Thursday, June 28, 2012

ആരാണ് മുഖ്യമന്ത്രി?

വിചിത്രമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയുടെ രീതികള്‍. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനമൊന്ന്; മന്ത്രി പറയുന്നത് മറ്റൊന്ന്. മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് മൂന്നാമതൊന്ന്. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി നിലപാടുകളില്‍ തകിടം മറിഞ്ഞ് മന്ത്രിയുടെ പല്ലവി ഏറ്റുപാടുന്നു. താന്‍ പറഞ്ഞതല്ല ലീഗ് മന്ത്രി പറഞ്ഞതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി സ്വയം തിരുത്തുന്നു. ദയനീയമാണ് ഈ കാഴ്ച.

35 സര്‍ക്കാര്‍ സ്കൂളുകള്‍ എയ്ഡഡ് സ്കൂളുകളാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിസഭയിലെ അനൈക്യവും കൂട്ടുത്തരവാദിത്തമില്ലായ്മയും ഏതുകാര്യത്തിലും ലീഗിനു കീഴടങ്ങുന്ന മുഖ്യമന്ത്രിയുടെ നിസ്സഹായതയും വെളിവായത്. മലപ്പുറത്തെ 35 സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. ആ തീരുമാനമിരിക്കെ, ഈ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനാണ് തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് നിയമസഭയില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇത് സഭാതലത്തില്‍ വിവാദമായപ്പോഴാണ് താനാണ് മുഖ്യമന്ത്രി എന്ന വിശേഷണത്തോടെ ഉമ്മന്‍ചാണ്ടി വിദ്യാഭ്യാസമന്ത്രിയെ തിരുത്തിയത്. ആ തിരുത്തലിന് 24 മണിക്കൂറിന്റെപോലും ആയുസ്സ് ഉണ്ടായില്ല.

മുഖ്യമന്ത്രി സ്വയം തിരുത്തി വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ ശരിവച്ചു. ലീഗ് പറഞ്ഞാല്‍ അതിനപ്പുറത്ത് കോണ്‍ഗ്രസിനോ യുഡിഎഫിനോ നിലപാടുണ്ടാകില്ലെന്ന് തെളിയിച്ചു. കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രിയുടെയും ആത്മാഭിമാനമില്ലായ്മയ്ക്ക് ഇതില്‍ക്കവിഞ്ഞ തെളിവു വേണ്ട. നിയമസഭയും ജനവും ഏതാണ് വിശ്വസിക്കേണ്ടത്? മന്ത്രിസഭാതീരുമാനമോ, വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ വാക്കുകളോ, മുഖ്യമന്ത്രിയുടെ ചൊവ്വാഴ്ചത്തെ വാക്കുകളോ, അതോ അദ്ദേഹത്തിന്റെ തന്നെ ബുധനാഴ്ചത്തെ വാക്കുകളോ? യുഡിഎഫില്‍ എവിടെ ഐക്യം? എവിടെ കൂട്ടുത്തരവാദിത്തം? എവിടെ കോണ്‍ഗ്രസിന്റെ ആത്മാഭിമാനം? പ്രശ്നം ഈ ചോദ്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഒട്ടേറെ ഉപചോദ്യങ്ങള്‍ അതില്‍നിന്നുയരുന്നു. അവയാകട്ടെ, അരങ്ങിനുപിന്നില്‍ നടക്കുന്ന വലിയ അഴിമതിയുടെ ഇടനാഴികളിലേക്ക് ജനങ്ങളുടെ മനസ്സിനെ നയിക്കുകയും ചെയ്യുന്നു. മലപ്പുറത്തെ 35 സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മന്ത്രിസഭാതീരുമാനം 24 മണിക്കൂറിനകം ഉത്തരവായി ഇറങ്ങേണ്ടത് ഭരണപരമായ ഒരു അനിവാര്യതയാണ്. ഇവിടെ എന്തുകൊണ്ട് അത് ലംഘിക്കപ്പെട്ടു? ഈ ഉത്തരവ് എന്തുകൊണ്ട് ഇറങ്ങിയില്ല? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോഴാണ്, വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് സഭയില്‍ പറഞ്ഞ വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ഥവും രാഷ്ട്രീയമാനവും വരുന്നത്.

സ്കൂളുകള്‍ എയ്ഡഡ് ആക്കി മാറ്റുമെന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിസഭാതീരുമാനത്തിനെതിരെ മറ്റൊരു തീരുമാനം പ്രഖ്യാപിക്കാന്‍ മന്ത്രിക്ക് അധികാരമുണ്ടോ? ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ മന്ത്രി ഇവിടെ ശ്രമിക്കുന്നു. അത് മന്ത്രിസഭാതീരുമാനത്തെ അട്ടിമറിക്കാനാണെന്നത് പകല്‍പോലെ വ്യക്തം. മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചാലേ വിദ്യാഭ്യാസ കച്ചവടമെന്ന ലീഗിന്റെ രാഷ്ട്രീയലക്ഷ്യം നടക്കൂ. അതുകൊണ്ടുതന്നെ ലീഗും അതിന്റെ മന്ത്രിയും ആ വഴിക്ക് നീങ്ങുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് തങ്ങളുടെ ദയാദാക്ഷിണ്യങ്ങള്‍കൊണ്ടാണെന്നതിന്റെ അഹങ്കാരം ലീഗ് ഇടയ്ക്കിടെ പ്രകടിപ്പിക്കാറുണ്ട്. മന്ത്രിസഭാ രൂപീകരണഘട്ടം മുതല്‍ക്കേ കേരളം ഇത് കാണുന്നുണ്ട്. തങ്ങള്‍ക്ക് എത്ര മന്ത്രിമാരുണ്ടാകുമെന്നും ഏതേത് വകുപ്പുകളുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിശ്ചയിക്കുന്നതിനുമുമ്പ് ലീഗ് നേതാവ് തങ്ങള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിസ്സഹായനായിനിന്നു. പിന്നീട് ലീഗ് വരച്ച വരയ്ക്കുതാഴെ ഒപ്പിട്ടുകൊടുത്തു. ലീഗിന് അഞ്ചാംമന്ത്രിയുണ്ടാകുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചു.

അങ്ങനെ ഒരു വിഷയം ചര്‍ച്ചചെയ്യുന്നുപോലുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യം വിശദീകരിച്ചു. എന്നാല്‍, അടുത്ത ഘട്ടത്തില്‍ മഞ്ഞളാംകുഴി അലികൂടി മന്ത്രിയാകുന്നത് കേരളം കണ്ടു. ഇതേപോലെ, മലപ്പുറത്തെ സ്കൂളുകളുടെ കാര്യത്തിലും അവസാന വാക്ക് തങ്ങള്‍ പറയുന്നതുതന്നെയാകും എന്ന ഹുങ്കാണ് ലീഗ് കാട്ടിയത്. മന്ത്രിസഭാതീരുമാനത്തിന് വിരുദ്ധമായി നിയമസഭാതലത്തില്‍ത്തന്നെ പറയാന്‍ മന്ത്രിക്ക് ധൈര്യമുണ്ടായത് ഈ ഹുങ്കുകൊണ്ടാണ്. അതുമൂലമുണ്ടായ ജാള്യമാണ് "ഞാനാണ് മുഖ്യമന്ത്രി" എന്ന പ്രഖ്യാപനം നടത്താന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രി താനാണെന്ന് മുഖ്യമന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ക്ക് വിശദീകരിക്കേണ്ടിവരുന്നത് കേരളത്തില്‍ ആദ്യമാണ്. മുഖ്യമന്ത്രിയായി തന്നെ മന്ത്രിമാര്‍പോലും ഗൗനിക്കുന്നില്ലെന്ന് അദ്ദേഹം കരുതുന്നുവെന്നതിന്റെ വിളംബരമാണിത്. ദയനീയമാണ് ഈ മുഖ്യമന്ത്രിയുടെ അവസ്ഥ എന്നുപറയാതെവയ്യ. മുഖ്യമന്ത്രി താനാണെന്ന് വിളംബരംചെയ്യുകയല്ല, പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ ബുധനാഴ്ചത്തെ തകിടംമറിച്ചിലിലൂടെ മുഖ്യമന്ത്രി ചെയ്തത്, താനല്ല, മറിച്ച് അബ്ദുറബ്ബോ കുഞ്ഞാലിക്കുട്ടിയോ ആണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് മാലോകരെ ബോധ്യപ്പെടുത്തലാണ്. മുഖ്യമന്ത്രി താന്‍ തന്നെയാണ് എന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. വകുപ്പ് വിഭജനകാര്യത്തില്‍ കഴിഞ്ഞില്ല; അഞ്ചാംമന്ത്രി കാര്യത്തിലും കഴിഞ്ഞില്ല. ഇപ്പോഴും സ്ഥിതി അതുതന്നെ. മന്ത്രിസഭാതീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞില്ല. പാണക്കാട്ടുനിന്ന് ഫോണ്‍ വരുമ്പോള്‍ മാറാനുള്ളതേയുള്ളൂ തന്റെ മന്ത്രിസഭാതീരുമാനമെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു. മന്ത്രിസഭായോഗം തീരുമാനിച്ച കാര്യത്തില്‍ 24 മണിക്കൂറിനകം ഉത്തരവിറങ്ങാതിരുന്നത് എന്തുകൊണ്ടാണെന്നതിന് വിശദീകരണം തേടാന്‍ അദ്ദേഹത്തിന് ധൈര്യമില്ല. സാമ്പത്തികവശം പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. മന്ത്രിസഭാ തീരുമാനം ആയിക്കഴിഞ്ഞ ശേഷമാണോ സാമ്പത്തികവശം പരിശോധിക്കുന്നത്? വണ്ടിക്കു പിന്നില്‍ കുതിരയെക്കെട്ടുന്ന ഈ രീതി ഭരണതലത്തില്‍ കേട്ടുകേള്‍വിപോലുമുള്ളതല്ല. സാമ്പത്തികമടക്കമുള്ള നാനാവശങ്ങളും പരിശോധിച്ചശേഷംമാത്രം മന്ത്രിസഭായോഗം തീരുമാനമെടുക്കുന്ന രീതിയേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശമാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത് എന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വാദവും വണ്ടിക്കുപിന്നില്‍ കുതിരയെക്കെട്ടുന്ന തരത്തിലുള്ളതാണ്. ആദ്യം മന്ത്രിസഭാ തീരുമാനം, പിന്നെ വകുപ്പിന്റെ നിര്‍ദേശം. ഇതാണോ മന്ത്രിസഭയില്‍ ഇപ്പോള്‍ നടക്കുന്നത്?

പ്രശ്നം ധനവകുപ്പിന്റെ പരിശോധനയിലാണെന്ന വിശദീകരണം ഒരേസമയം അസംബന്ധവും ഭരണനടപടിക്രമങ്ങളുടെ ലംഘനവുമാണ്. മന്ത്രിസഭ തീരുമാനമെടുക്കുംമുമ്പല്ലാതെ, ധനവകുപ്പിന്റെ പരിശോധന ഇല്ല. മന്ത്രിസഭ തീരുമാനിച്ചു കഴിഞ്ഞതിന്മേല്‍ ധനവകുപ്പ് പരിശോധന നടത്തുമെങ്കില്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും മേലെ ആയിരിക്കണം ആ ധനവകുപ്പ്! ആരെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ അസംബന്ധ വാചകമേളകള്‍? ഈ സാഹചര്യത്തില്‍ ഒരു ചോദ്യം ചോദിക്കാതിരിക്കാന്‍ നിവൃത്തിയില്ല. താനാണ് മുഖ്യമന്ത്രി എന്നും താന്‍ പറയുന്നതാണ് ശരിയെന്നും പറഞ്ഞ മി. ഉമ്മന്‍ചാണ്ടീ...ഇപ്പോള്‍ ആരാണ് മുഖ്യമന്ത്രി?

*
ദേശാഭിമാനി  മുഖപ്രസംഗം 28 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിചിത്രമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയുടെ രീതികള്‍. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനമൊന്ന്; മന്ത്രി പറയുന്നത് മറ്റൊന്ന്. മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് മൂന്നാമതൊന്ന്. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി നിലപാടുകളില്‍ തകിടം മറിഞ്ഞ് മന്ത്രിയുടെ പല്ലവി ഏറ്റുപാടുന്നു. താന്‍ പറഞ്ഞതല്ല ലീഗ് മന്ത്രി പറഞ്ഞതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി സ്വയം തിരുത്തുന്നു. ദയനീയമാണ് ഈ കാഴ്ച.