Saturday, June 9, 2012

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയില്‍

ഇന്ത്യയുടെ ജി ഡി പി വളര്‍ച്ചാനിരക്ക് 2011-12 ധനകാര്യ വര്‍ഷത്തിലെ നാലാം പാദത്തില്‍ 5.3 ശതമാനമാണെന്ന് ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടതോടെ, സമ്പദ്‌വ്യവസ്ഥ ഗുരുതരമായൊരു പ്രതിസന്ധിയിലാണെന്ന് വ്യക്തമായിരിക്കയാണ്. ഈ വര്‍ഷം ഇതുവരെയായി രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ വളര്‍ച്ചാനിരക്കാണ് നാലാംപാദത്തിലേതെന്ന് മാത്രമല്ല, 2003-04 നുശേഷം ഇത്രയും താണ ഒരു വളര്‍ച്ചാനിരക്ക് പിന്നിട്ട ഒമ്പതുവര്‍ഷക്കാലത്തിനിടയില്‍ ഇതാദ്യത്തെ അനുഭവംകൂടിയാണ്. ഇതോടെ, 2011-12 ധനകാര്യ വര്‍ഷത്തില്‍ ജി ഡി പി നിരക്ക് 6.5 ശതമാനത്തിലേറെയാവില്ലെന്ന് ഉറപ്പിക്കാനും നാം നിര്‍ബന്ധിതമായിരിക്കുന്നു. യു പി എ ഭരണത്തിന് തുടക്കം കുറിച്ചതുമുതലുള്ള കാലയളവില്‍ ജി ഡി പി നിരക്ക് ഈ തോതില്‍ ഇടിവുരേഖപ്പെടുത്തിയിരിക്കുന്നതും ഇപ്പോള്‍ മാത്രമാണ്.

വ്യത്യസ്ത വികസനമേഖലകളെ വളര്‍ച്ചാപ്രതിസന്ധി ഒരുപോലെ ബാധിച്ചിട്ടുമുണ്ട്. വികസനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടിട്ടുള്ള സേവനമേഖല സമ്പദ്‌വ്യവസ്ഥയുടെ സംസ്ഥാന വികസനമേഖലയായ കൃഷിയും ആധുനിക ഉല്‍പാദന മേഖലയായ വ്യവസായവും തളര്‍ച്ച നേരിട്ടപ്പോഴും സേവനമേഖല രണ്ടക്ക വളര്‍ച്ച കൈവരിച്ചിരുന്ന അനുഭവമാണ് നമുക്കുള്ളത്. എന്നാല്‍, ഇപ്പോള്‍ ഈ മേഖലയുടെ വളര്‍ച്ചാനിരക്ക് 7.9 ശതമാനം മാത്രമാണ്. കാര്‍ഷിക മേഖല രേഖപ്പെടുത്തിയ 1.7 ശതമാനം വളര്‍ച്ചാനിരക്കാണെങ്കില്‍, ഗ്രാമീണ ഡിമാന്‍ഡിനുമേല്‍ കടുത്ത പ്രതികൂല ആഘാതമേല്‍പ്പിക്കുമെന്നതിനുപുറമെ, കര്‍ഷക സമൂഹത്തെ രൂക്ഷമായ പ്രതിസന്ധിയിലകപ്പെടുത്തുകയും ചെയ്യും. വ്യാവസായികമേഖലയുടെ വളര്‍ച്ച ധനകാര്യ വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 1.9 ശതമാനം മാത്രമാണെന്നതും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ വെളിവാക്കുന്നു.

ഇന്ത്യയുടെ ഉല്‍പാദന മേഖലയാകെ തന്നെ താളംതെറ്റിയിരിക്കുന്നു. അതേസമയം 2012-13 ധനകാര്യവര്‍ഷത്തിലെ വളര്‍ച്ചാനിരക്ക്  സംബന്ധമായ സാധ്യതകളും ആശാവഹമല്ല. ജി ഡി പി യുടെ 30.9 ശതമാനമെന്ന നിലയില്‍ മൊത്തം സ്ഥിരമൂലധന രൂപീകരണം മെച്ചപ്പെട്ടു എന്ന സ്ഥിതിവിശേഷം പ്രതീക്ഷകള്‍ക്കിടം നല്‍കുന്ന ഒരു വസ്തുതയാണെങ്കിലും ഇതിലപ്പുറം മറ്റൊരു ശുഭസൂചനയും സമ്പദ്‌വ്യവസ്ഥയില്‍ എവിടേയും കാണുന്നില്ല.

സമ്പദ്‌വ്യവസ്ഥ കാതലായ ഉല്‍പാദന-ആന്തരഘടനാ മേഖലകളിലെ വികസന സൂചികകള്‍ മെച്ചപ്പെട്ടതായ ലക്ഷണങ്ങളൊന്നും ദൃശ്യമാകുന്നില്ല. ഇക്കൂട്ടത്തില്‍ എട്ടുമേഖലകളുടെ പ്രകടനം മോശമായിട്ടുമുണ്ട്. ഇവ രേഖപ്പെടുത്തിയിരിക്കുന്ന വളര്‍ച്ചാനിരക്ക് ഏപ്രില്‍ 2011 ല്‍ 4.2 ശതമാനമായിരുന്നത് 2012 ഏപ്രില്‍ ആയതോടെ 2.2 ശതമാനമായി ഇടിയുകയായിരുന്നു. കാതല്‍മേഖല മൊത്തം വ്യവസായികോല്‍പാദന സൂചികയുടെ 37.9 ശതമാനത്തോളം വരുമെന്നതും ശ്രദ്ധേയമായിക്കാണണം.

ജൂണ്‍ 2012 ആകുമ്പോഴേയ്ക്ക് ഈ സൂചിക ഇനിയും ഇടിയാനാണ് സാധ്യത തെളിയുന്നതും. ഇതിലേറെ തലവേദന സൃഷ്ടിക്കുന്നത് ആന്തരഘടനാവ്യവസായ മേഖലയുടെ മോശപ്പെട്ട പ്രകടനമാണ്. ഉല്‍പാദന മേഖലയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഉപാധികള്‍ക്ക് കടുത്ത ദൗര്‍ലഭ്യം നേരിട്ടുവരുന്നതോടൊപ്പം അവയുടെ ഡിമാന്‍ഡില്‍ വര്‍ധനവ് അനുഭവപ്പെടുന്നുമുണ്ട്. പ്രാഥമിക, കാര്‍ഷിക മേഖലയുടേതിലും ഒട്ടും വ്യത്യസ്തമല്ലാത്തവിധം തകര്‍ച്ചയാണ് രണ്ടാം വികസന മേഖലയായ വ്യവസായ മേഖലയിലും ദൃശ്യമായിരിക്കുന്നത്. സെക്കണ്ടറി മേഖലയിലെ ഇന്നത്തെ ദയനീയാവസ്ഥ ആഗോളധനപ്രതിസന്ധി ഉച്ചസ്ഥായിയിലായിരുന്ന 2008-09 ലെ നിലവാരത്തില്‍തന്നെ തുടരുന്നതായി കാണുന്നു.

അക്കാലത്തും തുടര്‍ന്നുള്ള ഏതാനും മാസക്കാലവും കാര്‍ഷിക മേഖലാ വളര്‍ച്ച 3 ശതമാനത്തില്‍ നിലനിന്നിരുന്നതിനാല്‍, ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് വ്യവസായ മേഖലയ്ക്ക് തെല്ലൊരു ആശ്വാസമായിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതിമാറി. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് 1.7 ശതമാനം മാത്രമാണ്. കാലവര്‍ഷം കനിയാതെ വരുകകൂടി ചെയ്താല്‍, സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരിക്കും ഫലം.

ഇതിനിടെ രൂപയും ഡോളറും തമ്മിലുള്ള വിനിമയമൂല്യത്തിലുള്ള ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിദേശവിനിമയ മേഖലയെ അവതാളത്തിലാക്കിയിരിക്കുകയുമാണല്ലോ. 2011 മെയ് 31 നും 2012 മെയ് 31 നും ഇടയ്ക്ക് രൂപയുടെ വിനിമയ മൂല്യം 45.06 രൂപയില്‍ നിന്ന് 56.11 രൂപയിലേയ്ക്ക് കുത്തനെ ഇടിയുകയായിരുന്നു. ഇതോടൊപ്പം സെന്‍സക്‌സിലും ഇതേ കാലയളവില്‍ വന്‍ ഇടിവാണുണ്ടായത്. വിദേശ വ്യാപാര മേഖലയിലെ കറന്റ് അക്കൗണ്ട് കമ്മി തൊണ്ണൂറുകളിലേതിനെക്കാള്‍ ഏറെയായി ഉയര്‍ന്നു. ധനകമ്മിയുടെ കാര്യം പിന്നെ പറയാനുമില്ല.
ആഗോള സാമ്പത്തിക റിക്കവറി വരുന്ന രണ്ടുവര്‍ഷക്കാലത്തേക്കുകൂടി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, ഭാവി വികസന സാധ്യതകളെപ്പറ്റി വലിയ പ്രതീക്ഷകളൊന്നും വെച്ചുപുലര്‍ത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അതേസമയം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ പൊതുവായ കാഴ്ചപ്പാട് യാഥാര്‍ഥ്യബോധം പ്രതിഫലിപ്പിക്കുന്നവിധമാണെന്നും കരുതുന്നതും ശരിയായിരിക്കില്ല. എന്നാല്‍, കേന്ദ്ര ധനമന്ത്രി യഥാര്‍ഥത്തില്‍ ഖിന്നനും നിരാശനുമാണ്. സമ്പദ്‌വ്യവസ്ഥയില്‍ നിലവിലിരിക്കുന്ന രണ്ടു മുഖ്യ പ്രവണതകളാണ് അദ്ദേഹത്തിന്റെ അശുഭാപ്തിപരമായ നിലപാടിന് നിദാനമെന്ന് വ്യക്തമാണ്.

ഇതിലൊന്ന് 2010-11 ധനകാര്യ വര്‍ഷത്തിലെ നാലാം പാദത്തില്‍ ജി ഡി പി വളര്‍ച്ച 9.2 ശതമാനമായിരുന്നത് 2011-12 ലെ നാലാം പാദത്തില്‍ 5.3 ശതമാനത്തിലേയ്ക്കു കൂപ്പുകുത്തിയ അനുഭവമാണ്. രണ്ടാമത്തേത്, ഇതേകാലയളവില്‍ ഉല്‍പാദന മേഖലക്കുണ്ടായ തകര്‍ച്ചയാണ്. 7.3 ശതമാനത്തില്‍ നിന്ന് 0.3 ശതമാനത്തിലേയ്ക്കായിരുന്നു ഈ തകര്‍ച്ച. രൂപയുടെ വിനിമയ മൂല്യം ഉയരാതിരിക്കുന്ന പ്രവണതയും ധനമന്ത്രിയുടെ നിരാശയ്ക്ക് ആക്കം വര്‍ധിപ്പിച്ചിരിക്കുന്നു.

അതേസമയം, അടിക്കടി ഗുരുതരമായി വരുന്ന സമ്പദ്‌വ്യവസ്ഥയിലെ പ്രതിന്ധി തരണം ചെയ്യാന്‍ കയ്യുംകെട്ടി ഇരിക്കുകയും നിഷ്‌ക്രിയത്വം തുടരുകയും ചെയ്യുന്നതിനുപകരം സക്രിയമായ നടപടികളെടുക്കുകയാണ് ഉത്തരവാദിത്വമുള്ളൊരു ഭരണകൂടം ചെയ്യേണ്ടത്. മൊത്തത്തിലുള്ള വളര്‍ച്ചാനിരക്ക് കുത്തനെ താഴോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യം നിലവിലിരിക്കെ, പണപ്പെരുപ്പവും അടിക്കടി ഉയര്‍ന്നുവരുകയാണെന്നോര്‍ക്കണം.

ഈ പ്രവണത നല്‍കുന്ന സൂചന ലക്ഷക്കണക്കിന് സാധാരണ ജനതയുടെ യഥാര്‍ഥ ആളോഹരി വരുമാനവും താണുകൊണ്ടിരിക്കുകയാണെന്നുതന്നെയാണ്. ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം നിസ്സാരമായിരിക്കില്ല. സമ്പദ്‌വ്യവസ്ഥയുടെ തെറ്റായ മാനേജ്‌മെന്റാണ് ഈ സ്ഥിതിവിശേഷത്തിലേയ്ക്ക് നയിച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്നായറിയുകയും ചെയ്യാം. ശേഷിക്കുന്ന ഭരണ കാലാവധിക്കുള്ളില്‍ പ്രതിസന്ധിക്കു തൃപ്തികരവും ഫലപ്രദവുമായ പരിഹാരം കണ്ടെത്താന്‍ യു പി എ ഭരണകൂടത്തിനാകില്ലെന്ന ധാരണയും പരക്കെ നിലനില്‍ക്കുന്നു. ഇത്തരം സാഹചര്യങ്ങളോട് ഇന്ത്യയിലെ ദരിദ്രജനവിഭാഗവും സാധാരണ ജനതയും ഏതുവിധത്തിലാണ് പ്രതികരിക്കുക എന്നത് പ്രവചനാതീതവുമാണ്.

*
പ്രഫ. കെ അരവിന്ദാക്ഷന്‍  ജനയുഗം

No comments: