Thursday, June 7, 2012

ചന്ദ്രശേഖരന്റെ ദാരുണവധവും സിപിഐ എം നിലപാടും

യുഡിഎഫ് ഭരണം മേയിലാണ് ഒരു വര്‍ഷം പിന്നിട്ടത്. ഈ ഘട്ടത്തില്‍ യുഡിഎഫ് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന നിലയുണ്ടായി. അഞ്ചാംമന്ത്രിപ്രശ്നം കോണ്‍ഗ്രസിനകത്ത് ഭിന്നത രൂക്ഷമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ പലരും ഈ നടപടിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഇത് സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസുകാര്‍തന്നെ പ്രഖ്യാപിച്ചു. വിവിധ ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെതിരായി നിലപാട് എടുത്തു. ഘടകകക്ഷികള്‍ക്കുള്ളിലും വലിയ ഭിന്നത പ്രത്യക്ഷപ്പെട്ടു. ജനദ്രോഹനയങ്ങളുടെ ഫലമായി ജനങ്ങളില്‍നിന്ന് യുഡിഎഫ് കൂടുതല്‍ ഒറ്റപ്പെടുന്ന സാഹചര്യമായിരുന്നു. ഈ അന്തരീക്ഷത്തിലാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നെയ്യാറ്റിന്‍കരയിലാവട്ടെ സെല്‍വരാജിന്റെ കാലുമാറ്റത്തിനെതിരായി വലിയ വികാരം രൂപപ്പെട്ടിരുന്നു.

ഇത്തരത്തില്‍ യുഡിഎഫ് ജനങ്ങളില്‍നിന്ന് തികച്ചും ഒറ്റപ്പെട്ടുനില്‍ക്കുന്ന ഘട്ടത്തിലാണ് ടി പി ചന്ദ്രശേഖരന്റെ ദാരുണമായ വധം. ഇതിനെ ഉപയോഗപ്പെടുത്തി തങ്ങള്‍ക്ക് വന്നുപെട്ട പ്രതിസന്ധി മാധ്യമങ്ങളുടെ സഹായത്തോടെ മറികടക്കുന്നതിനാണ് യുഡിഎഫ് പരിശ്രമിച്ചതെന്ന് പിന്നീട് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അതായത്, ഈ ദാരുണ സംഭവത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള പരിശ്രമമാണ് അവര്‍ നടത്തിയത്.

ടി പി ചന്ദ്രശേഖരന്റെ ദാരുണവധം അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ഒന്നാണെന്നും ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന ആവശ്യവും പാര്‍ടി ആ ഘട്ടത്തില്‍ത്തന്നെ മുന്നോട്ടുവച്ചു. മാത്രമല്ല, ഈ സംഭവത്തില്‍ പാര്‍ടിക്ക് ഒരു ഉത്തരവാദിത്തവുമില്ല എന്ന കാര്യവും എടുത്തുപറഞ്ഞു. എന്നാല്‍, ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവച്ച് അതുവഴി തങ്ങള്‍ ചെന്നുപെട്ട പ്രതിസന്ധിയെ മറികടക്കാനാകുമോ എന്നായിരുന്നു യുഡിഎഫ് നേതൃത്വം പരിശ്രമിച്ചത്. സിപിഐ എം ആണ് ഇതിന് ഉത്തരവാദിയെന്ന് ഉടന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. മാത്രമല്ല മെയ് അഞ്ചിന് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും രമേശ് ചെന്നിത്തലയും ആഹ്വാനംചെയ്തു.

യഥാര്‍ഥത്തില്‍ ടി പി ചന്ദ്രശേഖരന്റെ ജീവന്‍ രക്ഷിക്കുന്നതിനുള്ള താല്‍പ്പര്യം കോണ്‍ഗ്രസിനുണ്ടായിരുന്നില്ലെന്ന് ആ ദിവസംതന്നെയുണ്ടായ ചില വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നുണ്ട്. ജീവന് ഭീഷണി ഉണ്ടായിരുന്നതായി ടി പി ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. പൊലീസ് സഹായം അഭ്യര്‍ഥിച്ചിട്ടുപോലും അത് നല്‍കുന്നതിന് യുഡിഎഫ് തയ്യാറായില്ല എന്നത് അവരുടെ കുറ്റകരമായ അനാസ്ഥയ്ക്ക് ഏറ്റവും വലിയ തെളിവാണ്. പൊലീസ് സംരക്ഷണം നല്‍കാന്‍ സന്നദ്ധമായിട്ടും ടി പി ചന്ദ്രശേഖരന്‍ അത് നിരസിക്കുകയാണ് ചെയ്തത് എന്ന് പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുകയുണ്ടായി. സാധാരണ പോലീസ് സംരക്ഷണം ഒരാള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കും. ആ ഉത്തരവ് പ്രസ്തുത കക്ഷിക്ക് നല്‍കും. കക്ഷി അത് നിരസിക്കുകയാണെങ്കില്‍ പൊലീസ് സംരക്ഷണം ആവശ്യമില്ല എന്ന് പറഞ്ഞ് ഒരു കത്ത് സര്‍ക്കാരിന് നല്‍കണം, അതാണ് രീതി. മുഖ്യമന്ത്രി പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍ എങ്കില്‍ യുഡിഎഫ് പുറപ്പെടുവിച്ച ഉത്തരവും അത് നിരസിച്ചുള്ള ചന്ദ്രശേഖരന്റെ കത്തും വെളിപ്പെടുത്താന്‍ തയ്യാറാകണം. എന്നാല്‍, അത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ ഈ ദാരുണമായ വധം യുഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടിരുന്നു എങ്കില്‍ ഒഴിവാക്കാമായിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്. ഇത് മറച്ചുവച്ചാണ് യുഡിഎഫ് രാഷ്ട്രീയലക്ഷ്യത്തോടെ മുതലക്കണ്ണീരൊഴുക്കുന്നത്.

സിപിഐ എമ്മിനെ പ്രതിയാക്കി തങ്ങള്‍ ചെന്നുപെട്ട പ്രതിസന്ധിയില്‍നിന്ന് മറികടക്കാനുള്ള യുഡിഎഫിന്റെ പരിശ്രമമാണ് പിന്നീട് മാധ്യമങ്ങളുടെ സഹായത്തോടെ കേരളത്തില്‍ നടന്നത്. പൊലീസില്‍നിന്ന് ലഭിക്കുന്ന ആധികാരിക വിവരം എന്ന് അവകാശപ്പെട്ടും സ്വതന്ത്രമായ അന്വേഷണത്തിലൂടെ കണ്ടെത്തിയത് എന്ന നിലയിലും വാര്‍ത്തകള്‍ ചമച്ച് സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് ഇവര്‍ ശ്രമിച്ചത്. അതിനിടയില്‍ പരസ്പര ബന്ധമില്ലാത്തതും സ്വയം നിഷേധിക്കുന്നതുമായ നിരവധി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു തെളിവുമില്ലാതെ കണ്ണൂരിലെ സംഘമാണ് കൊല നടത്തിയത് എന്ന് പ്രചരിപ്പിക്കുന്നതില്‍ തുടക്കത്തിലേ മാധ്യമങ്ങള്‍ ശ്രദ്ധിച്ചു. അതിന് ഉപോല്‍ബലകമായ നിരവധി കഥകള്‍ പ്രചരിപ്പിക്കുന്നതിനും തയ്യാറായി. എന്നാല്‍, കൊല നടത്തിയവര്‍ സഞ്ചരിച്ചു എന്നുപറയുന്ന ഇന്നോവ കാര്‍ ചൊക്ലിക്കടുത്ത് ഉപേക്ഷിച്ച വിവരം ആ പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തകരാണ് പൊലീസിന് നല്‍കിയത്. കാര്‍ കണ്ടെത്തുന്നതിന് സഹായിച്ചത് സിപിഐ എം പ്രവര്‍ത്തകരാണ് എന്ന് പറയുന്നതിന് മാധ്യമങ്ങള്‍ തയ്യാറാവാതിരുന്നത് വളരെ മുന്‍വിധിയോടുകൂടിത്തന്നെ കാര്യങ്ങള്‍ നീക്കുന്നു എന്നതിന്റെ വലിയ തെളിവായിരുന്നു.

കാറിന്റെ ഉടമ നവീന്‍ദാസ് സിപിഐ എം അനുഭാവിയായിരുന്നു എന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തല്‍. അവ ബ്രേക്കിങ് ന്യൂസായി ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും പത്രമാധ്യമങ്ങള്‍ പലതും അത് ഏറ്റുപിടിക്കുകയുമാണ് ഉണ്ടായത്. എന്നാല്‍, ഇദ്ദേഹത്തിന് സിപിഐ എമ്മുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസുകാരനാണെന്നും വ്യക്തമായി. എന്നാല്‍, തങ്ങള്‍ കൊടുത്ത വാര്‍ത്ത തെറ്റാണെന്ന് പറയാനോ പാര്‍ടിയെ കരിവാരിതേക്കാന്‍ നടത്തിയ പരിശ്രമത്തില്‍ ഖേദം പ്രകടിപ്പിക്കാനോ ഈ മാധ്യമങ്ങള്‍ തയ്യാറായില്ല. ടി പി ചന്ദ്രശേഖരന്റെ കൊലയാളികളെ പുറത്ത് കൊണ്ടുവരുന്നതിന് രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന മാതൃഭൂമി മെയ് ആറിന് ഒന്നാം പേജില്‍ ബോക്സില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആ ഫോണ്‍ കോള്‍ ആരുടേത് എന്നായിരുന്നു തലവാചകം.

അതില്‍ ഇങ്ങനെ വിശദീകരിച്ചു- ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നിരുന്നു. വള്ളിക്കാട് ലീഗ് ഹൗസിന് സമീപം ഒരു വാഹന അപകടം നടന്നിട്ടുണ്ട്. അവിടേക്ക് എത്തണമെന്നാണ് ഫോണ്‍സന്ദേശം എന്നാണ് ലഭിച്ച വിവരം. മാത്രമല്ല ഫോണ്‍ കോള്‍ ഉടമയെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതായും ആ വാര്‍ത്തയില്‍ മാതൃഭൂമി ആധികാരികമായി അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍, വ്യക്തമായ വിവരം ലഭിച്ചുവെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച വാര്‍ത്ത അടുത്ത ദിവസം മാതൃഭൂമിതന്നെ തിരസ്കരിച്ചു. പിറ്റേ ദിവസം ഇങ്ങനെ എഴുതി- ചന്ദ്രശേഖരനെ ഫോണില്‍ വിളിച്ച് വള്ളിക്കാട്ട് എത്തിച്ചതാണെന്ന സംശയം ശരിയല്ലെന്ന് തെളിഞ്ഞു. ഇദ്ദേഹത്തിന്റെ മൊബൈലിലേക്ക് വന്ന അവസാന കോള്‍ റെവല്യൂഷണറി പാര്‍ടി അനുഭാവി ബാബുവിന്റേതാണെന്ന് വ്യക്തമായി എന്നും കട ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം പറയാനാണ് വിളിച്ചതെന്നുമാണ് ബാബു പൊലീസിനോട് പറഞ്ഞതെന്നും തുടര്‍ന്ന് എഴുതി. മാതൃഭൂമി ഇന്‍വെസ്റ്റിഗേഷന്റെ യഥാര്‍ഥ മുഖമാണ് ഈ വാര്‍ത്തയിലൂടെ തുടക്കത്തിലേ തുറന്ന് കാട്ടപ്പെട്ടത്. പൊലീസ് ചലിക്കുന്നതും ഇതിനൊത്താണ്. &ഹറൂൗീ;മാധ്യമം ആവട്ടെ മെയ് ആറിന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍, വളയത്ത് ഗൂഢാലോചന നടന്നുവെന്നും രണ്ട് ഏരിയാകമ്മിറ്റികള്‍ക്ക് പങ്ക് എന്നുമാണ് പറഞ്ഞത്. അതിന് പിന്തുണ നല്‍കുന്നതിനായി സിപിഐ എമ്മിന്റെ ഒഞ്ചിയം ഏരിയാസെക്രട്ടറിയും കുടുംബവും വീട്ടില്‍നിന്ന് മാറിയതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് വ്യക്തമാക്കി. ഒഞ്ചിയം ഏരിയാസെക്രട്ടറി സി എച്ച് അശോകന്‍ എന്‍ജിഒ യൂണിയന്‍ സമ്മേളനത്തിനാണ് പോയതെന്ന് വ്യക്തമായതോടെ ഈ കഥയും പൊളിഞ്ഞു. വളയത്തെ കല്യാണവീടുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയില്‍ ഗൂഢാലോചന നടന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ച ഘട്ടത്തില്‍ നാദാപുരത്തിനടുത്ത് മൂന്നുപേര്‍ പിടിയിലായി എന്ന വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം. എന്നാല്‍, അവരെ പിന്നീട് പൊലീസ് വിട്ടയച്ച കാര്യം വാര്‍ത്തയാക്കുന്നതിന് ഇവരാരും മുതിര്‍ന്നതുമില്ല. ഇതിനിടെ വളയത്തുള്ള ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വിവരം ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. വളയത്ത് ആ ഘട്ടത്തില്‍ ജോലിചെയ്തിരുന്ന ആളുകളെയാണ് ഇത്തരത്തിലുള്ള പ്രചാരവേലയുമായി ബന്ധപ്പെടുത്തി ഫ്ളാഷ് ന്യൂസായി വന്നത്. തെറ്റായ ഈ വാര്‍ത്തയിലും അതിന്റെ പേരില്‍ അവമതിപ്പ് നേരിടേണ്ടിവന്നവരോട് ക്ഷമാപണം നടത്താന്‍ ഈ മാധ്യമങ്ങള്‍ തയ്യാറായില്ല എന്നതും പത്രസ്വാതന്ത്ര്യത്തിന്റെ മറ്റൊരു മുഖമാണ് കാണിക്കുന്നത്. അതിനിടെ, ആര്‍എസ്എസുമായി ബന്ധമുള്ള ഒരാള്‍ പിടിയിലായി എന്നുള്ള വാര്‍ത്ത പുറത്തുവന്നു.

ഇങ്ങനെ സംഭവിക്കുന്നു എന്ന് തോന്നിയതോടെ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ള ആളുകളെ ഉപയോഗപ്പെടുത്തിയാണ് സിപിഐ എം കൊല നടത്തിയത് എന്ന വാര്‍ത്തയും പ്രസിദ്ധീകരിച്ചു. കൊല നടന്ന ഉടനെ വള്ളിക്കാട്ടു നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്തുള്ള ടവറിലേക്ക് ഫോണ്‍ കോള്‍ പോയിട്ടുണ്ട് എന്നും അതിനാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ചാണ് ഗൂഢാലോചന നടന്നത് എന്ന വാര്‍ത്തയും തുടക്കത്തില്‍ തട്ടിവിടുകയുണ്ടായി. പിന്നീട് അതിനെക്കുറിച്ച് കൂടുതല്‍ കേള്‍ക്കുകയുണ്ടായില്ല. മാഹിയിലെ ബാറില്‍വച്ചാണ് പാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഗൂഢാലോചന നടന്നത് എന്നും വാര്‍ത്തയുണ്ടായി. ഇത്തരത്തില്‍, ഓരോ ഘട്ടത്തിലും തങ്ങള്‍ക്ക് തോന്നുന്ന വിധം വാര്‍ത്തകള്‍ ചമയ്ക്കുകയും അവ ആധികാരികമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് മാധ്യമങ്ങള്‍ പൊതുവില്‍ സ്വീകരിച്ചത്. പക്ഷേ, ഒരു കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ല. സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുക എന്നതില്‍ ഒരു തരത്തിലുള്ള വിവേചനവും ഇവരാരും കാണിച്ചില്ല.

മാധ്യമം ദിനപത്രത്തില്‍ മെയ് 10ന് പ്രസിദ്ധീകരിച്ച വാര്‍ത്ത അഴിയൂര്‍ അക്വാ മറൈന്‍ പ്രോജക്ട്, കുടിവെള്ള ബോട്ട്ലിങ് പദ്ധതി, കയറ്റിറക്കുമതി തുടങ്ങിയ വിവിധ പദ്ധതികള്‍ക്കായി ആരംഭിച്ച വ്യവസായത്തെ ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചെറുത്തുതോല്‍പ്പിച്ചതായും അതിന്റെ പകയാണോ ഈ കൊലപാതകത്തിന് ഇടയാക്കിയത് എന്ന സംശയവും ഉന്നയിച്ചിരുന്നു. ഈ പ്രശ്നമാണ് യഥാര്‍ഥത്തില്‍ സി എച്ച് അശോകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ മുന്നോട്ടുവച്ചത്. അതായത്, ഈ പ്രശ്നം നേരത്തെ ഉയര്‍ന്നുവന്നിരുന്നു എന്നര്‍ഥം. അല്ലാതെ, പുതുതായൊന്ന് കെട്ടിയുണ്ടാക്കുകയായിരുന്നില്ല. കൊലപാതകത്തിന്റെ തുടക്കത്തില്‍ത്തന്നെ പ്രതിസ്ഥാനത്ത് സ്ഥാപിച്ചത് റഫീക്കിനെയായിരുന്നു. റഫീക്കിന് നിരവധി വിശേഷണങ്ങള്‍ ഈ ഘട്ടത്തില്‍ ചാര്‍ത്തിക്കൊടുത്തു. സിപിഐ എം പ്രതിസ്ഥാനത്ത് വരുന്ന കൊലപാതകങ്ങളില്‍ ഇദ്ദേഹത്തിന് സ്ഥാനമുണ്ടായിരുന്നു എന്നായിരുന്നു പ്രധാന കണ്ടെത്തല്‍. ഇയാളെ സിപിഐ എം അനുഭാവി എന്ന നിലയിലാണ് മെയ് ഏഴിനു തന്നെ മലയാള മനോരമ ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നത്. റഫീക്കിന്റെ വിരലടയാളം ഇന്നോവ കാറില്‍ ഉണ്ടായിരുന്നു എന്നും വാര്‍ത്ത വന്നു. എന്നാല്‍, ഇയാള്‍ക്ക് സിപിഐ എമ്മുമായി ബന്ധമില്ലെന്ന് വന്നതോടെ റഫീക്കിന്റെ ക്രൂരതയുടെ മുഖം മാധ്യമങ്ങള്‍ അഴിച്ചുവച്ചു. വിനോദയാത്രയ്ക്കെന്നു പറഞ്ഞ് ഇയാളുടെ കൈയില്‍ നിന്ന് ഇന്നോവ മറ്റുള്ളവര്‍ സംഘടിപ്പിക്കുകയായിരുന്നു എന്ന പ്രചാരവേലയുണ്ടായി. റഫീക്ക് നാടുവിട്ടെന്നും മറ്റും ആധികാരികമായി വാര്‍ത്തയും പ്രചരിപ്പിച്ചു. എന്നാല്‍, ഇയാള്‍ വടകര കോടതിയില്‍ എത്തിച്ചേരുന്നു. കോടതിയില്‍ വെറുതെ നിന്ന ഇയാളെ പൊലീസ് തന്നെ കോടതിയില്‍നിന്ന് പുറത്താക്കുന്ന സംഭവവും അരങ്ങേറി. പലരുടെയും മൊഴി എന്ന പേരില്‍ പലതും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. യഥാര്‍ഥത്തില്‍ അവര്‍ നല്‍കിയ മൊഴി അതില്‍നിന്ന് ഏറെ വ്യത്യസ്തമാണ് എന്നാണ് അവരെ നേരില്‍ കണ്ടവരോട് പൊലീസ് കസ്റ്റഡിയിലുള്ള പലരും പറഞ്ഞത്. ഇത്തരത്തില്‍ വസ്തുതകളെ വളച്ചൊടിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്ന തന്ത്രമാണ് അവതരിപ്പിക്കപ്പെട്ടത്. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ സത്യമായിത്തീരുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് പയറ്റിയത്.

തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത വാര്‍ത്തകള്‍ തിരസ്കരിക്കുക എന്നതും മാധ്യമങ്ങളുടെ രീതിയായിരുന്നു. അതിന്റെ ഉദാഹരണമാണ് ചിലരെ പ്രതിയാക്കണം എന്ന നിര്‍ദേശത്തെ അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ എതിര്‍ക്കുകയും അതിന്റെ ഫലമായി അന്വേഷണ സംഘത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായി എന്നുമുള്ള വാര്‍ത്ത ഒരു ദൃശ്യമാധ്യമം ആദ്യം സംപ്രേഷണംചെയ്യുകയും പിന്നീട് ചില ഇടപെടലുകളുടെ ഫലമായി മാറ്റുകയുംചെയ്തത്. ഇങ്ങനെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വിസ്താരഭയത്താല്‍ നീട്ടുന്നില്ല. ഈ വാര്‍ത്തകളെല്ലാം സത്യസന്ധമായി പരിശോധിക്കുമ്പോള്‍ ആധികാരികം എന്നു പറഞ്ഞു നടത്തിയിട്ടുള്ള കണ്ടെത്തലുകള്‍ എത്രയേറെ അസംബന്ധമായിരുന്നു എന്ന് വ്യക്തമാണ്. ഓരോ ദിവസവും സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ കഥകള്‍ ചമയ്ക്കുകയും പിറ്റേദിവസം ആധികാരികമായിത്തന്നെ അത് തിരുത്തി വീണ്ടും സിപിഐ എമ്മിനെതിരെ പുതിയ കഥകളുമായി രംഗത്തിറങ്ങുകയുമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ റിപ്പോര്‍ട്ടിങ് മാധ്യമരംഗത്തെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് കേരളത്തിലെ മാധ്യമങ്ങളുടെ സ്വഭാവം മനസിലാക്കുന്നതിന് ഏറെ സഹായകമാകും. (അവസാനിക്കുന്നില്ല)

*
പിണറായി വിജയന്‍ ദേശാഭിമാനി 07 ജൂണ്‍ 2012

Part II

Part III 

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ടി പി ചന്ദ്രശേഖരന്റെ ദാരുണവധം അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ഒന്നാണെന്നും ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന ആവശ്യവും പാര്‍ടി ആ ഘട്ടത്തില്‍ത്തന്നെ മുന്നോട്ടുവച്ചു. മാത്രമല്ല, ഈ സംഭവത്തില്‍ പാര്‍ടിക്ക് ഒരു ഉത്തരവാദിത്തവുമില്ല എന്ന കാര്യവും എടുത്തുപറഞ്ഞു. എന്നാല്‍, ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവച്ച് അതുവഴി തങ്ങള്‍ ചെന്നുപെട്ട പ്രതിസന്ധിയെ മറികടക്കാനാകുമോ എന്നായിരുന്നു യുഡിഎഫ് നേതൃത്വം പരിശ്രമിച്ചത്. സിപിഐ എം ആണ് ഇതിന് ഉത്തരവാദിയെന്ന് ഉടന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. മാത്രമല്ല മെയ് അഞ്ചിന് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും രമേശ് ചെന്നിത്തലയും ആഹ്വാനംചെയ്തു.