Friday, June 29, 2012

ചെരിപ്പുനക്കിപ്പട്ടാളം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുരുമ്പിപ്പഴകിയ വാള്‍ ഉറയില്‍നിന്നൂരിയെടുത്തിരിക്കയാണ്- മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ വാള്‍. പൂര്‍വഗാമികള്‍ പലരും പ്രയോഗിച്ച് തളര്‍ന്ന; മുനതേഞ്ഞ ആയുധം തന്റെ പൊലീസ് സേവകര്‍ക്ക് നല്‍കി മന്ത്രി കല്‍പ്പിക്കുന്നത് മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലയറുക്കാനാണ്. ആ പടുവാളിന്റെ ഘോഷയാത്രയാണ് മെയ് നാലുമുതല്‍ കേരളത്തില്‍ നടക്കുന്നത്. അതില്‍ ആര്‍ത്തലച്ച് പങ്കെടുക്കുന്നത്, വലതുപക്ഷ മാധ്യമങ്ങളുടെ വന്‍പടയാണ്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മനോരമ വാര്‍ത്താ ചാനലില്‍ പ്രത്യക്ഷപ്പെട്ട ബ്രേക്കിങ് ന്യൂസ്, ""പി മോഹനന്റെ മൊഴിയുടെ വിശദാംശം മനോരമ ന്യൂസിന് ലഭിച്ചു"" എന്നായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റുചെയ്ത് വടകരയിലെ പൊലീസ് ക്യാമ്പില്‍ എത്തിച്ചയുടനെ ചോദ്യംചെയ്യല്‍ "നിര്‍വഹിക്കുക"യും അതിന്റെ വിശദാംശങ്ങളെന്ന പേരില്‍ കുറെ കാര്യങ്ങള്‍ മനോരമയുടെ ഓഫീസിലെത്തിക്കുകയും ചെയ്തു എന്ന്. മറ്റു ചാനലുകളും പെട്ടെന്ന് മനോരമയുടെ വഴിയിലെത്തി. വടകര പൊലീസ് ക്യാമ്പില്‍ ആര്‍ക്കാണ് മനോരമ ശമ്പളം കൊടുക്കുന്നത്? ഏത് പൊലീസുകാരനാണ് മാധ്യമങ്ങള്‍ എറിഞ്ഞുകൊടുക്കുന്ന ചില്ലറത്തുട്ടുകള്‍ വാരിപ്പിടിച്ച് "വാര്‍ത്ത" ചോര്‍ത്തിക്കൊടുക്കുന്നത്? വലിയ കൊമ്പത്തെ ചില ഉദ്യോഗസ്ഥപ്രമാണിമാരുള്ളതാണ് അന്വേഷണസംഘം എന്നു പറയുന്നുണ്ട്. സ്വന്തം ക്യാമ്പില്‍നിന്ന് ഇത്തരം പച്ചനുണകള്‍ വിശ്വാസയോഗ്യമായ വിധത്തില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവരില്‍ ഈ പ്രമാണിമാരും ഉള്‍പ്പെടുന്നുണ്ടോ? അല്ലെങ്കില്‍, ഇങ്ങനെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് പൊലീസിന്റെ മിടുക്കായി നാളെ മാധ്യമങ്ങളെക്കൊണ്ട് എഴുതിച്ച് അവര്‍ സായുജ്യമടയുമോ? അന്തസ്സോടെ കേസുകള്‍ അന്വേഷിച്ചിരുന്ന കേരള പൊലീസിനെ തങ്ങളുടെ അടുക്കളക്കാരാക്കി മാറ്റുന്നതില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിജയിച്ചിരിക്കുന്നു.

ഭരണകക്ഷിക്കുവേണ്ടി എന്തുംചെയ്യുന്ന ചെരിപ്പുനക്കിപ്പട്ടാളമാണ് ഇന്ന് പൊലീസ്. ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ഇത് വായിക്കുക:

""കേസില്‍ എംഎല്‍എയേയും മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറിയേയും ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ വ്യക്തമാക്കി. നിയമസഭയില്‍ ഉപക്ഷേപം ഉന്നയിക്കാനാണ് ഇവര്‍ പരസ്പരം ബന്ധപ്പെട്ടതെന്നാണ് മൊഴികളില്‍നിന്ന് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ വിളിച്ചതിന്റെ മാത്രം വെളിച്ചത്തില്‍ കേസില്‍ ബന്ധപ്പെടുത്താനാവില്ലെന്നും മറ്റ് തെളിവുകളുണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ വ്യക്തമാക്കി."" ജൂണ്‍ 28ന്റെ മാധ്യമം വാര്‍ത്തയാണിത്. കേസ് കുനിയില്‍ ഇരട്ടക്കൊലപാതകം. എഫ്ഐആറില്‍ മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീറിന്റെ പേരുണ്ട്. മാധ്യമം എഴുതുന്നു: ""ഉന്നതത്തിലെ സമ്മര്‍ദമാണ് അന്വേഷണം മരവിപ്പിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. എം.എല്‍.എയടക്കം എഫ്.ഐ.ആറില്‍ പ്രതിയായ മൂന്ന് ലീഗ് നേതാക്കളെ ഒഴിവാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴും ഇവരുടെ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചപ്പോഴും പൊലീസിന് ഗൂഢാലോചന സംബന്ധിച്ച് പൂര്‍ണചിത്രം ലഭിച്ചിരുന്നു."" ലീഗ് എംഎല്‍എയെ പ്രതിപ്പട്ടികയില്‍നിന്ന് വലിച്ച് പുറത്തിടാനുള്ള തിരക്കഥ പൊലീസ് തയ്യാറാക്കിക്കഴിഞ്ഞു. ബഷീര്‍ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചപോലെത്തന്നെ, അദ്ദേഹത്തിന്റെ "രോമം തൊടാന്‍" പൊലീസിന് കഴിയില്ല. കേരളം ഭരിക്കുന്നത് ബഷീറിന്റെ പാര്‍ടിയാണ്. പൊലീസ് മന്ത്രി തിരുവഞ്ചൂരാണെങ്കില്‍ തിരുവഞ്ചൂരിന്റെ കടിഞ്ഞാണ്‍ ലീഗ് ആസ്ഥാനത്താണ്.
ഇനി മറ്റൊരു വാര്‍ത്തയിലേക്ക് പോകേണ്ടതുണ്ട്. മാധ്യമംതന്നെ, ജൂണ്‍ 29ന് എഴുതുന്നു: ""ആവര്‍ത്തിച്ച് ചോദ്യം ചെയ്യുമ്പോള്‍, "എന്നാല്‍ പിന്നെ, നിങ്ങളങ്ങോട്ട് കൂട്ടിക്കോ, എല്ലാ തെളിവും കൈയിലുണ്ടല്ലോ" എന്ന ഒരുവാചകം കുഞ്ഞനന്തന്‍ ആവര്‍ത്തിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. തെളിവുസഹിതം കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഏതാനും നേതാക്കളുടെ പേരുപറയാന്‍ ഇയാള്‍ തയാറായത്. കുഞ്ഞനന്തനുമായി ഫോണില്‍ ബന്ധപ്പെട്ടവരെ ചോദിച്ചപ്പോള്‍ വിളിച്ചിട്ടുണ്ട്, ഫോണ്‍ ലിസ്റ്റ് കൈയിലുണ്ടല്ലോ എന്ന മറുചോദ്യമാണ് കുഞ്ഞനന്തന്‍ ഉന്നയിക്കുന്നത്. എന്തിനാണ് രാത്രി വൈകിയും മറ്റും വിളിച്ചതെന്ന് ചോദിച്ചാല്‍ എന്റെ അസുഖവിവരം അറിയാനായിരിക്കും എന്നാണ് മറുപടി.""

ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് എല്ലാ തെളിവും കെട്ടിപ്പൊക്കുന്നത്, ഫോണ്‍കോളുകളുടെ ബലത്തിലാണ്. രണ്ട് പാര്‍ടിപ്രവര്‍ത്തകര്‍ തമ്മില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍, അതില്‍ ഗൂഢാലോചന ആരോപിക്കുന്നു. ആദ്യം പ്രതികളെ നിശ്ചയിക്കുക; പിന്നെ അവരുടെ ഫോണ്‍കോള്‍ തപ്പി ബന്ധം കണ്ടെത്തുക എന്നതാണ് രീതി. അറസ്റ്റിലായവര്‍ക്ക് സമാനതകളില്ലാത്ത മര്‍ദനമുറകളാണ് നേരിടേണ്ടിവന്നത്. അടിച്ചു പറയിപ്പിക്കുകയാണ് പല പേരുകളും. ഒരു പൊതുയോഗം വിളിച്ചുകൂട്ടി ആലോചിച്ച് ചന്ദ്രശേഖരനെ കൊന്നതാണെന്ന് തോന്നും, പ്രതികളുടെ ജംബോ ലിസ്റ്റ് കണ്ടാല്‍. മോഹനന്‍ മാസ്റ്റര്‍ 54-ാംപ്രതിയാണത്രേ. ഇനിയും ഡസന്‍കണക്കിന് ആളുകളെ അറസ്റ്റുചെയ്യാന്‍ പോവുകയാണത്രേ. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിനെക്കുറിച്ച് ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ രമ പറയുന്നു: ""പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയാണിത്. എന്തുകൊണ്ട് ഇത്രയും വൈകി എന്നുമാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂ."" ആര്‍എംപിയുടെ പ്രതീക്ഷ നിറവേറ്റിക്കൊടുക്കുന്ന സംഘമായി പൊലീസ് മാറി. അവര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് അറസ്റ്റ്. അതിന് തെളിവുവേണ്ട.

കസ്റ്റഡിയിലുള്ള ഏതെങ്കിലുമൊരാളെക്കൊണ്ട് തങ്ങള്‍ക്കാവശ്യമുള്ളത് പറയിക്കുന്നു; അതിനുസരിച്ച് വാര്‍ത്ത നല്‍കുന്നു. തുടര്‍ന്ന് അറസ്റ്റുണ്ടാകുന്നു. ഇത് വടകര കേസിലേ ഉള്ളൂ. മലപ്പുറത്തെ കേസാകുമ്പോള്‍ എത്രതവണ എംഎല്‍എയ്ക്ക് പ്രതികള്‍ ഫോണ്‍ ചെയ്താലും എംഎല്‍എ കൊലവിളി മുഴക്കുന്ന ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കണ്ടാലും പൊലീസിന്റെ നട്ടെല്ല് നിവരില്ല. അത് ലീഗ് ഓഫീസില്‍ പണയംവച്ചിരിക്കയാണ്. എല്ലാ അറസ്റ്റും വരുന്നത്, യുഡിഎഫ് കുഴപ്പത്തില്‍ പെടുമ്പോഴാണ്. മുസ്ലിംലീഗിന് കീഴടങ്ങി ഭരിക്കേണ്ടിവരുന്ന കോണ്‍ഗ്രസ് നാണംകെട്ട് നില്‍ക്കുകയും കേരളത്തിന് രണ്ട് മുഖ്യമന്ത്രിമാരുണ്ടോ, എങ്കില്‍ ഭരണം മലപ്പുറത്തേക്ക് മാറ്റിക്കൂടേ എന്ന ചോദ്യമുയരുകയും ചെയ്ത ഘട്ടത്തിലാണ് മോഹനന്‍ മാസ്റ്ററെ അറസ്റ്റുചെയ്ത് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്.

ആ അറസ്റ്റിന്റെ രീതി പ്രത്യേകം ശ്രദ്ധിക്കണം. എം ദാസന്‍ ദിനാചരണത്തില്‍ പങ്കെടുത്ത് കോഴിക്കോട്ടേക്ക് പോകുമ്പോള്‍ സിനിമാസ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടുകയാണുണ്ടായത്. മോഹനന്‍ മാസ്റ്റര്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവാണ്. എവിടെയും ഒളിച്ചുകടക്കുന്ന ക്രിമിനലല്ല. പിന്നെന്തിന് മാധ്യമങ്ങളെ സാക്ഷിനിര്‍ത്തി പൊലീസ് ഇത്തരമൊരു നാടകം കളിച്ചു എന്നാലോചിച്ചാല്‍ മതി, വാര്‍ത്ത സൃഷ്ടിച്ച് ജനശ്രദ്ധ മാറ്റാനുള്ള നികൃഷ്ടമായ യുഡിഎഫ് ആസൂത്രണം തെളിയാന്‍. കൊയിലാണ്ടിയില്‍ പൊലീസിന്റെ മേളക്കാരായ ദൃശ്യമാധ്യമങ്ങള്‍ കാത്തുനിന്നിരുന്നു എന്നുകുടി അറിയുമ്പോള്‍ നാണംകെട്ട തിരക്കഥയുടെ ആഴം വ്യക്തമാകും. പൊലീസിലെ യുഡിഎഫ് ഭൃത്യന്മാരായ അധമജന്മങ്ങള്‍, ഇതോടെ ലോകാവസാനമായെന്ന് കരുതുന്നു. ഒരു കൊലക്കേസ് ചുമത്തി സിപിഐ എമ്മിനെ അവസാനിപ്പിച്ചുകളയാമെന്ന് സ്വപ്നം കാണുന്നു. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്നരീതിയിലാണ് പെരുമാറുന്നത്. അത് സഹിക്കാവുന്നതിലും അപ്പുറം എത്തിയിരിക്കുന്നു എന്നതാണ് വെള്ളിയാഴ്ച വടകരയില്‍ അണപൊട്ടിയ ജനരോഷത്തില്‍ തെളിഞ്ഞത്. എത്രനാള്‍ ഇങ്ങനെ തുടരാനാകും? ഈ വേട്ടയാടപ്പെടുന്നവര്‍ കൊടുക്കുന്ന നികുതിപ്പണത്തില്‍നിന്നുകൂടിയാണല്ലോ മര്‍ദകന്മാരായ പൊലീസുകാരും സുഭിക്ഷം തിന്നുചീര്‍ക്കുന്നത്. ജനസേവകരാകേണ്ട, നീതിയുടെ സേവകരാകേണ്ട പൊലീസുകാര്‍ ഒരുപറ്റം സ്വാര്‍ഥമോഹികളും വഞ്ചകരുമായ ഭരണാധികാരികളുടെ ചെരിപ്പുനക്കികളാകുമ്പോള്‍ അനിവാര്യമായി സംഭവിക്കുന്ന ദുരന്തമാണ് കേരള പൊലീസിന് വന്നുപെട്ടിരിക്കുന്നത്.

വടകര സംഘര്‍ഷം നടക്കുമ്പോള്‍, ഒരു ചാനല്‍ എഴുതിക്കാണിച്ചത്, കോടതിക്കുനേരെ കല്ലേറ് എന്നാണ്. ആ വ്യാജവാര്‍ത്തയാണ് മണിക്കൂറുകള്‍ക്കകം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറ്റെടുത്തത്. അതിന്റെ സന്ദേശം, ബഹുമാനപ്പെട്ട കോടതി ശ്രദ്ധിക്കൂ, മാര്‍ക്സിസ്റ്റുകാര്‍ കോടതിക്കുനേരെ ആക്രമണം നടത്തുന്നു; അവരെ വെറുതെ വിടരുത് എന്നാണ്. ഇത്തരം നാറുന്ന മനസ്സാണ് നമ്മുടെ മാധ്യമങ്ങളില്‍ ചിലതിനെ നയിക്കുന്നത് എന്നുവരുമ്പോള്‍ അതിന്റെ ആനുകൂല്യം തങ്ങള്‍ക്കും വാരി ഭുജിക്കാമെന്ന് പൊലീസിനും തോന്നാം. മുസ്ലിംലീഗ് എംഎല്‍എയ്ക്കും സിപിഐ എമ്മിനും രണ്ടു നീതി എന്ന് അവര്‍ തീരുമാനിക്കുന്നത് മാധ്യമങ്ങളുടെ ഈ വിടുവേലകൊണ്ടുകൂടിയാണ്. ഈ അവിശുദ്ധസഖ്യം ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. പൊലീസുകാരനെ കുത്തിക്കൊന്നിട്ട് നാട്ടില്‍ വിലസുന്ന തമിഴ് കൊള്ളസംഘങ്ങളോടും വഴിനടക്കുന്ന പെണ്‍കുട്ടിയെ ബൈക്കിടിച്ച് കൊന്ന കാമഭ്രാന്തനോടുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസിന് ഇന്ന് പ്രണയം. മകളെ കൊന്നവനെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്ന പിതാവിനോട് തെളിവുംകൊണ്ട് വരാന്‍ പറയുന്ന ചെറ്റത്തരം പൊലീസിന് മുഖമുദ്രയായി ചാര്‍ത്തിക്കൊടുത്തിരിക്കുന്നു തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും. അതിന്റെ നെഗളിപ്പാണ് പൊലീസ് വടകരയില്‍ കാണിക്കുന്നത്.

*
പി എം മനോജ് ദേശാഭിമാനി 30 ജൂണ്‍ 2012

വാര്‍ത്താവ്യാപാരികളും മാധ്യമസ്വാതന്ത്ര്യവും

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ ഒരു സംഭവകഥ ഇപ്രകാരമാണ്. 1815 ജൂണ്‍ 19ന് വാട്ടര്‍ലൂവില്‍നിന്ന് ഇംഗ്ലീഷ് ചാനല്‍ പ്രദേശത്തേക്ക് ഒരാള്‍ കുതിരപ്പുറത്ത് യാത്ര പുറപ്പെട്ടു. അയാള്‍ വഴിയില്‍ ഒരിടത്തും വിശ്രമിച്ചില്ല. ക്ഷീണിക്കുന്ന കുതിരകള്‍ക്കു പകരമുള്ളവയെ വഴിയില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഓസ്റ്റെന്‍ഡിലെത്തിയയുടന്‍ അയാള്‍ കപ്പലില്‍ ബ്രിട്ടനിലേക്ക് തിരിച്ചു. കപ്പലിറങ്ങി തിടുക്കത്തില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെത്തി. സൂത്രശാലിയായ ബാങ്കര്‍ നാഥന്‍ റോസ്ത്ചൈല്‍ഡ് അയാളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. ദൂതന്റെ സന്ദേശം കേട്ടയുടന്‍ തന്റെ ഓഹരികളെല്ലാം വില്‍ക്കാന്‍ നാഥന്‍ നിര്‍ദേശിച്ചു. ഇതുകണ്ട ഊഹക്കച്ചവടക്കാര്‍ തങ്ങളുടെ ഓഹരികളും വിറ്റു. നെപ്പോളിയന്‍ യുദ്ധത്തില്‍ ജയിച്ചിരിക്കുമെന്നാണ് അവര്‍ കരുതിയത്. എല്ലാവരും വില്‍ക്കാന്‍ തുടങ്ങിയതോടെ ഓഹരികളുടെ വിലയിടിഞ്ഞു. അതോടെ നാഥന്‍ അവയെല്ലാം തുച്ഛമായ വിലയില്‍ വാങ്ങി. നെപ്പോളിയന്‍ വാട്ടര്‍ലൂവില്‍ പരാജയപ്പെട്ടെന്നും സ്റ്റോക്ക് എക്സ്ചേഞ്ചിലെ പരിഭ്രാന്തി നാഥന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ലണ്ടനിലുള്ളവര്‍ പിന്നീടാണ് മനസ്സിലാക്കിയത്. ദൂതന്റെ യാത്രയ്ക്കുവേണ്ടി ചെലവിട്ട തുകയുടെ ആയിരം ഇരട്ടിയാണ് ഇതിലൂടെ നാഥന്‍ ഉണ്ടാക്കിയ ലാഭം. വാര്‍ത്താവിനിമയ മാധ്യമങ്ങളെ മുതലാളിത്തം ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണം മാത്രമാണിത്്്.

19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍നിന്ന് 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ ഒരുതരം ഹിംസാത്മകസ്വഭാവം ആര്‍ജിച്ചിരിക്കുന്നു. ആഗോളസാമ്രാജ്യത്വത്തിന്റെ വ്യാപനത്തിന് എതിര് നില്‍ക്കുന്നവരെ കടിച്ചുകീറുന്ന പ്രവര്‍ത്തനശൈലി. കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ നടത്തുന്ന സിപിഐ എം വേട്ട ഇതിന്റെ ഭാഗമാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന പേരില്‍ അവര്‍ മുതലാളിത്തത്തിനുവേണ്ടി എംബഡഡ് ജേര്‍ണലിസം അനുഷ്ഠിക്കുന്നു. മാധ്യമംതന്നെയാണ് സന്ദേശം എന്ന മാര്‍ഷല്‍ മാക്ലുഹാന്റെ സന്ദേശം അത്യുക്തിയാണെങ്കിലും അതില്‍ സത്യത്തിന്റെ അംശം കുറവല്ല. ലോകമാധ്യമമേഖല പ്രവര്‍ത്തനങ്ങളിലേക്ക് മൂലധനവും ചരക്കുല്‍പ്പാദന വിതരണനിയമവും വന്‍തോതില്‍ പ്രവേശിച്ചതോടെ യന്ത്രവല്‍ക്കൃതമായ മറ്റ് ഉല്‍പ്പാദനരംഗങ്ങളില്‍ എന്നപോലെ മാധ്യമരംഗത്തും കുത്തകകള്‍ ആധിപത്യം ചെലുത്താന്‍ തുടങ്ങി. ഈ ആധിപത്യം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍മാത്രം ഒതുങ്ങുന്നതല്ല. സാര്‍വത്രികമായ വ്യാപാരവല്‍ക്കരണത്തിന്റെ ഈ യുഗത്തില്‍ മാധ്യമങ്ങള്‍ വ്യാപാരവല്‍ക്കരണ ശീലങ്ങള്‍ക്ക് വഴിപ്പെടുന്നു. ഇന്ന് ലോകമാധ്യമങ്ങളില്‍ ഭൂരിഭാഗത്തെയും നിയന്ത്രിക്കുന്നത് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്തോളം ബഹുരാഷ്ട്ര കുത്തകകമ്പനികളാണ്.

ലോകത്താകെ ചിതറിക്കിടക്കുന്ന ചെറുകിട മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കും പരിപാടികള്‍ക്കും ഈ കുത്തകകളെ ആശ്രയിച്ച് അവയുടെ ഒരുതരം ചില്ലറ വില്‍പ്പനക്കാരായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. സ്വാഭാവികമായും ഈ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകളും പരിപാടികളും കലകളും സാമ്രാജ്യത്വത്തിന്റെയും അവരുടെ ആഗോളവല്‍ക്കരണനയങ്ങളുടെയും പ്രചാരണത്തിലുള്ള ഉപാധികളാണ്. ഈ പ്രചാരവേല അവര്‍ നിര്‍വഹിക്കുന്നത് ആഗോളവല്‍ക്കരണസിദ്ധാങ്ങളെക്കുറിച്ച് യുക്തിയുക്തമായ പ്രഭാഷണംചെയ്തുകൊണ്ട് മാത്രമല്ല, അവര്‍ വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതും വിനോദപരിപാടികള്‍ ആസൂത്രണംചെയ്യുന്നതും സൈദ്ധാന്തികചര്‍ച്ചകള്‍ സംവിധാനം ചെയ്യുന്നതുമെല്ലാം ഈ മൗലികലക്ഷ്യം മുന്‍നിര്‍ത്തിയാണ്. സെപ്തംബര്‍ 11 ഭീകരാക്രമണത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ലോകത്തോട് ഒരു പ്രഖ്യാപനം നടത്തി: ഞങ്ങളുടെ പക്ഷം ചേരുക, അല്ലെങ്കില്‍ മരണത്തിനും സര്‍വനാശത്തിനും തയ്യാറെടുക്കുക. സെപ്തംബര്‍ 11 ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും മേല്‍ ഏതുതരത്തിലുള്ള ബലപ്രയോഗവും നടത്താന്‍ പ്രസിഡന്റിന് പൂര്‍ണാധികാരം നല്‍കുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കി. ലാദനെ പിന്തുണയ്ക്കുന്ന ആരെയും കടുത്ത ക്രിമിനല്‍ ആയി പരിഗണിക്കും. ലാദനാണ് ഭീകരാക്രമണം നടത്തിയതെന്ന് തെളിവെടുപ്പും വിചാരണയും ഒന്നും കൂടാതെ അമേരിക്ക നിശ്ചയിച്ച് പ്രഖ്യാപിക്കുകയായിരുന്നു. 11 വര്‍ഷത്തിനുശേഷം അര്‍ധരാത്രി ലാദനെ അമേരിക്കന്‍സൈന്യം ഗറില്ലാ ആക്രമണമുറയില്‍ വധിക്കുകയായിരുന്നു. ലാദനെ ഒബാട്ടാബാദിലെ വസതിയില്‍നിന്ന് നിഷ്പ്രയാസം പിടികൂടി രാജ്യാന്തരകോടതിയില്‍ വിചാരണ നടത്താമായിരുന്നു. എന്നാല്‍, ലാദന്റെ മൃതദേഹംപോലും ലോകത്തിനുമുന്നില്‍ കാണിക്കാന്‍ അമേരിക്ക തയ്യാറായില്ല.

ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെയും മുറിവേറ്റ നിലയില്‍ പിടികൂടാന്‍ കഴിയുമായിരുന്നെങ്കിലും നിഷ്ഠുരമായി വധിക്കുകയായിരുന്നു. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെയും നിന്ദ്യമായാണ് അമേരിക്കന്‍സൈന്യം വധിച്ചത്. സാമ്രാജ്യത്വത്തിന്റെ ഇത്തരം ഭീകരമുഖങ്ങള്‍ മാധ്യമങ്ങള്‍ ഒരാഴ്ചപോലും ചര്‍ച്ച ചെയ്തില്ല. എന്നാല്‍, കേരളത്തില്‍ അടുത്തകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ നാടന്‍ മാധ്യമങ്ങള്‍ക്കുമുതല്‍ ബിബിസിക്കുവരെ ചാകരയായി മാറി. അമേരിക്കന്‍ ചിന്തകനായ നോം ചോംസ്കി പറയുന്നു: വന്‍കിട മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും സ്വഭാവം നിലവിലുള്ള അധികാരവര്‍ഗത്തിനു കീഴില്‍ അണിനിരക്കുക എന്നതാണ്, ജനങ്ങളെ അവരുടെ പിന്നില്‍ അണിനിരത്തുക എന്നതാണ്. സെര്‍ബിയക്കു മുകളില്‍ ബോംബിട്ടപ്പോള്‍ നാം അത് കണ്ടു. തലയ്ക്ക് യുദ്ധത്തിന്റെ മത്ത് പിടിച്ചതുപോലെയാണ് അവര്‍ പെരുമാറിയത്. ഗള്‍ഫ് യുദ്ധത്തിന്റെ സന്ദര്‍ഭത്തിലും അങ്ങനെതന്നെ. കുറച്ച് പഴയ ഉദാഹരണം എടുക്കാം. അപ്പോള്‍ കുറച്ചുകൂടി സമചിത്തതയോടെ നമുക്ക് ചിന്തിക്കാമല്ലോ. ഒന്നാംലോക മഹായുദ്ധകാലത്ത് യൂറോപ്പിലെയും വടക്കന്‍ അമേരിക്കയിലെയും ബുദ്ധിജീവികള്‍ പ്രതികരിച്ചത് എങ്ങനെ? വിരലില്‍ എണ്ണാവുന്നവര്‍ ഒഴികെ യുദ്ധവെറിയന്മാരുടെ പക്ഷത്താണ് അണിനിരന്നത്. യുദ്ധവെറിയെ എതിര്‍ത്ത പല പ്രമുഖരും ജയിലില്‍ അടയ്ക്കപ്പെട്ടു. റോസാലക്സംബര്‍ഗ്, ബെര്‍ട്രന്‍ഡ് റസ്സല്‍, എഴന്‍ദേബ്... അങ്ങനെ പലരും. കേരളത്തില്‍ ഇപ്പോള്‍ സിപിഐ എമ്മിനെതിരെ മാര്‍ക്സിസ്റ്റ്വിരുദ്ധമുന്നണി നടത്തുന്ന യുദ്ധത്തെ പിന്തുണയ്ക്കാത്ത സാഹിത്യകാരന്മാരും ഭീഷണി നേരിടുന്നത് യാദൃച്ഛികമല്ലെന്ന് അര്‍ഥം. വാര്‍ത്താ&ാറമവെ;സാമ്രാജ്യത്വം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത് ഫിന്‍ലാന്‍ഡ് മുന്‍ പ്രസിഡന്റ് ഉര്‍ഹോ കലേവാ കെക്കോനന്‍ ആണ്. രാജ്യാന്തര വാര്‍ത്താ വിനിമയരംഗത്തെ തികഞ്ഞ അസമത്വത്തെയും മാധ്യമകുത്തകകള്‍ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും സാംസ്കാരികജീവിതത്തില്‍ ഇടപെടുകയും ചെയ്യുന്നതിനെയും പരാമര്‍ശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വാര്‍ത്താസാമ്രാജ്യത്വം ഇന്ന് ഭീകര യാഥാര്‍ഥ്യമായി പരിണമിച്ചിരിക്കുന്നു.

ചരിത്രപരമായിത്തന്നെ ബഹുജന വാര്‍ത്താമാധ്യമം, സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുളള, പുരോഗമനശക്തികളും പ്രതിലോമശക്തികളും തമ്മിലുള്ള മുഖ്യമായ പോര്‍ക്കളങ്ങളിലൊന്നാണ്. വാര്‍ത്താസാമ്രാജ്യത്വത്തിന് എതിരായ പോരാട്ടം ജനങ്ങളുടെ പോരാട്ടത്തിനും സമാധാനത്തിനും വേണ്ടിയുള്ള പൊതുവായ പോരാട്ടത്തിന്റെ ഭാഗമാണ്. വാര്‍ത്താവിനിമയരംഗത്ത് മുതലാളിമാര്‍ കാട്ടുന്ന വര്‍ധിച്ച താല്‍പ്പര്യത്തിന് കാരണം ലാഭംമാത്രമല്ല, പ്രത്യയശാസ്ത്രപരമായ ഒരു പ്രബല ആയുധമായും ജനങ്ങളെ ആശയപരമായി പൊരുത്തപ്പെടുത്തിയെടുക്കാനുള്ള ഒരു ഉപാധിയായും വാര്‍ത്താവിനിമയത്തിന്റെ പ്രാധാന്യമെന്താണെന്ന് മുതലാളിമാര്‍ക്ക് നന്നായറിയാം.

ലാഭത്തിനുവേണ്ടി മുതലാളിമാര്‍ നടത്തിയ പരക്കംപാച്ചിലും സമൂഹത്തെ രാഷ്ട്രീയമായി നിയന്ത്രിക്കാനുള്ള ശ്രമവുമായിരുന്നു മുതലാളിത്തവ്യവസ്ഥയില്‍ വാര്‍ത്താവിനിമയത്തിന്റെ വികാസത്തിന് പ്രചോദനം നല്‍കിയ രണ്ടു കാര്യങ്ങള്‍. അധികാരമെന്നാല്‍ വാര്‍ത്താമാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണമാണെന്ന് അമേരിക്കന്‍ എഴുത്തുകാരന്‍ തിയോഡര്‍ വൈറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുതലാളിത്തവ്യവസ്ഥയില്‍ പത്രസ്വാതന്ത്ര്യം എന്നത് വഞ്ചനയാണെന്ന് 1919ല്‍ ലെനിന്‍&ാറമവെ;പ്രസ്താവിച്ചു. പത്രസ്വാതന്ത്ര്യം എന്നത് പത്രങ്ങള്‍ക്ക് കൈക്കൂലി കൊടുക്കാനുള്ള പണക്കാരന്റെ സ്വാതന്ത്ര്യമാണ്. പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ തങ്ങളുടെ പണം ഉപയോഗിക്കാന്‍ പണക്കാരനുള്ള സ്വാതന്ത്ര്യമാണ്- ലെനിന്‍ തുടര്‍ന്നുപറഞ്ഞു. പത്രം ഉടമകളുടെ രാഷ്ട്രീയനിലപാട് പിന്തുടരാനേ പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമുള്ളൂ. വായനക്കാരെ കബളിപ്പിക്കാനായി റിപ്പോര്‍ട്ടുകളെ എത്രത്തോളം നിഷ്പക്ഷതയുടെ മൂടുപടത്തിന് ഉള്ളിലാക്കുന്നു എന്നതിലാണ് പത്രപ്രവര്‍ത്തകരുടെ സാമര്‍ഥ്യം. കേരളത്തില്‍ ഇപ്പോള്‍ വലതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍, ഇത്തരത്തിലുള്ള നിഷ്പക്ഷതയുടെ നാട്യംപോലും ഉപേക്ഷിച്ചിരിക്കുന്നു. അവരുടെ രാഷ്ട്രീയ താല്‍പ്പര്യം നഗ്നമായി പ്രകടിപ്പിക്കുന്നു. എന്നാല്‍, മാധ്യമമുതലാളിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയലക്ഷ്യങ്ങള്‍ വായനക്കാര്‍ പൊതുവെ തിരിച്ചറിയാന്‍ വൈകും. അതുവരെയുള്ള കാലയളവില്‍ വായനക്കാര്‍ തെറ്റിദ്ധരിക്കപ്പെടും. ഇത് സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ചെറുതല്ല.

ഉദാഹരണത്തിന്, ന്യായാധിപന്മാര്‍ നീതിബോധം പുലര്‍ത്തുന്നവരും നിയമപണ്ഡിതരും നിര്‍ഭയമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നാല്‍, അവരും മനുഷ്യരാണ്. മാധ്യമറിപ്പോര്‍ട്ടുകള്‍ ഒരു പരിധിവരെയെങ്കിലും എല്ലാവരെയും സ്വാധീനിക്കാന്‍ സാധ്യത ഏറെയാണ്. ഇലക്ട്രോണിക് ചാനലുകളില്‍ കേസ് അന്വേഷണവും വിചാരണയും ദിവസേന ചര്‍ച്ച ചെയ്യപ്പെടുന്നു. നിയമപണ്ഡിതരെന്നും ഫോറന്‍സിക് വിദഗ്ധരെന്നും അവകാശപ്പെടുന്നവര്‍ ഇത്തരം ചര്‍ച്ചകളില്‍ രാഷ്ട്രീയനേതാക്കള്‍ക്കൊപ്പം പങ്കെടുക്കുന്നു. ഇത് അന്വേഷണത്തെയും തുടര്‍ന്നുള്ള വിചാരണയെയും തീര്‍ച്ചയായും സ്വാധീനിക്കും. കേസ് അന്വേഷണവും വിചാരണയും തികച്ചും സ്വതന്ത്രമായി നടക്കേണ്ട പ്രക്രിയകളാണ്. സ്വതന്ത്രമായ നീതിന്യായസംവിധാനമാണ് നിയമവാഴ്ചയുടെ നട്ടെല്ല്. ന്യായാധിപന്മാരും വാദിയും പ്രതിയും സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് ഈ സംവിധാനം. മാധ്യമങ്ങള്‍ നടത്തുന്ന അമിതപ്രചാരണം സാക്ഷികളെയും സ്വാധീനിക്കും. വസ്തുതകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് എല്ലാ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, ഡെന്നിങ് പ്രഭു "നീതിയിലേക്കുള്ള പാത" എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: നീതിനിര്‍വഹണത്തില്‍ മാധ്യമങ്ങള്‍ സദാ ജാഗ്രതാപൂര്‍ണമായ പങ്ക് വഹിക്കുന്നു.

ഓരോ വിചാരണയും ന്യായയുക്തമായും സുതാര്യമായും നടന്നുകാണണമെന്ന് ആഗ്രഹിക്കുന്ന കാവല്‍നായയാണ് മാധ്യമങ്ങള്‍... എന്നാല്‍, കാവല്‍നായ ചിലപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അതിന്റെ തനിസ്വഭാവം പ്രദര്‍ശിപ്പിച്ചേക്കാം. ജസീക്ക ലാല്‍ വധക്കേസിന്റെ വിധിന്യായത്തില്‍ സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചു: കോടതി കുറ്റവാളിയായി പ്രഖ്യാപിക്കുന്നതുവരെ, ഒരു കേസില്‍ സംശയിക്കപ്പെടുന്നവരുടെയോ അല്ലെങ്കില്‍ പ്രതിചേര്‍ത്ത് തിരിച്ചറിയല്‍ പരേഡിനായി ഹാജരാക്കപ്പെടുന്നവരുടെയോ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോ അഥവാ ഇത്തരത്തില്‍ സംശയിക്കപ്പെടുന്നവരെ കുറ്റക്കാരായി നിശ്ചയിച്ച് വാര്‍ത്തകള്‍ നല്‍കുന്നതോപോലുള്ള നിയന്ത്രണാതീതമായ സ്വാതന്ത്ര്യം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത് മുന്‍വിധികള്‍ സൃഷ്ടിക്കുകയെന്ന അപകടത്തിനു കാരണമാകും. നമ്മുടെ പത്രങ്ങള്‍ ഓരോ ദിവസവും എത്ര കുറ്റവാളികളെയാണ് നിശ്ചയിക്കുന്നത്!}

*
സാജന്‍ എവുജിന്‍ ദേശാഭിമാനി 29 ജൂണ്‍ 2012

കര്‍ഷകന് വട്ടപ്പൂജ്യം ഐഎംഎഫിന് 56000 കോടി

സ്വന്തം ജനത പട്ടിണിയിലും ദാരിദ്ര്യത്തിലുംപെട്ട് ഉഴലുന്നതിലല്ല, മറിച്ച് യൂറോമേഖല സാമ്പത്തികപ്രതിസന്ധി നേരിടുന്നതിലാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് കുണ്ഠിതം. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഫണ്ട് അനുവദിക്കുന്നതിലല്ല, യൂറോമേഖലയെ കരകയറ്റാന്‍ വന്‍തുക അനുവദിക്കുന്നതിലാണ് അദ്ദേഹത്തിന് താല്‍പ്പര്യം.

മെക്സിക്കോയിലെ ലോസ് കാബോസില്‍ നടന്ന ജി- 20 ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗം ഇന്ത്യക്ക് പത്തു ബില്യണ്‍ ഡോളറാണ് നഷ്ടപ്പെടുത്തുന്നത്. അന്താരാഷ്ട്ര നാണയനിധിക്ക് പത്തു ബില്യണ്‍ ഇന്ത്യയുടെ സംഭാവനയായി നല്‍കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. യൂറോമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനാണ് ഇത്. പത്തു ബില്യണ്‍ ഡോളര്‍ എന്നുപറഞ്ഞാല്‍ 56,000 കോടി രൂപ! ഇന്ത്യക്ക് താങ്ങാവുന്ന തുകയാണോ ഇത്?

യൂറോമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിന് ആരും എതിരല്ല. കരകയറ്റുന്നത് സ്വയം കരകയറിയിട്ടാകണം; സ്വയം മുങ്ങിത്താഴ്ന്നുകൊണ്ടാകരുത് എന്നുമാത്രം. ഐഎംഎഫിലേക്ക് ഇന്ത്യ അടയ്ക്കാനുള്ള തുകയില്‍ വീഴ്ചവരുത്തിയാല്‍ ആ നിമിഷം ഐഎംഎഫ് ഇന്ത്യയുടെ കഴുത്തിനുപിടിക്കും. ഈ അവസ്ഥ നിലനില്‍ക്കെയാണ് ഇന്ത്യ ഐഎംഎഫിലേക്ക് നിരുപാധികമായ ദാനം നടത്തുന്നത്! സായിപ്പന്മാരുടെ നിരയില്‍ ചെന്നുനിന്ന വേളയില്‍ കോട്ടും സ്യൂട്ടുമിട്ട നമ്മുടെ പ്രധാനമന്ത്രിക്ക് ദാനധര്‍മിഷ്ഠന്‍ എന്ന ഖ്യാതി കിട്ടിയാല്‍ കൊള്ളാമെന്നുതോന്നി. സമ്പന്ന രാഷ്ട്രങ്ങള്‍ കാട്ടാത്ത ദാനധര്‍മാദികള്‍ ഇന്ത്യക്കുവേണ്ടിയെന്നോണം മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. എത്ര കരുണാമയനായ പ്രധാനമന്ത്രി എന്ന് ഐഎംഎഫ് തലവന്മാര്‍ മന്‍മോഹന്‍സിങ്ങിനെ ശ്ലാഘിച്ചു. ഇന്ത്യയിലെ സാധാരണക്കാരന്റെയും അതിദരിദ്രന്റെയും പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയെടുക്കുന്ന പണമാണ് ഡോളറാക്കി ഐഎംഎഫിനു മുമ്പില്‍ അന്താരാഷ്ട്രവേദിയില്‍വച്ച് മന്‍മോഹന്‍സിങ് വാരിവിതറിയത്. വിലക്കയറ്റംകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ പൊറുതിമുട്ടുന്നു; കടക്കെണിയില്‍പ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുന്നു. പൊള്ളുന്ന ഈ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന് മറയിടാന്‍ മന്‍മോഹന്‍സിങ് കണ്ട മാര്‍ഗംകൊള്ളാം.

ലോകത്തെ മൊത്തം വരുമാനത്തിന്റെ 80 ശതമാനം കൈയടക്കിവച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ തലവന്മാര്‍ നിശബ്ദരായിരിക്കുന്ന വേളയിലാണ് ഈ ദരിദ്രരാജ്യത്തുനിന്ന് ചെന്ന് 56,000 കോടിയുടെ സഹായപ്രഖ്യാപനം നടത്തി മന്‍മോഹന്‍സിങ് കൈയടി വാങ്ങാന്‍ ശ്രമിച്ചത്. ആ കൈയടിയില്‍ അമര്‍ന്നുതാഴുന്നതല്ല ഇന്ത്യയില്‍ ജീവിക്കാന്‍ പെടാപ്പാടുപെടുന്നവരുടെ കൂട്ടനിലവിളി. ഇപ്പോള്‍ ഐഎംഎഫിന് നല്‍കുന്ന ഭീമമായ തുകയുടെ പകുതി മതിയായിരുന്നു ഇന്ത്യയിലെ വെട്ടിക്കുറച്ച പ്രധാന സബ്സിഡികളാകെ പുനഃസ്ഥാപിക്കാന്‍. കഴിഞ്ഞ പൊതുബജറ്റിലൂടെ പെട്രോളിയംരംഗത്ത് 24,901 കോടി രൂപയുടെ സബ്സിഡിയാണ് വെട്ടിക്കുറച്ചത്. രാസവളരംഗത്ത് 6225 കോടിയുടെയും ഭക്ഷ്യധാന്യരംഗത്ത് 2177 കോടിയുടെയും സബ്സിഡിയാണ് വെട്ടിക്കുറച്ചത്. ഇപ്പോള്‍ 56,000 കോടി രൂപയാണല്ലോ യൂറോമേഖലയെ രക്ഷിക്കാന്‍ ദാനംചെയ്യുന്നത്. 28,929 കോടി രൂപയുണ്ടായിരുന്നെങ്കില്‍ ഈ സബ്സിഡികളെല്ലാം പൂര്‍ണമായും പുനഃസ്ഥാപിക്കാമായിരുന്നു. രാസവളത്തിന്റെയും പാചകവാതകത്തിന്റെയും ഭക്ഷ്യധാന്യത്തിന്റെയും ഒക്കെ വിലക്കയറ്റം പിടിച്ചുനിര്‍ത്താമായിരുന്നു; പട്ടിണി നിയന്ത്രിക്കാമായിരുന്നു; കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് രക്ഷിക്കാമായിരുന്നു. പക്ഷേ, ഐഎംഎഫിന് ദാനംചെയ്യാനല്ലാതെ മന്‍മോഹന്‍സിങ്ങിന്റെ കൈവശം പണമില്ല ഇക്കാര്യങ്ങള്‍ക്കൊന്നും! ഡോ. മന്‍മോഹന്‍സിങ് രാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ ജീവിതസാഹചര്യമറിഞ്ഞ് വളര്‍ന്നുവന്നയാളല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വ്യക്തിപരമായി ജനങ്ങളുടെ നാഡിമിടിപ്പ് അറിഞ്ഞുകൂടാ. ജനജീവിത ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുമില്ല. ഇത് വ്യക്തിപരമായി അദ്ദേഹത്തിന്റെ നില. ഇനി രാഷ്ട്രീയം നോക്കിയാലോ? കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ് അദ്ദേഹത്തെ നയിക്കുന്നത്. ആ രാഷ്ട്രീയം സാധാരണക്കാരെയും പാവപ്പെട്ടവരെയുംകുറിച്ച് അല്‍പ്പമെങ്കിലും കരുതലുള്ള ഒന്നല്ല. ഇത് രണ്ടുംചേര്‍ന്നാല്‍ എന്താപത്താണുണ്ടാവുക എന്നത് ആവര്‍ത്തിച്ച് തെളിയുകയാണിവിടെ.

യൂറോമേഖലയ്ക്ക് എന്നുപറഞ്ഞ് ഐഎംഎഫിനെ കൊഴുപ്പിക്കാന്‍ ശ്രമിക്കുന്ന മന്‍മോഹന്‍സിങ് കോര്‍പറേറ്റ് മേഖലയെയും അതേപോലെ കൊഴുപ്പിക്കുന്നുണ്ട്. പെട്രോളിയം, രാസവളം, ഭക്ഷ്യധാന്യം എന്നീ ഇനങ്ങളില്‍ മാത്രമായി 28,929 കോടിയുടെ സബ്സിഡി ഒറ്റവര്‍ഷംകൊണ്ട് വെട്ടിക്കുറച്ച ഇതേ മന്‍മോഹന്‍സിങ് ഭരണമാണ് ഒറ്റവര്‍ഷംകൊണ്ടുതന്നെ കോര്‍പറേറ്റ് മേഖലയ്ക്കുള്ള സബ്സിഡി 69,727 കോടി രൂപ കണ്ട് ഉയര്‍ത്തിക്കൊടുത്തത്. കര്‍ഷകനില്ലാത്ത സബ്സിഡി കോര്‍പറേറ്റ് വമ്പന്മാര്‍ക്ക്! ഉപഭോക്താക്കളുടെമേല്‍ വന്നുവീഴുന്ന പരോക്ഷനികുതിയില്‍ ഒറ്റ ബജറ്റിലൂടെ 45,940 കോടി രൂപയുടെ വര്‍ധന വരുത്തിയ സര്‍ക്കാരാണിത്. പ്രോവിഡന്റ് ഫണ്ട് പലിശ 9.5 ശതമാനമായിരുന്നത് 8.25 ശതമാനമാക്കിച്ചുരുക്കി ജീവനക്കാരുടെ വിയര്‍പ്പുകാശുപോലും കൊള്ളയടിക്കുന്ന സര്‍ക്കാര്‍. അങ്ങനെ ജനങ്ങള്‍ക്ക് ദുസ്സഹഭാരങ്ങളല്ലാതെ തരിമ്പും ഇളവുനല്‍കാത്ത ഭരണമാണിത്. കോര്‍പറേറ്റുകള്‍ക്കുള്ള സബ്സിഡി 69,727 കോടികണ്ട് വര്‍ധിപ്പിച്ചു. അവരില്‍നിന്നുകിട്ടേണ്ട 5,29,432 കോടി രൂപ ഒറ്റയടിക്ക് എഴുതിത്തള്ളിയും ഈ ഭരണം അതിന്റെ കോര്‍പറേറ്റ് പക്ഷപാതിത്വം പ്രകടമാക്കി. ഇപ്പോഴിതാ പാവപ്പെട്ട ഇന്ത്യക്കാരെ പിഴിഞ്ഞുണ്ടാക്കുന്ന സത്തില്‍നിന്ന് 56,000 കോടിയെടുത്ത് ഐഎംഎഫിന് ദാനംചെയ്ത് അന്താരാഷ്ട്രവേദിയില്‍ പ്രധാനമന്ത്രി തന്റെ പേരും പെരുമയും വര്‍ധിപ്പിക്കാന്‍ നോക്കുകകൂടി ചെയ്യുന്നു. തിരിച്ചറിയപ്പെടേണ്ടതാണ് യുപിഎ സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങളും പക്ഷപാതിത്വങ്ങളും.

*
ദേശാഭിമാനി മുഖപ്രസംഗം 29 ജൂണ്‍ 2012

Thursday, June 28, 2012

പിന്നോട്ട് നടക്കുന്ന കേരളം

ഒരു വര്‍ഷത്തെ യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മണ്ഡലങ്ങളിലുണ്ടായ തിരിച്ചടികള്‍ പരിഗണിക്കുമ്പോള്‍ കേരള സമൂഹത്തിന്റെ അപകടകരമായ ചില പ്രവണതകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അപകടകരമായ ചില പ്രതിലോമ സാമൂഹ്യപ്രവണതകള്‍ വളര്‍ന്നുവരികയാണ്.

നവോത്ഥാനപാതയിലൂടെ കടന്നുവന്നശേഷം സാമൂഹിക രംഗത്തെ ശ്രദ്ധേയമായ പ്രദേശമായി കേരളം മാറി എന്നുമാത്രമല്ല, ലോകത്തിനു മാതൃകയുമായി. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമായി ചിത്രീകരിച്ച കേരളം മതനിരപേക്ഷതയുടെ ഈറ്റില്ലമായി. ഇത് നിലനിര്‍ത്തിക്കൊണ്ടാണ് കേരളത്തിന്റെ വികസനം മുന്നോട്ടുകൊണ്ടു പോകേണ്ടത്. പക്ഷേ, ഒരു വര്‍ഷക്കാലത്തെ കേരളത്തിന്റെ സാമൂഹ്യമേഖല ശ്രദ്ധയോടെ പരിശോധിച്ചാല്‍ പ്രതിലോമ സംസ്കാരങ്ങളുടെ ഭീകരമായ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണാം. ഭൂമാഫിയ, മണല്‍ മാഫിയ, മണ്ണ് മാഫിയ, മരുന്ന് മാഫിയ തുടങ്ങിയവ വളരെ വേഗം തഴച്ചുവളരുന്നു. തൃശൂര്‍ ജില്ലയില്‍മാത്രം ഒരു വര്‍ഷത്തില്‍ ഇടിച്ചുനിരത്തപ്പെട്ട കുന്നുകളുടെയും നികത്തപ്പെട്ട വയലുകളുടെയും കുളങ്ങളുടെയും എണ്ണമെടുത്താല്‍ ആരും ഞെട്ടിപ്പോകും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകൃതിവിഭവ ചൂഷണങ്ങളുടെ ഗ്രാഫ് വരച്ചാല്‍ 45 ഡിഗ്രിയെങ്കിലും ചരിഞ്ഞ ഒരു നേര്‍രേഖയാണ് നമുക്ക് കിട്ടുക.

കഴിഞ്ഞ ഒരു വര്‍ഷത്തെ പാരിസ്ഥിതിക പ്രശ്നങ്ങളുടെയും പ്രകൃതിവിഭവ ചൂഷണങ്ങളുടെയും ഒപ്പം വിലക്കയറ്റത്തിലൂടെയും രൂപയുടെ മൂല്യത്തകര്‍ച്ചയിലൂടെയും പണപ്പെരുപ്പത്തിലൂടെയും ഉണ്ടായ സൂക്ഷ്മമായ സാമ്പത്തിക പ്രതിസന്ധിയുടെയും വളര്‍ച്ചനിരക്ക് വച്ച് അഞ്ചു വര്‍ഷത്തേക്ക് കണക്കുകൂട്ടിയാല്‍ നാം എവിടെ എത്തിച്ചേരുമെന്ന് ഭരണകൂടം പഠിക്കണം. വളരെ അപകടകരമാണ് കേരളത്തിന്റെ അവസ്ഥ. ബഹുദൂരം സഞ്ചരിക്കാന്‍ ഒന്നും ശ്രദ്ധിക്കാതെ അതിവേഗത്തില്‍ പാഞ്ഞുപോകുന്നതിന്റെ തിക്തഫലങ്ങള്‍ ആണോ ഇതെന്ന് ഗൗരവമായി പരിശോധിക്കണം. നേട്ടങ്ങളെല്ലാം വലിച്ചെറിഞ്ഞ് നാം തിരിഞ്ഞോടുകയാണെന്നും പ്രതിവിപ്ലവപാതയിലാണെന്നും പറയാന്‍ കാരണമിതാണ്.

ആരോഗ്യരംഗത്തെ ഏറ്റവും നല്ല മാതൃകകളിലൊന്ന് കേരളമാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. സാംക്രമികരോഗങ്ങളെ തടഞ്ഞുനിര്‍ത്തിയും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചും രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം. പക്ഷേ, ഈ രംഗത്തും തിരിച്ചുപോക്ക് പ്രകടമാണ്. രോഗാതുരത ഏറ്റവും കൂടുതലുള്ള പ്രദേശമായി കേരളം അറിയപ്പെട്ടുതുടങ്ങി. 13,000 കേസാണ് ആര്‍സിസിയില്‍ ഒരുവര്‍ഷം രജിസ്റ്റര്‍ചെയ്യുന്നത്. 40 വയസ്സിനുമുകളിലുള്ളവരില്‍ 60 ശതമാനത്തിലധികം പ്രമേഹരോഗികളായി. വൃക്കരോഗത്തിന്റെ വര്‍ധന നിരക്ക് ഇതേ വേഗത്തില്‍ പോയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ വൃക്കരോഗികളുടെ നാടായി കേരളം അറിയപ്പെടും. ഹൃദ്രോഗത്തിന്റെ അളവ് ഭയാനകമായി ഉയര്‍ന്നു. ജനകീയാരോഗ്യത്തില്‍നിന്ന് അകന്നപ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണിതെല്ലാം. രുചിയുടെ രംഗത്ത് പുതിയ മാഫിയ തഴച്ചുവളരുന്നതിന്റെയും മാലിന്യരംഗത്ത് മറ്റൊരു മാഫിയ പിടിമുറുക്കുന്നതിന്റെയും തിക്തഫലമാണിതെല്ലാം എന്ന് തിരിച്ചറിയണം. ഒരു വര്‍ഷമായി മറ്റൊരു മാഫിയ കേരളത്തെ കീഴടക്കാന്‍ വട്ടമിട്ടു പറക്കുന്നു. അത് മാലിന്യ സംസ്കരണരംഗത്തെ വന്‍ ഭീമന്മാരാണ്. എല്ലാ മാലിന്യപ്രശ്നങ്ങള്‍ക്കും തങ്ങള്‍ക്ക് ഒറ്റമൂലിയുണ്ടെന്നാണ് അവരുടെ ഭാഷ്യം. ഹൈടെക് കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ചാണ് ഇപ്പോള്‍ നാം കേള്‍ക്കുന്നത്. കേരളംപോലുള്ള ഒരു സ്ഥലത്ത് കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനപരിപാടിയിലൂടെ ഒന്നും ചെയാന്‍ കഴിയില്ല. വിദേശത്ത് പലയിടത്തും കഴിയും എന്നതുകൊണ്ട് ഇവിടെ കഴിയണം എന്നില്ല. ശാസ്ത്രീയവും ജനകീയവുമായ വികേന്ദ്രീകൃത സംവിധാനങ്ങളിലൂടെയും അയല്‍ക്കൂട്ട രൂപീകരണത്തിലൂടെയും നീര്‍ത്തട സംരക്ഷണത്തിലൂടെയും മാത്രമേ മാലിന്യനിര്‍മാര്‍ജനം പൂര്‍ണമാകൂ. പക്ഷേ, ഇതൊന്നും കേരള വികസനത്തിന്റെ നേതൃത്വമേല്‍പ്പിച്ച സാം പിട്രോഡയ്ക്കറിയില്ല.

മെഗാ ടെക്നോക്രാറ്റുകളല്ല കേരള വികസനത്തിന് നേതൃത്വം കൊടുക്കേണ്ടത്; കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെയും സാമൂഹിക ചരിത്രത്തെയും അറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞരാണ്്. 1000 സ്ക്വയര്‍ മീറ്ററില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യം 1000 സ്ക്വയര്‍ മീറ്ററില്‍ത്തന്നെ വിന്യസിക്കപ്പെട്ടാല്‍ മാത്രമേ ആ മണ്ണിന്റെ സുഷിരതയും ജലസംഭരണശേഷിയും നിലനിര്‍ത്താന്‍ കഴിയൂ. അപ്പോള്‍ മാത്രമേ ജലാശയങ്ങളും ജലസ്രോതസ്സുകളും ശുദ്ധീകരിക്കപ്പെടൂ. മറിച്ച് 1000 സ്ക്വയര്‍ മീറ്ററില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവമാലിന്യം കേന്ദ്രീകരിക്കപ്പെട്ട് ഫ്യൂസ് ചെയ്യപ്പെട്ട് പോയാല്‍ ജൈവാംശം കലരാതെ കേരളത്തിന്റെ മണ്ണ് ഗള്‍ഫ് രാജ്യങ്ങളിലെ മണ്ണുപോലെയാകും. അന്ന് ജലായശയങ്ങളിലെ ജലം കോളിഫോം അടക്കമുള്ള അപകടകാരികളായ ബാക്ടീരിയകളെക്കൊണ്ട് നിറയും. രോഗങ്ങളുടെ അനന്തമായ ആക്രമണമുണ്ടാകും. മാംസാവശിഷ്ടങ്ങള്‍ വഴിയരികില്‍ തള്ളുന്നതിനുപുറമെ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന പ്രവണത വര്‍ധിച്ചുവരുന്നു. മണ്ണിലാണെങ്കില്‍ ജൈവവിഘടനത്തിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ മാലിന്യം നശിച്ചേക്കാം. പക്ഷേ, ജലാശയത്തില്‍ വീണാല്‍ കുടിവെള്ളം മലിനീകരിക്കപ്പെടും. വ്യാപകമാകുന്ന പനിയുടെയും പകര്‍ച്ചവ്യാധിയുടെയും മൂലകാരണങ്ങള്‍ ഇതൊക്കെയാണ്. വന്‍കിട ആശുപത്രി കെട്ടിടങ്ങള്‍ക്കും അതിവേഗ കോറിഡോറുകള്‍ക്കും എയര്‍സ്ട്രിപ്പുകള്‍ക്കും ഒന്നും ഈ പ്രശ്നം പരിഹരിക്കാനാകില്ല എന്നത് ലളിതമായ തിരിച്ചറിവാണ്. സൂക്ഷ്മതലങ്ങളിലെ വികസനത്തെ വിസ്മരിച്ച് സ്ഥൂലവികസനത്തിനാണ് പരിഗണന ലഭിച്ചുകൊണ്ടിരിക്കുന്നത്. വലിയ വികസന പരിപാടികള്‍വേണ്ട എന്നല്ല. മറിച്ച് ആദ്യ പരിഗണനയാകരുത് എന്നേ അഭിപ്രായമുള്ളൂ. കേരളത്തിന്റെ സാമൂഹ്യമനസ്സിന്റെ ഈ വികലമായ മാറ്റത്തിന്റെ കാരണമെന്താണ് എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ മാറ്റം വളരെ ശ്രദ്ധിച്ച് പഠിക്കണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ അളവുപരമായ മാറ്റം അനിര്‍വചനീയമാണ്. എന്‍ജിനിയറിങ് കോളേജുകളുടെയും മെഡിക്കല്‍ കോളേജുകളുടെയും സര്‍വകലാശാലകളുടെയും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പക്ഷേ, വിദ്യാഭ്യാസത്തിന്റെ പശ്ചാത്തല ഘടനയുടെ സാധ്യത ഇങ്ങനെ വളരുന്നതിനുസരിച്ച് മാനവികതയും മനുഷ്യത്വവും കൂടുകയാണോ കുറയുകയാണോ എന്ന ചോദ്യത്തിന് കുറയുകയാണെന്നതാണ് ഉത്തരം. അതുതന്നെയാണ് പ്രശ്നങ്ങള്‍ക്ക് കാരണവും മൗലികമായ വികസന പ്രശ്നവും. ഇതിന്റെ കാരണം വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്‍ക്കരണത്തിന്റെയും കമ്പോളവല്‍ക്കരണത്തിന്റെയും വളര്‍ച്ചയും ജനകീയതയുടെയും പൊതുവിദ്യാഭ്യാസത്തിന്റെയും തകര്‍ച്ചയുമാണ്. സാംപിട്രോഡയുടെ മെഗാപദ്ധതികളായ നോളേജ്സിറ്റിക്കൊന്നും ഈ മൗലിക പ്രശ്നം പരിഹരിക്കാനാകില്ല. വിദേശ സര്‍വകാലാശാലകള്‍ക്കും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ല. കേവല രാഷ്ട്രീയാരോപണങ്ങളായിട്ടല്ല ഈ അഭിപ്രായം എടുക്കേണ്ടത്. മറിച്ച് ഒരു ജനതയുടെ സാമൂഹ്യവികസനത്തിന്റെ സൂക്ഷ്മവിലയിരുത്തലായാണ്്. ജനകീയതയും പൊതു ഇടപെടലും ജനാധിപത്യവല്‍ക്കരണവും നഷ്ടപ്പെടുമ്പോഴാണ് മനുഷ്യത്വരഹിതമായ മാഫിയാ സംസ്കാരവും അരാഷ്ട്രീയതയും അനാരോഗ്യവും വളരുന്നത്. ഇത് തടയാന്‍ മെഗാ പദ്ധതികള്‍ക്കാകില്ല; സൂക്ഷ്മ നിരീക്ഷണത്തോടെയുള്ള ജനകീയ പരിപാടികള്‍ക്കേ കഴിയൂ.

എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഈ ദിശയിലാണ് പ്രവര്‍ത്തിച്ചത്. ജനകീയത വര്‍ധിപ്പിക്കാന്‍ കാര്യക്ഷമമായി വികസിപ്പിച്ച പ്രാദേശിക ആസൂത്രണത്തിനേ കഴിയൂ. 50 ശതമാനം തുകയെങ്കിലും താഴേക്ക് നല്‍കി നൈസര്‍ഗികമായ പ്രാദേശിക വികസനം കൂടുതല്‍ അര്‍ഥവത്താകണം. പക്ഷേ, കഴിഞ്ഞ ഒരു വര്‍ഷം ഈ രംഗത്തും അരാജകത്വമാണ്. ത്രിതലപഞ്ചായത്തുകളുടെ പദ്ധതി രൂപീകരണം ആരംഭിച്ചിട്ടുപോലുമില്ല. സാമ്പത്തികവര്‍ഷത്തിന്റെ മൂന്നിലൊരു ഭാഗം കഴിഞ്ഞു. പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനം നിശ്ചലമാണ്. അതിനാല്‍ ഇനിയും രണ്ടുമാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കാന്‍ കഴിയുകയില്ല. അതിവേഗ ഇടനാഴികളും എയര്‍സ്ട്രിപ്പുകളും പിപിപി മെഗാപദ്ധതികളുംകൊണ്ട് ഉണ്ടാകുന്ന സംവിധാനങ്ങളും അതിനു കീഴെ മാനവികതയും മനുഷ്യത്വവും നഷ്ടപ്പെട്ടതും അരക്ഷിതബോധവും അനാരോഗ്യവും വളരുന്നതുമായ ഒരു ജനത എന്നത് വികസനമല്ല. ചരിത്രാവബോധത്തോടെ, പാരിസ്ഥിതിക അവബോധത്തോടെ, ജനപങ്കാളിത്തത്തോടെ മൂലധനശക്തികള്‍ക്ക് കീഴടങ്ങാതെ സര്‍വതലസ്പര്‍ശിയും സൂക്ഷ്മാവബോധവും അതീവ ശ്രദ്ധയും ഉള്ള ഒന്നാകണം വികസനം. ഈ കാഴ്ചപ്പാടോടുകൂടിയാകണം സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടത്; അല്ലാതെ സമഗ്രവികസനം സാധ്യമാകില്ല.

*
പ്രൊഫ. സി രവീന്ദ്രനാഥ് ദേശാഭിമാനി 28 ജൂണ്‍ 2012

ആരാണ് മുഖ്യമന്ത്രി?

വിചിത്രമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയുടെ രീതികള്‍. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനമൊന്ന്; മന്ത്രി പറയുന്നത് മറ്റൊന്ന്. മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് മൂന്നാമതൊന്ന്. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി നിലപാടുകളില്‍ തകിടം മറിഞ്ഞ് മന്ത്രിയുടെ പല്ലവി ഏറ്റുപാടുന്നു. താന്‍ പറഞ്ഞതല്ല ലീഗ് മന്ത്രി പറഞ്ഞതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി സ്വയം തിരുത്തുന്നു. ദയനീയമാണ് ഈ കാഴ്ച.

35 സര്‍ക്കാര്‍ സ്കൂളുകള്‍ എയ്ഡഡ് സ്കൂളുകളാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിസഭയിലെ അനൈക്യവും കൂട്ടുത്തരവാദിത്തമില്ലായ്മയും ഏതുകാര്യത്തിലും ലീഗിനു കീഴടങ്ങുന്ന മുഖ്യമന്ത്രിയുടെ നിസ്സഹായതയും വെളിവായത്. മലപ്പുറത്തെ 35 സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. ആ തീരുമാനമിരിക്കെ, ഈ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനാണ് തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് നിയമസഭയില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇത് സഭാതലത്തില്‍ വിവാദമായപ്പോഴാണ് താനാണ് മുഖ്യമന്ത്രി എന്ന വിശേഷണത്തോടെ ഉമ്മന്‍ചാണ്ടി വിദ്യാഭ്യാസമന്ത്രിയെ തിരുത്തിയത്. ആ തിരുത്തലിന് 24 മണിക്കൂറിന്റെപോലും ആയുസ്സ് ഉണ്ടായില്ല.

മുഖ്യമന്ത്രി സ്വയം തിരുത്തി വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ ശരിവച്ചു. ലീഗ് പറഞ്ഞാല്‍ അതിനപ്പുറത്ത് കോണ്‍ഗ്രസിനോ യുഡിഎഫിനോ നിലപാടുണ്ടാകില്ലെന്ന് തെളിയിച്ചു. കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രിയുടെയും ആത്മാഭിമാനമില്ലായ്മയ്ക്ക് ഇതില്‍ക്കവിഞ്ഞ തെളിവു വേണ്ട. നിയമസഭയും ജനവും ഏതാണ് വിശ്വസിക്കേണ്ടത്? മന്ത്രിസഭാതീരുമാനമോ, വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ വാക്കുകളോ, മുഖ്യമന്ത്രിയുടെ ചൊവ്വാഴ്ചത്തെ വാക്കുകളോ, അതോ അദ്ദേഹത്തിന്റെ തന്നെ ബുധനാഴ്ചത്തെ വാക്കുകളോ? യുഡിഎഫില്‍ എവിടെ ഐക്യം? എവിടെ കൂട്ടുത്തരവാദിത്തം? എവിടെ കോണ്‍ഗ്രസിന്റെ ആത്മാഭിമാനം? പ്രശ്നം ഈ ചോദ്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഒട്ടേറെ ഉപചോദ്യങ്ങള്‍ അതില്‍നിന്നുയരുന്നു. അവയാകട്ടെ, അരങ്ങിനുപിന്നില്‍ നടക്കുന്ന വലിയ അഴിമതിയുടെ ഇടനാഴികളിലേക്ക് ജനങ്ങളുടെ മനസ്സിനെ നയിക്കുകയും ചെയ്യുന്നു. മലപ്പുറത്തെ 35 സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മന്ത്രിസഭാതീരുമാനം 24 മണിക്കൂറിനകം ഉത്തരവായി ഇറങ്ങേണ്ടത് ഭരണപരമായ ഒരു അനിവാര്യതയാണ്. ഇവിടെ എന്തുകൊണ്ട് അത് ലംഘിക്കപ്പെട്ടു? ഈ ഉത്തരവ് എന്തുകൊണ്ട് ഇറങ്ങിയില്ല? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോഴാണ്, വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് സഭയില്‍ പറഞ്ഞ വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ഥവും രാഷ്ട്രീയമാനവും വരുന്നത്.

സ്കൂളുകള്‍ എയ്ഡഡ് ആക്കി മാറ്റുമെന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിസഭാതീരുമാനത്തിനെതിരെ മറ്റൊരു തീരുമാനം പ്രഖ്യാപിക്കാന്‍ മന്ത്രിക്ക് അധികാരമുണ്ടോ? ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ മന്ത്രി ഇവിടെ ശ്രമിക്കുന്നു. അത് മന്ത്രിസഭാതീരുമാനത്തെ അട്ടിമറിക്കാനാണെന്നത് പകല്‍പോലെ വ്യക്തം. മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചാലേ വിദ്യാഭ്യാസ കച്ചവടമെന്ന ലീഗിന്റെ രാഷ്ട്രീയലക്ഷ്യം നടക്കൂ. അതുകൊണ്ടുതന്നെ ലീഗും അതിന്റെ മന്ത്രിയും ആ വഴിക്ക് നീങ്ങുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് തങ്ങളുടെ ദയാദാക്ഷിണ്യങ്ങള്‍കൊണ്ടാണെന്നതിന്റെ അഹങ്കാരം ലീഗ് ഇടയ്ക്കിടെ പ്രകടിപ്പിക്കാറുണ്ട്. മന്ത്രിസഭാ രൂപീകരണഘട്ടം മുതല്‍ക്കേ കേരളം ഇത് കാണുന്നുണ്ട്. തങ്ങള്‍ക്ക് എത്ര മന്ത്രിമാരുണ്ടാകുമെന്നും ഏതേത് വകുപ്പുകളുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിശ്ചയിക്കുന്നതിനുമുമ്പ് ലീഗ് നേതാവ് തങ്ങള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിസ്സഹായനായിനിന്നു. പിന്നീട് ലീഗ് വരച്ച വരയ്ക്കുതാഴെ ഒപ്പിട്ടുകൊടുത്തു. ലീഗിന് അഞ്ചാംമന്ത്രിയുണ്ടാകുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചു.

അങ്ങനെ ഒരു വിഷയം ചര്‍ച്ചചെയ്യുന്നുപോലുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യം വിശദീകരിച്ചു. എന്നാല്‍, അടുത്ത ഘട്ടത്തില്‍ മഞ്ഞളാംകുഴി അലികൂടി മന്ത്രിയാകുന്നത് കേരളം കണ്ടു. ഇതേപോലെ, മലപ്പുറത്തെ സ്കൂളുകളുടെ കാര്യത്തിലും അവസാന വാക്ക് തങ്ങള്‍ പറയുന്നതുതന്നെയാകും എന്ന ഹുങ്കാണ് ലീഗ് കാട്ടിയത്. മന്ത്രിസഭാതീരുമാനത്തിന് വിരുദ്ധമായി നിയമസഭാതലത്തില്‍ത്തന്നെ പറയാന്‍ മന്ത്രിക്ക് ധൈര്യമുണ്ടായത് ഈ ഹുങ്കുകൊണ്ടാണ്. അതുമൂലമുണ്ടായ ജാള്യമാണ് "ഞാനാണ് മുഖ്യമന്ത്രി" എന്ന പ്രഖ്യാപനം നടത്താന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രി താനാണെന്ന് മുഖ്യമന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ക്ക് വിശദീകരിക്കേണ്ടിവരുന്നത് കേരളത്തില്‍ ആദ്യമാണ്. മുഖ്യമന്ത്രിയായി തന്നെ മന്ത്രിമാര്‍പോലും ഗൗനിക്കുന്നില്ലെന്ന് അദ്ദേഹം കരുതുന്നുവെന്നതിന്റെ വിളംബരമാണിത്. ദയനീയമാണ് ഈ മുഖ്യമന്ത്രിയുടെ അവസ്ഥ എന്നുപറയാതെവയ്യ. മുഖ്യമന്ത്രി താനാണെന്ന് വിളംബരംചെയ്യുകയല്ല, പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ ബുധനാഴ്ചത്തെ തകിടംമറിച്ചിലിലൂടെ മുഖ്യമന്ത്രി ചെയ്തത്, താനല്ല, മറിച്ച് അബ്ദുറബ്ബോ കുഞ്ഞാലിക്കുട്ടിയോ ആണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് മാലോകരെ ബോധ്യപ്പെടുത്തലാണ്. മുഖ്യമന്ത്രി താന്‍ തന്നെയാണ് എന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. വകുപ്പ് വിഭജനകാര്യത്തില്‍ കഴിഞ്ഞില്ല; അഞ്ചാംമന്ത്രി കാര്യത്തിലും കഴിഞ്ഞില്ല. ഇപ്പോഴും സ്ഥിതി അതുതന്നെ. മന്ത്രിസഭാതീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞില്ല. പാണക്കാട്ടുനിന്ന് ഫോണ്‍ വരുമ്പോള്‍ മാറാനുള്ളതേയുള്ളൂ തന്റെ മന്ത്രിസഭാതീരുമാനമെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു. മന്ത്രിസഭായോഗം തീരുമാനിച്ച കാര്യത്തില്‍ 24 മണിക്കൂറിനകം ഉത്തരവിറങ്ങാതിരുന്നത് എന്തുകൊണ്ടാണെന്നതിന് വിശദീകരണം തേടാന്‍ അദ്ദേഹത്തിന് ധൈര്യമില്ല. സാമ്പത്തികവശം പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. മന്ത്രിസഭാ തീരുമാനം ആയിക്കഴിഞ്ഞ ശേഷമാണോ സാമ്പത്തികവശം പരിശോധിക്കുന്നത്? വണ്ടിക്കു പിന്നില്‍ കുതിരയെക്കെട്ടുന്ന ഈ രീതി ഭരണതലത്തില്‍ കേട്ടുകേള്‍വിപോലുമുള്ളതല്ല. സാമ്പത്തികമടക്കമുള്ള നാനാവശങ്ങളും പരിശോധിച്ചശേഷംമാത്രം മന്ത്രിസഭായോഗം തീരുമാനമെടുക്കുന്ന രീതിയേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശമാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത് എന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വാദവും വണ്ടിക്കുപിന്നില്‍ കുതിരയെക്കെട്ടുന്ന തരത്തിലുള്ളതാണ്. ആദ്യം മന്ത്രിസഭാ തീരുമാനം, പിന്നെ വകുപ്പിന്റെ നിര്‍ദേശം. ഇതാണോ മന്ത്രിസഭയില്‍ ഇപ്പോള്‍ നടക്കുന്നത്?

പ്രശ്നം ധനവകുപ്പിന്റെ പരിശോധനയിലാണെന്ന വിശദീകരണം ഒരേസമയം അസംബന്ധവും ഭരണനടപടിക്രമങ്ങളുടെ ലംഘനവുമാണ്. മന്ത്രിസഭ തീരുമാനമെടുക്കുംമുമ്പല്ലാതെ, ധനവകുപ്പിന്റെ പരിശോധന ഇല്ല. മന്ത്രിസഭ തീരുമാനിച്ചു കഴിഞ്ഞതിന്മേല്‍ ധനവകുപ്പ് പരിശോധന നടത്തുമെങ്കില്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും മേലെ ആയിരിക്കണം ആ ധനവകുപ്പ്! ആരെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ അസംബന്ധ വാചകമേളകള്‍? ഈ സാഹചര്യത്തില്‍ ഒരു ചോദ്യം ചോദിക്കാതിരിക്കാന്‍ നിവൃത്തിയില്ല. താനാണ് മുഖ്യമന്ത്രി എന്നും താന്‍ പറയുന്നതാണ് ശരിയെന്നും പറഞ്ഞ മി. ഉമ്മന്‍ചാണ്ടീ...ഇപ്പോള്‍ ആരാണ് മുഖ്യമന്ത്രി?

*
ദേശാഭിമാനി  മുഖപ്രസംഗം 28 ജൂണ്‍ 2012

Tuesday, June 26, 2012

കോണ്‍ഗ്രസിന്റെ ജനാധിപത്യപ്രസംഗം

ഒരു അര്‍ധരാത്രിയുടെ നിശബ്ദതയിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. എന്നാല്‍, മറ്റൊരര്‍ധ രാത്രിയില്‍ ഇരുളിന്റെ മറവില്‍ ഇന്ത്യക്കാരുടെ എല്ലാ പൗരസ്വാതന്ത്ര്യവും അപഹരിക്കപ്പെട്ടു- 1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ; 37 വര്‍ഷംമുമ്പ് ജൂണ്‍ 25ന്. 1971ലെ തെരഞ്ഞെടുപ്പില്‍ അഴിമതി കാട്ടിയ കേസില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതാണല്ലോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണം. കോടതിവിധി വന്ന അതേദിവസം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുഫലവും പുറത്തുവന്നു. കോണ്‍ഗ്രസിനെ നിലംപരിശാക്കി ജയപ്രകാശ് നാരായണന്റെ പിന്തുണയോടെ ജനമോര്‍ച്ച അധികാരത്തിലെത്തി. കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനെതിരായി വലിയ മുന്നേറ്റം രാജ്യത്ത് രൂപപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നീതിന്യായവ്യവസ്ഥയെ പരസ്യമായി അവഹേളിച്ച് കേന്ദ്ര മന്ത്രിസഭയില്‍പ്പോലും ആലോചിക്കാതെ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്ക് ഇന്ദിരാഗാന്ധി തുടക്കമിട്ടത്.

കോടതികളില്‍ ചോദ്യംചെയ്യപ്പെടാനാകാത്ത മിസപോലുള്ള കരിനിയമങ്ങള്‍ കൊണ്ടുവന്നു. ആരും ഏതുനിമിഷവും അറസ്റ്റുചെയ്യപ്പെടാം. അതിനെ ചോദ്യംചെയ്യാന്‍ സാധ്യമല്ല. രാജ്യമെങ്ങും ഭീതിയുടെ അന്തരീക്ഷം നിറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയാണ് കരിനിയമങ്ങള്‍ പ്രയോഗിക്കപ്പെട്ടത്. അഴിമതിക്കെതിരായ കുരിശുയുദ്ധം നടത്തിയ ജയപ്രകാശ് നാരായണനെയും സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും മറ്റു പ്രതിപക്ഷപാര്‍ടി നേതാക്കളെയും മാത്രമല്ല കോണ്‍ഗ്രസിലെ യുവതുര്‍ക്കികളായി അറിയപ്പെട്ട ചന്ദ്രശേഖരന്‍ (പില്‍ക്കാലത്ത് പ്രധാനമന്ത്രി), കൃഷ്ണകാന്ത് (പിന്നീട് ഉപരാഷ്ട്രപതി) കേന്ദ്രമന്ത്രിയായിരുന്ന മോഹന്‍ ധാരിയ തുടങ്ങിയവരെയെല്ലാം കല്‍ത്തുറങ്കിലടച്ചു. ഇപ്പോള്‍ മഹാരാഷ്ട്ര ഗവര്‍ണറായ കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അക്കാലത്ത് തടവിലാക്കപ്പെട്ടയാളാണ്. ഇ എം എസ്, എ കെ ജി തുടങ്ങിയ ദേശീയനേതാക്കളെ തടവിലാക്കിയെങ്കിലും പിന്നീട് വിട്ടയക്കേണ്ടിവന്നു. പിണറായി വിജയനെ മൃഗീയമായി മര്‍ദിച്ച് ശരീരം തകര്‍ത്തശേഷമാണ് ജയിലിലേക്കെത്തിച്ചത്. വിദ്യാര്‍ഥിയായിരുന്ന എന്നെ ഒന്നരവര്‍ഷമാണ് മിസപ്രകാരം ജയിലില്‍ അടച്ചത്. മാതാപിതാക്കളുമായിപ്പോലും ആശയവിനിമയം നടത്താന്‍ സാധ്യമായിരുന്നില്ല. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രബീര്‍ പുര്‍കായസ്തയെ പൊലീസ് അറസ്റ്റുചെയ്തത് ഒരു വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത പ്രിന്‍സിപ്പലിന്റെ നടപടി ചോദ്യംചെയ്തതിനാണ്.

അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ 32 അംഗങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. അവരെല്ലാം ഇരുമ്പഴിക്കകത്തായിരുന്നു. പൗരസ്വാതന്ത്ര്യമില്ല, മൗലികാവകാശങ്ങള്‍ നിഷേധിച്ചു, ജനാധിപത്യവ്യവസ്ഥയുടെ അസ്തിവാരമായ ഭരണഘടനയെ മരവിപ്പിച്ചു. ഇന്ത്യയൊട്ടാകെ 1,10,806 പേര്‍ ജയിലില്‍ ക്രൂരപീഡനങ്ങള്‍ക്കിരയായി. എങ്ങും ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. പൊലീസ് പിടിച്ചുകൊണ്ടുപോയവരില്‍ പലരും പിന്നെ പുറംലോകം കണ്ടില്ല; തൃശൂര്‍ റീജണല്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥി രാജനെപ്പോലെ. ആഭ്യന്തരസുരക്ഷയുടെ പേരില്‍ കോണ്‍ഗ്രസ് ആരെയാണ് തടവിലിട്ടതെന്ന് മനസ്സിലാക്കുക. ബിഹാറില്‍ മിസ, ഡിഐആര്‍ എന്നീ നിയമങ്ങള്‍പ്രകാരം ആകെ അറസ്റ്റുചെയ്യപ്പെട്ടവര്‍ 9107. ഇവരില്‍ ക്രിമിനലുകളെന്ന് ഔദ്യോഗികരേഖകള്‍ പറയുന്നത് 1561 പേര്‍മാത്രം. മഹാരാഷ്ട്രയില്‍ ആകെ അറസ്റ്റുചെയ്യപ്പെട്ടത് 15,272. ഇതില്‍ സാമൂഹ്യവിരുദ്ധര്‍ 2700. പശ്ചിമബംഗാളില്‍ ആകെ അറസ്റ്റിലായ 7228 പേരില്‍ ക്രിമിനല്‍കുറ്റം ചെയ്തവര്‍ 84 മാത്രം. കേരളത്തില്‍ അറസ്റ്റിലായ 7924 പേരില്‍ ക്രിമിനല്‍കുറ്റം ചെയ്തവര്‍ 930 പേര്‍ മാത്രവും. മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. മാത്രമല്ല ബുദ്ധിജീവികളെയും അധ്യാപകരെയും എഴുത്തുകാരെയുംപോലും വെറുതെ വിട്ടില്ല.

ഇപ്പോള്‍ കോണ്‍ഗ്രസിനുവേണ്ടി വാദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, ഈ ജനാധിപത്യവിരുദ്ധര്‍ അന്ന് മാധ്യമങ്ങളോട് ചെയ്തതെന്തെന്ന് ഓര്‍ക്കണം. ദില്ലിയില്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ് ചടങ്ങില്‍ പ്രതിഷേധപ്രകടനം നടത്തിയ ചെറുപ്പക്കാരിലൊരാളെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അംബികാസോണി കൈകാര്യം ചെയ്യുന്നത് കണ്ടപ്പോള്‍, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ടര്‍ വീരേന്ദ്രകപൂര്‍ "ഇവിടെ ധാരാളം പൊലീസുണ്ടല്ലോ, ഇപ്പണി അവര്‍ ചെയ്യില്ലേ" എന്ന് അംബികാസോണിയോട് ചോദിച്ചു. ഫലം ഉടനുണ്ടായി. ആ വേദിയില്‍വച്ച് കപൂര്‍ അറസ്റ്റുചെയ്യപ്പെട്ടു. ഇരുനൂറിലധികം പുസ്തകങ്ങള്‍ രചിച്ച വേദ്ഗുരു ദത്ത് എന്ന എണ്‍പത്തിമൂന്നുകാരനെ അറസ്റ്റുചെയ്തത് തന്റെ വീടിനുമുന്നില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ സംസാരിച്ചു എന്ന കുറ്റത്തിനാണ്. യഥാര്‍ഥത്തില്‍ കാരണമതായിരുന്നില്ല. 1973ല്‍ അദ്ദേഹമെഴുതിയ "മധു" എന്ന നോവലില്‍ ഇന്ദിരാഗാന്ധിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നത്രേ.

അടിയന്തരാവസ്ഥയുടെ പീഡനങ്ങളില്‍ കൊല്ലപ്പെട്ടവര്‍ അനവധി. പൊലീസ് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുകൊന്നവര്‍, ദില്ലിയിലെ തുര്‍ക്ക്മെന്‍ ഗേറ്റിലും മറ്റും സായുധപൊലീസിന്റെ വെടിയുണ്ടയ്ക്കിരയായവര്‍, ജയിലറകളിലെ പീഡനമുറകള്‍മൂലം ജയിലിനുപുറത്തെത്തി വൈകാതെ ജീവന്‍ വെടിഞ്ഞ ടി അയ്യപ്പനെയും, ബംഗാളില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ജ്യോതിര്‍മയി ബസുവിനെയുംപോലുള്ളവര്‍ തുടങ്ങി, അധികാരികളുടെ പീഡനം സഹിക്കാതെ ആത്മഹത്യചെയ്തവര്‍പോലുമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിഐടിയു നേതാവ് എന്‍ അബ്ദുള്ള മൃഗീയ മര്‍ദനത്തെതുടര്‍ന്ന് രോഗം ബാധിച്ച് മരിച്ചു. തങ്ങള്‍ചെയ്ത കൊലപാതകങ്ങള്‍ക്കൊന്നിനും പൊലീസിന് കണക്കില്ലായിരുന്നു. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തുര്‍ക്ക്മെന്‍ ഗേറ്റില്‍ 400 പേരെങ്കിലും വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഔദ്യോഗികകണക്കില്‍ ഇത് വെറും ആറുമാത്രമാണ്.

ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ വിധേയന്മാരല്ലാത്തവര്‍ക്ക് സ്ഥാനമില്ലായിരുന്നു. ഭരണസംവിധാനത്തെ നിയന്ത്രിച്ചത് ഭരണഘടനാബാഹ്യമായ ശക്തികളായിരുന്നല്ലോ. ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയിന്റെ തീട്ടൂരങ്ങളനുസരിക്കാന്‍ തയ്യാറല്ലാത്തതിനാലാണ് വാര്‍ത്താവിതരണമന്ത്രിയായിരുന്ന ഗുജ്റാള്‍ മന്ത്രിസഭയ്ക്കുപുറത്ത് പോയത്. വി സി ശുക്ല എന്ന വിധേയനായിരുന്നു ഗുജ്റാളിനുപകരമെത്തിയത്. ആകാശവാണിയിലെയും ഫീല്‍ഡ് പബ്ലിസിറ്റിവകുപ്പിലെയും ഉദ്യോഗസ്ഥരെക്കൊണ്ട് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക 14 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യിച്ചാണ് ശുക്ല പ്രതിബദ്ധത തെളിയിച്ചത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ അന്തകനായി ശുക്ല മാറി. പത്രവാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യപ്പെട്ടു. ഇന്ദിരാഗാന്ധിയെ യോഗ പഠിപ്പിക്കാനെത്തിയ ധീരേന്ദ്ര ബ്രഹ്മചാരിയായിരുന്നു മറ്റൊരു വിവാദനായകന്‍. ഇയാള്‍ ഇന്ദിരാഭരണകൂടത്തിന്റെ ചക്രം തിരിക്കുന്നവരിലൊരാളായി. അമേരിക്കയില്‍നിന്ന് കസ്റ്റംസ് നികുതി നല്‍കാതെ ഇയാള്‍ വിമാനം ഇറക്കുമതിചെയ്ത സംഭവം വിവാദമായി. ഈ ഇടപാടിനെപ്പറ്റി പിന്നീട് സിബിഐ അന്വേഷിച്ചു. യാത്രാരേഖകള്‍ പരിശോധിച്ചപ്പോള്‍ ഇന്ദിരയുടെ മക്കള്‍ സഞ്ജയും രാജീവുമായിരുന്നു ഈ വിമാനം സ്ഥിരമായി ഉപയോഗിച്ചിരുന്നതെന്ന് വെളിപ്പെട്ടു.

അടിയന്തരാവസ്ഥക്കാലത്തെ ജനദ്രോഹികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നുമാത്രമല്ല അവരെയെല്ലാം കോണ്‍ഗ്രസ് പില്‍ക്കാലത്ത് ഉയരങ്ങളിലെത്തിച്ചു. ചിലര്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുമായി. അന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുടെ സെക്രട്ടറിമാത്രമായിരുന്നെങ്കിലും ദില്ലിയിലെ അറസ്റ്റുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും നേരിട്ട് നേതൃത്വം കൊടുത്തയാളാണ് നവീന്‍ ചാവ്ല. ഇദ്ദേഹം ജനാധിപത്യത്തിന്റെ ഇരിപ്പിടങ്ങളിലൊന്നായ തെരഞ്ഞെടുപ്പ് കമീഷന്റെ തലവനായത് ചരിത്രത്തിന്റെ വിരോധാഭാസം.
ഇന്ദിരാഗാന്ധിയുടെ വികസനസ്വപ്നങ്ങളെന്നപേരില്‍ ദില്ലിയിലെ ചേരികള്‍ മുഴുവന്‍ ഇടിച്ചുനിരത്തിയും രാജ്യം മുഴുവന്‍ വന്ധ്യംകരണ ശസ്ത്രക്രിയ സംഘടിപ്പിച്ചുമാണ് കോണ്‍ഗ്രസ് ഭരണകൂടം അതിന്റെ മനുഷ്യത്വവിരുദ്ധ മുഖം പ്രദര്‍ശിപ്പിച്ചത്. സഞ്ജയ് ഗാന്ധിയായിരുന്നു ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ദില്ലിയില്‍ ഒന്നരലക്ഷം കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. ചേരികള്‍ സംസ്ഥാനത്തിന്റെ മുഖം വൃത്തികേടാക്കുമെന്ന് പറഞ്ഞ് പാവങ്ങളുടെ കൂരകള്‍ക്കുമേല്‍ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറ്റി. എതിര്‍ത്തവര്‍ക്കുനേരെ വെടിയുതിര്‍ത്തു. ഇന്ത്യയൊട്ടാകെ ഒരുവര്‍ഷംകൊണ്ട് 81 ലക്ഷം വന്ധ്യംകരണ ശസ്ത്രക്രിയകള്‍! ജയിലുകള്‍ തടവുകാരെക്കൊണ്ട് നിറഞ്ഞു. 1,83,369 പേരെമാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരുന്ന ജയിലുകളില്‍ 2,20,146 പേരെ കുത്തിനിറച്ചു. ഇവരുടെ ഇടയിലേക്കാണ് കരുതല്‍ തടങ്കലെന്ന പേരില്‍ ഒരുലക്ഷത്തിലധികം പേരെക്കൂടി ഉള്‍ക്കൊള്ളിച്ചത്. ജയിലറകളില്‍ മനുഷ്യര്‍ ഊഴംവച്ച് ഉറങ്ങുന്ന സ്ഥിതി. ടോയ്ലറ്റ് സൗകര്യവും ശുദ്ധജലവും ലഭ്യമായിരുന്നില്ല.

ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും അല്‍പ്പമെങ്കിലും ബഹുമാനിക്കുന്ന സമീപനമായിരുന്നില്ല കോണ്‍ഗ്രസിന്റേത്. ഇത് 1975ല്‍ തുടങ്ങിയതല്ല. 1957ല്‍ കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിനെ പിരിച്ചുവിട്ടാണ് ജനാധിപത്യത്തിന്റെ ശിരസ്സില്‍ അധികാരപ്രമത്തതയുടെ കൂടംകൊണ്ട് കോണ്‍ഗ്രസ് ആദ്യം ആഞ്ഞടിച്ചത്. ഇത് പിന്നീട് കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രയോഗിച്ചു. ഇതിന്റെ തുടര്‍ച്ചയായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍വന്ന ജനതാസര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമീഷനെ നിയോഗിച്ചു- സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജെ സി ഷായുടെ നേതൃത്വത്തില്‍. ഈ കമീഷന്‍ ഇന്ദിരാഗാന്ധിയുടെ അതിക്രമങ്ങളെയും അധികാരദുര്‍വിനിയോഗങ്ങളെയും അക്കമിട്ടുനിരത്തുന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. എന്നും ഇന്ദിരാഗാന്ധിയുടെ ഉറക്കംകെടുത്തിയിരുന്നു ഷാ കമീഷന്‍ റിപ്പോര്‍ട്ട്. 1980ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ ഷാ കമീഷന്‍ റിപ്പോര്‍ട്ടിന്റെ എല്ലാ കോപ്പിയും തേടിപ്പിടിച്ച് അവര്‍ നശിപ്പിച്ചു. ഓസ്ട്രേലിയന്‍ നാഷണല്‍ ലൈബ്രറിയിലും ലണ്ടന്‍ സര്‍വകലാശാലയിലും റിപ്പോര്‍ട്ടിന്റെ ഓരോ കോപ്പികള്‍ അവശേഷിച്ചു. ഷാ കമീഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു പ്രതി മുന്‍ പാര്‍ലമെന്റ് അംഗവും ജയപ്രകാശ് നാരായണന്റെ അനുയായിയുമായിരുന്ന ഏറാ ചെഴിയാന്റെ കൈവശമുണ്ടായിരുന്നു.

രാജ്യത്തിന്റെ ഇരുണ്ട ഭൂതകാലം പുതിയ തലമുറയ്ക്ക് മനസ്സിലാകണമെന്ന ലക്ഷ്യത്തോടെ അദ്ദേഹമിത് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷാ കമീഷന്‍ റിപ്പോര്‍ട്ട് വീണ്ടും ജനങ്ങള്‍ക്ക് ലഭ്യമാകുന്നതോടെ കോണ്‍ഗ്രസിന്റെ ജനാധിപത്യ മുഖംമൂടി വീണ്ടും അഴിഞ്ഞുവീഴുകയാണ്. നാദാപുരത്തുനിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കക്കുഴിയില്‍ കണ്ണനെ പൊലീസ് പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. വടകര മേഖലയില്‍ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന മര്‍ദനമുറകളാണ് ഇപ്പോള്‍ പൊലീസ് നടപ്പാക്കുന്നത്. കാവടിയാട്ടം, ഗരുഡന്‍തൂക്കം, പേട്ടതുള്ളല്‍ തുടങ്ങിയ ഓമനപ്പേരുകളില്‍ ലോക്കപ്പുകളില്‍ സിപിഐ എം പ്രവര്‍ത്തകരെയും സാധാരണക്കാരെയും ഭേദ്യംചെയ്യുന്നു. കണ്ണൂരില്‍ ചോദ്യംചെയ്യലിന്റെ ഭാഗമായി യുവാവിന്റെ മലദ്വാരത്തില്‍ കമ്പികയറ്റുകയും അത് വായില്‍ തിരുകുകയും ചെയ്ത സംഭവം സാംസ്കാരികകേരളത്തെ ഞെട്ടിച്ചതാണ്. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന ജനാധിപത്യധ്വംസനവും മര്‍ദനമുറകളും അരങ്ങേറുന്നത് കോണ്‍ഗ്രസിന്റെ കാര്‍മികത്വത്തിലാണ്. നിയമവ്യവസ്ഥയെപ്പറ്റി ഇപ്പോള്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ ചെയ്തുകൂട്ടിയ, ചെയ്തുകൊണ്ടിരിക്കുന്ന പാതകങ്ങളുടെ കണക്കെടുത്താല്‍, അവര്‍ക്ക് ഇന്നാട്ടില്‍ ജീവിക്കാനുള്ള അര്‍ഹതതന്നെ ഇല്ലെന്ന് ബോധ്യപ്പെടും.

*
കോടിയേരി ബാലകൃഷ്ണന്‍

കൊലവിളിയും കൊലയാളികളും ഒരു ഫ്ളാഷ്ബാക്ക്

1964 സെപ്തംബറിലാണ് തൃശൂര്‍ വെള്ളാനിക്കര തട്ടില്‍ എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ജോണ്‍ കൊലചെയ്യപ്പെട്ടത്. എസ്റ്റേറ്റ് റൈട്ടര്‍ മാത്യുവിന്റെ പേരിലുള്ള സസ്പെന്‍ഷന്‍ നടപടി സംബന്ധിച്ച എന്‍ക്വയറി നടക്കുന്ന ഹാളില്‍ നിരവധിയാളുകള്‍ കണ്ടുനില്‍ക്കെയാണ് ജോണിന് കുത്തേറ്റത്. കേസില്‍ പത്ത് പ്രതികളാണുണ്ടായിരുന്നത്. ഈ സംഭവത്തെക്കുറിച്ച് തട്ടില്‍ എസ്റ്റേറ്റ് തൊഴിലാളി യൂണിയന്‍ നേതാവുകൂടിയായിരുന്ന കെ കരുണാകരന്‍ ആത്മകഥയില്‍ രേഖപ്പെടുത്തിയത് ഇങ്ങനെ:

""എട്ടു തൊഴിലാളികളുടെ പേരില്‍ പോലീസ് കേസെടുത്തു. ഈ ഘട്ടത്തില്‍ ഞാനോ പണിക്കരോ കൊലക്കേസില്‍ പ്രതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ഒക്ടോബര്‍ മൂന്നാമത്തെ ആഴ്ചയില്‍ തിരുവനന്തപുരത്തുനിന്ന് വ്യക്തമായ നിര്‍ദ്ദേശം പോലീസിന് ലഭിച്ചു. മുഖ്യമന്ത്രിയും തൃശൂരിലെ ചില സമുദായ പ്രമാണിമാരും നടത്തിയ ഗൂഢാലോചനയായിരുന്നു അത്. ഒക്ടോബര്‍ 24ന് എന്നെയും പണിക്കരെയും പ്രതിചേര്‍ത്ത് അഡീഷണല്‍ ചാര്‍ജ്ഷീറ്റ് നല്‍കി. ഞാന്‍ ഒമ്പതാം പ്രതിയും പണിക്കര്‍ പത്താം പ്രതിയും. കൊലപാതകം ചുമത്തിയായിരുന്നു കുറ്റപത്രം."" (പതറാതെ മുന്നോട്ട്, ആത്മകഥ- കെ കരുണാകരന്‍, മാതൃഭൂമി പ്രസിദ്ധീകരണം, രണ്ടാം പതിപ്പ്, പേജ് 84-85)

ഇതില്‍ പരാമര്‍ശിക്കുന്ന പണിക്കര്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായിരുന്ന കെ വി കെ പണിക്കരാണ്. തൃശൂരിലെ സമുദായ പ്രമാണിമാരുമായി ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രി സാക്ഷാല്‍ ആര്‍ ശങ്കര്‍! കെ കരുണാകരന്റെ ആത്മകഥയുടെ പതിനാലാമത്തെ ഖണ്ഡമായ "വെള്ളാനിക്കര ഗൂഢാലോച" ആരംഭിക്കുന്നതുതന്നെ, ""വെള്ളാനിക്കരയിലെ കൊലക്കേസ് എന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാനുള്ള ഗൂഢാലോചനയായി മാറ്റിയത് അന്നത്തെ മുഖ്യമന്ത്രി ശങ്കറും ആഭ്യന്തരമന്ത്രി പി ടി ചാക്കോയുമാണ്"" എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ്. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിക്കുകയും "ലീഡര്‍" എന്ന പദവി കൈയാളുകയും ചെയ്ത കെ കരുണാകരന്റെ ആത്മകഥയിലെ പരാമര്‍ശങ്ങളാണ് മുകളിലുദ്ധരിച്ചത്. സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകരെ ഗ്രൂപ്പുവൈരത്തിന്റെ പരകോടിയില്‍ ഉന്നതരായ കോണ്‍ഗ്രസുകാര്‍ എങ്ങനെ കൈകാര്യംചെയ്തു എന്നതിന്റെ ഉദാഹരണമായി ഈ സംഭവങ്ങളെ കാണാം. ഐക്യകേരളം പിറവികൊള്ളുന്നതിനുമുമ്പുതന്നെ നിയമസഭാ സാമാജികനായും തൊഴിലാളി നേതാവായും അറിയപ്പെട്ട ആളാണ് കെ കരുണാകരന്‍. ഇത്തരമൊരാളെയാണ് 1964ല്‍ ഭരണയന്ത്രം കൈയാളാന്‍ അവസരം കിട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തി കൊലക്കേസിലെ പ്രതിയാക്കിയത്. ജനാധിപത്യത്തിന്റെയും അഹിംസയുടെയും അപ്പോസ്തലന്മാര്‍ അധികാരം കൈയിലെടുത്ത് ചെയ്തുകൂട്ടുന്നത് എന്തൊക്കെയാണ് എന്ന് ആലോചിക്കാന്‍ മനുഷ്യസ്നേഹികള്‍ മുഴുവന്‍ നിര്‍ബന്ധിക്കപ്പെടുന്നു. കരുണാകരന്‍ സംഭവം ആദ്യത്തേതല്ല എന്നതുപോലെ അവസാനത്തേതുമല്ല എന്ന് നമുക്കു ചുറ്റും അരങ്ങേറുന്ന കിരാത നാടകങ്ങള്‍ വെളിപ്പെടുത്തുന്നു. ഒഞ്ചിയംകേസിനെ മുന്‍നിര്‍ത്തി ഇത്തരമൊരവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടതെങ്കില്‍ അരീക്കോട് സംഭവം ഇതിന്റെ നേരെ മറുപുറത്തേക്കാണ് വിരല്‍ചൂണ്ടുന്നത്. രണ്ടു മനുഷ്യജീവനുകളെ പരസ്യമായി കുത്തിക്കീറിയ ദുഷ്ടക്കൂട്ടത്തോട് എത്ര മൃദുലമായി പെരുമാറാന്‍ സാധിക്കുമെന്നും വലതുപക്ഷ ഭരണസംവിധാനം തെളിയിക്കുകയാണ്. എവിടെയാണ് നാം ജീവിക്കുന്നത്? ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായ കേരളമാണിത്. സംശയിക്കേണ്ടതില്ല, അവരുടെ സഞ്ചാരപഥം ആര്‍ ശങ്കറിന്റെയും പി ടി ചാക്കോയുടെയുംതന്നെയാണ്. എസ്റ്റേറ്റ് സൂപ്രണ്ട് ജോണിനെ കൊലപ്പെടുത്തിയ കുറ്റത്തിന് വെള്ളാനിക്കരക്കാരന്‍ ആലിയെ തൂക്കിക്കൊന്നു. മറ്റൊരു പ്രതി പ്യൂണ്‍ ചാക്കുവിനെ രണ്ടരവര്‍ഷം തടവിന് ശിക്ഷിച്ചു. ഒമ്പതാംപ്രതി കെ കരുണാകരനെയും പത്താംപ്രതി കെ വി കെ പണിക്കരെയും വിചാരണവേളയില്‍ കേസില്‍നിന്നൊഴിവാക്കി എന്നത് ബാക്കിപത്രം.

* * * * *

ഉജ്വലമായ ഒരു രക്തസാക്ഷിത്വത്തിന്റെ സ്മരണകളുമായി വീണ്ടും തട്ടില്‍ എസ്റ്റേറ്റ് മലയാളികള്‍ക്കു മുന്നില്‍ വന്നു.

1972 സെപ്തംബര്‍ 23ന് രാത്രി ഒമ്പതരയോടടുത്താണ് തൃശൂര്‍ ചെട്ടിയങ്ങാടി റോഡില്‍ വിപ്ലവകേരളത്തിന്റെ വീരസന്തതികളിലൊരാള്‍- സഖാവ് അഴീക്കോടന്‍ രാഘവന്‍ കൊലക്കത്തിയേറ്റ് പിടഞ്ഞുവീണത്. ആ അരുംകൊലപാതകത്തിന്റെ ക്വട്ടേഷന്‍ എടുത്തത് തൃശൂര്‍കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ആര്യന്‍ഗ്രൂപ്പ് എന്ന, സിപിഐ എമ്മില്‍നിന്ന് പുറന്തള്ളപ്പെട്ട ഒരു വിഭാഗീയ പിളര്‍പ്പന്‍ സംഘമായിരുന്നു. ഇപ്പോഴത്തെ ഒഞ്ചിയം ആര്‍എംപിപോലെ അവര്‍ക്കും ഒരു പേരുണ്ടായിരുന്നു- സെന്റര്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ്. ഉന്മൂലനവാദികളായിരുന്ന ഈ പിളര്‍പ്പന്‍ സംഘക്കാരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് ആരായിരുന്നു? അന്ന് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഉപജാപകസംഘം! അഴീക്കോടനെപ്പോലെ സമുന്നതനായ നേതാവിനെ കൊന്നുതള്ളാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ച കാരണമെന്തായിരുന്നു? 1970ലെ നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അധികാരമേറ്റ കോണ്‍ഗ്രസ്- ഐക്യകക്ഷി സര്‍ക്കാരാണ് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കുവേണ്ടി തട്ടില്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഈ ഇടപാടുകള്‍ ക്രമവിരുദ്ധമായിരുന്നെന്നും അഴിമതിയുടെ കറപുരണ്ടവയായിരുന്നെന്നും ഇക്കാര്യത്തില്‍ കരുണാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടായിരുന്നെന്നും ആക്ഷേപമുയര്‍ന്നു. ഇതിനോട് ബന്ധപ്പെട്ട ചില രേഖകള്‍ "നവാബ്" മാസികയില്‍ അച്ചടിച്ചുവന്നു. ഇതേത്തുടര്‍ന്ന് "നവാബ്" പത്രാധിപരായിരുന്ന രാജേന്ദ്രന്‍ നിഷ്ഠുരമായ പൊലീസ് വേട്ടയ്ക്ക് ഇരയായി. ഈ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവരുന്നതിന് അക്കാലത്ത് പ്രതിപക്ഷമുന്നണിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന അഴീക്കോടനും സുപ്രധാന പങ്കുവഹിച്ചു. പല രേഖകളും അഴീക്കോടന്റെ കൈവശം ഉണ്ടായിരുന്നതായും കരുതുന്നു. ഈ രേഖകള്‍ അഴീക്കോടനില്‍നിന്ന് കൈവശപ്പെടുത്താന്‍ പൊലീസ് പലവിധ പരിശ്രമങ്ങളും നടത്തി. എന്നാല്‍, അത്തരം അഭ്യാസങ്ങളൊന്നും അഴീക്കോടന് കൈകാര്യംചെയ്യാന്‍ പ്രയാസമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ആര്യന്‍ഗ്രൂപ്പിനെ ക്വട്ടേഷന്‍ സംഘമാക്കി അഴീക്കോടന്റെ ജീവനെടുക്കാന്‍ അഹിംസയുടെ "പ്രവാചകന്മാര്‍" തീരുമാനമെടുത്തത്.

* * * * *

1971 സെപ്തംബര്‍ 25നാണ് കെ കരുണാകരന്‍ ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്. കൃത്യം ഏഴുദിവസംമുമ്പാണ് നീണ്ടകാലം കരുണാകരന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന കൊടുങ്ങല്ലൂരിലെ പി കെ അബ്ദുള്‍ഖാദര്‍ കൊല്ലപ്പെടുന്നത്. കോണ്‍ഗ്രസ് ചേരിപ്പോരുകളില്‍ ഒരു ഘട്ടത്തില്‍ കരുണാകരനെതിരായ പക്ഷത്തായിരുന്നു അബ്ദുള്‍ഖാദര്‍. ഒന്നിലധികം തവണ നിയമസഭാംഗവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുള്‍ഖാദര്‍ പിന്നീട് സിപിഐ എം സഹയാത്രികനായി. "അത്യുന്നതമായ ജനാധിപത്യബോധവും അഹിംസയിലുള്ള നിഷ്ഠയും" കാരണം അബ്ദുള്‍ ഖാദറിനെ വകവരുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. 1971 സെപ്തംബര്‍ 17ന് രാവിലെ കോണ്‍ഗ്രസ് കൊലയാളിസംഘത്തിന്റെ വെടിയുണ്ടകള്‍ക്കിരയായി അബ്ദുള്‍ഖാദര്‍ അന്ത്യശ്വാസം വലിച്ചു. ഒപ്പം അഹമ്മു എന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളിയും. ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ മൂവര്‍ണക്കൊടിയേന്തിയ അബ്ദുള്‍ഖാദര്‍ ഖദറുടുത്ത കൊലയാളി സംഘത്തിന്റെ കൈത്തോക്കില്‍നിന്ന് ചീറിവന്ന തീയുണ്ടകള്‍ ഏറ്റുവാങ്ങിയപ്പോള്‍ ""ഈശ്വര്‍ അള്ളാ തേരേ നാം...."" എന്ന് അറിയാതെ വിതുമ്പിക്കാണും!

* * * * *

ഈ കാഴ്ചകളും കോലങ്ങളും എല്ലാം കണ്ടും കേട്ടും കാര്യമായൊന്നും ഉരിയാടാതെ മന്ത്രിമാരുടെ കൂട്ടത്തിലൊരു മാന്യന്‍ ഊറിച്ചിരിക്കുന്നുണ്ട്. സാക്ഷാല്‍ ആര്യാടന്‍ മുഹമ്മദ്. ഇടയ്ക്ക് ആ ചിരി മങ്ങുന്നു. അദ്ദേഹം മുഖംതാഴ്ത്തി സ്വന്തം കൈപ്പടങ്ങളിലേക്ക് സൂക്ഷിച്ച് നോക്കുകയാണോ? കെ സുധാകരന്‍, കെ പി നൂറുദ്ദീന്‍, മമ്പറം ദിവാകരന്‍. എത്രയോ പേരുകള്‍... പൊരുതിനിന്ന മനുഷ്യരുടെ തല തകര്‍ത്തവര്‍! ഉടലരിഞ്ഞവര്‍! ഉയിരെടുത്തവര്‍! അവര്‍ ഖദറിട്ടുനിന്ന് അഹിംസ പാടുന്നു! ആ അരുംകൊലപാതകങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നവരുടെ കൈകളില്‍ വിലങ്ങിടുമെന്ന് ആക്രോശിക്കുന്നു! നാവുകള്‍ പിഴുതെടുക്കും എന്ന് അട്ടഹസിക്കുന്നു! ഇല്ല- ഒരിക്കലുമില്ല! ഈ ഭീഷണികള്‍ക്കുമുമ്പില്‍ കേരളം മുട്ടുമടക്കില്ല. പൊരുതി നേടിയത് ജീവിക്കാനുള്ള അവകാശമാണ്. അത് അടിയറവയ്ക്കാനുള്ളതല്ല.

*
ബേബിജോണ്‍ ദേശാഭിമാനി 22 ജൂണ്‍ 2012

Monday, June 25, 2012

പൊലീസ് നരനായാട്ടും പിതൃവാത്സല്യവും

കമ്യൂണിറ്റി പൊലീസ് എന്നോ, പീപ്പിള്‍സ് പൊലീസെന്നോ, സോഷ്യല്‍ പൊലീസ് എന്നോ, തിരുവഞ്ചൂരിന്റെ പൊലീസിനെ വിളിക്കാന്‍ പറ്റുമോ? ജൂണ്‍ 18ന് തിരുവനന്തപുരത്ത് വിദ്യാര്‍ഥികളെ അടിച്ചു ചണ്ടിയാക്കിയ പൊലീസ് ക്രൂരത ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടവര്‍ക്കൊന്നും അതിന് നേതൃത്വം നല്‍കിയവര്‍ക്ക് ഈ വിശേഷണങ്ങള്‍ നല്‍കാനാവില്ല. അക്ഷരാര്‍ഥത്തില്‍ വേട്ടനായ്ക്കളാണിവര്‍. എസ്എഫ്ഐ നേതാവ് നിയാസിനെ ലാത്തിയൊടിയുംവരെ തല്ലി. ദേഹമാസകലം ലാത്തിയുടെയും ബൂട്ടിന്റെയും പാടുകള്‍. ഏഴ് വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരം. ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും ലാത്തിയും ഇലക്ട്രിക് ബാറ്റണും മാത്രമല്ല കരിങ്കല്‍ച്ചീളുകളും ഇഷ്ടികകളും വിദ്യാര്‍ഥികള്‍ക്കുനേരെ പ്രയോഗിച്ചു. മര്‍ദനമേറ്റതിനെത്തുടര്‍ന്നുള്ള അവശതമൂലം ഒരു പെണ്‍കുട്ടിക്ക് പരീക്ഷ പൂര്‍ത്തിയാക്കാനായില്ല.

വിദ്യാര്‍ഥികളെ തല്ലിക്കൊല്ലുകയായിരുന്നു ലക്ഷ്യമെന്നു വ്യക്തമാണ്. സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ ശക്തമായ മര്‍ദനമുറ സ്വീകരിക്കണമെന്ന് ജൂണ്‍ 16ന് കേരളത്തിലെ എല്ലാ ഡിവൈഎസ്പിമാര്‍ക്കും സിഐമാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഭ്രാന്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ടിആര്‍ 52 അലര്‍ട്ട് 8ബി 2012 എന്ന ഉത്തരവെന്ന് ആരും കണക്കാക്കുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയാതെ അത്തരമൊരു ഉത്തരവ് ഇറങ്ങില്ല. ആജ്ഞാനുവര്‍ത്തികളായ പൊലീസിലെ ക്രിമിനലുകളെ ഈ ഉത്തരവ് നടപ്പാക്കാന്‍ നിയോഗിക്കുകയായിരുന്നു.

അനീഷ് രാജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേരളത്തില്‍ വിദ്യാര്‍ഥിപ്രക്ഷോഭം ആരംഭിച്ചത്. എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ്പ്രസിഡന്റായ ഇരുപത്തിരണ്ടുകാരന്‍ അനീഷ് രാജനെ 2012 മാര്‍ച്ച് 21നാണ് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയത്. ഒന്‍പതുപേരാണ് പ്രതികള്‍. ഇതില്‍ രണ്ടുപേരെമാത്രമാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവര്‍ കോണ്‍ഗ്രസിന്റെ മണ്ഡലം നേതാക്കളാണ്. പിടികൂടാനുള്ളവരാകട്ടെ ഉന്നതസ്വാധീനമുള്ളവരും. ഇടുക്കി എംപിയും കോണ്‍ഗ്രസ് നേതാവുമായ പി ടി തോമസ് സ്പോണ്‍സര്‍ചെയ്ത കൊലപാതകമാണിതെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. കൊലയാളികളെ ഇടുക്കി ഡിസിസിയും കെപിസിസിയും സംരക്ഷിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നു. അനീഷ് രാജന്റെ കൊലയാളികളെ മൂന്നുമാസമായിട്ടും പിടികൂടാത്തവര്‍ സാക്ഷികളായ തോട്ടം തൊഴിലാളികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കുന്നു. പല സാക്ഷികളില്‍നിന്നും മൊഴി എടുത്തിട്ടില്ല. എന്നാല്‍, കൊല്ലപ്പെട്ട അനീഷ് രാജനെ പ്രതിയാക്കി കേസെടുക്കുകയും അതിലെ മറ്റ് പ്രതികളെ റിമാന്‍ഡ് ചെയ്യുകയുംചെയ്തു. ഇതില്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കുകയും ജയിലില്‍ അടയ്ക്കുകയുംചെയ്ത ആറ് പേരുണ്ട്. അനീഷ് രാജനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസുകാരും മലപ്പുറത്ത് ഇരട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ലീഗുകാരും ചേര്‍ന്നാണ് കേരളം ഭരിക്കുന്നത്. വടകരയിലെ ഒരു കൊലപാതകത്തിന്റെ പേരില്‍ നിരപരാധികളെ പിടികൂടുകയും മൂന്നാംമുറ പ്രയോഗിക്കുകയും ചെയ്യുന്നു. കണ്ണൂരില്‍ ഒരു ലീഗുകാരന്‍ മരിച്ചപ്പോള്‍ പൊലീസ് "ഉണര്‍ന്നു"പ്രവര്‍ത്തിക്കുക മാത്രമല്ല, 27 വയസ്സുള്ള സുമേഷ് എന്ന ചെറുപ്പക്കാരന്റെ മലദ്വാരത്തില്‍ കമ്പികയറ്റുകയും ഈ കമ്പി വായില്‍ തിരുകിക്കയറ്റുകയും ചെയ്തത് ഈയിടെയാണ്. ഒരു നാട്ടില്‍ രണ്ട് തരം നീതിപാലനം. ഭരണകക്ഷിക്ക് നീതിയും പ്രതിപക്ഷത്തിന് നീതിനിഷേധമെന്ന അനീതിയും. ഇത് പരിഷ്കൃത സമൂഹം ഒരിക്കലും അംഗീകരിക്കില്ല. നിയമവിരുദ്ധമായി തല്ലുന്നത് കാക്കിയുടെ മറവില്‍ ന്യായീകരിക്കപ്പെടാന്‍ പാടില്ല. പൊലീസുകാര്‍ക്ക് ക്രമസമാധാന സംരക്ഷണംപോലെ ജനങ്ങളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാനും ഉത്തരവാദിത്തമുണ്ട്. പൗരസ്വാതന്ത്ര്യവും ക്രമസമാധാനവും പരസ്പരപൂരകമായി പോകേണ്ടതാണ്.

ഭരണഘടനയാണ് പൗരാവകാശങ്ങള്‍ പ്രദാനംചെയ്യുന്നത്. അതാകട്ടെ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങള്‍കൂടി ചേര്‍ന്നതാണ്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഭരണഘടനയ്ക്ക് വിധേയമായ നിയമങ്ങള്‍തന്നെയാണ്. അങ്ങനെ വരുമ്പോള്‍ പൊലീസ് എന്നത് ക്രമസമാധാനത്തിന്റെ മാത്രമല്ല സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷകര്‍കൂടിയാകണം. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച മനുഷ്യാവകാശ കമീഷന്‍, റോഡില്‍ വീണുകിടന്ന വിദ്യാര്‍ഥികളെ വളഞ്ഞിട്ട് മര്‍ദിച്ചത് നിയമവിരുദ്ധമാണെന്നാണ് വിശേഷിപ്പിച്ചത്. വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചാല്‍ സ്വാഭാവികമായും അവരെ പിരിച്ചുവിടേണ്ടിവരും. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഇത്തരം പ്രതിഷേധക്കാരെ നേരിടാവൂ. മുന്നറിയിപ്പില്ലാതെ ഒരാളെപ്പോലും മര്‍ദിക്കാന്‍ പൊലീസിന് അധികാരമില്ല. വിദ്യാര്‍ഥികള്‍ പൊലീസിനു നേരെ അക്രമം കാട്ടിയിട്ടില്ല. മാധ്യമചിത്രങ്ങളിലൂടെ കണ്ണോടിച്ചാല്‍ ഏകപക്ഷീയമായ പോലീസ് മര്‍ദനമാണെന്നു ബോധ്യമാകും. പൊലീസ് എന്ന വാക്ക് രൂപംകൊള്ളുന്നത് ഗ്രീക്ക് പദമായ പൊളിസില്‍നിന്നാണ്. പൊതുനന്മയെ കരുതിയുള്ള ഭരണനിര്‍വഹണം എന്ന് അര്‍ഥം. സാമൂഹ്യസേവനവും പൊതുസുരക്ഷയും പൊലീസിന്റെ ജോലിയായി പരിഗണിച്ചുപോന്നു. കേസന്വേഷണവും ശിക്ഷയുമൊക്കെ രണ്ടാമതായാണ് പരിഗണിച്ചത്. ബ്രിട്ടീഷ് പൊലീസിന്റെ ചരിത്രമെഴുതിയ ടോം ക്രിഫ്ലി രേഖപ്പെടുത്തിയത് പൊലീസ് ജനങ്ങളുടെ സേവകരാണ്, യജമാനന്മാരല്ല എന്നാണ്. സമാനപ്രതികരണമാണ് മഹാത്മാഗാന്ധിയും നടത്തിയത്. ഗാന്ധിശിഷ്യര്‍ ഭരിക്കുന്ന കേരളത്തില്‍ പൊലീസിനെ സേവകരായല്ല, യജമാനന്മാരായിട്ടുമല്ല വേട്ടനായ്ക്കളാക്കി മാറ്റുന്നു. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ കാക്കിധരിച്ച വേട്ടനായ്ക്കള്‍. പിതൃവാത്സല്യത്തോടെയാണ് പൊലീസുകാര്‍ വിദ്യാര്‍ഥികളോട് പെരുമാറിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞതോടെ ലാത്തിയുടെ പ്രഹരത്തേക്കാള്‍ വേദനാജനകമായി മന്ത്രിയുടെ വാക്കുകള്‍. വനിതകളെ അറസ്റ്റ് ചെയ്യാനും മറ്റും വനിതാപൊലീസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന മാര്‍ഗരേഖപോലും പൊലീസ് പാലിച്ചില്ല. ഇത്തരം മാര്‍ഗരേഖ നിലനില്‍ക്കുമ്പോഴാണ് ഭരണസിരാകേന്ദ്രത്തില്‍ പുരുഷപൊലീസ് പെണ്‍കുട്ടികളെ ക്രൂരമായി തലയ്ക്കടിച്ച് വീഴ്ത്തിയും കാലുകള്‍ തല്ലിയൊടിച്ചും വയറ്റില്‍ ചവിട്ടിയും നേരിട്ടത്. രണ്ട് കാലുകളുടെയും എല്ല് പൊട്ടി ബാന്‍ഡേജിട്ട അമൃത സതീശന്റെ, "ഇതാണോ ആഭ്യന്തരമന്ത്രിയുടെ പിതൃവാത്സല്യം" എന്ന ചോദ്യത്തിന് തിരുവഞ്ചൂരിന് മറുപടി ഉണ്ടാകുമോ? ക്രൂരമായ മര്‍ദനമേറ്റ അഥീനയുടെ ചോദ്യം തീര്‍ച്ചയായും തിരുവഞ്ചൂരിന്റെ മനസ്സിനെ വേദപ്പിക്കുമെന്ന് കരുതുന്നു. "ആഭ്യന്തരമന്ത്രിക്കുമില്ലേ മൂന്നു മക്കള്‍. അവരോട് ഇങ്ങനെയുള്ള വാത്സല്യമാണോ മന്ത്രി പ്രകടിപ്പിക്കുന്നത്" എന്നാണ് ആ പെണ്‍കുട്ടി ചോദിച്ചത്. കേരളപൊലീസില്‍ 603 പേര്‍ ക്രിമിനലുകളാണെന്ന റിപ്പോര്‍ട്ട് മലയാളികളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കണ്ണൂരില്‍ മലദ്വാരത്തില്‍ കമ്പി കയറ്റിയവരും വടകരയില്‍ ക്രൂരപീഡനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരും ഉള്‍പ്പെടെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവര്‍ നിരവധിയാണ്. ഇത്തരം ക്രിമിനലുകളെ വാര്‍ത്തെടുക്കുന്ന നയത്തിന് തെളിവാണ് സമരങ്ങളെ നേരിടാന്‍ ബലപ്രയോഗമാവാമെന്ന ജൂണ്‍ 16ന്റെ ഉത്തരവ്. യുഡിഎഫ് സര്‍ക്കാര്‍ ആദ്യംചെയ്യേണ്ടത് ആ ഉത്തരവ് പിന്‍വലിക്കുകയാണ്. ഗണ്‍മാന്റെ കൈയില്‍ തോക്ക് നല്‍കിയിരിക്കുന്നത് വെടിവയ്ക്കാനാണ് അല്ലാതെ ഉമ്മവയ്ക്കാനുള്ളതല്ലെന്ന് ഒരു ഭരണകക്ഷി എംപി പരസ്യമായി ആക്രോശം നടത്തുന്ന നാട്ടില്‍ സാധാരണ പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടും. ഈ എംപിയുടെ ഗണ്‍മാനാണ് ഒരു തൊഴിലാളിയെ ബസില്‍നിന്ന് പിടിച്ചിറക്കി അടിച്ചുകൊന്നത്. മുമ്പ് എംഎല്‍എ ആയിരിക്കുമ്പോള്‍ ഇതേ നേതാവിന്റെ മറ്റൊരു ഗണ്‍മാന്‍ കര്‍ഷകത്തൊഴിലാളിയെ വെടിവച്ച് കൊന്നു. വെടിവച്ച് കൊലപ്പെടുത്തിയശേഷമാണ് പൊതുയോഗത്തില്‍, ഒരാളെ വെടിവച്ചു കൊന്നിട്ടാ വരുന്നതെന്ന്&ൃറൂൗീ;ഈ നേതാവ് പ്രസംഗിച്ചത്. ഇരട്ടക്കൊലയ്ക്ക് പ്രചോദനവും പ്രേരണയും നല്‍കിയാണ് മറ്റൊരു ഭരണകക്ഷി എംഎല്‍എ ജൂണ്‍ ആദ്യം പ്രസംഗിച്ചത്. സാക്ഷി പറഞ്ഞാല്‍ ജീവനോടെ കോടതിയില്‍നിന്ന് തിരിച്ചുവരില്ല&ൃറൂൗീ;എന്നും അതേ ലീഗ് നേതാവ് മുമ്പ് പ്രസംഗിച്ചു. ഇത്തരക്കാരുടെ പേരില്‍ ഒരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല.

പൊലീസ് നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ നിയമവാഴ്ചയുടെ വിശ്വാസ്യത നശിപ്പിക്കുകയാണ്. മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി മാറേണ്ടവര്‍ അതിന്റെ ഘാതകരായി തീരുന്നു. സാധാരണ പൗരന്മാര്‍ക്ക് ജീവനും സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും സംരക്ഷിക്കാന്‍ സ്വയം രംഗത്തിറങ്ങേണ്ടി വരുമോ എന്ന ചോദ്യമാണ് സ്വാഭാവികമായും ഉയര്‍ന്നുവരിക. പൊലീസ് നിയമം കാലോചിതമായി പരിഷ്കരിച്ചിട്ടും അതിരുവിടുകയാണ് കേരള പൊലീസ്. അഥവാ അത്തരത്തില്‍ പൊലീസിനെ മാറ്റുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ജനാധിപത്യത്തിലെ പൊലീസ് കുറ്റത്തെയാണ് ഇല്ലായ്മ ചെയ്യേണ്ടത്; വ്യക്തികളെയല്ല. യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ വേട്ടനായ്ക്കളാക്കി മാറ്റി പ്രാകൃതകാലത്തേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്. അതനുവദിച്ചുകൂടാ.

*
എം വി ജയരാജന്‍

സിബിഐയുടെ അടിമപ്പണി

ഒന്നാം ഭാഗം

രണ്ടാം ഭാഗം

മൂന്നാം ഭാഗം

ഫസലിനെ കൊന്നത് ആരാണെന്ന് സിപിഐ എം കണ്ടുപിടിച്ച് സിബിഐക്ക് കൊണ്ടുകൊടുക്കേണ്ട അവസ്ഥയാണ്. പാര്‍ടിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പലവട്ടം പരിശോധന നടന്നു. പാര്‍ടി പ്രവര്‍ത്തകരോ അനുഭാവികളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഒരന്വേഷണത്തിലും അത്തരം സൂചന കണ്ടെത്താനായില്ല. കൊല്ലപ്പെട്ട ദിവസം ഫസലിന്റെ അടുത്ത ആളുകളിലുണ്ടായ പ്രതികരണം, പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ ഭക്ഷണ അവശിഷ്ടം എന്നിവമാത്രമാണ് ചില സംശയങ്ങള്‍ ഉണര്‍ത്തിയത്്. കേസ് ഏതുവിധേനയും ആര്‍എസ്എസിന്റെ തലയിലിട്ട് അവസാനിപ്പിക്കാന്‍ എന്‍ഡിഎഫിന്റെ ചില നേതാക്കള്‍ നടത്തിയ ശ്രമം മറ്റൊന്ന്. എന്തായാലും രാഷ്ട്രീയമായ കാരണം ആരും കണ്ടെത്തിയില്ല. എന്നിട്ടും എങ്ങനെ സിപിഐ എമ്മിലും കാരായി രാജനിലും ചന്ദ്രശേഖരനിലും സിബിഐ എത്തി എന്നതാണ് പ്രശ്നം. രാജന്‍ തലശേരിയിലെ പാര്‍ടി ഏരിയ സെക്രട്ടറിയായിരുന്നു; ചന്ദ്രശേഖരന്‍ ലോക്കല്‍ സെക്രട്ടറിയാണ്. സിബിഐക്ക് കേസെടുക്കാന്‍ അത്രയും മതി എന്ന് വന്നിരിക്കുന്നു.

കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജന്‍ കൊലചെയ്യപ്പെട്ടപ്പോള്‍, പൊലീസ് സിപിഐ എം ഓഫീസിലേക്ക് പാഞ്ഞുകയറി അന്നത്തെ ഏരിയ സെക്രട്ടറി എം ഒ പത്മനാഭനെയാണ് അറസ്റ്റ് ചെയ്തത്. സര്‍വാദരണീയനും രോഗവിവശനുമായ അദ്ദേഹത്തെ ടാഡ കേസില്‍പ്പെടുത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. കേസില്‍ എന്തെങ്കിലും പങ്കുള്ളതായി തെളിഞ്ഞിട്ടല്ല- സിപിഐ എം ഏരിയ സെക്രട്ടറിയാണ് എന്നതുകൊണ്ട്. ഇരിട്ടി ഏരിയ സെക്രട്ടറി ശ്രീധരനെയും അന്ന് ടാഡയില്‍ കുടുക്കി തടവിലിട്ടു. ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനെ പിടിച്ചിരിക്കുന്നു. പാര്‍ടി നേതാവായാല്‍, ആ സമയത്ത് അന്നാട്ടില്‍ നടക്കുന്ന കേസുകളില്‍ പ്രതിയായിക്കൊള്ളണം എന്ന സ്ഥിതി.

ഫസല്‍കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചയാളാണ് അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ഋഷിരാജ് സിങ്. ഇപ്പോള്‍ സിങ് സിബിഐയിലാണ്. സിബിഐ എങ്ങനെയൊക്കെ ദുരുപയോഗിക്കപ്പെടുന്നു എന്ന് കൃത്യമായി പറയാന്‍ കഴിയുന്ന ആളും ഇന്ന് സിങ്ങുതന്നെ. താന്‍ ക്രൈംബ്രാഞ്ചിന്റെ അധിപനായിരുന്നപ്പോള്‍ ഉണ്ടാകാത്ത എന്ത് തെളിവാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം തന്റെ സിബിഐ അനുയായികളോട് തിരക്കും എന്ന് ആശിക്കാനേ തരമുള്ളൂ. കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് രാംകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. മാധ്യമങ്ങളുടെ നിറംപിടിപ്പിച്ച കഥകള്‍ കോടതിയെപ്പോലുംസ്വാധീനിച്ചു. പിന്നീട് ഡിവിഷന്‍ ബെഞ്ച് ആ വിവാദ പരാമര്‍ശങ്ങള്‍ നീക്കംചെയ്തു. അന്ന്, സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസ് സര്‍ക്കാര്‍ തീരുമാനമില്ലാതെ സിബിഐക്ക് വിടുന്നതിനെതിരെയാണ് അപ്പീല്‍പോയത്. അതുപോലും സിപിഐ എമ്മിനെതിരായ വാദമായി ഇന്ന് പ്രചരിപ്പിക്കുന്നു. എന്‍ഡിഎഫിന്റെ സ്ഥിതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കഷ്ടത്തിലായിരുന്നു. തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈവെട്ടുന്നത് 2010 ജൂലൈ നാലിനാണ്. അതിനു പിന്നില്‍ എന്‍ഡിഎഫ് തീവ്രവാദി സംഘമാണെന്ന് വ്യക്തമായതോടെ ശക്തമായ പൊലീസ് നടപടിയുണ്ടായി. ഐജി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം കേസന്വേഷിച്ചു. എന്‍ഡിഎഫിന്റെ ആയുധപരിശീലനം, ഭീകരബന്ധങ്ങള്‍, ധനസ്രോതസ്സ്, പൊലീസിലടക്കമുള്ള നുഴഞ്ഞുകയറ്റം- ഇവയെല്ലാം പുറത്തുവന്നുകൊണ്ടിരുന്നു. നാട്ടിലാകെ സദാചാരപൊലീസ് ചമഞ്ഞ് നടക്കുന്ന അതിക്രമങ്ങള്‍ക്ക് നിയമത്തിന്റെ വിലക്കുവീണു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ വിലക്കി. ഫ്രീഡംപരേഡ് എന്നപേരില്‍ നടത്തിയിരുന്ന ശക്തിപ്രകടനം മുടങ്ങി. സമൂഹത്തില്‍നിന്ന് എന്‍ഡിഎഫ് ഒറ്റപ്പെട്ടു.

മുസ്ലിംസമുദായത്തിലെ തീവ്രവാദികളെ ഒറ്റപ്പെടുത്തുന്നതിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ പരസ്യമായ നിലപാടെടുത്തു. കോളേജ് അധ്യാപകന്റെ കൈ വെട്ടിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇസ്ലാമിനെയും സമൂഹത്തെയുമാണ് അപമാനിച്ചതെന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ), അഡ്വ. കെ പി മുഹമ്മദ് (മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍), ഹമീദ് വാണിമേല്‍ (ജമാ അത്തെ ഇസ്ലാമി), ഗഫൂര്‍ പുതുപ്പാടി (പിഡിപി), പ്രൊഫ. പി ഒ ജെ ലബ്ബ (എംഇഎസ്), ടി കെ അബ്ദുള്‍ കരീം (എംഎസ്എസ്), കെ ടി ജലീല്‍, പി ടി എ റഹീം എന്നിവര്‍ ഒന്നിച്ചുചെന്ന് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളോട് വ്യക്തമാക്കി. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെതുടര്‍ന്ന്, മതതീവ്രവാദികളുടെയും ഭീകര സംഘടനകളുടെയും പ്രവര്‍ത്തനം കര്‍ശനമായി അടിച്ചമര്‍ത്താന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിന്റെ ഉന്നതതല യോഗം വിളിച്ച് നിര്‍ദേശം നല്‍കി.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജ വിലാസത്തില്‍ സിം കാര്‍ഡ് നല്‍കുന്ന മൊബൈല്‍ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ നടപടിയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയും ആരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകള്‍ നടത്തിയ 22 കൊലപാതക കേസ് പുനരവലോകത്തിനെടുത്തു. തീവ്രവാദ സംഘടനകള്‍ക്കുള്ള വിദേശ സാമ്പത്തികസഹായം അന്വേഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായവ്യവസ്ഥയും ജനാധിപത്യവും അംഗീകരിക്കാതെ തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടാനുറച്ച ഭീകരപ്രവര്‍ത്തനം തടയപ്പെട്ടപ്പോള്‍, ആ സംഘടനയുടെ മുഖ്യശത്രുവായി അന്നത്തെ ആഭ്യന്തരമന്ത്രി മാറി. അവര്‍ക്ക് സഹായവാഗ്ദാനം കിട്ടിയത് കേന്ദ്ര ഭരണകക്ഷിയില്‍നിന്നാണ്. പിന്നീട്, കേന്ദ്ര ആഭ്യന്തര സഹമന്ത്രിതന്നെ നേരിട്ട് സഹായിക്കാനെത്തി. ഇരുകൂട്ടരുടെയും പൊതുശത്രുവായ സിപിഐ എമ്മിനെതിരെ ഫസല്‍കേസ് എന്ന വാള്‍ മൂര്‍ച്ചകൂട്ടി പ്രയോഗിക്കുന്നത് അങ്ങനെയാണ്.

കോടിയേരി ബാലകൃഷ്ണനെ കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുന്നിടംവരെയാണ് ഈ ഗൂഢാലോചന വളര്‍ന്നത്്. സമാനതകളില്ലാത്ത അനുഭവമാണ് ഈ കേസിന്റേത്. അവിശ്വസനീയമായ കെട്ടുകഥകളല്ലാതെ, വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ ഉദീരണങ്ങളല്ലാതെ ഒന്നുമില്ല; തരിമ്പുപോലുമില്ല തെളിവ്. സിബിഐയുടെ മുകളിലിരിക്കുന്ന ഒരു സഹമന്ത്രിയുടെ രാഷ്ട്രീയ കുബുദ്ധിയും ഭീകരപ്രവര്‍ത്തനം നടത്തുന്ന കൂട്ടരും ചേര്‍ന്ന് നിയമത്തെയും ജനാധിപത്യത്തെയും നീതിയെയും ജനങ്ങളുടെ ബോധത്തെയും കടന്നാക്രമിക്കുകയാണ്. സദാചാര പൊലീസായി മാറി കൊലപാതകങ്ങള്‍വരെ നടത്തുന്ന; വര്‍ഗീയവിഷം സമൂഹത്തില്‍ കുത്തിവയ്ക്കുന്ന; മനുഷ്യനെ ഏറ്റവും പൈശാചികമായി കൊല്ലാന്‍ പരിശീലനം നേടിയ; ദേശവിരുദ്ധ രീതിയിലൂടെ പണം കുന്നുകൂട്ടുന്ന വിഷവിത്തുകള്‍ ഇവിടെ ഗാന്ധിയന്മാരായി വേഷമണിയുകയാണ്. അവര്‍ക്കുവേണ്ടി; അവരെ വിശുദ്ധപ്പട്ടമണിയിക്കാനായി ഭരണസംവിധാനങ്ങളെയും അന്വേഷണ ഏജന്‍സിയെയും ദുരുപയോഗിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്ത തൊഴിയൂരില്‍ 1994 ഡിസംബര്‍ നാലിന് സുനില്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ നാലുപേരെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. സിപിഐ എം പ്രവര്‍ത്തകരാണെന്ന ഒറ്റക്കാരണത്താലാണ് നിരപരാധികളായ നാല് യുവാക്കളെ പൊലീസും ഭരണനേതൃത്വവും കള്ളക്കേസില്‍ കുടുക്കിയത്. കേസില്‍പ്പെട്ടതോടെ നാലുപേരും കുടുംബവും അനുഭവിച്ച കടുത്ത മാനസിക- ശാരീരിക പീഡനങ്ങള്‍ അവരുടെ ജീവിതത്തെ തിരിച്ചെടുക്കാനാകാത്ത വിധം ഉലച്ചു. മുതുവട്ടൂര്‍ വാകയില്‍ ഗോപിയുടെ മകന്‍ ബിജി, തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ടി എം ബാബുരാജ്, മുതുവട്ടൂര്‍ രായംമരക്കാര്‍ വീട്ടില്‍ റഫീഖ്, കല്ലിങ്ങല്‍ പറമ്പില്‍ പരേതനായ ഹരിദാസന്‍ എന്നിവരെയാണ് കൊലക്കേസില്‍ കുടുക്കിയത്. ബിജെപി പ്രവര്‍ത്തകനായ തൊഴിയൂര്‍ മനങ്കുളം വീട്ടില്‍ സുനില്‍, സഹോദരന്‍ സുബ്രഹ്മണ്യന്‍, അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ, മൂന്ന് സഹോദരിമാര്‍ എന്നിവരെ ആക്രമിച്ചതായിരുന്നു കേസ്. സുനിലിനെ വെട്ടിനുറുക്കി. സുബ്രഹ്മണ്യന്റെ ഇടതുകൈ അറുത്തെടുത്തു. കൊല നടത്തിയത് സിപിഐ എം ആണെന്ന് മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു. തലേദിവസം ഗുരുവായൂര്‍ സ്വദേശി കണിമംഗലം ജോയിയെ ക്രിമിനലുകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പ്രതികാരമാണിതെന്നായിരുന്നു പ്രചാരണം. തൃശൂര്‍ സെഷന്‍സ് കോടതി ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെ വിവിധ വകുപ്പുകളില്‍ 33 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന വ്യവസ്ഥയുള്ളതിനാല്‍ ഇതു ജീവപര്യന്തമായി. ഇതിനിടെ, തീരദേശ തീവ്രവാദ വിരുദ്ധസ്ക്വാഡിന്റെ കേസന്വേഷണത്തിനിടെ യഥാര്‍ഥ പ്രതികള്‍ വലയിലായി. തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ ഹിസാനിയ പ്രവര്‍ത്തകരാണ് പിടിയിലായത്. സുനിലിനെയും കുടുംബത്തെയും ആക്രമിച്ചത് തങ്ങളാണെന്ന് അവര്‍ സമ്മതിച്ചു. സുനിലിന് ചില മുസ്ലിം വീടുകളുമായി സൗഹൃദമുണ്ടെന്ന സംശയത്തെതുടര്‍ന്നാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. വാടാനപ്പിള്ളി സ്വദേശി സന്തോഷ്, കയ്പമംഗലം ചളിങ്ങാട് രാജീവ്, കൊല്ലങ്കോട് താമി വധക്കേസുകളിലും നോമ്പുകാലത്ത് തുറന്നു പ്രവര്‍ത്തിച്ച സിനിമ തിയറ്ററുകള്‍ കത്തിച്ച കേസിലും ഇവര്‍ പ്രതികളായിരുന്നു. ചേകന്നൂര്‍ മൗലവി വധക്കേസില്‍ പ്രതിയായ സെയ്തലവി അന്‍വരിയും കൂട്ടാളികളുമാണ് സുനില്‍ വധത്തിനു പുറകിലുമെന്ന് പിന്നീട് തെളിഞ്ഞു. ഇവിടെയും അനുഭവം മറിച്ചാകില്ല.

ഇന്ന് നെറികെട്ട രാഷ്ട്രീയ അടിമപ്പണിചെയ്യുന്ന സിബിഐയും ചെയ്യിക്കുന്ന മേലാളന്മാരും ജനങ്ങള്‍ക്കുമുന്നില്‍ നിരന്നുനിന്ന് കണക്കുപറയേണ്ട അവസരമാകും അത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ വ്യാജമായി കേസില്‍കുടുക്കി ജയിലിലടയ്ക്കുന്നതിന്റെ ഭവിഷ്യത്ത് അതിഗുരുതരമാകുമെന്ന ധാരണ യുഡിഎഫ് നേതൃത്വത്തിനും ഉണ്ടാകേണ്ടതുണ്ട്. ഒരായുസ്സ് മുഴുവന്‍ കാരിരുമ്പഴിക്കുള്ളില്‍ കിടന്നാലും തീരാത്ത പാപങ്ങള്‍ ചെയ്തുകൂട്ടുന്നവരുടെ കൂടാരമാണ് യുഡിഎഫ്. അവരില്‍നിന്ന് സത്യവും നീതിയും ആരും പ്രതീക്ഷിക്കുന്നില്ല. സിബിഐ ഉണ്ടാക്കിയ കേസില്‍ കോടതി മുമ്പാകെ ഹാജരായ കാരായി രാജനും ചന്ദ്രശേഖരനും തങ്ങള്‍ക്ക് ഫസലിനെ അറിയുകതന്നെയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറിയും എന്നതിന് തെളിവ് സിബിഐ നല്‍കിയിട്ടുമില്ല. ഇത് അപകടകരമായ പോക്കാണ്. ഇതിന് വളംവച്ചുകൊടുക്കുന്നവര്‍ക്കെതിരെയാകും ഇതേ ആയുധം നാളെ പ്രയോഗിക്കപ്പെടുന്നത്. വര്‍ഗീയ തീവ്രാദികള്‍ക്കുവേണ്ടി വിടുപണിചെയ്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ കൊതിക്കുന്നവര്‍ ജനങ്ങള്‍ക്കുമുന്നില്‍ കണക്കുപറയേണ്ട നാള്‍ വിദൂരമല്ല. (അവസാനിച്ചു)

*
പി എം മനോജ്

രാഷ്ട്രപതി തെരഞ്ഞെടുപ്പും നിലപാടും

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്- യുപിഎയ്ക്കുവേണ്ടി പ്രണബ് മുഖര്‍ജിയും എന്‍ഡിഎ പിന്തുണയ്ക്കുന്ന പി എ സാങ്മയും (സാങ്മയുടെ പേര് ആദ്യം മുന്നോട്ടുവച്ചത് എഐഎഡിഎംകെയും ബിജെഡിയുമാണ്). ഈ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരംമാത്രമായി ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ കഴിയില്ല. ഉപരിതലത്തിനുതാഴെ കലങ്ങിമറിയുകയാണ്, രാഷ്ട്രീയബന്ധങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നതിന്റെ മുന്നടയാളമായ പ്രക്രിയയാണ് നടക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ ഒട്ടേറെ കുഴപ്പങ്ങളും യുപിഎ സര്‍ക്കാരിനെ ഗ്രസിച്ചിരിക്കുന്നു. പാപ്പരായ നയങ്ങള്‍മൂലം വഷളാകുന്ന സാമ്പത്തികസ്ഥിതി, മുന്നണിയിലെ കെട്ടുറപ്പിന്റെ അഭാവം, രാഷ്ട്രീയവും നയപരവുമായ മുന്‍കൈകള്‍ എടുക്കാനുള്ള കഴിവില്ലായ്മ എന്നിവ ഇതില്‍പ്പെടുന്നു. വിലക്കയറ്റവും അഴിമതിയും കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിന്റെയും ജനപിന്തുണ തകര്‍ത്തിരിക്കുന്നു.

ബിജെപിയുടെ വിശ്വാസ്യതയ്ക്കും ക്ഷതമേറ്റിരിക്കുകയാണ്. മുംബൈ ദേശീയ എക്സിക്യൂട്ടീവ് യോഗം പാര്‍ടിനേതൃത്വത്തിലെ കിടമത്സരവും നരേന്ദ്രമോഡിയുടെ ആക്രമണാത്മകമായ ഉയര്‍ച്ചയും പുറത്തുകൊണ്ടുവന്നു. ആര്‍എസ്എസിന്റെ പങ്കും പ്രകടമായി. ഈ സംഭവവികാസങ്ങള്‍ എന്‍ഡിഎയിലും പ്രത്യാഘാതം സൃഷ്ടിച്ചു. ജെഡിയുവിന്റെ പ്രതികരണം ഉറച്ചതാണ്. സാങ്മയെയോ ബിജെപി പിന്താങ്ങുന്ന മറ്റേതെങ്കിലും സ്ഥാനാര്‍ഥിയെയോ പിന്തുണയ്ക്കില്ലെന്ന ജെഡിയുവിന്റെ നിലപാട് അവരിലെ അസ്വാരസ്യം വിളംബരംചെയ്യുന്നു.

യുപിഎയുടെയും എന്‍ഡിഎയുടെയും ശോഷണം, രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിഷയം അവര്‍ കൈകാര്യം ചെയ്യുന്ന രീതികളില്‍നിന്ന് പ്രകടമാണ്. യുപിഎയില്‍, സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയുണ്ടായി. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. പല വിഷയങ്ങളിലും യുപിഎ സര്‍ക്കാരുമായി തൃണമൂല്‍ ഇടഞ്ഞുനില്‍ക്കുകയാണ്. ഈ സംഘര്‍ഷത്തില്‍ ഏറിയപങ്കും തൃണമൂലിന്റെ നാട്യങ്ങളാണെങ്കിലും ഇതിന് ആഴത്തിലുള്ള കാരണമുണ്ട്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനെ ഒതുക്കാനും അവരുടെ അടിത്തറ പിടിച്ചെടുക്കാനുമാണ് തൃണമൂല്‍ ശ്രമിക്കുന്നത്, ഈ ലക്ഷ്യം നേടാന്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മാര്‍ഗം സ്വീകരിക്കാന്‍പോലും തൃണമൂലിന് മടിയില്ല.
ബിജെപിയാകട്ടെ എന്‍ഡിഎ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; എന്നാല്‍ അത് താറുമാറായ അവസ്ഥയിലാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജെഡിയുവും ശിവസേനയും പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി പ്രാദേശികപാര്‍ടികള്‍ ഇടംനേടുകയാണ്. ഇവയ്ക്ക് ഏതെങ്കിലും പ്രമുഖ പാര്‍ടികളോട് വിധേയത്വമില്ല. സ്വന്തം താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അവ പ്രവര്‍ത്തിക്കുന്നത്, ചിലപ്പോഴൊക്കെ അവസരവാദപരമായും. പക്ഷേ, അവ സ്വീകരിക്കുന്ന പൊതുനിലപാട് ഫെഡറല്‍ തത്വങ്ങള്‍ ഉറപ്പിക്കുന്നതാണ്, ഇത് ഗുണപരമായ പ്രവണതയുമാണ്.

ഇപ്പോള്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം ഇതാണ്. സിപിഐ എം എല്ലാക്കാലത്തും രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവിഷയമായി കണ്ട് രാഷ്ട്രീയനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ- അടവുനയം, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനും അവരുടെ സാമ്പത്തികനയങ്ങള്‍ക്കും എതിരായി പോരാടാനുള്ള ആഹ്വാനമാണ് നല്‍കിയിട്ടുള്ളത്. അതോടൊപ്പംതന്നെ ബിജെപിയെയും അതിന്റെ വര്‍ഗീയ അജന്‍ഡയെയും പാര്‍ടി എതിര്‍ക്കുന്നു. നവ ഉദാരനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കും വളര്‍ന്നുവരുന്ന സാമ്രാജ്യത്വസ്വാധീനങ്ങള്‍ക്കും എതിരായി പാര്‍ടി പൊരുതും. പാര്‍ടി വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുടെ സഹകരണം നേടുകയും ജനകീയപ്രശ്നങ്ങളില്‍ യോജിച്ച മുന്നേറ്റങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുന്‍കൈ എടുക്കുകയും ചെയ്യും. ഇടതുപക്ഷ ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനായി പാര്‍ടി പ്രവര്‍ത്തിക്കും. ഇത്തരമൊരു ബദലിനായി സിപിഐ എമ്മും ഇടതുപക്ഷമാകെയും സ്വതന്ത്രശക്തിയെന്ന നിലയില്‍ കരുത്താര്‍ജിക്കേണ്ടത് ആവശ്യമാണ്. പശ്ചിമബംഗാളില്‍ കടുത്ത ആക്രമണം നേരിടുന്ന സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും സംരക്ഷിക്കേണ്ടത് പാര്‍ടിയെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്താനുള്ള പ്രക്രിയയുടെ ഭാഗമാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ടി നിലപാട് സ്വീകരിച്ചത് ഈ ചട്ടക്കൂടില്‍നിന്നാണ്. പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കാന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ അടിസ്ഥാനം വിശദീകരിക്കേണ്ടതുണ്ട്.

1992നുശേഷമുള്ള സമീപനം

1991ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം, ബിജെപി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന വിഷയമേ ഉണ്ടായിട്ടില്ല. എന്തുകൊണ്ടെന്നാല്‍, ബിജെപി ശക്തി നേടിയശേഷമുള്ള കാലത്ത് രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ തലവന്റെ പദവിയില്‍ ഹിന്ദുത്വശക്തികളുടെ സ്വാധീനത്തിന് വഴങ്ങുന്ന ഒരാള്‍ അവരോധിക്കപ്പെടുന്നത് തടയേണ്ടത് അടിയന്തരകടമയായി മാറിയിട്ടുണ്ട്, കാരണം ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് ഭരണഘടനയുടെ മതനിരപേക്ഷ, ജനാധിപത്യ തത്വങ്ങള്‍ക്കുതന്നെ ഫലത്തില്‍ വിനാശകരമാകും.

ഈ പരിഗണനയാണ് 1992ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശങ്കര്‍ദയാല്‍ ശര്‍മയെ പിന്തുണയ്ക്കുന്നതിലേക്ക് പാര്‍ടിയെ നയിച്ചത്. നരസിംഹറാവു സര്‍ക്കാര്‍ നടപ്പാക്കുകയും പിന്നീട് തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ പിന്തുടരുകയും ചെയ്യുന്ന ഉദാരവല്‍ക്കരണനയങ്ങളെ പാര്‍ടി വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുമ്പോഴും, 1992 മുതല്‍ ഭരണഘടനയുടെയും രാഷ്ട്രത്തിന്റെയും മതനിരപേക്ഷ അടിത്തറ സംരക്ഷിക്കുന്നതിന് പാര്‍ടി പ്രഥമപരിഗണന നല്‍കിവരുന്നതിനുള്ള കാരണവും ഇതുതന്നെ. ശങ്കര്‍ദയാല്‍ ശര്‍മ, കെ ആര്‍ നാരായണന്‍, പ്രതിഭ പാട്ടീല്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുന്നതിലേക്ക് പാര്‍ടിയെ നയിച്ചത് ഈ ധാരണയാണ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2002ല്‍മാത്രമാണ് വ്യത്യസ്ത സാഹചര്യം ഉണ്ടായത്. അന്ന് എ പി ജെ അബ്ദുള്‍കലാമിന്റെ പേര് ബിജെപി നിര്‍ദേശിക്കുകയും കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുകയും ചെയ്തു. ബിജെപിയിതര ക്യാമ്പില്‍നിന്ന് സ്വീകാര്യമായ മറ്റ് സ്ഥാനാര്‍ഥികളൊന്നും ഉയര്‍ന്നുവരാതിരുന്നതിനാല്‍ ഇടതുപക്ഷം സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതയുടെ ആഴം വര്‍ധിപ്പിച്ചിരിക്കുകയാണ്. കലാമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തൃണമൂല്‍ ശ്രമിച്ചു, ഈ നീക്കത്തിന് ബിജെപിയുടെ പൂര്‍ണപിന്തുണ ഉണ്ടായിരുന്നു. എന്നാല്‍, ശ്രമം പരാജയപ്പെട്ടതോടെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുക, അല്ലെങ്കില്‍ നിലപാട് തിരുത്തി പ്രണബ് മുഖര്‍ജിക്ക് പിന്തുണ നല്‍കുക- ഇതില്‍ ഏതെങ്കിലും ഒരു വഴി സ്വീകരിക്കേണ്ട അവസ്ഥയിലാണ് തൃണമൂല്‍. ഭരണമുന്നണിയിലുണ്ടായ ഈ ഭിന്നതയും കണക്കിലെടുത്താണ് സിപിഐ എം അതിന്റെ നിലപാട് എടുത്തത്.

ഏതാനും യുപിഎ ഇതര കക്ഷികള്‍ പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന വസ്തുതയും സിപിഐ എം പരിഗണിച്ചു. സമാജ്വാദി പാര്‍ടി, ബിഎസ്പി, ജെഡിഎസ്, ജെഡിയു എന്നിവ ഇതില്‍പ്പെടുന്നു. രണ്ടാമതൊരു സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാനുള്ള സാധ്യതയും സിപിഐ എം പരിഗണിച്ചു, മറ്റു മതനിരപേക്ഷകക്ഷികള്‍ ഇപ്രകാരം ചെയ്യാന്‍ സന്നദ്ധമാകുന്നപക്ഷം. പക്ഷേ, ഇപ്പോള്‍ ബിജെപിയുടെ പിന്തുണ ലഭിച്ച സാങ്മയുടെ പേര് നിര്‍ദേശിച്ച എഐഎഡിഎംകെയും ബിജെഡിയും ഒഴികെയുള്ള കക്ഷികളില്‍ ബഹുഭൂരിപക്ഷവും യുപിഎയുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന നിലപാടിലേക്കാണ് നീങ്ങിയത്. അങ്ങനെ പ്രണബ് മുഖര്‍ജി വിശാലമായ ധാരണയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനാര്‍ഥിയായി മാറി. ഈ വസ്തുതകൂടി പാര്‍ടി പരിഗണിച്ചു; പ്രത്യേകിച്ച് ഡോ. കലാമിനെ സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ മമത ബാനര്‍ജിയും ബിജെപിയും ഭ്രാന്തമായ ശ്രമങ്ങള്‍ നടത്തിയ സാഹചര്യത്തില്‍. മുലായംസിങ്ങും സമാജ്വാദി പാര്‍ടിയും ഈ നീക്കത്തോട് യോജിച്ചില്ലെന്നതും നിര്‍ണായകമായി. 2002ല്‍ കലാം ഇവരുടെ കണ്ടെത്തലായിരുന്നു എന്ന വസ്തുതയും പ്രധാനമാണ്.

ഒട്ടേറെ കക്ഷികള്‍ അവരുടെ സ്ഥാനാര്‍ഥിയെ പിന്തുണച്ചതുകൊണ്ട് യുപിഎ ശക്തിപ്പെടില്ല. മറിച്ച്, സ്വന്തം സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കോണ്‍ഗ്രസിന് പുറത്തുള്ള ശക്തികളെ ആശ്രയിക്കേണ്ടിവരുന്നുവെന്ന വസ്തുതയാണ് ഇത് ഉയര്‍ത്തിക്കാട്ടുക. മാത്രമല്ല, ഈ ശക്തികള്‍ തുല്യരെന്ന നിലയിലാണ് കോണ്‍ഗ്രസിനെ സമീപിക്കുന്നത്, കോണ്‍ഗ്രസിന് ഇവരെ ഭരിക്കാന്‍ കഴിയില്ല.

തുല്യദൂരമല്ല

കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിടുകയെന്ന രാഷ്ട്രീയനിലപാടിനെ എല്ലാ വിഷയത്തിലും ഇരുകൂട്ടരോടും തുല്യദൂരം പുലര്‍ത്തുകയെന്നതിനോട് തുലനംചെയ്യാന്‍ കഴിയില്ല. ഉദാഹരണത്തിന്, രാഷ്ട്രപതിയുടെ വിഷയം വരുമ്പോള്‍ പ്രമുഖ ബൂര്‍ഷ്വാ പാര്‍ടികള്‍ കണ്ടെത്തുന്ന വ്യക്തിക്കുമാത്രമേ ഇപ്പോള്‍ ആ സ്ഥാനത്ത് എത്താന്‍ കഴിയൂ. മാത്രമല്ല, രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ തലവന്റെ പദവിയില്‍ എത്തുന്ന വ്യക്തി ഉറച്ച മതനിരപേക്ഷവാദിയായിരിക്കണമെന്നത് മുഖ്യവിഷയമാണ്, ഒരുവിധത്തിലും ബിജെപി സ്വാധീനത്തിന് വഴങ്ങുന്ന വ്യക്തിയായിരിക്കരുത്, അപ്പോള്‍ ബിജെപി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ എതിരാളിക്കാണ് സിപിഐ എം ഊന്നല്‍ നല്‍കുക. സാമ്പത്തികനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ വിഷയം വരുമ്പോള്‍ കോണ്‍ഗ്രസും യുപിഎയുമാണ് മുഖ്യഎതിരാളികള്‍. തുല്യദൂരത്തിന്റെ ആരാധകര്‍ക്ക് സിപിഐ എം രാഷ്ട്രപതി തെരഞ്ഞെടുപ്പുവിഷയത്തില്‍ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരിനെ പിന്തുണച്ചുവെന്ന് പഴിക്കാം; വിലക്കയറ്റത്തിനും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മറ്റു ജനവിരുദ്ധനയങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന്റെ വിഷയത്തില്‍, ബിജെപിയുമായി കൈകോര്‍ത്തുവെന്നും ആക്ഷേപിക്കാം. സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടിനെ ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയില്ല.

മന്ത്രിസഭയില്‍നിന്നും ധനമന്ത്രാലയത്തില്‍നിന്നും പ്രണബ് മുഖര്‍ജി മാറുന്നത് സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തികനയങ്ങളുടെ ഗതിയെ ബാധിക്കില്ല. പി ചിദംബരമോ മറ്റാരെങ്കിലുമോ മുഖര്‍ജിയെ പിന്തുടര്‍ന്നുവന്നാലും നവ ഉദാരനയങ്ങള്‍ തുടരും. കാരണം ഭരണവര്‍ഗനയങ്ങളാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. സത്യത്തില്‍ നവ ഉദാരപരിഷ്കാരങ്ങള്‍ കൂടുതല്‍ ശക്തിയോടെ നടപ്പാക്കുകയാണ് ഉണ്ടാവുക. വന്‍കിട ബിസിനസുകാരും രാജ്യാന്തര ധനമൂലധന ശക്തികളും അതാണ് ആഗ്രഹിക്കുന്നത്.

മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുകയെന്നത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്ന കാര്യങ്ങളില്‍ ഒന്നാണ്. നാലുകോടി ആളുകളുടെ ജീവിതമാര്‍ഗം മുട്ടിക്കുന്ന വിഷയമാണിത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കണം. യുപിഎയ്ക്കുപുറത്തുള്ള എല്ലാ രാഷ്ട്രീയകക്ഷിയെയും ഒന്നിച്ച് അണിനിരത്തിയാല്‍മാത്രമേ ഇത് സാധ്യമാകൂ. യുപിഎയെ പിന്തുണയ്ക്കുന്നവയും എന്‍ഡിഎയുടെ ഭാഗമായവയുമായ കക്ഷികളും ഈ മുന്നേറ്റത്തില്‍ അണിനിരക്കണം. ഇവിടെ കട തുറക്കാന്‍ കാത്തിരിക്കുന്ന വാള്‍മാര്‍ട്ട് അടക്കമുള്ള കുത്തകകള്‍ക്കെതിരെ അതിശക്തമായ ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് സിപിഐ എം ശ്രമിക്കുന്നത്. എല്ലാ പ്രതിപക്ഷപാര്‍ടികളും യോജിച്ച നിലപാട് എടുക്കണമെന്ന് സിപിഐ എം ആഗ്രഹിക്കുന്നു. അതുകൊണ്ട്, രാഷ്ട്രപതി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവും നവ ഉദാരനയങ്ങള്‍ക്കെതിരായ പോരാട്ടതന്ത്രവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് വിവേകശൂന്യമാണ്.

വിട്ടുനില്‍ക്കലിനെക്കുറിച്ച്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍നിന്ന് സിപിഐ എം വിട്ടുനില്‍ക്കാത്തതെന്തെന്ന ചോദ്യം ഉയര്‍ത്തുന്നവരുണ്ട്. യുപിഎ, ബിജെപി സ്ഥാനാര്‍ഥികളോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച് ആര്‍ക്കും വോട്ട് ചെയ്യാതിരിക്കുക.

ഇന്നത്തെ സാഹചര്യത്തില്‍ വിട്ടുനില്‍ക്കല്‍ എന്നതിന്റെ അര്‍ഥം പശ്ചിമബംഗാളില്‍ മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഒപ്പം അണിനിരക്കുക എന്നതാണ്. ഇത് രാഷ്ട്രീയമായി അപകടവും അസ്വീകാര്യവുമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സിപിഐ എമ്മിനെതിരെ ഭീകരമായ കടന്നാക്രമണമാണ് നടത്തിവരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തകരോ അനുഭാവികളോ ആയ 68 പേര്‍ കൊല്ലപ്പെട്ടു. ജനാധിപത്യത്തിനുനേരെയുള്ള ആക്രമണം എല്ലാ മേഖലയിലേക്കും വ്യാപിച്ചു. കോണ്‍ഗ്രസിനെപ്പോലും വെറുതെ വിടുന്നില്ല. തൃണമൂലിന്റെ അതേനിലപാട് സ്വീകരിക്കുകയെന്നത് ഇടതുപക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും പശ്ചിമബംഗാളില്‍ തൃണമൂലിനെതിരായി നടത്തുന്ന പോരാട്ടങ്ങള്‍ക്കും ഹാനികരമാണ്. ഇടതുപക്ഷത്തെ ഏറ്റവും വലിയ പാര്‍ടി എന്നനിലയില്‍ പശ്ചിമബംഗാളിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രധാന ഉത്തരവാദിത്തം സിപിഐ എമ്മിനുണ്ട്. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രം സംരക്ഷിക്കുകയെന്നത് പാര്‍ടിയുടെ മുന്നിലുള്ള പ്രധാന കടമകളില്‍ ഒന്നാണ്. ഇത് ക്രമേണ ദേശീയതലത്തില്‍ പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും മുന്നേറ്റത്തിന് കാരണമാകും.

കൂടാതെ, ഇത് പശ്ചിമബംഗാളിന്റെമാത്രം വിഷയമല്ല. ദേശീയതലത്തില്‍ വിട്ടുനില്‍ക്കല്‍ എന്നത് മത്സരരംഗത്തുനിന്നുള്ള പാര്‍ടിയുടെ പിന്‍വാങ്ങലിനുതുല്യമാണ്. വളര്‍ന്നുവരുന്ന രാഷ്ട്രീയസംഭവവികാസങ്ങളില്‍ ഇടപെടാന്‍ ഇതുകാരണം പാര്‍ടിക്ക് കഴിയാതെവരും. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭരണവര്‍ഗങ്ങള്‍ ആസൂത്രിത ആക്രമണങ്ങള്‍ നടത്തിവരികയാണ്. 2009നുശേഷം സിപിഐ എമ്മും ഇടതുപക്ഷവും ദുര്‍ബലമായിട്ടുണ്ട്. ഭരണവര്‍ഗങ്ങള്‍ അവരുടെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കുമെന്ന മിഥ്യാധാരണ ഇല്ലാതെതന്നെ, നവ ഉദാരനയങ്ങള്‍ക്കെതിരായി ഇടതുപക്ഷം സന്ധിയില്ലാസമരം തുടരുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ, ഭരണസഖ്യത്തിലെ ബൂര്‍ഷ്വാപാര്‍ടികള്‍ തമ്മിലുള്ള ഭിന്നതകളും വിള്ളലുകളും ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണ്. ഈ ഘട്ടത്തില്‍ വിട്ടുനില്‍ക്കല്‍ ഇതിനൊന്നും സഹായകമല്ല.
ഇടതുപക്ഷപാര്‍ടികളുടെ നിലപാടുകള്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷപാര്‍ടികള്‍ പൊതുനിലപാട് എടുത്തിട്ടില്ല. സിപിഐ എമ്മും ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്കും പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍, സിപിഐയും ആര്‍എസ്പിയും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പുവിഷയത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ക്ക് പൊതുനിലപാടില്‍ എത്താന്‍ സാധിക്കാതിരുന്ന അവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, 1992 മുതല്‍ മിക്കപ്പോഴും ആര്‍എസ്പി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ചിട്ടില്ല.
ഈ വിഷയത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ സ്വീകരിച്ച വ്യത്യസ്ത നിലപാട് ഇടതുപക്ഷ ഐക്യത്തെ ബാധിക്കില്ല. പ്രധാന രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളുടെ കാര്യത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ക്ക് പൊതുനിലപാടുണ്ട്. ഭക്ഷ്യസുരക്ഷയും സാര്‍വത്രിക പൊതുവിതരണസംവിധാനവും ആവശ്യപ്പെട്ട് ഇടതുപക്ഷപാര്‍ടികള്‍ യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ യോജിച്ച പ്രക്ഷോഭത്തിന് ജൂലൈ ഒന്നിന് തുടക്കമാകും.

*
പ്രകാശ് കാരാട്ട്

Friday, June 22, 2012

"നേതാക്കളുടെ പേരു പറയൂ, നിങ്ങളെ വിടാം"

ഒന്നാം ഭാഗം

രണ്ടാം ഭാഗം

ആദ്യം ക്രൈംബ്രാഞ്ച് പിടിച്ച മൂന്നുപേരെ കേസില്‍ നിലനിര്‍ത്തിതന്നെ മൂന്നുപേരെക്കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവങ്ങാട് വലിയപുരയില്‍ അരുള്‍ദാസ്, മുണ്ടോത്തുംകണ്ടി എം കെ കലേഷ്, കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്നിവരെ. മൂവരെയും നിരന്തരം ചോദ്യംചെയ്തു. സിബിഐക്കും അറിയാം; അവരില്‍നിന്ന് ഒന്നും കിട്ടാനില്ല എന്ന്. ഒടുവില്‍ ഒരു വാഗ്ദാനം വച്ചു- ""കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും പേര് കോടതിയില്‍ പറഞ്ഞാല്‍ നിങ്ങളെ മാപ്പുസാക്ഷിയാക്കാം."" എത്ര നിര്‍ബന്ധിച്ചിട്ടും പ്രലോഭിപ്പിച്ചിട്ടും അത്തരമൊരു പച്ചക്കള്ളം പറയാന്‍ അവര്‍ തയ്യാറായില്ല. ഒരുഭാഗത്ത് കേന്ദ്രമന്ത്രിയുടെ നിരന്തര ഇടപെടല്‍, എന്‍ഡിഎഫിന്റെ സമ്മര്‍ദം. മറ്റൊരു വശത്ത് ഒരു തെളിവും കിട്ടാത്ത അവസ്ഥ. കേസ് ഊരാക്കുടുക്കായി മാറിയപ്പോള്‍ സിബിഐ കണ്ണടച്ച് വെടിവയ്ക്കുകയായിരുന്നു.

ഒരു കേസ് ഫ്രെയിംചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ അളവിലെങ്കിലും തെളിവുകള്‍ വേണം. അത് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിബിഐ ദയനീയമായി പരാജയപ്പെട്ടത്. കൊലപാതകത്തിന് വിശ്വസനീയമായ കാരണം കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞില്ല. ഫസല്‍ സിപിഐ എം വിട്ടതിന്റെ വിദ്വേഷം, ദേശാഭിമാനിയുടെ പ്രചാരം തുടങ്ങിയ തീര്‍ത്തും ദുര്‍ബലമായ വാദങ്ങളാണ് അന്വേഷണ ഏജന്‍സി നിരത്തിയത്. ഒരിക്കലും പാര്‍ടി അംഗമല്ലാതിരുന്ന ഫസല്‍ "പാര്‍ടി" വിട്ടതിന് എങ്ങനെ വിദ്വേഷമുണ്ടാകും? ദേശാഭിമാനിയുടെ പ്രചാരമാകട്ടെ വര്‍ധിച്ചതേയുള്ളൂ. ആ കണക്കില്‍ മായംചേര്‍ത്ത് തെളിയിക്കാന്‍ സിബിഐക്ക് കഴിയില്ല. കണക്ക് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ രേഖകളിലുള്ളതാണല്ലോ.

മറ്റൊരു വാദം നിരത്തുന്നത്, തലശേരിയിലെ വോട്ടുകണക്കാണ്. തലശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ട്ചോര്‍ച്ചയായതിനാല്‍ എന്‍ഡിഎഫ് സഹായംതേടിയെന്നാണ് ആരോപണം. സത്യം മറിച്ചാണ്. ഓരോ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വോട്ട് വര്‍ധിക്കുകയാണുണ്ടായത്. 1987 മുതലുള്ള തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വോട്ട്: 44,520 (1987), 48,936 (1991), 51,985 (1996), 53,412 (2001), 53,907 (2006), 66,870 (2011). "96ലെ ഉപതെരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ക്ക് 60,841 വോട്ടാണ് ലഭിച്ചത്. 2001ല്‍ അയ്യായിരത്തില്‍ പരമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നേടിയ ഭൂരിപക്ഷമെങ്കില്‍, 2006ല്‍ അത് ഇരട്ടിച്ചു. ഈ കണക്കുകളെല്ലാം അനിഷേധ്യമാണ്. സിപിഐ എമ്മിന്റെ ഉരുക്കുകോട്ടയായി തലശേരി നിലനില്‍ക്കെ എന്‍ഡിഎഫുകാരനെ കൊന്ന് ഏതെങ്കിലും അട്ടിമറി നടത്തേണ്ട പ്രശ്നം ഉദിക്കുന്നതേയില്ല. അത് തെളിയിക്കാന്‍ സിബിഐക്ക് കഴിയുകയുമില്ല. ആ കഴിവുകേടാണ് വര്‍ഗീയ കലാപത്തിന് ശ്രമിച്ചു എന്ന ഏറ്റവും നീചമായ ആരോപണം ഉന്നയിക്കാന്‍ ഏജന്‍സിക്ക് പ്രേരണ നല്‍കിയത്. അതിന്റെ ബുദ്ധികേന്ദ്രം മുല്ലപ്പള്ളി രാമചന്ദ്രനാണ്. ഫസലിനെ വധിച്ചശേഷം തലശേരിയില്‍ ഹിന്ദു- മുസ്ലിം വര്‍ഗീയ കലാപം ഉണ്ടാക്കി അന്വേഷണം വഴിതെറ്റിക്കാനും പ്രതികളെ രക്ഷിക്കാനും ഗൂഢപദ്ധതി ആസൂത്രണംചെയ്തെന്ന ഗുരുതര ആക്ഷേപമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍. അങ്ങനെ കണ്ടെത്തണമെങ്കില്‍, ആര്‍എസ്എസിനെതിരെ ആക്ഷേപമുയര്‍ത്തി രംഗത്തുവരേണ്ടത് സിപിഐ എം ആകണം; ഇവിടെ, എന്‍ഡിഎഫാണ് രംഗത്തുവന്നത്. ആര്‍എസ്എസാണ് ഫസലിനെ കൊന്നതെന്ന് എന്‍ഡിഎഫ് പറഞ്ഞാല്‍ എങ്ങനെ സിപിഐ എമ്മിനെ പഴിക്കും എന്ന ചോദ്യത്തിന് സിബിഐ കുറ്റപത്രത്തില്‍ ഉത്തരമില്ല.

വര്‍ഗീയ കലാപങ്ങള്‍ക്കെതിരെയും മതനിരപേക്ഷത സംരക്ഷിക്കാനും ജീവന്‍ കൊടുത്തും പോരാടുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്ന് തെളിയിക്കപ്പെട്ട മണ്ണാണ് തലശേരിയുടേത്. കേരളത്തെ ഹിന്ദുവര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് കീഴ്പ്പെടുത്താനുള്ള ആര്‍എസ്എസ്- സംഘപരിവാര്‍ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു 1971 ഡിസംബറില്‍ തലശേരിയില്‍ നടന്ന വര്‍ഗീയകലാപം. കലാപത്തെക്കുറിച്ച് അന്വേഷിച്ച ജ. വിതയത്തില്‍ കമീഷന്റെ റിപ്പോര്‍ട്ടില്‍ വര്‍ഗീയ കലാപകാരികള്‍ക്കെതിരെ സിപിഐ എം നടത്തിയ പ്രവര്‍ത്തനം എടുത്തുപറഞ്ഞിട്ടുണ്ട്. അന്നവിടെ സമാധാനത്തിന്റെ സന്ദേശവുമായി ചെന്നത് ഇന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ (അന്ന് കൂത്തുപറമ്പ് എംഎല്‍എ) നേതൃത്വത്തിലുള്ള സിപിഐ എം നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. ഇന്ന് സിഎംപിയുടെ പൊളിറ്റ് ബ്യൂറോ അംഗമായ പാട്യം രാജനും അന്ന് ചെന്നവരിലുണ്ട്. കലാപത്തിനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള ശ്രമം സിപിഐ എം പരാജയപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് 1972 ജനുവരി നാലിന് പാര്‍ടി മാങ്ങാട്ടിടം ലോക്കല്‍കമ്മിറ്റി അംഗം യു കെ കുഞ്ഞിരാമനെ ആര്‍എസ്എസ് കൊലപ്പെടുത്തിയത്. വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ 220-ാം ഖണ്ഡികയില്‍ ആക്രമണവിധേയരായ മുസ്ലിം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് സിപിഐ എമ്മിന്റെ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു എന്ന് വ്യക്തമാക്കുന്നു. സിപിഐ എം നേതാക്കളാരുംതന്നെ കലാപത്തില്‍ ഭാഗഭാക്കായില്ല എന്നും കമീഷന്‍ എടുത്തുകാട്ടി. കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന് മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ കൊടികെട്ടിയ കാറില്‍ സഞ്ചരിച്ച് കലാപം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു എന്നും മറ്റൊരു പാര്‍ടിയും ചെയ്തിട്ടില്ലാത്ത കാര്യമാണ് സിപിഐ എം ചെയ്തത് എന്നും കമീഷന്‍ വ്യക്തമാക്കുന്നു.

പിണറായി പഞ്ചായത്തിലെ ഉമ്മന്‍ചിറയില്‍ സിപിഐ എം നേതാവ് വി എം വേലായുധന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സമുദായ മൈത്രിക്കുവേണ്ടി പ്രവര്‍ത്തനം നടന്നു എന്ന് റിപ്പോര്‍ട്ടിലുണ്ട്. സമുദായ മൈത്രിക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെയും പാട്യം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി ശ്രീധരന്‍ മാസ്റ്ററെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപത്തിനു പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയാണെന്നാണ് അന്നത്തെ സര്‍ക്കാര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ ഭാഗമായിരുന്നു മേല്‍പ്പറഞ്ഞ നേതാക്കളുടെ അറസ്റ്റ്. എന്നാല്‍, മുസ്ലിങ്ങളടക്കമുള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ പോയി ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ജനവികാരം ശക്തമായി ഉയര്‍ന്നപ്പോഴാണ് പൊലീസ് ഇവരെ മോചിപ്പിച്ചത്. ഇതാണ് തലശേരിയിലെ സിപിഐ എമ്മിന്റെ പാരമ്പര്യം. അത്തരമൊരു പാര്‍ടി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിക്കുമ്പോള്‍, എന്താണ് അതുകൊണ്ട് നേട്ടം എന്നുകൂടി സിബിഐ പറയേണ്ടിയിരുന്നു.

തലശേരിയില്‍ മുസ്ലിം സമുദായത്തില്‍ സിപിഐ എമ്മിനുള്ള സ്വാധീനവും മേല്‍ക്കൈയും ഏറെപഴക്കമുള്ളതാണ്; ഉറച്ചതുമാണ്. അത് തകര്‍ത്തുമാത്രമേ പാര്‍ടിയെ നേരിടാന്‍ കഴിയൂ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഒരു കേസിലൂടെ, വൈകാരികമായി സിപിഐ എമ്മിനെതിരെ മുസ്ലിം സമൂഹത്തിന്റെ ചിന്ത തിരിച്ചുവിടാനുള്ള ആസൂത്രണം ഈ കേസില്‍ സിബിഐ നടത്താനുള്ള കാരണവും അതുതന്നെ. ഹിന്ദു-മുസ്ലിം വര്‍ഗീയ വാദികളുടെ എതിര്‍പ്പിന് ഒരുപോലെ ഇരയാകുന്ന പാര്‍ടിക്ക്, എല്ലാ മതവിഭാഗങ്ങളില്‍നിന്നും ലഭിക്കുന്ന പിന്തുണയുടെ വേരറുക്കാനുള്ള ആയുധമായാണ് മുല്ലപ്പള്ളി സിബിഐയെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. ഒരു തൂവാലയുടെ കഥയാണ് "വര്‍ഗീയ കലാപശ്രമ" ആരോപണത്തെ സാധൂകരിക്കാന്‍ സിബിഐ മുന്നോട്ടുവയ്ക്കുന്നത്. ഫസലിന്റെ ചോരപുരണ്ട തൂവാല ആര്‍എസ്എസ് കേന്ദ്രത്തില്‍ കണ്ടു എന്നും അത് അന്വേഷണം വഴിതിരിച്ചുവിടാനും ആര്‍എസ്എസിനെ പ്രതിസ്ഥാനത്തുനിര്‍ത്താനുമുള്ള സിപിഐ എമ്മിന്റെ തന്ത്രമായിരുന്നു എന്നുമാണ് സിബിഐ പറയുന്നത് (ഈ കഥ ആദ്യം മാതൃഭൂമിയാണ് അവതരിപ്പിച്ചത്). ധര്‍മടത്തെ സിപിഐ എം ശക്തികേന്ദ്രമായ "മോസ്കോ" നഗറിലാണ് തൂവാല കണ്ടത്. പാര്‍ടികേന്ദ്രത്തില്‍ രക്തംപുരണ്ട തൂവാല കൊണ്ടിട്ടത്, സിപിഐ എമ്മിനെ കുടുക്കാനായിരിക്കില്ലേ എന്ന യുക്തിഭദ്രമായ സംശയം സിബിഐയുടെ തലയില്‍ കയറിയതേയില്ല. സാക്ഷികളായി ചിലരെ അവതരിപ്പിച്ചത് അതിനേക്കാള്‍ വിചിത്രമാണ്.

ഒരു സാക്ഷി, ആര്‍എസ്എസിനെ കുറ്റപ്പെടുത്തി ആദ്യപ്രസ്താവനയിറക്കിയ ജലാലുദീന്‍തന്നെ. സിപിഐ എം തനിക്ക് ആര്‍എസ്എസുകാരുടെ ലിസ്റ്റ് തന്നിരുന്നു എന്നാണ് അയാളെക്കൊണ്ട് പറയിപ്പിച്ചത്. എന്‍ഡിഎഫിന്റെ നിലപാടുമാറ്റത്തിനുസരിച്ച് മൊഴിമാറ്റാന്‍ ബാധ്യതപ്പെട്ടയാളെ പ്രധാന "വിശ്വസനീയ" സാക്ഷികളാക്കുന്നതിലും സിബിഐക്ക് അറപ്പില്ല. ഫലത്തില്‍ കഥകളല്ലാതെ തെളിവുകളില്ല. ഏതുകഥയും സിപിഐ എമ്മിനെതിരായാല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കും എന്ന സൗകര്യത്തില്‍ ഫസല്‍ വധക്കേസ് ആഘോഷിക്കപ്പെടുകയാണ്. ആ സൗകര്യമുപയോഗിച്ചുതന്നെയാണ്, കാരായി രാജനെയും ചന്ദ്രശേഖരനെയും പ്രതിപ്പട്ടികയിലെത്തിച്ചത്. (അവസാനിക്കുന്നില്ല)

*
പി എം മനോജ് ദേശാഭിമാനി 22 ജൂണ്‍ 2012

അവസാന ഭാഗം

Thursday, June 21, 2012

പത്രാധിപരുടെ രാഷ്ട്രീയം കവിയെ നയിക്കുമ്പോള്‍

വലതുപക്ഷത്തിന്റെ കൈയടി നേടാന്‍ ഇടതുപക്ഷക്കാരെന്നു നടിക്കുന്ന ചില ബുദ്ധിജീവികള്‍ കാട്ടുന്ന കാപട്യംകൊണ്ട് മലീമസമാവുകയാണ് നമ്മുടെ പൊതുരംഗം. "യഥാര്‍ഥ ഇടതുപക്ഷ"മാണ് തങ്ങളെന്ന് സ്വയം വിശേഷിപ്പിച്ച് യഥാര്‍ഥ വലതുപക്ഷത്തിന്റെ രാഷ്ട്രീയധര്‍മം അനുഷ്ഠിക്കുന്ന ഒരു പുതിയ ജനുസ്സ് കുറെക്കാലമായി കേരള രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ട്. പൊതു സ്വീകാര്യര്‍ എന്ന് സ്വയം അവതരിപ്പിക്കാന്‍ ഈ ജനുസ്സിന് വലതുപക്ഷത്തെവേണം. ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന സ്വപ്നം സഫലമാക്കാന്‍ വലതുപക്ഷത്തിന് ഈ പുതിയ ജനുസ്സിനെയും വേണം. ഈ കൂട്ടുകെട്ടും ഇതിലടങ്ങിയ കാപട്യവും ജനങ്ങളെ ബോധ്യപ്പെടുത്തിയേ നമ്മുടെ പൊതുരംഗത്തിന് ഇനി മുന്നോട്ടുപോകാനാകൂ. ഇടതുപക്ഷത്തോട് ജന്മനാല്‍തന്നെ ശത്രുത പുലര്‍ത്തുന്ന എല്ലാ വലതുപക്ഷ മാധ്യമങ്ങളും ഈ പുതിയ ജനുസ്സിന് എഴുതാന്‍ പ്രസിദ്ധീകരണങ്ങളും പ്രത്യക്ഷപ്പെടാന്‍ ടിവികളും തുറന്നുകൊടുക്കുന്നു. വലതുപക്ഷ മാധ്യമക്കമ്പോളത്തില്‍ മാര്‍ക്കറ്റുള്ള ജഡം കണ്ടുപിടിച്ച് അതിലെ മാത്രം വെട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തി കവിതയാക്കുന്നവരുണ്ട് ഈ ജനുസ്സില്‍. അപ്പുറത്തും ഇപ്പുറത്തുമുള്ളതുവേണ്ട. പ്രായംകുറഞ്ഞതും കൂടിയതുംവേണ്ട. ഇതേക്കാള്‍ കൂടുതല്‍ വെട്ടേറ്റതും വേണ്ട. അത് മുന്‍നിര്‍ത്തിയുള്ള കവിത പത്രാധിപര്‍ക്കും പത്രമുതലാളിക്കുംവേണ്ട. അതുകൊണ്ടുതന്നെ ആ കവിത കവിക്കുംവേണ്ട. അതൊക്കെ മനസ്സില്‍ത്തന്നെ ഞെരിച്ചമര്‍ത്തിയിട്ട് പത്രാധിപകര്‍ക്കുവേണ്ട മരണത്തെക്കുറിച്ചുമാത്രം പത്രക്കുറിപ്പുപോലുള്ള കവിത!

ഇതേക്കാളൊക്കെ എത്രയോ നല്ല വരികള്‍ പണ്ട് കെടാമംഗലം പപ്പുക്കുട്ടിയും കെ പി ജിയും ഒക്കെ എഴുതിയിരിക്കുന്നു. അന്ന് അതിനെയൊക്കെ "കമ്യൂണിസ്റ്റ് പ്രചാരണസാഹിത്യ"മെന്നു വിളിച്ചാക്ഷേപിച്ച പത്രാധിപന്മാരുടെ പിന്മുറ പത്രാധിപന്മാര്‍ക്ക് ഇപ്പോള്‍ രൂപവുംവേണ്ട ഭാവവുംവേണ്ട; കവിതയില്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുണ്ടോ? എങ്കില്‍ അത് ഉല്‍ക്കൃഷ്ടസാഹിത്യം! രക്തത്തില്‍ തൊട്ട വെയിലിന്റെ വിരലുകള്‍ക്ക് കൈപൊള്ളുന്നുവെന്ന് ഭാവനാപൂര്‍ണമായി ഇതേ വിഷയം കൈകാര്യംചെയ്ത സുഗതകുമാരിയുടെ കവിത ഇവിടെ കിടക്കുന്നു. രാഷ്ട്രീയ പത്രക്കുറിപ്പ് കവിത ഏജന്റുമാര്‍ വഴി മഹാശ്വേതാദേവിയുടെ പക്കലെത്തുന്നു. എഴുതിയ ആള്‍ വിചാരിച്ചാല്‍പ്പോലും പാടാന്‍ കഴിയാത്ത "കവിത" നമുക്ക് ഏറ്റുപാടാമെന്ന് മഹാശ്വേതാദേവി സര്‍ട്ടിഫിക്കറ്റുകൊടുക്കുന്നു! "എവിടെയൊരു യുദ്ധമുണ്ടെവിടെയൊരു ക്ഷാമമു- ണ്ടെന്ന് കേട്ടാലുടന്‍ കവിതയെഴുതീട്ടതും കാശാക്കിമാറ്റുന്നു ബഹുജനഹിതാര്‍ഥം ജനിച്ചു ജീവിപ്പവന്‍!" എന്ന് അയ്യപ്പപ്പണിക്കര്‍ പണ്ടേ പാടിവച്ചിട്ടുണ്ട്. കാശുണ്ടാക്കുന്നു എന്നത് "വലതുപക്ഷ സ്വീകാര്യത"യുണ്ടാക്കുന്നു എന്ന് തിരുത്തുക മാത്രമേ വേണ്ടൂ! ജനകീയ സാംസ്കാരികവേദിയുടെ വീരസ്യംപറയുന്ന ആളാണ് ഇന്ന് വലതുപക്ഷ മാധ്യമങ്ങളുടെ പത്രാധിപന്മാരുടെ രാഷ്ട്രീയംനോക്കി കവിതയെഴുതികൊടുക്കുന്നത്. ഒന്നുവന്നു. അത് പത്രമുതലാളിതന്നെ ഉദ്ധരിച്ചു. ഉടന്‍ രണ്ടാമത്തേതുമതാ വരുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം! സഹപ്രവര്‍ത്തകരുടെപോലും വിയര്‍പ്പുപറ്റാതിരിക്കാന്‍ ഫസ്റ്റ്ക്ലാസില്‍മാത്രം തീവണ്ടിയാത്രചെയ്ത് തേച്ച ഷര്‍ട്ടും പാന്റ്സും ഉലയാതെ കോളേജില്‍പോയി പഠിപ്പിച്ച് മടങ്ങുകയായിരുന്നുവത്രേ അടുത്തകാലംവരെ ഈ ധീരവിപ്ലവകാരി! മറ്റൊരു "തീവ്ര ഇടതുപക്ഷ സാഹിത്യകാരന്‍" ഇപ്പോള്‍ കണ്ടെത്തിയത് വിശ്വചക്രവാളങ്ങളോളം വികസ്വരമായിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ മഹാപ്രതിഭയ്ക്ക് ക്ലിപ്പിടാന്‍ ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ ശ്രമിച്ചെന്നാണ്. അദ്ദേഹം നോക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ആകെക്കൂടി കൊള്ളാവുന്ന ഒരാളേ ഉണ്ടായിരുന്നുള്ളൂ. അത് പ്രമോദ്ദാസ് ഗുപ്തയാണ്. അദ്ദേഹം മരിച്ചുപോയി. ഇപ്പോള്‍ സിപിഐ എം കമ്യൂണിസ്റ്റ് പാര്‍ടിയേ അല്ല ഇദ്ദേഹത്തിന്. ഈ ഉദീരണം നടത്താന്‍ ഈ "മഹാപ്രതിഭ"യ്ക്കു മുന്നില്‍ പേജ് നിവര്‍ത്തികൊടുത്തത് മുസ്ലിം ലീഗിന്റെ "ചന്ദ്രിക"യാണ്. പി കെ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള "ത്യാഗധനര്‍" നയിക്കുന്ന പ്രസ്ഥാനത്തിന്റെ പത്രം ഉപയോഗിച്ചുതന്നെവേണം ഇതുപറയാന്‍. ഒ വി വിജയനോ എം മുകുന്ദനോ ആനന്ദിനോ ഒക്കെ ധൈര്യപൂര്‍വം ദേശാഭിമാനിയെ തള്ളിപ്പറയാം. കാരണം, ദേശാഭിമാനി ഇല്ലായിരുന്നെങ്കിലും ഇവരൊക്കെ മലയാളത്തില്‍ എഴുത്തുകാരായി ഉയര്‍ന്നുതന്നെ നിന്നേനേ. എന്നാല്‍, സി വി ബാലകൃഷ്ണന്‍ എന്ന ഈ മഹാസാഹിത്യകാരന് അവരുടെയൊക്കെയൊപ്പംപോയി നില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇതു പറയുന്നതു ശരിയല്ല. ദേശാഭിമാനിയും ദേശാഭിമാനി സ്റ്റഡിസര്‍ക്കിളും ഒന്നുമില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു എഴുത്തുകാരനേ ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ ഏതുപത്രത്തിന്റെയും പത്രാധിപരുടെയും പ്രീതിപറ്റാനാണോ ഇദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്, ആ പത്രങ്ങളോ പത്രാധിപന്മാരോ ഇദ്ദേഹത്തിന്റെ ഒരുവരി അച്ചടിക്കുമായിരുന്നില്ല. അന്നൊക്കെ എഴുതാന്‍ സി വി ബാലകൃഷ്ണന് ദേശാഭിമാനിയേ ഉണ്ടായിരുന്നുള്ളൂ. സംസാരിക്കാന്‍ ദേശാഭിമാനി സ്റ്റഡിസര്‍ക്കിളേ വേദിനല്‍കിയിരുന്നുള്ളൂ. ദേശാഭിമാനിയില്‍ എഴുതിയെഴുതി കുറച്ചൊക്കെ ഒന്നു തെളിഞ്ഞപ്പോള്‍ സി വി ബാലകൃഷ്ണന് ദേശാഭിമാനിയെ തള്ളിപ്പറഞ്ഞാല്‍ കിട്ടുന്ന പ്രശസ്തിയാണ് ഇനി ആവശ്യമെന്നുതോന്നി. ഒ വി വിജയനാകണമല്ലോ. അതിനുള്ള വഴി ആരായുകയാണദ്ദേഹം. പക്ഷേ, ഒ വി വിജയനാകാന്‍ മലക്കംമറിച്ചിലിനുള്ള ശേഷിയല്ല വേണ്ടത്; സര്‍ഗപ്രതിഭയാണ്. അതിലുണ്ടാകുന്ന കമ്മി സിപിഐ എം ഭര്‍ത്സനംകൊണ്ട് നികത്താന്‍ പറ്റുന്ന രാഷ്ട്രീയകാലാവസ്ഥയാണ്. അതുകൊണ്ട് സി വി ബാലകൃഷ്ണന്‍ ആ വഴിക്ക് ശ്രമിച്ചാല്‍ വിജയിച്ചുകൂടെന്നില്ല.

*
കെ പ്രസന്നകുമാര്‍ ദേശാഭിമാനി 21 ജൂണ്‍ 2012

കലുഷമാകുന്ന പാകിസ്ഥാന്‍

പ്രത്യക്ഷത്തില്‍ പ്രകടമാവുന്നതിനപ്പുറത്തുള്ള പലതുമാണ് പാകിസ്ഥാനില്‍ സംഭവിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാവുന്ന പട്ടാളഭരണംകൊണ്ട് പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ അപകടപ്പെടുന്നതിന്റെ ദീര്‍ഘചരിത്രമുള്ള രാജ്യമാണത്. പാര്‍ലമെന്റും പട്ടാളവും സര്‍ക്കാരും നീതിപീഠവും അധികാരത്തിനുവേണ്ടി സദാ വടംവലി നടത്തുന്ന രാഷ്ട്രം. അത്തരത്തിലുള്ള അധികാരവടംവലികള്‍കൂടിയാണ് പാകിസ്ഥാനില്‍ ഇപ്പോഴുണ്ടായിട്ടുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലമായി നില്‍ക്കുന്നത് എന്നത് കാണാന്‍ വിഷമമില്ല.

പാക് സുപ്രീംകോടതി, പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയെ പാര്‍ലമെന്റ് അംഗം എന്നതില്‍നിന്ന് അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ചു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസിന്റെ അധ്യായം വീണ്ടും തുറക്കാനാവശ്യപ്പെട്ടുള്ള ഉത്തരവ് അനുസരിക്കാതിരുന്നതിന് രണ്ടുമാസം മുമ്പ് പ്രതീകാത്മകമായി ഗീലാനിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിച്ചിരുന്നു. കോടതി പിരിയുംവരെയുള്ള തടവുശിക്ഷയായിരുന്നു വിധിച്ചത്. കോടതി പെട്ടെന്ന് പിരിഞ്ഞതിനാല്‍ മുപ്പതു സെക്കന്‍ഡേ ശിക്ഷ അനുഭവിക്കേണ്ടിവന്നുള്ളൂ. ശിക്ഷ എന്തായാലും ശിക്ഷതന്നെ. എന്നാല്‍, കോടതി അലക്ഷ്യത്തിനുള്ള ശിക്ഷ സഭാംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കാന്‍ മതിയായ കാരണമല്ലെന്ന നിലപാടാണ് സ്പീക്കര്‍ ഫെഹ്മിദ മിര്‍സ കൈക്കൊണ്ടത്. ഇത് നിയമനിര്‍മാണസഭയും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. സ്പീക്കറുടെ റൂളിങ് പാര്‍ലമെന്റ് അംഗീകരിച്ചതും സഭയില്‍ സ്പീക്കറാണ് പരമാധികാരി എന്ന നിലപാടെടുത്തതും കോടതിയെ കൂടുതല്‍ പ്രകോപിപ്പിച്ചു. റൂളിങ്ങിനെതിരെ ഹര്‍ജികള്‍ വന്നപ്പോള്‍, അത് അവസരമാക്കി കോടതിയാകട്ടെ, ഗീലാനിക്ക് പാര്‍ലമെന്റംഗമായി തുടരാന്‍ യോഗ്യതയില്ലെന്നു കല്‍പ്പിച്ചു. കോടതി ഉത്തരവുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ ഗീലാനിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പുകമീഷന്‍ ഇറക്കുകയുംചെയ്തു. ഇത്രയുമാണ് പ്രത്യക്ഷത്തില്‍ സംഭവിച്ചത്.

എന്നാല്‍, കഴിഞ്ഞ മുപ്പതുമാസമായി സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നടന്നുപോരുന്ന ഏറ്റുമുട്ടലും പാകിസ്ഥാന്‍ ജുഡീഷ്യറി അവിടത്തെ സൈന്യത്തിന്റെ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്ന സംവിധാനമാണെന്നതും മറ്റും ഇതിനിടെ ഉയര്‍ന്നുവന്നിട്ടുണ്ട്. ജനാധിപത്യ ഭരണക്രമത്തെ അട്ടിമറിച്ച് സൈന്യം അധികാരംപിടിക്കാന്‍ സദാ വ്യഗ്രതപൂണ്ട് നില്‍ക്കുന്ന അവസ്ഥയാണവിടെയുള്ളത് എന്നത് ചരിത്രം സ്ഥിരീകരിച്ചിട്ടുള്ള കാര്യവുമാണ്. ഈ പശ്ചാത്തലത്തിലാണ്, പാകിസ്ഥാനില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് പ്രത്യക്ഷത്തിലുള്ളതിനേക്കാള്‍ പ്രാധാന്യം കൈവരുന്നത്. ഏതായാലും ജുഡീഷ്യറിയുമായി ഏറ്റുമുട്ടാനില്ല എന്ന നിലപാടിലാണ് തല്‍ക്കാലം പാക് സര്‍ക്കാരും ഭരണകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടിയും. അതുകൊണ്ട് സ്ഥിതി പെട്ടെന്ന് വഷളാകാനിടയില്ല. എങ്കില്‍പ്പോലും പിപിപിയുടെ ഒരു പ്രധാനമന്ത്രിയെപ്പോലും കാലാവധി തികയ്ക്കാന്‍ ഒന്നുകില്‍ പട്ടാളമോ അതല്ലെങ്കില്‍ ജുഡീഷ്യറിയോ അനുവദിച്ചിട്ടില്ല എന്ന വസ്തുത ബാക്കിനില്‍ക്കും. ഏപ്രില്‍ 26 മുതല്‍ക്കുള്ള മുന്‍കാല പ്രാബല്യത്തോടെ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്നുവെന്ന കോടതിയുടെ വിധിതീര്‍പ്പ് മാനിക്കുന്നതായിപ്പറഞ്ഞ് പുതിയ ആളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് കണ്ടെത്താന്‍ പിപിപി അടിയന്തരമായി ശ്രമിച്ചെങ്കിലും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെയും സര്‍ക്കാരിന്റെയും മനസ്സില്‍ ജുഡീഷ്യറിയുടെ താല്‍പ്പര്യങ്ങളെക്കുറിച്ചുള്ള സംശയത്തിന്റെ കനല്‍ എരിഞ്ഞുതന്നെ നില്‍ക്കും.
അധികാരഭ്രഷ്ടനാവുന്നത് ഗീലാനിയാണെങ്കിലും ആത്യന്തികമായി കോടതി വെല്ലുവിളി ഉയര്‍ത്തുന്നത് തനിക്കുനേര്‍ക്കുതന്നെയാണെന്ന് സര്‍ദാരി ചിന്തിച്ചുകൊണ്ടേയിരിക്കും. പാകിസ്ഥാന്‍ തെരുവുകളില്‍ കോടതിക്കെതിരായ പ്രകടനങ്ങള്‍ നടക്കുന്നത് കോടതിയെ അസ്വസ്ഥപ്പെടുത്തും. സര്‍ക്കാരിനോട് പ്രീതിയില്ലാത്ത സൈന്യം എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടേയിരിക്കും. ഇതെല്ലാം വ്യക്തമാക്കുന്നത് പാകിസ്ഥാന്‍ ഭരണസംവിധാനവും പാര്‍ലമെന്ററി ജനാധിപത്യവും കലുഷമായ കാലത്തേക്ക് വീണ്ടും കടക്കുന്നുവെന്നാണ്. അത് ഏതൊക്കെ വഴിക്കുതിരിയും എന്നത് കണ്ടറിയേണ്ടതുണ്ട്.

പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ആറുമാസംമാത്രം ബാക്കിനില്‍ക്കെ ഭരണവ്യവസ്ഥയില്‍ അസ്ഥിരതയുണ്ടാക്കുന്നത് പാക് സൈന്യത്തിന്റെ താല്‍പ്പര്യത്തിലാണ് എന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നുണ്ട്. പ്രസിഡന്റിനെതിരായ അഴിമതിക്കേസ് വീണ്ടും തുറക്കുന്നതില്‍നിന്ന് പ്രധാനമന്ത്രിയെ തടഞ്ഞത് പ്രസിഡന്റിന് ഭരണഘടനാപരമായുള്ള പ്രത്യേക പരിരക്ഷയാണെന്ന വാദം കോടതി അംഗീകരിക്കാതിരുന്നതിനുപിന്നില്‍ സൈന്യതാല്‍പ്പര്യമാണുള്ളത് എന്ന സംശയം രാഷ്ട്രീയനിരീക്ഷകര്‍ക്കിടയില്‍ ശക്തമാണ്. ജനാധിപത്യഭരണവും പട്ടാളഭരണവും മാറിമാറിവരാറുള്ള പാകിസ്ഥാനില്‍ ജുഡീഷ്യറിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുന്നത് വീണ്ടും പട്ടാളത്തിന് അധികാരം പിടിക്കാനുള്ള അരങ്ങൊരുക്കലാവുമെന്നും അത് കണക്കുകൂട്ടിത്തന്നെയാണ് കോടതി നീങ്ങുന്നതെന്നും കരുതുന്നവരുണ്ട്. അയല്‍പക്കത്തുള്ള പാകിസ്ഥാനിലുണ്ടാകുന്ന ഏത് മാറ്റവും ഇന്ത്യയില്‍ അതിന്റെ നിഴല്‍ വീഴ്ത്തുമെന്നതുറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും അവിടത്തെ കാര്യങ്ങള്‍ നിരീക്ഷിക്കേണ്ട ഘട്ടമാണിത്.

പാകിസ്ഥാനില്‍ സര്‍ക്കാരും സൈന്യവും തമ്മില്‍ നേരത്തേതന്നെ ഏറ്റുമുട്ടലുണ്ടായിരുന്നു. ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടാന്‍ തയ്യാറെടുത്തുകൊള്ളൂവെന്ന് പ്രധാനമന്ത്രി ഗീലാനിയോട് പാക് സൈന്യം കല്‍പ്പിച്ചിട്ട് അധികമാസങ്ങളായിട്ടില്ല. അതാണിപ്പോള്‍ സത്യമായി വന്നത് എന്നത് ഗീലാനിക്കറിയാം. പ്രതിരോധസെക്രട്ടറി ഖാലിം നയിം ലോധിയെ പ്രധാനമന്ത്രി പുറത്താക്കിയതാണ് മാസങ്ങള്‍ക്കുമുമ്പ് ഏറ്റുമുട്ടലിന് തീവ്രത പകര്‍ന്നത്. മെമോഗേറ്റ് വിവാദം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നാണ് ബന്ധം കൂടുതല്‍ വഷളായത്. പാകിസ്ഥാന്‍സൈന്യം തന്റെ ഭരണത്തെ അട്ടിമറിക്കാനിടയുണ്ടെന്നും അങ്ങനെ സംഭവിക്കുന്നപക്ഷം സൈനിക സഹായം നല്‍കണമെന്നും കാണിച്ച് പ്രസിഡന്റ് സര്‍ദാരി അമേരിക്കയിലേക്ക് സന്ദേശമയച്ചത് പുറത്തായി. അതാണ് മെമോഗേറ്റ് വിവാദം. അത് സര്‍ക്കാരിനും സൈന്യാധിപര്‍ക്കും ചാരസംഘടനയായ ഐഎസ്ഐക്കുമിടയില്‍ അവിശ്വാസവും ശത്രുതയും വളര്‍ത്തി. ആ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയോടാലോചിക്കാതെ മെമോഗേറ്റ് പ്രശ്നത്തില്‍ സൈന്യാധിപനായ ജനറല്‍ അഷ്ഫാക് പര്‍വേസ് കയാനിയും ഐഎസ്ഐ തലവനായ ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷൂജാപാഷയും സുപ്രീംകോടതിയില്‍ സര്‍ക്കാരിനെതിരെ വിശദീകരണം നല്‍കിയത്.

ഇതേത്തുടര്‍ന്നാണ് പ്രതിരോധസെക്രട്ടറിസ്ഥാനത്തുനിന്ന് ഖാലിദ് നയിം തെറിച്ചത്. അതാണ് സൈന്യത്തെ പ്രകോപിപ്പിച്ചത്. ചാരസംഘടനയായ ഐഎസ്ഐയുടെ തലവനായിരുന്നിട്ടുള്ള കയാനിക്ക് ഇപ്പോള്‍ സൈന്യത്തിനുമേലും ഐഎസ്ഐയുടെ മേലും ഒരുപോലെ സ്വാധീനമുണ്ട്. കയാനി തന്റെ രാഷ്ട്രീയാധികാരമോഹങ്ങള്‍ പണ്ടേ പ്രസിദ്ധമാക്കിയിട്ടുള്ളയാളാണുതാനും. ഷൂജാപാഷ, കയാനിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നയാളാണ്. ഈ പശ്ചാത്തലങ്ങളൊക്കെ പരിഗണിക്കുമ്പോഴാണ്, നേരത്തേതന്നെ സൈന്യവുമായി ഏറ്റുമുട്ടുന്ന പിപിപി സര്‍ക്കാര്‍ ഇപ്പോള്‍ നീതിന്യായപീഠവുമായിക്കൂടി ഏറ്റുമുട്ടുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ശ്രദ്ധേയമാവുക.

*
ദേശാഭിമാനി മുഖപ്രസംഗം 21 ജൂണ്‍ 2012

കെട്ടുകഥകളുടെ ഘോഷയാത്ര

ഒന്നാം ഭാഗം: ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍

""തലശേരിയിലെ ഫസല്‍ വധത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നതായി "ഫസല്‍വധക്കേസില്‍ നേതാക്കളെ കുരുക്കിയത് സിബിഐ" എന്ന വാര്‍ത്തയിലും "ക്രിമിനല്‍ തമ്പുരാക്കന്മാര്‍ക്ക് രാഷ്ട്രീയ മേലാളന്മാര്‍" എന്ന പരമ്പരയിലും വന്ന പരാമര്‍ശം ശരിയല്ല. വധശ്രമം ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് കോടിയേരി പറഞ്ഞത്""- മാതൃഭൂമി ദിനപത്രത്തില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച തിരുത്താണിത്. ഇതേ രീതിയില്‍ നേരത്തെ മലയാള മനോരമയും തിരുത്തിയിരുന്നു. ആഘോഷപൂര്‍വം അവാസ്തവങ്ങള്‍ എഴുന്നള്ളിക്കുക; എതിര്‍പ്പുവന്നാല്‍ അപ്രധാനമായി തിരുത്ത് പ്രസിദ്ധീകരിച്ച് രക്ഷപ്പെടുക. സ്വന്തം പത്രത്താളുകളെപോലും വഞ്ചിച്ച് മാധ്യമങ്ങള്‍ നടത്തിയ അപവാദ പ്രചാരണത്തിന് ഇത് ചെറിയ ഉദാഹരണംമാത്രം. വാര്‍ത്തകളായും പരമ്പരകളായും ഫസല്‍വധക്കേസ് സംബന്ധിച്ച് വന്ന ഭാവനയ്ക്ക് കൈയും കണക്കുമില്ല.

എന്‍ഡിഎഫിനെതിരെ മുന്‍സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് കഥകളുടെ പ്രവാഹമുണ്ടായത്. പറഞ്ഞുപരത്തിയ ഒരു കഥ, ഡിവൈഎസ്പി രാധാകൃഷ്ണന്‍ സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ അനാശാസ്യക്കേസില്‍ പെടുത്തി സസ്പെന്‍ഡ് ചെയ്യിച്ചു എന്നാണ്. ഫസല്‍ക്കേസ് ആദ്യം അന്വേഷിച്ചയാളാണ് രാധാകൃഷ്ണന്‍. അദ്ദേഹം 2006 നവംബര്‍ മൂന്നുവരെയാണ് അന്വേഷണച്ചുമതലയിലുണ്ടായിരുന്നത്. തളിപ്പറമ്പില്‍ രാധാകൃഷ്ണന്‍ പിടിയിലാകുന്നത് 2006 ഡിസംബര്‍ അഞ്ചിനാണ്. ആ സമയത്ത് ഫസല്‍ക്കേസില്‍ ഒരു ചുമതലയും ഉണ്ടായിരുന്നില്ല. തളിപ്പറമ്പ് കൂവോട്ടെ അനാശാസ്യകേന്ദ്രത്തില്‍ അദ്ദേഹം ഒറ്റയ്ക്കല്ല, കണ്ണൂര്‍ എആര്‍ പൊലീസ് കോണ്‍സ്റ്റബിളും സീരിയല്‍ നടനുമായ വേങ്ങാട്ടെ കെ പി സന്തോഷ്കുമാര്‍ (25), സീരിയല്‍ താരവും കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ടാക്സി ഡ്രൈവറുമായിരുന്ന കാരാപ്പുഴ തിരുവാതക്കല്‍ കെ വി വിജയന്‍ (34), മൈക്രോ ഇന്‍ഷുറന്‍സ് കമ്പനി സിഇഒ കോട്ടയം തിരുനക്കരയിലെ കുളങ്ങര കെ എന്‍ രാജേഷ് (34), കോട്ടയം മണര്‍ക്കാട്ടെ കുഞ്ഞുമോന്റെ ഭാര്യ പുതുപറമ്പില്‍ അമ്മിണി (39) എന്നിവരോടൊപ്പമാണ് പിടിയിലായത്.

അന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതല രാധാകൃഷ്ണനായിരുന്നു. ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ കൂവോട്ടെ ഇരുനിലവീട്ടിലേക്ക് ഓടിയെത്തിയത്്. കാര്യം തിരക്കിയ നാട്ടുകാരെ ഡിവൈഎസ്പിയും സംഘവും ആക്രമിക്കാന്‍ മുതിര്‍ന്നു- സംഘര്‍ഷമായി. വിവരമറിഞ്ഞ് എസ്പി മാത്യു പോളികാര്‍പ്പ്, കണ്ണൂര്‍ ഡിവൈഎസ്പി ഹബീബ് റഹ്മാന്‍, സിഐമാരയ കെ വി സന്തോഷ്, പി രാജു എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. രാധാകൃഷ്ണന്‍ ഔദ്യോഗിക വാഹനത്തിലാണ് (കെഎല്‍ 01 എക്സ്- 9049 ജീപ്പ്) അവിടെ എത്തിയിരുന്നത്. ഈ സംഭവത്തെയാണ്, പിന്നീട് ഫസല്‍ക്കേസുമായി ബന്ധപ്പെടുത്തി കഥ രചിച്ചത്. മദ്യശേഖരവും നീലച്ചിത്ര പ്രദര്‍ശന ഉപകരണങ്ങളും സജ്ജീകരിച്ച അനാശാസ്യകേന്ദ്രത്തില്‍നിന്ന് ഒരുദ്യോഗസ്ഥന്‍ യാദൃച്ഛികമായി പിടിയിലാകുന്നതും ഫസല്‍ക്കേസും തമ്മിലെന്ത് ബന്ധം എന്ന ചോദ്യം ഇന്നും ഉത്തരംകിട്ടാതെ നില്‍ക്കുന്നു.

ഫസലിന്റെ ഭാര്യ മറിയുവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോള്‍, കേസന്വേഷണത്തില്‍ മേല്‍നോട്ടം വേണമെന്ന് അവര്‍തന്നെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. സിബിഐക്ക് ഗൂഢാലോചന കണ്ടെത്താന്‍ കഴിയില്ല എന്നാണ് ഇപ്പോഴത്തെ ആശങ്ക. കേസില്‍ ഇതുവരെ ഗൂഢാലോചന കണ്ടെത്തിയിട്ടില്ല എന്നര്‍ഥം. ഇത് ഈ കേസിന്റെ തുടക്കംമുതലുള്ള അനുഭവമാണ്. ഒരു കേസ് കെട്ടിച്ചമച്ച് ഉണ്ടാക്കുമ്പോള്‍ വിചാരിച്ച തെളിവുകള്‍ സംഘടിപ്പിക്കാന്‍ കഴിയില്ല എന്ന് വരും. അന്വേഷണ ഏജന്‍സി പരിഹാസ്യമാവുകയുംചെയ്യും. മൂന്നുകൊല്ലം അന്വേഷിച്ചിട്ടും പ്രതിയേത്, സാക്ഷിയേത് എന്ന് തിരിച്ചറിയാന്‍ സിബിഐക്ക് കഴിഞ്ഞില്ല എന്ന് ഹൈക്കോടതിയില്‍തന്നെ വ്യക്തമായതാണ്. മൂന്നുവര്‍ഷം അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടാതെ വന്നപ്പോഴാണ് സിബിഐക്കുമേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പിടി വീണത്. തലശേരിയില്‍ മുന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. ആസിഫലിയും ഇടപെട്ടു. ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ സമ്മര്‍ദമായി വന്നപ്പോഴാണ് സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ സിബിഐ ശ്രമം തുടങ്ങിയത്. തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജന്‍ പ്രതിയാകും എന്ന് മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയതിനുപിന്നില്‍ അഡ്വ. ആസിഫലിയുടെ വ്യക്തിവിരോധമാണ്. സിപിഐ എമ്മിനെതിരെ കേസുകള്‍കൊണ്ട് "യുദ്ധം" നയിക്കുന്ന ആസിഫലിയുടെ തലശേരിയിലെ വീടിനുമുമ്പില്‍ ആരോ ഒരു റീത്ത് വച്ചു. അതിനുപിന്നില്‍ രാജനാണ് എന്ന് ആസിഫലി പരസ്യമായി ആക്ഷേപമുയര്‍ത്തി. രാജനെ പാഠം പഠിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.

ഫസല്‍വധവുമായി ബന്ധപ്പെടുത്തി നിരന്തരം വാര്‍ത്ത വന്നപ്പോള്‍ രാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരാണ് ആ ഹര്‍ജി പരിഗണിച്ചത്. അന്ന് അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാന്‍ സിബിഐ തയ്യാറായില്ല. കേസില്‍ ഹര്‍ജിക്കാരന്‍ പ്രതിയാണോ സാക്ഷിയാണോ എന്ന് പറയാനാവില്ല എന്നാണ് സിബിഐ അറിയിച്ചത്. ചോദ്യംചെയ്തശേഷമേ പ്രതിയാക്കുന്ന കാര്യം പരിഗണിക്കൂ എന്നും. സിബിഐ നിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലും പ്രതിയെയും സാക്ഷിയെയും തിരിച്ചറിയാന്‍ കഴിയാത്ത അന്വേഷണ ഏജന്‍സിയുടെ അവസ്ഥ നിയമവൃത്തങ്ങളില്‍ പരിഹാസമുയര്‍ത്തി. പ്രതിചേര്‍ക്കാന്‍ അവരുടെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

പിന്നീട് സിബിഐ ഒന്ന് പതുങ്ങി. പക്ഷേ, അപ്പോഴേക്കും ഊരിയ വാള്‍ ഉറയിലിടാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. ഏതുതരത്തിലും സിപിഐ എം നേതാക്കളെ ഉള്‍പ്പെടുത്തണം എന്ന സമ്മര്‍ദത്തില്‍, തെളിവുകളോ യുക്തിയോ ഏജന്‍സിക്ക് ആവശ്യമുണ്ടായിരുന്നില്ല. അവര്‍ മുല്ലപ്പള്ളി- മാധ്യമ- എന്‍ഡിഎഫ് കഥകള്‍ക്ക് അടിയൊപ്പ് വച്ച് "കുറ്റപത്രം" ചുട്ടെടുത്തു.

തലശേരി പിലാക്കൂലിലാണ് ഫസലിന്റെ വീട്. മാടപ്പീടികയിലെ ഭാര്യവീട്ടിലായിരുന്നു താമസം. രാത്രി വീട്ടിലെത്തി പുലരുംമുമ്പ് മടങ്ങിപ്പോവുന്ന ഒരാള്‍ എന്നതില്‍ക്കവിഞ്ഞ് മാടപ്പീടികയില്‍ പറയത്തക്ക ബന്ധമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തില്‍ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഫസല്‍, ഒരിക്കലും പാര്‍ടിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്കുയര്‍ന്നിരുന്നില്ല. എന്‍ഡിഎഫ് പ്രചാരണങ്ങളില്‍ ഫസല്‍ ആകൃഷ്ടനായിരുന്നു. സിപിഐ എം ബന്ധമുള്ള ആരും ഫസലിനൊപ്പം എന്‍ഡിഎഫിലേക്ക് പോയിട്ടില്ല. അത്തരത്തില്‍ ഒരാളുടെ പേരുപോലും ആരും ചൂണ്ടിക്കാട്ടിയിട്ടുമില്ല. മുസ്ലിംലീഗ് അനുഭാവമുള്ളവരാണ് ഏറെയും എന്‍ഡിഎഫിലെത്തിയത്. ഫസല്‍ ആളുകളെ ആകര്‍ഷിച്ച് എന്‍ഡിഎഫിലെത്തിക്കുന്ന മാസ്മര വ്യക്തിത്വമായിരുന്നുവെന്നും മറ്റും ഇന്ന് പ്രചരിപ്പിക്കുന്നുണ്ട്. പിലാക്കൂലിലെയോ മാടപ്പീടികയിലെയോ ആരും അത് സാക്ഷ്യപ്പെടുത്തുന്നില്ല. ""മാടപ്പീടികയില്‍ ഒരു പോസ്റ്ററിനെച്ചൊല്ലി ആര്‍എസ്എസുകാരുമായി പ്രശ്നമുണ്ടാവുകയും ഫസലിന്റെ ബന്ധുക്കളുമായി അവര്‍ വാക്കുതര്‍ക്കമുണ്ടാക്കുകയുംചെയ്തു. ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പായിരുന്നു സംഭവം. സ്വാഭാവികമായും ആര്‍എസ്എസിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞു."" (തേജസ് ദിനപത്രം) എന്നാണ് എന്‍ഡിഎഫ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍, കൊലയാളികള്‍ ആര്‍എസ്എസ് ആണ് എന്നതില്‍ അന്ന് എന്‍ഡിഎഫിന് ഒരുതരത്തിലുമുള്ള സംശയവുമുണ്ടായില്ല. ആ ഉറപ്പാണ് കേസന്വേഷണത്തെയും ജനങ്ങളുടെ സംശയത്തെയും ആര്‍എസ്എസിലേക്ക് തിരിച്ചത്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ എന്നുമാത്രമല്ല, ""തന്റെ പ്രദേശത്തെ കുട്ടികളെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്ന വിഷയങ്ങളില്‍ അതീവതല്‍പ്പരനായിരുന്"" ശഹീദായാണ് ഇന്ന് എന്‍ഡിഎഫ് ഫസലിനെ അവതരിപ്പിക്കുന്നത്. അവിടെയാണ് വര്‍ഗീയതയുടെ പ്രസരമുള്ളത്; ന്യൂനപക്ഷ സമുദായാംഗങ്ങളെ സിപിഐ എമ്മില്‍നിന്ന് അകറ്റുക എന്ന ലക്ഷ്യമുള്ളത്.

സിപിഐ എമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ സിബിഐയും എന്‍ഡിഎഫും ചൂണ്ടിക്കാണിക്കുന്ന ഒരു വിഷയം, ഫസലിന്റെ ഇടപെടലിന്റെ ഫലമായി ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍ ഇടിഞ്ഞു എന്നാണ്. മാടപ്പീടികയില്‍ 2006ല്‍ ദേശാഭിമാനിയുടെ പ്രചാരം 280ല്‍ നിന്ന് 360ലേക്ക് വര്‍ധിക്കുകയാണുണ്ടായത്. ഇപ്പോഴത് 450 ആണ്. തൊട്ടടുത്ത തിരുവങ്ങാട്, തലശേരി ലോക്കലുകളിലും പത്രം കുറഞ്ഞില്ല. 2006 ആഗസ്തില്‍ തലശേരി ടൗണ്‍ ഏജന്റിന് 232 പത്രവും തിരുവങ്ങാട് ഏജന്‍സിയില്‍ 223 പത്രവും തലശേരിബസ്സ്റ്റാന്‍ഡ്കെട്ടില്‍ 96 പത്രവുമാണുണ്ടായിരുന്നത്. പിന്നീട് ബസ്സ്റ്റാന്‍ഡ് ഏജന്‍സിയില്‍ ഒരു പത്രം കുറഞ്ഞു. ഒരു ഏജന്‍സിയുണ്ടായിരുന്ന തിരുവങ്ങാട് മേഖലയില്‍ ഇപ്പോള്‍ അഞ്ച് ഏജന്റുമാരുണ്ട്. ദേശാഭിമാനി വരിക്കാരുടെ എണ്ണം ആ മേഖലയിലാകെ വലിയതോതിലാണ് വര്‍ധിച്ചത്. ഇത് കൃത്യമായി വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യപ്പെടുന്ന കണക്കാണ്. എന്നിട്ടും പറയുന്നു, ദേശാഭിമാനിപത്രം കുറഞ്ഞതുകൊണ്ട് ഫസല്‍ കൊല്ലപ്പെട്ടു എന്ന്. അത് ഏറ്റുപാടുന്നവര്‍ക്ക് സത്യം അറിയേണ്ടതില്ല; തെളിവുകള്‍ വേണ്ടതില്ല. സിപിഐ എം അത്തരം നീതി അര്‍ഹിക്കുന്നില്ല എന്നാണ് അവരുടെ പക്ഷം. (അവസാനിക്കുന്നില്ല)

*
പി എം മനോജ് ദേശാഭിമാനി 21 ജൂണ്‍ 2012

മൂന്നാം ഭാഗം