Thursday, January 23, 2014

ഗൂഢാലോചനയുടെ രാഷ്ട്രീയം

പൊതുജീവിതത്തില്‍നിന്ന് കമ്യൂണിസ്റ്റുകാരെ വര്‍ഷങ്ങളോളം പിടിച്ചുമാറ്റിനിര്‍ത്താനുള്ള ആയുധമെന്ന് ഗൂഢാലോചനാ കേസുകളെ വിശേഷിപ്പിച്ചത് പ്രൊഫ. ഹാരോള്‍ഡ് ലാസ്കിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ സ്ഥാനംപിടിച്ച മീററ്റ് ഗൂഢാലോചന കേസ് മുന്‍നിര്‍ത്തിയാണ് പ്രൊഫ. ലാസ്കി, ആ കേസിനെ സാക്സോവാന്‍സെറ്റി വിചാരണയടക്കമുള്ളവയുമായി താരതമ്യപ്പെടുത്തി ശ്രദ്ധേയമായ ഈ പരാമര്‍ശം നടത്തിയത്.

സജീവമായി സമൂഹത്തില്‍ ഇടപെടുന്ന കമ്യൂണിസ്റ്റുകാരെ സമൂഹത്തില്‍നിന്ന് ദീര്‍ഘകാലത്തേക്ക് അടര്‍ത്തിമാറ്റാനും കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെതന്നെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ഈ ആയുധം ഇന്ത്യയില്‍ ആദ്യമായി പ്രയോഗിച്ചത് പെഷവാര്‍ ഗൂഢാലോചന കേസിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. ആ പ്രക്രിയ കാണ്‍പൂര്‍ ഗൂഢാലോചന കേസിലൂടെ, മീററ്റ് ഗൂഢാലോചന കേസിലൂടെ, ലാഹോര്‍ ഗൂഢാലോചന കേസിലൂടെ തുടര്‍ന്നുവന്നു. ആ ശൃംഖലയിലെ ഏറ്റവും പുതിയ കണ്ണിയാണ് ടി പി വധ ഗൂഢാലോചന കേസ്. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വം. ഇന്ന് യുഡിഎഫ് സര്‍ക്കാര്‍. ഇതേ വ്യത്യാസമുള്ളൂ.

ഗൂഢാലോചനാവകുപ്പ് അധികാരികള്‍ക്ക് വലിയ സൗകര്യമൊരുക്കിക്കൊടുക്കുന്നുണ്ട്. അവര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ പ്രതിയോഗിയിലേക്ക് കേസിനെ കൃത്രിമമായി വലിച്ചെത്തിക്കാം എന്നതാണത്. പ്രതി ഫോണ്‍ചെയ്ത ആള്‍ ആര്‍ക്കാണോ ഫോണ്‍ ചെയ്തത് അയാളിലേക്ക്. പിന്നീട് ആ ആള്‍ ഫോണ്‍ചെയ്ത ആളിലേക്ക്. ഇങ്ങനെ വലിച്ചുനീട്ടിക്കൊണ്ടുപോയി വേണമെങ്കില്‍ ഇപ്പോള്‍ ഈ ലേഖനം വായിക്കുന്ന ബഹുമാനപ്പെട്ട വായനക്കാരാ നിങ്ങളിലേക്ക് വേണമെങ്കിലും എത്തിക്കാം. ഇതാണ് ഈ വകുപ്പിന്റെ പ്രത്യേകത. ആദ്യം കൊലക്കേസായി തുടങ്ങിയതിലേക്ക് പിന്നീട് ഗൂഢാലോചനവകുപ്പ് ചേര്‍ത്തത് ടി പി ചന്ദ്രശേഖരന്‍ വധക്കേസിന് ഇല്ലാത്ത രാഷ്ട്രീയമാനം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ്; ചില രാഷ്ട്രീയ പ്രതിയോഗികളെ അതില്‍ കുരുക്കി പൊതുസമൂഹത്തിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ദീര്‍ഘകാലത്തേക്ക് അടര്‍ത്തിമാറ്റാനാണ്. ആ വഴിക്കാണ് സിപിഐ എം നേതാവ് പി മോഹനനിലേക്കുവരെ കേസ് എത്തിച്ചത്. പക്ഷേ, അത്തരം വഴികള്‍ നീതിന്യായപരിശോധനയെ അതിജീവിക്കില്ല. ബുധനാഴ്ചത്തെ കോടതിവിധിയില്‍ കണ്ടതും അതുതന്നെയാണ്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തെ പിഴുതെറിയാന്‍ ഉദ്ദേശിച്ച് അതിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ രൂപപ്പെടുത്തപ്പെട്ട കാണ്‍പൂര്‍ ഗൂഢാലോചന കേസ് ഇത്തരം വഴികളിലൂടെ കൊണ്ടെത്തിച്ചത് ആരിലേക്കൊക്കെയാണെന്നോ? കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയ നേതാക്കളായിരുന്ന മുസഫര്‍ അഹമ്മദിലേക്കും എസ് എ ഡാങ്കയിലേക്കും ഒക്കെവരെ. മീററ്റ് ഗൂഢാലോചന കേസാകട്ടെ, എസ് വി ഘാട്ടെ, പി സി ജോഷി, മുസഫര്‍ അഹമ്മദ് എന്നീ അഖിലേന്ത്യാ നേതാക്കളില്‍വരെയെത്തി. ഇവിടെയും അങ്ങനെയുള്ള ചില ഗൂഢോദ്ദേശ്യങ്ങള്‍ കേസില്‍ ഗൂഢാലോചനക്കുറ്റം ചേര്‍ക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിന് ഇല്ലാതിരുന്നില്ല. പൊളിറ്റ് ബ്യൂറോയിലേക്കുവരെ ഗൂഢാലോചനയുടെ കണ്ണി നീട്ടിക്കൊണ്ടുപോകാനുള്ള ചിലരുടെ മോഹം ചാനല്‍ചര്‍ച്ചകളിലൂടെ പുറത്തുവരാതിരുന്നുമില്ല. പക്ഷേ, അത് നടന്നില്ല. ഇത് കേരളമാണ് എന്നതുകൊണ്ടുമാത്രം. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി സിപിഐ എമ്മിനെ കരിനിഴലില്‍ നിര്‍ത്താമെന്ന ചിന്തയുമുണ്ടായിരുന്നു. ജുഡീഷ്യറിയുടെ ജാഗ്രതകൊണ്ട് അതും നടന്നില്ല.

ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നീട്ടിക്കൊണ്ടുപോയ കുറ്റവിചാരണ മീററ്റ് ഗൂഢാലോചന കേസിലായിരുന്നു. വിചാരണതന്നെ നാലരവര്‍ഷം. തെളിവുകള്‍ 25 വാല്യം. സാക്ഷികള്‍ 320 പേര്‍. മീററ്റ് ഗൂഢാലോചന കേസിലെപ്പോലെ ഇവിടെയും കമ്യൂണിസ്റ്റുകാരെ കരിനിഴലില്‍ നിര്‍ത്തി രാഷ്ട്രീയലാഭമുണ്ടാക്കാന്‍ തക്കവിധം കാലതാമസംവരുത്താന്‍ തീവ്രശ്രമം നടന്നു. കേസില്‍ കോടതി വിധിപറയാനിരുന്ന ഘട്ടത്തില്‍പ്പോലും സിബിഐ അന്വേഷണം എന്നും മറ്റുമുള്ള മുറവിളികള്‍ ആ വഴിക്കുള്ളതായിരുന്നു. പക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കീഴിലെ ഗൂഢാലോചന കേസുകളിലെപ്പോലെ യുഡിഎഫിനു കീഴിലെ ഗൂഢാലോചന കേസുകള്‍ വിജയിക്കുന്നില്ല. കാണ്‍പൂര്‍ ഗൂഢാലോചന കേസില്‍ മുസഫര്‍ അഹമ്മദ്, എസ് എ ഡാങ്കേ, ഷൗഖത് ഉസ്മാനി, നളിനി ദാസ്ഗുപ്ത എന്നീ പ്രമുഖര്‍ക്കുപോലും നാലുവര്‍ഷത്തെ കഠിനതടവ് ശിക്ഷ നല്‍കപ്പെട്ടുവല്ലോ. അന്ന് കോടതി ബ്രിട്ടന്റേതായിരുന്നു. ഇന്ന് കോടതി യുഡിഎഫിന്റേതല്ല. ഗൂഢാലോചന കേസുകള്‍ ചമയ്ക്കുമ്പോള്‍ ഈ വ്യത്യാസം യുഡിഎഫ് ഓര്‍മിക്കണം. പെഷവാര്‍ ഗൂഢാലോചന കേസ് എന്നേ പറയുന്നുള്ളൂവെങ്കിലും അഞ്ച് വ്യത്യസ്ത ഗൂഢാലോചന കേസുകളുടെ സമന്വയമായിരുന്നു അത്.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി പരിചയിച്ച മുജാഹിദുകളെ തകര്‍ക്കാനുള്ളതായിരുന്നു അത്. നാട്ടില്‍ തിരിച്ചുവന്ന് കമ്യൂണിസം പ്രചരിപ്പിക്കുന്നത് തടയാനുള്ളത്. ഗദ്ദര്‍ പാര്‍ടിയെ തകര്‍ത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുള്ള വഴി ഇല്ലായ്മചെയ്യാനുള്ളതായിരുന്നു ലാഹോര്‍ ഗൂഢാലോചന കേസ്. പിറവിയുടെ ഘട്ടത്തില്‍തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഞെരിച്ചമര്‍ത്താനുള്ളതായിരുന്നു കാണ്‍പൂര്‍-മീററ്റ് ഗൂഢാലോചന കേസുകള്‍. യുഡിഎഫ് സര്‍ക്കാര്‍ ആ സാമ്രാജ്യത്വ ഗൂഢനീക്കങ്ങളില്‍നിന്നാണ് പ്രചോദനമുള്‍ക്കൊള്ളുന്നത്. പക്ഷേ, ആ പ്രക്രിയയില്‍ അവര്‍ യുക്തിക്കുപോലും അവധി കൊടുക്കുന്നു. യുക്തിക്ക് അല്‍പ്പമെങ്കിലും വിലകല്‍പ്പിച്ചിരുന്നെങ്കില്‍ നൂറോളം പേരുള്‍പ്പെട്ട ഗൂഢാലോചന എന്ന സിദ്ധാന്തം അവര്‍ അവതരിപ്പിക്കുമായിരുന്നില്ലല്ലോ. ആദ്യം നൂറോളം പേരായിരുന്നു. പിന്നീടാണ് 76ലേക്ക് ചുരുങ്ങിയത്. ഇത്രയേറെ പേര്‍ ഒരിടത്തിരുന്ന് ആസൂത്രണംചെയ്താല്‍, അതെങ്ങനെ ഗൂഢാലോചനായോഗമാകും? പൊതുയോഗം എന്നല്ലേ അതിനെ പറയാനാകൂ. പ്രോസിക്യൂഷന്‍ കള്ളക്കഥ മെനയുന്ന വ്യഗ്രതയില്‍ ഈ യുക്തിയില്ലായ്മ ശ്രദ്ധിച്ചിരിക്കില്ല. നിര്‍ഭാഗ്യകരവും വ്യക്തിവിരോധത്തിന്റെ തലത്തിനപ്പുറത്ത് ഒന്നിലേക്കും എത്താത്തതുമായ ഒന്നായിരുന്നു ടി പി ചന്ദ്രശേഖരന്‍ വധം. എന്നാല്‍, അത് കേരളത്തെ ഇന്നുകാണുന്ന കേരളമാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ നടുനായകത്വമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള ആയുധമായി ഉപയോഗിക്കപ്പെട്ടു.

സര്‍ദാര്‍ ഗോപാലകൃഷ്ണന്‍, കുഞ്ഞാലി, അഴീക്കോടന്‍ രാഘവന്‍... ഇങ്ങനെ നിരവധി പ്രമുഖരായ നേതാക്കള്‍ കൊലചെയ്യപ്പെട്ട മറ്റൊരു രാഷ്ട്രീയപാര്‍ടി കേരളത്തിലില്ല. എന്നിട്ടും കൊലചെയ്യപ്പെട്ട നേതാക്കളുടെ പാര്‍ടിയെ കൊലപാതകം നടത്തുന്ന പാര്‍ടിയായി ചിത്രീകരിച്ചു. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കിയ ഒരു മഹാപ്രസ്ഥാനത്തെ അതിന് ഒരു പങ്കുമില്ലാത്ത ഒരു ഒറ്റപ്പെട്ട കൊലപാതകത്തിന്റെ പേരില്‍ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നു പറഞ്ഞ സാംസ്കാരികപ്രവര്‍ത്തകര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തുന്ന നിലപോലും കേരളത്തിന്റെ സാമൂഹ്യജീവിതത്തിലെ ചില മണ്ഡലങ്ങളില്‍ ഉണ്ടായി. എന്തിനായിരുന്നു സംഘടിതമായ ഈ ആക്രമണങ്ങള്‍? ആരൊക്കെയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍? സിപിഐ എം ചെയ്തതല്ല ഈ കൊലപാതകം എന്നത് ജുഡീഷ്യറിതന്നെ അതിന്റെ വിധിയിലൂടെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം ഇക്കാര്യം വീണ്ടും ഒരിക്കല്‍കൂടി ആലോചിക്കേണ്ടതുണ്ട്. 1957ലെയും "67ലെയും ഭരണംകൊണ്ട് നഷ്ടംവന്ന ഭൂപ്രഭുക്കന്മാര്‍, കേരളത്തിലേക്ക് കടന്നുകയറാന്‍ വെമ്പിനില്‍ക്കുന്ന കോര്‍പറേറ്റുകള്‍, ജനാധിപത്യം സ്ഥാപിക്കപ്പെട്ടതിലൂടെ സ്ഥാനംനഷ്ടപ്പെട്ട വരേണ്യവര്‍ഗ നേതാക്കന്മാര്‍, ഭരണം ചൊല്‍പ്പടിക്കു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന സമുദായപ്രമാണിമാര്‍, ഇന്ത്യന്‍ഭരണം തങ്ങളുടെ കല്‍പ്പനപ്രകാരമാകണമെന്നു ശഠിക്കുന്ന സാമ്രാജ്യത്വത്തിന്റെ ദല്ലാളന്മാര്‍... ഇവരൊക്കെ ഇവിടത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തില്‍ ഒരുമിച്ചു. കമ്യൂണിസ്റ്റ് വിരോധം ഏക രാഷ്ട്രീയ അജന്‍ഡയാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢപ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഇവരാകെ അണിനിരന്നു. ഇവര്‍ക്കു മുന്നേറാനുള്ള ആശയാന്തരീക്ഷം മൂലധനപിന്‍ബലത്തിലുള്ള ദൃശ്യ-അച്ചടിമാധ്യമങ്ങള്‍ ഒരുക്കിക്കൊടുത്തു. സര്‍ സി പിയുടെ ചോറ്റുപട്ടാളത്തിനെതിരെ നെഞ്ചുവിരിച്ച് പൊരുതിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സാമുദായികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ പരിമിതപ്പെട്ടുനിന്ന നവോത്ഥാനപ്രസ്ഥാനത്തെ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കം നല്‍കി മുന്നോട്ടുകൊണ്ടുപോയത് ഈ പ്രസ്ഥാനമാണ്. കോണ്‍ഗ്രസുപോലും രാജാവിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിമിതമായ ജനാധിപത്യക്രമം മതി എന്ന് സമ്മതിച്ചിടത്ത്, രാജാവിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള നിരുപാധികമായ ജനാധിപത്യം വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയത് ഈ പ്രസ്ഥാനമാണ്. അമിതാധികാര സ്വേച്ഛാധിപത്യം പരിമിത ജനാധിപത്യസ്വാതന്ത്ര്യംകൂടി അപകടപ്പെടുത്താന്‍ പോകുന്നു എന്നും സാമ്പത്തിക പരമാധികാരത്തിനുനേര്‍ക്കുള്ള ആക്രമണം രാഷ്ട്രീയ പരമാധികാരത്തെക്കൂടി തകര്‍ക്കാന്‍ പോകുന്നു എന്നും വര്‍ഗീയതയുടെ ഫാസിസ്റ്റ് ഘോരാന്ധകാരം ഇന്ത്യയെ വിഴുങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്നു എന്നും മുന്നറിയിപ്പ് നല്‍കിയത് ഈ പ്രസ്ഥാനമാണ്. അത്തരത്തിലുള്ള ഒരു പ്രസ്ഥാനം തകര്‍ന്നു കാണണമെന്ന് വര്‍ഗീയതയുടെമുതല്‍ സാമ്രാജ്യത്വത്തിന്റെവരെ ശക്തികള്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹങ്ങളുടെ കൂട്ടായ നീക്കമാണ് വ്യക്തിവിരോധം മുന്‍നിര്‍ത്തിയുണ്ടായ ഒരു കൊലപാതകത്തെ സിപിഐ എം വിരുദ്ധ അപസ്മാരബാധയാക്കി വളര്‍ത്തിയെടുക്കാന്‍ നോക്കിയത്; അനവധി രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായിട്ടുള്ള കേരളത്തില്‍ രാഷ്ട്രീയമേ ഇല്ലാത്ത ഒരു കൊലപാതകത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി കമ്യൂണിസ്റ്റ് വിരുദ്ധത പടര്‍ത്താനുള്ള ആയുധമാക്കി ദുരുപയോഗിച്ചത്. കേരളം ഇത് തിരിച്ചറിയുകയാണ് ഇപ്പോള്‍. ചാനല്‍ചര്‍ച്ചകളിലൂടെ മാത്രം ജീവിക്കുന്ന പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരമുഖങ്ങളില്‍ ജ്വലിക്കുന്ന ഏക പ്രസ്ഥാനമാണ് ഇടതുപക്ഷം. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുയരുന്ന ഏകാന്ത ശബ്ദമാണതിന്റേത്. ആ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.

*
പ്രഭാവര്‍മ ദേശാഭിമാനി

No comments: