പുരോഗമന കലാപ്രസ്ഥാനത്തിന് അണയാത്ത വെളിച്ചമാണ് സഫ്ദര്‍ ഹശ്മി. സഫ്ദര്‍ രക്തസാക്ഷിയായിട്ട് 25 വര്‍ഷം തികയുന്നു. 1989 ജനുവരി ഒന്നിന് ഡല്‍ഹിക്കടുത്തുള്ള സാഹിബാബാദിലെ ജന്ദപ്പുര്‍ ഗ്രാമത്തില്‍ തെരുവുനാടകം അവതരിപ്പിച്ച സമയത്താണ് കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ അദ്ദേഹത്തെ തലയ്ക്കടിച്ചുവീഴ്ത്തിയത്. പിറ്റേന്ന് മരിച്ചു. കൊല്ലപ്പെടുമ്പോള്‍ മുപ്പത്തിനാലു വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഗാസിയാബാദിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എം പിന്തുണയോടെ മത്സരിച്ച സ്ഥാനാര്‍ഥി രാമനാഥ്ഝായുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം "ഹല്ലാബോല്‍" (ഉറക്കെപ്പറയുക) എന്ന നാടകമാണ് ഹശ്മിയും കൂട്ടരും അവതരിപ്പിച്ചത്. കലയുടെ കരുത്തുകണ്ട ബൂര്‍ഷ്വാസി വിറളിപിടിച്ച് നാടകസംഘത്തെ കടന്നാക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിഐടിയു തൊഴിലാളിയായിരുന്ന രാംബഹദൂറും കൊല്ലപ്പെട്ടു.
തെരുവില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരുന്ന കലാകാരനെ പട്ടാപ്പകല്‍ നിഷ്കരുണം അടിച്ചുകൊന്ന കാട്ടാളത്തം കേട്ടുകേള്‍വിയില്ലാത്തതാണ്. സഫ്ദര്‍ ഹശ്മിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു തെരുവുനാടകങ്ങള്‍. തെരുവെന്നാല്‍, ജീവിതത്തിന്റെ തെരുവായാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. ഇന്ത്യയിലെ പാവപ്പെട്ടവരുടെ ജീവിതം തുടിച്ചുനില്‍ക്കുന്നത് തെരുവുകളിലാണ്. ദിവസം ഇരുപതു രൂപപോലും വരുമാനമില്ലാത്ത എണ്‍പത്തേഴു കോടി ജനങ്ങള്‍ പുഴുക്കളെപ്പോലെ പിടഞ്ഞുജീവിക്കുന്ന നാടാണ് ഇന്ത്യ. ചേരികളിലും വഴിയോരങ്ങളിലും നരകജീവിതം നയിക്കുന്ന ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനാണ് ഹശ്മി ഇഷ്ടപ്പെട്ടത്. നാടകം മാത്രമല്ല, കവിതയും പാട്ടും ചിത്രകലയുമെല്ലാം ജനങ്ങള്‍ക്കായി ഉപയോഗിച്ചു. സാഹിത്യപണ്ഡിതന്മാരുടെ പൊള്ളയായ സിദ്ധാന്തങ്ങള്‍ ഉരുവിട്ടുനടക്കുന്നതില്‍ ഒരു കാര്യവുമില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഹശ്മി മാത്രമല്ല, കുടുംബമാകെ സമര്‍പ്പിതമായ കലാജീവിതമാണ് നയിച്ചത്. 1973ല്‍ ജനനാട്യമഞ്ച് (ജനകീയ നാടക മുന്നണി) രൂപീകരിച്ചു. ഡല്‍ഹിയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ പിന്തുണ നേടിയെടുക്കാന്‍ "ജന"ത്തിന് കഴിഞ്ഞു. ഇടതുരാഷ്ട്രീയ സംഘടനകളും അവരെ സഹായിച്ചു.
അഴിമതി, അനീതി, ദുര്‍ഭരണം തുടങ്ങിയവക്കെതിരെയുള്ള പോരാട്ടങ്ങളില്‍ "കല"യെ ശക്തമായ ആയുധമാക്കി മാറ്റി. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കെല്‍പ്പുള്ള സംഘടിതശക്തിയായ തൊഴിലാളികളോടൊപ്പം ജീവിക്കുകയും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ പ്രാധാന്യം സ്വന്തം നാടകങ്ങളിലൂടെ ജനങ്ങളെ പഠിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തത്. അരാഷ്ട്രീയവാദിയായി ചുരുങ്ങാനല്ല, ഗൗരവമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായി ഉയരാനാണ് ഹശ്മി തീരുമാനിച്ചത്. അദ്ദേഹം സിപിഐ എം അംഗമായിരുന്നു. ദൈനംദിന സംഭവങ്ങളുടെ രാഷ്ട്രീയമാനം നാടകങ്ങളിലൂടെ അവതരിപ്പിച്ചു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ്ചാര്‍ജ് അമിതമായി വര്‍ധിപ്പിച്ചപ്പോള്‍ ഡിടിസിയുടെ കൊലച്ചതി നാടകമായി, അത് അവതരിപ്പിച്ചപ്പോള്‍ നാടകസംഘത്തെ ഒന്നാകെ അറസ്റ്റുചെയ്താണ് ഭരണകൂടം നാടകത്തെ നേരിട്ടത്. അടിയന്തരാവസ്ഥയിലെ അര്‍ധഫാസിസ്റ്റ് ഭരണത്തെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുന്ന "കുര്‍സി, കുര്‍സി, കുര്‍സി" ഏറെ ശ്രദ്ധിക്കപ്പെട്ട നാടകമാണ്. ഇതേപോലെ വിലക്കയറ്റം, സ്ത്രീപ്രശ്നം - ഇതെല്ലാം നാടകരൂപത്തില്‍ അവതരിപ്പിച്ചു. തൊഴിലാളിജീവിതം അപഗ്രഥിക്കുന്ന "മെഷീന്‍" ഹശ്മിയുടെ പ്രധാനപ്പെട്ട നാടകമാണ്. വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു ഹശ്മി. വിദ്യാര്‍ഥിരംഗത്ത് സാംസ്കാരികമുന്നണി വളര്‍ത്തിയെടുക്കുന്ന ചുമതലയാണ് ഹശ്മി നിറവേറ്റിയത്. ബര്‍ത്തോള്‍ഡ് ബ്രഹ്ത്തിന്റെ വൈരുധ്യാത്മക നാടകവേദി (ഉശമഹലശേരമഹ ഠവലമേൃലെ) യെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ബ്രഹ്ത്തിന്റെ നാടകങ്ങള്‍ അവതരിപ്പിക്കുകയുംചെയ്തു. തെരുവുനാടകങ്ങളോടൊപ്പം തിയറ്റര്‍ നാടകങ്ങളിലും ഹശ്മിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. എല്ലാ നാടകരീതികളുടെയും കരുത്തും പരിമിതിയും തിരിച്ചറിയുന്ന അന്വേഷണമാണ് അദ്ദേഹം നടത്തിയത്. ജനനാട്യമഞ്ചിനെ കടന്നാക്രമിക്കാനും നശിപ്പിക്കാനും ശത്രുക്കള്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. അറസ്റ്റും ഭീഷണിയും ദേഹോപദ്രവവും പലതവണ നേരിടേണ്ടിവന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് അരങ്ങേറാനുള്ള അവകാശം എന്ന ലേഖനം ഹശ്മി എഴുതിയത്.
ബ്രിട്ടീഷുകാരുടെ കാലത്ത് നിലനിന്ന ചില ഭീകരനിയമങ്ങള്‍ ജനനാട്യമഞ്ചിനെതിരെ പ്രയോഗിക്കാനും അധികാരികള്‍ മടിച്ചില്ല. ഹശ്മിയുടെ ജീവിതപങ്കാളി മാലശ്രീ ഹശ്മി, ആഘാതങ്ങളില്‍ തളരാതെ, നാടകപ്രവര്‍ത്തനവും സാംസ്കാരികപ്രവര്‍ത്തനവും നടത്തി ഡല്‍ഹിയില്‍ സജീവസാന്നിധ്യമാണ്. നൂറിലധികം നാടകങ്ങളില്‍ അവര്‍ അഭിനയിച്ചു. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടയില്‍ അയ്യായിരത്തിലധികം വേദികളില്‍ അവര്‍ നാടകം അവതരിപ്പിച്ചു. ഹശ്മി തലയ്ക്കടിയേറ്റുവീണ അതേ സ്ഥലത്ത് നാലാം ദിവസം ആയിരക്കണക്കിനാളുകള്‍ കാണ്‍കെ മാലശ്രീ ഹശ്മി നാടകം പൂര്‍ത്തിയാക്കിയത് സമാനതകളില്ലാത്ത ചരിത്ര സംഭവമായി.
ജനകീയകലയെ, കലാകാരനെ നിശബ്ദനാക്കാനാവില്ലെന്ന് തെളിയിക്കുകയായിരുന്നു മാലശ്രീ ഹശ്മി. എന്താണ് സ്വാതന്ത്ര്യമെന്ന് ഹശ്മി പറയുന്നത് ശ്രദ്ധിക്കുക: "സ്വാതന്ത്ര്യമെന്നാല്‍ സ്നേഹിക്കലും സഹായിക്കലുമാണ് അത് കരുതലും പങ്കുവയ്ക്കലുമാണ് പേടിക്കാതെയും പേടിപ്പിക്കാതെയും എങ്ങുമെങ്ങുമുള്ള മനുഷ്യരെ സ്നേഹിക്കലാണ്" ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്തേണ്ട സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ നമ്മള്‍ ഹശ്മിയുടെ മരിക്കാത്ത ഓര്‍മകള്‍ പങ്കുവയ്ക്കുന്നത്. ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിമരിച്ച കലാകാരനാണ് സഫ്ദര്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ രാജ്യം എത്തിനില്‍ക്കുന്നു. ഫാസിസ്റ്റുകളും അഴിമതിക്കാരും അധികാരത്തിനായി കുടിലതന്ത്രങ്ങള്‍ മെനയുകയാണ്. പ്രതിരോധത്തിന്റെ വഴികള്‍ സഫ്ദര്‍ നമ്മുടെ മുമ്പില്‍ തുറന്നുതന്നിട്ടുണ്ട്. സഫ്ദര്‍ നമുക്ക് വഴിയും വഴിവെളിച്ചവുമാകട്ടെ.
*
പ്രൊഫ. വി എന്‍ മുരളി
No comments:
Post a Comment