Sunday, January 12, 2014

മാനവികതയുടെ മഹാശബ്ദം

ജനുവരി 12, വിവേകാനന്ദ ജയന്തി. വിശ്വമാനവനായ അദ്ദേഹത്തിന്റെ 150-ാം ജയന്തി 2013ല്‍ ഒരുവര്‍ഷം നീണ്ട വിവിധ പരിപാടികളോടെ കേന്ദ്രസര്‍ക്കാര്‍ ആഘോഷിച്ചു. സംഘപരിവാര്‍ സംഘടനകളും സ്വന്തമായി പരിപാടികള്‍ സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിച്ചത് ഒരാചാരം പോലെയായപ്പോള്‍ സംഘപരിവാര്‍ കൃത്യമായ അജന്‍ഡവച്ച് ആ വിശ്വപൗരനെ ഹിന്ദുപൗരനാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തി. സ്വാമി വിവേകാനന്ദന്റെ 151-ാം ജയന്തി ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹം ആരായിരുന്നു എന്നും എന്തിനുവേണ്ടി ജീവിച്ചു എന്നും ഒരു പര്യാലോചന നടത്താം.

1870കളില്‍ ബംഗാളില്‍ നടന്ന കര്‍ഷകപോരാട്ടങ്ങള്‍, എണ്‍പതുകളിലും തൊണ്ണൂറുകളിലും ബംഗാളിലും ഇതരഭാഗങ്ങളിലും നടന്ന റെയില്‍വേ തൊഴിലാളി പ്രക്ഷോഭങ്ങള്‍, തുണിമില്‍ തൊഴിലാളികളുടെ അവകാശപോരാട്ടങ്ങള്‍ തുടങ്ങി ഒരുഭാഗത്ത് വിദേശാധിപത്യത്തിനെതിരെയും മറുഭാഗത്ത് മനുഷ്യനായി ജീവിക്കാനുള്ള ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ ചെറുതും വലുതുമായ പോരാട്ടങ്ങളുടെയും കാലത്താണ് പുരോഗമനവാദിയും പരോപകാരിയുമായ വിശ്വനാഥ ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും മകനായി വിവേകാനന്ദനെന്ന നരേന്ദ്രദത്ത ജനിച്ചത്.

വിഭവങ്ങളാല്‍ സമ്പന്നമായ രാജ്യം നൂറ്റാണ്ടുകളായി ദാരിദ്ര്യത്തിലും രാഷ്ട്രീയാടിമത്തത്തിലും ഉച്ചനീചത്വങ്ങളിലും അകപ്പെടുമ്പോള്‍ അതിനെതിരെ സ്വന്തം ജനതയെ തട്ടിയുണര്‍ത്താന്‍ നരേന്ദ്രദത്ത എന്ന ചെറുപ്പക്കാരന്‍ ഇറങ്ങിപ്പുറപ്പെട്ടതില്‍ ഒട്ടും അതിശയോക്തിയില്ല. അച്ഛന്റെ പുരോഗമനാശയങ്ങളും അമ്മയുടെ ആധ്യാത്മിക ചിന്തകളും നരേന്ദ്രദത്തയില്‍ ജിജ്ഞാസയുടെയും സന്ദേഹത്തിന്റെയും വിത്തുമുളപ്പിച്ചു. ഇ എം എസ് ചൂണ്ടിക്കാട്ടിയതുപോലെ അദ്ദേഹം ഒരേസമയം ആധ്യാത്മികവാദിയും തഥാ വിപ്ലവകാരിയുമായിരുന്നു. വിപ്ലവകാരിയായി വളര്‍ന്നുവന്ന മകനെക്കുറിച്ച് അമ്മ പറഞ്ഞത് ഇപ്രകാരമായിരുന്നു. "ഞാനൊരു പുത്രനുവേണ്ടി പരമേശ്വരനോട് യാചിച്ചു. പരമേശ്വരന്‍ എനിക്ക് തന്നത് അദ്ദേഹത്തിന്റെ ഭൂതഗണങ്ങളില്‍ ഒന്നിനെയാണ്". അദ്ദേഹത്തിന്റെ സഹോദരനും വിപ്ലവകാരിയുമായ ഭൂപേന്ദ്രനാഥ് ദത്ത എഴുതി- "ദൈവാന്വേഷണത്തില്‍മാത്രം തല്‍പ്പരനായി മനുഷ്യരാശി നേരിടുന്ന പ്രശ്നങ്ങളെ വിസ്മരിക്കുന്ന ഒരു സന്യാസിയായിരുന്നില്ല സ്വാമി വിവേകാനന്ദന്‍. പീഡിതരെ ഉദ്ധരിക്കാന്‍ നാട്ടുകാരെ ഉദ്ബോധിപ്പിച്ച ആദ്യ സന്യാസി; പുതിയ സംസ്കാരം തൊഴിലാളിവര്‍ഗ സംസ്കാരമാണെന്നു പറഞ്ഞ സന്യാസി; അധ്വാനിക്കുന്ന വര്‍ഗത്തിന്റെ സര്‍ക്കാരിനെ വിഭാവനംചെയ്ത ആദ്യ സന്യാസി".

ചെറിയ പ്രായത്തിലേതന്നെ വിവേകാനന്ദന് അച്ഛനെ നഷ്ടപ്പെട്ടു. കുടുംബത്തെയാകെ ബന്ധുക്കള്‍ വ്യവഹാരങ്ങളില്‍ കുടുക്കി. പരോപകാരിയായിരുന്ന അച്ഛന്‍ മക്കള്‍ക്കുവേണ്ടി ഒന്നും കരുതിവച്ചില്ല. കൗമാരത്തില്‍ കുടുംബഭാരം സ്വയം ഏറ്റെടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. സഹോദരന്‍ ഭൂപേന്ദ്രനാഥ് ദത്തയാകട്ടെ അതിവിപ്ലവകാരി. ബംഗാള്‍ റവല്യൂഷണറി പാര്‍ടിയുടെ മുഖപത്രമായ ജുഗാന്തര്‍ പത്രികയുടെ പത്രാധിപര്‍. രാജ്യദോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് സര്‍ക്കാര്‍ 1907ല്‍ കല്‍ത്തുറുങ്കിലടച്ചു. ജയില്‍മോചിതനായശേഷം ഉപരിപഠനത്തിന് വിദേശത്തുപോയി. 1923ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. മറ്റുപലരെയും പോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ മനംനൊന്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന വിവേകാനന്ദന്‍ സംഘപരിവാറിന്റെ ദൃഷ്ടിയില്‍ ഒരു ഹിന്ദുസന്യാസിയാണ്. എല്ലാ അര്‍ഥത്തിലും ഒരു മനുഷ്യസ്നേഹിയായിരുന്ന അദ്ദേഹത്തെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള തീവ്രശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. വിവേകാനന്ദന്‍ ഒരേസമയം ആധ്യാത്മികവാദിയും സോഷ്യലിസ്റ്റുമായിരുന്നു. ആശയവാദത്തെ അടിസ്ഥാനപ്പെടുത്തി വേദാന്തദര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ ആധുനിക ദേശീയവാദിയായി പ്രവര്‍ത്തിച്ചു. "അദ്ദേഹത്തിന്റെ ദേശീയവാദം തൊഴിലാളിവര്‍ഗ വീക്ഷണത്തിന്റെ വക്കുവരെ എത്തിയിരുന്നു എന്ന യാഥാര്‍ഥ്യം സത്യസന്ധതയുള്ള ഒരാള്‍ക്കും നിഷേധിക്കാനാവില്ലെന്ന്" ഇ എം എസ് വിലയിരുത്തുന്നു. ചാതുര്‍വര്‍ണ്യത്തില്‍ ആദ്യത്തെ വര്‍ണത്രയങ്ങളുടെ ആധിപത്യം അവസാനിച്ചെന്നും ഇനിയുള്ളത് ശൂദ്രാധിപത്യമാണെന്നുമുള്ള സ്വാമിയുടെ ദീര്‍ഘദര്‍ശനം തൊളിലാളിവര്‍ഗത്തിനാകെ ആശയും ആവേശവും പകരുന്നതായിരുന്നു. 1897ല്‍ വിദേശത്തുള്ള തന്റെ ശിഷ്യന് അദ്ദേഹം എഴുതി- "ഉണര്‍വിന്റെ ലക്ഷണങ്ങള്‍ ഇന്ത്യയിലും കണ്ടുതുടങ്ങിയെന്ന്, അടുത്തകാലത്തായി താഴ്ന്ന വിഭാഗങ്ങളില്‍ കാണുന്ന സമരങ്ങളില്‍നിന്ന് സ്പഷ്ടമായി. ഭാവിയില്‍ മേലാളവര്‍ഗം കീഴാളവര്‍ഗത്തെ ഒരിക്കലും അടിച്ചമര്‍ത്താന്‍ പറ്റാത്ത അവസ്ഥ ഇന്ത്യയിലും സംജാതമാകും. ശൂദ്രരായിരിക്കും ഇന്ത്യയിലെ ഭാവിഭരണകര്‍ത്താക്കള്‍. നവഭാരതം കൃഷീവലന്റെ കുടിലില്‍നിന്നാണ് വിടരുക". ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസന്റെ നിര്യാണശേഷം ഗുരുസന്ദേശം പ്രചരിപ്പിക്കാന്‍ ഇന്ത്യയാകെ ചുറ്റിസഞ്ചരിച്ച വിവേകാനന്ദന്‍ ഭാരതജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും ദുരവസ്ഥയില്‍ വ്യാകുലചിത്തനായി. എല്ലാം ദൈവവിധിയാണെന്നുപറഞ്ഞ് ബ്രിട്ടീഷുകാരുടെ നിഷ്ഠുരമായ പീഡനങ്ങള്‍ സഹിച്ചുജീവിച്ച ഭാരതീയരെ തട്ടിയുണര്‍ത്തണമെങ്കില്‍ അവര്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണം; ബ്രിട്ടീഷുകാര്‍ നല്‍കുന്ന വിദ്യാഭ്യാസം അതിനു പര്യാപ്തമല്ല. ദാരിദ്ര്യത്തില്‍നിന്ന് തന്റെ ജനതയെയും പാരതന്ത്ര്യത്തില്‍നിന്ന് രാജ്യത്തെയും മോചിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അതിന് ഭാരതീയര്‍ക്ക് ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും വേണം. ദൈവം മനുഷ്യനില്‍തന്നെ കുടികൊള്ളുന്നു എന്ന് അദ്ദേഹം മനസിലാക്കി. മാധവസേവയെന്നാല്‍ മാനവസേവയാണെന്നും മാനവര്‍ എന്നത് ദരിദ്രനാരായണന്മാര്‍ ആണെന്നും ആയതിനാല്‍, മാതൃദേവോ ഭവഃ, പിതൃദേവോ ഭവഃ എന്നതിനൊപ്പം ദരിദ്രദേവോ ഭവഃ എന്നുകൂടി ചേര്‍ക്കണമെന്ന് സ്വാമി പ്രഖ്യാപിച്ചു. പരിപൂര്‍ണതയിലെത്തിയ മനുഷ്യനാണ് ദൈവമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് മനുഷ്യനില്‍ കുടികൊള്ളുന്ന പരിപൂര്‍ണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം എന്ന് സ്വാമി പറഞ്ഞത്. ഭൂരിപക്ഷം വരുന്ന ശൂദ്രരായ തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടാനുള്ള പ്രധാനകാരണം ചാതുര്‍വര്‍ണ്യവ്യവസ്ഥയാണ്. വിധവകളുടെ കണ്ണീരൊപ്പാനോ അഗതിക്ക് അപ്പക്കഷണം കൊടുക്കാനോ കഴിയാത്ത ഒരീശ്വരനിലും മതത്തിലും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. മുപ്പതു കോടിവരുന്ന ഇന്ത്യന്‍ജനത പട്ടിണിയിലും ദുരിതത്തിലും കഴിയുമ്പോള്‍ അതെല്ലാം ദൈവവിധിയെന്ന് പറയുന്ന പ്രത്യയശാസ്ത്രത്തെ അദ്ദേഹം ചോദ്യംചെയ്തു. ഭൂമിയില്‍ ഭക്ഷണം നല്‍കാന്‍ കഴിയാത്ത ഈശ്വരന്‍ സ്വര്‍ഗത്തില്‍ നിത്യാനന്ദം തരുമെന്നു പറഞ്ഞാല്‍ അത് ഞാന്‍ വിശ്വസിക്കില്ല എന്നദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. വിശക്കുന്ന മനുഷ്യനുമുന്നില്‍ ആത്മീയോപദേശം പരിഹാരമല്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു. പൗരോഹിത്യം കെടുതിയാണെന്നുപറയാന്‍ അക്കാലത്ത് അദ്ദേഹം തന്റേടം കാട്ടി. നരസേവ നാരായണസേവയാണെന്നും മാധവസേവ മാനവസേവയാണെന്നും തിരിച്ചറിഞ്ഞ് തന്റെ ജനതയെ മനുഷ്യരാക്കി മെനഞ്ഞെടുക്കാന്‍ അശ്രാന്ത പരിശ്രമം നടത്തി. "മഠവും മറ്റും ഉണ്ടാക്കിയിട്ട് എന്ത് പ്രയോജനം. അതൊക്കെ വിറ്റ് പാവങ്ങളെ സഹായിക്കൂ. അല്ലെങ്കില്‍ നമ്മളീ കാഷായം ഉടുത്ത് നടക്കുന്നതെന്തിനെന്ന" സ്വാമിയുടെ ചോദ്യം സംഘപരിവാര്‍ ബോധപൂര്‍വം മറക്കുന്നു. മഹാത്മജി രാഷ്ട്രപിതാവാണെങ്കില്‍ സ്വാമിജി രാഷ്ട്ര പിതാമഹനാണെന്ന് കുട്ടികൃഷ്ണമാരാര്‍ പറഞ്ഞു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പിതാവ് എന്നാണ് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്. ഇന്ത്യയെ അറിയണമെങ്കില്‍ വിവേകാനന്ദനെ അറിഞ്ഞാല്‍ മതിയെന്ന ടാഗോറിന്റെ നീരീക്ഷണവും എത്രയോ അര്‍ഥവത്താണ്. ഭാരതീയ ഋഷിവര്യന്മാരില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് വിവേകാനന്ദന്‍. അതിനുകാരണം പ്രഭാഷണ വേളകളില്‍ അദ്ദേഹം പ്രയോഗിച്ച ചില പദങ്ങളെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണ്.

പ്രധാനമായും ഹിന്ദു, ബ്രഹ്മം എന്നീ പദങ്ങള്‍. ഹിന്ദു എന്ന പദത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി- "സിന്ധുനദിയുടെ മറുകരയില്‍ പാര്‍ക്കുന്നവര്‍ എന്നേ ഇതിനര്‍ഥമുണ്ടായിരുന്നുള്ളൂ. പ്രാചീന പേര്‍ഷ്യര്‍ സിന്ധു എന്ന വാക്ക് ഹിന്ദു എന്ന് വികലപ്പെടുത്തി. സിന്ധുവിന്റെ മറുകരയില്‍ പാര്‍ത്തിരുന്നവരെയൊക്കെ അവര്‍ ഹിന്ദു എന്നുവിളിച്ചു. അങ്ങനെയാണ് നമുക്കീ വാക്ക് കിട്ടിയത് (വി.സാ.സ-പുറം 15, വാള്യം 3). വിവേകാനന്ദന്റെ ഹിന്ദുമതം വേദാന്തം അഥവാ സമന്വയ വേദാന്തമാണ്. ഭൗതികതയുടെയും ആധ്യാത്മികതയുടെയും സമന്വയം, പുരാണ-നവീന സമന്വയം, പാശ്ചാത്യ- പൗരസ്ത്യ സമന്വയം, വ്യക്തി- സമഷ്ടി സമന്വയം, സര്‍വമത സമന്വയം. അതിന് സമചിത്തതയും സഹിഷ്ണുതയുമാണാവശ്യം. ഏകത്വം എന്ന തത്വമാണ് സ്വാമിക്ക് ഹിന്ദുമതം. വിവേകാനന്ദന്‍ ഒരിക്കലും സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ഹിന്ദു അല്ല. മറിച്ച് "ഞാനൊരു സോഷ്യലിസ്റ്റാണ്" എന്ന് ശിഷ്യ മേരി ഹെയ്ലിന് എഴുതിയ കത്തില്‍ അദ്ദേഹം വെട്ടിത്തുറന്നു പറയുന്നു.

ഒരു ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞു- ഇന്ത്യക്കിന്നാവശ്യം മതമല്ല. കത്തുന്ന ഇന്ത്യയുടെ ജനലക്ഷങ്ങള്‍ വരണ്ട തൊണ്ടയോടെ കരയുന്നത് അപ്പത്തിനുവേണ്ടിയാണ്. ഇന്ത്യയ്ക്ക് യോജിക്കുന്ന ഏറ്റവും നല്ല പ്രത്യയശാസ്ത്രം സോഷ്യലിസമാണ് എന്നുദ്ഘോഷിച്ചു വിവേകാനന്ദന്‍. ആലസ്യത്തിലാണ്ടുകിടന്ന യുവതലമുറയെ നോക്കി ഉത്തിഷ്ഠത ജാഗ്രത എന്നുണര്‍ത്തിച്ച അദ്ദേഹം എങ്ങനെയാണ് സംഘപരിവാര്‍ കുടുംബാംഗമാകുക? 1902 ജൂലൈ നാലിന് നമ്മെ വിട്ടുപിരിഞ്ഞ ആ യുഗപുരുഷന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് ഹൈക്കോടതി ജഡ്ജിമാരെ സമീപിച്ചപ്പോള്‍ അതിലൊരാള്‍ ശിഷ്യ സന്യാസിയോട് പ്രതികരിച്ചതിങ്ങനെ- ബംഗാള്‍ ഒരു ഹിന്ദു രാജാവാണ് ഭരിച്ചിരുന്നതെങ്കില്‍ വിവേകാനന്ദന്‍ എത്രയോ മുമ്പ് തൂക്കിലേറ്റപ്പെടുമായിരുന്നു. ഈ വാക്കുകളില്‍നിന്ന് വ്യക്തമാകും, വിവേകാനന്ദന്‍ സോഷ്യലിസ്റ്റ് ആയിരുന്നോ അതോ സംഘപരിവാറോ എന്ന്.

*
ഡോ. ജെ പ്രസാദ് ദേശാഭിമാനി

No comments: