Monday, June 18, 2012

പണമില്ലെന്നത് നുണ; കട്ടുമുടിക്കുന്നത് സത്യം

വിദ്യാഭ്യാസമേഖലയിലെ വകയിരുത്തല്‍ ഗവണ്‍മെന്റ് ബജറ്റുകളില്‍ തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുന്നതായാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. 2012ലെ ബഡ്ജറ്റും അതിന്റെ തുടര്‍ച്ചയാണെന്ന് പറയാം. അതിന് അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റുകള്‍ പറയുന്നതാകട്ടെ, തങ്ങളുടെ കയ്യില്‍ കാശില്ലെന്ന വാദമാണ്. ഇതെത്രമാത്രം യാഥാര്‍ത്ഥ്യമാണെന്നത് ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയതായി ആരംഭിക്കാതിരിക്കാനും വിദ്യാര്‍ത്ഥികളുടെ സൗജന്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുമുള്ള ന്യായമായി ഇത് മാറിയിരിക്കുന്നു. 1990കള്‍ക്കുശേഷമാണ് ഈ നയം വ്യാപകമായി അടിച്ചേല്‍പിക്കപ്പെട്ടത്. ഉദാരവല്‍ക്കരണ അജണ്ടയുടെ വക്താക്കള്‍ സര്‍ക്കാര്‍ ഖജനാവിലെ കാശില്ലായ്മയെക്കുറിച്ചാണ് എപ്പോഴുമെപ്പോഴും സംസാരിക്കുന്നതും വ്യാകുലപ്പെടുന്നതും.

ഗവണ്‍മെന്റ് ചെലവുകളിലെ ആധിക്യമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രശ്നമെന്നാണ് അവര്‍ അവതരിപ്പിക്കുന്നത്. പരിഹാരമന്ത്രമായി "ചെലവ് ചുരുക്കല്‍" വാദം അവതരിപ്പിക്കുകയും ചെയ്യുന്നു. യാഥാര്‍ത്ഥ്യമെന്തെന്ന അന്വേഷണം നമ്മെ അമ്പരപ്പിക്കുന്നതായിരിക്കും. ആധുനിക ലോകത്ത് ജനങ്ങള്‍ ആരോഗ്യത്തെക്കുറിച്ചും അവരുടെ വിദ്യാഭ്യാസകാര്യത്തെക്കുറിച്ചും ഏറെ ഉത്കണ്ഠാകുലരാണ്. എന്നാല്‍ ഈ രണ്ട് മേഖലയിലുമാണ് ഏറ്റവും വലിയ വെട്ടിക്കുറക്കലുകള്‍ വന്നുപെട്ടിരിക്കുന്നത്. ആരോഗ്യമേഖലയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വകയിരുത്തല്‍ ജിഡിപിയുടെ കേവലം 1.2% മാത്രമാണ്. വികസിത രാജ്യങ്ങളുടെ മാത്രമല്ല, പല മൂന്നാം ലോക രാജ്യങ്ങളുടെയും പിന്നിലാണിതെന്നറിയുക. വിദ്യാഭ്യാസ വിഹിതവും ഇതിന്റെ മറ്റൊരു പതിപ്പ് മാത്രം. ജിഡിപിയുടെ പത്തുശതമാനത്തിലധികം വിദ്യാഭ്യാസത്തിനായി മിക്ക രാജ്യങ്ങളും നീക്കിവെക്കുമ്പോള്‍ ഇന്ത്യയുടേതാകട്ടെ കേവലം മൂന്നു ശതമാനം മാത്രമാണ്. ഉന്നത വിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവരുന്നവരുടെ ശതമാനം ഇന്ത്യയില്‍ 15%ല്‍ ചുവടെയാണ് (ലോകശരാശരി 24%). വിദ്യാഭ്യാസത്തിന്നുള്ള വകയിരുത്തല്‍ വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നാണ് ഇത് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ 2012ല്‍ പുറത്തുവിട്ട ദേശീയ സാമ്പിള്‍ സര്‍വ്വേ (എന്‍.എസ്.എസ്) കണക്കുകള്‍ പ്രകാരം, രാജ്യത്തെ മൂന്നിലൊന്നിലേറെ കുട്ടികള്‍ പോഷകക്കുറവ് അനുഭവിക്കുന്നവരാണ്. നാലിലൊരു വിഭാഗം കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമാകുന്നില്ല. പരിതാപകരമായ ഈ സ്ഥിതിവിശേഷത്തിന് ആരാണ് ഉത്തരവാദികള്‍, എങ്ങനെയാണിതിന് പരിഹാരം കണ്ടെത്തുക തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ് അക്കാഡമിക് ബുദ്ധിജീവികളും ഭരണാധികാരികളും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ പണമില്ലെന്നതുപോലെ, ഭൂമി ഇല്ലെന്നും നമ്മുടെ ഭരണാധികാരികള്‍ പറയാറുണ്ട്. എന്നാല്‍ ഇതേ കാലയളവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യ കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ പണിയാന്‍ പതിച്ച് നല്‍കുന്ന പ്രവണതയും ശക്തിപ്പെട്ടു. വിവിധ യൂണിവേഴ്സിറ്റികളുടെയും കോളേജുകളുടെയും ഭൂമി വാണിജ്യാവശ്യത്തിന് പതിച്ചുകൊടുത്തു. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുടെ ഇരുനൂറ് ഏക്കര്‍ ഭൂമി സി.എ.ആര്‍.ഇ.ക്ക് പതിച്ചുകൊടുത്തു. മറ്റു പല സര്‍വ്വകലാശാലകളുടെ ഭൂമിയും ഇതുപോല പതിച്ചുകൊടുത്തിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭൂമികൈമാറ്റശ്രമവും ഇതിന്റെ ഭാഗം തന്നെ.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയാണ് ഒട്ടും ലജ്ജയില്ലാതെ കച്ചവടക്കാര്‍ക്കും മറ്റുമായി പതിച്ചു നല്‍കിയത്. ഇങ്ങനെ കൈമാറിയ ഭൂമിയുടെ വില എത്രയെന്ന് കണക്കുകൂട്ടുമ്പോഴാണ് കൊള്ളയുടെ ആഴം വ്യക്തമാകുക. ഇന്ത്യയിലെ പതിനായിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദേശീയ പാതയോരത്തും നഗരഹൃദയങ്ങളിലുമായാണ്. ഈ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയുടെ വാണിജ്യവില വളരെ ഉയര്‍ന്നതായിരിക്കും. അതുകൊണ്ടു തന്നെ ജനപ്രതിനിധികള്‍ എന്ന പേരില്‍ മന്ത്രിക്കസേരകളില്‍ ഇരിക്കുന്ന വാണിജ്യമനഃസ്ഥിതിക്കാരുടെ ലാഭക്കണ്ണ് ഇപ്പോള്‍ ആ ഭൂമിയിലാണ്. റിയല്‍ എസ്റ്റേറ്റുകാരുടെ ഇടനിലക്കാര്‍ എന്ന തരത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കണം എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ക്ലാസ് മുറികള്‍ കച്ചവടശാലയാക്കി ലാഭം കൊയ്യാനാണ് അവര്‍ പഠിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് ഹോട്ടല്‍ കച്ചവടത്തിന് നല്‍കണമെന്ന പഴയ ശുപാര്‍ശ ഇതിനോട് ചേര്‍ത്ത് വായിക്കണം. നാളെ നഗരങ്ങളിലെ സ്കൂളും കോളേജുമൊക്കെ ഈ പട്ടികയിലേക്ക് കടന്നുവന്നേക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥലം വാണിജ്യാവശ്യത്തിന് നല്‍കി സ്വകാര്യ മുതലാളിമാര്‍ക്ക് പണം കൊയ്യാന്‍ അവസരമൊരുക്കുന്നവര്‍ സമൂഹത്തിലെ പിന്നണിയില്‍ കിടക്കുന്നവരുടെ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് ആലോചിക്കുന്നേയില്ല. ഇന്ത്യന്‍ പ്രസിഡന്റിന്റെ വെണ്ണക്കല്‍ കൊട്ടാരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ പോലും അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഗജൂരിയാസ് എന്ന സ്കൂള്‍ തകര്‍ന്ന് ഏഴ് കുട്ടികളാണ് മരണപ്പെട്ടത്. കെട്ടിട ഉടമകള്‍ക്ക് വാടക കൊടുക്കാനില്ലാത്തതിനാല്‍ മൈസൂരില്‍ സ്കൂളില്‍ നിന്നും കുട്ടികളെ ഇറക്കിവിട്ടതുള്‍പ്പെടെയുള്ള എത്രയോ സംഭവങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായി. കോര്‍പ്പറേറ്റ് മുതലാളിമാരുടെ ആസ്ഥാന മന്ദിരത്തിലേക്ക് രാജപാതയൊരുക്കാന്‍ വെമ്പല്‍കൊള്ളുന്നവര്‍, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നടപ്പാതയെക്കുറിച്ച് ഓര്‍ക്കുന്നില്ല. ബഹുരാഷ്ട്ര കുത്തകകളുടെ കമ്പനികളിലേക്ക് 24 മണിക്കൂറും ഇളവുകളോടെ വൈദ്യുതി നല്‍കുന്നവര്‍, ഇന്ത്യയിലെ പകുതിയിലേറെ വരുന്ന വൈദ്യുതീകരിക്കപ്പെടാത്ത സ്കൂളുകളെക്കുറിച്ച് വ്യാകുലപ്പെടുന്നില്ല. നഗരഹൃദയങ്ങളില്‍ സമ്പന്നര്‍ക്ക് താമസിക്കാന്‍ സെവന്‍സ്റ്റാര്‍ ഹോട്ടലുകളുടെ ആവശ്യകതയെക്കുറിച്ച് വാചാലരാകുന്നവര്‍, രാജ്യത്തെ 54% വരുന്ന ശൗചാലയമില്ലാത്ത സ്കൂളുകളെക്കുറിച്ച് മിണ്ടുന്നേയില്ല. ഇവിടങ്ങളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനുഭവിക്കേണ്ടിവരുന്ന പ്രയാസത്തെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നേയില്ല. ആരാണ് ഇവരുടെ ബോധത്തെ നിയന്ത്രിക്കുന്നത്? സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിരവധിയുണ്ട്. ഇവയ്ക്ക് ഭൂവിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുളള സര്‍ക്കാര്‍ ഇടപെടലുകള്‍ എന്തെന്ന് പരിശോധിച്ച് നോക്കുക. അതേസമയം സമ്പന്നകുലജാതരുടെ കുട്ടികള്‍ പഠിക്കുന്നതും പ്രമാണിമാരാല്‍ നടത്തപ്പെടുന്നതുമായ വിദ്യാഭ്യാസസ്ഥാപനങ്ങളോടുള്ള സമീപനം വ്യത്യസ്തമാണ്. അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തുച്ഛവിലയ്ക്കാണ് ഭൂമി പതിച്ചുനല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്താകെ ഇങ്ങനെ പതിച്ചുനല്‍കിയ ഭൂമിയുടെ കണക്കെടുക്കുന്നത് പ്രസക്തമാകും. പതിച്ചുനല്‍കിയ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പലതും കൊള്ളസംഘങ്ങള്‍ക്കു തുല്യമായ നിലയിലാണ് കുട്ടികളില്‍ നിന്ന് ഫീസ് പിരിക്കുന്നത്. ഇനി, വിദ്യാഭ്യാസത്തിന് ചെലവഴിക്കാന്‍ പണമില്ലെന്ന് വിലപിക്കുന്നവര്‍ നടത്തിയ അഴിമതിയുടെ ചെറുചിത്രം പരിശോധിക്കാം.

2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ ചെലവഴിച്ചത് 75000 കോടിയിലധികം രൂപയാണ്. ഗെയിംസ് നടത്തിപ്പിന് ആദ്യം വിലയിരുത്തിയത് 5000 കോടിയായിരുന്നു. പിന്നീടത് പതിനഞ്ചായിരമാക്കി, ഇരുപത്തഞ്ചായിരമാക്കി, നാല്പതിനായിരമാക്കി. ഒടുവില്‍ കണക്ക് വെച്ചപ്പോള്‍ 75000 കോടി രൂപ. ഗെയിംസ് നടത്തിപ്പിന് ആവശ്യമായിവരുന്ന തുകയായി ആദ്യം വിലയിരുത്തപ്പെട്ടത് എത്രയെന്നതും ചിലവഴിച്ച തുകയും താരതമ്യം ചെയ്യുമ്പോഴാണ് അഴിമതിയുടെ ആഴം വ്യക്തമാകുന്നത്. ഇന്ത്യയിലെ ദളിത് വിദ്യാര്‍ത്ഥികള്‍ക്കാകെ കൊടുക്കുന്ന രാജീവ്ഗാന്ധി സ്കോളര്‍ഷിപ്പിന് വകയിരുത്തിയ തുകയുടെ എത്രയോ മടങ്ങാണ് ഇത്. പണമില്ലെന്ന് പറഞ്ഞ് രാജീവ്ഗാന്ധി സ്കോളര്‍ഷിപ്പിന്റെ വകയിരുത്തല്‍ ബജറ്റില്‍ 20%ലേറെ വെട്ടിക്കുറച്ചവരാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടകരായ ഇന്ത്യന്‍ ഭരണാധികാരികളെന്നോര്‍ക്കുക. രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ അഴിമതിയിലൊന്നാണല്ലോ 2ജി സ്പെക്ട്രം കേസ്. ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപയാണത്രേ രാജ്യത്തിന്റെ ഖജനാവിന് ഇതിലൂടെ നഷ്ടമായത്. ഈ തുക ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്രശതമാനം വരുമെന്ന് കണക്കുകൂട്ടി നോക്കുക. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയ്ക്ക് ആകെ വകയിരുത്തുന്ന തുകയോളം വരുമിത്.

വിദ്യാഭ്യാസത്തിനുവേണ്ടി വകയിരുത്തല്‍ വര്‍ദ്ധിപ്പിക്കണം എന്ന് പറയുന്നവരല്ല ഖജനാവിന് ഈ നഷ്ടമുണ്ടാക്കിയതെന്നോര്‍ക്കുക. മാതൃരാജ്യത്തിന്റെ മണ്ണ് സംരക്ഷിക്കാന്‍ പൊരുതിമരിച്ച ജവാന്മാരുടെ വിധവകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെന്ന് പറഞ്ഞാണ് ആദര്‍ശ് ഫ്ളാറ്റ് നിര്‍മിച്ചത്. മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയില്‍ മുംബൈയിലാണ് 28 നിലകളുള്ള ആ കെട്ടിടം പണിതത്. മുംബൈയിലെ ഭൂമിയുടെ വില സ്വര്‍ണ്ണത്തോടുപോലും താരതമ്യം ചെയ്യാന്‍ കഴിയാത്തതാണ്. പ്രതിരോധ വകുപ്പിന്റെ കയ്യിലുണ്ടായിരുന്ന ഭൂമി സൊസൈറ്റിക്ക് പതിച്ചുകൊടുത്തു. അവരവിടെ കെട്ടിടം പണിതു. കെട്ടിടത്തില്‍ കേറിക്കിടക്കാന്‍ വന്നത് രക്തസാക്ഷികളുടെ കുടുംബാംഗങ്ങളായിരുന്നില്ല, കെട്ടിടം കെട്ടിപ്പൊക്കിയ തൊഴിലാളികളുമായിരുന്നില്ല, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി അശോക് ചവാന്റെ അമ്മായിയമ്മയും മറ്റുമായിരുന്നു. ഇവരില്‍ പലര്‍ക്കും മുംബൈയില്‍ തന്നെ ഒന്നിലേറെ മണിസൗധങ്ങള്‍ ഉണ്ടെന്നതും ഓര്‍ക്കുക. ഇന്ത്യയിലെ 30% വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി കെട്ടിടങ്ങളില്ല. അവ പ്രവര്‍ത്തിക്കുന്നത് മരച്ചുവട്ടിലാണെന്നറിയുക. കാറ്റിലും മഴയിലും കേറിയിരിക്കാന്‍ ഓലഷെഡിന്റെ മറപോലുമില്ലാത്ത സ്കൂള്‍ കുട്ടികളെക്കുറിച്ച് ഈ മണി സൗധത്തിലെ കയ്യേറ്റക്കാര്‍ അല്പമെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ഇവരാണല്ലോ ഈ നാട് ഭരിക്കുന്നത്. കല്‍ക്കരി കഷ്ണങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനം നടത്തുന്ന കുടുംബങ്ങള്‍ ഒറീസയിലും ഝാര്‍ഖണ്ഡിലും അപൂര്‍വ്വമല്ല. മോട്ടോര്‍ വാഹനത്തിലും കാളവണ്ടിയിലുമായി കടത്തുന്ന കല്‍ക്കരിക്കെട്ടുകളില്‍ നിന്ന് തെറിച്ചുവീഴുന്ന ചീളുകള്‍ പെറുക്കി അവര്‍ അന്നത്തിന് വക കണ്ടെത്തുന്നു. ആ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും നീക്കിവെക്കാന്‍ പണമില്ലെന്നാണ് ഈ വൃത്തികെട്ട ഭരണാധികാരികള്‍ പറയുന്നത്. 10 ലക്ഷം കോടി രൂപയിലേറെയാണല്ലോ കല്‍ക്കരി കണക്കിലെ വെട്ടിപ്പ്. ഇത്രയും തുക നമ്മുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 15% ലും അധികമാകുമെന്നത് ഓര്‍ക്കുക. ഏത് വാക്കുകൊണ്ട് ഈ കള്ളന്മാരെ അഭിസംബോധന ചെയ്യും? ബൂര്‍ഷ്വാ ഭരണവര്‍ഗം എന്നതിന്റെ പര്യായം കള്ളന്‍, വൃത്തികെട്ടവന്‍, ആഭാസന്‍ എന്നെല്ലാം ഭാഷാപദാവലിയില്‍ എഴുതിച്ചേര്‍ക്കേണ്ടി വന്നിരിക്കുകയാണോ? രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന ജനവിരുദ്ധരാണ് ഇവിടെ പണമില്ലെന്ന് പറയുന്നത്. അവാസ്തവങ്ങളുടെ കെട്ടുകഥകള്‍ നിര്‍മ്മിച്ച് ജനങ്ങളെ വഞ്ചിക്കുകയാണിവര്‍. ഇവിടെ പണം ഇല്ല എന്നതല്ല പ്രശ്നം, പാവപ്പെട്ടവന്റെ വിദ്യാഭ്യാസത്തിനായി പണം മുടക്കാന്‍ മനസ്സില്ല എന്നതാണ്. ബഹുഭൂരിപക്ഷത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളെക്കാള്‍ ഇവര്‍ വിലമതിക്കുന്നത് ഒരു ചെറുന്യൂനപക്ഷത്തിന്റെ ലാഭേച്ഛയ്ക്കാണ്. ഇതിനെതിരായി ബഹുഭൂരിപക്ഷത്തിന്റെ അവകാശ സമരങ്ങള്‍ ഉയര്‍ന്നുവരിക തന്നെ വേണം.

*
ഡോ. വി. ശിവദാസന്‍ ചിന്ത 22 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിദ്യാഭ്യാസമേഖലയിലെ വകയിരുത്തല്‍ ഗവണ്‍മെന്റ് ബജറ്റുകളില്‍ തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുന്നതായാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. 2012ലെ ബഡ്ജറ്റും അതിന്റെ തുടര്‍ച്ചയാണെന്ന് പറയാം. അതിന് അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റുകള്‍ പറയുന്നതാകട്ടെ, തങ്ങളുടെ കയ്യില്‍ കാശില്ലെന്ന വാദമാണ്. ഇതെത്രമാത്രം യാഥാര്‍ത്ഥ്യമാണെന്നത് ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയതായി ആരംഭിക്കാതിരിക്കാനും വിദ്യാര്‍ത്ഥികളുടെ സൗജന്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുമുള്ള ന്യായമായി ഇത് മാറിയിരിക്കുന്നു. 1990കള്‍ക്കുശേഷമാണ് ഈ നയം വ്യാപകമായി അടിച്ചേല്‍പിക്കപ്പെട്ടത്. ഉദാരവല്‍ക്കരണ അജണ്ടയുടെ വക്താക്കള്‍ സര്‍ക്കാര്‍ ഖജനാവിലെ കാശില്ലായ്മയെക്കുറിച്ചാണ് എപ്പോഴുമെപ്പോഴും സംസാരിക്കുന്നതും വ്യാകുലപ്പെടുന്നതും.