Wednesday, January 1, 2014

ലോകം പുതുവര്‍ഷത്തിലേക്ക്

സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുമെന്ന പ്രതീക്ഷ 2013ല്‍ ഉയര്‍ന്നെങ്കിലും മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്ക് വിശ്വാസം വീണ്ടെടുക്കാനായില്ല. ഇതിനര്‍ഥം 2008ല്‍ ആരംഭിച്ച ആഗോള സാമ്പത്തികമാന്ദ്യം ആഗോള സമ്പദ്വ്യവസ്ഥയെ ഇപ്പോഴും ദോഷമായി ബാധിക്കുന്നുവെന്നാണ്. ഇന്ത്യ ഉള്‍പ്പെടെ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളെല്ലാംതന്നെ 2008ന്റെ സാമ്പത്തികത്തകര്‍ച്ച ബാധിക്കാതെ ആദ്യം പിടിച്ചുനിന്നെങ്കിലും പിന്നീട് അതിന്റെ ഇരയായി. സോഷ്യലിസ്റ്റ് ചൈനമാത്രമാണ് ഇതില്‍നിന്ന് ഒഴിഞ്ഞുനിന്നത്.

ആഗോള മുതലാളിത്തപ്രതിസന്ധി 2013ല്‍ അതിന്റെ അഞ്ചാംഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള ഓരോശ്രമവും പുതിയ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടു. നിയന്ത്രണമില്ലാത്ത സാമ്രാജ്യത്വ ആഗോളവല്‍ക്കരണം അസാധാരണമായ അസമത്വം സൃഷ്ടിക്കുകയും അത് ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും വാങ്ങല്‍ശേഷി കുറയ്ക്കുകയും ചെയ്തു. ഇത് മുതലാളിത്ത വളര്‍ച്ചയ്ക്ക് കോട്ടംതട്ടിച്ചു. ഇത് മറികടക്കാന്‍ പലിശ കുറഞ്ഞ വായ്പ നല്‍കി. ഇതുവഴി നിര്‍മാണവളര്‍ച്ച നേടാനാകുമെന്നും അത് ചോദനം (ഡിമാന്‍ഡ്) വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍, യഥാര്‍ഥത്തില്‍ ഈ നടപടിയാണ് 2008ലെ പ്രതിസന്ധിക്ക് കാരണമായത്. വായ്പകള്‍ തിരിച്ചടയ്ക്കാതായപ്പോള്‍ നിരവധി ധനസ്ഥാപനങ്ങളും ബഹുരാഷ്ട്രകമ്പനികളും പാപ്പരായി. ഈ പ്രതിസന്ധിയെ വന്‍തുകയുടെ രക്ഷാപാക്കേജുകള്‍ വഴി മറികടക്കാനാണ് മുതലാളിത്തം ശ്രമിച്ചത്. ഇതോടെ കോര്‍പറേറ്റ് ബാധ്യതകള്‍ സര്‍ക്കാരിന്റെ ബാധ്യതയായി. കുന്നുപോലെ കൂടിക്കിടക്കുന്ന ഈ കടത്തെ മറികടക്കാന്‍ സര്‍ക്കാര്‍ കടുത്ത ചെലവുചുരുക്കല്‍ നടപടി നടപ്പാക്കിയപ്പോള്‍ പ്രധാനമായും ഇരയായത് സാമൂഹ്യക്ഷേമപദ്ധതികളാണ്. അതോടൊപ്പം വേതനത്തില്‍ കുറവുവരുത്തിക്കൊണ്ട് തൊഴിലാളികള്‍ക്കെതിരെയും ആക്രമണമുണ്ടായി. ജോലിസമയം വര്‍ധിപ്പിക്കുകയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ക്രൂരമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ആഗോളപ്രതിസന്ധിയുടെ ഈ അഞ്ചാംഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ഇത് സ്വാഭാവികമായും സാധാരണജനങ്ങളുടെ വാങ്ങല്‍ശേഷി വീണ്ടും കുറയ്ക്കുകയും സാമ്പത്തികച്ചുരുക്കത്തിലേക്കും നയിച്ചു. 2014ലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ ഈ ആഗോള സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. മുതലാളിത്ത സംവിധാനത്തിനകത്ത് എത്രമാത്രം പരിഷ്കാരങ്ങള്‍ നടപ്പാക്കിയാലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാകില്ലെന്ന വസ്തുതയ്ക്കാണ് ഇത് അടിവരയിടുന്നത്. മുതലാളിത്തത്തിനെതിരായ രാഷ്ട്രീയബദലിനുമാത്രമേ സോഷ്യലിസമെന്ന സാമൂഹ്യ- സാമ്പത്തിക സംവിധാനമെന്ന ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ഈ പ്രതിസന്ധിയില്‍നിന്ന് രക്ഷനേടാനും കഴിയൂ.

2014ല്‍ ഇത്തരമൊരു സാമൂഹ്യമാറ്റത്തിനായുള്ള സമരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ശക്തിപ്പെടുമെന്ന് ഉറപ്പാണ്. ലോകത്തെങ്ങും ഈ പ്രതിസന്ധിക്കെതിരെ ജനകീയസമരങ്ങള്‍ വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ചും യൂറോപ്പില്‍ ശക്തമായ സമരങ്ങള്‍തന്നെ ഉയര്‍ന്നുവന്നു. ഗ്രീസ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് ഈ സമരങ്ങള്‍ നടന്നത്. ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവന്ന ഈ രോഷപ്രകടനത്തില്‍ പല സര്‍ക്കാരുകളും തെരഞ്ഞെടുപ്പില്‍ തോറ്റ് അധികാരത്തില്‍നിന്ന് നിഷ്കാസിതരായി. ഇതോടൊപ്പംതന്നെ ലോകത്തെങ്ങും രാഷ്ട്രീയമായി വലതുപക്ഷത്തേക്കുള്ള ചായ്വും ദൃശ്യമായി. ഇതേസമയം, ജപ്പാനിലും പോര്‍ച്ചുഗലിലും ചെക്ക്റിപ്പബ്ലിക്കിലും ചിലിയിലും നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് മുന്നേറ്റവുമുണ്ടായി. എല്ലാ ബാധ്യതകളും മൂന്നാംലോകരാജ്യങ്ങളില്‍ അടിച്ചേല്‍പ്പിച്ച് പ്രതിസന്ധി മറികടക്കാനുള്ള സാമ്രാജ്യത്വശ്രമങ്ങള്‍ക്കെതിരെയുള്ള പ്രധാന സമരവേദി ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡമാണ്. നവ ഉദാരനയങ്ങള്‍ നടപ്പാക്കുന്ന ഇന്ത്യപോലുള്ള മൂന്നാംലോകരാജ്യങ്ങളല്ല മറിച്ച് പുരോഗമന- സാമ്രാജ്യത്വവിരുദ്ധ- നവ ഉദാരനയവിരുദ്ധ സര്‍ക്കാരുകളാണ് ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്ന നടപടികള്‍ തുടരുന്നത്. വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മഡുറോ നേരിയ ഭൂരിപക്ഷത്തിനാണ് മാര്‍ച്ചില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ഇതിനാല്‍ ലാറ്റിനമേരിക്കയിലെ വര്‍ധിച്ച അമേരിക്കന്‍വിരുദ്ധ വികാരം അമേരിക്കന്‍ അനകൂലതരംഗമായി മാറുമെന്നായിരുന്നു വാഷിങ്ടണ്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ഡിസംബറില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മഡുറോയുടെ സോഷ്യലിസ്റ്റ് പാര്‍ടി കണ്ണഞ്ചിക്കുന്ന വിജയമാണ് നേടിയത്. ഇത് തെളിയിക്കുന്നത് ജനങ്ങളിപ്പോഴും സാമ്രാജ്യത്വവിരുദ്ധ വികാരമുള്ളവരാണെന്നാണ്. ലാറ്റിനമേരിക്കയിലെ ഈ പുരോഗമനപരമായ മാറ്റം 2014ല്‍ കൂടുതല്‍ ശക്തമാകും. നവ ഉദാരനയം സൃഷ്ടിക്കുന്ന വിഷമതകള്‍ക്കെതിരെ പൊരുതുന്ന ജനതയ്ക്ക് ഇത് തുടര്‍ന്നും ആവേശം പകരും. ഈയൊരു സാഹചര്യത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വം ആഗോളാധിപത്യം ഊട്ടിയുറപ്പിക്കാനും ഏകധ്രുവ ലോകം സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങള്‍ വേണ്ടത്ര ഫലം കാണുന്നില്ല. സിറിയക്കെതിരെ സൈനികാക്രമണത്തിന് അമേരിക്ക എല്ലാ കോപ്പും കൂട്ടിയെങ്കിലും റഷ്യയുടെയും ഒരുപരിധിവരെ ചൈനയുടെയും ശക്തമായ നിലപാട് കാരണം അത് പ്രാവര്‍ത്തികമാക്കാനായില്ല. ഇത്തരമൊരു ആക്രമണത്തില്‍ ഐക്യരാഷ്ട്രസംഘടനയെ ഭാഗഭാക്കാക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളെ ഈ രണ്ടു രാഷ്ട്രങ്ങളും വീറ്റോചെയ്തു.

ഇറാഖിനെതിരെ നടത്തിയതുപോലുള്ള ആക്രമണം ഇറാനെതിരെ നടത്താന്‍ അമേരിക്ക വെമ്പിയിരുന്നെങ്കിലും ഇറാനുമായി കരാറിലെത്താന്‍ അമേരിക്കന്‍ സാമ്രാജ്യത്വം നിര്‍ബന്ധിതമായി. ഈ മേഖലയിലെ സംഘര്‍ഷത്തിന് അല്‍പ്പമെങ്കിലും അയവുവരുത്താന്‍ സഹായിക്കുന്നതായി ഈ നടപടി. എന്നിരുന്നാലും പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും സ്വതന്ത്രരാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയെന്ന രീതി അമേരിക്ക ആവര്‍ത്തിക്കുകയാണ്. "അറബ്വസന്തം" ദൃശ്യമായ പല രാജ്യങ്ങളും യഥാര്‍ഥ ജനാധിപത്യത്തിലേക്ക് വളര്‍ന്നില്ലെന്നുമാത്രമല്ല, പല രാജ്യങ്ങളും കടുത്ത പ്രതിസന്ധിയിലാണിന്ന്. ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ സൈനിക ഇടപെടലുണ്ടായി. മുസ്ലിം ബ്രദര്‍ഹുഡ് പാര്‍ടിയുടെ സ്വാധീനത്താല്‍ മതമൗലികതയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന ഘട്ടത്തിലായിരുന്നു ഈ ഇടപെടല്‍. സിറിയയില്‍ അമേരിക്കന്‍പ്രേരിത ആഭ്യന്തരയുദ്ധമാകട്ടെ ലെബനണ്‍പോലുള്ള അയല്‍രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. അമേരിക്കന്‍ അധിനിവേശത്തിന്റെ ഫലമായി ഇറാഖില്‍ വിഭാഗീയ ആക്രമണങ്ങള്‍ തുടരുന്നു. നിരവധി സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെടുന്നത്. ടുണീഷ്യയും ലിബിയയും ഇന്ന് അശാന്തമാണ്. സുഡാനാകട്ടെ രണ്ടായി വിഭജിക്കപ്പെട്ടു. സൊമാലിയയിലാകട്ടെ കടുത്ത സംഘര്‍ഷം തുടരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം അവരുടെ ആധിപത്യം ഉറപ്പിക്കുന്നതിന് എല്ലാ രാജ്യങ്ങളിലും ഇടപെടുന്ന രീതി തുടരുകയാണ്. കാലാവസ്ഥമാറ്റം സംബന്ധിച്ച അന്താരാഷ്ട്രസംഭാഷണങ്ങളിലും ലോകവ്യാപാരസംഘടനയിലെ കാര്‍ഷികകരാറിലും ഈ ആധിപത്യമോഹങ്ങള്‍ ദൃശ്യമായി. വാഴ്സയിലും ബാലയിലും വികസിതരാഷ്ട്രങ്ങളുടെ സാമ്പത്തികപുനരുജ്ജീവനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ വികസ്വരരാഷ്ട്രങ്ങളുടെമേല്‍ കടുത്ത സമ്മര്‍ദമുണ്ടായി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഇത്തരം സാമ്രാജ്യത്വശ്രമങ്ങളോട് ഏറ്റുമുട്ടി വികസ്വരരാഷ്ട്രങ്ങളെ കൂടെ അണിനിരത്തി അവര്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം ശക്തമാക്കുന്നതിനുപകരം ഇന്ത്യ ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ വഴങ്ങുകയാണ്. അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ മോശമായി കൈകാര്യംചെയ്ത സംഭവം അമേരിക്കന്‍ തീട്ടൂരങ്ങള്‍ക്ക് വഴങ്ങി നില്‍ക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിന്റെ ആശ്രിതരാജ്യമെന്ന പദവിയില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ സര്‍ക്കാരിനുമേല്‍ ജനകീയസമ്മര്‍ദം ശക്തമാകുന്ന വര്‍ഷമായിരിക്കും 2014.

സാമ്രാജ്യത്വം അതിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു നീക്കം അത്യാവശ്യമാണ്. നേപ്പാളില്‍ അടുത്ത് നടന്ന തെരഞ്ഞെടുപ്പിനെതുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം, ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പിനുമുന്നോടിയായി മതമൗലികവാദികള്‍ സൃഷ്ടിച്ച സംഘര്‍ഷാവസ്ഥ, അഫ്ഗാനിസ്ഥാനില്‍ മതമൗലികവാദികള്‍ക്ക് വര്‍ധിച്ചുവരുന്ന സ്വാധീനവും അഫ്ഗാന്‍ താലിബാന്‍ ഭീകരവാദം പാകിസ്ഥാനിലേക്ക് വ്യാപിക്കുന്നതും ഇന്ത്യക്ക് ഉയര്‍ത്തുന്ന ഭീഷണി, മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതത്വം, ശ്രീലങ്കയില്‍ ഇന്നും തുടരുന്ന വംശീയസംഘര്‍ഷം- എന്നിവയെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇടപെടാനും ആധിപത്യം ഉറപ്പിക്കാനും വളക്കൂറുള്ള മണ്ണ് ഒരുക്കുന്നു. അതുകൊണ്ടുതന്നെ 2014ല്‍ ഇന്ത്യ ശക്തമായ സാമ്രാജ്യത്വവിരുദ്ധസമീപനം സ്വീകരിക്കണം. ശക്തമായ ജനകീയസമ്മര്‍ദമുണ്ടായാലേ ഇത് സാധ്യമാകൂ.

ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് 2014 ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ജനകീയകൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരാനുള്ള വര്‍ഷമാണ്. അതേസമയം, സാര്‍വദേശീയ സംഭവങ്ങളില്‍നിന്നുണ്ടാകുന്ന ദോഷവശങ്ങളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുകയും വേണം. ദൃഢമായ സാമ്രാജ്യത്വവിരുദ്ധനിലപാടുകള്‍ കൈക്കൊണ്ട് ഈ ലക്ഷ്യത്തിലേക്ക് വികസ്വരരാഷ്ട്രങ്ങളെയാകെ നയിക്കാനായി അവര്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം ശക്തമാക്കുകയും വേണം. ലോകജനതയുടെ വിമോചനത്തിനായി പൊരുതിയ നെല്‍സണ്‍ മണ്ടേലയുടെ മരണത്തോടെയാണ് 2013 വിടവാങ്ങിയത്. ദക്ഷിണാഫ്രിക്കയെ വര്‍ണവിവേചനത്തില്‍നിന്ന് മോചിപ്പിക്കാനുള്ള സമരത്തിന് നേതൃത്വം നല്‍കിയത് മണ്ടേലയായിരുന്നു. മനുഷ്യവിമോചനം ഉറപ്പാക്കുന്നതുവരെ "സമരം തുടരാനാണ്" അദ്ദേഹം എന്നും ആഹ്വാനം ചെയ്തത്. പുരോഗമനസ്വഭാവമുള്ള ലോകത്തോടൊപ്പം ഞങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അതോടൊപ്പം ജനകീയസമരങ്ങള്‍ ശക്തമാക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം 2014ല്‍ യാഥാര്‍ഥ്യമാക്കാന്‍ കഠിനശ്രമം നടത്തുകയും ചെയ്യും.

*
സീതാറാം യെച്ചൂരി

No comments: