Thursday, June 7, 2012

സമ്പദ്ഘടന സര്‍വനാശത്തിലേക്ക്

ഇന്ത്യ നേരിടുന്ന സര്‍വതോമുഖമായ തകര്‍ച്ചയുടെ സൂചകമാകുന്നുണ്ട് സാമ്പത്തിക വികസനിരക്ക് ഒരു പതിറ്റാണ്ടുഘട്ടത്തിലെ റെക്കോഡ് താഴ്ചയിലേക്ക് വീണു എന്നത്. 5.3 ശതമാനത്തിലേക്കാണ് സാമ്പത്തികവളര്‍ച്ചാനിരക്ക് വീണിരിക്കുന്നത്. സാമ്പത്തികമാന്ദ്യം, രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച, രൂക്ഷമാകുന്ന പണപ്പെരുപ്പം, കുതിച്ചുയരുന്ന വിലനിരക്ക്, മന്ദീഭവിക്കുന്ന വ്യവസായ വികസന നിരക്ക്, കാര്‍ഷിക ഉല്‍പ്പാദനമാന്ദ്യം, വിദേശനാണ്യശേഖരത്തിലെ പ്രതീക്ഷിച്ച മാറ്റമില്ലായ്മ, അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിലെ സമതുലിതാവസ്ഥയില്ലായ്മ, ദേശീയവരുമാനത്തിലെ തകര്‍ച്ച എന്നിവയെല്ലാം ചേര്‍ന്ന് തകരുന്ന സമ്പദ്ഘടനയുടെ ഭീതിദമായ ചിത്രമാണ് തെളിഞ്ഞുവരുന്നത്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആരംഭിച്ച അതിവേഗ ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ഉദാരവല്‍ക്കരണനയങ്ങള്‍ ഇന്ത്യയെ എത്ര പതനത്തിലാണ് കൊണ്ടെത്തിച്ചത് എന്നത് സംബന്ധിച്ച് രാഷ്ട്രത്തിന് ആത്മപരിശോധന നടത്താനുള്ള സന്ദര്‍ഭമാണിത്. രണ്ടാം തലമുറ പരിഷ്കാരങ്ങളുടെ വേളയില്‍ ഇന്ത്യക്ക് വന്‍ലാഭം കൊയ്യാനുള്ള അവസരമുണ്ടാകുമെന്നാണ് സാമ്പത്തികപരിഷ്കാരങ്ങളുടെ പ്രാരംഭഘട്ടത്തില്‍ സമ്പദ്ഘടന പിന്നോട്ടടിക്കപ്പെട്ടതിന് ന്യായീകരണമായി ആ നയങ്ങളുടെ വക്താക്കളും സര്‍ക്കാരും പറഞ്ഞിരുന്നത്. കോണ്‍ഗ്രസ്- ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മാറിമാറി നടത്തിയ ഭരണങ്ങളില്‍ ഈ നയം ശക്തിപ്പെടുത്താനുള്ള പരസ്പരമത്സരമാണ് നടന്നത്. അത് ദുരന്തങ്ങളില്‍നിന്ന് ദുരന്തങ്ങളിലേക്ക് ഇന്ത്യയെ നയിച്ചു. കര്‍ഷകരുടെ കൂട്ട ആത്മഹത്യകള്‍ വ്യാപിക്കുന്നതിലും പരുത്തിക്കൃഷിക്കാരുടെ കൂട്ട പലായനങ്ങളിലും വ്യവസായസ്ഥാപനങ്ങളുടെ തുടര്‍ച്ചയായ അടച്ചുപൂട്ടലുകളിലും ഒക്കെ ഇത് പ്രതിഫലിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട നേട്ടങ്ങളുടേതായ രണ്ടാം തലമുറ പരിഷ്കാരങ്ങളുടെ ഘട്ടം ഏതാണ്ട് കഴിഞ്ഞെന്നു പറയാം. ഇപ്പോള്‍ സ്ഥിതി എന്താണ്? രക്ഷപ്പെടുത്താനാകാത്തവിധം ഇന്ത്യന്‍ സമ്പദ്ഘടന സര്‍വനാശത്തിലേക്ക് മൂക്കുകുത്തുന്നു. ഈ ദുരന്തത്തിന് സമാധാനം പറയേണ്ടത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുറിപ്പടിപ്രകാരം സാമ്പത്തികപരിഷ്കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോയ എന്‍ഡിഎ-യുപിഎ സര്‍ക്കാരുകളാണ്; അതിനെ നയിച്ചവരാണ്.

ദേശീയവരുമാനിരക്ക് ഒറ്റ വര്‍ഷംകൊണ്ട് 8.4 ശതമാനത്തില്‍നിന്ന് 6.5 ലേക്ക് വീണിരിക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. ഫെബ്രുവരിയില്‍ പ്രതീക്ഷിച്ച 6.9 ശതമാനത്തിനും താഴെയാണിത്. വാര്‍ഷിക പൊതു ബജറ്റിലെ കണക്കുകൂട്ടലുകളാകെ തകിടംമറിയുമെന്നതാണ് സ്ഥിതി. അതിനുമപ്പുറം പഞ്ചവത്സരപദ്ധതിയുടെ അടിത്തറ ഇളക്കും ഈ അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചുനില്‍ക്കുന്ന ധനമന്ത്രിയെയും പരിഷ്കാരങ്ങളുടെ പ്രയോക്താവായ പ്രധാനമന്ത്രിയെയുമാണ് ഇന്ന് രാഷ്ട്രം കാണുന്നത്. അവര്‍ നിസ്സഹായരായി നില്‍ക്കുന്ന കാഴ്ച ദയനീയമാണ്. കാര്‍ഷികരംഗത്തെ മാന്ദ്യം ഉല്‍ക്കണ്ഠയുണര്‍ത്തുന്നതാണ്. കഴിഞ്ഞവര്‍ഷം 7.5 ശതമാനമായിരുന്ന ഈ രംഗത്തെ വികസനിരക്ക് 1.7 ശതമാനത്തിലേക്ക് ഇടിഞ്ഞു. അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിനും കാര്‍ഷിക വിലക്കയറ്റത്തിനും ഉള്ള സാധ്യതകളാണ് ആ രംഗം വ്യക്തമാക്കുന്നത്. സബ്സിഡി വെട്ടിക്കുറയ്ക്കല്‍ അടക്കമുള്ള സാമ്രാജ്യത്വനിര്‍ദേശങ്ങള്‍ ഇന്ത്യയെ ഏതുവിധത്തിലാണ് തകര്‍ക്കുന്നത് എന്നറിയാന്‍ ഈ രംഗം മാത്രം പരിശോധിച്ചാല്‍ മതിയാകും. സബ്സിഡി വെട്ടിച്ചുരുക്കല്‍ മുതല്‍ ബഹുരാഷ്ട്ര അഗ്രി കോര്‍പറേറ്റുകളുടെ കരാര്‍കൃഷി സമ്പ്രദായം വരെ നമ്മുടെ കാര്‍ഷികമേഖലയുടെ നടുവൊടിക്കുകയാണെന്ന് കര്‍ഷക ആത്മഹത്യകള്‍ അതിരൂക്ഷമായി വര്‍ധിച്ച ഘട്ടത്തില്‍ത്തന്നെ വ്യക്തമായിരുന്നതാണ്. എന്നിട്ടും ഒരു പരിഹാരനടപടിയും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. ഒരു തിരുത്തല്‍ നടപടിക്കും അവര്‍ തുനിഞ്ഞില്ല. അതിന്റെ ഫലമാണ് രാജ്യം നേരിടുന്ന ഈ ദുരന്തം.

അടിസ്ഥാനസൗകര്യ വികസനരംഗം ഒറ്റവര്‍ഷംകൊണ്ട് 6.6 ശതമാനത്തില്‍നിന്ന് 4.4 ശതമാനത്തിലേക്ക് താണു. ക്രൂഡ് ഓയില്‍, പെട്രോളിയം-റിഫൈനറി, പ്രകൃതിവാതകം, കല്‍ക്കരി, ഖനി, വൈദ്യുതി, സിമന്റ്, വളം, ഉരുക്ക് എന്നിങ്ങനെ പ്രധാന മേഖലകളിലെല്ലാം വ്യക്തമായ തളര്‍ച്ചയാണ് പ്രകടമായിട്ടുള്ളത്. ധനകമീഷന് നേരിയ കുറവുവന്നതായി സര്‍ക്കാരിന് അവകാശപ്പെടാം; പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ വിഭാവനംചെയ്ത 5.9 ശതമാനത്തില്‍നിന്ന് 5.7 ശതമാനമായി എന്നതിന്റെ അടിസ്ഥാനത്തില്‍. എന്നാല്‍, ഒറിജിനല്‍ എസ്റ്റിമേറ്റില്‍ പ്രതീക്ഷിത ധനകമ്മിയായി കാണിച്ചിരുന്നത് 4.6 ശതമാനമാണെന്നിരിക്കെ ആ അവകാശവാദവും അടിസ്ഥാനരഹിതമാകുന്നു. റവന്യൂ കമ്മിയാകട്ടെ, ദേശീയവരുമാനത്തിന്റെ 4.3 ശതമാനമായിത്തന്നെ നില്‍ക്കുന്നു. ഒരുഭാഗത്ത് റവന്യുകമ്മി പൂജ്യമാക്കിക്കൊള്ളണമെന്ന് സംസ്ഥാനങ്ങളെ ശാസിക്കുമ്പോഴാണ് മറുഭാഗത്ത് സ്വന്തം റവന്യൂകമ്മി ചുരുക്കാനാകാതെ കേന്ദ്രം പരുങ്ങുന്നത്. സാമ്പത്തികനില വരുംമാസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുകയേ ഉള്ളൂ എന്നാണ് സൂചന. സബ്സിഡി കൂടിയതോതില്‍ വെട്ടിച്ചുരുക്കി മൊത്തം ദേശീയവരുമാനത്തിന്റെ രണ്ട് ശതമാനത്തിലേക്ക് ഒതുക്കാനുള്ള നിര്‍ദേശം പ്രായോഗികമാകാന്‍ പോകുകയാണ്. ഈ വെട്ടിക്കുറയ്ക്കല്‍ ജനങ്ങളുടെ ദൈനംദിനജീവിതത്തില്‍ വലിയ പ്രത്യാഘാതമാണുളവാക്കുക. ജീവിതം പരുങ്ങലിലാകുന്ന ജനത സാമ്പത്തികവികസനത്തെ എങ്ങനെ സഹായിക്കാനാണ്?

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം സര്‍ക്കാരില്‍നിന്ന് എണ്ണ കമ്പനികളിലേക്ക് മാറ്റിയതും തുടര്‍ച്ചയായി അവര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിപ്പോരുന്നതും ഡീസലിന്റെ വില നിര്‍ണയാധികാരംകൂടി കേന്ദ്രം ഉപേക്ഷിക്കാന്‍ പോകുന്നതുമെല്ലാം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ. വ്യാപകമായ വിലക്കയറ്റത്തിന്റെ ദുസ്സഹമായ നാളുകളിലേക്ക് യുപിഎ സര്‍ക്കാര്‍ രാജ്യത്തെ തള്ളിവിടുന്നു എന്നാണിതെല്ലാം കാണിക്കുന്നത്. അന്താരാഷ്ട്ര നാണ്യനിധിയുടെയും ലോകബാങ്കിന്റെയും അവയെ ചൊല്‍പ്പടിക്ക് നിര്‍ത്തിയിട്ടുള്ള അമേരിക്കയുടെയും നയങ്ങളുടെ നടത്തിപ്പുകാരാകാതെ ബദല്‍ സാമ്പത്തികനയം നടപ്പാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് കഴിഞ്ഞാലേ രാജ്യം രക്ഷപ്പെടൂ. വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും പട്ടിണിയും നിയന്ത്രിക്കാനുതകുന്ന ബദല്‍ നയരേഖ ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, ഭരണംതന്നെ അമേരിക്കയുടെ ദാസ്യവൃത്തിയാക്കിമാറ്റിയ യുപിഎ അത് ശ്രദ്ധിക്കുമെന്നുകരുതുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ടുതന്നെ അനിവാര്യദുരന്തത്തെ സമ്പദ്ഘടന നേരിടുകയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 07 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യ നേരിടുന്ന സര്‍വതോമുഖമായ തകര്‍ച്ചയുടെ സൂചകമാകുന്നുണ്ട് സാമ്പത്തിക വികസനിരക്ക് ഒരു പതിറ്റാണ്ടുഘട്ടത്തിലെ റെക്കോഡ് താഴ്ചയിലേക്ക് വീണു എന്നത്. 5.3 ശതമാനത്തിലേക്കാണ് സാമ്പത്തികവളര്‍ച്ചാനിരക്ക് വീണിരിക്കുന്നത്. സാമ്പത്തികമാന്ദ്യം, രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച, രൂക്ഷമാകുന്ന പണപ്പെരുപ്പം, കുതിച്ചുയരുന്ന വിലനിരക്ക്, മന്ദീഭവിക്കുന്ന വ്യവസായ വികസന നിരക്ക്, കാര്‍ഷിക ഉല്‍പ്പാദനമാന്ദ്യം, വിദേശനാണ്യശേഖരത്തിലെ പ്രതീക്ഷിച്ച മാറ്റമില്ലായ്മ, അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിലെ സമതുലിതാവസ്ഥയില്ലായ്മ, ദേശീയവരുമാനത്തിലെ തകര്‍ച്ച എന്നിവയെല്ലാം ചേര്‍ന്ന് തകരുന്ന സമ്പദ്ഘടനയുടെ ഭീതിദമായ ചിത്രമാണ് തെളിഞ്ഞുവരുന്നത്.