Sunday, June 17, 2012

മാലിന്യ പ്രശ്നത്തിന് പോംവഴി വേണ്ടേ?

വിളപ്പില്‍ശാലയിലും ലാലൂരിലും ബ്രഹ്മപുരത്തും ഞെളിയന്‍ പറമ്പിലും തൊട്ടിപ്പാലത്തും മറ്റും താമസിക്കുന്ന ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആര്‍ക്കും സഹാനുഭൂതിയേ തോന്നൂ. സഹികെട്ട് ഇനി ഇങ്ങോട്ട് ഒരു ചവറു ലോറിയും കൊണ്ടുവരാന്‍ അനുവദിക്കില്ലാ എന്ന് അവര്‍ നിലപാട് എടുത്താലും കുറ്റം പറയാന്‍ പറ്റില്ല. "ഇപ്പൊ ശരിയാക്കാം"എന്ന മട്ടില്‍ കാലാകാലങ്ങളില്‍ അധികാരികള്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. എല്ലാം തല്‍ക്കാലം പ്രശ്നം ഒഴിവാക്കാന്‍ വേണ്ടി നടത്തിയ അഭ്യാസങ്ങള്‍ മാത്രം എന്നാണവരുടെ അനുഭവം.

ഇപ്പോള്‍ അവരുടെ ക്ഷമ നശിച്ചിരിക്കുന്നു; അധികാരസ്ഥാനങ്ങളിലുള്ള വിശ്വാസം നശിച്ചിരിക്കുന്നു. ഈ അവിശ്വാസവും ഇതൊന്നും ശരിയാവില്ല എന്ന ദോഷൈകദൃഷ്ടിയും ഊതിപ്പെരുപ്പിക്കാന്‍ അവസരം മുതലെടുക്കുന്ന നിക്ഷിപ്ത താത്പര്യക്കാരും ചുറ്റുമുണ്ട്. ഇതു വളരെ അപകടകരമായ അവസ്ഥ ആണെന്ന് പറയേണ്ടതില്ലല്ലോ. സൂററ്റിലെപ്പോലെ വന്‍ ദുരന്തം ഉണ്ടായാല്‍ മാത്രമേ നാം പഠിക്കൂ എന്ന് വരുന്നത് സാക്ഷരകേരളത്തിനു ഭൂഷണമല്ല. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ പ്രശ്നപരിഹാര ശ്രമങ്ങളാണ് വേണ്ടത്. "വിളപ്പില്‍ശാല, ഞെളിയന്‍പറമ്പ്, ബ്രഹ്മപുരം തുടങ്ങിയ വലിയ പ്ലാന്റുകള്‍ തന്നെയാണ് പ്രശ്നം; അതിനുപകരം ഉറവിടത്തില്‍ തന്നെ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്ന വികേന്ദ്രീകൃത രീതിയാണ് വേണ്ടത്" എന്ന് പലരും പറയുന്നുണ്ട്. അത് ഒരു പരിധിവരെ ശരിയുമാണ് . മാലിന്യ നിര്‍മാര്‍ജനം പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും അതില്‍ എല്ലാവര്‍ക്കും പങ്കാളിത്തമുണ്ടെന്നുമുള്ള തിരിച്ചറിവ് പ്രധാനമാണ്. ഉറവിടത്തില്‍ തന്നെ അഴുകുന്ന ജൈവ മാലിന്യങ്ങളും അഴുകാത്ത പ്ലാസ്റ്റിക് മുതലായ മാലിന്യങ്ങളും വേര്‍തിരിക്കുക എന്നതാണ് പ്രാഥമിക കര്‍ത്തവ്യം. ഇത് നാം തന്നെ ചെയ്തേ മതിയാവൂ. രണ്ടാമത്തെ ഉത്തരവാദിത്വം, ഭക്ഷണാവശിഷ്ടം മുതലായ ജൈവ മാലിന്യങ്ങള്‍, സാധിക്കുമെങ്കില്‍, നമ്മുടെ പരിസരത്തു തന്നെ സംസ്കരിക്കുക എന്നതാണ്. കംപോസ്റ്റിങ്ങും ബയോഗ്യാസ് പ്ലാന്റും ആണ് സാധാരണ രീതികള്‍. സ്വല്പമെങ്കിലും പറമ്പോ മുറ്റമോ ഉള്ളവര്‍ക്ക് ഇതൊരു പ്രശ്നമേ അല്ല. ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കുപോലും ഇത് ചെയ്യാവുന്നതേ ഉള്ളൂ.

വളരെ ലഘുവായ കംപോസ്റ്റിങ്ങ് രീതികള്‍ ഇപ്പോള്‍ ലഭ്യമാണ്. ഒരു പൈപ്പിലോ ചട്ടിയിലോ ഇത് ചെയ്യാവുന്നതാണ്. അതിന് വേണ്ട സഹായങ്ങള്‍ നല്‍കുക എന്നതാണ് നഗരസഭകള്‍ ചെയ്യേണ്ടത്. എങ്കിലും ഇതുപോലും ചെയ്യാന്‍ സൗകര്യമില്ലാത്ത ചില വീടുകള്‍ കണ്ടേക്കാം. കൂടാതെ, കടകള്‍, ചെറു ഹോട്ടലുകള്‍, ചന്തകള്‍, ഓഫീസുകള്‍, നിരത്തുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും പൊതുവായി ശേഖരിക്കേണ്ടി വന്നേക്കാം. അവയ്ക്കായി പൊതു മാലിന്യ സംസ്കരണ കേന്ദ്രം ഏതൊരു നഗരത്തിലും കൂടിയേ തീരൂ. ഇതിന് പുറമെയാണ് അഴുകാത്ത മാലിന്യങ്ങള്‍. അതില്‍ പ്ലാസ്റ്റിക്കും പാഴ്ക്കടലാസും ലോഹങ്ങളും കുപ്പികളും കണ്ണാടച്ചില്ലുകളും, കൂടാതെ ബാറ്ററി, മരുന്ന്, രാസവസ്തുക്കള്‍ തുടങ്ങിയ അപകടവസ്തുക്കളും ഉണ്ടാകും. ഈ-വേസ്റ്റുകള്‍ എന്ന ഇലക്ട്രോണിക് ചരക്കുകളാണ് വേറൊരു തലവേദന. അവയെല്ലാം വേര്‍തിരിച്ചു ശേഖരിക്കുകയും യോജിച്ച വിധത്തില്‍ കൈകാര്യം ചെയ്യുകയും വേണം. ഇവയില്‍ പലതും വീണ്ടും ഉപയോഗിക്കാവുന്നതും പുനഃചംക്രമണം ചെയ്യാവുന്നതും ആണ്. അവ വീണ്ടെടുക്കുകയും അതിനൊന്നും പറ്റാത്തവ യുക്തമായ വിധത്തില്‍ സംസ്കരിക്കുകയും വേണം. അറവുശാല മാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവ നിര്‍ദിഷ്ട രീതിയില്‍ തന്നെ മറവുചെയ്തേ മതിയാവൂ. ഈ ഉത്തരവാദിത്വങ്ങള്‍ നിയമപരമായിത്തന്നെ പ്രാദേശിക ഭരണകൂടങ്ങളുടെയാണ്. പക്ഷേ മിക്ക നഗരസഭകള്‍ക്കും അതിനുവേണ്ട സാങ്കേതിക വൈദഗ്ദ്ധ്യം ഉണ്ടാവില്ല. ആ ഉത്തരവാദിത്വമാണ് സംസ്ഥാന തലത്തില്‍ ശുചിത്വ മിഷന്‍ നിര്‍വഹിക്കേണ്ടത്. അതിന് തക്കവിധം ആ സ്ഥാപനത്തെ ശക്തമാക്കണം. ഓരോ നഗരത്തിലും പഞ്ചായത്തിലും ഒരു വിഭവ വീണ്ടെടുപ്പു കേന്ദ്രവും ഒരു കേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രവും ഉണ്ടായേ തീരൂ. വീടുകളില്‍ നിന്ന് അഴുകാത്ത മാലിന്യങ്ങള്‍ ശേഖരിക്കാനും വിഭവ വീണ്ടെടുപ്പു കേന്ദ്രങ്ങളില്‍ എത്തിക്കാനും വേണ്ട സംവിധാനം ഉണ്ടാക്കണം.

കുടുംബശ്രീ സഹോദരിമാരുടെ സഹായത്തോടെ പല നഗരങ്ങളും ഇതിന് തുടക്കം കുറിച്ചിട്ടുണ്ട്. അത് മികവുറ്റതാക്കാവുന്നതേയുള്ളൂ. പക്ഷേ കേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ നടത്തിപ്പിന്റെ കാര്യത്തിലാണ് എല്ലായിടത്തും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ അവിടെ സാങ്കേതികവിദ്യയെക്കാള്‍ മാനേജുമെന്റിന്റെ കാര്യത്തിലാണ് പിഴവ് പറ്റിയിട്ടുള്ളത്. കംപോസ്റ്റിങ് ലഘുവായ പ്രക്രിയ ആണെങ്കിലും അത് വേണ്ടവിധത്തില്‍ ചെയ്തില്ലെങ്കില്‍ ദുര്‍ഗന്ധവും പരിസര മലിനീകരണവും ഉണ്ടാകും. ഏറ്റവും പ്രാഥമികമായ കംപോസ്റ്റിങ് വിന്‍ഡ് റോ കമ്പോസ്റ്റിങ് ആണ്. അതിന് നല്ല വായുസമ്പര്‍ക്കം വേണം. വിളപ്പില്‍ശാലയിലും മറ്റും ഉണ്ടായ പ്രശ്നം മാലിന്യക്കൂമ്പാരം വളരെ വലുതായപ്പോള്‍ വേണ്ടത്ര വായുസമ്പര്‍ക്കം ഉറപ്പാക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. അവിടെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ മാലിന്യം അവിടെ എത്തിച്ചേര്‍ന്നത് ആയിരുന്നു മുഖ്യ പ്രശ്നം. കഴിയുന്നത്ര വീടുകളില്‍ സ്വയം കമ്പോസ്റ്റിങ് സമ്പ്രദായം നടപ്പാക്കിയാല്‍ ഈ പ്രശ്നം താനേ പരിഹരിക്കപ്പെട്ടുകൊള്ളും. മറ്റൊന്ന് ഉറവിടത്തിലെ വേര്‍തിരിവ് പൂര്‍ണമാകാഞ്ഞതിനാല്‍ പ്ലാസ്റ്റിക്കും മറ്റും കൂടിക്കലര്‍ന്ന് കിടന്നത് കംപോസ്റ്റിങ്ങിനെ ബാധിച്ചു എന്നതാണ്. ഇത് വളത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും.

മറ്റൊരു കാര്യം ഏതൊരു കമ്പോസ്റ്റിങ് പ്ലാന്റിലും നല്ലൊരു ഭാഗം ജൈവമാലിന്യവും കമ്പോസ്റ്റ് ചെയ്യപ്പെടാതെ ബാക്കികിടക്കും എന്നതാണ്. തടിക്കഷണങ്ങള്‍, ഓല, കുട്ട, വട്ടി, കാളാമുണ്ടന്‍ തുടങ്ങിയവ. ഇവയും ദ്രവിക്കും; പക്ഷേ വളരെക്കാലം പിടിക്കും. അതിനാല്‍ ഇവയെ വീണ്ടെടുത്തു കുഴിച്ചിടുകയോ മാറ്റി സംസ്കരിക്കുകയോ ചെയ്യണം. അതിന് സാനിട്ടറി ലാന്‍ഡ് ഫില്‍ സംവിധാനമാണ് വേണ്ടത്. അതിന് ചിലവും കൂടുതലാണ്. കേരളത്തിലെ മിക്ക കമ്പോസ്റ്റിങ് പ്ലാന്റുകളും ഇക്കാര്യം പാടേ വിസ്മരിച്ചു. അതിനാല്‍ ഇവ കുന്നുകൂടിക്കിടക്കുകയും അതില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം പരിസരത്താകെ പ്രശ്നം സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ ഒട്ടാകെ പ്രവര്‍ത്തിക്കുന്ന മിക്ക കമ്പോസ്റ്റിങ് പ്ലാന്റുകളിലും ഏറിയും കുറഞ്ഞും ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നമ്മുടെ മഴക്കാലവും മാലിന്യങ്ങളിലെ വര്‍ധിച്ച ഈര്‍പ്പവും ഇതിനെ കൂടുതല്‍ രൂക്ഷമാക്കുന്നു എന്നുമാത്രം. പക്ഷേ നല്ല മാനേജുമെന്റുണ്ടെങ്കില്‍ ഇവയെല്ലാം തിരുത്താവുന്നതേയുള്ളൂ. സാങ്കേതികമായി മെച്ചപ്പെടുത്താവുന്ന ഒരു ഘടകം കൃത്രിമ വായുസഞ്ചാരം നല്‍കുക എന്നതാണ്. മറ്റൊന്ന് കമ്പോസ്റ്റിങ് പ്ലാന്റു മുഴുവന്‍ അടച്ചുകെട്ടി അതില്‍ നിന്നുള്ള വായു ബയോ ഫില്‍ട്ടറില്‍ കൂടി അരിച്ചു ദുര്‍ഗന്ധം മാറ്റി മാത്രം പുറത്തുവിടുക എന്നതാണ്. ഈ രീതി പല വിദേശ കമ്പോസ്റ്റിങ് പ്ലാന്റുകളിലും പതിവുണ്ട്. ചെലവ് കൂടുതലാണ് എന്ന് മാത്രം. അതിനുള്ള അധിക ചെലവ് വഹിക്കാന്‍ തയാറുണ്ടെങ്കില്‍ ഇത് നമുക്കും പരീക്ഷിക്കാവുന്നതാണ്.

"വിളപ്പില്‍ശാലയിലും മറ്റും നടപ്പിലാക്കിയതു പ്രാകൃത രീതിയാണ്. നമുക്ക് ആധുനിക സാങ്കേതിക വിദ്യ കൊണ്ടുവരാം" എന്ന് ചിലര്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ജൈവ മാലിന്യങ്ങള്‍ക്ക് (പ്രത്യേകിച്ച്, ഈര്‍പ്പം കൂടിയവയ്ക്ക്) ഏറ്റവും അനുയോജ്യമായ സംസ്കരണ വിദ്യ ബയോഗ്യാസ് ഉത്പാദനമോ കമ്പോസ്റ്റിങ്ങോ ആണെന്നാണ് ലോകമെങ്ങുമുള്ള വിദഗ്ധരുടെ അഭിപ്രായവും അനുഭവവും. പൈരോളിസിസ്, ഇന്‍സിനെറേഷന്‍ തുടങ്ങിയ താപസംസ്കരണവിദ്യകള്‍ ആണ് അവര്‍ ഉദ്ദേശിക്കുന്നത്. പലപ്പോഴും 75% വരെ ഈര്‍പ്പം ഉണ്ടാവുന്ന നമ്മുടെ ജൈവ മാലിന്യങ്ങള്‍ക്ക് താപസംസ്കരണം ഒരിക്കലും ഫലപ്രദം ആവില്ല. ഇന്ത്യയില്‍ അപ്രകാരം തുടങ്ങിയ ഒരു പ്ലാന്റും നേരാംവണ്ണം പ്രവര്‍ത്തിക്കുന്നുമില്ല. എന്നാല്‍, അജൈവ മാലിന്യങ്ങള്‍ക്കും കമ്പോസ്റ്റിങ് കഴിഞ്ഞുവരുന്ന അവശിഷ്ടങ്ങള്‍ക്കും അത് യോജിച്ച സാങ്കേതികവിദ്യ ആയിരിക്കാം ആ പ്ലാന്റുകള്‍ കുറ്റമറ്റ രീതിയില്‍ രൂപകല്‍പന ചെയ്തതും നേരാം വണ്ണം പ്രവര്‍ത്തിപ്പിക്കുന്നവയും ആണെങ്കില്‍. അതിനുള്ള മുന്‍കരുതലുകള്‍ പരമ പ്രധാനം ആണ്. ആ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവരുമായുള്ള കരാറുകളിലും ഇത് പ്രതിഫലിക്കണം. കര്‍ശനമായ പരിശോധനയും ജാഗ്രതയും ആവശ്യമാണ്. അല്ലെങ്കില്‍ അവയും പരിസരമലിനീകരണത്തിനു കാരണമാകും. ജനങ്ങളും അധികാരികളും ഉണര്‍ന്നിരുന്നേ പറ്റൂ.

*
ആര്‍ വി ജി മേനോന്‍ ചിന്ത 22 ജൂണ്‍ 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വിളപ്പില്‍ശാലയിലും ലാലൂരിലും ബ്രഹ്മപുരത്തും ഞെളിയന്‍ പറമ്പിലും തൊട്ടിപ്പാലത്തും മറ്റും താമസിക്കുന്ന ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആര്‍ക്കും സഹാനുഭൂതിയേ തോന്നൂ. സഹികെട്ട് ഇനി ഇങ്ങോട്ട് ഒരു ചവറു ലോറിയും കൊണ്ടുവരാന്‍ അനുവദിക്കില്ലാ എന്ന് അവര്‍ നിലപാട് എടുത്താലും കുറ്റം പറയാന്‍ പറ്റില്ല. "ഇപ്പൊ ശരിയാക്കാം"എന്ന മട്ടില്‍ കാലാകാലങ്ങളില്‍ അധികാരികള്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. എല്ലാം തല്‍ക്കാലം പ്രശ്നം ഒഴിവാക്കാന്‍ വേണ്ടി നടത്തിയ അഭ്യാസങ്ങള്‍ മാത്രം എന്നാണവരുടെ അനുഭവം.

Aditya said...

തിരുവനന്തപുരത്തെ മാലിന്യം മുമ്പ് ഇട്ടിരുന്നത് സെക്രട്ടറിയേറ്റിനു പുറകുവശത്തുള്ള ചെങ്കൽചൂളയിലായിരുന്നു. ഉറവിടത്തിൽ സംസ്കരിയ്കുമ്പോൾ തിരിച്ച് അവിടെ തന്നെ നമുക്കു കൊണ്ടു വരാം.