Monday, June 18, 2012

സാമ്പത്തിക നയങ്ങള്‍ പൊളിച്ചെഴുതണം

2008ലെ സാമ്പത്തിക പ്രതിസന്ധി 1929-33 കാലത്തെ മുതലാളിത്ത സാമ്പത്തികക്കുഴപ്പത്തെപ്പോലെയോ അതിലേറെയോ ഗുരുതരമാണെന്നായിരുന്നു അത് വീശിയടിച്ചകാലത്ത് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞിരുന്നത്. മുമ്പൊക്കെ ആനുകാലികമായി സാമ്പത്തികമാന്ദ്യം ഉണ്ടാകുമ്പോള്‍ അത് ഗുരുതരമായി ബാധിക്കാത്ത ഏതെങ്കിലും ഒരു സാമ്രാജ്യത്വ ശക്തി ഉണ്ടാകാറുണ്ട്. രണ്ടാം ലോക യുദ്ധത്തിനുമുമ്പ് അത് ബ്രിട്ടനായിരുന്നു. യുദ്ധത്തിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യം ആ ദ്വീപുകളിലേക്ക് ഒതുങ്ങിയപ്പോള്‍ അമേരിക്ക ആ സ്ഥാനമേറ്റു. ഇപ്പോള്‍ എല്ലാ സാമ്രാജ്യശക്തികളെയും പ്രതിസന്ധി ഒരുപോലെ പിടികൂടിയിരിക്കുന്നു.

2008ലെ പ്രതിസന്ധിയില്‍നിന്ന് മുതലാളിത്തലോകം കരകയറുന്നതിനുമുമ്പാണത്. യഥാര്‍ത്ഥത്തില്‍ അന്ന് പ്രതിസന്ധി ഉണ്ടായതിന് ഒരു പ്രധാനകാരണം ലാഭക്കൊതിമൂത്ത ബഹുരാഷ്ട്ര കുത്തകകളും മറ്റും ബിസിനസും ലാഭവും വര്‍ദ്ധിപ്പിക്കുന്നതിനായി വേണ്ടത്ര സുരക്ഷിതമായ ഈടില്ലാതെ വന്‍തോതില്‍ കടംകൊടുത്തതാണ്. തന്മൂലം പൊട്ടിപ്പാളീസായ കൊലകൊമ്പന്‍ ധനകാര്യസ്ഥാപനങ്ങളെ-ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ മുതലായവ-രക്ഷിക്കാന്‍ സാമ്രാജ്യത്വ ഗവണ്‍മെന്റുകള്‍ വന്‍തുകകള്‍ കടംവാങ്ങി അവയ്ക്കു നല്‍കി. അങ്ങനെ സ്വകാര്യ കുത്തകകളുടെ കടബാദ്ധ്യത ഓരോരോ സര്‍ക്കാരുകള്‍ക്കായി. ഗ്രീസ്, സ്പെയിന്‍, ഇറ്റലി, അയര്‍ലണ്ട് മുതലായ യൂറോപ്യന്‍ രാജ്യങ്ങള്‍ കടക്കെണിയിലാകാന്‍ ഇതാണ് കാരണം. ഇതിനെ തുടര്‍ന്നാണ് യൂറോപ്പിലെ ഏക നാണയമായ യൂറോ കുഴപ്പത്തിലായത്. മേല്‍പറഞ്ഞ രാജ്യങ്ങളുടെ, അവിടങ്ങളിലെ സ്വകാര്യ ബാങ്കുകളുടെ ബാദ്ധ്യത യൂറോപ്യന്‍ യൂണിയന്‍ ഏറ്റെടുത്തില്ലെങ്കില്‍ യൂറോ തകരും. അതിന്റെ ആഘാതം കൂടിയും കുറഞ്ഞുമുള്ള തോതുകളില്‍ യൂറോപ്യന്‍ യുണിയന്‍ (ഇയു) രാജ്യങ്ങളില്‍ മാത്രമല്ല, ലോകരാജ്യങ്ങളിലാകെ ഉണ്ടാകും. ഇപ്പോള്‍തന്നെ ഇ യു രാജ്യങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നതിലും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അമേരിക്കയെയും ഏഷ്യന്‍, ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ മേഖലകളിലെ നിരവധി രാജ്യങ്ങളെയും അത് ബാധിച്ചിട്ടുണ്ട്.

ഗ്രീസിലെ പ്രതിസന്ധി മൂര്‍ഛിച്ചാല്‍ അതിന്റെ ആഘാതം യൂറോപ്പില്‍ കലശലായി ഉണ്ടാകും. മറ്റ് വന്‍കരകളെയും അത് ബാധിക്കും. സ്വാഭാവികമായി അത് ഇന്ത്യയെയും ബാധിക്കും. ആഗോളവല്‍ക്കരണനയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ കമ്പോളമാകെ വിദേശക്കുത്തകകള്‍ക്ക് തുറന്നുകൊടുത്തതിന്റെ ദുരന്തമാണത്. ഇങ്ങനെ തുറന്നുകൊടുത്താന്‍ വിദേശമൂലധനം ഇങ്ങോട്ടൊഴുകും. അത് വികസനമേഖലകളില്‍ നിക്ഷേപിക്കപ്പെടും. തല്‍ഫലമായി സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചത്തോത് ഗണ്യമായി ഉയരും എന്നൊക്കെയായിരുന്നു പ്രവചനങ്ങള്‍. ഇന്ത്യയുടെ വളര്‍ച്ച 2000നുശേഷം 2008 വരെ ഗണ്യമായി വര്‍ദ്ധിച്ചു എന്നത് നേരാണ്. എന്നാല്‍, അതുമൂലം ഉണ്ടാക്കപ്പെട്ട പുതിയ സമ്പത്തില്‍ ഏറിയഭാഗവും വിദേശികളടക്കമുള്ള സ്വകാര്യ കുത്തകകളാണ് കയ്യടക്കിയത്. രാജ്യത്തെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഗുരുതരമായി വര്‍ധിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ വിദേശ മൂലധനം വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നതാണ് രൂപയുടെ കൈമാറ്റവിലയും വളര്‍ച്ചത്തോതും കുത്തനെ ഇടിയാന്‍ ഇടയാക്കിയത്. ഈ പ്രതിസന്ധിയെക്കുറിച്ച് വിദേശികള്‍ ഉള്‍പ്പെടെയുള്ള വന്‍ കുത്തകകള്‍ക്ക് ആശങ്കയുണ്ട്. രാജ്യത്തെ ജനസാമാന്യത്തിനും തൊഴില്‍ സുരക്ഷ, ഭക്ഷ്യസുരക്ഷ, സാമൂഹ്യസുരക്ഷ മുതലായവ സംബന്ധിച്ചും ആശങ്കയുണ്ട്.

വന്‍കിടക്കാര്‍ ആവശ്യപ്പെടുന്നത് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നാണ്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകംപോലുള്ള സാര്‍വത്രിക ഉപഭോഗവസ്തുക്കളുടെ വില വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതേസമയം ചില്ലറ വ്യാപാരരംഗം പലവിധ ചരക്കുകള്‍ വില്‍ക്കുന്ന വിദേശികള്‍ക്കും തുറന്നുകൊടുക്കണം, പ്രതിരോധമേഖലയിലും സ്വകാര്യമൂലധനത്തെ അനുവദിക്കണം. പലതരം നികുതിഇളവുകള്‍ വന്‍കിടക്കാര്‍ക്ക് അനുവദിക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു. ഇത്തവണത്തെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ അഞ്ചുലക്ഷംകോടി രൂപയുടെ നികുതി ഇളവുകള്‍ ഇവര്‍ക്കായി അനുവദിച്ചതിനുപുറമെയാണ് ഈ ആവശ്യങ്ങള്‍. ഇതെല്ലാം ചെയ്താല്‍ ഇന്ത്യയുടെ വളര്‍ച്ചത്തോതും ജിഡിപിയും വിദേശനാണയ മിച്ചവും വര്‍ദ്ധിപ്പിക്കാം എന്നാണ് കുത്തകകളുടെ വാഗ്ദാനം. തല്‍ഫലമായി ദാരിദ്ര്യം ലഘൂകരിക്കപ്പെടുമെന്നോ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നോ ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള സുരക്ഷകള്‍ ഉറപ്പാക്കപ്പെടുമെന്നോ അവരാരും പറയുന്നില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുപിഎ ഗവണ്‍മെന്റ് അങ്ങനെ ഉറപ്പുനല്‍കുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കാലത്തും അങ്ങനെ പണക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാം എന്നതാണ് ഇന്ത്യയിലെയും വിദേശങ്ങളിലെയും സമ്പന്നരുടെ ബിസിനസ് സംഘടനകള്‍ ആലോചിക്കുന്നത്. അതിനുപറ്റിയ പരിപാടിയാണ് അവര്‍ അവതരിപ്പിക്കുന്നത്. അത് അംഗീകരിക്കാനുള്ള സമ്മര്‍ദ്ദമാണ് യുപിഎ ഗവണ്‍മെന്റിന്റെയും അതിലെ ഘടകകക്ഷികളുടെയുംമേല്‍ മുതലാളിവര്‍ഗ്ഗം ചെലുത്തുന്നത്. അവര്‍ വാദിക്കുന്നത് ഗവണ്‍മെന്റിന്റെമുമ്പില്‍ ഇതല്ലാതെ മറ്റൊരു പോംവഴിയുമില്ല എന്നാണ്. എന്നാല്‍, സാമ്പത്തികമാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെയ്യേണ്ടുത് തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും മറ്റും തൊഴിലുകളും വരുമാനവും നഷ്ടപ്പെടുന്നത് തടയുകയാണ്. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തണം. അതിന് ആവശ്യമായ വിഭവസമാഹരണം സമ്പന്ന വിഭാഗങ്ങളില്‍ ഊന്നിക്കൊണ്ട് സര്‍ക്കാര്‍ നടത്തണം. വിദേശമൂലധനം ഇറക്കി നടത്തുന്ന സ്ഥാപനങ്ങളുടെ ലാഭം ഇവിടെതന്നെ നിക്ഷേപിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം.

സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ നേട്ടം മുഴുവന്‍ വന്‍ പണക്കാര്‍-വിശേഷിച്ച് വിദേശകുത്തകകള്‍-നേടുന്നത് തടയണം. അതിന് ഉപകരിക്കുന്ന സാമ്പത്തികനയമാണ് ഈ പ്രതിസന്ധിയുടെ വേളയില്‍ നടപ്പാക്കപ്പെടേണ്ടത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള കുത്തകകളുടെ വിമര്‍ശനം, മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് ഘടകകക്ഷികളുടെ സമ്മര്‍ദ്ദവും സിങ്ങിന്റെയും സോണിയയുടെയും പിടിപ്പുകേടുംകൊണ്ട് അവര്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാത്തതാണ്. ജനങ്ങളെ മുച്ചൂടും കൊള്ളചെയ്യാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ അവര്‍ക്ക് നല്‍കാത്തതാണ് അവരുടെ വിമര്‍ശനത്തിന് ആധാരം. കോണ്‍ഗ്രസിലോ ബിജെപിയിലോ തങ്ങള്‍ക്ക് അനുകൂലമായി ജനവിധി നല്‍കാന്‍ ശേഷിയുള്ള നേതാക്കള്‍ ഇല്ലാത്തതില്‍ അവര്‍ ഖിന്നരാണ്. അതുകൊണ്ട് അവര്‍ ഇന്ത്യയെ ശപിക്കുന്നു; എങ്ങും മുതലാളിത്തത്തിന് ഇരുണ്ട ഭാവിമാത്രം കാണുന്നതില്‍ ലോകത്തെ പഴിക്കുന്നു. ഇതിനര്‍ത്ഥം ലോകമാകെ തകരാന്‍പോകുന്നു എന്നല്ല. സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും തകര്‍ച്ചയുടെ സൂചനയാണ് ഇപ്പോഴത്തെ പടര്‍ന്നുപിടിക്കുന്ന സാമ്പത്തിക പ്രതിസന്ധി നല്‍കുന്നത്. ഇതിന് മുതലാളിത്തം നിര്‍ദ്ദേശിക്കുന്ന കുറിപ്പടി പ്രയോഗിച്ചാല്‍ സാര്‍വത്രിക നാശമായിരിക്കും ഫലം.

മുതലാളിമാരെ കൊള്ളലാഭം കൊയ്യാന്‍ അനുവദിക്കാത്ത രീതിയില്‍ ജനങ്ങളുടെ ഉല്‍പാദനശേഷി പരമാവധി പ്രയോജനപ്പെടുത്തുകയും അതിന് ന്യായമായ പ്രതിഫലം അവര്‍ക്ക് നല്‍കുകയും ചെയ്താല്‍ രാജ്യത്ത് ഉല്‍പാദനവും ഉപഭോഗവും അതിനാല്‍ സാമ്പത്തിക പ്രവര്‍ത്തനമാകെയും ഊര്‍ജ്ജിതമാകും. മുതലാളിവര്‍ഗ്ഗത്തിന്, പൊതുവില്‍ ചൂഷകര്‍ക്കാകെ, ഗുണകരമായ രീതിയില്‍ സമ്പദ്വ്യവസ്ഥയെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും കൈകാര്യംചെയ്യുന്ന രീതി മാറ്റണം. ജനങ്ങളുടെ നിലനില്‍പ് ഉറപ്പാക്കുന്നതിന് അനുയോജ്യമായ രീതിയില്‍ രാജ്യത്തിന്റെ സാമ്പത്തികനയങ്ങളും നടപടികളുമാകെ പൊളിച്ചെഴുതണം.

*
സി പി നാരായണന്‍ ചിന്ത 22 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2008ലെ സാമ്പത്തിക പ്രതിസന്ധി 1929-33 കാലത്തെ മുതലാളിത്ത സാമ്പത്തികക്കുഴപ്പത്തെപ്പോലെയോ അതിലേറെയോ ഗുരുതരമാണെന്നായിരുന്നു അത് വീശിയടിച്ചകാലത്ത് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞിരുന്നത്. മുമ്പൊക്കെ ആനുകാലികമായി സാമ്പത്തികമാന്ദ്യം ഉണ്ടാകുമ്പോള്‍ അത് ഗുരുതരമായി ബാധിക്കാത്ത ഏതെങ്കിലും ഒരു സാമ്രാജ്യത്വ ശക്തി ഉണ്ടാകാറുണ്ട്. രണ്ടാം ലോക യുദ്ധത്തിനുമുമ്പ് അത് ബ്രിട്ടനായിരുന്നു. യുദ്ധത്തിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യം ആ ദ്വീപുകളിലേക്ക് ഒതുങ്ങിയപ്പോള്‍ അമേരിക്ക ആ സ്ഥാനമേറ്റു. ഇപ്പോള്‍ എല്ലാ സാമ്രാജ്യശക്തികളെയും പ്രതിസന്ധി ഒരുപോലെ പിടികൂടിയിരിക്കുന്നു.