Tuesday, June 19, 2012

ട്രേഡ് യൂണിയന്‍ നേതൃത്വത്തിന് ഉത്തമമാതൃക

ഉപരിപ്ലവമായി ഒന്നുംചെയ്യാന്‍ ഇഷ്ടമില്ലാത്ത ട്രേഡ് യൂണിയന്‍ നേതാവ്, എല്ലാം വിശദമായും ആഴത്തിലും പഠിച്ച് തൊഴിലാളിവര്‍ഗത്തിനും ഇടതുപക്ഷരാഷ്ട്രീയത്തിനും പ്രയോജനപ്രദമായി കാര്യങ്ങള്‍ ചെയ്യുന്ന നേതാവ്- ഇതായിരുന്നു ദീപാങ്കര്‍ മുഖര്‍ജി. സിഐടിയു ഭാരവാഹി എന്നനിലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ അദ്ദേഹത്തിന്റെ സവിശേഷമായ കഴിവുകളെ അടുത്തുനിന്ന് കാണാനും അതിന്റെ ഗുണങ്ങള്‍ അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. പൊതുമേഖലയുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി വളരെ സംഭാവനചെയ്ത സഖാവാണ് ദീപാങ്കര്‍. അച്ഛന്‍ റെയില്‍വേ ജീവനക്കാരനായതിനാല്‍ ബംഗാളിന് പുറത്തായിരുന്നു അദ്ദേഹത്തിന്റെ വിദ്യാര്‍ഥിജീവിതം. സ്കൂള്‍വിദ്യാഭ്യാസം മഥുരയിലും കോളേജ് വിദ്യാഭ്യാസം ബനാറസിലുമായിരുന്നു.

എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷം ഭെല്‍, ഫെര്‍ട്ടിലൈസേഴ്സ്, പെട്രോ കെമിക്കല്‍സ് മേഖലകളിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പദവിവരെ എത്തിയ അദ്ദേഹം ട്രേഡ് യൂണിയനുകളുമായി അടുത്ത് ബന്ധപ്പെട്ടു. പൊതുമേഖലയെ സംരക്ഷിക്കുകയെന്ന പ്രതിബദ്ധതയോടെയാണ് അദ്ദേഹം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനരംഗത്തേക്ക് തിരിഞ്ഞത്. പൊതുമേഖലയെ നവീകരിക്കാന്‍, പ്രത്യേകിച്ച് പീഡിതവ്യവസായങ്ങള്‍ പുനരുദ്ധരിക്കുന്നതിനുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു. ഇത്തരം നിരവധി റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ജ്യോതിബസു മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊല്‍ക്കത്ത ഇലക്ട്രിക് സപ്ലൈ കോര്‍പറേഷന്‍ പുനരുദ്ധരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത് ദീപാങ്കറായിരുന്നു. വ്യവസായവുമായി ബന്ധപ്പെട്ട സാങ്കേതികജ്ഞാനവും കൃത്യമായ തൊഴിലാളിവര്‍ഗരാഷ്ട്രീയവും കൃത്യമായി കൂട്ടിയിണക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. നവഉദാരവല്‍ക്കരണവാഴ്ചയ്ക്കെതിരായ ശക്തമായ പ്രചാരണം ആരംഭിക്കുന്ന കാലത്തുതന്നെ അതുമായി സഹകരിച്ച് കാര്യമായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഡോ. അശോക്മിത്ര, ബിപ്ലബ്ദാസ് ഗുപ്ത എന്നിവര്‍ക്കൊപ്പം ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ശക്തമായ പ്രചാരണത്തില്‍ അദ്ദേഹമുണ്ടായിരുന്നു.

1994 മുതല്‍ 12 വര്‍ഷം അദ്ദേഹം രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. ആ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലയ്ക്കും തൊഴിലാളിവര്‍ഗത്തിനുമെതിരായ നടപടികളെയും നയങ്ങളെയും തുറന്നുകാട്ടാനും ചോദ്യംചെയ്യാനും പാര്‍ലമെന്റിനെ അദ്ദേഹം വളരെ നന്നായി ഉപയോഗിച്ചു. നിരവധി പാര്‍ലമെന്ററി കമ്മിറ്റികളുടെ ചെയര്‍മാനായും അംഗമായും പൊതുമേഖലയുടെ സംരക്ഷണത്തിനും തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കുംവേണ്ടി അദ്ദേഹം ശക്തമായി പ്രവര്‍ത്തിച്ചു. പാര്‍ലമെന്റ് അംഗമായിരിക്കുന്ന സമയത്താണ് സിഐടിയു സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം സഹകരിക്കാന്‍ തുടങ്ങിയത്. പൊതുമേഖല, എണ്ണ, രാസവളം എന്നിവയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റികളിലും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ട്രസ്റ്റി എന്നനിലയിലും തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയും ട്രേഡ് യൂണിയനുകളെ സഹായിക്കാനുമായി അദ്ദേഹം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ദീപാങ്കറിന്റെ സേവനങ്ങള്‍ കൂടുതല്‍ ആവശ്യമായിരിക്കുന്ന ഒരു അവസരത്തിലാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. സിപിഐ എമ്മിന്റെയും സിഐടിയുവിന്റെയും പ്രചാരണപരിപാടികള്‍ക്ക് ആവശ്യമായ ലഘുലേഖകള്‍ തയ്യാറാക്കുന്ന സമിതിയില്‍ അദ്ദേഹത്തിന്റെ കാര്യമായ സംഭാവന കിട്ടിയിരുന്നു. ബൂര്‍ഷ്വാ മാധ്യമങ്ങളുടെ രാഷ്ട്രീയദുഷ്ടലാക്കിനെ തുറന്നുകാട്ടിയിരുന്ന അദ്ദേഹം തൊഴിലാളിവര്‍ഗരാഷ്ട്രീയം പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനും സന്നദ്ധനായിരുന്നു. ഡല്‍ഹിയിലെ പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ പലരും സംശയങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹത്തെ വിളിക്കുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം സിഐടിയുതന്നെയായിരുന്നു. സിഐടിയു സെന്ററിലെ ഓരോ സഖാവിനും അദ്ദേഹവുമായുള്ള അടുപ്പംകൊണ്ട് തങ്ങളുടെ മികവ് മെച്ചപ്പെടുത്താന്‍ സഹായം കിട്ടിയിട്ടുണ്ട്. അദ്ദേഹം സിഐടിയു സെന്ററിലെ ഓരോ സഖാവിന്റെയും വ്യക്തിപരമായ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരെ സഹായിച്ചു. ഒരാളെ സഹായിക്കുന്നത് മറ്റാരെയും അറിയിച്ചില്ല.

കോയമ്പത്തൂരില്‍ സിഐടിയുവിന്റെ ജനറല്‍ കൗണ്‍സില്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം രോഗബാധിതനായത്. എന്നാല്‍, ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ചചെയ്യേണ്ട ചില വിഷയങ്ങള്‍ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു. ചില നിര്‍ദേശങ്ങള്‍ നല്‍കി. സിഐടിയു സെന്ററിന്റെ പ്രസിദ്ധീകരണമായ വര്‍ക്കിങ് ക്ലാസിന്റെയും അതിന്റെ ഹിന്ദി പതിപ്പായ "സിഐടിയു മസ്ദൂറി"ന്റെയും പ്രസിദ്ധീകരണത്തില്‍ പ്രധാന പങ്കാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇവയുടെ വര്‍ക്കിങ് എഡിറ്ററായിരുന്നു അദ്ദേഹം. വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലയെക്കുറിച്ചും അവഗാഹമുണ്ടായിരുന്ന ദീപാങ്കര്‍, അടിയുറച്ച തൊഴിലാളിവര്‍ഗ രാഷ്ട്രീയം ആയുധമാക്കി തൊഴിലാളിവര്‍ഗത്തിനുവേണ്ടി ജീവിതാവസാനംവരെ പ്രവര്‍ത്തിച്ചു. ഒരു മികച്ച ട്രേഡ് യൂണിയന്‍ നേതാവിന്റെ ഉത്തമമാതൃകയായിരുന്നു ദീപാങ്കര്‍.

*
എ കെ പത്മനാഭന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉപരിപ്ലവമായി ഒന്നുംചെയ്യാന്‍ ഇഷ്ടമില്ലാത്ത ട്രേഡ് യൂണിയന്‍ നേതാവ്, എല്ലാം വിശദമായും ആഴത്തിലും പഠിച്ച് തൊഴിലാളിവര്‍ഗത്തിനും ഇടതുപക്ഷരാഷ്ട്രീയത്തിനും പ്രയോജനപ്രദമായി കാര്യങ്ങള്‍ ചെയ്യുന്ന നേതാവ്- ഇതായിരുന്നു ദീപാങ്കര്‍ മുഖര്‍ജി. സിഐടിയു ഭാരവാഹി എന്നനിലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ അദ്ദേഹത്തിന്റെ സവിശേഷമായ കഴിവുകളെ അടുത്തുനിന്ന് കാണാനും അതിന്റെ ഗുണങ്ങള്‍ അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. പൊതുമേഖലയുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി വളരെ സംഭാവനചെയ്ത സഖാവാണ് ദീപാങ്കര്‍. അച്ഛന്‍ റെയില്‍വേ ജീവനക്കാരനായതിനാല്‍ ബംഗാളിന് പുറത്തായിരുന്നു അദ്ദേഹത്തിന്റെ വിദ്യാര്‍ഥിജീവിതം. സ്കൂള്‍വിദ്യാഭ്യാസം മഥുരയിലും കോളേജ് വിദ്യാഭ്യാസം ബനാറസിലുമായിരുന്നു.