Sunday, January 12, 2014

മന്‍മോഹന്‍സിങ്ങിന്റെ "ഏറ്റവും നല്ല നിമിഷം"

"തീര്‍ച്ചയായും, എനിക്ക് ഏറ്റവും നല്ല നിമിഷം അമേരിക്കയുമായി ഒരു ആണവകരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതാണ്"- ഡിസംബര്‍ മൂന്നിന് മാധ്യമ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസ്താവിച്ചു. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം നമ്മുടെ പ്രധാനമന്ത്രി കാട്ടിയത്. ഭരണരംഗത്തുണ്ടായ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള വൈമുഖ്യമായിരുന്നു ഈ വിടവാങ്ങല്‍ മാധ്യമസമ്മേളനത്തിന്റെ സവിശേഷത.

യുപിഎ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടവും തന്റെ "ഏറ്റവും നല്ല നിമിഷ"വുമായി മന്‍മോഹന്‍സിങ് അവകാശപ്പെട്ടത് അമേരിക്കയുമായുള്ള ആണവകരാറാണ്. സ്വതന്ത്രവിദേശനയം ബലികഴിച്ച് അമേരിക്കയുടെ സാമ്രാജ്യത്വകൂടാരത്തില്‍ ഇന്ത്യയെ എത്തിച്ച നിമിഷമായാണ് ഈ നിമിഷത്തെ ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. 2007ല്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ച 123 ആണവകരാറിനെ, അതിന് അടിസ്ഥാനമായ ഒരു കരാറിനെയും ബന്ധപ്പെട്ട അമേരിക്കന്‍ നിയമത്തെയുംപറ്റി ഒന്നും പറയാതെയാണ് ഇന്ത്യാഗവണ്‍മെന്റ് ആദ്യംമുതല്‍തന്നെ അവതരിപ്പിക്കുക. ആണവ സഹകരണത്തിനായുള്ള ഒരു സാങ്കേതികരേഖ മാത്രമാണിതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.

2005 ജൂലൈ 18ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും സംയുക്തപ്രസ്താവനയാണ് യുഎസ് ഇന്ത്യ ആണവകരാറിന്റെ ആദ്യരൂപം നല്‍കിയത്. ആ പ്രസ്താവനയില്‍ പ്രാധാന്യം നല്‍കിയ "യുഎസ് ഇന്ത്യ പ്രതിരോധ സഹകരണത്തിനുള്ള ചട്ടക്കൂട് കരാറാ"ണ് ആണവ ഇടപാടിന്റെ ആധാരം. ബുഷ്-മന്‍മോഹന്‍സിങ് സംയുക്തപ്രസ്താവനയ്ക്ക് ഇരുപതുദിവസംമുമ്പാണ് പ്രതിരോധസഹകരണ കരാറുണ്ടാക്കിയത്. ഇന്ത്യയുമായുള്ള തന്ത്രപരബന്ധത്തില്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധാനം പ്രതിരോധ, സൈനിക സഹകരണമാണെന്ന് 2001 സെപ്തംബര്‍ മുതല്‍തന്നെ അമേരിക്ക വ്യക്തമാക്കിയിരുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ആണവ ഇടപാട് പ്രതിരോധബന്ധത്തിന്റെ ഭാഗമായിരുന്നു. ആണവകരാര്‍ പ്രധാനമായും ആണവോര്‍ജത്തെപ്പറ്റിയായിരുന്നില്ല; ആയിരുന്നുവെന്നത് ഇന്ത്യാഗവണ്‍മെന്റ് നല്‍കിയ വ്യാഖ്യാനമായിരുന്നു. അമേരിക്കന്‍ വ്യവസ്ഥകളില്‍, അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കായി ഇന്ത്യയുമായി പ്രതിരോധകരാറുണ്ടാക്കിയശേഷംമാത്രമാണ് അമേരിക്ക ആണവ ഇടപാടിന് തയ്യാറായത്. ഇത് ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനാണ് ഇന്ത്യാഗവണ്‍മെന്റ് എന്നും ശ്രമിച്ചിട്ടുള്ളത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ആണവകരാര്‍, ഇന്ത്യയുമായുള്ള ആണവസഹകരണത്തെ സംബന്ധിച്ചുള്ള ഹൈഡ് നിയമത്തിന് വിധേയമാണ്. ഇന്ത്യാഗവണ്‍മെന്റ് അന്നും ഇന്നും ഈ വസ്തുത നിഷേധിക്കുകയാണ്. ആണവോര്‍ജകാര്യത്തിലുള്ള സഹകരണത്തിന്റെ വ്യവസ്ഥകള്‍ ഹൈഡ് നിയമത്തിലുണ്ട്. അമേരിക്കയുടെ രണ്ട് പ്രധാന ഉദ്ദേശ്യങ്ങള്‍ ഹൈഡ് നിയമത്തില്‍തന്നെ വ്യക്തമായി ഉയര്‍ന്നുനില്‍ക്കുന്നു. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടേതിന് അനുസൃതമാക്കുകയെന്നതാണ് പ്രധാന ഉദ്ദേശ്യം. അമേരിക്കയ്ക്ക് കൂടുതല്‍ രാഷ്ട്രീയവും തന്ത്രപരവും സൈനികവുമായ പിന്തുണ നല്‍കാന്‍ ഈ കരാര്‍ ഇന്ത്യയെ പ്രേരിപ്പിക്കും. ഇറാനെപ്പറ്റി ഹൈഡ് നിയമത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. ഇറാനെ (ആണവപരിപാടിയില്‍നിന്ന്) പിന്തിരിപ്പിക്കാനും ഒറ്റപ്പെടുത്താനും ആവശ്യമെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്താനും ഒതുക്കുവാനും ഇന്ത്യയുടെ പൂര്‍ണവും സജീവവുമായ സഹകരണം അമേരിക്ക പ്രതീക്ഷിക്കുന്നതായി ഹൈഡ് നിയമം വ്യക്തമാക്കുന്നുണ്ട്.

എന്താണ് ആണവകരാറില്‍ അമേരിക്കയുടെ താല്‍പ്പര്യം, എന്തിനാണിതുണ്ടാക്കുന്നതെന്ന് വിശദീകരിച്ചത് അമേരിക്കന്‍ പക്ഷത്തുനിന്ന് കരാറിന്റെ മുഖ്യശില്‍പ്പി നിക്കോളാസ് ബേണ്‍സ് ആയിരുന്നു. അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റില്‍ 2007 ഏപ്രില്‍ 29ന് എഴുതിയ ലേഖനത്തിലായിരുന്നു ഇത്. ""നമ്മുടെ പ്രഥമ മുന്‍ഗണന ഇന്ത്യയിലെയും അമേരിക്കയിലെയും സ്വകാര്യമേഖലയിലെ ബിസിനസില്‍, വന്‍തോതില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ചയ്ക്ക്, ഗവണ്‍മെന്റിന്റെ പിന്തുണ നല്‍കുകയാണ്. രണ്ടാമത്, നമുക്ക് ഒരു തന്ത്രപര സൈനികപങ്കാളിത്തം സൃഷ്ടിക്കാന്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇന്ത്യയുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാനും രണ്ടുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധബന്ധത്തിന് പൂരകമായും ആയുധവ്യാപാരത്തിന്റെ ഒരു പരമ്പര നാം പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു"". കരാറിന്റെ യഥാര്‍ഥ സ്വഭാവം പ്രധാനമന്ത്രി പാര്‍ലമെന്റില്‍നിന്ന് മറച്ചുവച്ചു. കരാര്‍ ഉണ്ടാക്കിയശേഷവും ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് തുടര്‍ന്നു. 2007 ജൂലൈ 27ന്, കരാറിന്റെ ചില വിശദാംശങ്ങള്‍ - പൂര്‍ണരൂപമല്ല - വാഷിങ്ടണിലും ന്യൂഡല്‍ഹിയിലും കൂടിയാലോചനകള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. ന്യൂഡല്‍ഹിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും മറ്റ് ഉദ്യോഗസ്ഥരും പറഞ്ഞത് കരാര്‍ ആണവോര്‍ജത്തെപ്പറ്റി മാത്രമായിരുന്നെന്നും കൂടിയാലോചനകളില്‍ ഒരിക്കലും ആയുധവ്യാപാരത്തെപ്പറ്റി പരാമര്‍ശമുണ്ടായിട്ടില്ലെന്നുമായിരുന്നു. ഈ പ്രസ്താവന തെറ്റിദ്ധാരണാജനകം മാത്രമായിരുന്നില്ല; വാസ്തവവിരുദ്ധവുമായിരുന്നു. അതേദിവസംതന്നെ വാഷിങ്ടണില്‍ നിക്കോളാസ് ബേണ്‍സ് നല്‍കിയ പ്രസ്താവന ഇത് തെളിയിച്ചു. കരാറിനുശേഷമുള്ള അടുത്തപടി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കുകയാണെന്ന് നിക്കോളാസ് ബേണ്‍സ് എഴുതിത്തയ്യാറാക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുത്ത സൈനികബന്ധത്തിലേക്ക് പ്രവേശിക്കുകയാണ്- ബേണ്‍സ് വിശദീകരിച്ചു. ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്ക് ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകപൈപ്പ് ലൈനിനുള്ള പ്രാധാന്യം ഇന്ത്യയുടെ ഭരണാധികാരികള്‍ അംഗീകരിച്ച്, ആ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച അവസരത്തിലായിരുന്നു ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് അമേരിക്കന്‍ ആണവപദ്ധതിയുമായി വാഷിങ്ടണ്‍ മുന്നോട്ടുവന്നത്. ആ പദ്ധതി ഉപേക്ഷിക്കുകയെന്നുള്ളത് ആണവകരാറിന്റെ വ്യവസ്ഥകളിലൊന്നായിത്തീര്‍ന്നു. 2005 മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയ അമേരിക്കയുടെ വിദേശസെക്രട്ടറി കോണ്ടലിസാ റൈസ്, ഊര്‍ജത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ സഹകരണം വാഗ്ദാനം ചെയ്തതോടൊപ്പം, ഇറാനുമായുള്ള പദ്ധതി തുടരരുതെന്ന് നിര്‍ദേശിക്കുകയുംചെയ്തു. 2005 ജൂലൈയില്‍ വാഷിങ്ടണിലേക്ക് പോകുന്നതിനുമുമ്പ് പൈപ്പ് ലൈനിനെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞത്, അതിനെപ്പറ്റിയുള്ള തീരുമാനം, ഇന്ത്യ, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടേതുമാത്രമായിരിക്കുമെന്നായിരുന്നു. ബാഹ്യകക്ഷികള്‍ക്ക് അതില്‍ ഒരു പങ്കുമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പ്രസിഡന്റ് ബുഷുമായി ആണവ കരാറിനെപ്പറ്റിയുള്ള സംഭാഷണങ്ങള്‍ക്കുശേഷം പൈപ്പ് ലൈന്‍ പദ്ധതി പ്രായോഗികമാണോയെന്ന് സംശയമുണ്ടെന്നും, ഇതിനുള്ള ഒത്തിരി അപകടസാധ്യതകളെപ്പറ്റി തനിക്ക് ബോധ്യമുണ്ടെന്നുമായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവന.

അമേരിക്കയുടെ സമ്മര്‍ദംമൂലം പ്രധാനമന്ത്രി അഭിപ്രായം മാറ്റിയെന്ന് വ്യക്തമായിരുന്നു. ആണവകരാറിനുള്ള ഒരു വ്യവസ്ഥയായി, ഇറാന്റെ കാര്യത്തില്‍ അമേരിക്കയോടു ചേര്‍ന്നുനില്‍ക്കാനായിരുന്നു സമ്മര്‍ദം. ആണവകരാര്‍ ഉണ്ടാക്കിയതോടെ ഇന്ത്യയുടെ പ്രതിരോധ വിപണി- ലോകത്തിലെ ഏറ്റവും വലുത്- അമേരിക്കയുടെ ആയുധ വ്യവസായികള്‍ക്ക് തുറന്നുകൊടുക്കുകയായിരുന്നു. ഇപ്പോള്‍ ബോയിങ് മുതല്‍ ലോക്ഹീഡ് മാര്‍ട്ടിന്‍വരെയുള്ള വന്‍ ആയുധക്കമ്പനികള്‍ക്ക് ഇന്ത്യയില്‍ കാര്യാലയങ്ങളുണ്ട്. ഇവയുടെ ശക്തമായ ലോബി ഇന്ത്യയുടെ ആയുധ ഇടപാടുകളെ സ്വാധീനിക്കുന്നുണ്ട്.

ഇതിനകം അമേരിക്കയില്‍നിന്ന് 10 ബില്യണ്‍ ഡോളറിനുള്ള ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു. അടുത്ത മൂന്നുവര്‍ഷങ്ങളില്‍ ഇത് 50 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്നാണ് കണക്ക്. അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം ഇന്ത്യയുടെ പ്രതിരോധതന്ത്രത്തെ അമേരിക്കയുടേതിന് അനുസൃതമാക്കുകയാണ്. തുടര്‍ച്ചയായുള്ള യുഎസ്-ഇന്ത്യ സൈനികാഭ്യാസങ്ങളുടെ ലക്ഷ്യമാണിത്. ആണവകരാറിനെ വിലയിരുത്തേണ്ടത്, സൈനിക സഹകരണത്തോടും സാമ്പത്തികരംഗത്ത് അമേരിക്കന്‍ മൂലധനം സ്വാധീനം ചെലുത്തുന്നതോടുമൊപ്പമാണ്. അപകടത്തിലായിരിക്കുന്നത് ഇന്ത്യയുടെ വിദേശനയം മാത്രമല്ല, പരമാധികാരംതന്നെയാണ്. ഇതുണ്ടാക്കിയ നിമിഷമാണ്, മന്‍മോഹന്‍സിങ്ങിന്റെ "ഏറ്റവും നല്ല നിമിഷം".

*
നൈനാന്‍ കോശി ദേശാഭിമാനി

No comments: