Saturday, June 2, 2012

വിദേശ സര്‍വകലാശാലകള്‍ക്ക് പിന്‍വാതില്‍ പ്രവേശനം അനുവദിക്കരുത്

വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയിലേയ്ക്ക് പിന്‍വാതിലിലൂടെ പ്രവേശനം ഒരുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാക്കി. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (പ്രവേശന നിയന്ത്രണവും പ്രവര്‍ത്തനവും) ബില്‍ 2010 രാജ്യസഭയില്‍ പാസാക്കിയെടുക്കാനാവില്ലെന്ന വസ്തുതയാണ് ഇത്തരമൊരു നീക്കത്തിനു പിന്നില്‍. ഇതിനുവേണ്ടി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ പ്രത്യേക യോഗം ഇന്ന്, ജൂണ്‍ 2 ന്, വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. കേന്ദ്ര മാനവശേഷി വികസനവകുപ്പ് മന്ത്രി കപില്‍ സിബലിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഈ അസാധാരണ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. കീഴ്‌വഴക്കങ്ങളും മാനദണ്ഡങ്ങളും മറികടന്നാണ് തിടുക്കത്തില്‍ യോഗം വിളിച്ചിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കപില്‍ സിബല്‍ തന്ത്രപ്രധാനമായ ഇന്ത്യ-യു എസ് ചര്‍ച്ചകള്‍ക്ക് ഈ മാസം വാഷിംഗ്ടണിലേയ്ക്കു പുറപ്പെടുന്നതിന്റെ മുന്നോടിയായാണ് യു ജി സി യുടെ പ്രത്യേക യോഗം ചേരുന്നത്. നിയമനിര്‍മാണത്തിലൂടെ നിയമവിധേയമായി വിദേശ സര്‍വകലാശാലകള്‍ക്കായി ഇന്ത്യയുടെ വാതില്‍ യഥേഷ്ടം തുറക്കാനാവില്ലെന്ന ബോധ്യത്തിലാണ് വളയമില്ലാചാട്ടത്തിനു കേന്ദ്രസര്‍ക്കാര്‍ മുതിരുന്നത്. കേന്ദ്ര സര്‍ക്കാരും മാനവശേഷി വികസന വകുപ്പു മന്ത്രി കപില്‍ സിബലും നടത്തുന്നത് നഗ്നമായ അമേരിക്കന്‍ ദാസ്യവൃത്തിയാണെന്ന് ആര്‍ക്കും സംശയം വേണ്ടതില്ല.

അത്യന്തം ഉദ്ഗ്രഥിതമായ ആഗോളഗ്രാമമായി നമ്മുടെ ലോകം മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് അനിഷേധ്യമായ വസ്തുതയാണ്. വിപണിയും തൊഴില്‍ വിപണിയും പ്രാദേശികതയുടെയും ദേശീയതയുടെയും അതിര്‍വരമ്പുകളെ അതിജീവിച്ചിരിക്കുന്നു. വിവരവും വിജ്ഞാനവും വിദ്യാഭ്യാസവും ആഗോളസമ്പത്തായിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസരംഗത്തും തദനുസൃതമായ പരിഷ്‌ക്കാരങ്ങളും മാറ്റങ്ങളും അവഗണിക്കാനാവാത്തവയാണ്. ഏറെ കരുതലോടെയും അനിവാര്യമായ നിയന്ത്രണ സംവിധാനങ്ങളോടെയും സമീപിക്കേണ്ട സുപ്രധാന മേഖലകളിലൊന്നാണിത്. മറ്റുപല മേഖലകളിലുമെന്നതുപോലെ ചൈനയ്ക്കു തൊട്ടുപിന്നില്‍ രണ്ടാമത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സംവിധാനമാണ് ഇന്ത്യയുടേത്. പ്രഫഷണല്‍ രംഗങ്ങള്‍ മുതല്‍ വിദഗ്ധ തൊഴിലാളികള്‍ വരെ അനേകായിരം തൊഴിലന്വേഷകരെ ലോകതൊഴില്‍ വിപണിക്കു സംഭാവന ചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ലോകതൊഴില്‍ വിപണിയില്‍ മത്സരിക്കാന്‍ പ്രാപ്തമായ മനുഷ്യവിഭവശേഷി വികസിപ്പിച്ചെടുക്കുക എന്നത് നമ്മുടെ പ്രാഥമിക സാമൂഹ്യഉത്തരവാദിത്വങ്ങളില്‍ ഒന്നാണ്. അതിന് അനുയോജ്യമായ ഒരു വിദ്യാഭ്യാസ സംവിധാനം നിരന്തരമായും കാലോചിതമായും നവീകരിക്കുക എന്നതും അനിവാര്യമാണ്. നവീകരണം നിലവിലുള്ളതിനെ പൂര്‍ണമായി നിരാകരിക്കലാവരുത്. നിലവിലുള്ള എല്ലാ നന്മകളെയും മേന്മകളെയും പൂര്‍ണമായി സംരക്ഷിച്ചുകൊണ്ട് പുത്തന്‍ പ്രവണതകളെയും യാഥാര്‍ഥ്യങ്ങളെയും സ്വാംശീകരിക്കുന്നതായിരിക്കണം ആ പ്രക്രിയ. യു പി എ സര്‍ക്കാര്‍ വിദേശ സര്‍വകലാശാലകളെ ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് അത്തരം ഒരു കാഴ്ചപ്പാടോടെയാണോ എന്നതാണ് പല കേന്ദ്രങ്ങളിലും ഉയരുന്ന ആശങ്കയുടെ അന്തസത്ത.

ഉദാരീകരണപൂര്‍വ ഇന്ത്യന്‍ വിദ്യാഭ്യാസരംഗം മുന്‍വച്ചിരുന്ന മുഖ്യലക്ഷ്യം സാമൂഹ്യവും സാമ്പത്തികവുമായ വിവേചനങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കുമപ്പുറം എല്ലാ ജനവിഭാഗങ്ങള്‍ക്കും മികച്ച വിദ്യാഭ്യാസവും അതുവഴി സാമൂഹ്യനീതിയും ഉറപ്പുവരുത്തുക എന്നതാണ്. ആ സാമൂഹ്യലക്ഷ്യത്തിലേയ്ക്ക് നിര്‍ണായകമായ കാല്‍വെയ്പ് നടത്താന്‍ നമുക്കായില്ല എന്നതാണ് അസ്വസ്ഥജനകമായ യാഥാര്‍ഥ്യം. ഉദാരീകരണ സാമ്പത്തികനയങ്ങള്‍ വിദ്യാഭ്യാസരംഗത്തും കനത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. രണ്ടു പതിറ്റാണ്ടുകാലത്തെ ഉദാരീകരണ നയങ്ങള്‍ സാമൂഹ്യ സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച അനീതികളുടെയും വരേണ്യവല്‍ക്കരണത്തിന്റെയും പ്രതിഫലനം വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ കടുത്തതും ദീര്‍ഘകാലം സ്വാധീനം ചെലുത്തുന്നതുമാണ്. പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെ ഈ മേഖലയാകെ സ്വകാര്യവല്‍ക്കരണത്തിന്റെയും കച്ചവടവല്‍ക്കരണത്തിന്റെയും കേളീരംഗമായി മാറിയിരിക്കുന്നു. പൊതുവിദ്യാഭ്യാസ രംഗത്തെ അവഗണിക്കുന്നതും തകര്‍ക്കുന്നതുമായ നയമാണ് ആധിപത്യം പുലര്‍ത്തുന്നത്. മറ്റേതുരംഗത്തുമെന്നതുപോലെ പണം കൊടുത്താല്‍ മാത്രം ലഭ്യമാകുന്ന ഒന്നായി വിദ്യാഭ്യാസം മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ ലക്ഷ്യങ്ങള്‍ അപ്പാടെ നിരാകരിക്കപ്പെടുന്നു. കച്ചവടക്കാര്‍ നിശ്ചയിക്കുന്ന വിലനല്‍കാന്‍ കഴിയാത്തവര്‍ക്ക് നിഷേധിക്കപ്പെടുന്ന വില്‍പനചരക്കായി വിദ്യാഭ്യാസം മാറുകയാണ്. മത്സരബുദ്ധിയോടെ മറ്റുമാര്‍ഗമേതുമില്ലാതെ വിദ്യാഭ്യാസവായ്പ നേടുന്ന തലമുറ അമേരിക്കയിലും യൂറോപ്പിലുമെന്നപോലെ യൗവനകാലത്ത് തന്നെ കടക്കെണിയില്‍ അകപ്പെടുന്നു. വിദേശ സര്‍വകലാശാലകളുടെ കടന്നുവരവ് ഈ സ്ഥിതി വിശേഷത്തെ രൂക്ഷതരമാക്കുമെന്ന് സമൂഹത്തിലെ ഭൂരിപക്ഷവും ഭയപ്പെടുന്നു.

ആഗോളപ്രശസ്തമായ സര്‍വകലാശാലകള്‍ രാജ്യത്തേക്കു കടന്നുവരുമെന്ന പ്രതീക്ഷയാണ് അത്തരമൊരു നീക്കത്തിന്റെ പ്രയോജകര്‍ മുന്‍വെയ്ക്കുന്നത്. ഈ പ്രതീക്ഷ തികച്ചും അസ്ഥാനത്താണ്. നിയമത്തിന്റെ പിന്‍ബലവും നിയന്ത്രണസംവിധാനങ്ങളും കൂടാതെ പിന്‍വാതിലിലൂടെ കടന്നുവരാന്‍ പ്രശസ്ത സര്‍വകലാശാലകള്‍ തയ്യാറാവുമെന്നു ആരെങ്കിലും കരുതുന്നെങ്കില്‍ അത് മൗഡ്യമാണ്. അത്തരം സര്‍വകലാശാലകളെ അവ ഇപ്പോള്‍ അനുഭവിച്ചുപോരുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയത് അവ ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യബോധവും അവയോടുള്ള പ്രതിബദ്ധതയുമാണ്. യു പി എ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന പിന്‍വാതില്‍ പ്രവേശനം ആ മൂല്യബോധത്തിനു നിരക്കുന്നതല്ല. പിന്‍വാതിലിലൂടെ കടന്നുവരിക കള്ളനാണയങ്ങളായിരിക്കും. ഉന്നത സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും പകരം വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളും അവരുടെ 'ടീച്ചിംഗ് ഷോപ്പുകള്‍'ക്കുമായിരിക്കും നാം വാതില്‍ തുറക്കുക. അമേരിക്കയിലും ഓസ്‌ട്രേലിയയിലുമടക്കം പാശ്ചാത്യലോകത്ത് വര്‍ണവെറിയും തട്ടിപ്പും കൈമുതലാക്കിയ സ്ഥാപനങ്ങള്‍ക്കായിരിക്കും നാം പരവതാനി  വിരിക്കുക. അവരുടെ കച്ചവട തന്ത്രത്തിനിരകളാവുന്ന തലമുറകള്‍ കരകയറാന്‍ പറ്റാത്ത കടക്കെണിയിലേയ്ക്കായിരിക്കും നിപതിക്കുക. വിദ്യാഭ്യാസ മികവിന്റെയും ആഗോള മത്സരാത്മകതയുടെയും പേരില്‍ തലമുറകളെ ഇരകളാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സര്‍വശക്തിയും സമാഹരിച്ച് ചെറുക്കപ്പെടേണ്ടതാണ്.

*
ജനയുഗം മുഖപ്രസംഗം 02 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...