാരിച്ചത് തൊഴിലാളികളോടും കീഴാളരോടുമാണ്. തൊഴിലാളികള്‍ക്കുവേണ്ടി അതിശക്തമായ ദോഹകള്‍ സൃഷ്ടിച്ചു കബീര്‍. നാളെയും ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കുമോ എന്ന ചോദ്യമുയരുന്ന ഇന്ന്, കബീറിന്റെ പുനര്‍വായന അനിവാര്യമാണെന്ന് കാരൈക്കുടി മണിയുടെയും പുതുക്കോട് എസ് കൃഷ്ണയ്യരുടെയും ശിഷ്യനായ ഹരിനാരായണന്‍ പറയുന്നു.

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 26 ഡിസംബര്‍ 2014

No comments: