Tuesday, June 19, 2012

ആ തോക്കിന്റെ കഥ

ഒന്നാം ഭാഗം കുഞ്ഞനന്തന്റെ കഥ

1950 മെയ് അവസാന വാരത്തില്‍ ഒരു ദിവസം ആറടിയിലേറെ ഉയരമുള്ള സുമുഖനായ ഒരു യുവാവിനെ ലോക്കപ്പിലേക്ക് കൊണ്ടുവന്നു. ഞങ്ങള്‍ അദ്ദേഹവുമായി പരിചയപ്പെട്ടു. പേര് വി കെ ശ്രീധരന്‍നായര്‍. തൃപ്പൂണിത്തുറ ഹില്‍ പാലസ്സിനു സമീപം വല്ലയില്‍ കുടുംബാംഗം. പ്രായപൂര്‍ത്തിയായപ്പോള്‍ കൊച്ചി മഹാരാജാവിന്റെ നായര്‍ പട്ടാളത്തില്‍ ചേര്‍ന്നു. അക്കാലത്ത് കൊച്ചി, തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ കൊട്ടാരം കാവലിനായി നായന്മാരെ മാത്രമേ നിയോഗിച്ചിരുന്നുള്ളൂ. തൃപ്പൂണിത്തുറ കോവിലകത്തേക്ക് ചെങ്കൊടിയുടെ സന്ദേശം കടന്നുചെന്നതും ആ വിപ്ലവ സന്ദേശം ഉള്‍ക്കൊണ്ട രണ്ടു യുവരാജകുമാരന്മാര്‍, അയിത്തത്തിനെതിരെ നടന്ന പാലിയം സമരത്തില്‍ പങ്കെടുത്ത് പോലീസിന്റെ ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങിയതുമായ സംഭവങ്ങള്‍ ഞാന്‍ എഴുതിയ ""പാലിയം സമരം"" എന്ന പുസ്തകത്തില്‍ ഏറെക്കുറെ വിശദമായി വിവരിച്ചിട്ടുണ്ട്. ഈ രാജകുടുംബത്തിലെ തന്നെ മറ്റൊരംഗമായ കേരളവര്‍മ്മ കമ്യൂണിസ്റ്റായിരിക്കെ തന്നെ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന് ക്യാപ്റ്റന്റെ പദവിയിലേക്ക് ഉയര്‍ന്നിരുന്നു. അദ്ദേഹം ക്യാപ്ടന്‍ കേരള വര്‍മ്മ എന്നാണ് അറിയപ്പെട്ടിരുന്നത്. ചെങ്കൊടിയുടെ സന്ദേശം സ്വീകരിച്ച് കമ്യൂണിസ്റ്റുകാരായി മാറിയ രാജകുമാരന്മാരുടെയും അവര്‍ക്ക് വിപ്ലവ സന്ദേശം എത്തിച്ചുകൊടുത്ത ടി കെ രാമകൃഷ്ണന്‍ തുടങ്ങി പുറത്തുള്ള പാര്‍ടി പ്രവര്‍ത്തകരുടെയും ശ്രമഫലമായി രാജസേവകന്മാരില്‍ പലരും കമ്യൂണിസ്റ്റുകാരായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. വി കെ ശ്രീധരന്‍നായരും അപ്രകാരം കമ്യൂണിസ്റ്റായി. 1948 കാലത്തെ പാര്‍ടിയുടെ അണ്ടര്‍ ഗ്രൗണ്ടു സംവിധാനത്തിന്റെ ചുമതല ""ഷേല്‍"" എന്നും ""തമ്പാന്‍"" എന്നും ഒളിപ്പേരുണ്ടായിരുന്ന രാവുണ്ണി നായര്‍ക്കായിരുന്നു. പാര്‍ടി ഫണ്ടിന്റെയും വരവു ചിലവു കണക്കു കൈകാര്യം ചെയ്യുന്നതിന്റെയും ചുമതലയും അദ്ദേഹത്തിനുതന്നെ ആയിരുന്നു. ഉദാരമായി പാര്‍ടിയ്ക്ക് സംഭാവന നല്‍കുന്നവരെ രാവുണ്ണിനായര്‍ക്കു പരിചയവും ആണ്. അങ്ങനെ കൊച്ചി രാജകുടുംബത്തിലെ കമ്യൂണിസ്റ്റുകാരായവരെയും പരിചാരകരെയും സംസ്ഥാന കമ്മിറ്റി അംഗമായ രാവുണ്ണിനായര്‍ ബന്ധപ്പെട്ടിരുന്നു.

1949 ജൂലൈ 1ന് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപമെടുക്കുകയും തിരുവിതാംകൂര്‍ രാജാവ് രാജപ്രമുഖനാവുകയും ചെയ്തു. അപ്പോള്‍ രണ്ടു സംസ്ഥാനങ്ങളിലേയും നായര്‍ പട്ടാളം അപ്രസക്തമായി. എന്നാല്‍ അവരെ പിരിച്ചുവിട്ടില്ല. ഇന്ത്യന്‍ ആര്‍മിയില്‍ ലയിപ്പിച്ചു. അങ്ങനെ വി കെ ശ്രീധരന്‍നായര്‍ ഇന്ത്യന്‍ ആര്‍മിയില്‍ സൈനികനായി. ഇന്ന് വടക്കേ കളമശ്ശേരിയിലെ പോളിടെക്നിക്കും തെക്കേ കളമശ്ശേരിയിലെ പോലീസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്ന സ്ഥലം 1940കള്‍ വരെ വെറും മൊട്ടക്കുന്നുകള്‍ ആയിരുന്നു. രണ്ടാംലോക മഹായുദ്ധത്തോടെ ഈ കുന്നുകളില്‍ ബ്രിട്ടെന്‍റ പട്ടാള ക്യാമ്പുകള്‍ തുറന്നു. (വെള്ളക്കാരും നീഗ്രോകളും ഗൂര്‍ഖകളും താടിയും തലേക്കെട്ടുകളും ഉള്ള പഞ്ചാബികളും എല്ലാം ഉള്‍ക്കൊള്ളുന്ന പട്ടാളക്കാരുടെ വിക്രിയകള്‍ ഇവിടെ അപ്രസക്തമാകയാല്‍ വിടുന്നു) 1945ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഈ ക്യാമ്പ് അടച്ചുപൂട്ടി. പിന്നീട് കുറേ കാലത്തേക്ക് ഈ ബാരക്കുകള്‍ ശൂന്യമായിരുന്നു. പിന്നീട് ഇന്ത്യന്‍ ആര്‍മിയുടെ ക്യാമ്പ് ആക്കിയപ്പോള്‍ ക്യാപ്റ്റന്‍ കേരള വര്‍മ്മയും വി കെ ശ്രീധരന്‍നായരും ഇവിടെ എത്തി.

1946ലെ നാവിക കലാപം മുതല്‍ക്കുതന്നെ പാര്‍ടിക്ക് സായുധ സൈന്യവുമായി ബന്ധമുണ്ടായിരുന്നു. കളമശ്ശേരി ക്യാമ്പില്‍ ബന്ധപ്പെടാന്‍ സംസ്ഥാന കമ്മിറ്റി രാവുണ്ണിനായരെ ആണ് ചുമതലപ്പെടുത്തിയിരുന്നത്. കല്‍ക്കട്ടാ തീസിസിന്റെ കാഴ്ചപ്പാടനുസരിച്ച് പാര്‍ടി ആയുധങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു. കളമശ്ശേരി ക്യാമ്പിലെ ആയുധക്കലവറ ക്യാപ്റ്റന്‍ കേരളവര്‍മ്മയുടെ ചുമതലയില്‍ ആയിരുന്നു. രാവുണ്ണിനായരുടെ നിര്‍ദ്ദേശം അനുസരിച്ച് ഒരു രാത്രിയില്‍ ക്യാപ്റ്റന്‍ കേരളവര്‍മ്മ ആയുധക്കലവറ തുറന്നുകൊടുക്കുകയും ശ്രീധരന്‍നായര്‍ ഒരു സ്റ്റെന്‍ഗണ്‍ എടുത്ത് പുറത്ത് കടത്തി രാവുണ്ണിനായര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ച്ചയായി അഞ്ഞൂറു തിരകള്‍ പൊട്ടിക്കാവുന്ന യന്ത്രത്തോക്ക്. രാവുണ്ണിനായര്‍ ആ തോക്ക് ആലുവായ്ക്കടുത്ത് ചെങ്ങമനാട് പഞ്ചായത്തിലെ അത്താണിക്കവലയില്‍ ചായക്കട നടത്തുകയായിരുന്ന നെടുമ്പാശ്ശേരി കിഴക്കേ മടത്താട്ടു വീട്ടില്‍ പ്രഭാകരന്‍പിള്ളയുടെ ചായക്കടയില്‍ അദ്ദേഹത്തിന്റെ സഹായത്തോടെ ഒളിപ്പിച്ചുവച്ചു. ഇതാണ് പോലീസ് പിടിച്ചെടുത്ത തോക്ക്.

സ്റ്റെന്‍ഗണ്‍ കേസില്‍ പ്രഭാകരന്‍പിള്ളയെ ആലുവാ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രണ്ടു കൊല്ലത്തെ കഠിനതടവിന് ശിക്ഷിച്ചു. രാജകുടുംബം ആയതിനാല്‍ ക്യാപ്റ്റന്‍ കേരളവര്‍മ്മയെ അറസ്റ്റ് ചെയ്തില്ല. പക്ഷേ സേനയില്‍നിന്നും പിരിച്ചുവിട്ടു. അദ്ദേഹം മരിക്കുന്നതുവരെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഉറ്റ ബന്ധുവായി തുടര്‍ന്നു. തൃപ്പൂണിത്തുറ ഉള്‍പ്പെടുന്ന കണയന്നൂര്‍ മണ്ഡലത്തില്‍ ഒരിക്കല്‍ പാര്‍ടിസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും വിജയിച്ചില്ല. തോക്കുമോഷണക്കുറ്റത്തിന് രണ്ടു കൊല്ലത്തെ കഠിനതടവിന് ശിക്ഷിയ്ക്കപ്പെട്ട ശ്രീധരന്‍നായര്‍ ശിക്ഷാവിധി കഴിഞ്ഞ് പുറത്തിറങ്ങി. പാര്‍ടിയുടെയും കര്‍ഷകസംഘത്തിന്റെയും മുഴുവന്‍സമയ പ്രവര്‍ത്തകനായി. കാരിക്കോട് നമ്മണ്ണലില്‍ താമസിച്ചുവരവെ 1999 നവംബര്‍ 22ന് അദ്ദേഹം നിര്യാതനായി. ഭാര്യ: ഇന്ദുമതി. മക്കള്‍: വല്‍സല, അജയ്കുമാര്‍, വിജയകുമാര്‍, അജിതകുമാരി. ശ്രീധരന്‍നായരുടെ അറസ്റ്റിനെ തുടര്‍ന്ന് കളമശ്ശേരി മിലിറ്ററി ക്യാമ്പില്‍ അയ്യപ്പന്‍ എന്ന പട്ടാളക്കാരന്‍ ആത്മഹത്യചെയ്തു. അദ്ദേഹം സൂക്ഷിച്ചിരുന്ന പാര്‍ടി രേഖകള്‍ പിടിക്കപ്പെട്ടിരുന്നു. ശ്രീധരന്‍നായരെപോലെ തന്നെയും അറസ്റ്റു ചെയ്തേക്കുമോ എന്ന ഭയമാണ് അയ്യപ്പനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. സ്റ്റെന്‍ഗണ്‍ ചായക്കടയില്‍ ഒളിപ്പിച്ചുവച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രഭാകരന്‍പിള്ള ജയില്‍ മോചിതനായപ്പോള്‍ പാര്‍ടിപ്രവര്‍ത്തകനായി. സ്റ്റെന്‍ഗണ്‍ പ്രഭാകരന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. 78-ാം വയസ്സില്‍ 1995 മാര്‍ച്ച് 5ന് നിര്യാതനായി. (ഭാര്യ: വരന്തരപ്പിള്ളി ഐക്കര വീട്ടില്‍ നാരായണിഅമ്മ. മക്കള്‍: ഭുവനചന്ദ്രന്‍, ലതിക, അരുണ).

""പൊളിച്ചെഴുത്ത്"" മാതൃഭൂമി വാരികയില്‍ എഴുതിയപ്പോള്‍ രണ്ടു തോക്കുകള്‍ വാങ്ങി എന്നായിരുന്നു കുഞ്ഞനന്തന്‍ പ്രസ്താവിച്ചത്. അദ്ദേഹം എത്ര തോക്കു വാങ്ങിയാലും ആലുവായില്‍ പോലീസ് പിടിച്ചെടുത്ത തോക്കിനും കുഞ്ഞനന്തനുമായി യാതൊരു ബന്ധവുമില്ല. ""ബെര്‍ലിനില്‍ നിന്നുള്ള കമ്പി"" വായിച്ചുള്ള മതിപ്പ്, കുഞ്ഞനന്തന്‍ നായരെ ബന്ധപ്പെടാനുള്ള പ്രേരണയായി. ആദ്യം ടെലഫോണില്‍ ബന്ധപ്പെട്ടു. ആലുവായില്‍ പോലീസ് പിടിച്ചെടുത്ത തോക്കുമായി അദ്ദേഹത്തിന് ബന്ധമില്ലെന്ന അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം എന്റെ നേരെ കുരച്ചു ചാടലായിരുന്നു. എന്റെ പ്രായമാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. 1948-51 കാലത്തെ അനുഭവങ്ങളെക്കുറിച്ച് പയ്യപ്പിള്ളി ബാലന്‍ ""ആലുവാ പുഴ പിന്നെയും ഒഴുകി"" എന്ന മനോഹരമായ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട് എന്ന് മാതൃഭൂമി വാരികയില്‍ അദ്ദേഹം എഴുതിയതു തല്‍ക്കാലം വിസ്മരിച്ചതുപോലെ. ഞാന്‍ അല്‍ഭുതപ്പെട്ടില്ല. പെറ്റി ബൂര്‍ഷ്വാ ദുരഭിമാനം തെറ്റു തുറന്നു സമ്മതിക്കാന്‍ പലരെയും അനുവദിക്കില്ല. എത്ര എത്ര അനുഭവങ്ങള്‍! അതുകൊണ്ട് ഞാന്‍ വിശദമായ കത്തെഴുതി തെറ്റു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാന്‍ ശ്രമിച്ചു. മറുപടി ഇല്ല. ""സ്റ്റാലിന്റെ പ്രസക്തി"" എഴുതുന്ന തിരക്കിലായിരുന്നു ഞാന്‍ എങ്കിലും വീണ്ടും എഴുതി. സ്റ്റാലിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കൈവശം ഉണ്ടോ എന്നു ഞാന്‍ തിരക്കിയിരുന്നു. അപ്പോള്‍ ""അഭിവന്ദ്യ സഖാവ് ബാലേട്ടന്"" എന്ന സംബോധനയോടെ മറുപടി വന്നു. പുസ്തകം ആക്കുമ്പോള്‍ തെറ്റുകള്‍ തിരുത്തിക്കൊള്ളാമെന്നും എഴുതിയിരുന്നു.

തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കുഞ്ഞനന്തനെ പാര്‍ടിയില്‍നിന്നും പുറത്താക്കിക്കൊണ്ടുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം പത്രത്തില്‍ വായിച്ചു. പോകട്ടെ, പുകഞ്ഞ കൊള്ളി പുറത്ത്. പാര്‍ടിയില്‍നിന്ന് ബഹിഷ്കരിക്കപ്പെട്ടവന്‍ പറയുന്നത് ഗൗനിക്കേണ്ടതില്ല! പൊളിച്ചെഴുത്ത് വിസ്മൃതിയിലേക്കു തള്ളി. വര്‍ഷങ്ങള്‍ ആറു പിന്നിട്ടപ്പോള്‍ പാര്‍ടിയെ അപവദിക്കാനായി ""ഒളിക്യാമറകള്‍ പറയാത്തത്"" എന്ന പേരില്‍ ആത്മകഥയുടെ രണ്ടാം ഭാഗവുമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെടാന്‍ കുഞ്ഞനന്തന്‍നായര്‍ ധൈര്യപ്പെട്ടിരിക്കുന്നു. അതിനാല്‍ കുഞ്ഞനന്തന്‍ പൊളിച്ചെഴുത്തിലൂടെ പറഞ്ഞിട്ടുള്ള സത്യസന്ധമല്ലാത്ത കാര്യങ്ങളുടെ നിജസ്ഥിതി എനിക്കറിയാവുന്നിടത്തോളം വായനക്കാരെ ധരിപ്പിക്കേണ്ടത് ഒരു കമ്യൂണിസ്റ്റ് എന്ന നിലയില്‍ എന്റെ കടമയായി ഞാന്‍ കാണുന്നു.

വയലാറിലേക്ക് തോക്ക്, ഇടപ്പള്ളിയിലേക്ക് തോക്ക്, തെലുങ്കാനയിലേക്ക് തോക്ക്! എല്ലാം കുഞ്ഞനന്തന്‍നായര്‍ ബോംബെയില്‍നിന്നും കല്‍ക്കട്ടയില്‍നിന്നും വില കൊടുത്തു വാങ്ങി എത്തിക്കുന്നു! ഇവയില്‍, ആലുവാ പോലീസ് പിടിച്ചെടുത്ത തോക്ക് കുഞ്ഞനന്തന്‍ കൊണ്ടുവന്നതല്ലെന്ന് എനിക്ക് മാത്രമല്ല ഇടപ്പള്ളിക്കേസിലെ പ്രതികള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. തന്നെയുമല്ല, അക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് ആലുവാ ലോക്കപ്പില്‍ എത്തിയിട്ടുള്ള എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും അറിയാം. തൃപ്പൂണിത്തുറയിലും പരിസരത്തുമുള്ള കമ്യൂണിസ്റ്റുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയാത്തതല്ല ഈ സത്യം. കത്തുമൂലം അറിയിച്ചിരുന്നതും ആലുവാ മജിസ്ട്രേട്ട് കോടതിയിലും പോലീസ് സ്റ്റേഷനിലും രേഖകള്‍ ഉള്ളതുമാണ്. എന്നിട്ടും താന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന വാശിയോടെ കപടാവകാശവാദവുമായി വന്ന കുഞ്ഞനന്തന്‍ നായര്‍, പക്ഷേ വയലാറിലേക്ക് തോക്കുകൊണ്ടുവന്നത് താന്‍ തന്നെയെന്ന് വെട്ടിത്തുറന്ന് സമ്മതിക്കുന്നില്ല. അതും കുഞ്ഞനന്തെന്‍റ വേറൊരു കൗശലപ്രയോഗമായി കാണാവുന്നത് ആണ്. പലവ്യഞ്ജനക്കടയില്‍നിന്ന് ഒരു കിലോ പഞ്ചസാര വാങ്ങുന്ന പോലല്ലല്ലോ തോക്കു വാങ്ങുന്നത്. നിയമവിധേയ മാര്‍ഗ്ഗത്തിലൂടെ വിലയ്ക്കു വാങ്ങാവുന്ന തോക്കുകളല്ലല്ലോ കുഞ്ഞനന്തന്‍ കടലാസിലൂടെ കൈകാര്യം ചെയ്യുന്നത്. അധോലോക മാഫിയാകളില്‍നിന്നും വില കൊടുത്തു വാങ്ങിയതായിരിക്കണം അവ. അപ്പോള്‍ മാഫിയാകളെ എപ്പോള്‍ പരിചയപ്പെട്ടു എന്ന ചോദ്യം ഉയരും. ബോംബെയിലെ ആദ്യത്തെ മൂന്നുമാസം നേവിയില്‍. അപ്പോള്‍ മാഫിയാകളെ കാണാന്‍ അവസരം ഇല്ല; എന്തെന്നാല്‍ ഖാന്‍ എന്ന ചാരന്‍ ആദ്യദിവസം മുതല്‍ തന്നെ കുഞ്ഞനന്തനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നീട് കേന്ദ്രക്കമ്മിറ്റി ഓഫീസില്‍ ഇന്‍ഫര്‍മേഷന്‍ സെക്ഷനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ മാഫിയകളുമായി പരിചയമായി എന്നു പറയാന്‍ ധൈര്യപ്പെടുമോ?

1946 ഒക്ടോബര്‍ 27നാണ് വയലാര്‍ വെടിവെയ്പ്. 1946ല്‍ മൈക്കുമായി കേരളത്തില്‍ എത്തി. കണ്ണൂരില്‍ കെ പി ഗോപാലെന്‍റ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുന്നതിന്നിടയില്‍ തമിഴ് സിനിമയിലെ മിന്നല്‍ വീരനെപ്പോലെ ബോംബെയില്‍ പോയി എന്നെല്ലാം പറഞ്ഞാലുള്ള പൊല്ലാപ്പ് ഒഴിവാക്കാനായി, അജ്ഞാതനാമാവായ ഒരാള്‍ വയലാറിലേക്കുള്ള തോക്കുമായി എറണാകുളത്ത് എത്തുന്നു. എറണാകുളത്തുനിന്ന് തോക്ക് ആലപ്പുഴയില്‍ എത്തിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ കുഞ്ഞനന്തനും ഉണ്ട്. ഇനി സാധാരണ യാത്രാ ബോട്ടിലാണ് നാലുയന്ത്രത്തോക്കുകള്‍ അടക്കം ചെയ്ത സോപ്പുപെട്ടിയുമായുള്ള യാത്ര. പ്രത്യേകം വാടകയ്ക്ക് എടുത്ത ബോട്ടില്‍ അല്ല യാത്ര. സ്പെഷ്യല്‍ ബോട്ടിലായിരുന്നെങ്കില്‍ അതു പറയുമായിരുന്നല്ലോ. എറണാകുളം - ആലപ്പുഴ റൂട്ട് വളരെ തിരക്കുള്ളതാണ്. അന്ന് അരൂര്‍ - ഇടക്കൊച്ചി ഫെറിയില്‍ ജങ്കാര്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നുമില്ല എന്നും ഓര്‍ക്കണം. എറണാകുളത്തുനിന്ന് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പോലീസുകാര്‍ ബോട്ടില്‍ ഉണ്ടായിരുന്നോ? എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലുള്ള ഏതെങ്കിലും ജെട്ടിയില്‍നിന്നാണോ പോലീസുകാരന്‍ കയറിയത്? അതുമല്ലെങ്കില്‍ പോലീസ് സംഘം വേറെ ബോട്ടില്‍ അനുധാവനം ചെയ്യുകയായിരുന്നോ? പിടികൂടുമെന്ന സംശയം തോന്നിയപ്പോള്‍ നാലുയന്ത്രത്തോക്കുകളും സോപ്പും നിറച്ച പെട്ടി പൊക്കി എടുത്തു വെള്ളത്തില്‍ ഇടുമ്പോള്‍, ബോട്ടിലെ ഇതര യാത്രക്കാര്‍ കണ്ണടച്ചിരിക്കുകയായിരുന്നോ? അല്ലെങ്കില്‍ മെസ്മെറിസം കൊണ്ട് യാത്രക്കാരെ കുഞ്ഞനന്തന്‍ അബോധാവസ്ഥയിലാക്കിയോ? സ്വബോധത്തോടെ കണ്ണും തുറന്നിരിക്കുകയായിരുന്നു യാത്രക്കാരെങ്കില്‍, ഇതെന്താ കഥ എന്ന് അവരില്‍ ആരെങ്കിലും ചോദിക്കുമായിരുന്നില്ലേ? പിറ്റേന്ന് പത്രവാര്‍ത്ത വരുമായിരുന്നില്ലേ? സംശയം ജനിപ്പിച്ച പോലീസുകാരന്‍ ബോട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ ഇടപെടുമായിരുന്നില്ലേ? വേറെ ബോട്ടില്‍ അനുധാവനം ചെയ്യുകയായിരുന്ന പോലീസ് കണ്ടില്ലെന്നു നടിക്കുമായിരുന്നുവോ?

ഒന്നും സംഭവിച്ചില്ല. എല്ലാം മുത്തശ്ശിക്കഥപോലെ. കഥയില്‍ ചോദ്യം ഇല്ലെന്നല്ലേ ചൊല്ല്! വയലാറിലേക്കു കൊണ്ടുപോയ തോക്ക് വേമ്പനാട്ടുകായലില്‍ മുക്കിയപോലെ ഇടപ്പള്ളിയിലേക്കു കൊണ്ടുവന്ന തോക്കും പിടിക്കപ്പെട്ടേക്കുമെന്ന സംശയത്താല്‍ ചാലക്കുടി പുഴയിലേക്കോ അല്ലെങ്കില്‍ പെരിയാറ്റിലേയ്ക്കോ എറിഞ്ഞുകളഞ്ഞെന്നു പറഞ്ഞിരുന്നെങ്കില്‍, ശുദ്ധഗതിക്കാരായ ചിലരെങ്കിലും അത് വിശ്വസിക്കുമായിരുന്നു. അല്ലെങ്കില്‍ ഉറക്കമിളച്ച് കാത്തിരിക്കുന്നതിനിടയില്‍ ഒന്നു മയങ്ങിപ്പോയ നേരത്ത് ഏതോ ഒരു കള്ളന്‍ തോക്ക് അടക്കം ചെയ്തിരുന്ന പെട്ടി മോഷ്ടിച്ചുകൊണ്ടുപോയി എന്നു എഴുതിയിരുന്നെങ്കിലും വായനക്കാരില്‍ ചിലരെങ്കിലും വിശ്വസിക്കുമായിരുന്നു.

ഇടപ്പള്ളിയിലേക്കു തോക്കുകൊണ്ടു വന്നു എന്ന കഥ വ്യാജമാകയാല്‍ മറ്റു തോക്കുകളുടെ കഥകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാതെ വയ്യ. ഇടപ്പള്ളിയിലേക്കു കൊണ്ടുവന്ന സ്റ്റെന്‍ഗണ്‍ പ്രയോഗിക്കാന്‍ ചിലര്‍ക്കു പരിശീലനം കൊടുത്തുപോല്‍! ആരായിരുന്നു ഈ പരിശീലകന്‍? കുഞ്ഞനന്തന്‍ അല്ല. അദ്ദേഹത്തിന് തോക്ക് കൈകാര്യം ചെയ്യാനുള്ള അവസരം ലഭിച്ചിട്ടില്ല. ബോംബെയില്‍ ഇന്ത്യന്‍ നേവിയില്‍ ക്ലാര്‍ക്കിന്റെ തസ്തികയില്‍ ആയിരുന്നു. അതും മൂന്നുമാസക്കാലം മാത്രം. തോക്കു സൈനികര്‍ ഏന്തുന്നതുകാണാനും ആയുധ രജിസ്റ്ററില്‍ തോക്കിന്റെ എണ്ണം എഴുതാനും ഉള്ള അവസരമേ അവിടെ ലഭിച്ചിരുന്നുള്ളൂവെന്നത് അനുക്തസിദ്ധം. അപ്പോള്‍പിന്നെ അദ്ദേഹം ബോംബെയില്‍നിന്നും പരിശീലകനെ കൊണ്ടുവന്നുവോ? അങ്ങനെയാണെങ്കിലും ഇവിടെ പാര്‍ടി അറിയാതെ പരിശീലനം കൊടുക്കാന്‍ കഴിയുകയില്ലല്ലോ. അങ്ങനെയാണെങ്കില്‍ സംസ്ഥാന കമ്മിറ്റി അറിയാതിരിക്കുമോ? പാര്‍ടിയില്‍ ഉത്തരവാദപ്പെട്ടവര്‍ ആരേയും അറിയിക്കാതെ രഹസ്യമായി സ്റ്റെന്‍ഗണ്‍ പ്രയോഗം പരിശീലിപ്പിച്ചുവെന്നാണോ കുഞ്ഞനന്തെന്‍റ വിവക്ഷ?

അക്കാലത്ത് ഞങ്ങള്‍ക്കിടയിലെ വലിയ സൈദ്ധാന്തികനും പ്രായോഗിക പ്രവര്‍ത്തനരംഗത്ത് അതുല്യനുമായ കെ സി മാത്യുവിന്റെ നേതൃത്വത്തിലാണ് ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം നടന്നത്. സ്റ്റേഷനില്‍ ആകെ ഉണ്ടായിരുന്ന രണ്ടു 303 റൈഫിളുകളും സഖാക്കള്‍ കൈവശപ്പെടുത്തി. ആക്ഷന്‍ കഴിഞ്ഞ് എറണാകുളം ഭാഗത്തേക്ക് നീങ്ങിയ സഖാക്കള്‍ ഒരു തോക്ക് കലൂരിലെ ഏതോ പൊട്ടക്കുളത്തില്‍ എറിഞ്ഞു. മറ്റേ തോക്കുമായി പറവൂര്‍ ഭാഗത്തേക്ക് നീങ്ങിയ സഖാക്കള്‍, ഇടപ്പള്ളി വടക്കുംഭാഗം കുന്നുംപുറത്തുള്ള ഭഗവതിക്ഷേത്രത്തിന്റെ കുളത്തിന്റെ വക്കില്‍ മണ്ണുമാന്തി അവിടെ തോക്ക് ഒളിപ്പിച്ചുവച്ചു. ആ സഖാക്കളെ കുറ്റപ്പെടുത്താനാവില്ല. നാലര - അഞ്ച് അടി നീളമുള്ള തോക്ക്. ധരിച്ചിരിക്കുന്ന മുണ്ടും ഷര്‍ട്ടുമല്ലാതെ തോക്കു മറച്ചുപിടിക്കാന്‍ സഖാക്കളുടെ കൈവശം ഒന്നുമില്ല. സമയം വെളുപ്പാന്‍ കാലം. ആള്‍സഞ്ചാരം തുടങ്ങാന്‍ പോകുന്നു. ഇനി തോക്കുമായി സഞ്ചരിക്കുന്നത് അത്യന്തം അപകടകരം. അന്നേരം ബുദ്ധിയില്‍ തെളിഞ്ഞുവന്ന ഉപായം പ്രയോഗിച്ചെന്നു മാത്രം.

കല്‍ക്കട്ടാ തീസിസ് അകാലികവും അപ്രായോഗികവും. കൂടുതല്‍ വിനാശകരമായിരുന്നു സായുധസമരത്തെക്കുറിച്ചുള്ള വികലമായ ധാരണകള്‍. തെലുങ്കാനയില്‍ അല്ലാതെ മറ്റൊരിടത്തും ആയുധ പരിശീലനം നല്‍കിയിരുന്നില്ല. പരിയാരം, ശൂരനാട്, കൂത്താട്ടുകുളം, എണ്ണയ്ക്കാട്ട്, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യാതൊരുവിധ പരിശീലനവും സിദ്ധിക്കാത്ത സഖാക്കള്‍ക്കാണ് പോലീസുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുള്ളത്. ഈ സംഘര്‍ഷങ്ങളില്‍ ഒന്നിലും തോക്കുപയോഗിച്ചിട്ടില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ് 1948-51ലെ ""സായുധ കലാപ""ത്തിന് ആയുധം നല്‍കിയത് താന്‍ ആണെന്ന് ബഡായി പറഞ്ഞ് കുഞ്ഞനന്തന്‍ പൊങ്ങച്ചം ഭാവിക്കുന്നത്. (തുടരും)

*
പയ്യപ്പിള്ളി ബാലന്‍ ചിന്ത 22 ജൂണ്‍ 2012

മൂന്നാം ഭാഗം ചരിത്രം പൊളിച്ചെഴുതുകയോ? തെലുങ്കാനയിലേക്കും കുഞ്ഞനന്തന്‍ വക തോക്ക് സപ്ലൈ 

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കല്‍ക്കട്ടാ തീസിസ് അകാലികവും അപ്രായോഗികവും. കൂടുതല്‍ വിനാശകരമായിരുന്നു സായുധസമരത്തെക്കുറിച്ചുള്ള വികലമായ ധാരണകള്‍. തെലുങ്കാനയില്‍ അല്ലാതെ മറ്റൊരിടത്തും ആയുധ പരിശീലനം നല്‍കിയിരുന്നില്ല. പരിയാരം, ശൂരനാട്, കൂത്താട്ടുകുളം, എണ്ണയ്ക്കാട്ട്, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യാതൊരുവിധ പരിശീലനവും സിദ്ധിക്കാത്ത സഖാക്കള്‍ക്കാണ് പോലീസുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുള്ളത്. ഈ സംഘര്‍ഷങ്ങളില്‍ ഒന്നിലും തോക്കുപയോഗിച്ചിട്ടില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ് 1948-51ലെ ""സായുധ കലാപ""ത്തിന് ആയുധം നല്‍കിയത് താന്‍ ആണെന്ന് ബഡായി പറഞ്ഞ് കുഞ്ഞനന്തന്‍ പൊങ്ങച്ചം ഭാവിക്കുന്നത്.