Tuesday, June 5, 2012

ഇപ്പോള്‍ കുമാരേട്ടന്‍ ശരിക്കും കരയുകയാണ്..


“ഇനിയും എന്ത് നോക്കിയിരിക്യാനാ? ഇപ്പോ മനസിലായില്ലെ കള്ളന്‍ കപ്പലില്‍ തന്ന്യാനെന്ന്?”

കുമാരേട്ടന്‍ നിന്ന് കത്തുകയാണ്. കുമാരേട്ടന്‍ എന്ന് പറഞ്ഞാല്‍ പോരാ, സഖാവ് കുമാരേട്ടന്‍. എണ്‍പതാം വയസിലും പാര്‍ട്ടിയുടെ ഒരു ജാഥ പോകുന്നുവെന്ന് കേട്ടാല്‍ ഇരുപ്പുറയ്ക്കാത്ത ആളാണ് മൂപ്പര്‍. കറ കളഞ്ഞ കോണ്‍ഗ്രസ്സായിരുന്നു. കുടികിടപ്പവകാശത്തിന് അപേക്ഷ കൊടുത്തതോടെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന ജന്മിയുടെ ഉപദ്രവം സഹിക്കാനാവതെയായി. നിത്യവും പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങണം. ഒന്നല്ലെങ്കില്‍ മറ്റൊരു കേസ്. അവിടെയാണ് കര്‍ഷകസംഘം കുമാരേട്ടന്റെ സഹായത്തിനെത്തിയത്. കാടാമ്പുഴയില്‍ തൊഴുതു മടങ്ങിയ മകന്‍ ഒരിക്കല്‍ “ ഈ വീടിന്റെ ഐശ്വ്യം സാക്ഷാല്‍ കാടാമ്പുഴ ഭഗവതി” എന്നെഴുതിയ ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കാന്‍ തുടങ്ങുമ്പോള്‍ അത് തട്ടിമാറ്റി “എഴുതെടാ കര്‍ഷകസംഘംന്ന്” എന്ന് പറഞ്ഞ ആളാണ് കുമാരേട്ടന്‍.

ആ കുമാരേട്ടനാണ് ചോദിക്കുന്നത്, ഇനിയും എന്ത് നോക്കിയിരിക്കാനാണ് എന്ന്. സത്യത്തില്‍ ഞാന്‍ അന്തം വിട്ടു നിന്നുപോയി. ഓര്‍ക്കാട്ടേരി ലോക്കലിലെ സഖാവിനെ പോലീസ് പിടികൂടിയിരിക്കുന്നു, ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് എന്ന വാത്ത കേട്ടതും കുമാരേട്ടന് ഇരിക്കപ്പൊറുതിയില്ലാതായി. അതിന്റെ തലേന്നേതിന്റെ തലേന്ന് കല്യാണവീട്ടില്‍ ഇതേക്കുറിച്ച് ചൂടുള്ള ചര്‍ച്ച നടന്നതാണ്. കര്‍ഷകസംഘം ഏരിയാ സെക്രട്ടറിയുടെ മകന്‍ അപ്പുണ്ണി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്: “ ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങിപ്പോയത്രെ” എന്ന്! പച്ചക്കള്ളമായിരിക്കും അതെന്ന് അമര്‍ത്തിപ്പറഞ്ഞ കുമാരേട്ടന്റെ മുഖത്ത് നോക്കി അയാള്‍ തറപ്പിച്ചുപറഞ്ഞു: “ മിണ്ടാതിരി കുമാരേട്ടാ, അവസാനം അനുനയിപ്പിക്കാന്‍ ചെന്ന ജില്ലാ സെക്രട്ടറിയെ തട്ടിമാറ്റിക്കൊണ്ടല്ലേ അവര്‍ പോയത്?”

“നീ കണ്ടോ?” - കുമാരേട്ടന്‍

“ചാനലില്‍ വന്നതല്ലേ?”

“അതാ ചോദിച്ചത്, ചാനലില്‍ നീ കണ്ടോ?”

“അവരത് സ്ക്രോള്‍ ചെയ്ത് കാട്ടുകയല്ലേ”

ചാനലുകള്‍ ആഘോഷിക്കുകയാണ്. നുണകള്‍ തലങ്ങും വിലങ്ങും നൂറാവര്‍ത്തിക്കുകയാണ്. ഗാന്ധിജി വധത്തിന് പോലും കിട്ടാത്ത അത്ര വലിയ കവറേജാണ്. തത്സമയ പ്രക്ഷേപണങ്ങള്‍, പുതിയ ബൈറ്റുകള്‍, സ്റ്റോറികള്‍. ആരും വീണുപോകും. അവിടെയാണ് കുമാരേട്ടന്‍ ഒരു ചോദ്യചിഹനം പോലെ ഒടിഞ്ഞ് നിന്ന് ഒരു ചോദ്യമുതിര്‍ത്തത്. “നീ കണ്ടതാണോ?”

ആ കുമാരേട്ടനാണ് നിന്ന് വിറയ്ക്കുന്നത്! രോഷം കൊണ്ട് പൊട്ടിത്തെറിക്കുന്നത്!

മുന്‍പ് ചന്ദ്രശെഖരന്റെ മേല്‍ വളം വിതരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടപടി വന്നപ്പോള്‍ “ പുറത്താക്കണം ഇമ്മാതിരി സഖാക്കളെ” എന്ന് ഏരിയാ സെക്രട്ടറിയുടെ മുഖത്ത് കൈ ചൂണ്ടിപ്പറഞ്ഞ ആളാണ് കുമാരേട്ടന്‍. പിന്നെ വീണ്ടും ചന്ദ്രശേഖരനെ ഏരിയ കമ്മിറ്റിയില്‍ എടുത്തു എന്ന് കേട്ടപ്പോള്‍ മീന്‍ മാര്‍ക്കറ്റിനടുത്തുകൂടെ സ്കൂട്ടറില്‍ പോകുകയായിരുന്ന ജില്ലാകമ്മിറ്റി അംഗത്തെ തടഞ്ഞു നിർത്തി പ്രതിഷേധിച്ച ആളാണ് കുമാരേട്ടന്‍. ആ കുമാരേട്ടനാണ് നിന്ന് വിറയ്ക്കുന്നത്.

ഇത്രയും നിഷ്ഠൂരമായ ഒരു കൊലപാതകത്തിന് കൂട്ടുനിന്നവര്‍ ആരായാലും അവര്‍ക്കു നേരെ രോഷമുയരുക തീര്‍ത്തും സ്വാഭാവികം. പ്രത്യേകിച്ചും ചാനലുകളായ ചാനലുകളാകെ ഒരേ സ്വര്‍ത്തില്‍ മുന്‍‌വിധിയോടെ പ്രതികളെ നിശ്ചയിച്ചുറപ്പിച്ച സാഹചര്യത്തില്‍.

കുമാരേട്ടന്‍ അത്ര പെട്ടെന്നൊന്നും അയയുന്ന ആളല്ല. മിനിഞ്ഞാന്ന് നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തു വന്നതാണ്. ആ പ്രസംഗങ്ങളൊക്കെ കേട്ടതോടെ ശരിയ്ക്കും തലയ്ക്ക് പിടിച്ച മട്ടിലാണ് തിരിച്ചെത്തിയതെന്ന് ദേവകിയേടത്തി. എന്ത് കാര്യമായാലും അളന്ന് തൂക്കിനോക്കി അഭിപ്രായം പറയുന്ന ആളാണ് ഇപ്പോള്‍ ഇതിങ്ങനെ.

അത്തരമൊരവസരത്തില്‍ കുമാരേട്ടനെ നേരിടാന്‍ ഞാന്‍ പോരാ. “ഇന്നലത്തെ മഴയ്ക്ക് പൊടിച്ച തകരയല്ലേ നീ?” എന്ന മട്ടിലാണ് മൂപ്പര്‍ മറുപടി പറയുക. എന്തായാലും കുമാരേട്ടനെപ്പോലെ ഒരാളുടെ സംശയം അങ്ങനെ നിന്ന് പെറ്റ് പെരുകരുതല്ലോ. ഗോപാലന്‍ മാഷാണ് പറ്റിയ ആള്‍. പ്രായത്തിന്റെ ആനുകൂല്യവുമുണ്ടല്ലോ. ഇപ്പറഞ്ഞതൊന്നും കുമാരേട്ടന്റെ മാത്രം അഭിപ്രായമായിക്കൊള്ളണം എന്നില്ല. പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒട്ടനവധി പേര്‍ ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.

ഗോപാലന്‍ മാഷാണെങ്കില്‍ മകളുടെ ഗൃഹപ്രവേശത്തിന്റെ തിരക്കിലാണ്.

“എന്ത് തിരക്കിലാണെങ്കിലും കുമാരേട്ടനോടൊന്ന് സംസാരിക്കാന്‍ കുറച്ച് നേരം കണ്ടെത്തണം”- ഞാന്‍ തറപ്പിച്ചു പറഞ്ഞു.

ഞങ്ങള്‍ ചെല്ലുമ്പോള്‍ കുമാരേട്ടന്‍ മീന്‍ മാര്‍ക്കറ്റിനു അടുത്ത് തന്നെയുണ്ട്. ആരോടോ സംസാരിച്ച് നില്‍ക്കുകയാണ്. മാഷെ കണ്ടതും പെട്ടെന്ന് സംസാരമാകെ നിര്‍ത്തി. എന്തിനോ തയ്യറെടുക്കുന്ന മട്ടില്‍ ഞങ്ങള്‍ക്ക് നേരെ നീങ്ങി.

“പോട്ടെ മാഷെ, കുടികിടപ്പ് വാ‍ങ്ങിത്തന്ന 10 സെന്റ് തിരിച്ച് തന്നേക്കാം. ന്‌ക്ക് പഴയ ഖദര്‍ കുപ്പായം മതി.” പാര്‍ട്ടിയുമായുള്ള കണക്ക് തീര്‍ക്കാനാണ് ശ്രമം. മണ്ഡലം പ്രസിഡന്റായിരുന്ന ജന്മി, പിന്നെ ഡി.സി.സി ആയി, എം.എല്‍.എ ആയി, കെ.പി.സി.സി ഭാരവാഹിയായി. കുമാരേട്ടന്‍ ഇന്നും കുമാരേട്ടന്‍ തന്നെ. ഒറ്റ മാറ്റം. ഖദര്‍ കുപ്പായം അഴിച്ചുവെന്നത് മാത്രം.

ഗോപാലന്‍ മാഷ് കൊത്തേണ്ടിടത്ത് തന്നെ കൊത്തി എന്നെനിക്ക് തോന്നി.

“ഖദറല്ല ത്രിവര്‍ണ്ണ പതാകയും തന്നേക്കാം.”

“ഒന്നും അറിഞ്ഞൂടാ എന്ന മട്ടില്‍ നിക്കുകയല്ലേ? ഇപ്പളെന്തായി? ലോക്കല്‍ കമ്മറ്റിക്കാരല്ലേ അറസ്റ്റില്‍? പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല എന്നല്ലേ പറഞ്ഞിരുന്നത്?”

ഗോപാലന്‍ മാഷ് ഒന്നും മിണ്ടുന്നില്ല. എല്ലാം പെയ്തൊഴിയട്ടെ എന്ന മട്ടില്‍ അങ്ങനെ കേട്ടുനില്‍ക്കുകയാണ്.

“കൊല്ലാന്‍ പോണൂന്നറിഞ്ഞിട്ടല്ലേ അവിടുത്തെ ലോക്കല്‍ സെക്രട്ടറി തലേന്നേന്റെ തലേന്ന് ഭാര്യേനേം കൂട്ടി സ്ഥലം വിട്ടത്?”

ഗോപാലന്‍ മാഷ് മെല്ലെ തൊണ്ടയനക്കി. എന്തോ പറയാന്‍ തുടങ്ങുകയാണ്. അപ്പോഴേക്ക് ചുറ്റും നല്ല ആള്‍ക്കൂട്ടം.

“ലോക്കല്‍ സെക്രട്ടറിയുടെ പേരെന്തോന്നാ, ബാലകൃഷ്ണന്‍ മാഷ്. കുമാരേട്ടനറിയോ?”

“നിക്കറിഞ്ഞൂടാ”

“എന്നാല്‍ എനിക്കറിയാം. ടി.പി.കൊല ചെയ്യപ്പെട്ട അഞ്ചാം തീയത് വൈകുന്നേരം 4 മണി കഴിഞ്ഞാണ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ എസ്.ബി.ടി ഓര്‍ക്കാട്ടേരി ശാഖയില്‍ ചെന്നത്. സമയം കഴിഞ്ഞതുകൊണ്ട് കാശടക്കാനാ‍വാതെ തിരിച്ച് പോവുകയായിരുന്ന അയാളെ പഴയ ബെഫി മോഹന്‍‌ദാസാണ് തിരിച്ച് വിളിച്ച് കാശടപ്പിച്ചത്.”

“മനോരമയില്‍ ഉണ്ടല്ലോ രണ്ട് ദിവസം മുന്‍പ് സ്ഥലം വിട്ടുവെന്ന്?”

“എന്ത് മനോരമ? ആരാണ്ടോ അത് വിശ്വസിക്കുക?”

- പിന്നില്‍ നിന്ന് ആരോ വിളിച്ച് പറയുന്നു.

“കുമാരേട്ടന് വേണമെങ്കില്‍ എന്റെ കൂടെ വരാം. ഓര്‍ക്കാട്ടേരി വരെ പോയാല്‍ സംശയം തീര്‍ക്കാമല്ലോ.”

“ മാഷ് പറഞ്ഞാല്‍ പോരായ്റ്റാ‍?” - കുമാരേട്ടന്‍ കുറേശ്ശേ അയയുന്ന മട്ടുണ്ട്. സ്റ്റീമൊഴിഞ്ഞ എഞ്ചിന്‍ പോലെ.

“അതൊക്കെ ശരി. അതല്ല മാഷേ, എന്നിട്ടെന്താ പ്രതികളെ പുറത്താക്കാത്തത്? ഗോവിന്ദന്‍ മാഷ് പറഞ്ഞതല്ലേ ഏത് വമ്പനായാലും പുറത്താക്കുമെന്ന്?”

കുമാരേട്ടനോടൊപ്പം അവിടെ കൂടി നിന്ന ആളുകള്‍ മുഴുവന്‍ ആ ചോദ്യം ഏറ്റെടുത്തപോലെയാണ് നില്‍പ്പ്.

“എന്റെ കുമാരേട്ടാ, എത്ര കേസില്‍ പ്രതിയായിരുന്നു നിങ്ങള്‍? തേങ്ങാ മോഷണം മുതല്‍ ജന്മിയുടെ ഭാര്യയെ കൈയേറ്റാന്‍ ശ്രമിച്ചു എന്നുവരെ എന്തെല്ലാം കേസുകളായിരുന്നു ജന്മിയും പോലീസും ചേര്‍ന്നെടുത്തത്?”

“തേങ്ങ മോഷ്ടിച്ച കള്ളനാണെന്നും പറഞ്ഞ് കോണ്‍ഗ്രസ് കമ്മിറ്റികാന്‍ മൈക്ക് കെട്ടി പ്രസംഗിച്ച് കുമാരേട്ടനെ ഒറ്റപ്പെടുത്തിയത് ഓര്‍മ്മയുണ്ടോ? അതും വിശ്വസിച്ച് അന്നത്തെ കര്‍ഷകംസംഘം നിങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ലായിരുന്നെങ്കിലോ?”

ഗോപാലന്‍ മാഷ് പറഞ്ഞത് കൂടി നിന്നവരില്‍ മിക്കവരുടെയും കണ്ണുതുറപ്പിച്ചുവെന്ന് തോന്നുന്നു. ഇപ്പോള്‍ ശത്രുതാപരമായ ശരീരഭാഷയല്ല ജനക്കൂട്ടത്തിന്റേത്.

“അങ്ങനെ പോലീസ് കേസെടുക്കുമ്പോഴേക്കും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്യാ നാളെ ജില്ലാ സെക്രട്ടറീന്റെ പേരും മറ്റന്നാള്‍ സംസ്ഥാന സെക്രട്ടറീന്റെ പേരും കൂടി പോലീസ് ചേര്‍ത്താലോ? എല്ലാവരേം കൂടി ഒറ്റയടിക്ക് പുറത്താക്കാനാവുമല്ലോ.എങ്ങനുണ്ട്?” ആള്‍ക്കൂട്ടത്തില്‍ നിന്നാരോ വിളിച്ച് ചോദിക്കുന്നു.

“ഒഞ്ചിയം പ്രദേശത്തെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എം.പിക്കാര്‍ ചില്ലറ ഉപദ്രവങ്ങളൊന്നുമല്ല അഴിച്ചുവിട്ടിരിക്ക്ന്നത്. അവരോട് യോജിക്കാത്തവരെ കൈകാര്യം ചെയ്തിരുന്നു. എന്നിട്ടും നൂറുകണക്കിന് സഖാക്കളാണ് തെറ്റ് മനസിലാക്കി പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നത്.”

ശരിയാണ്, ഓര്‍ക്കാട്ടേരിയിലെ വ്യാപാരി വ്യവസായി സമിതി നേതാവായിരുന്ന കുഞ്ഞബ്ദുള്ള എത്ര ആവേശത്തോടെയാണ് റവല്യൂഷണറിയുടെ വക്താവായി സംസാരിച്ചിരുന്നത്. ആ സഖാവടക്കം നൂറുകണക്കിനാളുകള്‍ മടങ്ങിവന്നുകൊണ്ടിരിക്കെ ഏത് പാര്‍ട്ടിക്കാരനാണ് ഇങ്ങിനെയൊരു കൊല നടത്താന്‍ മുന്നിട്ടിറങ്ങുക? അതും പൊതുസമൂഹത്തില്‍ നിന്നാകെ ഒറ്റപ്പെടാന്‍ ഇടവരുമെന്നറിഞ്ഞുകൊണ്ട്?”

“പ്രകടനത്തില്‍ പോയ സഖാക്കള്‍ വെള്ളപുതച്ച് കിടത്തിക്കും എന്നുവിളിച്ച് പറഞ്ഞതെന്തിനാ പിന്നെ?”

“താഴത്തേതില്‍ പ്രകാശനെ പാതിരായ്ക്ക് വാതില് ചവിട്ടിത്തുറന്ന് പോലീസ് അറസ്റ്റ് ചെയ്തപ്പം സ്റ്റേഷന് മുമ്പില്‍ വിളിച്ച മുദ്രാവാക്യം എന്താ? എസ്.ഐ നാണു നോക്കിക്കോ കയ്യും കാലും കാണൂല എന്ന്. ഓര്‍മ്മയുണ്ടോ? എസ്.ഐയുടെ കയ്യും കാലും ഒടിക്കാന്‍ തീരുമാനിച്ചാണോ ആ വിളി? അന്നും വിളിച്ചില്ലെ വെള്ള പുതച്ച് കിടത്തിക്കുമെന്ന്. കൊല്ലാന്‍ തീരുമാനിച്ചിട്ടാ ആ വിളി?”

“അല്ല സഖാവെ, പിന്നെന്തിനാ ജില്ലാ സെക്രട്ടറി ചൈനയില്‍ പോയത്?”

“ വിദേശത്തേക്കുള്ള യാത്രയാവുമ്പോള്‍ തലേന്ന് തീരുമാനിക്കുന്നതല്ലല്ലോ. മാസങ്ങള്‍ക്ക് മുന്‍പെ പ്ലാന്‍ ചെയ്തതാ. ഇനി സഖാവ് ചൈനയില്‍ പോയില്ല എന്ന് കരുതുക. എന്താ വാര്‍ത്ത വരിക? ജില്ലാ സെക്രട്ടറി ചൈനായാത്ര റദ്ദാക്കി പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാകും. പാര്‍ട്ടി അറിഞ്ഞ് നടന്നതാണ് കൊലയെങ്കില്‍ ജില്ലാ സെക്രട്ടറി അങ്ങനെ പോവ്വോ?”

“ശരി തന്നെയാ. ഈ പത്രങ്ങളാ ആടിനെ പട്ടിയാക്കുന്നത്” - ആരോ പിറുപിറുക്കുന്നു.

"കുമാരേട്ടന് കുപ്പായം വേണോ? ഞങ്ങള്‍ തിരിച്ച് തരാം. പക്ഷേ, ഒന്നുണ്ട്. മൊയാരത്ത് ശങ്കരന് ഒരു ഖദറിന്റെയും സംരക്ഷണം കിട്ടിയിട്ടില്ല. അറിയമല്ലോ ആളാരാണെന്ന്! കോണ്‍ഗ്രസിന്റെ നേതാവ്. തച്ചാ കൊന്നത്. കോണ്‍ഗ്രസ്കാര്‍. ഖദറുടുത്താണ് കണ്ണൂരിലെ ഗുണ്ടാപ്പട ഇ.പി.ജയരാജനെ കൊല്ലാന്‍ തോക്കും കൊടുത്ത് വിട്ടത്.”

“അഞ്ചാളെ പച്ചക്ക് ചുട്ടുകൊന്നതും.” ബാലന്‍ മാഷ് കൂട്ടത്തില്‍ കൂടി.

“അബ്ദുള്ളക്കുട്ടിയെ കൊല്ലാന്‍ കൊട്ടേഷന്‍ സംഘത്തെ ഏല്പിച്ച് അത് സി.പി.ഐ.എമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കിയതാരാണെന്ന് ഓര്‍മ്മയില്ലേ?“ - ഗോപാലന്‍ മാഷ് കത്തിക്കയറുകയാണ്. കുമാരേട്ടന്‍ അത്രക്ക് കണ്ട് അയയുന്നുമുണ്ട്. ആ കണ്ണുകള്‍ നിറയുകയാണ്.

“എന്നാലും സഖാവേ, പാര്‍ട്ടിക്ക് ഇത് പറ്റൂല”

“പറ്റൂല എന്ന് പാര്‍ട്ടി വ്യക്തമാക്കിയതാ. കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതാ. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ല എന്നും എത്ര ഉന്നതനാണെങ്കിലും സംരക്ഷിക്കില്ല എന്നും വ്യക്തമാക്കിയതാണ്. എന്നാല്‍ നമ്മളില്‍ വിള്ളലുകള്‍ ഉണ്ടാക്കാന്‍ എല്ലാവരും ചേര്‍ന്ന് ശ്രമിക്കുകയാണ്. വിശ്വാസം തകര്‍ക്കാന്‍. പെട്രോള്‍ വില കൂട്ടാന്‍ തയ്യാറെടുക്കുകയണ്‍ സര്‍ക്കാര്‍. പൊതുഭൂമി സ്വന്തക്കാര്‍ക്ക് തീറെഴുതുകയാണ്. എല്ലാം കട്ട് മുടിക്കുകയാണ്. അതിനിടയിലാണ് തമ്മില്‍ തല്ല്. അതൊക്കെ മറച്ചുവെക്കാനാണ് ഈ പ്രചരണം.’

കുമാരേട്ടന്‍ ഒറ്റക്കുതിപ്പിന് മുന്നോട്ട് വന്ന് ഗോപാലന്‍ മാഷ്ടെ കൈയമര്‍ത്തി പിടിച്ച് പറഞ്ഞു.

“മാഷേ, ഞാനും അതില്‍ പെട്ടുപോയി. അങ്ങനെ പെടാന്‍ പാടില്ലാത്തോനാ ഞാന്‍.”

അപ്പോള്‍ കുമാരേട്ടന്‍ ശരിക്കും കരയുകയായിരുന്നു.




*****


നാരായണസ്വാമി. ബാങ്ക് വര്‍ക്കേഴ്സ് ഫോറം മേയ് 2012

3 comments:

വര്‍ക്കേഴ്സ് ഫോറം said...

“ഇനിയും എന്ത് നോക്കിയിരിക്യാനാ? ഇപ്പോ മനസിലായില്ലെ കള്ളന്‍ കപ്പലില്‍ തന്ന്യാനെന്ന്?”

കുമാരേട്ടന്‍ നിന്ന് കത്തുകയാണ്. കുമാരേട്ടന്‍ എന്ന് പറഞ്ഞാല്‍ പോരാ, സഖാവ് കുമാരേട്ടന്‍. എണ്‍പതാം വയസിലും പാര്‍ട്ടിയുടെ ഒരു ജാഥ പോകുന്നുവെന്ന് കേട്ടാല്‍ ഇരുപ്പുറയ്ക്കാത്ത ആളാണ് മൂപ്പര്‍. കറ കളഞ്ഞ കോണ്‍ഗ്രസ്സായിരുന്നു. കുടികിടപ്പവകാശത്തിന് അപേക്ഷ കൊടുത്തതോടെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന ജന്മിയുടെ ഉപദ്രവം സഹിക്കാനാവതെയായി. നിത്യവും പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങണം. ഒന്നല്ലെങ്കില്‍ മറ്റൊരു കേസ്. അവിടെയാണ് കര്‍ഷകസംഘം കുമാരേട്ടന്റെ സഹായത്തിനെത്തിയത്. കാടാമ്പുഴയില്‍ തൊഴുതു മടങ്ങിയ മകന്‍ ഒരിക്കല്‍ “ ഈ വീടിന്റെ ഐശ്വ്യം സാക്ഷാല്‍ കാടാമ്പുഴ ഭഗവതി” എന്നെഴുതിയ ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കാന്‍ തുടങ്ങുമ്പോള്‍ അത് തട്ടിമാറ്റി “എഴുതെടാ കര്‍ഷകസംഘംന്ന്” എന്ന് പറഞ്ഞ ആളാണ് കുമാരേട്ടന്‍.

rajeshsoman said...

Nalla Story ezhuthiya alku nalla sahithya vasana undu cinimayakkan kollam itonnum elkkathilledo

Sudeesh Rajashekharan said...

നല്ല കഥ ഇതിനെ ഒരു ചെറു സിനിമ ആക്കാമായിരുന്നു,