Tuesday, January 21, 2014

"" ശൂദ്രം അക്ഷരസംയുക്തം... ""

മൂന്നാം സഹസ്രാബ്ദ ഘട്ടത്തിലേക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കും മനുഷ്യരാശി കടന്നു എന്ന് അഭിമാനിക്കുന്ന ഘട്ടത്തിലാണ് ലോക മാനവികതയെത്തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു സംഭവം കേരളത്തിലുണ്ടായത്. അതും കേരളത്തിന്റെ സാമൂഹികചരിത്രത്തെ നവോത്ഥാനപരമായ ഊര്‍ജംനിറച്ച് ചടുലമാക്കിയ സംഭവപരമ്പരകള്‍കൊണ്ട് ശ്രദ്ധേയമായ ഗുരുവായൂരില്‍. കേരളം അപമാനഭാരത്താല്‍ ശിരസ്സ് കുനിക്കേണ്ട സംഭവമാണ് ജാതിയുടെ പേരില്‍ ഗുരുവായൂരിലുണ്ടായത്. ഒരു കലാകാരനോട് മനുഷ്യത്വരഹിതമായ വിവേചനം കാട്ടിയ ആ നടപടി അടിയന്തരമായി തിരുത്തപ്പെടേണ്ടതുണ്ട്.

കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. പഞ്ചവാദ്യത്തിന്റെ ഭാഗമായി ഇലത്താളം കൊട്ടാനെത്തിയ കല്ലൂര്‍ ബാബു എന്ന സര്‍ഗധനനായ കലാകാരനാണ് ജാതിയുടെ പേരില്‍ അപമാനിതനായത്; അരങ്ങിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട് തിരിച്ചയക്കപ്പെട്ടത്. കലയ്ക്കും കലാകാരനും ജാതിയില്ല എന്നത് കേരളം ഒറ്റക്കെട്ടായി പ്രഖ്യാപിക്കേണ്ടതുണ്ട്.

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യമൂല്യങ്ങള്‍ സംരക്ഷിച്ചുനിര്‍ത്താനും പുതുവഴികളിലൂടെ സമൂഹത്തിന് പുരോഗമിക്കാനും ഇത് കൂടിയേതീരൂ. ക്ഷേത്രപ്രവേശനത്തിന്, ക്ഷേത്രത്തിനുള്ളില്‍ കയറി പ്രാര്‍ഥിക്കുന്നതിന് അധഃസ്ഥിതര്‍ എന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് ഒരിക്കല്‍ അധികാരമുണ്ടായിരുന്നില്ല. ആ അധികാരം സ്ഥാപിച്ചെടുക്കുന്നതിന്, സ. പി കൃഷ്ണപിള്ളയടക്കമുള്ളവര്‍ മര്‍ദനമേറ്റ് സമരം നടത്തിയ പൈതൃകമുള്ള നാടാണ് ഗുരുവായൂര്‍. പ്രസാദമൂട്ടലില്‍നിന്ന് അബ്രാഹ്മണരെ ഒഴിവാക്കിനിര്‍ത്തിയതിനെതിരെ സ്വാമി ആനന്ദതീര്‍ഥനെപ്പോലുള്ളവര്‍ പൊരുതിയ മണ്ണാണത്. അത്തരം സമരങ്ങളാണ് കേരളസമൂഹത്തെ മുന്നോട്ടുനയിച്ചത്. അത്തരം ഇടപെടലുകളുടെ ഫലമായാണ് സമൂഹത്തിലെ ഒഴിവാക്കപ്പെട്ട വലിയ ഒരു വിഭാഗത്തിന് ക്ഷേത്രത്തില്‍ കയറി ആരാധന നടത്താനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. അത്തരം ഇടപെടലുകളിലൂടെയാണ് പ്രസാദമൂട്ടലില്‍ സ്ഥാനമില്ലാതിരുന്നവര്‍ക്ക് സ്ഥാനം ലഭിച്ചത്.

സവര്‍ണ ന്യൂനപക്ഷത്തിന്റെ സ്വകാര്യ സൂക്ഷിപ്പായിരുന്ന ഇത്തരം ഇടങ്ങള്‍ പതിയെപ്പതിയെ കൂടുതല്‍ ആളുകള്‍ക്കായി തുറന്നുകിട്ടിയത് ധീരസമരങ്ങളുടെ തുടര്‍ഫലമായാണ്. അതിനെ പിന്‍പറ്റുന്ന പ്രതിഷേധങ്ങള്‍ ഗുരുവായൂരിലെ പുതിയ സംഭവത്തിന് തൊട്ടുപിന്നാലെതന്നെ ഉണ്ടായിക്കാണുന്നു എന്നത് ശുഭോദര്‍ശിയാണ്. കലാമണ്ഡലം ഗോപിയെയും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെയും പെരുവനം കുട്ടന്‍മാരാരെയും കെപിഎസി ലളിതയെയുംപോലുള്ള മതിനിരപേക്ഷ കലാകാരന്മാര്‍ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇതില്‍ ഇടപെട്ടു എന്നത് അഭിമാനകരമാണ്.

ഗുരുവായൂരില്‍ കലാകാരന്മാര്‍ക്ക് ജാതിയുടെ പേരില്‍ വിലക്കുള്ളത് ഈ ഒരു രംഗത്തുമാത്രമല്ല. അവിടെ കൃഷ്ണനാട്ടം നടത്താന്‍ "ഉയര്‍ന്ന ജാതിക്കാര്‍" എന്ന് മുദ്രയണിഞ്ഞവര്‍ക്കുമാത്രമേ സാധിക്കൂ. അഷ്ടപദി പാടാനും സവര്‍ണനായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ശ്രുതിശുദ്ധമായ നിലയില്‍ ഭാവാര്‍ദ്രവും മധുരോദാരവുമായി ജയദേവഗീതികള്‍ പാടാന്‍ കഴിയുമെങ്കിലും ജാതിയില്‍ "താഴ്ന്നവന്‍" ആയിരുന്നാല്‍ മാറ്റിനിര്‍ത്തും എന്ന നില അംഗീകരിക്കാനാകില്ല. ലയബദ്ധമായും ഭാവഗംഭീരമായും കൃഷ്ണനാട്ടം നടത്താന്‍ കഴിയുമെങ്കിലും ജനിച്ചത് ബ്രാഹ്മണനായല്ല എന്നതിന്റെ പേരില്‍ ആ കല അവതരിപ്പിക്കുന്നതിന് വിലക്കുണ്ടാകും എന്ന് വരുന്ന സ്ഥിതിയും അംഗീകരിക്കാന്‍ കഴിയില്ല. ദേവസ്വംബോര്‍ഡുതന്നെ താമസ- ഭക്ഷണ സൗകര്യങ്ങളും സ്റ്റൈപെന്‍ഡും നല്‍കി പഠിപ്പിക്കുന്ന ക്ലാസുകളില്‍നിന്ന് ഇറങ്ങിവരുന്നവര്‍ക്കുപോലും ജാതിയുടെ പേരില്‍ വിവേചനം നേരിടേണ്ടിവരികയാണ്. ഇത്തരം വിലക്കുകളേര്‍പ്പെടുത്തുന്നവര്‍ ചരിത്രമറിയാത്ത ഏതോ പ്രാകൃത പാരമ്പര്യത്തിന്റെ അന്ധകൂപങ്ങളില്‍ കഴിയുന്നവരാണ്. സമൂഹത്തെയാകെ ബാധിക്കുന്ന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടായിക്കൂടാ.

കേരളം എങ്ങനെയാണ് ഇത്രയും പുരോഗമിച്ചത് എന്നത് വിസ്മരിച്ചുകൂടാ. അധഃകൃതര്‍ എന്ന് മുദ്രയടിച്ച് മാറ്റിനിര്‍ത്തിയിരുന്നവരിലെ സ്ത്രീകള്‍ കല്ലുമാലയണിഞ്ഞേ നടക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. ആ കല്ലുമാല പൊട്ടിച്ചെറിയാന്‍ നടന്ന സമരങ്ങളുണ്ട്. ആ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ നടന്ന സമരങ്ങളുണ്ട്. ക്ഷേത്രത്തിനടുത്തുള്ള വഴികളിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പഠിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പഠിച്ചാല്‍തന്നെ പഠിപ്പിനൊത്തുള്ള തൊഴില്‍ നേടാന്‍ കഴിയുമായിരുന്നില്ല. ഇത്തരത്തിലുള്ള വിവേചനങ്ങളെയാകെ തകര്‍ത്തെറിഞ്ഞ സാമൂഹിക നവോത്ഥാനമുന്നേറ്റം നാളെ ഗുരുവായൂരിലെ പ്രാകൃതവും മനുഷ്യത്വരഹിതവുമായ ഇന്നത്തെ വിലക്കുകളും തകര്‍ത്തെറിയുകതന്നെചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. "ശൂദ്രം അക്ഷരസംയുക്തം ദൂരതഃ പരിവര്‍ജയേല്‍" എന്ന സ്മൃതിനിയമം അക്ഷരംപഠിച്ച ശൂദ്രനെ അകലെ വര്‍ജിക്കണമെന്ന് കല്‍പ്പിക്കുന്നു. ജനാധിപത്യ-മതനിരപേക്ഷ സമൂഹത്തില്‍ ഭരണഘടനയ്ക്കുമേലെ വിലപ്പോകുന്നത് സ്മൃതിവാക്യമാണെന്ന് വന്നുകൂടാ.

"തന്‍മന്ത്രം ബ്രാഹ്മണാധീനം; ബ്രാഹ്മണോ മമ ദൈവതം" എന്ന നിലയില്‍ ബ്രാഹ്മണനാണ് ദൈവം എന്ന സിദ്ധാന്തം അടിച്ചേല്‍പ്പിക്കുന്നത് ആരുതന്നെയായാലും അവര്‍ ഭരണഘടനാമൂല്യങ്ങളായ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും തുല്യാവകാശ സംഹിതയ്ക്കുമെതിരായി നില്‍ക്കുന്നവരാണ്. അവര്‍ക്കെതിരെ ആ നിലയ്ക്കുള്ള നിയമനടപടികളുണ്ടാകണം. ജനാധിപത്യഭരണ സംവിധാനത്തില്‍ സര്‍ക്കാരിന് അക്കാര്യത്തില്‍ ചുമതലതന്നെയുണ്ട്.

എന്നാല്‍, സംഘപരിവാര്‍ പ്രഭൃതികളുടെ അപ്രീതിയുണ്ടായാലോ എന്നുകരുതി അവര്‍ ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ്. ഈ നാട്യം ജനങ്ങള്‍ തിരിച്ചറിയണം. കാലത്തെ, ചരിത്രത്തെ പതിനെട്ടാം നൂറ്റാണ്ടിലെ ജീര്‍ണാധികാരത്തിലേക്ക് തിരികെക്കൊണ്ടുപോയി തള്ളാനുള്ള പ്രാകൃതനടപടികളുടെ ഭാഗമായാണ് ഇലത്താള കലാകാരനെതിരായ ഗുരുവായൂരിലെ ജാതിവിവേചനമടക്കമുള്ള സംഭവങ്ങളെ കാണേണ്ടത്. അത് ആ നിലയ്ക്കുതന്നെ പരിഷ്കൃതസമൂഹവും ജനാധിപത്യസര്‍ക്കാരും കൈകാര്യംചെയ്യേണ്ടതുമുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: