Saturday, June 2, 2012

ചേര്‍ത്തല റെയില്‍ ഫാക്ടറിക്ക് തുരങ്കം വച്ചതാരാണ്?

'പി പി പി' എന്ന ത്രയാക്ഷരങ്ങള്‍ ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ വികസന സങ്കല്‍പങ്ങളില്‍ പ്രമുഖസ്ഥാനം നേടിയിരിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസനലക്ഷ്യം നേടുക എന്നതാണ് അതിന്റെ വിവക്ഷ. ജനങ്ങളുടെ വികസന ആവശ്യങ്ങള്‍ പെരുകുകയും സര്‍ക്കാരിന് ആവശ്യമായ വിഭവലഭ്യത കുറയുകയും ചെയ്യുമ്പോള്‍ അനിവാര്യമായ ഒരു പോംവഴി എന്ന നിലയ്ക്കാണ് പി പി പി ആശയം ഉദയം ചെയ്തത്. അതില്‍ പൊതുതാല്‍പര്യങ്ങളും സ്വകാര്യ താല്‍പര്യങ്ങളും ഒന്നിച്ചിടപെടുമ്പോള്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പൊതുതാല്‍പര്യങ്ങള്‍ക്ക് മുറിവേല്‍ക്കാതെ നോക്കേണ്ടത് അവരെ പിടിച്ച് ആണയിടുന്ന ഗവണ്‍മെന്റുകളുടെ ചുമതലയാണ്. എന്നാല്‍ സ്വകാര്യ മൂലധനത്തിന്റെ ലാഭതാല്‍പര്യങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണ് ഗവണ്‍മെന്റിന്റെ തന്നെ ധര്‍മ്മം എന്നു വിശ്വസിക്കുന്ന വലതുപക്ഷം അധികാരം കൈയാളുമ്പോള്‍ പി പി പി പൊതുതാല്‍പര്യങ്ങളെ പാടെ അവഗണിച്ച് സ്വകാര്യ താല്‍പര്യങ്ങളുടെ രക്ഷകരാകാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കാന്‍ ശ്രമിച്ച സ്വപ്ന പദ്ധതികള്‍ പലതും സ്വകാര്യലാഭത്തിന്റെ  ദുഷ്ടലക്ഷ്യങ്ങളുടെ ഊരാക്കുടുക്കില്‍ പെട്ട് ശ്വാസംമുട്ടുകയാണിപ്പോള്‍.

വിഴിഞ്ഞം തുറമുഖം ചേര്‍ത്തല റെയില്‍കംപോണന്റ് ഫാക്ടറി, പാലക്കാട് കോച്ച്ഫാക്ടറി, സ്മാര്‍ട്ട്‌സിറ്റി തുടങ്ങിയ പദ്ധതികളുടെയെല്ലാം പ്രവര്‍ത്തന റിക്കോര്‍ഡു പരിശോധിച്ചാല്‍ ഈ സത്യം ബോധ്യമാകും. എല്‍ ഡി എഫ് ഗവണ്‍മെന്റ് കേരളത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കാന്‍ ശ്രമിച്ച ഇവയുടെയെല്ലാം താളം തെറ്റിക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ ഒരുവര്‍ഷം യു ഡി എഫ് സര്‍ക്കാര്‍ വ്യാപൃതമായത്. സ്വകാര്യ താല്‍പര്യങ്ങളുടെ വാണിജ്യമോഹങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ പഴുതുകള്‍ തേടുകയായിരുന്നു. അതില്‍ ലക്ഷ്യംനേടാന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്ധതികളെ തന്നെ ഞെരിച്ചുകൊല്ലാന്‍ മടിക്കാത്തവരാണ് യു ഡി എഫ് ഭരണക്കാര്‍.

ചേര്‍ത്തലയിലെ റെയില്‍ കംപോണന്റ് ഫാക്ടറി നേരിടുന്ന ദുരന്തം യു ഡി എഫ് പുലര്‍ത്തുന്ന വികസന വിരുദ്ധവും കേരളവിരുദ്ധവും ആയ സമീപനങ്ങളുടെ ദൃഷ്ടാന്തമാണ്. ഏറെ പ്രതീക്ഷയോടെ കേരളം കാത്തിരുന്ന പ്രസ്തുത പദ്ധതി പി പി പി പ്രകാരമല്ല വിഭാവന ചെയ്തത്. സംസ്ഥാന ഗവണ്‍മെന്റും ഇന്ത്യന്‍ റെയില്‍വേയുമായിരുന്നു അതിലെ പങ്കാളികള്‍. 49 ശതമാനം ഓഹരി സംസ്ഥാനത്തിനും 51 ശതമാനം റെയില്‍വേക്കും എന്ന അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പുരോഗമിച്ചത്. 2007-08 ലെ റെയില്‍വേ ബജറ്റില്‍ ഈ ഫാക്ടറിക്കുവേണ്ടി ആദ്യഗഡു എന്ന നിലയില്‍ 85 കോടി രൂപയും വകയിരുത്തിയിരുന്നു. ചേര്‍ത്തല ഓട്ടോകാസ്റ്റില്‍ ഇതിനാവശ്യമായ സ്ഥലവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങളാണ് എല്‍ ഡി എഫ് ഗവണ്‍മെന്റ് നടത്തിയത്. അതിന്റെ ഫലമായി 2009 ഫെബ്രുവരിയില്‍ ഇന്ത്യന്‍ റെയില്‍വേയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുന്നേടത്തോളം കാര്യങ്ങള്‍ നീങ്ങിയതാണ്.

2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാം യു പി എ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെയാണ് ചേര്‍ത്തല റെയില്‍ കംപോണന്റ് ഫാക്ടറിയുടെ മേല്‍ നിഴല്‍ വീണുതുടങ്ങിയത്. ഇടതുപക്ഷ വിരോധത്തിന്റെ കൊടുമുടി കയറിയ മമതാബാനര്‍ജി റെയില്‍വേ മന്ത്രിയായി. കേരളത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് ഭരിക്കുമ്പോള്‍ റെയില്‍വേ പദ്ധതികള്‍ വേണ്ടെന്നാണ് ആ മഹതി തീരുമാനിച്ചത്. ബജറ്റിലെ പ്രഖ്യാപനവും നീക്കിവച്ച 85 കോടിയും ഒപ്പിട്ട ധാരണാപത്രവും ഒന്നും അവരുടെ രാഷ്ട്രീയ സങ്കുചിതത്വത്തിന്റെ കണ്ണുതുറപ്പിച്ചില്ല. പിന്നാലെ വന്ന റെയില്‍മന്ത്രിമാരും മുമ്പേ ഗമിച്ച മമതയുടെ പിമ്പേ ഗമിക്കാനാണ് ഉത്സാഹിച്ചത്. വഴിമുടക്കാന്‍ വാദങ്ങള്‍ പലതുമുണ്ടായി. പദ്ധതിക്കായി കേരളം നല്‍കുന്ന ഭൂമിയുടെ വിലയും തര്‍ക്കവിഷയമായി. കേരളം പുതിയ ഷെയര്‍ഹോള്‍ഡര്‍മാരെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമുണ്ടായി. ഓരോന്നോരോന്നായി അവയ്ക്കു പരിഹാരം കണ്ടെത്തി. ഒടുവില്‍ റെയില്‍വേക്കു പണമില്ലെന്ന വജ്രായുധം പുറത്തുവന്നു. അതോടൊപ്പം സ്വകാര്യ പങ്കാളിത്തമില്ലാതെ ഈ സംരംഭം നടത്താനാകില്ലെന്നുള്ള വാദവും റെയില്‍വേ അവതരിപ്പിച്ചു. പതിവുപോലെ ചേര്‍ത്തലയില്‍ ഓട്ടോകാസ്റ്റ് പരിസരത്ത് ഭൂമാഫിയ സജീവമായി ക്രയവിക്രയങ്ങളും ആരംഭിച്ചു. റിയല്‍എസ്റ്റേറ്റ് മാഫിയയാണ് നവലിബറല്‍ കാലഘട്ടത്തില്‍ വികസനത്തിന്റെ തേര്‍തെളിക്കുന്നതെന്ന സത്യം അവിടെയും തെളിയുകയായിരുന്നു.

ഇപ്പാള്‍ ഏറ്റവുമൊടുവിലായി ഈ സംയുക്ത സംരംഭത്തില്‍ നിന്ന് റെയില്‍വേ പിന്മാറി എന്ന അറിയിപ്പും ഉണ്ടായിരിക്കുന്നു. ഇക്കാര്യം സൂചിപ്പിക്കുന്ന റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തലിന്റെ കത്ത് സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് അഭിജ്ഞവൃത്തങ്ങള്‍ അറിയിക്കുന്നു. നെയ്യാറ്റിന്‍കര എന്ന പാലം കഴിയുമ്പോള്‍ മാത്രമേ അവരതു പുറത്തുവിടുകയുള്ളൂവത്രെ. ഈ കളികളിലൂടെ കേന്ദ്രഭരണക്കാര്‍ ലക്ഷ്യമിടുന്നതെന്താണ്? ഈ ബൃഹത്പദ്ധതി സ്വകാര്യ മേഖലക്ക് അടിയറ വെക്കുകയാണോ? അതോ റെയില്‍ കംപോണന്റ് ഫാക്ടറി കേരളത്തിനു എന്നന്നേക്കുമായി നിഷേധിക്കുകയോ? രണ്ടായാലും അതു വഞ്ചനയാണ്. ഈ വഞ്ചനയുടെ കാര്‍മികത്വം വഹിക്കാനാണോ കേരളത്തില്‍ നിന്നുള്ള യു ഡി എഫ് പ്രമുഖര്‍ കേന്ദ്രത്തില്‍ മന്ത്രിമാരായി വിരാജിക്കുന്നത്?  എ കെ ആന്റണിയും വയലാര്‍രവിയും ഈ അന്തര്‍ നാടകങ്ങളൊന്നും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അവര്‍ ഇരുവരും ചേര്‍ത്തലക്കാരാകുമ്പോള്‍ പ്രത്യേകിച്ചും. കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നുള്ള എം പി യാണ്. ഇ അഹമ്മദ് യു ഡി എഫിലെ രണ്ടാംകക്ഷിയുടെ അഖിലേന്ത്യാ നേതാവ്. ഇവര്‍ക്കെല്ലാം എന്താണ് ദല്‍ഹിയില്‍ പണിയെന്ന് കേരളീയര്‍ ചോദിച്ചാല്‍ അവരെ ആര്‍ക്കും കുറ്റപ്പെടുത്താനാവില്ല.

*
ജനയുഗം മുഖപ്രസംഗം 29 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'പി പി പി' എന്ന ത്രയാക്ഷരങ്ങള്‍ ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ വികസന സങ്കല്‍പങ്ങളില്‍ പ്രമുഖസ്ഥാനം നേടിയിരിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസനലക്ഷ്യം നേടുക എന്നതാണ് അതിന്റെ വിവക്ഷ. ജനങ്ങളുടെ വികസന ആവശ്യങ്ങള്‍ പെരുകുകയും സര്‍ക്കാരിന് ആവശ്യമായ വിഭവലഭ്യത കുറയുകയും ചെയ്യുമ്പോള്‍ അനിവാര്യമായ ഒരു പോംവഴി എന്ന നിലയ്ക്കാണ് പി പി പി ആശയം ഉദയം ചെയ്തത്. അതില്‍ പൊതുതാല്‍പര്യങ്ങളും സ്വകാര്യ താല്‍പര്യങ്ങളും ഒന്നിച്ചിടപെടുമ്പോള്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പൊതുതാല്‍പര്യങ്ങള്‍ക്ക് മുറിവേല്‍ക്കാതെ നോക്കേണ്ടത് അവരെ പിടിച്ച് ആണയിടുന്ന ഗവണ്‍മെന്റുകളുടെ ചുമതലയാണ്. എന്നാല്‍ സ്വകാര്യ മൂലധനത്തിന്റെ ലാഭതാല്‍പര്യങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണ് ഗവണ്‍മെന്റിന്റെ തന്നെ ധര്‍മ്മം എന്നു വിശ്വസിക്കുന്ന വലതുപക്ഷം അധികാരം കൈയാളുമ്പോള്‍ പി പി പി പൊതുതാല്‍പര്യങ്ങളെ പാടെ അവഗണിച്ച് സ്വകാര്യ താല്‍പര്യങ്ങളുടെ രക്ഷകരാകാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കാന്‍ ശ്രമിച്ച സ്വപ്ന പദ്ധതികള്‍ പലതും സ്വകാര്യലാഭത്തിന്റെ ദുഷ്ടലക്ഷ്യങ്ങളുടെ ഊരാക്കുടുക്കില്‍ പെട്ട് ശ്വാസംമുട്ടുകയാണിപ്പോള്‍.
ക്കും കുറ്റപ്പെടുത്താനാവില്ല.