Tuesday, June 26, 2012

കൊലവിളിയും കൊലയാളികളും ഒരു ഫ്ളാഷ്ബാക്ക്

1964 സെപ്തംബറിലാണ് തൃശൂര്‍ വെള്ളാനിക്കര തട്ടില്‍ എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ജോണ്‍ കൊലചെയ്യപ്പെട്ടത്. എസ്റ്റേറ്റ് റൈട്ടര്‍ മാത്യുവിന്റെ പേരിലുള്ള സസ്പെന്‍ഷന്‍ നടപടി സംബന്ധിച്ച എന്‍ക്വയറി നടക്കുന്ന ഹാളില്‍ നിരവധിയാളുകള്‍ കണ്ടുനില്‍ക്കെയാണ് ജോണിന് കുത്തേറ്റത്. കേസില്‍ പത്ത് പ്രതികളാണുണ്ടായിരുന്നത്. ഈ സംഭവത്തെക്കുറിച്ച് തട്ടില്‍ എസ്റ്റേറ്റ് തൊഴിലാളി യൂണിയന്‍ നേതാവുകൂടിയായിരുന്ന കെ കരുണാകരന്‍ ആത്മകഥയില്‍ രേഖപ്പെടുത്തിയത് ഇങ്ങനെ:

""എട്ടു തൊഴിലാളികളുടെ പേരില്‍ പോലീസ് കേസെടുത്തു. ഈ ഘട്ടത്തില്‍ ഞാനോ പണിക്കരോ കൊലക്കേസില്‍ പ്രതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ഒക്ടോബര്‍ മൂന്നാമത്തെ ആഴ്ചയില്‍ തിരുവനന്തപുരത്തുനിന്ന് വ്യക്തമായ നിര്‍ദ്ദേശം പോലീസിന് ലഭിച്ചു. മുഖ്യമന്ത്രിയും തൃശൂരിലെ ചില സമുദായ പ്രമാണിമാരും നടത്തിയ ഗൂഢാലോചനയായിരുന്നു അത്. ഒക്ടോബര്‍ 24ന് എന്നെയും പണിക്കരെയും പ്രതിചേര്‍ത്ത് അഡീഷണല്‍ ചാര്‍ജ്ഷീറ്റ് നല്‍കി. ഞാന്‍ ഒമ്പതാം പ്രതിയും പണിക്കര്‍ പത്താം പ്രതിയും. കൊലപാതകം ചുമത്തിയായിരുന്നു കുറ്റപത്രം."" (പതറാതെ മുന്നോട്ട്, ആത്മകഥ- കെ കരുണാകരന്‍, മാതൃഭൂമി പ്രസിദ്ധീകരണം, രണ്ടാം പതിപ്പ്, പേജ് 84-85)

ഇതില്‍ പരാമര്‍ശിക്കുന്ന പണിക്കര്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായിരുന്ന കെ വി കെ പണിക്കരാണ്. തൃശൂരിലെ സമുദായ പ്രമാണിമാരുമായി ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രി സാക്ഷാല്‍ ആര്‍ ശങ്കര്‍! കെ കരുണാകരന്റെ ആത്മകഥയുടെ പതിനാലാമത്തെ ഖണ്ഡമായ "വെള്ളാനിക്കര ഗൂഢാലോച" ആരംഭിക്കുന്നതുതന്നെ, ""വെള്ളാനിക്കരയിലെ കൊലക്കേസ് എന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാനുള്ള ഗൂഢാലോചനയായി മാറ്റിയത് അന്നത്തെ മുഖ്യമന്ത്രി ശങ്കറും ആഭ്യന്തരമന്ത്രി പി ടി ചാക്കോയുമാണ്"" എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ്. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിക്കുകയും "ലീഡര്‍" എന്ന പദവി കൈയാളുകയും ചെയ്ത കെ കരുണാകരന്റെ ആത്മകഥയിലെ പരാമര്‍ശങ്ങളാണ് മുകളിലുദ്ധരിച്ചത്. സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകരെ ഗ്രൂപ്പുവൈരത്തിന്റെ പരകോടിയില്‍ ഉന്നതരായ കോണ്‍ഗ്രസുകാര്‍ എങ്ങനെ കൈകാര്യംചെയ്തു എന്നതിന്റെ ഉദാഹരണമായി ഈ സംഭവങ്ങളെ കാണാം. ഐക്യകേരളം പിറവികൊള്ളുന്നതിനുമുമ്പുതന്നെ നിയമസഭാ സാമാജികനായും തൊഴിലാളി നേതാവായും അറിയപ്പെട്ട ആളാണ് കെ കരുണാകരന്‍. ഇത്തരമൊരാളെയാണ് 1964ല്‍ ഭരണയന്ത്രം കൈയാളാന്‍ അവസരം കിട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തി കൊലക്കേസിലെ പ്രതിയാക്കിയത്. ജനാധിപത്യത്തിന്റെയും അഹിംസയുടെയും അപ്പോസ്തലന്മാര്‍ അധികാരം കൈയിലെടുത്ത് ചെയ്തുകൂട്ടുന്നത് എന്തൊക്കെയാണ് എന്ന് ആലോചിക്കാന്‍ മനുഷ്യസ്നേഹികള്‍ മുഴുവന്‍ നിര്‍ബന്ധിക്കപ്പെടുന്നു. കരുണാകരന്‍ സംഭവം ആദ്യത്തേതല്ല എന്നതുപോലെ അവസാനത്തേതുമല്ല എന്ന് നമുക്കു ചുറ്റും അരങ്ങേറുന്ന കിരാത നാടകങ്ങള്‍ വെളിപ്പെടുത്തുന്നു. ഒഞ്ചിയംകേസിനെ മുന്‍നിര്‍ത്തി ഇത്തരമൊരവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടതെങ്കില്‍ അരീക്കോട് സംഭവം ഇതിന്റെ നേരെ മറുപുറത്തേക്കാണ് വിരല്‍ചൂണ്ടുന്നത്. രണ്ടു മനുഷ്യജീവനുകളെ പരസ്യമായി കുത്തിക്കീറിയ ദുഷ്ടക്കൂട്ടത്തോട് എത്ര മൃദുലമായി പെരുമാറാന്‍ സാധിക്കുമെന്നും വലതുപക്ഷ ഭരണസംവിധാനം തെളിയിക്കുകയാണ്. എവിടെയാണ് നാം ജീവിക്കുന്നത്? ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായ കേരളമാണിത്. സംശയിക്കേണ്ടതില്ല, അവരുടെ സഞ്ചാരപഥം ആര്‍ ശങ്കറിന്റെയും പി ടി ചാക്കോയുടെയുംതന്നെയാണ്. എസ്റ്റേറ്റ് സൂപ്രണ്ട് ജോണിനെ കൊലപ്പെടുത്തിയ കുറ്റത്തിന് വെള്ളാനിക്കരക്കാരന്‍ ആലിയെ തൂക്കിക്കൊന്നു. മറ്റൊരു പ്രതി പ്യൂണ്‍ ചാക്കുവിനെ രണ്ടരവര്‍ഷം തടവിന് ശിക്ഷിച്ചു. ഒമ്പതാംപ്രതി കെ കരുണാകരനെയും പത്താംപ്രതി കെ വി കെ പണിക്കരെയും വിചാരണവേളയില്‍ കേസില്‍നിന്നൊഴിവാക്കി എന്നത് ബാക്കിപത്രം.

* * * * *

ഉജ്വലമായ ഒരു രക്തസാക്ഷിത്വത്തിന്റെ സ്മരണകളുമായി വീണ്ടും തട്ടില്‍ എസ്റ്റേറ്റ് മലയാളികള്‍ക്കു മുന്നില്‍ വന്നു.

1972 സെപ്തംബര്‍ 23ന് രാത്രി ഒമ്പതരയോടടുത്താണ് തൃശൂര്‍ ചെട്ടിയങ്ങാടി റോഡില്‍ വിപ്ലവകേരളത്തിന്റെ വീരസന്തതികളിലൊരാള്‍- സഖാവ് അഴീക്കോടന്‍ രാഘവന്‍ കൊലക്കത്തിയേറ്റ് പിടഞ്ഞുവീണത്. ആ അരുംകൊലപാതകത്തിന്റെ ക്വട്ടേഷന്‍ എടുത്തത് തൃശൂര്‍കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ആര്യന്‍ഗ്രൂപ്പ് എന്ന, സിപിഐ എമ്മില്‍നിന്ന് പുറന്തള്ളപ്പെട്ട ഒരു വിഭാഗീയ പിളര്‍പ്പന്‍ സംഘമായിരുന്നു. ഇപ്പോഴത്തെ ഒഞ്ചിയം ആര്‍എംപിപോലെ അവര്‍ക്കും ഒരു പേരുണ്ടായിരുന്നു- സെന്റര്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ്. ഉന്മൂലനവാദികളായിരുന്ന ഈ പിളര്‍പ്പന്‍ സംഘക്കാരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് ആരായിരുന്നു? അന്ന് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഉപജാപകസംഘം! അഴീക്കോടനെപ്പോലെ സമുന്നതനായ നേതാവിനെ കൊന്നുതള്ളാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ച കാരണമെന്തായിരുന്നു? 1970ലെ നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അധികാരമേറ്റ കോണ്‍ഗ്രസ്- ഐക്യകക്ഷി സര്‍ക്കാരാണ് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കുവേണ്ടി തട്ടില്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഈ ഇടപാടുകള്‍ ക്രമവിരുദ്ധമായിരുന്നെന്നും അഴിമതിയുടെ കറപുരണ്ടവയായിരുന്നെന്നും ഇക്കാര്യത്തില്‍ കരുണാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടായിരുന്നെന്നും ആക്ഷേപമുയര്‍ന്നു. ഇതിനോട് ബന്ധപ്പെട്ട ചില രേഖകള്‍ "നവാബ്" മാസികയില്‍ അച്ചടിച്ചുവന്നു. ഇതേത്തുടര്‍ന്ന് "നവാബ്" പത്രാധിപരായിരുന്ന രാജേന്ദ്രന്‍ നിഷ്ഠുരമായ പൊലീസ് വേട്ടയ്ക്ക് ഇരയായി. ഈ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവരുന്നതിന് അക്കാലത്ത് പ്രതിപക്ഷമുന്നണിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന അഴീക്കോടനും സുപ്രധാന പങ്കുവഹിച്ചു. പല രേഖകളും അഴീക്കോടന്റെ കൈവശം ഉണ്ടായിരുന്നതായും കരുതുന്നു. ഈ രേഖകള്‍ അഴീക്കോടനില്‍നിന്ന് കൈവശപ്പെടുത്താന്‍ പൊലീസ് പലവിധ പരിശ്രമങ്ങളും നടത്തി. എന്നാല്‍, അത്തരം അഭ്യാസങ്ങളൊന്നും അഴീക്കോടന് കൈകാര്യംചെയ്യാന്‍ പ്രയാസമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ആര്യന്‍ഗ്രൂപ്പിനെ ക്വട്ടേഷന്‍ സംഘമാക്കി അഴീക്കോടന്റെ ജീവനെടുക്കാന്‍ അഹിംസയുടെ "പ്രവാചകന്മാര്‍" തീരുമാനമെടുത്തത്.

* * * * *

1971 സെപ്തംബര്‍ 25നാണ് കെ കരുണാകരന്‍ ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്. കൃത്യം ഏഴുദിവസംമുമ്പാണ് നീണ്ടകാലം കരുണാകരന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന കൊടുങ്ങല്ലൂരിലെ പി കെ അബ്ദുള്‍ഖാദര്‍ കൊല്ലപ്പെടുന്നത്. കോണ്‍ഗ്രസ് ചേരിപ്പോരുകളില്‍ ഒരു ഘട്ടത്തില്‍ കരുണാകരനെതിരായ പക്ഷത്തായിരുന്നു അബ്ദുള്‍ഖാദര്‍. ഒന്നിലധികം തവണ നിയമസഭാംഗവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുള്‍ഖാദര്‍ പിന്നീട് സിപിഐ എം സഹയാത്രികനായി. "അത്യുന്നതമായ ജനാധിപത്യബോധവും അഹിംസയിലുള്ള നിഷ്ഠയും" കാരണം അബ്ദുള്‍ ഖാദറിനെ വകവരുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. 1971 സെപ്തംബര്‍ 17ന് രാവിലെ കോണ്‍ഗ്രസ് കൊലയാളിസംഘത്തിന്റെ വെടിയുണ്ടകള്‍ക്കിരയായി അബ്ദുള്‍ഖാദര്‍ അന്ത്യശ്വാസം വലിച്ചു. ഒപ്പം അഹമ്മു എന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളിയും. ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ മൂവര്‍ണക്കൊടിയേന്തിയ അബ്ദുള്‍ഖാദര്‍ ഖദറുടുത്ത കൊലയാളി സംഘത്തിന്റെ കൈത്തോക്കില്‍നിന്ന് ചീറിവന്ന തീയുണ്ടകള്‍ ഏറ്റുവാങ്ങിയപ്പോള്‍ ""ഈശ്വര്‍ അള്ളാ തേരേ നാം...."" എന്ന് അറിയാതെ വിതുമ്പിക്കാണും!

* * * * *

ഈ കാഴ്ചകളും കോലങ്ങളും എല്ലാം കണ്ടും കേട്ടും കാര്യമായൊന്നും ഉരിയാടാതെ മന്ത്രിമാരുടെ കൂട്ടത്തിലൊരു മാന്യന്‍ ഊറിച്ചിരിക്കുന്നുണ്ട്. സാക്ഷാല്‍ ആര്യാടന്‍ മുഹമ്മദ്. ഇടയ്ക്ക് ആ ചിരി മങ്ങുന്നു. അദ്ദേഹം മുഖംതാഴ്ത്തി സ്വന്തം കൈപ്പടങ്ങളിലേക്ക് സൂക്ഷിച്ച് നോക്കുകയാണോ? കെ സുധാകരന്‍, കെ പി നൂറുദ്ദീന്‍, മമ്പറം ദിവാകരന്‍. എത്രയോ പേരുകള്‍... പൊരുതിനിന്ന മനുഷ്യരുടെ തല തകര്‍ത്തവര്‍! ഉടലരിഞ്ഞവര്‍! ഉയിരെടുത്തവര്‍! അവര്‍ ഖദറിട്ടുനിന്ന് അഹിംസ പാടുന്നു! ആ അരുംകൊലപാതകങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നവരുടെ കൈകളില്‍ വിലങ്ങിടുമെന്ന് ആക്രോശിക്കുന്നു! നാവുകള്‍ പിഴുതെടുക്കും എന്ന് അട്ടഹസിക്കുന്നു! ഇല്ല- ഒരിക്കലുമില്ല! ഈ ഭീഷണികള്‍ക്കുമുമ്പില്‍ കേരളം മുട്ടുമടക്കില്ല. പൊരുതി നേടിയത് ജീവിക്കാനുള്ള അവകാശമാണ്. അത് അടിയറവയ്ക്കാനുള്ളതല്ല.

*
ബേബിജോണ്‍ ദേശാഭിമാനി 22 ജൂണ്‍ 2012

No comments: