Friday, June 29, 2012

കര്‍ഷകന് വട്ടപ്പൂജ്യം ഐഎംഎഫിന് 56000 കോടി

സ്വന്തം ജനത പട്ടിണിയിലും ദാരിദ്ര്യത്തിലുംപെട്ട് ഉഴലുന്നതിലല്ല, മറിച്ച് യൂറോമേഖല സാമ്പത്തികപ്രതിസന്ധി നേരിടുന്നതിലാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് കുണ്ഠിതം. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഫണ്ട് അനുവദിക്കുന്നതിലല്ല, യൂറോമേഖലയെ കരകയറ്റാന്‍ വന്‍തുക അനുവദിക്കുന്നതിലാണ് അദ്ദേഹത്തിന് താല്‍പ്പര്യം.

മെക്സിക്കോയിലെ ലോസ് കാബോസില്‍ നടന്ന ജി- 20 ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗം ഇന്ത്യക്ക് പത്തു ബില്യണ്‍ ഡോളറാണ് നഷ്ടപ്പെടുത്തുന്നത്. അന്താരാഷ്ട്ര നാണയനിധിക്ക് പത്തു ബില്യണ്‍ ഇന്ത്യയുടെ സംഭാവനയായി നല്‍കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. യൂറോമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനാണ് ഇത്. പത്തു ബില്യണ്‍ ഡോളര്‍ എന്നുപറഞ്ഞാല്‍ 56,000 കോടി രൂപ! ഇന്ത്യക്ക് താങ്ങാവുന്ന തുകയാണോ ഇത്?

യൂറോമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിന് ആരും എതിരല്ല. കരകയറ്റുന്നത് സ്വയം കരകയറിയിട്ടാകണം; സ്വയം മുങ്ങിത്താഴ്ന്നുകൊണ്ടാകരുത് എന്നുമാത്രം. ഐഎംഎഫിലേക്ക് ഇന്ത്യ അടയ്ക്കാനുള്ള തുകയില്‍ വീഴ്ചവരുത്തിയാല്‍ ആ നിമിഷം ഐഎംഎഫ് ഇന്ത്യയുടെ കഴുത്തിനുപിടിക്കും. ഈ അവസ്ഥ നിലനില്‍ക്കെയാണ് ഇന്ത്യ ഐഎംഎഫിലേക്ക് നിരുപാധികമായ ദാനം നടത്തുന്നത്! സായിപ്പന്മാരുടെ നിരയില്‍ ചെന്നുനിന്ന വേളയില്‍ കോട്ടും സ്യൂട്ടുമിട്ട നമ്മുടെ പ്രധാനമന്ത്രിക്ക് ദാനധര്‍മിഷ്ഠന്‍ എന്ന ഖ്യാതി കിട്ടിയാല്‍ കൊള്ളാമെന്നുതോന്നി. സമ്പന്ന രാഷ്ട്രങ്ങള്‍ കാട്ടാത്ത ദാനധര്‍മാദികള്‍ ഇന്ത്യക്കുവേണ്ടിയെന്നോണം മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. എത്ര കരുണാമയനായ പ്രധാനമന്ത്രി എന്ന് ഐഎംഎഫ് തലവന്മാര്‍ മന്‍മോഹന്‍സിങ്ങിനെ ശ്ലാഘിച്ചു. ഇന്ത്യയിലെ സാധാരണക്കാരന്റെയും അതിദരിദ്രന്റെയും പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയെടുക്കുന്ന പണമാണ് ഡോളറാക്കി ഐഎംഎഫിനു മുമ്പില്‍ അന്താരാഷ്ട്രവേദിയില്‍വച്ച് മന്‍മോഹന്‍സിങ് വാരിവിതറിയത്. വിലക്കയറ്റംകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ പൊറുതിമുട്ടുന്നു; കടക്കെണിയില്‍പ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുന്നു. പൊള്ളുന്ന ഈ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന് മറയിടാന്‍ മന്‍മോഹന്‍സിങ് കണ്ട മാര്‍ഗംകൊള്ളാം.

ലോകത്തെ മൊത്തം വരുമാനത്തിന്റെ 80 ശതമാനം കൈയടക്കിവച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ തലവന്മാര്‍ നിശബ്ദരായിരിക്കുന്ന വേളയിലാണ് ഈ ദരിദ്രരാജ്യത്തുനിന്ന് ചെന്ന് 56,000 കോടിയുടെ സഹായപ്രഖ്യാപനം നടത്തി മന്‍മോഹന്‍സിങ് കൈയടി വാങ്ങാന്‍ ശ്രമിച്ചത്. ആ കൈയടിയില്‍ അമര്‍ന്നുതാഴുന്നതല്ല ഇന്ത്യയില്‍ ജീവിക്കാന്‍ പെടാപ്പാടുപെടുന്നവരുടെ കൂട്ടനിലവിളി. ഇപ്പോള്‍ ഐഎംഎഫിന് നല്‍കുന്ന ഭീമമായ തുകയുടെ പകുതി മതിയായിരുന്നു ഇന്ത്യയിലെ വെട്ടിക്കുറച്ച പ്രധാന സബ്സിഡികളാകെ പുനഃസ്ഥാപിക്കാന്‍. കഴിഞ്ഞ പൊതുബജറ്റിലൂടെ പെട്രോളിയംരംഗത്ത് 24,901 കോടി രൂപയുടെ സബ്സിഡിയാണ് വെട്ടിക്കുറച്ചത്. രാസവളരംഗത്ത് 6225 കോടിയുടെയും ഭക്ഷ്യധാന്യരംഗത്ത് 2177 കോടിയുടെയും സബ്സിഡിയാണ് വെട്ടിക്കുറച്ചത്. ഇപ്പോള്‍ 56,000 കോടി രൂപയാണല്ലോ യൂറോമേഖലയെ രക്ഷിക്കാന്‍ ദാനംചെയ്യുന്നത്. 28,929 കോടി രൂപയുണ്ടായിരുന്നെങ്കില്‍ ഈ സബ്സിഡികളെല്ലാം പൂര്‍ണമായും പുനഃസ്ഥാപിക്കാമായിരുന്നു. രാസവളത്തിന്റെയും പാചകവാതകത്തിന്റെയും ഭക്ഷ്യധാന്യത്തിന്റെയും ഒക്കെ വിലക്കയറ്റം പിടിച്ചുനിര്‍ത്താമായിരുന്നു; പട്ടിണി നിയന്ത്രിക്കാമായിരുന്നു; കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് രക്ഷിക്കാമായിരുന്നു. പക്ഷേ, ഐഎംഎഫിന് ദാനംചെയ്യാനല്ലാതെ മന്‍മോഹന്‍സിങ്ങിന്റെ കൈവശം പണമില്ല ഇക്കാര്യങ്ങള്‍ക്കൊന്നും! ഡോ. മന്‍മോഹന്‍സിങ് രാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ ജീവിതസാഹചര്യമറിഞ്ഞ് വളര്‍ന്നുവന്നയാളല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വ്യക്തിപരമായി ജനങ്ങളുടെ നാഡിമിടിപ്പ് അറിഞ്ഞുകൂടാ. ജനജീവിത ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുമില്ല. ഇത് വ്യക്തിപരമായി അദ്ദേഹത്തിന്റെ നില. ഇനി രാഷ്ട്രീയം നോക്കിയാലോ? കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ് അദ്ദേഹത്തെ നയിക്കുന്നത്. ആ രാഷ്ട്രീയം സാധാരണക്കാരെയും പാവപ്പെട്ടവരെയുംകുറിച്ച് അല്‍പ്പമെങ്കിലും കരുതലുള്ള ഒന്നല്ല. ഇത് രണ്ടുംചേര്‍ന്നാല്‍ എന്താപത്താണുണ്ടാവുക എന്നത് ആവര്‍ത്തിച്ച് തെളിയുകയാണിവിടെ.

യൂറോമേഖലയ്ക്ക് എന്നുപറഞ്ഞ് ഐഎംഎഫിനെ കൊഴുപ്പിക്കാന്‍ ശ്രമിക്കുന്ന മന്‍മോഹന്‍സിങ് കോര്‍പറേറ്റ് മേഖലയെയും അതേപോലെ കൊഴുപ്പിക്കുന്നുണ്ട്. പെട്രോളിയം, രാസവളം, ഭക്ഷ്യധാന്യം എന്നീ ഇനങ്ങളില്‍ മാത്രമായി 28,929 കോടിയുടെ സബ്സിഡി ഒറ്റവര്‍ഷംകൊണ്ട് വെട്ടിക്കുറച്ച ഇതേ മന്‍മോഹന്‍സിങ് ഭരണമാണ് ഒറ്റവര്‍ഷംകൊണ്ടുതന്നെ കോര്‍പറേറ്റ് മേഖലയ്ക്കുള്ള സബ്സിഡി 69,727 കോടി രൂപ കണ്ട് ഉയര്‍ത്തിക്കൊടുത്തത്. കര്‍ഷകനില്ലാത്ത സബ്സിഡി കോര്‍പറേറ്റ് വമ്പന്മാര്‍ക്ക്! ഉപഭോക്താക്കളുടെമേല്‍ വന്നുവീഴുന്ന പരോക്ഷനികുതിയില്‍ ഒറ്റ ബജറ്റിലൂടെ 45,940 കോടി രൂപയുടെ വര്‍ധന വരുത്തിയ സര്‍ക്കാരാണിത്. പ്രോവിഡന്റ് ഫണ്ട് പലിശ 9.5 ശതമാനമായിരുന്നത് 8.25 ശതമാനമാക്കിച്ചുരുക്കി ജീവനക്കാരുടെ വിയര്‍പ്പുകാശുപോലും കൊള്ളയടിക്കുന്ന സര്‍ക്കാര്‍. അങ്ങനെ ജനങ്ങള്‍ക്ക് ദുസ്സഹഭാരങ്ങളല്ലാതെ തരിമ്പും ഇളവുനല്‍കാത്ത ഭരണമാണിത്. കോര്‍പറേറ്റുകള്‍ക്കുള്ള സബ്സിഡി 69,727 കോടികണ്ട് വര്‍ധിപ്പിച്ചു. അവരില്‍നിന്നുകിട്ടേണ്ട 5,29,432 കോടി രൂപ ഒറ്റയടിക്ക് എഴുതിത്തള്ളിയും ഈ ഭരണം അതിന്റെ കോര്‍പറേറ്റ് പക്ഷപാതിത്വം പ്രകടമാക്കി. ഇപ്പോഴിതാ പാവപ്പെട്ട ഇന്ത്യക്കാരെ പിഴിഞ്ഞുണ്ടാക്കുന്ന സത്തില്‍നിന്ന് 56,000 കോടിയെടുത്ത് ഐഎംഎഫിന് ദാനംചെയ്ത് അന്താരാഷ്ട്രവേദിയില്‍ പ്രധാനമന്ത്രി തന്റെ പേരും പെരുമയും വര്‍ധിപ്പിക്കാന്‍ നോക്കുകകൂടി ചെയ്യുന്നു. തിരിച്ചറിയപ്പെടേണ്ടതാണ് യുപിഎ സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങളും പക്ഷപാതിത്വങ്ങളും.

*
ദേശാഭിമാനി മുഖപ്രസംഗം 29 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വന്തം ജനത പട്ടിണിയിലും ദാരിദ്ര്യത്തിലുംപെട്ട് ഉഴലുന്നതിലല്ല, മറിച്ച് യൂറോമേഖല സാമ്പത്തികപ്രതിസന്ധി നേരിടുന്നതിലാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് കുണ്ഠിതം. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഫണ്ട് അനുവദിക്കുന്നതിലല്ല, യൂറോമേഖലയെ കരകയറ്റാന്‍ വന്‍തുക അനുവദിക്കുന്നതിലാണ് അദ്ദേഹത്തിന് താല്‍പ്പര്യം.