Sunday, June 3, 2012

സംഭവിച്ചത് ഇത്രയുമല്ല

കിണറിലെ വെള്ളം കാണുമ്പോള്‍, കാണാത്ത ഉറവകള്‍ ഓര്‍മ്മിക്കപ്പെടും. ഒരു പ്രത്യേക ആശയം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍, അതിന് പിറകില്‍ പ്രവര്‍ത്തിച്ച പ്രത്യയശാസ്ത്രങ്ങള്‍ വിശകലനവിധേയമാക്കപ്പെടും. ഒരു പൂവ് വീഴുമ്പോഴും ഒരു കൂമന്‍ മൂളുമ്പോഴും കവിത പുറപ്പെടും! ഒരു പത്രാധിപര്‍ സ്വന്തം വയലില്‍ മുളപ്പിച്ച ഒരു കവിതയുടെ തൈ വേരോടെ പിഴുതെറിയുമ്പോള്‍ അതിനുമാത്രം ഇവിടെ എന്തുണ്ടായി എന്ന് ആളുകള്‍ വിളിച്ച് ചോദിക്കും. ഇങ്ങനെ ചെയ്യുന്നത് എസ് ജയചന്ദ്രന്‍നായരെ പോലുള്ള ഒരു പത്രാധിപരാകുമ്പോള്‍ അതും പ്രഭാവര്‍മ്മയെപ്പോലുള്ള ഒരു കവിയോടാകുമ്പോള്‍ ഇത് വെറുമൊരു യാദൃഛികമായ ഒരു സംഭവമല്ലെന്നും ഇതിനുപിറകില്‍ അപരിഹാര്യമായ ഒരനിവാര്യത മറഞ്ഞുനില്‍ക്കുന്നുണ്ടെന്നും വളരെവേഗം തിരിച്ചറിയപ്പെടും.

ഒരു കവിത എഴുതപ്പെടുന്നത്ര സങ്കീര്‍ണ്ണത, ചില സന്ദര്‍ഭങ്ങളില്‍, അത് തിരസ്കരിക്കപ്പെടുന്നതിലും കണ്ടെത്താന്‍ കഴിയും. ഒരു കവിത സ്വീകരിക്കപ്പെടുന്നത്, പല പരിഗണനകള്‍ക്ക് ശേഷമാണെങ്കില്‍, അത് തിരസ്കരിക്കപ്പെടുന്നതും പല പരിഗണനകള്‍ക്കും ശേഷമായിരിക്കും! എന്നാല്‍ ആദ്യം പരിഗണിക്കപ്പെടുകയും പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്ത ഒരു കാവ്യം ഇടയ്ക്കുവെച്ച് തിരസ്കരിക്കപ്പെടുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. അതാണിപ്പള്‍ "ശ്യാമമാധവം" എന്ന പ്രഭാവര്‍മ്മയുടെ കവിതക്ക് മലയാളം വാരികയില്‍ സംഭവിച്ചിരിക്കുന്നത്. എന്നാലിപ്പോള്‍ സര്‍വ്വസ്വതന്ത്രം എന്ന് സ്വയം നടിച്ച ആ പ്രസിദ്ധീകരണത്തിന്റെ ഉദാരതയുടെ മുഖംമൂടിയാണ് സര്‍വ്വരുടെയും മുമ്പില്‍വെച്ച് ഊരിവീണിരിക്കുന്നത്. എഴുത്തുകാര്‍ സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘടനയോട് കൂറ് പുലര്‍ത്തുന്നത് ഇവരുടെ കാഴ്ച്ചയില്‍ ഹൃദയച്ചുരുക്കമാണ്. അതേസമയം സ്വന്തം മുതലാളിമാരോട് ഇവര്‍ പുലര്‍ത്തുന്ന അചഞ്ചലമായ കൂറ് ഹൃദയവിശാലതയുടെ അത്യുദാത്ത മാതൃകയുമാണ്. ചെന്നായക്കും ആട്ടിന്‍കുട്ടിക്കും ഇവരിപ്പോഴും വെച്ചുവിളമ്പുന്നത് ഒരേ നിഷ്പക്ഷനീതിയുടെ ഭക്ഷണമാണ്. വെള്ളം കലക്കിയതുകൊണ്ടല്ലേ ഞാന്‍ നിന്നെ പിടിച്ചുതിന്നുന്നതെന്ന് ചോദിച്ച കഥയിലെ പഴയ ചെന്നായയെ ഇപ്പോള്‍ കാട്ടില്‍ മാത്രമല്ല നാട്ടിലും നാം കണ്ടുമുട്ടാന്‍ തുടങ്ങിയിരിക്കുന്നു.
സാഹിത്യം എന്ന് പറയുന്നത് ബാഹ്യകാരണങ്ങളുടെ കലര്‍പ്പ്പുരളാത്തതാണെന്ന് ഇത്രനാളും ശഠിച്ചവരാണ് ഇപ്പോള്‍ സാഹിത്യബാഹ്യ കാരണങ്ങളുടെ പേരില്‍ കവികളെ കുത്താന്‍ കൊമ്പുയര്‍ത്തുന്നത്. ശ്രദ്ധേയനായ കവിയും മാധ്യമപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മയുടെ "ശ്യാമമാധവം" എന്ന കവിതയും വാക്കിന്റെ സദാചാരം എന്ന അദ്ദേഹത്തിന്റെ പ്രബന്ധവും തമ്മില്‍ പുതിയൊരു ബന്ധം കണ്ടെത്തുമ്പോള്‍ സ്വന്തം ശുദ്ധസാഹിത്യ സങ്കല്‍പ്പങ്ങളില്‍ സുഷിരങ്ങള്‍ വീഴുകയാണെന്ന് സത്യമാണ് ശുദ്ധസാഹിത്യവാദികള്‍ വിസ്മരിക്കുന്നത്. അവര്‍ സിന്ദാബാദും വിളിച്ച് നടക്കുകയാണെന്നാണ് മുമ്പ് ജന്മികള്‍ ആത്മബോധമുള്ള കുടിയാന്‍മാരെക്കുറിച്ച് പരാതിയായി പറഞ്ഞിരുന്നത്. തങ്ങള്‍ക്കവര്‍ സിന്ദാബാദ് വിളിക്കുന്നില്ല എന്നതിനപ്പുറം ആ പരാതിക്ക് മറ്റൊരര്‍ത്ഥവുമില്ലെന്നറിയുമ്പോഴാണ് നാമിന്ന് ചിരിച്ചുപോകുന്നത്.

സാഹിത്യം വേറെ, രാഷ്ട്രീയം വേറെ, എന്ന് വെറുതെ പറഞ്ഞാല്‍ വ്യക്തമാവില്ലെന്ന് കരുതി; ശുദ്ധസാഹിത്യം അശുദ്ധമാവാതിരിക്കാന്‍ സിദ്ധാന്തമൊരുക്കിയവര്‍തന്നെ, സ്വയമൊരു സങ്കുചിതാവശ്യം വന്നപ്പോള്‍ രണ്ടിനെയും നിര്‍ലജ്ജം കൂട്ടിക്കുഴയ്ക്കുന്നതാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മൂലധനപക്ഷപാതിത്വത്തിനു പകരം മാധ്യമങ്ങള്‍ ജനപക്ഷപാതിത്വമാണ് പുലര്‍ത്തിയിരുന്നതെങ്കില്‍, മലയാളം വാരികയുടെ പത്രാധിപര്‍ ഒരു നിരന്തരവിചാരണ നേരിടേണ്ടിവരുമായിരുന്നു. എന്നാലിവിടെ തിരസ്കൃത കവിതയെ കേന്ദ്രമാക്കി കാര്യമായൊരു മാധ്യമവിചാരണയും വികസിച്ചുവരുന്നതായി കാണുന്നില്ല.

മലയാളം പത്രാധിപര്‍ ജയചന്ദ്രന്‍നായര്‍ എഴുതിയ തുടര്‍പ്രബന്ധത്തിന്റെ കുറച്ച് ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചതിനുശേഷം, അദ്ദേഹത്തിന്റെ നിലപാടില്‍ വന്ന ഏതോ ഒരു മാറ്റത്തിന്റെ പേരില്‍, ദേശാഭിമാനി വാരികയായിരുന്നു, ഇപ്പോള്‍ മലയാളംവാരിക ചെയ്തത്പോലെ പേരുമാറിയിരുന്നെങ്കിലോ? ടി പി ചന്ദ്രശേഖരനുള്‍പ്പെടെയുള്ള സഖാക്കള്‍ സി പി എമ്മില്‍ നിന്നകാലം മുതല്‍ കൊലചെയ്യപ്പെട്ട നിരവധിപേര്‍ ഒരിടത്തും ഇപ്പോഴത്തെപോലെ പരാമര്‍ശിക്കപ്പെടാതെ പോയതെന്തുകൊണ്ടാവും? മലയാളം വാരിക പ്രകടിപ്പിച്ചതുപോലുള്ള അതിവേഗ ശിക്ഷാനടപടി അന്നൊന്നും എഴുത്തുകാരുടെ മേല്‍ കെട്ടിവെക്കപ്പെടാതെ പോയത് എന്തുകൊണ്ടായിരിക്കും? എന്തേ ഇപ്പോള്‍ മാത്രം ഇങ്ങിനെ?

തടവറകളില്‍നിന്നും കൊലമരങ്ങളില്‍നിന്നും, നിരപരാധികളും അപരാധികളുമെഴുതിയ സര്‍ഗ്ഗരചനകളെ സ്വാഗതംചെയ്ത കലാമനസ്സുകളെ മുഴുവനുമാണ് മലയാളം വാരിക ഇപ്പോള്‍ കുറ്റകരമാംവിധം കളങ്കപ്പെടുത്തിയിരിക്കുന്നത്.

നിങ്ങളൊരു കുറ്റവാളിയായതുകൊണ്ട് നിങ്ങളുടെ കവിത ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയില്ലെന്നും വായിക്കുകയില്ലെന്നും പറയുമ്പോള്‍ സത്യത്തില്‍ ആരാണ് പരിഹാസ്യരാകുന്നുത്? മുമ്പ് അങ്ങനെയൊരു നിലപാട് അബദ്ധത്തിലെങ്ങാനും സ്വീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്നുനമ്മുടെ സാഹിത്യം എത്രമേല്‍ ദരിദ്രമാകുമായിരുന്നു? നമുക്കൊരു ദെസ്തോവ്സ്കിയെയോ ഷെനെയെയോ വായിക്കാന്‍ കഴിയുമായിരുന്നില്ല.

എഴുത്തുകാരുടെ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകളും അവരുടെ കലാസൃഷ്ടികളും തമ്മില്‍ എല്ലായെപ്പോഴും പൊരുത്തപ്പെടുകയില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? എഴുത്തിന്റെ എക്കാലത്തേയും ഉടമസ്ഥരല്ല എഴുത്തുകാര്‍ എന്ന അര്‍ത്ഥത്തില്‍ റൊളാങ്ബാര്‍ത്ത് എഴുത്തുകാരുടെ മരണത്തെക്കുറിച്ച് മുമ്പെ എഴുതി. എന്നാലിന്ന് എല്ലാറ്റിന്റെയും ഉടമസ്ഥതാവകാശവും ഉത്തരവാദിത്തവും സ്വയമേറ്റെടുക്കുന്നൊരു പത്രാധിപരെപ്പറ്റിയാണ് ഇന്ന് നമുക്കെഴുതാനുള്ളത്.

ജയചന്ദ്രന്‍ നായര്‍ ഇപ്പോള്‍ ചിരിക്കുന്നത് സ്വയംവരിച്ച പരിമിതികളുടെ പറുദീസയില്‍ നിന്നാണ്. സൗന്ദര്യബോധം മാത്രമല്ല സാമൂഹ്യബോധവും അദ്ദേഹത്തിനു മുമ്പിലിപ്പോള്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. സ്വയം നിര്‍വ്വഹിച്ച സാംസ്കാരികഹത്യയെക്കുറിച്ചോര്‍ത്ത് ആത്മവിചാരണയുടെ അസ്വസ്ഥനേരങ്ങളില്‍ മറ്റാരോടുമില്ലെങ്കിലും സ്വന്തം മനസ്സിനോടെങ്കിലും ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ ഉത്തരം പറയേണ്ടിവരും. മാധ്യമപ്രവര്‍ത്തകനും കവിയുമായ പ്രഭാവര്‍മ്മ ടി പി ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കാത്തതിനാല്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കവിത പിന്‍വലിക്കുന്നുവെന്ന നിങ്ങളുടെ വാദം വസ്തുതാവിരുദ്ധമാണ്. എന്നാല്‍ നിങ്ങളാഗ്രഹിക്കുംവിധമുള്ളതായിരുന്നില്ല ആ അപലപിക്കല്‍ എന്നത് ശരിയാണ്. ഞങ്ങള്‍ കല്‍പ്പിക്കും നിങ്ങള്‍ അനുസരിക്കണം എന്ന ഫ്യൂഡല്‍ മാടമ്പിത്തരം ഏത് പത്രാധിപര്‍ വെച്ചുപുലര്‍ത്തിയാലും നല്ലതല്ല. ഞങ്ങളുടെ പ്രസിദ്ധീകരണത്തില്‍ നിങ്ങളുടെ കവിത നല്‍കിയിരിക്കുന്നതിനാല്‍ ഞങ്ങളുടെ മനസ്സിനൊത്തവിധംവേണം നിങ്ങള്‍ പ്രതികരിക്കാനെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ ഏതൊരു പത്രാധിപരും വളരെ ചെറുതാവുകയാണ്. ആത്മാഭിമാനമുള്ള ഒരു പത്രാധിപര്‍ സ്വന്തം അധികാരപദവിയില്‍ അതിരുവിട്ട് അഭിരമിക്കുന്നില്ലെങ്കില്‍ അദ്ദേഹം ആദ്യം ചെയ്യേണ്ടിയിരുന്നത് സ്വന്തം വിയോജിപ്പുകള്‍ ആ കവിതക്കൊപ്പം പ്രസിദ്ധീകരിക്കുകയായിരുന്നു. അതിന്നുപകരം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഒരു കാവ്യം ഇടക്കുവെച്ച് ഇല്ലാത്തൊരുകാര്യം ആരോപിച്ച് നിര്‍ത്തിവെച്ചത് ആശയസംവാദത്തിന്റെ ആരോഗ്യകരമായ മാതൃകയല്ല. മറിച്ച് അപകടകരമായ മാധ്യമഭീകരതയുടെ മുരടത്തത്തിന്റെ ആമുഖമാണ്.

ഇതൊരുജയചന്ദ്രന്‍ നായര്‍ പ്രതിഭാസം മാത്രമായോ വലിയൊരു മൂലധനത്തിന്റെ പിന്‍ബലമുണ്ടായിട്ടും കേരളീയ മനസ്സില്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ കഴിയാതെപോയ മലയാളം വാരികയുടെ ജനാധിപത്യവിരുദ്ധ സമീപനം മാത്രമായി കാണാനാവില്ല. മലയാളം വാരിക പ്രഭാവര്‍മ്മയുടെ കവിതയുടെ കാര്യത്തില്‍ കാണിച്ച പാപ്പരത്തം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം എന്ന ഭഭീമന്‍ മഞ്ഞുമലയുടെ മുകള്‍പ്പരപ്പിലെ ഒരു നേര്‍ത്ത പാളി മാത്രമാണ്. എന്‍ ജി ഒ കളും വലതുപക്ഷവും വന്‍കിട മാധ്യമങ്ങളും മൂലധനശക്തികളും ഒരുമിച്ചുപാടുന്ന ഇടതുപക്ഷവിരുദ്ധ സംഘഗാനത്തിലെ ആ ശബ്ദം എത്ര നേര്‍ത്തതായാല്‍ പോലും കേള്‍ക്കപ്പെടാതെ പോകുന്നത് കുറ്റകൃത്യത്തിന് കൂട്ട് നില്‍ക്കലാകും.

പ്രശസ്ത അഭിനയപ്രതിഭഭ ഷാറൂഖ്ഖാനോട് ഗുജറാത്ത് വംശഹത്യാ നേതാവായ മോഡിയെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രെ. ;എനിക്കദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല. എനിക്കഭിപ്രായമൊന്നുമില്ല, വ്യക്തിപരമായി അദ്ദേഹം ഒരിക്കലും എന്നോട് മോശമായി പെരുമാറിയിട്ടില്ല! എന്തൊരു നല്ല പ്രതികരണം. രാവിലെ പത്രത്തില്‍ ഉണരുകയും രാത്രി ചാനലില്‍ ഉറങ്ങുകയും ചെയ്യുന്ന പലരും ജയചന്ദ്രന്‍നായര്‍ സിന്‍ഡ്രോമിനു മുമ്പില്‍ മോഡിയുടെ ഗുജറാത്തിനെക്കുറിച്ച് ഒന്നുമറിയാത്ത ഷാറൂഖ്ഘാനെപോലെയും ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് യാതൊന്നുമറിയാത്ത പൈതങ്ങളെപ്പോലെയും തൊട്ടിലില്‍ കാലുംമടക്കി കിടക്കുകയാണ്. മുമ്പ് ഈയൊരു കാര്യത്തിനുവേണ്ടി ഒരുപാട് ഒച്ചവെച്ചവരാണ്. ഇപ്പോള്‍ എന്തുകൊണ്ടോ ഇവരില്‍ പലരുടെയും തൊണ്ട അടഞ്ഞുപോയിരിക്കുന്നു. ഇപ്പോള്‍ ഇവര്‍ക്ക് ആവിഷ്കാരവും വേണ്ട സ്വാതന്ത്ര്യവും വേണ്ട. സര്‍ഗ്ഗാത്മകതയുടെ പണിപ്പുരകളിലിരുന്നവര്‍ പുതിയസൃഷ്ടികള്‍ക്ക് പിറവിനല്‍കുന്ന തിരക്കിലാകും. നമ്മളെന്തിന് ധന്യമായ അവരുടെ ഏകാന്തതയെ ഒട്ടും ധന്യമല്ലാത്ത ജയചന്ദ്രന്‍നായര്‍ സിന്‍ഡ്രോം കൊണ്ട് ശല്യപ്പെടുത്തണം?

സാക്ഷാല്‍ ഗോയങ്കെയുടെ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒരു തൊഴിലാളി ഗോയങ്കയുടെ മൂല്യബോധത്തില്‍നിന്ന് വ്യത്യസ്തമായ ഒരു ആശയം അവതരിപ്പിച്ചാല്‍ ഇന്നത്തെ പശ്ചാത്തലത്തില്‍ ജോലിയില്‍നിന്നും അയാളെ പിരിച്ചുവിടാനുള്ള സാധ്യത കുറവാണ്. എന്നാല്‍ അതേ ഗോയങ്കെയുടെ പ്രസിദ്ധീകരണശാലയിലാണ് ഇങ്ങനെയൊരു ജീവനക്കാരന്‍ പെരുമാറുന്നതെങ്കില്‍ പുതിയജയചന്ദ്രന്‍ നായര്‍ സിന്‍ഡ്രോം പശ്ചാത്തലത്തില്‍ അയാള്‍ക്ക് എന്തുസംഭവിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കുക സാധ്യമല്ല. ഏതെങ്കിലുമൊരു മുഖലേപനമുപയോഗിച്ചാല്‍ മാഞ്ഞുപോകാവുന്ന പിണറായിവിജയന്റെ മുഖത്തെ കറുത്തകുത്തുകളില്‍ ധാര്‍ഷ്ട്യത്തിന്റെ ജനറ്റിക്സ് മുമ്പ് കണ്ടെത്തിയത് ഇതേ ജയചന്ദ്രന്‍ നായരായിരുന്നു. മുമ്പേ പ്രസിദ്ധീകരണം തുടങ്ങിക്കഴിഞ്ഞ പ്രഭാവര്‍മ്മയുടെ കവിത ഒരില്ലാക്കാരണത്തിന്റെ പേരുംപറഞ്ഞ് ഇന്ന് നിര്‍ത്തിവെക്കുമ്പോള്‍ ഏത് സാംസ്കാരികമഹത്വത്തിന്റെ ജീന്‍ ആണ് തന്നുള്ളില്‍ ഉള്ളതെന്ന് ഇത്തരംകാര്യങ്ങളിലേറെ അവഗാഹമുള്ള ജയചന്ദ്രന്‍നായര്‍ സ്വയം പരിശോധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഏത് ജനകീയ കവിതയും മാനവികമായ ഏതൊരാശംസയേയും പോലെ കൊലക്കും ആത്മഹത്യക്കുമപ്പുറമുള്ള മനുഷ്യത്വത്തിന്റെ ഹൃദ്യമായ ഒരാവിഷ്കാരമാണ്. ഏത് മരവിപ്പിലും ആറിത്തണുക്കാത്ത നന്മകളുടെ കനലുകളാണതിലെരിയുന്നത്. പത്രാധിപര്‍ അതിന്റെ ചിറകുകള്‍ വെട്ടുമ്പോഴും അത് പുതിയ ലോകങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കും. എങ്ങനെയൊക്കെ അവസാനിക്കപ്പെടുമ്പോഴും അതിനൊരിക്കലും അവസാനിക്കാനാവില്ല.

*
കെ ഇ എന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 03 ജൂണ്‍ 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സാഹിത്യം വേറെ, രാഷ്ട്രീയം വേറെ, എന്ന് വെറുതെ പറഞ്ഞാല്‍ വ്യക്തമാവില്ലെന്ന് കരുതി; ശുദ്ധസാഹിത്യം അശുദ്ധമാവാതിരിക്കാന്‍ സിദ്ധാന്തമൊരുക്കിയവര്‍തന്നെ, സ്വയമൊരു സങ്കുചിതാവശ്യം വന്നപ്പോള്‍ രണ്ടിനെയും നിര്‍ലജ്ജം കൂട്ടിക്കുഴയ്ക്കുന്നതാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മൂലധനപക്ഷപാതിത്വത്തിനു പകരം മാധ്യമങ്ങള്‍ ജനപക്ഷപാതിത്വമാണ് പുലര്‍ത്തിയിരുന്നതെങ്കില്‍, മലയാളം വാരികയുടെ പത്രാധിപര്‍ ഒരു നിരന്തരവിചാരണ നേരിടേണ്ടിവരുമായിരുന്നു. എന്നാലിവിടെ തിരസ്കൃത കവിതയെ കേന്ദ്രമാക്കി കാര്യമായൊരു മാധ്യമവിചാരണയും വികസിച്ചുവരുന്നതായി കാണുന്നില്ല.

kaalidaasan said...

>>>>>>ഏതെങ്കിലുമൊരു മുഖലേപനമുപയോഗിച്ചാല്‍ മാഞ്ഞുപോകാവുന്ന പിണറായിവിജയന്റെ മുഖത്തെ കറുത്തകുത്തുകളില്‍ ധാര്‍ഷ്ട്യത്തിന്റെ ജനറ്റിക്സ് മുമ്പ് കണ്ടെത്തിയത് ഇതേ ജയചന്ദ്രന്‍ നായരായിരുന്നു. മുമ്പേ പ്രസിദ്ധീകരണം തുടങ്ങിക്കഴിഞ്ഞ പ്രഭാവര്‍മ്മയുടെ കവിത ഒരില്ലാക്കാരണത്തിന്റെ പേരുംപറഞ്ഞ് ഇന്ന് നിര്‍ത്തിവെക്കുമ്പോള്‍ ഏത് സാംസ്കാരികമഹത്വത്തിന്റെ ജീന്‍ ആണ് തന്നുള്ളില്‍ ഉള്ളതെന്ന് ഇത്തരംകാര്യങ്ങളിലേറെ അവഗാഹമുള്ള ജയചന്ദ്രന്‍നായര്‍ സ്വയം പരിശോധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. <<<<<

കെ ഇ എന്‍ കുഞ്ഞഹമ്മദിനെ വി എസ് കുരങ്ങനെന്നു വിളിച്ചത് വെറുതെയായില്ല.


കെ എ എന്‍ പണ്ടൊരിക്കല്‍ വി എസിനെ അധിക്ഷേപിക്കാന്‍ ഒരു മഹത്തായ കാര്യം പറഞ്ഞത് ഓര്‍മ്മ വരുന്നു. തന്റെ ചുറ്റുവട്ടത്തു നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കാത്തവരെ മര്യാദ പുര്‍വ്വം മന്ദബുദ്ധികള്‍  എന്നു വിളിക്കേണ്ടി വരും. ക്രൂരമായി കൊലചെയ്യപ്പെട്ട ചന്ദ്രശേഖരനെ ഇപ്പോഴും കുലം കുത്തി എന്നു വിളിച്ച് അധിക്ഷേപിക്കുന്നതില്‍ നിന്നു തന്നെ സുബോധം നശിക്കാത്ത ആരും പിണറായി വിജയനില്‍  ധാര്‍ഷ്ട്യത്തിന്റെ ജനറ്റിക്സ് കണ്ടെത്തും. ശവത്തില്‍  കുത്തി ആനന്ദിക്കുന്ന ഈ വിഷാദരോഗിയെ എന്തു പേരു വിളിച്ചാലും മതിയാകില്ല. ക്രൂരമായ ആ കൊലപാതകത്തെ ന്യായീകരിച്ച പ്രഭാ വര്‍മ്മയും ആ പേരിനര്‍ഹനാണ്. ജയചന്ദ്രന്‍നായര്‍ ചെയ്തത് തികച്ചു ശരിയായ നടപടി ആണ്.

പിണറായിയുടെ ശവത്തില്‍ കുത്തലും വര്‍ഗ്ഗസമരമാണെന്ന് കെ ഇ എന്‍ വ്യാഖ്യാനിച്ചേക്കും. ഈ കുരങ്ങനാണ്, പിണറായിക്കു യോജിച്ച അസാംസ്കാരിക നായകന്‍.