Friday, June 8, 2012

പൊലീസ് ക്രിമിനലുകള്‍ക്കെതിരെ നടപടിവേണം

പൊലീസ് സേനയിലെ ക്രിമിനല്‍ സാന്നിധ്യത്തെപ്പറ്റി ഡി ജി പി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പട്ടിക കേരളത്തില്‍ ആരെയും ഞെട്ടിച്ചിരിക്കാന്‍ വഴിയില്ല. മാധ്യമ പ്രവര്‍ത്തകനായ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റാരോപിതനായി വിചാരണ നേരിട്ട് ജയിലില്‍ കഴിയുന്ന ഡിവൈ എസ് പി അബ്ദുള്‍ റഷീദിന്റെ പേര് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. കേരളാ പൊലിസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ഇയാളുടേതുപോലെ എത്രപേരുകള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നുള്ളത്, അല്ലെങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നത്, ജനങ്ങളില്‍ പലസംശയങ്ങളും ഉണര്‍ത്തുന്നുണ്ട്. സമുന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് നമ്മുടെ പൊലീസ് സേനയില്‍ ക്രിമിനല്‍വല്‍ക്കരണം എത്ര ആഴത്തില്‍ വേരോടിയിരിക്കുന്നുവെന്നതാണ് വെളിപ്പെടുത്തുന്നത്. സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയില്‍ പട്ടിക സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെ ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെല്ലാം ക്രിമിനലുകളല്ലെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തുവന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിനു തന്റേതായ ന്യായവാദങ്ങള്‍ നിരത്താനുണ്ടാവാം. എന്നാല്‍ സംസ്ഥാനത്തെ സമുന്നത നീതിപീഠത്തിന്റെ മുന്നില്‍ പൊലീസ് മേധാവി നേരിട്ടു സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പേരില്‍ എന്തുനടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. അക്കാര്യത്തെപ്പറ്റി നിശബ്ദത പാലിച്ച് ആരോപണവിധേയരില്‍ ചിലരെയെങ്കിലും വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന പ്രതീതിയാണ് ആപ്രസ്താവന സൃഷ്ടിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം, നിയമവാഴ്ച, ജനങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം തുടങ്ങി സുപ്രധാനമായ സാമൂഹ്യ ഉത്തരവാദിത്വങ്ങളാണ് പൊലീസ് സേനയ്ക്കു നിറവേറ്റാനുള്ളത്. അത്തരം ഒരു സംവിധാനത്തില്‍ ക്രിമിനലുകളും നിയമലംഘകരും കൊലയാളികളും കടന്നുകൂടുകയെന്നതും അത്തരക്കാര്‍ തന്നെ പൊലീസ് സേനയുടെ ഉന്നത നേതൃത്വം കയ്യാളുന്നുവെന്നതും ഭയാനകമായ ഒരു സ്ഥിതിവിശേഷമാണ്. ജനങ്ങളെ അത്തരത്തില്‍ ഭയപ്പെടുത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങളെങ്കിലും സംസ്ഥാനത്ത് സമീപകാലത്ത് അരങ്ങേറുകയുണ്ടായി. ഇത് സമൂഹത്തിന്റെ സുരക്ഷിത ബോധത്തിനും കെട്ടുറപ്പിനും കനത്തവെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. കാക്കിയണിഞ്ഞ അത്തരം കുറ്റവാളികളില്‍ ചിലരെങ്കിലും നിയമത്തിന്റെ കരങ്ങളില്‍ അകപ്പെട്ടുവെന്നത് ആശ്വാസകരം തന്നെ. എന്നാല്‍ മറ്റേറെപ്പേരും പൊലീസ് യൂണിഫോമിന്റെ സുരക്ഷിതത്വത്തില്‍ ഇനിയും സൈ്വര്യവിഹാരം നടത്തുന്നു. അത്തരക്കാര്‍ക്കെതിരെ നിയമാനുസൃതം സത്വര നടപടികള്‍ സ്വീകരിക്കാന്‍ കാലവിളംബം അരുത്. മുഖ്യമന്ത്രി അത്തരക്കാര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി സംരക്ഷിക്കാന്‍ മുതിരാതെ കുറ്റവാളികള്‍ക്കെതിരെയും ആരോപണ വിധേയരായവര്‍ക്കെതിരെയും എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നത് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കാന്‍ സന്നദ്ധമാകണം.
പൊലീസ് സേനയില്‍ തുടര്‍ന്നുപോകുന്ന ക്രിമിനല്‍വല്‍ക്കരണവും അഴിമതിയും ഒറ്റപ്പെട്ട പ്രതിഭാസമല്ല. അത് തീര്‍ച്ചയായും നമ്മുടെ സാമൂഹ്യ യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനം കൂടിയാണ്. കേരളത്തിലും ഇന്ത്യയിലും പൊതുജീവിതത്തിലെ അഴിമതിയും ക്രിമിനല്‍വല്‍ക്കരണവും അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. ലോക്‌സഭയില്‍ ഇപ്പോഴുള്ള അംഗങ്ങളില്‍ 180 ല്‍ പരം പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും അവരില്‍ എണ്‍പതോളം പേര്‍ കൊലപാതകം, സ്ത്രീപീഡനം, കലാപം എന്നിവയില്‍ ഉള്‍പ്പെട്ടവരാണെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പൊലീസ് അടക്കമുള്ള ഭരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഭരണാധികാരികളുടെ താല്‍പര്യ സംരക്ഷണാര്‍ഥമാണെന്നതും നിഷേധിക്കാനാവില്ല. അഴിമതി രാഷ്ട്ര ജീവിതത്തിന്റെ എല്ലാ തലങ്ങളിലും കൊടികുത്തി വാഴുകയാണ്. ഈ  പശ്ചാത്തലത്തില്‍ പൊലീസ് സേനയിലെ ക്രിമിനല്‍വല്‍ക്കരണത്തിനും അഴിമതിക്കുമെതിരായ ഏതു നീക്കവും സാമൂഹ്യ തിന്മകള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി മാറിയെ മതിയാവൂ.

രാജ്യത്തെ ഇതര പൊലീസ് സേനകളുമായി താരതമ്യം നടത്തിയാല്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും മികച്ച പരിശീലനവും ലഭിച്ചവരാണ് കേരള പൊലീസ്. പരിഷ്‌കൃതവും സൗമ്യവുമായതാണ് അതിന്റെ മുഖമുദ്ര. ജനകീയവും ജനസൗഹൃദപരവുമായ പ്രകടനത്തിലും ഇന്ത്യയിലെ ഇതര പൊലീസ് സേനകളുടെ മുന്‍നിരയിലാണ് അവര്‍. എന്നാല്‍ നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ജീവിതത്തിലെ നിഷേധാത്മക പ്രവണതകള്‍ സ്വായത്തമാക്കുകയും അവ പ്രയോഗിക്കുകയും ചെയ്യുന്ന ഒരു പറ്റം സേനാംഗങ്ങള്‍ സേനയ്ക്കും കേരളത്തിനു പൊതുവിലും അപമാനം വരുത്തിവച്ചിരിക്കുന്നു. ഈ കളങ്കം കേരളാ പൊലീസിന്റെയും സംസ്ഥാനത്തിന്റെയും മുഖത്തുനിന്നു തുടച്ചു നീക്കാന്‍ സമൂഹവും ഗവണ്‍മെന്റും ബാധ്യസ്ഥരാണ്. കേരളത്തിലെ യു ഡി എഫ് സര്‍ക്കാരും മുഖ്യമന്ത്രിയും സംസ്ഥാനത്തോടും ജനങ്ങളോടുമുള്ള ഈ ഉത്തരവാദിത്വം നിറവേറ്റാന്‍ എന്തുനടപടി സ്വീകരിക്കുമെന്നത് ജനങ്ങള്‍ ഉറ്റുനോക്കുന്നു.

*
ജനയുഗം മുഖപ്രസംഗം 07 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...