Monday, June 11, 2012

തൊഴിലാളികളുടെ ചോരപുരണ്ട കോണ്‍ഗ്രസ് കൈകള്‍

1976 ജൂണ്‍ 5ലെ സായാഹ്നം. അടിയന്തരാവസ്ഥയുടെ കാര്‍മേഘങ്ങള്‍ അന്തരീക്ഷത്തില്‍ കനംതൂങ്ങി നില്‍ക്കുന്നുണ്ടെങ്കിലും എന്നെത്തേയുംപോലെ ഒരു ദിവസം. പതിവുപോലെ നാലരമണിക്ക് സിലോണ്‍ റേഡിയോയില്‍നിന്ന് ഒഴുകിയെത്തുന്ന മലയാളം ചലച്ചിത്രഗാനങ്ങള്‍ക്ക് അവര്‍ കാതോര്‍ത്തു-പിണറായിയിലെ പന്തക്കപ്പാറ ദിനേശ്ബീഡിക്കമ്പനിയിലെ അന്‍പതോളം വരുന്ന തൊഴിലാളികള്‍. രാവിലെമുതല്‍ ബീഡി തെറുപ്പിനോടൊപ്പം നടന്നുവരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഗൗരവമേറിയ വായനയ്ക്കും താല്‍ക്കാലികമായി വിരാമമിട്ടുകൊണ്ട് മനസ്സും ശരീരവും ശാന്തിനേടുന്ന നിമിഷങ്ങള്‍. പാട്ട് തീര്‍ന്ന് ഒരു മണിക്കൂര്‍കൂടി കഴിഞ്ഞാല്‍ തൊഴിലാളികളുടെ ഒരു ദിവസം അവസാനിക്കുന്നു. തുടര്‍ന്ന് കഷ്ടപ്പാടുകളും നെടുവീര്‍പ്പുകളും നിറഞ്ഞ കുടുംബാന്തരീക്ഷത്തിലേക്ക് മടങ്ങിപ്പോകല്‍. ബീഡിക്കമ്പനിയുടെ മുന്‍വശത്തെ റോഡില്‍ രണ്ട് ജീപ്പുകള്‍ വന്ന് ബ്രേക്കിട്ടതില്‍ അസ്വാഭാവികമായി ഒന്നും ആര്‍ക്കും തോന്നിയില്ല. നിനച്ചിരിക്കാതെയാണ് ഒരു ഉഗ്രന്‍ സ്ഫോടനത്തിന്റെ ശബ്ദംകേട്ട് തൊഴിലാളികള്‍ ഞെട്ടിത്തരിക്കുന്നത്. ഒന്നിനുപിറകെ ഒന്നായി ബീഡിക്കമ്പനിയുടെ ചുമരില്‍തട്ടി ബോംബുകള്‍ പൊട്ടിത്തെറിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭയവിഹ്വലരായ തൊഴിലാളികള്‍ നാലുപാടും പ്രാണഭയംകൊണ്ട് ഓടി. ഓട്ടത്തിനിടയില്‍ പലരും കാല്‍തട്ടിയും തളര്‍ന്നുവീണു. സ്ത്രീ തൊഴിലളികള്‍ വാവിട്ടു നിലവിളിച്ചു. ചുറ്റുപാടുമുള്ള വീട്ടുകാര്‍ സുരക്ഷയ്ക്കായി വാതിലുകള്‍ കൊട്ടിയടച്ചു. അരുതാത്തത് എന്തോ സംഭവിക്കുന്നു എന്ന തോന്നല്‍ എല്ലാവരിലും ഭീതിയുടെ കരിനിഴല്‍ പരത്തി. ബോംബു സ്ഫോടനത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് കുറെയാളുകള്‍ കൈയില്‍ കൊടുവാളുകളും മറ്റു മാരകായുധങ്ങളുമായി ജീപ്പില്‍നിന്നിറങ്ങി ആക്രോശിച്ചുകൊണ്ട് അടുത്തുവരുന്നതാണ് തൊഴിലാളികള്‍ കാണുന്നത്. പ്രാണഭയംകൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചിലരെ പിന്തുടര്‍ന്ന് അക്രമികള്‍ വെട്ടിവീഴ്ത്തി.

ബീഡിക്കമ്പനി പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് മുറികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിയുന്നതിനുമുമ്പ് ആയുധധാരികള്‍ അടുത്തെത്തിക്കഴിഞ്ഞു. തൊഴിലാളികള്‍ വാതിലുകള്‍ ഉള്ളില്‍നിന്ന് അടച്ച് അക്രമികള്‍ അകത്തു കടക്കുന്നതിനെ സര്‍വ്വശക്തിയുമുപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചുനോക്കി. ഏതാനും നേരത്തേക്കുള്ള ബലപരീക്ഷണം. ആ ബലപരീക്ഷണത്തില്‍ ഒരു മുറിയിലുണ്ടായിരുന്ന തൊഴിലാളികള്‍ തോറ്റുപോയി. വാതില്‍ തകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തി. ശരീരമാസകലം വെട്ടേറ്റ്, ചോരവാര്‍ന്ന് കൊളങ്ങരേത്ത് രാഘവന്‍ എന്ന തൊഴിലാളി അവിടെത്തന്നെ മരിച്ചുവീണു. അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്ന രാഘവന് മരിക്കുമ്പോള്‍ വയസ്സ് 38. ഭാര്യയും പറക്കമുറ്റാത്ത ഒരു മകനും അതോടെ അനാഥരായി. ഏതാനും നേരത്തെ സംഹാരതാണ്ഡവത്തില്‍ പതിനഞ്ചോളം തൊഴിലാളികള്‍ക്ക് മാരകമായ പരിക്കുപറ്റി. കമ്പനിക്കകത്തും പുറത്തും തൊഴിലാളികളുടെ ചോര ഒഴുകിപ്പടര്‍ന്നു. പലരുടെയും മുന്നിലുണ്ടായിരുന്ന ബീഡിയിലയും പുകയിലയും ചോരയില്‍ കുതിര്‍ന്നു. ജീപ്പില്‍നിന്ന് വിസില്‍ മുഴങ്ങിയതോടെ അച്ചടക്കമുള്ള ഭടന്മാരെപ്പോലെ അക്രമികള്‍ കൊടുവാളുകളില്‍ പറ്റിയ ചോര തുടച്ചു വൃത്തയാക്കി മടങ്ങിപ്പോയി. കുപ്രസിദ്ധ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ഇരുപതോളം കോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ അക്രമത്തിന്റെ കഥയാണ് ഇത്. കമ്പനിയിലെ ഭൂരിപക്ഷം തൊഴിലാളികളും കമ്യൂണിസ്റ്റുകാരായിരുന്നു എന്നതൊഴിച്ചാല്‍ തൊഴിലാളികളെ ആക്രമിക്കത്തക്ക ഒരു പ്രകോപനവും ആ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നില്ല.

അടിയന്തിരാവസ്ഥയുടെ സുരക്ഷിതത്വത്തില്‍നിന്നുകൊണ്ട് കോണ്‍ഗ്രസുകാര്‍ നടത്തിയ ആസൂത്രിതമായ ഒരു കമ്യൂണിസ്റ്റ്വേട്ട. താലൂക്കിന്റെ പല ഭാഗങ്ങളില്‍നിന്നും പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് ഗുണ്ടകളായിരുന്നു ഓപ്പറേഷനില്‍ പങ്കെടുത്തത്. ഇങ്ങനെയൊരു ആക്രമണം നടക്കാന്‍പോകുന്നു എന്ന് പ്രദേശത്തെ കോണ്‍ഗ്രസുകാരില്‍ ചിലര്‍ക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു. ബന്ധുക്കളായ തൊഴിലാളികള്‍ ആ ദിവസം കമ്പനിയിലേക്ക് പോകുന്നത് തടഞ്ഞുകൊണ്ട് അവര്‍ ബന്ധുസ്നേഹം കാട്ടി. ജില്ലാ ഭരണാധികാരികളെപ്പോലും അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയ സംഭവം. പാവപ്പെട്ട തൊഴിലാളികളെ വെട്ടിവീഴ്ത്തിയതിനെപ്പറ്റി പറയുമ്പോള്‍ അന്നത്തെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ എന്‍ കുഞ്ഞിക്കോയ നിരുദ്ധകണ്ഠനായി. തൊഴിലാളികളുടെ രക്തം തളംകെട്ടിയ മുറി പരിശോധിക്കുമ്പോള്‍ മര്‍ദ്ദകവീരന്‍ എന്ന് അക്കാലത്ത് പേരുകേട്ടിരുന്ന ജില്ലാ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസ്പോലും ഒരു നിമിഷം പകച്ചു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന നിരപരാധികളായ തൊഴിലാളികളെ അറവു മൃഗങ്ങളെയെന്നപോലെ വെട്ടിയരിഞ്ഞതില്‍ നാടാകെ പ്രതിഷേധിച്ചു. സംഭവത്തിന് സാക്ഷികളായ തൊഴിലാളികളും നാട്ടുകാരും അക്രമികള്‍ക്കെതിരെ കോടതിയില്‍ മൊഴികൊടുത്തു.

ബീഡിക്കമ്പനിക്ക് മുന്‍വശം കച്ചവടം ചെയ്തുവന്നിരുന്ന പ്രമുഖ കോണ്‍ഗ്രസുകാരനും മമ്പറം ദിവാകരനെതിരെ സാക്ഷിപറയാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ദിവാകരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി വിവിധ കാലയളവിലേക്ക് ശിക്ഷിച്ചു. ജില്ലയില്‍ ബോംബു രാഷ്ട്രീയത്തിന് തുടക്കംകുറിച്ചത് പന്തക്കപ്പാറ സംഭവത്തോടെ. ഒരാള്‍ മാത്രമാണ് കൊല്ലപ്പെട്ടതെങ്കിലും പരിക്കേറ്റ പല തൊഴിലാളികളും ഫലത്തില്‍ ജീവച്ഛവങ്ങളാണ്. ഒരു ജോലിയും ചെയ്യാന്‍ കഴിയാതെ നരകിക്കുന്നവര്‍. നിത്യരോഗികളായി തീര്‍ന്നവര്‍. ആക്രമണത്തില്‍ പരിക്കേറ്റും അതിന്റെ ആഘാതത്തില്‍പെട്ടും അകാലത്തില്‍ മരിച്ചവരുമുണ്ട്. എന്നാല്‍ പ്രതികളോ? അവരെ പരവതാനിവിരിച്ച് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചു. ജയില്‍ശിക്ഷ കഴിഞ്ഞ ഉടനെ മമ്പറം ദിവാകരന്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടു. ഡിസിസി സെക്രട്ടറിയായി; അക്രമവിരുദ്ധ പൊതുയോഗങ്ങളിലെ മുഖ്യ പ്രാസംഗികനായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി. "സമാധാനത്തിന്റെ വെള്ളരിപ്രാവു"കളായ കോണ്‍ഗ്രസുകാര്‍ നിരപരാധികളുടെ രക്തത്തിനുവേണ്ടി ഒടുങ്ങാത്ത ദാഹവുമായി ഓടിനടക്കുന്നതാണ് കണ്ണൂരിന്റെ പില്‍ക്കാല ചരിത്രം.

*
വി എം പവിത്രന്‍ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1976 ജൂണ്‍ 5ലെ സായാഹ്നം. അടിയന്തരാവസ്ഥയുടെ കാര്‍മേഘങ്ങള്‍ അന്തരീക്ഷത്തില്‍ കനംതൂങ്ങി നില്‍ക്കുന്നുണ്ടെങ്കിലും എന്നെത്തേയുംപോലെ ഒരു ദിവസം. പതിവുപോലെ നാലരമണിക്ക് സിലോണ്‍ റേഡിയോയില്‍നിന്ന് ഒഴുകിയെത്തുന്ന മലയാളം ചലച്ചിത്രഗാനങ്ങള്‍ക്ക് അവര്‍ കാതോര്‍ത്തു-പിണറായിയിലെ പന്തക്കപ്പാറ ദിനേശ്ബീഡിക്കമ്പനിയിലെ അന്‍പതോളം വരുന്ന തൊഴിലാളികള്‍. രാവിലെമുതല്‍ ബീഡി തെറുപ്പിനോടൊപ്പം നടന്നുവരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഗൗരവമേറിയ വായനയ്ക്കും താല്‍ക്കാലികമായി വിരാമമിട്ടുകൊണ്ട് മനസ്സും ശരീരവും ശാന്തിനേടുന്ന നിമിഷങ്ങള്‍. പാട്ട് തീര്‍ന്ന് ഒരു മണിക്കൂര്‍കൂടി കഴിഞ്ഞാല്‍ തൊഴിലാളികളുടെ ഒരു ദിവസം അവസാനിക്കുന്നു. തുടര്‍ന്ന് കഷ്ടപ്പാടുകളും നെടുവീര്‍പ്പുകളും നിറഞ്ഞ കുടുംബാന്തരീക്ഷത്തിലേക്ക് മടങ്ങിപ്പോകല്‍. ബീഡിക്കമ്പനിയുടെ മുന്‍വശത്തെ റോഡില്‍ രണ്ട് ജീപ്പുകള്‍ വന്ന് ബ്രേക്കിട്ടതില്‍ അസ്വാഭാവികമായി ഒന്നും ആര്‍ക്കും തോന്നിയില്ല. നിനച്ചിരിക്കാതെയാണ് ഒരു ഉഗ്രന്‍ സ്ഫോടനത്തിന്റെ ശബ്ദംകേട്ട് തൊഴിലാളികള്‍ ഞെട്ടിത്തരിക്കുന്നത്. ഒന്നിനുപിറകെ ഒന്നായി ബീഡിക്കമ്പനിയുടെ ചുമരില്‍തട്ടി ബോംബുകള്‍ പൊട്ടിത്തെറിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭയവിഹ്വലരായ തൊഴിലാളികള്‍ നാലുപാടും പ്രാണഭയംകൊണ്ട് ഓടി.