Thursday, June 28, 2012

പിന്നോട്ട് നടക്കുന്ന കേരളം

ഒരു വര്‍ഷത്തെ യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മണ്ഡലങ്ങളിലുണ്ടായ തിരിച്ചടികള്‍ പരിഗണിക്കുമ്പോള്‍ കേരള സമൂഹത്തിന്റെ അപകടകരമായ ചില പ്രവണതകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അപകടകരമായ ചില പ്രതിലോമ സാമൂഹ്യപ്രവണതകള്‍ വളര്‍ന്നുവരികയാണ്.

നവോത്ഥാനപാതയിലൂടെ കടന്നുവന്നശേഷം സാമൂഹിക രംഗത്തെ ശ്രദ്ധേയമായ പ്രദേശമായി കേരളം മാറി എന്നുമാത്രമല്ല, ലോകത്തിനു മാതൃകയുമായി. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമായി ചിത്രീകരിച്ച കേരളം മതനിരപേക്ഷതയുടെ ഈറ്റില്ലമായി. ഇത് നിലനിര്‍ത്തിക്കൊണ്ടാണ് കേരളത്തിന്റെ വികസനം മുന്നോട്ടുകൊണ്ടു പോകേണ്ടത്. പക്ഷേ, ഒരു വര്‍ഷക്കാലത്തെ കേരളത്തിന്റെ സാമൂഹ്യമേഖല ശ്രദ്ധയോടെ പരിശോധിച്ചാല്‍ പ്രതിലോമ സംസ്കാരങ്ങളുടെ ഭീകരമായ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണാം. ഭൂമാഫിയ, മണല്‍ മാഫിയ, മണ്ണ് മാഫിയ, മരുന്ന് മാഫിയ തുടങ്ങിയവ വളരെ വേഗം തഴച്ചുവളരുന്നു. തൃശൂര്‍ ജില്ലയില്‍മാത്രം ഒരു വര്‍ഷത്തില്‍ ഇടിച്ചുനിരത്തപ്പെട്ട കുന്നുകളുടെയും നികത്തപ്പെട്ട വയലുകളുടെയും കുളങ്ങളുടെയും എണ്ണമെടുത്താല്‍ ആരും ഞെട്ടിപ്പോകും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകൃതിവിഭവ ചൂഷണങ്ങളുടെ ഗ്രാഫ് വരച്ചാല്‍ 45 ഡിഗ്രിയെങ്കിലും ചരിഞ്ഞ ഒരു നേര്‍രേഖയാണ് നമുക്ക് കിട്ടുക.

കഴിഞ്ഞ ഒരു വര്‍ഷത്തെ പാരിസ്ഥിതിക പ്രശ്നങ്ങളുടെയും പ്രകൃതിവിഭവ ചൂഷണങ്ങളുടെയും ഒപ്പം വിലക്കയറ്റത്തിലൂടെയും രൂപയുടെ മൂല്യത്തകര്‍ച്ചയിലൂടെയും പണപ്പെരുപ്പത്തിലൂടെയും ഉണ്ടായ സൂക്ഷ്മമായ സാമ്പത്തിക പ്രതിസന്ധിയുടെയും വളര്‍ച്ചനിരക്ക് വച്ച് അഞ്ചു വര്‍ഷത്തേക്ക് കണക്കുകൂട്ടിയാല്‍ നാം എവിടെ എത്തിച്ചേരുമെന്ന് ഭരണകൂടം പഠിക്കണം. വളരെ അപകടകരമാണ് കേരളത്തിന്റെ അവസ്ഥ. ബഹുദൂരം സഞ്ചരിക്കാന്‍ ഒന്നും ശ്രദ്ധിക്കാതെ അതിവേഗത്തില്‍ പാഞ്ഞുപോകുന്നതിന്റെ തിക്തഫലങ്ങള്‍ ആണോ ഇതെന്ന് ഗൗരവമായി പരിശോധിക്കണം. നേട്ടങ്ങളെല്ലാം വലിച്ചെറിഞ്ഞ് നാം തിരിഞ്ഞോടുകയാണെന്നും പ്രതിവിപ്ലവപാതയിലാണെന്നും പറയാന്‍ കാരണമിതാണ്.

ആരോഗ്യരംഗത്തെ ഏറ്റവും നല്ല മാതൃകകളിലൊന്ന് കേരളമാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. സാംക്രമികരോഗങ്ങളെ തടഞ്ഞുനിര്‍ത്തിയും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചും രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം. പക്ഷേ, ഈ രംഗത്തും തിരിച്ചുപോക്ക് പ്രകടമാണ്. രോഗാതുരത ഏറ്റവും കൂടുതലുള്ള പ്രദേശമായി കേരളം അറിയപ്പെട്ടുതുടങ്ങി. 13,000 കേസാണ് ആര്‍സിസിയില്‍ ഒരുവര്‍ഷം രജിസ്റ്റര്‍ചെയ്യുന്നത്. 40 വയസ്സിനുമുകളിലുള്ളവരില്‍ 60 ശതമാനത്തിലധികം പ്രമേഹരോഗികളായി. വൃക്കരോഗത്തിന്റെ വര്‍ധന നിരക്ക് ഇതേ വേഗത്തില്‍ പോയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ വൃക്കരോഗികളുടെ നാടായി കേരളം അറിയപ്പെടും. ഹൃദ്രോഗത്തിന്റെ അളവ് ഭയാനകമായി ഉയര്‍ന്നു. ജനകീയാരോഗ്യത്തില്‍നിന്ന് അകന്നപ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണിതെല്ലാം. രുചിയുടെ രംഗത്ത് പുതിയ മാഫിയ തഴച്ചുവളരുന്നതിന്റെയും മാലിന്യരംഗത്ത് മറ്റൊരു മാഫിയ പിടിമുറുക്കുന്നതിന്റെയും തിക്തഫലമാണിതെല്ലാം എന്ന് തിരിച്ചറിയണം. ഒരു വര്‍ഷമായി മറ്റൊരു മാഫിയ കേരളത്തെ കീഴടക്കാന്‍ വട്ടമിട്ടു പറക്കുന്നു. അത് മാലിന്യ സംസ്കരണരംഗത്തെ വന്‍ ഭീമന്മാരാണ്. എല്ലാ മാലിന്യപ്രശ്നങ്ങള്‍ക്കും തങ്ങള്‍ക്ക് ഒറ്റമൂലിയുണ്ടെന്നാണ് അവരുടെ ഭാഷ്യം. ഹൈടെക് കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ചാണ് ഇപ്പോള്‍ നാം കേള്‍ക്കുന്നത്. കേരളംപോലുള്ള ഒരു സ്ഥലത്ത് കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനപരിപാടിയിലൂടെ ഒന്നും ചെയാന്‍ കഴിയില്ല. വിദേശത്ത് പലയിടത്തും കഴിയും എന്നതുകൊണ്ട് ഇവിടെ കഴിയണം എന്നില്ല. ശാസ്ത്രീയവും ജനകീയവുമായ വികേന്ദ്രീകൃത സംവിധാനങ്ങളിലൂടെയും അയല്‍ക്കൂട്ട രൂപീകരണത്തിലൂടെയും നീര്‍ത്തട സംരക്ഷണത്തിലൂടെയും മാത്രമേ മാലിന്യനിര്‍മാര്‍ജനം പൂര്‍ണമാകൂ. പക്ഷേ, ഇതൊന്നും കേരള വികസനത്തിന്റെ നേതൃത്വമേല്‍പ്പിച്ച സാം പിട്രോഡയ്ക്കറിയില്ല.

മെഗാ ടെക്നോക്രാറ്റുകളല്ല കേരള വികസനത്തിന് നേതൃത്വം കൊടുക്കേണ്ടത്; കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെയും സാമൂഹിക ചരിത്രത്തെയും അറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞരാണ്്. 1000 സ്ക്വയര്‍ മീറ്ററില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യം 1000 സ്ക്വയര്‍ മീറ്ററില്‍ത്തന്നെ വിന്യസിക്കപ്പെട്ടാല്‍ മാത്രമേ ആ മണ്ണിന്റെ സുഷിരതയും ജലസംഭരണശേഷിയും നിലനിര്‍ത്താന്‍ കഴിയൂ. അപ്പോള്‍ മാത്രമേ ജലാശയങ്ങളും ജലസ്രോതസ്സുകളും ശുദ്ധീകരിക്കപ്പെടൂ. മറിച്ച് 1000 സ്ക്വയര്‍ മീറ്ററില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവമാലിന്യം കേന്ദ്രീകരിക്കപ്പെട്ട് ഫ്യൂസ് ചെയ്യപ്പെട്ട് പോയാല്‍ ജൈവാംശം കലരാതെ കേരളത്തിന്റെ മണ്ണ് ഗള്‍ഫ് രാജ്യങ്ങളിലെ മണ്ണുപോലെയാകും. അന്ന് ജലായശയങ്ങളിലെ ജലം കോളിഫോം അടക്കമുള്ള അപകടകാരികളായ ബാക്ടീരിയകളെക്കൊണ്ട് നിറയും. രോഗങ്ങളുടെ അനന്തമായ ആക്രമണമുണ്ടാകും. മാംസാവശിഷ്ടങ്ങള്‍ വഴിയരികില്‍ തള്ളുന്നതിനുപുറമെ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന പ്രവണത വര്‍ധിച്ചുവരുന്നു. മണ്ണിലാണെങ്കില്‍ ജൈവവിഘടനത്തിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ മാലിന്യം നശിച്ചേക്കാം. പക്ഷേ, ജലാശയത്തില്‍ വീണാല്‍ കുടിവെള്ളം മലിനീകരിക്കപ്പെടും. വ്യാപകമാകുന്ന പനിയുടെയും പകര്‍ച്ചവ്യാധിയുടെയും മൂലകാരണങ്ങള്‍ ഇതൊക്കെയാണ്. വന്‍കിട ആശുപത്രി കെട്ടിടങ്ങള്‍ക്കും അതിവേഗ കോറിഡോറുകള്‍ക്കും എയര്‍സ്ട്രിപ്പുകള്‍ക്കും ഒന്നും ഈ പ്രശ്നം പരിഹരിക്കാനാകില്ല എന്നത് ലളിതമായ തിരിച്ചറിവാണ്. സൂക്ഷ്മതലങ്ങളിലെ വികസനത്തെ വിസ്മരിച്ച് സ്ഥൂലവികസനത്തിനാണ് പരിഗണന ലഭിച്ചുകൊണ്ടിരിക്കുന്നത്. വലിയ വികസന പരിപാടികള്‍വേണ്ട എന്നല്ല. മറിച്ച് ആദ്യ പരിഗണനയാകരുത് എന്നേ അഭിപ്രായമുള്ളൂ. കേരളത്തിന്റെ സാമൂഹ്യമനസ്സിന്റെ ഈ വികലമായ മാറ്റത്തിന്റെ കാരണമെന്താണ് എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ മാറ്റം വളരെ ശ്രദ്ധിച്ച് പഠിക്കണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ അളവുപരമായ മാറ്റം അനിര്‍വചനീയമാണ്. എന്‍ജിനിയറിങ് കോളേജുകളുടെയും മെഡിക്കല്‍ കോളേജുകളുടെയും സര്‍വകലാശാലകളുടെയും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പക്ഷേ, വിദ്യാഭ്യാസത്തിന്റെ പശ്ചാത്തല ഘടനയുടെ സാധ്യത ഇങ്ങനെ വളരുന്നതിനുസരിച്ച് മാനവികതയും മനുഷ്യത്വവും കൂടുകയാണോ കുറയുകയാണോ എന്ന ചോദ്യത്തിന് കുറയുകയാണെന്നതാണ് ഉത്തരം. അതുതന്നെയാണ് പ്രശ്നങ്ങള്‍ക്ക് കാരണവും മൗലികമായ വികസന പ്രശ്നവും. ഇതിന്റെ കാരണം വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്‍ക്കരണത്തിന്റെയും കമ്പോളവല്‍ക്കരണത്തിന്റെയും വളര്‍ച്ചയും ജനകീയതയുടെയും പൊതുവിദ്യാഭ്യാസത്തിന്റെയും തകര്‍ച്ചയുമാണ്. സാംപിട്രോഡയുടെ മെഗാപദ്ധതികളായ നോളേജ്സിറ്റിക്കൊന്നും ഈ മൗലിക പ്രശ്നം പരിഹരിക്കാനാകില്ല. വിദേശ സര്‍വകാലാശാലകള്‍ക്കും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ല. കേവല രാഷ്ട്രീയാരോപണങ്ങളായിട്ടല്ല ഈ അഭിപ്രായം എടുക്കേണ്ടത്. മറിച്ച് ഒരു ജനതയുടെ സാമൂഹ്യവികസനത്തിന്റെ സൂക്ഷ്മവിലയിരുത്തലായാണ്്. ജനകീയതയും പൊതു ഇടപെടലും ജനാധിപത്യവല്‍ക്കരണവും നഷ്ടപ്പെടുമ്പോഴാണ് മനുഷ്യത്വരഹിതമായ മാഫിയാ സംസ്കാരവും അരാഷ്ട്രീയതയും അനാരോഗ്യവും വളരുന്നത്. ഇത് തടയാന്‍ മെഗാ പദ്ധതികള്‍ക്കാകില്ല; സൂക്ഷ്മ നിരീക്ഷണത്തോടെയുള്ള ജനകീയ പരിപാടികള്‍ക്കേ കഴിയൂ.

എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഈ ദിശയിലാണ് പ്രവര്‍ത്തിച്ചത്. ജനകീയത വര്‍ധിപ്പിക്കാന്‍ കാര്യക്ഷമമായി വികസിപ്പിച്ച പ്രാദേശിക ആസൂത്രണത്തിനേ കഴിയൂ. 50 ശതമാനം തുകയെങ്കിലും താഴേക്ക് നല്‍കി നൈസര്‍ഗികമായ പ്രാദേശിക വികസനം കൂടുതല്‍ അര്‍ഥവത്താകണം. പക്ഷേ, കഴിഞ്ഞ ഒരു വര്‍ഷം ഈ രംഗത്തും അരാജകത്വമാണ്. ത്രിതലപഞ്ചായത്തുകളുടെ പദ്ധതി രൂപീകരണം ആരംഭിച്ചിട്ടുപോലുമില്ല. സാമ്പത്തികവര്‍ഷത്തിന്റെ മൂന്നിലൊരു ഭാഗം കഴിഞ്ഞു. പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനം നിശ്ചലമാണ്. അതിനാല്‍ ഇനിയും രണ്ടുമാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കാന്‍ കഴിയുകയില്ല. അതിവേഗ ഇടനാഴികളും എയര്‍സ്ട്രിപ്പുകളും പിപിപി മെഗാപദ്ധതികളുംകൊണ്ട് ഉണ്ടാകുന്ന സംവിധാനങ്ങളും അതിനു കീഴെ മാനവികതയും മനുഷ്യത്വവും നഷ്ടപ്പെട്ടതും അരക്ഷിതബോധവും അനാരോഗ്യവും വളരുന്നതുമായ ഒരു ജനത എന്നത് വികസനമല്ല. ചരിത്രാവബോധത്തോടെ, പാരിസ്ഥിതിക അവബോധത്തോടെ, ജനപങ്കാളിത്തത്തോടെ മൂലധനശക്തികള്‍ക്ക് കീഴടങ്ങാതെ സര്‍വതലസ്പര്‍ശിയും സൂക്ഷ്മാവബോധവും അതീവ ശ്രദ്ധയും ഉള്ള ഒന്നാകണം വികസനം. ഈ കാഴ്ചപ്പാടോടുകൂടിയാകണം സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടത്; അല്ലാതെ സമഗ്രവികസനം സാധ്യമാകില്ല.

*
പ്രൊഫ. സി രവീന്ദ്രനാഥ് ദേശാഭിമാനി 28 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു വര്‍ഷത്തെ യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മണ്ഡലങ്ങളിലുണ്ടായ തിരിച്ചടികള്‍ പരിഗണിക്കുമ്പോള്‍ കേരള സമൂഹത്തിന്റെ അപകടകരമായ ചില പ്രവണതകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അപകടകരമായ ചില പ്രതിലോമ സാമൂഹ്യപ്രവണതകള്‍ വളര്‍ന്നുവരികയാണ്.