Monday, June 25, 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പും നിലപാടും

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്- യുപിഎയ്ക്കുവേണ്ടി പ്രണബ് മുഖര്‍ജിയും എന്‍ഡിഎ പിന്തുണയ്ക്കുന്ന പി എ സാങ്മയും (സാങ്മയുടെ പേര് ആദ്യം മുന്നോട്ടുവച്ചത് എഐഎഡിഎംകെയും ബിജെഡിയുമാണ്). ഈ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരംമാത്രമായി ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ കഴിയില്ല. ഉപരിതലത്തിനുതാഴെ കലങ്ങിമറിയുകയാണ്, രാഷ്ട്രീയബന്ധങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നതിന്റെ മുന്നടയാളമായ പ്രക്രിയയാണ് നടക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ ഒട്ടേറെ കുഴപ്പങ്ങളും യുപിഎ സര്‍ക്കാരിനെ ഗ്രസിച്ചിരിക്കുന്നു. പാപ്പരായ നയങ്ങള്‍മൂലം വഷളാകുന്ന സാമ്പത്തികസ്ഥിതി, മുന്നണിയിലെ കെട്ടുറപ്പിന്റെ അഭാവം, രാഷ്ട്രീയവും നയപരവുമായ മുന്‍കൈകള്‍ എടുക്കാനുള്ള കഴിവില്ലായ്മ എന്നിവ ഇതില്‍പ്പെടുന്നു. വിലക്കയറ്റവും അഴിമതിയും കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിന്റെയും ജനപിന്തുണ തകര്‍ത്തിരിക്കുന്നു.

ബിജെപിയുടെ വിശ്വാസ്യതയ്ക്കും ക്ഷതമേറ്റിരിക്കുകയാണ്. മുംബൈ ദേശീയ എക്സിക്യൂട്ടീവ് യോഗം പാര്‍ടിനേതൃത്വത്തിലെ കിടമത്സരവും നരേന്ദ്രമോഡിയുടെ ആക്രമണാത്മകമായ ഉയര്‍ച്ചയും പുറത്തുകൊണ്ടുവന്നു. ആര്‍എസ്എസിന്റെ പങ്കും പ്രകടമായി. ഈ സംഭവവികാസങ്ങള്‍ എന്‍ഡിഎയിലും പ്രത്യാഘാതം സൃഷ്ടിച്ചു. ജെഡിയുവിന്റെ പ്രതികരണം ഉറച്ചതാണ്. സാങ്മയെയോ ബിജെപി പിന്താങ്ങുന്ന മറ്റേതെങ്കിലും സ്ഥാനാര്‍ഥിയെയോ പിന്തുണയ്ക്കില്ലെന്ന ജെഡിയുവിന്റെ നിലപാട് അവരിലെ അസ്വാരസ്യം വിളംബരംചെയ്യുന്നു.

യുപിഎയുടെയും എന്‍ഡിഎയുടെയും ശോഷണം, രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിഷയം അവര്‍ കൈകാര്യം ചെയ്യുന്ന രീതികളില്‍നിന്ന് പ്രകടമാണ്. യുപിഎയില്‍, സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയുണ്ടായി. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. പല വിഷയങ്ങളിലും യുപിഎ സര്‍ക്കാരുമായി തൃണമൂല്‍ ഇടഞ്ഞുനില്‍ക്കുകയാണ്. ഈ സംഘര്‍ഷത്തില്‍ ഏറിയപങ്കും തൃണമൂലിന്റെ നാട്യങ്ങളാണെങ്കിലും ഇതിന് ആഴത്തിലുള്ള കാരണമുണ്ട്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനെ ഒതുക്കാനും അവരുടെ അടിത്തറ പിടിച്ചെടുക്കാനുമാണ് തൃണമൂല്‍ ശ്രമിക്കുന്നത്, ഈ ലക്ഷ്യം നേടാന്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മാര്‍ഗം സ്വീകരിക്കാന്‍പോലും തൃണമൂലിന് മടിയില്ല.
ബിജെപിയാകട്ടെ എന്‍ഡിഎ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; എന്നാല്‍ അത് താറുമാറായ അവസ്ഥയിലാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജെഡിയുവും ശിവസേനയും പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി പ്രാദേശികപാര്‍ടികള്‍ ഇടംനേടുകയാണ്. ഇവയ്ക്ക് ഏതെങ്കിലും പ്രമുഖ പാര്‍ടികളോട് വിധേയത്വമില്ല. സ്വന്തം താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അവ പ്രവര്‍ത്തിക്കുന്നത്, ചിലപ്പോഴൊക്കെ അവസരവാദപരമായും. പക്ഷേ, അവ സ്വീകരിക്കുന്ന പൊതുനിലപാട് ഫെഡറല്‍ തത്വങ്ങള്‍ ഉറപ്പിക്കുന്നതാണ്, ഇത് ഗുണപരമായ പ്രവണതയുമാണ്.

ഇപ്പോള്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം ഇതാണ്. സിപിഐ എം എല്ലാക്കാലത്തും രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവിഷയമായി കണ്ട് രാഷ്ട്രീയനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ- അടവുനയം, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനും അവരുടെ സാമ്പത്തികനയങ്ങള്‍ക്കും എതിരായി പോരാടാനുള്ള ആഹ്വാനമാണ് നല്‍കിയിട്ടുള്ളത്. അതോടൊപ്പംതന്നെ ബിജെപിയെയും അതിന്റെ വര്‍ഗീയ അജന്‍ഡയെയും പാര്‍ടി എതിര്‍ക്കുന്നു. നവ ഉദാരനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കും വളര്‍ന്നുവരുന്ന സാമ്രാജ്യത്വസ്വാധീനങ്ങള്‍ക്കും എതിരായി പാര്‍ടി പൊരുതും. പാര്‍ടി വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുടെ സഹകരണം നേടുകയും ജനകീയപ്രശ്നങ്ങളില്‍ യോജിച്ച മുന്നേറ്റങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുന്‍കൈ എടുക്കുകയും ചെയ്യും. ഇടതുപക്ഷ ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനായി പാര്‍ടി പ്രവര്‍ത്തിക്കും. ഇത്തരമൊരു ബദലിനായി സിപിഐ എമ്മും ഇടതുപക്ഷമാകെയും സ്വതന്ത്രശക്തിയെന്ന നിലയില്‍ കരുത്താര്‍ജിക്കേണ്ടത് ആവശ്യമാണ്. പശ്ചിമബംഗാളില്‍ കടുത്ത ആക്രമണം നേരിടുന്ന സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും സംരക്ഷിക്കേണ്ടത് പാര്‍ടിയെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്താനുള്ള പ്രക്രിയയുടെ ഭാഗമാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ടി നിലപാട് സ്വീകരിച്ചത് ഈ ചട്ടക്കൂടില്‍നിന്നാണ്. പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കാന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ അടിസ്ഥാനം വിശദീകരിക്കേണ്ടതുണ്ട്.

1992നുശേഷമുള്ള സമീപനം

1991ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം, ബിജെപി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന വിഷയമേ ഉണ്ടായിട്ടില്ല. എന്തുകൊണ്ടെന്നാല്‍, ബിജെപി ശക്തി നേടിയശേഷമുള്ള കാലത്ത് രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ തലവന്റെ പദവിയില്‍ ഹിന്ദുത്വശക്തികളുടെ സ്വാധീനത്തിന് വഴങ്ങുന്ന ഒരാള്‍ അവരോധിക്കപ്പെടുന്നത് തടയേണ്ടത് അടിയന്തരകടമയായി മാറിയിട്ടുണ്ട്, കാരണം ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് ഭരണഘടനയുടെ മതനിരപേക്ഷ, ജനാധിപത്യ തത്വങ്ങള്‍ക്കുതന്നെ ഫലത്തില്‍ വിനാശകരമാകും.

ഈ പരിഗണനയാണ് 1992ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശങ്കര്‍ദയാല്‍ ശര്‍മയെ പിന്തുണയ്ക്കുന്നതിലേക്ക് പാര്‍ടിയെ നയിച്ചത്. നരസിംഹറാവു സര്‍ക്കാര്‍ നടപ്പാക്കുകയും പിന്നീട് തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ പിന്തുടരുകയും ചെയ്യുന്ന ഉദാരവല്‍ക്കരണനയങ്ങളെ പാര്‍ടി വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുമ്പോഴും, 1992 മുതല്‍ ഭരണഘടനയുടെയും രാഷ്ട്രത്തിന്റെയും മതനിരപേക്ഷ അടിത്തറ സംരക്ഷിക്കുന്നതിന് പാര്‍ടി പ്രഥമപരിഗണന നല്‍കിവരുന്നതിനുള്ള കാരണവും ഇതുതന്നെ. ശങ്കര്‍ദയാല്‍ ശര്‍മ, കെ ആര്‍ നാരായണന്‍, പ്രതിഭ പാട്ടീല്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുന്നതിലേക്ക് പാര്‍ടിയെ നയിച്ചത് ഈ ധാരണയാണ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2002ല്‍മാത്രമാണ് വ്യത്യസ്ത സാഹചര്യം ഉണ്ടായത്. അന്ന് എ പി ജെ അബ്ദുള്‍കലാമിന്റെ പേര് ബിജെപി നിര്‍ദേശിക്കുകയും കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുകയും ചെയ്തു. ബിജെപിയിതര ക്യാമ്പില്‍നിന്ന് സ്വീകാര്യമായ മറ്റ് സ്ഥാനാര്‍ഥികളൊന്നും ഉയര്‍ന്നുവരാതിരുന്നതിനാല്‍ ഇടതുപക്ഷം സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതയുടെ ആഴം വര്‍ധിപ്പിച്ചിരിക്കുകയാണ്. കലാമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തൃണമൂല്‍ ശ്രമിച്ചു, ഈ നീക്കത്തിന് ബിജെപിയുടെ പൂര്‍ണപിന്തുണ ഉണ്ടായിരുന്നു. എന്നാല്‍, ശ്രമം പരാജയപ്പെട്ടതോടെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുക, അല്ലെങ്കില്‍ നിലപാട് തിരുത്തി പ്രണബ് മുഖര്‍ജിക്ക് പിന്തുണ നല്‍കുക- ഇതില്‍ ഏതെങ്കിലും ഒരു വഴി സ്വീകരിക്കേണ്ട അവസ്ഥയിലാണ് തൃണമൂല്‍. ഭരണമുന്നണിയിലുണ്ടായ ഈ ഭിന്നതയും കണക്കിലെടുത്താണ് സിപിഐ എം അതിന്റെ നിലപാട് എടുത്തത്.

ഏതാനും യുപിഎ ഇതര കക്ഷികള്‍ പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന വസ്തുതയും സിപിഐ എം പരിഗണിച്ചു. സമാജ്വാദി പാര്‍ടി, ബിഎസ്പി, ജെഡിഎസ്, ജെഡിയു എന്നിവ ഇതില്‍പ്പെടുന്നു. രണ്ടാമതൊരു സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാനുള്ള സാധ്യതയും സിപിഐ എം പരിഗണിച്ചു, മറ്റു മതനിരപേക്ഷകക്ഷികള്‍ ഇപ്രകാരം ചെയ്യാന്‍ സന്നദ്ധമാകുന്നപക്ഷം. പക്ഷേ, ഇപ്പോള്‍ ബിജെപിയുടെ പിന്തുണ ലഭിച്ച സാങ്മയുടെ പേര് നിര്‍ദേശിച്ച എഐഎഡിഎംകെയും ബിജെഡിയും ഒഴികെയുള്ള കക്ഷികളില്‍ ബഹുഭൂരിപക്ഷവും യുപിഎയുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന നിലപാടിലേക്കാണ് നീങ്ങിയത്. അങ്ങനെ പ്രണബ് മുഖര്‍ജി വിശാലമായ ധാരണയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനാര്‍ഥിയായി മാറി. ഈ വസ്തുതകൂടി പാര്‍ടി പരിഗണിച്ചു; പ്രത്യേകിച്ച് ഡോ. കലാമിനെ സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ മമത ബാനര്‍ജിയും ബിജെപിയും ഭ്രാന്തമായ ശ്രമങ്ങള്‍ നടത്തിയ സാഹചര്യത്തില്‍. മുലായംസിങ്ങും സമാജ്വാദി പാര്‍ടിയും ഈ നീക്കത്തോട് യോജിച്ചില്ലെന്നതും നിര്‍ണായകമായി. 2002ല്‍ കലാം ഇവരുടെ കണ്ടെത്തലായിരുന്നു എന്ന വസ്തുതയും പ്രധാനമാണ്.

ഒട്ടേറെ കക്ഷികള്‍ അവരുടെ സ്ഥാനാര്‍ഥിയെ പിന്തുണച്ചതുകൊണ്ട് യുപിഎ ശക്തിപ്പെടില്ല. മറിച്ച്, സ്വന്തം സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കോണ്‍ഗ്രസിന് പുറത്തുള്ള ശക്തികളെ ആശ്രയിക്കേണ്ടിവരുന്നുവെന്ന വസ്തുതയാണ് ഇത് ഉയര്‍ത്തിക്കാട്ടുക. മാത്രമല്ല, ഈ ശക്തികള്‍ തുല്യരെന്ന നിലയിലാണ് കോണ്‍ഗ്രസിനെ സമീപിക്കുന്നത്, കോണ്‍ഗ്രസിന് ഇവരെ ഭരിക്കാന്‍ കഴിയില്ല.

തുല്യദൂരമല്ല

കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിടുകയെന്ന രാഷ്ട്രീയനിലപാടിനെ എല്ലാ വിഷയത്തിലും ഇരുകൂട്ടരോടും തുല്യദൂരം പുലര്‍ത്തുകയെന്നതിനോട് തുലനംചെയ്യാന്‍ കഴിയില്ല. ഉദാഹരണത്തിന്, രാഷ്ട്രപതിയുടെ വിഷയം വരുമ്പോള്‍ പ്രമുഖ ബൂര്‍ഷ്വാ പാര്‍ടികള്‍ കണ്ടെത്തുന്ന വ്യക്തിക്കുമാത്രമേ ഇപ്പോള്‍ ആ സ്ഥാനത്ത് എത്താന്‍ കഴിയൂ. മാത്രമല്ല, രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ തലവന്റെ പദവിയില്‍ എത്തുന്ന വ്യക്തി ഉറച്ച മതനിരപേക്ഷവാദിയായിരിക്കണമെന്നത് മുഖ്യവിഷയമാണ്, ഒരുവിധത്തിലും ബിജെപി സ്വാധീനത്തിന് വഴങ്ങുന്ന വ്യക്തിയായിരിക്കരുത്, അപ്പോള്‍ ബിജെപി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ എതിരാളിക്കാണ് സിപിഐ എം ഊന്നല്‍ നല്‍കുക. സാമ്പത്തികനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ വിഷയം വരുമ്പോള്‍ കോണ്‍ഗ്രസും യുപിഎയുമാണ് മുഖ്യഎതിരാളികള്‍. തുല്യദൂരത്തിന്റെ ആരാധകര്‍ക്ക് സിപിഐ എം രാഷ്ട്രപതി തെരഞ്ഞെടുപ്പുവിഷയത്തില്‍ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരിനെ പിന്തുണച്ചുവെന്ന് പഴിക്കാം; വിലക്കയറ്റത്തിനും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മറ്റു ജനവിരുദ്ധനയങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന്റെ വിഷയത്തില്‍, ബിജെപിയുമായി കൈകോര്‍ത്തുവെന്നും ആക്ഷേപിക്കാം. സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടിനെ ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയില്ല.

മന്ത്രിസഭയില്‍നിന്നും ധനമന്ത്രാലയത്തില്‍നിന്നും പ്രണബ് മുഖര്‍ജി മാറുന്നത് സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തികനയങ്ങളുടെ ഗതിയെ ബാധിക്കില്ല. പി ചിദംബരമോ മറ്റാരെങ്കിലുമോ മുഖര്‍ജിയെ പിന്തുടര്‍ന്നുവന്നാലും നവ ഉദാരനയങ്ങള്‍ തുടരും. കാരണം ഭരണവര്‍ഗനയങ്ങളാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. സത്യത്തില്‍ നവ ഉദാരപരിഷ്കാരങ്ങള്‍ കൂടുതല്‍ ശക്തിയോടെ നടപ്പാക്കുകയാണ് ഉണ്ടാവുക. വന്‍കിട ബിസിനസുകാരും രാജ്യാന്തര ധനമൂലധന ശക്തികളും അതാണ് ആഗ്രഹിക്കുന്നത്.

മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുകയെന്നത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്ന കാര്യങ്ങളില്‍ ഒന്നാണ്. നാലുകോടി ആളുകളുടെ ജീവിതമാര്‍ഗം മുട്ടിക്കുന്ന വിഷയമാണിത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കണം. യുപിഎയ്ക്കുപുറത്തുള്ള എല്ലാ രാഷ്ട്രീയകക്ഷിയെയും ഒന്നിച്ച് അണിനിരത്തിയാല്‍മാത്രമേ ഇത് സാധ്യമാകൂ. യുപിഎയെ പിന്തുണയ്ക്കുന്നവയും എന്‍ഡിഎയുടെ ഭാഗമായവയുമായ കക്ഷികളും ഈ മുന്നേറ്റത്തില്‍ അണിനിരക്കണം. ഇവിടെ കട തുറക്കാന്‍ കാത്തിരിക്കുന്ന വാള്‍മാര്‍ട്ട് അടക്കമുള്ള കുത്തകകള്‍ക്കെതിരെ അതിശക്തമായ ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് സിപിഐ എം ശ്രമിക്കുന്നത്. എല്ലാ പ്രതിപക്ഷപാര്‍ടികളും യോജിച്ച നിലപാട് എടുക്കണമെന്ന് സിപിഐ എം ആഗ്രഹിക്കുന്നു. അതുകൊണ്ട്, രാഷ്ട്രപതി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവും നവ ഉദാരനയങ്ങള്‍ക്കെതിരായ പോരാട്ടതന്ത്രവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് വിവേകശൂന്യമാണ്.

വിട്ടുനില്‍ക്കലിനെക്കുറിച്ച്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍നിന്ന് സിപിഐ എം വിട്ടുനില്‍ക്കാത്തതെന്തെന്ന ചോദ്യം ഉയര്‍ത്തുന്നവരുണ്ട്. യുപിഎ, ബിജെപി സ്ഥാനാര്‍ഥികളോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച് ആര്‍ക്കും വോട്ട് ചെയ്യാതിരിക്കുക.

ഇന്നത്തെ സാഹചര്യത്തില്‍ വിട്ടുനില്‍ക്കല്‍ എന്നതിന്റെ അര്‍ഥം പശ്ചിമബംഗാളില്‍ മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഒപ്പം അണിനിരക്കുക എന്നതാണ്. ഇത് രാഷ്ട്രീയമായി അപകടവും അസ്വീകാര്യവുമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സിപിഐ എമ്മിനെതിരെ ഭീകരമായ കടന്നാക്രമണമാണ് നടത്തിവരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തകരോ അനുഭാവികളോ ആയ 68 പേര്‍ കൊല്ലപ്പെട്ടു. ജനാധിപത്യത്തിനുനേരെയുള്ള ആക്രമണം എല്ലാ മേഖലയിലേക്കും വ്യാപിച്ചു. കോണ്‍ഗ്രസിനെപ്പോലും വെറുതെ വിടുന്നില്ല. തൃണമൂലിന്റെ അതേനിലപാട് സ്വീകരിക്കുകയെന്നത് ഇടതുപക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും പശ്ചിമബംഗാളില്‍ തൃണമൂലിനെതിരായി നടത്തുന്ന പോരാട്ടങ്ങള്‍ക്കും ഹാനികരമാണ്. ഇടതുപക്ഷത്തെ ഏറ്റവും വലിയ പാര്‍ടി എന്നനിലയില്‍ പശ്ചിമബംഗാളിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രധാന ഉത്തരവാദിത്തം സിപിഐ എമ്മിനുണ്ട്. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രം സംരക്ഷിക്കുകയെന്നത് പാര്‍ടിയുടെ മുന്നിലുള്ള പ്രധാന കടമകളില്‍ ഒന്നാണ്. ഇത് ക്രമേണ ദേശീയതലത്തില്‍ പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും മുന്നേറ്റത്തിന് കാരണമാകും.

കൂടാതെ, ഇത് പശ്ചിമബംഗാളിന്റെമാത്രം വിഷയമല്ല. ദേശീയതലത്തില്‍ വിട്ടുനില്‍ക്കല്‍ എന്നത് മത്സരരംഗത്തുനിന്നുള്ള പാര്‍ടിയുടെ പിന്‍വാങ്ങലിനുതുല്യമാണ്. വളര്‍ന്നുവരുന്ന രാഷ്ട്രീയസംഭവവികാസങ്ങളില്‍ ഇടപെടാന്‍ ഇതുകാരണം പാര്‍ടിക്ക് കഴിയാതെവരും. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭരണവര്‍ഗങ്ങള്‍ ആസൂത്രിത ആക്രമണങ്ങള്‍ നടത്തിവരികയാണ്. 2009നുശേഷം സിപിഐ എമ്മും ഇടതുപക്ഷവും ദുര്‍ബലമായിട്ടുണ്ട്. ഭരണവര്‍ഗങ്ങള്‍ അവരുടെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കുമെന്ന മിഥ്യാധാരണ ഇല്ലാതെതന്നെ, നവ ഉദാരനയങ്ങള്‍ക്കെതിരായി ഇടതുപക്ഷം സന്ധിയില്ലാസമരം തുടരുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ, ഭരണസഖ്യത്തിലെ ബൂര്‍ഷ്വാപാര്‍ടികള്‍ തമ്മിലുള്ള ഭിന്നതകളും വിള്ളലുകളും ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണ്. ഈ ഘട്ടത്തില്‍ വിട്ടുനില്‍ക്കല്‍ ഇതിനൊന്നും സഹായകമല്ല.
ഇടതുപക്ഷപാര്‍ടികളുടെ നിലപാടുകള്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷപാര്‍ടികള്‍ പൊതുനിലപാട് എടുത്തിട്ടില്ല. സിപിഐ എമ്മും ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്കും പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍, സിപിഐയും ആര്‍എസ്പിയും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പുവിഷയത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ക്ക് പൊതുനിലപാടില്‍ എത്താന്‍ സാധിക്കാതിരുന്ന അവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, 1992 മുതല്‍ മിക്കപ്പോഴും ആര്‍എസ്പി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ചിട്ടില്ല.
ഈ വിഷയത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ സ്വീകരിച്ച വ്യത്യസ്ത നിലപാട് ഇടതുപക്ഷ ഐക്യത്തെ ബാധിക്കില്ല. പ്രധാന രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളുടെ കാര്യത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ക്ക് പൊതുനിലപാടുണ്ട്. ഭക്ഷ്യസുരക്ഷയും സാര്‍വത്രിക പൊതുവിതരണസംവിധാനവും ആവശ്യപ്പെട്ട് ഇടതുപക്ഷപാര്‍ടികള്‍ യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ യോജിച്ച പ്രക്ഷോഭത്തിന് ജൂലൈ ഒന്നിന് തുടക്കമാകും.

*
പ്രകാശ് കാരാട്ട്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്- യുപിഎയ്ക്കുവേണ്ടി പ്രണബ് മുഖര്‍ജിയും എന്‍ഡിഎ പിന്തുണയ്ക്കുന്ന പി എ സാങ്മയും (സാങ്മയുടെ പേര് ആദ്യം മുന്നോട്ടുവച്ചത് എഐഎഡിഎംകെയും ബിജെഡിയുമാണ്). ഈ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരംമാത്രമായി ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ കഴിയില്ല. ഉപരിതലത്തിനുതാഴെ കലങ്ങിമറിയുകയാണ്, രാഷ്ട്രീയബന്ധങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നതിന്റെ മുന്നടയാളമായ പ്രക്രിയയാണ് നടക്കുന്നത്.