Monday, January 20, 2014

ചരിത്രത്തിന്റെ ആള്‍രൂപം

ജീവിക്കുന്ന റഫറന്‍സ്

1977ല്‍ സിഡിഎസില്‍ പഠിക്കാന്‍ പോയനാള്‍ മുതലാണ് ആണ്ടലാട്ടിനെ പരിചയം. ഏതാണ്ട് അക്കാലത്താണ് അദ്ദേഹം ചിന്താ പബ്ലിഷേഴ്സിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ വന്നത്. അന്നും പിന്നീടും ആ പ്രകൃതത്തില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. വാരികകളുടെയും പത്രങ്ങളുടെയും കൂമ്പാരങ്ങള്‍ക്കിടയിലല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഇന്നും എ കെ ജി സെന്റര്‍ ലൈബ്രറിയില്‍ ആണ്ടലാട്ട് സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെഴുതിയ ലേഖനങ്ങളുടെ വാല്യങ്ങളുണ്ട്. ചിലതെല്ലാം പ്രസിദ്ധീകരിക്കപ്പെടാത്തതാണ്. ഇന്ന് ഇപ്രകാരം കൈപ്പടയില്‍ എഴുതേണ്ടതില്ല. സ്കാനിങ്ങിന്റെയും ഫോട്ടോകോപ്പിയുടെയും സൗകര്യമുണ്ട്. അക്കാലത്ത് പകര്‍ത്തിയെഴുതലല്ലാതെ മാര്‍ഗമില്ല. നീലമഷി വടിവൊത്ത അക്ഷരത്തില്‍ ഒന്നുംവിട്ടുപോകാതെ അക്ഷരത്തെറ്റില്ലാതെ തപസ്പോലെ ആയിരക്കണക്കിന് പേജുകള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.

സിപിഐ ലൈബ്രറി, ദേശാഭിമാനി ഓഫീസ്, ഗ്രാമീണ ഗ്രന്ഥശാലകള്‍, പലരുടെയും വീടുകള്‍- എന്നിവിടങ്ങളിലെല്ലാം അദ്ദേഹം അലഞ്ഞു. സമാഹരിച്ച ലേഖനങ്ങള്‍ കാലക്രമത്തില്‍ നേതാക്കളോട് ബന്ധപ്പെടുത്തി ക്രമീകരിച്ചു. അങ്ങനെയാണ് സഖാക്കളെ മുന്നോട്ട് എന്ന കൃഷ്ണപിള്ളയുടെ തെരഞ്ഞെടുത്ത ലേഖനങ്ങളും വേഗം പോരാ എന്ന സിഎച്ചിന്റെ സമാഹാരവും മറ്റും ഇറങ്ങിയത്. അടിക്കുറിപ്പുകളിലൂടെയും വിശദീകരണങ്ങളിലൂടെയും കൂടുതല്‍ വ്യക്തത നല്‍കാന്‍ ശ്രമിച്ചിരുന്നു. ഈ കുറിപ്പുകള്‍ ആണ്ടലാട്ടിന്റെ തനത് സംഭാവനകളാണ്. ഇവ ക്രോഡീകരിച്ചാണ് രേഖയില്ലാത്തചരിത്രം, പി കൃഷ്ണപിള്ള, സഖാവ്, രണഭൂമികളില്‍നിന്ന്, സഖാവിന്റെ കത്തുകള്‍, എം എസ് ദേവദാസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, നവയുഗപ്പിറവി തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന ഒട്ടേറെ ഗ്രന്ഥങ്ങള്‍ നമുക്ക് ലഭ്യമായി. വാമൊഴിയെ ഇത്രമാത്രം ആശ്രയിച്ച ചരിത്രകാരന്മാര്‍ കുറവാണ്. സുവനീറുകള്‍, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍, പ്രാദേശിക ചരിത്രപ്രസിദ്ധീകരണങ്ങള്‍ തുടങ്ങി വിലകൊടുത്ത് വാങ്ങാന്‍ പറ്റാത്ത, അതുകൊണ്ടുതന്നെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടില്ലാത്ത അമൂല്യ രേഖാസഞ്ചയം ആണ്ടലാട്ട് സമാഹരിച്ചു. ആണ്ടലാട്ടിന്റെ വിശകലന രീതി പല പ്രത്യേകതകളും നിറഞ്ഞതാണ്. ഏതെങ്കിലൂം ഒരു സംഭവമോ തീയതിയോ സംബന്ധിച്ച ജീവിത സ്ത്രോസുകളില്‍നിന്നുള്ള പ്രസ്താവനകള്‍ ഒരുമിച്ച് അണിനിരത്തി വ്യത്യസ്തതകളും സാമ്യങ്ങളും വൈരുധ്യങ്ങളും അനാവരണം ചെയ്യും. അങ്ങനെ യുക്തിപൂര്‍വമായി തനതായ നിഗമനത്തിലെത്തുന്നു.

ഇത്ര തലനാരിഴ കീറി പരിശോധിക്കേണ്ടതുണ്ടോ എന്ന് വായനക്കാര്‍ സംശയിച്ചേക്കാം. കൃത്യതകളില്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലായിരുന്നു. പുരോഗമന സാഹിത്യചരിത്രത്തിലും ആണ്ടലാട്ടിന് അവഗാഹമുണ്ടായിരുന്നു. കെ പി ജി ജീവിതവും പ്രവര്‍ത്തനവും, കാവ്യവും ദര്‍ശനവും, ജീവിതദര്‍ശനം സൗന്ദര്യബോധം, പുരോഗമന സാഹിത്യവും കമ്യൂണിസ്റ്റുകാരും തുടങ്ങി പല ലഘുഗ്രന്ഥങ്ങളും എഴുതി. 1957 ഏപ്രില്‍ അഞ്ചിന്റെ പൊരുള്‍ സ്വന്തം അനുഭവത്തിന്റെകൂടി അടിസ്ഥാനത്തില്‍ എഴുതിയതാണ്. എന്റെ "വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍" കമ്യൂണിസ്റ്റുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വേണ്ടത്ര തുറന്നുകാട്ടിയില്ല എന്ന വിമര്‍ശം അദ്ദേഹത്തിനുണ്ടായി. ഇത് മനസില്‍ വച്ചായിരുന്നു അത് സംബന്ധിച്ച ഗ്രന്ഥം അദ്ദേഹം തയ്യാറാക്കിയത്. അക്കാദമിക ചരിത്രകാരന്മാര്‍ ആണ്ടലാട്ടിന്റെ സംഭാവനകളെ വേണ്ടവിധത്തില്‍ മാനിച്ചിട്ടില്ല. പക്ഷേ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെക്കുറിച്ചുള്ള അക്കാദമിക് പഠനങ്ങളില്‍ ആണ്ടലാട്ടിന്റെ ഗ്രന്ഥങ്ങള്‍ അനിവാര്യമായ റഫറന്‍സ് സാമഗ്രിയാണ്.

*
ഡോ. തോമസ് ഐസക്


ചരിത്രത്തിന്റെ ആള്‍രൂപം

ചരിത്രം എഴുതാന്‍ ഉപയോഗിച്ച മഷി ദ്രവരൂപത്തിലുള്ള മുന്‍വിധികളാണെന്ന് പറഞ്ഞത് മാര്‍ക് ട്വയിന്‍. ഫലിത പ്രിയനായ ആ അമേരിക്കന്‍ എഴുത്തുകാരന്‍ സാമുവല്‍ ലാന്‍ഘോര്‍നെ ക്ലെമെന്‍സ് എന്ന പേരില്‍നിന്നാണ് മാര്‍ക് ട്വയിന്‍ എന്ന തൂലികാനാമത്തിലെത്തിയത്. ഫലിതം നിറഞ്ഞ നീണ്ടകഥകളിലൂടെ പേരെടുത്ത അദ്ദേഹം യാത്രാവിവിവരണങ്ങളിലൂടെയും ശ്രദ്ധേയനായി. 1876ല്‍ പ്രാദേശിക പത്രത്തിന്റെ ധനസഹായ പിന്തുണയില്‍ നടത്തിയ മെഡിറ്ററേനിയന്‍ സഞ്ചാരങ്ങളാണ് പിന്നീട് "ദി ഇന്നസെന്റ്സ് അബ്രോഡ്" എന്ന ശീര്‍ഷകത്തില്‍ സമാഹരിക്കപ്പെട്ടത്. സുദീര്‍ഘങ്ങളായ യാത്രകളും വിവിധ ജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളും അപരിചിത ഭൂഖണ്ഡങ്ങളിലൂടെയുള്ള പര്യവേക്ഷണങ്ങളും ചേര്‍ന്നുള്ള പാഠങ്ങളാണ് മാര്‍ക് ട്വയിനിന്റെ ചരിത്രസമീപനം രൂപപ്പെടുത്തിയത്. ദ്രവരൂപത്തിലുള്ള മുന്‍വിധികള്‍ എന്ന രൂപകം എഴുതപ്പെട്ട ചരിത്രത്തിലെ വിഭാഗീയതയെയാണ് കടന്നാക്രമിച്ചതും. വേട്ടപ്പട്ടികള്‍ ചരിത്രമെഴുതുംവരെ ചരിത്രം വേട്ടക്കാരുടേത് മാത്രമായിരിക്കുമെന്ന നിക്കരാഗ്വന്‍ ചൊല്ലും ഏകപക്ഷീയതകളെ യാണ് അടിവരയിട്ടത്.

കേരള ചരിത്രത്തിലെ അക്കാദമിക് കപടനാട്യത്തിനും വരേണ്യവാദ സമീപനങ്ങള്‍ക്കും ബദല്‍ നിരത്തിയാണ് ആണ്ടലാട്ട് വ്യത്യസ്തനായതെന്ന് പറയാം. ഔദ്യോഗിക സ്ഥാപനങ്ങള്‍ അന്ധത നടിച്ച മേഖലകളില്‍ നഗ്നപാദനായും സാഹസികമായും നടന്ന് പുതിയ ഉപദാനം കണ്ടെടുക്കുകയായിരുന്നു അദ്ദേഹം. തിരസ്കൃതമായ ചരിത്രത്തിന് അതിലൂടെ മുഖവുരയെഴുതി ആണ്ടലാട്ട്. ചീകിയൊതുക്കാത്ത മുടിയും അലസമായിട്ട മീശയും നനച്ചുവെളുപ്പിക്കാത്ത വസ്ത്രവും നീളന്‍ തുണി സഞ്ചിയുമെടുത്ത് നാടന്‍ കുണ്ടിടവഴികളിലും തിരക്കൊഴിയാത്ത ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നിശ്ശബ്ദനായിനിന്നും നടന്നുമായിരുന്നു ആ യാത്രകള്‍. രാഷ്ട്രീയം ഞായറാഴ്ച വിനോദമായി സുഖിച്ച ധനിക നേതൃത്വത്തിന്റെ ചൂതുകളിയല്ല ചരിത്രമെന്ന് പണ്ഡിതന്മാര്‍ പലവട്ടം ഓര്‍മപ്പെടുത്തിയത് ആണ്ടലാട്ട് പ്രയോഗത്തിലൂടെ തെളിയിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തെ ജനകീയ റഫറന്‍സ് വിഭാഗമായി വിപുലമാക്കുന്നതില്‍ ക്ഷമാപൂര്‍ണമായ ആ സന്നദ്ധത വഹിച്ച പങ്ക് വലുതാണ്. ഇഴയറ്റുനിന്ന ചരിത്ര സന്ദര്‍ഭങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ദ്രവിച്ചുതീര്‍ന്ന താളിയോലകളിലും പൊടിഞ്ഞുതീര്‍ന്ന കടലാസുകളിലും കെട്ടുപൊട്ടിയ സുവനീറുകളിലും ആണ്ടലാട്ട് പരിഭവങ്ങളേതുമില്ലാതെയാണ് മണിക്കൂറുകള്‍ ചെലവഴിച്ചത്. വലിയ നാട്യത്തോടെയായിരുന്നില്ല അതെല്ലാം എന്നതും എടുത്തു പറയേണ്ടതാണ്.

ചിന്ത പബ്ലിഷേഴ്സ്, ദേശാഭിമാനി, ചിന്തവാരിക തുടങ്ങിയ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണ വിഭാഗങ്ങള്‍ക്കെല്ലാം അദ്ദേഹം നല്‍കിയ സംഭാവനകളും മറക്കാവുന്നതല്ല. ദേശാഭിമാനിയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും രൂപപരിണാമങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ക്കുപിന്നിലെ ആദ്യ പ്രേരകശക്തിയും അദ്ദേഹമായിരുന്നു. അപ്രശസ്തങ്ങളായ നാടന്‍ ഗ്രന്ഥശാലകളില്‍നിന്നും വ്യക്തികളുടെ പുസ്തക ശേഖരങ്ങളില്‍നിന്നും തെരുവോരങ്ങളിലെ പഴയ പുസ്തകച്ചന്തകളില്‍നിന്നും അലഞ്ഞു കണ്ടെത്തിയവയെല്ലാം സ്വന്തമാക്കാതെ പൊതുസ്വത്താക്കി നിലനിര്‍ത്തുന്നതിലും ആ ശ്രദ്ധയുണ്ടായി. പുതിയ തലമുറയുടെ മിനുങ്ങിയ ചിന്തകളില്‍ ആഴമേറിയ വഴിതുറന്നവയായിരുന്നു ആണ്ടലാട്ടിന്റെ പല രചനകളും. അക്കാദമിക ലോകവും സാമൂഹ്യ ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഡോക്യുമെന്റേഷന്‍ വിദഗ്ധരുമെല്ലാം അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ അവര്‍ക്കെല്ലാം മുന്നില്‍ എത്രനേരം ഇരിക്കാനും അദ്ദേഹത്തിന് മടിയുണ്ടാകാറില്ല.
നവോത്ഥാനത്തിന്റെ പടര്‍ന്നു വളര്‍ന്ന ചില്ലകള്‍. ആദ്യകാല തൊഴിലാളി - കര്‍ഷക മുന്നേറ്റത്തിന്റെ കൈവഴികള്‍. അധ്യാപക - സാഹിത്യ സംഘാടനത്തിന്റെ ഉണര്‍വുകള്‍. അവയിലെയെല്ലാം ചെറുവ്യക്തിത്വങ്ങളും നിസ്സാര സന്ദര്‍ഭങ്ങളുംവരെ അദ്ദേഹം മുങ്ങിയെടുത്തു. കമ്യൂണിസ്റ്റ് പ്രസ്ഥാന സ്ഥാപകന്‍ പി കൃഷ്ണപ്പിള്ളയുടെ ജീവിതവും സമരചിന്തകളുമായി ബന്ധപ്പെട്ട പല രേഖകളും വെളിച്ചം കണ്ടത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പിറവി പോലുള്ള ലഘുകൃതികള്‍ അതിന്റെ അനുബന്ധവും. രേഖയില്ലാത്ത ചരിത്രം എന്ന ശീര്‍ഷകം ആണ്ടലാട്ടിന്റെ ചരിത്രാന്വേഷണ സമീപനത്തിന്റെ മാനിഫെസ്റ്റോ തന്നെയാണ്. സ്വന്തം പേര് അച്ചടിച്ചുവരാനുള്ള സൂത്രപ്പണിയായല്ല അദ്ദേഹം എഴുത്തിനെ കണ്ടിരുന്നത്. മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ സംഘടിതാക്രമണ വേളകളിലെല്ലാം വസ്തുതകളും സത്യങ്ങളും നിരത്തി പ്രതിരോധത്തിന്റെ വഴി തുറക്കാന്‍ മുന്നിട്ടിറങ്ങുകയുമുണ്ടായി. താത്ത്വികാപഗ്രഥനങ്ങള്‍ക്ക് പിന്‍ബലവും ഉള്ളടക്കവും മൂര്‍ച്ചയും നല്‍കാനുള്ള കൂട്ടിച്ചേര്‍ക്കലുകളായിരുന്നു അവയില്‍ പലതും. ഇന്നത്തെ കേരളത്തിന്റെ സര്‍വതോന്മുഖങ്ങളായ പുരോഗതിക്കും കുതിപ്പിനും തെളിഞ്ഞ മുഖത്തിനും പിന്നില്‍ അസംഖ്യം പോരാട്ടങ്ങളുടെയും മനുഷ്യരുടെയും ചോരയോട്ടമുണ്ടായിരുന്നെന്ന് ആണ്ടലാട്ട് പറയാറുള്ളത് വികാരത്തിന്റെ ഭാഷയിലായിരുന്നില്ല. മറിച്ച് വസ്തുതകളുടെ പിന്‍ബലത്തിലായിരുന്നു. ജാതിചിന്തകളും അയിത്തവും ചൂഷണവും ഏതെല്ലാം രൂപങ്ങളില്‍ നിലനിന്നിരുന്നുവെന്നതിന്റെ എത്രയോ ജീവിത സത്യങ്ങള്‍ നിരത്താനും അദ്ദേഹത്തിനായി.

*
അനില്‍കുമാര്‍ എ വി

No comments: