Showing posts with label കയ്യൂര്‍. Show all posts
Showing posts with label കയ്യൂര്‍. Show all posts

Saturday, March 29, 2014

കയ്യൂരിന്റെ ധീരസ്മരണ

സഖാക്കള്‍ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍... സ്വന്തം ചുടുനിണംകൊണ്ട് രക്തപതാകയെ കൂടുതല്‍ ചുവപ്പിച്ചവര്‍. കയ്യൂരിന്റെ പൊന്നോമനമക്കള്‍. കയ്യൂര്‍ സഖാക്കളുടെ രക്തസാക്ഷിത്വത്തിന് ഇന്ന് എഴുപത്തൊന്നാണ്ട് തികയുന്നു. തേജസ്വിനിയുടെ കുഞ്ഞോളങ്ങള്‍ ആ നാല് അരുമസഖാക്കളെക്കുറിച്ചുള്ള ആര്‍ദ്രമായ ഓര്‍മകളില്‍ വിതുമ്പുകയാകാം; അവരുടെ ധീരതയില്‍ പുളകമണിയുകയാകാം.

നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും നടത്തിയ ധീരമായ സമരങ്ങളുടെ ചരിത്രത്തിലെ പ്രത്യേക കാലഘട്ടത്തെയാണ് കയ്യൂര്‍സമരം സൂചിപ്പിക്കുന്നത്. 1934 മുതല്‍ കര്‍ഷകപ്രസ്ഥാനം ജന്മിത്വത്തിനെതിരെ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങി. മറ്റ് സ്ഥലങ്ങളിലെപ്പോലെ നീലേശ്വരം രാജാവിന്റെ ചെയ്തികളെ ചോദ്യംചെയ്ത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കര്‍ഷകപ്രസ്ഥാനം സമരരംഗത്ത് വന്നുകഴിഞ്ഞിരുന്നു.

ഒരു ദിവസം ഹോസ്ദുര്‍ഗ് ആര്‍ഐ കയ്യൂരില്‍ വന്നപ്പോള്‍ വളന്റിയര്‍ പരിശീലനവും കൃഷിക്കാരുടെ ജാഥയും നേരില്‍ കണ്ട് വഴിമാറി പോകേണ്ടിവന്നു. ഒരു ഫോറസ്റ്റ് ഓഫീസറെ കയ്യൂരില്‍ കളിയാക്കിയെന്ന പരാതിയുമുണ്ടായി. കൃഷിക്കാര്‍ കയ്യൂരില്‍ സംഘടിക്കുന്നുവെന്ന് അവര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ടുചെയ്തു. ഈ അവസരത്തില്‍തന്നെയാണ് കര്‍ഷകസംഘം യോഗം ചേര്‍ന്ന് നീലേശ്വരം രാജാവിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചത്. കയ്യൂരില്‍നിന്ന് നീലേശ്വരത്തേക്ക് ജാഥയായി പോയി നിവേദനം നല്‍കാനായിരുന്നു തീരുമാനം. നിവേദനത്തിന്റെ കോപ്പി നേരത്തെ കിട്ടിയ ജന്മിയും പൊലീസുകാരും ചേര്‍ന്ന് ജാഥ പൊളിക്കാന്‍ പദ്ധതി തയ്യാറാക്കി.

1941 മാര്‍ച്ച് 26ന് രാവിലെ ചില പൊലീസുകാര്‍ ജന്മിയുടെ കാര്യസ്ഥന്മാരുമായി ചര്‍ച്ച നടത്തി. പൊലീസിന്റെയും ജന്മിയുടെയും നീക്കം മനസിലാക്കാന്‍ പ്രാദേശിക കമ്മിറ്റി (സെല്‍) ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. കെ പി വെള്ളുങ്ങ, സി കൃഷ്ണന്‍നായര്‍, ടി വി കുഞ്ഞിരാമന്‍ എന്നിവര്‍ പൊലീസിനെ പിന്തുടര്‍ന്നു. സഖാക്കളെ അടിക്കാന്‍ പദ്ധതിയിട്ട പൊലീസുകാരന്‍ ചെറിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തെതുടര്‍ന്ന് മാര്‍ച്ച് 26ന് രാത്രി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിക്കോളാസും സംഘവും കയ്യൂരില്‍ അരയാക്കടവിലുള്ള അപ്പുവിന്റെ ചായക്കട തല്ലിത്തകര്‍ത്തു. അവിടെ കിടന്നുറങ്ങുകയായിരുന്ന സഖാക്കളെ മര്‍ദിച്ചു. വീടുകളില്‍ കയറി മര്‍ദനം തുടങ്ങി. ടി വി കുഞ്ഞിരാമന്‍, ടി വി കുഞ്ഞമ്പു എന്നീ സഖാക്കളെ അറസ്റ്റുചെയ്തു.

വാര്‍ത്ത കാട്ടുതീപോലെ പരന്നതോടെ കയ്യൂര്‍ ഇളകിമറിഞ്ഞു. മര്‍ദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്താന്‍ തീരുമാനിച്ചു. പ്രകടനം കയ്യൂര്‍ കൂക്കോട്ടുനിന്നാണ് പുറപ്പെട്ടത്. തലേദിവസത്തെ മര്‍ദനത്തില്‍ പ്രധാനിയായ സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ മറ്റെന്തോ ആവശ്യത്തിനുവേണ്ടി അവിടെ വന്നു. മൂക്കറ്റം മദ്യപിച്ച സുബ്ബരായന്‍ ജാഥ നീങ്ങവെ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത സഖാക്കളുടെ വികാരം ആളിക്കത്തി. സംഘാടകര്‍ പാടുപെട്ട് അവരെ നിയന്ത്രിച്ചു. തുടര്‍ന്ന് സുബ്ബരായന്‍ ചെങ്കൊടിയേന്തി പ്രകടനത്തോടൊപ്പം നടക്കാന്‍ നിര്‍ബന്ധിതനായി. കുറെ നടന്നപ്പോള്‍ കൊടിയുടെ വടിപൊട്ടിച്ച് ജാഥയ്ക്കുനേരെ തിരിഞ്ഞ് സഖാക്കളെ മര്‍ദിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എതിര്‍ഭാഗത്ത് ക്ലായിക്കോട്ടുനിന്ന് പുറപ്പെട്ട മറ്റൊരു ജാഥ വരികയായിരുന്നു. തന്നെ ആളുകള്‍ പിന്തുടരുകയാണെന്ന ധാരണയില്‍ സുബ്ബരായന്‍ പുഴയിലേക്ക് എടുത്തുചാടി. മദ്യലഹരിയും യൂണിഫോമിന്റെ ഭാരവും കാരണം അയാള്‍ മുങ്ങിമരിച്ചു.

ഈ സംഭവത്തെതുടര്‍ന്ന് കയ്യൂരിലും പരിസരപ്രദേശത്തും ഭീകരമായ പൊലീസ് മര്‍ദനമാണ് നടന്നത്. ചുവന്നകൊടി ചുട്ടുകരിച്ച് കമ്യൂണിസ്റ്റുകാരെ മര്‍ദിച്ചൊതുക്കി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയാവുന്നതൊക്കെ അവര്‍ ചെയ്തു. ഇ കെ നായനാര്‍, വി വി കുഞ്ഞമ്പു എന്നിവരടക്കം 61 പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ചെയ്തു.

ഒളിവില്‍ പോയ നായനാരെ പിടികൂടാന്‍ സാധിച്ചില്ല. കേസ് ഒരുവര്‍ഷത്തിലേറെ മംഗലാപുരം സെഷന്‍സ് കോടതിയില്‍ നടന്നു. തെളിവുകള്‍ ഭരണാധികാരികള്‍ക്കെതിരായിരുന്നു. എന്നാല്‍, വിധി അപ്രതീക്ഷിതവും. അഞ്ച് സഖാക്കള്‍ക്ക് വധശിക്ഷ വിധിച്ചു. രണ്ടുപേര്‍ക്ക് അഞ്ചുകൊല്ലവും കുറെപേര്‍ക്ക് മൂന്നുകൊല്ലവും തടവ്. മറ്റുള്ളവരുടെ റിമാന്‍ഡുകാലം തടവായി പരിഗണിച്ച് വിട്ടയച്ചു. ചൂരിക്കാടന്‍ കൃഷ്ണന്‍നായരെ മൈനറായതിനാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കി ജീവപര്യന്തം ശിക്ഷിച്ചു.

കയ്യൂര്‍ സഖാക്കളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ പ്രിവി കൗണ്‍സില്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍, തീരുമാനം മാറ്റാന്‍ സാമ്രാജ്യത്വഭരണകൂടം തയ്യാറായില്ല. 1943 മാര്‍ച്ച് 29ന് രാവിലെ അഞ്ചിന് കയ്യൂര്‍ സഖാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി. അവര്‍ കൊലമരത്തെ പുഞ്ചിരിയോടെ നേരിട്ടു; ദിഗന്തം പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. ""ഇങ്ക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ്, സാമ്രാജ്യത്വം തകരട്ടെ, ജന്മിത്വം തകരട്ടെ, സഖാക്കളേ മുന്നോട്ട്...""

കയ്യൂര്‍ സഖാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞ് 71 വര്‍ഷത്തിനിടയില്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശക്തിപ്പെട്ടു. അവര്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ ഹൃദയത്തില്‍ പേറി കേരളത്തിലെയും ഇന്ത്യയിലെയും കര്‍ഷകപ്രസ്ഥാനവും വിപ്ലവപ്രസ്ഥാനവും ബഹുദൂരം മുന്നേറി. ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണ്. കയ്യൂര്‍ രക്തസാക്ഷികളുടെ പ്രസ്ഥാനം ഇന്ന് കൂടുതല്‍ കരുത്തും ശക്തിയും കൈവരിച്ചു. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്ന വേളയിലാണ് ഇക്കുറി നാം കയ്യൂര്‍ സഖാക്കളുടെ സ്മരണ പുതുക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ നിലയിലും ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. മുമ്പൊരിക്കലുമില്ലാത്ത വിലക്കയറ്റത്തില്‍ നാട് എരിപൊരികൊള്ളുന്നു.

കര്‍ഷകരെ മറന്നുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പത്തുവര്‍ഷത്തിനിടയില്‍ മൂന്നുലക്ഷത്തോളം കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യചെയ്തു. കോണ്‍ഗ്രസ് തുടരുന്ന ഇതേ നയങ്ങളാണ് ബിജെപിക്കുമുള്ളത്. ആഗോളവര്‍ക്കരണനയങ്ങള്‍ പിന്തുടരുമ്പോള്‍ത്തന്നെ വര്‍ഗീയ അജന്‍ഡയും അവര്‍ മുന്നോട്ടുവയ്ക്കുന്നു. ഗുജറാത്ത് വംശഹത്യയുടെ നേതാവ് മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കടന്നുവന്നതും ഇതിന്റെ ഫലമായാണ്. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ അംഗീകരിക്കാത്ത സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് അനിവാര്യമാണ്.

കേന്ദ്രസര്‍ക്കാരിന്റെ ചുവടുപിടിച്ച് ജനദ്രോഹ നടപടികളുമായാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അഴിമതി സര്‍വതലങ്ങളെയും ബാധിച്ചു. ഇതിനൊപ്പമാണ് പടുകൂറ്റന്‍ തട്ടിപ്പുകളില്‍ ഭരണനേതൃത്വത്തിനുള്ള പങ്ക് മറയില്ലാതെ പുറത്തുവരുന്നത്. ഭരണത്തലവന്‍തന്നെ തട്ടിപ്പുകള്‍ക്കു കുടപിടിക്കുന്നതായി ഹൈക്കോടതിക്കുതന്നെ ബോധ്യപ്പെടുന്നു. മുഖ്യമന്ത്രിക്കെതിരെ തുടരെത്തുടരെ കോടതി പരാമര്‍ശമുണ്ടാകുന്നു. എന്നാല്‍, കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് അദ്ദേഹം. ഈ അവസരത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം തട്ടിപ്പുകളും ജനവിധിയെ സ്വാധീനിക്കും. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായകമായ തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പുവരുത്താന്‍ കയ്യൂര്‍ രക്തസാക്ഷികളുടെ ധീരസ്മരണ കരുത്തുപകരും.

*
പി കരുണാകരന്‍

Thursday, March 28, 2013

കയ്യൂര്‍ രക്തസാക്ഷിത്വത്തിന് എഴുപത് വര്‍ഷം

കയ്യൂരിന്റെ അനശ്വരരക്തസാക്ഷിത്വത്തിന് എഴുപത് വര്‍ഷം. പോരാട്ടവഴിയിലെ ജ്വലിക്കുന്നൊരേടായ കയ്യൂര്‍ ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിലെ അഗ്നിബിന്ദുവായിരുന്നു. കുറ്റാരോപണത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനയിലാണത്രെ ആ നാലു ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. വിചാരണ ചെയ്യുന്ന ജഡ്ജിയുടെ മുന്നില്‍ അവര്‍ ശരിയുടെയും സത്യത്തിന്റെയും കെട്ടുകളഴിച്ച് നിവര്‍ത്തിക്കാട്ടിയെങ്കിലും അതൊന്നുമുള്‍ക്കൊള്ളാതെ വിധിപ്രസ്താവം വന്നു. അഞ്ചുപേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അതിലൊരാള്‍ക്ക് വയസ്സ് കുറവായിരുന്നു. അതുകൊണ്ട് ഒഴിവാക്കപ്പെട്ടു. വേലക്കാര്‍ മരിച്ചുപോകുന്നവരാണ്, എന്നാല്‍ വേല അനശ്വരമാണ് എന്ന് പറഞ്ഞതുപോലെ ജീവന്‍ വെടിഞ്ഞെങ്കിലും ആ നാലുയോദ്ധാക്കള്‍ അമരന്‍മാരാണ്. അവരെക്കുറിച്ച് നിരഞ്ജന ഒരു നോവലും ഒരു ചെറുകഥയുമെഴുതിയിട്ടുണ്ട്.

 ഗര്‍ഭത്തില്‍ കുഞ്ഞിനെ വഹിക്കുന്ന സുന്ദരിയായ മാതാവിനെപോലെ വശ്യത തോന്നിപ്പിക്കുന്നതാണ് തേജസ്വിനി നദിയെന്ന് നിരഞ്ജന എഴുതുന്നു. മലകള്‍ക്കിടയിലൂടെ കാടുകള്‍ പിന്നിട്ട് കണ്ണുപൊത്തിക്കളിച്ചുകൊണ്ട് ഒഴുകിവരുന്ന തേജസ്വിനിക്ക് നവയുവതിയുടെ പ്രസരിപ്പും ചുറുചുറുക്കുമുണ്ട്. തേജസ്വിനിയുടെ തീരത്ത് നെല്‍വയലുകളാണ്. നീണ്ടുപരന്നു കിടക്കുന്ന വയലുകള്‍. പൊന്നുവിളയുന്ന ഭൂമിയെന്നാണ് പറയുക. കയ്യൂരെന്നഗ്രാമത്തിന്റെ ഭാഗമാണാഭൂമി. കണ്ണാടിപോലെ ഒളിമിന്നുന്ന പുഴയ്ക്കരയിലെ ഗ്രാമത്തില്‍ തൊഴിലാളികളും കൃഷിക്കാരും സംഘടിക്കുകയായിരുന്നു. പത്രങ്ങള്‍ വായിച്ചും കാര്യങ്ങള്‍ ചര്‍ച്ചചെയ്തും അവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും ബോധവാന്‍മാരാവുകയായിരുന്നു. സന്ധ്യയ്ക്ക് ചിമ്മിണി വിളക്ക് കൊളുത്തിവെച്ച് അവര്‍ അക്ഷരം പഠിക്കാന്‍ ശ്രമിച്ചു. രാത്രികളില്‍ കുന്നിന്‍ ചരിവിലിരുന്ന് ആശയങ്ങള്‍ തൊട്ടറിഞ്ഞു. കര്‍ഷകസംഘത്തില്‍ ചേര്‍ന്നവരെല്ലാം ഉത്തരവാദിത്വമുള്ള പുരുഷന്‍മാരാവുകയായിരുന്നു. നാടുവാഴിത്തത്തിനും ജന്മിത്തത്തിനുമെതിരെയുള്ള സന്ദേശവുമായി നേതാക്കള്‍ രാത്രികാലങ്ങളില്‍ കയ്യൂരില്‍ സഞ്ചരിച്ചു. നേതാക്കളുടെ വാക്കുകള്‍ ജനതയെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കയും ചെയ്തുകൊണ്ടിരുന്നു. മറുഭാഗത്ത് പോലീസും ഗുണ്ടകളും നാട്ടില്‍ അഴിഞ്ഞാടി. സംഘം പ്രവര്‍ത്തകര്‍വേട്ടയാടപ്പെട്ടു. പോലീസ് ഭീകരതയ്ക്കെതിരെ പൊരുതിയിറങ്ങിയ കയ്യൂരിലെ ജനത പുതിയ ചരിത്രം രചിക്കുകയായിരുന്നു.

മാനവചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് സോവിയറ്റുറഷ്യയിലെ ഒക്ടോബര്‍ വിപ്ലവം വിലയിരുത്തപ്പെടുന്നത്. ലോകത്തെങ്ങുമുള്ള കോളനികളില്‍ ആ വിപ്ലവത്തിന്റെ അലകളിളകി. സ്വാതന്ത്ര്യത്തിനായുള്ള ജനാഭിലാഷം അവിടങ്ങളിലെല്ലാം ത്വരിതപ്പെട്ടു. ഇന്ത്യയിലും റഷ്യന്‍ വിപ്ലവം തിരയടിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ അത് വളരെയധികം സ്വാധീനിച്ചു. ഇതുസംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഇന്ത്യയിലെ ഉല്‍പതിഷ്ണുക്കളെ ആവേശം കൊള്ളിച്ചു. കേരളത്തിലും കമ്യൂണിസ്റ്റ് ദര്‍ശനത്തിന്റെ തിരയിളക്കങ്ങളുണ്ടായി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തി കേരളത്തിലെ പാര്‍ടിപ്രവര്‍ത്തകര്‍ക്കിടയിലും വിതരണം ചെയ്തു. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായി സംഘടിതമായ മുന്നേറ്റം അനിവാര്യമാക്കുന്ന അന്തരീക്ഷം സംജാതമായി. കര്‍ഷകരും തൊഴിലാളികളും സംഘടിച്ചു. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടു. മലബാര്‍ തീവ്രസമരങ്ങളുടെ അരങ്ങായിത്തീര്‍ന്നു. യുദ്ധം, ദാരിദ്ര്യം, പട്ടിണി, രോഗം, ചൂഷണം, അടിമത്തം തുടങ്ങിയവ ഇല്ലാതാക്കാനുള്ള പോരാട്ടം നാടിന്റെ നാനാഭാഗങ്ങളിലും നടന്നു. കൃഷ്ണപിള്ളയെപ്പോലുള്ളവര്‍ ഒളിവിലിരുന്ന് പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബഹുജനപ്രക്ഷോഭങ്ങള്‍ തീവ്രഗതിയിലായി. 1946 സപ്തംബര്‍ 15ന് വടക്കെമലബാറില്‍ പലയിടങ്ങളിലും സംഘര്‍ഷങ്ങളുണ്ടായി. കണ്ണൂര്‍ ജില്ലയിലെ മൊറാഴയില്‍ അതിരൂക്ഷമായ സംഘട്ടനം തന്നെ നടന്നു. ഒരുപോലീസ് സബ് ഇന്‍സ്പെക്ടര്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് കെ പി ആര്‍ ഗോപാലനെ വധശിക്ഷയ്ക്ക് വിധിച്ചു. കര്‍ഷകസംഘവും കമ്യൂണിസ്റ്റ്പാര്‍ടിയും നയിച്ച സാമ്രാജ്യത്വവിരുദ്ധ- ജന്മിത്വവിരുദ്ധ സമരങ്ങള്‍ ഇന്നത്തെ കാസര്‍ഗോഡ്ജില്ലയിലെ കയ്യൂരിനെ വേറിട്ടൊരു പ്രക്ഷോഭത്തിലേക്ക് നയിച്ചു. അങ്ങനെ കയ്യൂരെന്ന കര്‍ഷകഗ്രാമം വിമോചനസമരങ്ങളുടെ ഭൂപടത്തില്‍ ഏറ്റവും ശ്രദ്ധേയമായിത്തീര്‍ന്നു.

1941 മാര്‍ച്ച് 28നാണ് കയ്യൂര്‍ സംഭവം നടന്നത്. അന്ന് കയ്യൂരില്‍ മര്‍ദനത്തിനെതിരെ പ്രതിഷേധജാഥ നടക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് കയ്യൂരില്‍ വന്നിറങ്ങിയ പോലീസ് സംഘം പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. അന്ന് പലര്‍ക്കും സാരമായ അടിയേറ്റു. രണ്ടുപ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയുമുണ്ടായി. ജനങ്ങളെ ഇതെല്ലാം അരിശം കൊള്ളിച്ചിരുന്നു. ചുവന്ന കൊടികളേന്തി മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധ ജാഥ കയ്യൂരിന്റെ ഒരറ്റത്തുനിന്നാരംഭിച്ചു. കാക്കിട്രൗസ്സറും ഷര്‍ട്ടും ധരിച്ച വളണ്ടിയര്‍മാരും ജാഥയിലണിനിരന്നിരുന്നു. ജന്മിത്തം നശിക്കട്ടെ എന്നും സാമ്രാജ്യത്വം നശിക്കട്ടെ എന്നും അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ജാഥയെ ഒറ്റയ്ക്ക് നേരിടാനുള്ള ധിക്കാരമാണ് പോലീസ് കോണ്‍സ്റ്റബിള്‍ പ്രകടിപ്പിച്ചതെന്ന് ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ രേഖപ്പെടുത്തുന്നു. പ്രായമെത്താത്തതിന്റെ പേരില്‍ വധശിക്ഷയില്‍നിന്നും ഒഴിവാക്കപ്പെട്ട വ്യക്തിയാണ് കൃഷ്ണന്‍ നായര്‍. ഇരുനൂറോളം വരുന്ന ജനങ്ങളുടെ വികാരത്തെ ഒറ്റയ്ക്ക് തളര്‍ത്തിക്കളയാമെന്നത് വെറും വ്യാമോഹം മാത്രമായിരുന്നു. പരാജിതനായ അയാള്‍ ചെങ്കൊടി പിടിച്ച് നടക്കാന്‍ നിര്‍ബ്ബന്ധിതനായി. അപമാനിതനായ കോണ്‍സ്റ്റബിളിന്റെ പരാക്രമമാണ് പിന്നീടുണ്ടായതത്രെ. രംഗം സംഘര്‍ഷത്തിലെത്തിയപ്പോള്‍ രക്ഷപ്പെടാനുള്ള വഴിയാണ് അയാള്‍ ചിന്തിച്ചത്. പുഴയിലൂടെ നീന്തിരക്ഷപ്പെടാന്‍ സാധിക്കുമെന്നയാള്‍ കരുതിയിരിക്കണം. പക്ഷേ ആ ശ്രമം പരാജയപ്പെട്ടു. അയാള്‍ക്ക് ജീവാപായം സംഭവിക്കുകയും ചെയ്തു. കോണ്‍സ്റ്റബിളിന്റെ മരണത്തോടെ കയ്യൂര്‍ സമരം വഴിത്തിരിവായി.പോലീസ് സംഘര്‍ഷത്തിന്റെ കൈപ്പിടിയിലായി പിന്നീടാഗ്രാമം. പുരുഷന്‍മാരെല്ലാം ഒളിവില്‍ പോയി. കാടുകളിലും കുന്നിന്‍പുറങ്ങളിലും അവരഭയം തേടി. പോലീസ് നായാട്ട് ഹോസ്ദുര്‍ഗ് ഉപതാലൂക്കിലാകെ വ്യാപിച്ചു. കോണ്‍സ്റ്റബിളിന്റെ മരണത്തെത്തുടര്‍ന്ന് കൊലക്കേസ് റജിസ്റ്റര്‍ചെയ്തു. പ്രതികളെ പടികൂടാനായി പിന്നത്തെ ശ്രമം. കയ്യൂരിന്റെ കുന്നിന്‍പുറങ്ങളിലും കാടുകളിലും ഏറെക്കാലം ഒളിവില്‍ കഴിയുക അസാധ്യമായിരുന്നു. പോലീസിനെ സഹായിക്കാന്‍ ജന്മിമാരുടെ ഗുണ്ടകളും രംഗത്തിറങ്ങി. കര്‍ഷകസംഘത്തിന്റെ പ്രധാനപ്രവര്‍ത്തകരെയെല്ലാം പ്രതികളാക്കി. ക്യൂണിസ്റ്റുപ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ഒരു ശ്രമം എന്ന നിലയിലാണ് സര്‍ക്കാര്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തിയത്. കേസ്സിന്റെ ബലത്തിനായി സാക്ഷികളെയും ഉണ്ടാക്കി. അറുപത്തൊന്നുപേരെ പ്രതികളായി ചേര്‍ത്ത് പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കി. ഒളിവില്‍ കഴിയുകയായിരുന്നു ഇ. കെ നായനാര്‍ മൂന്നാം പ്രതിയായിരുന്നു. ഒന്നാംപ്രതിയാണ് മഠത്തില്‍ അപ്പു. രണ്ടാംപ്രതി വി വി കുഞ്ഞമ്പുവും. നായനാരെ പിടികിട്ടാത്തതുകൊണ്ട് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ജപ്തിചെയ്യാന്‍ മജിസ്ട്രേട്ട് ഉത്തരവ് പുറപ്പെടുവിച്ചു. എന്നിട്ടും പിടികിട്ടിയില്ല. അതുകൊണ്ട് നായനാരെ കേസ്സില്‍ നിന്നൊഴിവാക്കി. അറുപതുപേരാണ് വിചാരണ നേരിട്ടത്. മംഗലാപുരം ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി അഞ്ചുപേരെ വധിശിക്ഷയ്ക്ക് വിധിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒരാളെ ദുര്‍ഗുണപരിഹാര പാഠശാലയിലേക്കയക്കാന്‍ ജഡ്ജി ശുപാര്‍ശചെയ്തു.

1943 മാര്‍ച്ച് 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് നാലുപേരെയും വധശിക്ഷയ്ക്ക് വിധേയരാക്കി. കെ. മാധവന്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നു: ""ലോകതൊഴിലാളിവര്‍ഗത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ അതിദാരുണരംഗം കണ്ണൂര്‍ജയിലില്‍ അരങ്ങേറി. മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പൊടോരകുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നീസഖാക്കളുടെ ഭൗതികമായ ജീവിതം വൈദേശികമേധാവിത്വം നശിപ്പിച്ചു. എങ്കിലും അവര്‍ ഞങ്ങളോടൊപ്പമുണ്ട്. ലോകത്ത് തൊഴിലാളിവര്‍ഗം ഉള്ളിടത്തോളം കാലം ആ സഖാക്കള്‍ക്ക് മരണമില്ല. ഞങ്ങളെല്ലാം മരിച്ചാലും അവര്‍ ജീവിക്കും. അവര്‍ അനശ്വരരാണ്..""

കയ്യൂര്‍ പ്രതികളുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും കൈയ്ക്കൊണ്ടിരുന്നു. മേല്‍കോടതികളില്‍ അപ്പീല്‍ നല്കി. പ്രതികളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകളും കമ്പികളും നിവേദനങ്ങളും പ്രവഹിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിലും പ്രശ്നം അവതരിപ്പിക്കപ്പെട്ടു. പക്ഷേ, ബഹുജനാഭിപ്രായം മാനിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കയ്യൂര്‍ പ്രതികളോട് യാതൊരു ദയയും ഗവര്‍മ്മെണ്ട് കാട്ടിയില്ല. പിസി ജോഷിയും കൃഷ്ണപിള്ളയും സന്ദരയ്യയും വി വി കുഞ്ഞമ്പുവും ജയിലില്‍ ചെന്ന് കയ്യൂര്‍സഖാക്കളെ കണ്ടിരുന്നു. ജോഷിയോട് കയ്യൂര്‍സഖാക്കള്‍ പറഞ്ഞ മറുപടി ചരിത്രത്തിന്റെ തുടിപ്പുകളായി എന്നെന്നും നിലനില്‍ക്കും. കനത്ത ഇരുമ്പുവാതിലിന്നിടയിലൂടെയാണ് നേതാക്കള്‍ കടന്നുചെന്നത്. നേതാക്കളെ കണ്ടതും അവര്‍ മുഷ്ടിചുരുട്ടിലാല്‍സലാം പറഞ്ഞു. നാലുപേരെയും നാലുസെല്ലുകളിലാണ് അടച്ചിട്ടിരുന്നത്. നാടിന്റെ നാനാഭാഗത്തുനിന്നും കയ്യൂര്‍സഖാക്കള്‍ക്കെഴുതിയ അഭിവാദ്യക്കത്തുകള്‍ ജോഷിയുടെ പക്കലുണ്ടായിരുന്നു. അവയിലെ ഉള്ളടക്കം കേട്ട് അവര്‍ മന്ദഹസിച്ചു. കൃഷ്ണപിള്ളയാണ് മൊഴിമാറ്റം നടത്തിയത്. ജോഷിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. പാര്‍ട്ടി മറ്റാരെക്കാളും നിങ്ങള്‍നാലുപേരെയും കുറിച്ച് അഭിമാനിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുയര്‍ത്തിയ കൊടി ഞങ്ങള്‍ ഉയരത്തില്‍ പറപ്പിക്കും. ഡോ. സി. ബാലന്‍ എഡിറ്റുചെയ്ത "വടക്കന്‍ പെരുമ" എന്ന ഗ്രന്ഥത്തില്‍ ജോഷിയുടെ വാക്കുകള്‍ വിവരിക്കുന്നുണ്ട്. അനശ്വരമായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ് നിങ്ങള്‍ മരിക്കുന്നത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ലോകത്തിന്റെ മുഴുവന്‍ മോചനത്തിനും നന്മയ്ക്കും നീതിക്കും വേണ്ടിയാണ് നാം പോരാടുന്നത്. പ്രിയസഖാക്കളേ, നിങ്ങളെ പാര്‍ടിക്ക് നഷ്ടമാവുകയാണ്. പാര്‍ടിയെ ഇന്നു കാണുന്ന രീതിയില്‍ വളര്‍ത്തിയത് നിങ്ങളെപോലുള്ളവരുടെ ആത്മാര്‍പ്പണമാണ്. രാജ്യമെങ്ങുമുള്ള നല്ല മനുഷ്യര്‍ ഇതിലണിചേരുന്നു. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരായ രക്തസാക്ഷികളെ ഊട്ടിവളര്‍ത്തിയ പ്രസ്ഥാനത്തില്‍ അണിചേരാന്‍ ദേശാഭിമാനികളായ യുവാക്കള്‍ കൊതിക്കും. സഖാക്കളേ, നമ്മളൊടുവില്‍ വിജയിക്കുക തന്നെ ചെയ്യും. നമ്മുടെ പ്രസ്ഥാനവും ലക്ഷ്യവും അനശ്വരമാണ്. നിങ്ങളുടെ രക്തസാക്ഷിത്വം പാര്‍ടിയുടെ യശസ്സ് ഉയര്‍ത്തുകയും ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനും ഇതിലേറെ ഉദാത്തമായ അന്ത്യം വന്നു ചേരാനില്ല. നിങ്ങളെ കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. നിങ്ങള്‍ സ്നേഹിച്ച പാര്‍ടിയുടെ അഭിവാദ്യങ്ങള്‍ ഞാനറിയിക്കുന്നു.""

വടക്കെമലബാറിലെ തേജസ്വിനിക്കരയിലെ കയ്യൂരെന്നഗ്രാമം. കമ്യൂണിസ്റ്റ്- കര്‍ഷകപ്രസ്ഥാനത്തിന്റെ ചെമ്പതാക വാനത്തും ജനഹൃദയങ്ങളിലും ഉയരെ പാറിച്ചുക്കൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ നാലുകര്‍ഷകര്‍ മരണപ്പെട്ടാലും പുറത്തുള്ള പരശ്ശതം ജനതയെ തൂക്കിലേറ്റാനാവില്ല എന്നാണ് അവര്‍ പറഞ്ഞത്. പാര്‍ടിയുടെ വളര്‍ച്ച കണ്ടുകൊണ്ട് മരിക്കാനുള്ള ഭാഗ്യമുണ്ടായതില്‍ അവര്‍ നാലുപേരും ചരിതാര്‍ത്ഥരായിരുന്നു. ഇനിയും ജന്മമുണ്ടായാല്‍ പാര്‍ടിക്കുവേണ്ടി ജീവന്‍ ത്യജിക്കാനാവസരം ലഭിക്കണേ എന്നാണവരാഗ്രഹിച്ചത്. ഇരുമ്പുകവാടങ്ങള്‍ക്കിടയിലൂടെ പി സി ജോഷി അവരുടെ കൈകള്‍ സ്പര്‍ശിച്ചു.. ജയിലഴികള്‍ക്കപ്പുറത്ത് പൂവുകള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ആ പൂവുകള്‍ നശിച്ചുപോവും. പക്ഷേ സഖാക്കളേ, നിങ്ങള്‍ അനശ്വരമായ മാനവികതയുടെ പൂവുകളാണ്. ഒരിക്കലും നശിക്കാതെ സുഗന്ധം പരത്തിക്കൊണ്ടിരിക്കും.

കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകളില്‍ ജൂലിയസ് ഫ്യൂച്ചിക്ക് ഓര്‍മ്മിക്കുന്നു..."" ഈ ചരിത്ര കാലഘട്ടത്തില്‍ ജീവിക്കുന്നവരോട് എനിക്കൊന്ന് പറയാനുണ്ട്. ഈ സമരത്തില്‍ പങ്കെടുത്തവരെ ഒരിക്കലും മറക്കാതിരിക്കുക. നല്ലതിനെയും ചീത്തയെയും ഓര്‍ത്തിരിക്കുക. നിങ്ങള്‍ക്കുവേണ്ടിയും തങ്ങള്‍ക്കുവേണ്ടിയും മരിച്ചവരെപ്പറ്റി കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കുക. വര്‍ത്തമാനകാലം അചിരേണ ഭൂതകാലമായി മാറും. ചരിത്രം സൃഷ്ടിച്ച, പേരറിയപ്പെടാത്ത വീരനായകന്‍മാരെക്കൊണ്ട് നിറഞ്ഞ മഹനീയ കാലഘട്ടമായി ഇതറിയപ്പെടും. അവര്‍ക്ക് പേരുകളും മുഖങ്ങളും ആഗ്രഹങ്ങളുമുണ്ടായിരുന്നു. നിങ്ങളവരെ അറിഞ്ഞിരുന്നാല്‍ പോര. നിങ്ങളുടെ കുടുംബാംഗങ്ങളായിരുന്നാലെന്നതുപോലെ, അഥവാ നിങ്ങള്‍തന്നെ ആയിരുന്നാലെന്നതുപോലെ അത്ര അടുപ്പം അവരോട് തോന്നണമെന്നാണ് ഞാനാഗ്രഹിക്കുന്നത്.?

കല്‍തുറുങ്കുകള്‍ക്കുള്ളില്‍, മരവിച്ച
ഭിത്തികള്‍ക്കപ്പുറമുള്ള സഖാക്കളേ
ഞങ്ങളൊന്നിച്ചാ,ണൊപ്പമാണിപ്പൊഴീ-
മുന്നണികളില്‍ നിങ്ങളില്ലെങ്കിലും....

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍ ചിന്ത 22 മാര്‍ച്ച് 2013

Friday, January 27, 2012

ഒരിക്കലും നശിക്കാത്ത മനുഷ്യരാശിയുടെ പൂക്കള്‍

സാധാരണ ജനതയുടെ ജീവിതത്തിനുമേല്‍ ജന്മിനാടുവാഴിത്തം നടത്തിയ തേര്‍വാഴ്ചകള്‍ നിശബ്ദം സഹിച്ചുവന്ന ഒരു ജനത എങ്ങനെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഇതിഹാസം രചിച്ചു എന്നത് വടക്കെ മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ ചോരയും കണ്ണീരും കൊണ്ടെഴുതിയ ഒരു കാലഘട്ടത്തിന്റെ കൂടി ചരിത്രമാണ് കയ്യൂരിന്റേത്. നീതിയും നിയമവും ജന്മിപ്രമാണിമാര്‍ നടപ്പിലാക്കിയിരുന്ന അക്കാലത്ത് അവര്‍പോലും ആദരിച്ച ഏമാന്‍ചിഹ്നമായ ഒരു പൊലീസുകാരന്റെ പരാക്രമങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ അതിലേറെ അഭിമാനത്തോടെ നേരിടാന്‍ കയ്യൂര്‍ ജനതയ്ക്ക് കഴിഞ്ഞുവെന്നതാണ് ചരിത്രസാക്ഷ്യം. കയ്യൂര്‍ സമരത്തിന് പശ്ചാത്തലമൊരുക്കിയ ചരിത്രസംഭവങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനദ്രോഹിയായ സുബ്രായന്‍ എന്ന പൊലീസുകാരന്‍ മരിക്കാനിടയായത് ഒരു യാദൃച്ഛിക സംഭവം മാത്രമായിരുന്നു. കയ്യൂര്‍ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ മംഗലാപുരം സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിപ്രഖ്യാപനത്തില്‍പോലും വരികള്‍ക്കിടയില്‍ അവരറിയാതെ കയ്യൂരിന്റെ ജനതയുടെ വികാരം തീക്ഷ്ണതയോടെ വെളിപ്പെട്ടുവരുന്നു.

യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളിലും മുഴുകിയിട്ടുള്ള കിസാന്‍ സംഘടനകളുടെ സംഘങ്ങള്‍ കാസര്‍കോട് താലൂക്കിലെ കയ്യൂരും കിണാവൂരും നീലേശ്വരത്തും(പാലായി) ക്ലായിക്കോട്ടും(മുഴക്കോത്തും) മറ്റു സ്ഥലങ്ങളിലും ഒത്തുചേര്‍ന്നിരുന്നു. -അവയ്‌ക്കോരോന്നിനും ഖാദിയൂണിഫോം അണിഞ്ഞതും ലാത്തിവഹിക്കുന്നതുമായ വളണ്ടിയര്‍മാരുണ്ട്. കര്‍ഷകപതാകയുമായി കയ്യൂരിലെ ഈ സഖാക്കളും അംഗങ്ങളും ജാഥയായി മാര്‍ച്ചുചെയ്യുകയും വിവിധ സ്ഥലങ്ങളില്‍ പൊതുയോഗം നടത്തുകയും പതിവാണ്.

ഗവണ്‍മെന്റിന്റെ യുദ്ധകാലത്തെ ഭീകരഭരണത്തിനെതിരെ 1941 മാര്‍ച്ച് 12ന് കയ്യൂരില്‍ ജാഥ നടന്നു. റവന്യു ഇന്‍സ്‌പെകടര്‍ ഇതുകണ്ടു. അയാള്‍ നല്‍കിയ റിപ്പോര്‍ട്ടിനെതുടര്‍ന്നു ഡിഫന്‍സ് ഓഫ് ഇന്ത്യ നിയമപ്രകാരം നേതാക്കള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. വി ടി കുഞ്ഞമ്പു, കെ പി വെള്ളുങ്ങ, ടി വി കുഞ്ഞിരാമന്‍, ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍, കോയിതാറ്റില്‍ ചിരുകണ്ഠന്‍, ടി അമ്പാടികുഞ്ഞി, കോയിതാറ്റില്‍ വളപ്പില്‍ രാമന്‍ എന്നിവര്‍ക്കെതിരെയായിരുന്നു വാറണ്ട്. വാറണ്ടിനെക്കുറിച്ച് പട്ടേലറെ അറിയിക്കാന്‍ വന്ന പൊലീസുകാരന്‍ അക്രമിക്കപ്പെട്ടു. നേതാക്കളെ അറസ്റ്റുചെയ്യാനെത്തിയ പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും മഠത്തില്‍ അപ്പുവിന്റെ കടയില്‍ കിടന്നുറങ്ങുകയായിരുന്ന സംഘം പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആരെയും അറസ്റ്റുചെയാന്‍ കഴിഞ്ഞില്ല. പിന്നീട് ടി വി കുഞ്ഞമ്പുവും ടി വി കുഞ്ഞിരാമനും അറസ്റ്റുചെയ്യപ്പെട്ടു. പൊലീസ് മര്‍ദ്ദനങ്ങള്‍ക്കും അറസ്റ്റിനുമെതിരെ പ്രതിഷേധവുമായി നടത്തിയ പ്രകടനം മാര്‍ച്ച് 28ന് രക്തപതാകയുമേന്തി പൂക്കണ്ടത്തെത്തി. തുടര്‍ന്ന് പൊതുയോഗം നടത്തി. അവിടെനിന്നും ഇരുന്നൂറോളംപേര്‍ ചെറിയാക്കരയിലേക്ക് ജാഥയായി നീങ്ങി. ഇതില്‍ ഒട്ടേറെ വളണ്ടിയര്‍മാരുണ്ടായിരുന്നു. നേരത്തെസഖാക്കളെ മര്‍ദ്ദിച്ച സുബ്രായനെന്ന പൊലീസ് കോണ്‍സ്റ്റബിള്‍ എതിരെ വരികയായിരുന്നു. ജാഥാംഗങ്ങളില്‍ ചിലര്‍ ചേര്‍ന്ന് ജാഥയില്‍ചേരാനും കൊടിപിടിക്കാനും ഇയാളെ നിര്‍ബന്ധിപ്പിച്ചു. ആദ്യം വഴങ്ങിയ അയാള്‍ പിന്നീട് ഓടി രക്ഷപ്പെടാന്‍ നോക്കി. വടികൊണ്ട് ജാഥാംഗങ്ങളെ അടിച്ചു. ഓടുന്നതിനിടയില്‍ എതിര്‍ഭാഗത്തുനിന്നും വരുന്നതു കണ്ട പൊലീസുകാരന്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുഴയില്‍ ചാടി. കനത്ത കാക്കി വസ്ത്രങ്ങളും ബൂട്‌സും മറ്റും ധരിച്ച അയാള്‍ ഉടന്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു കയ്യൂരിലും പരിസരങ്ങളിലും പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കും ഭീകരതയ്ക്കും കണക്കില്ലായിരുന്നു. അതിലൊന്നാണ് 1943 മാര്‍ച്ച് 29ന് നടന്ന ആ സംഭവം.

നാലുചെറുപ്പക്കാരെ നിഷ്‌ക്കരുണം തൂക്കിക്കൊന്ന ആ സംഭവവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കോളനിവാഴ്ചയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ ലോകചരിത്രത്തിലെ അനശ്വരമായ അധ്യായമാക്കാന്‍ ഉതകുന്നതായി. അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബക്കറും. അവര്‍ നാലുപേരും ഇന്‍ക്വിലാബ് വിളിച്ച് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെയുള്ള സമരത്തില്‍ അണിചേര്‍ന്ന് രക്തസാക്ഷികളായി. ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ പ്രായമാകാത്തതിന്റെ പേരില്‍ തുക്കൂമരത്തില്‍നിന്നും മോചിതനായി. ചൂരിക്കാടന്‍ രണ്ടു വര്‍ഷംമുമ്പാണ് നമ്മെ വിട്ടുപിരിഞ്ഞത്.

കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നതുകൊണ്ടുമാത്രം അവരുടെ ജീവത്യാഗത്തെ, എല്ലാ ദുഷ്‌ചെയ്തികള്‍ക്കിടയിലും സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൈതൃകകുത്തക അവകാശപ്പെടുന്ന കോണ്‍ഗ്രസ് നാളിതുവരെ അവഗണിച്ചു. എന്നാല്‍ ഒരു നിയോഗംപോലെ അതിനു കാര്‍മികത്വം വഹിച്ചത് സഖാവ് ഇന്ദ്രജിത് ഗുപ്ത ആഭ്യന്തരമന്ത്രിയായിരിക്കെയാണ്. കയ്യൂര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന പ്രഖ്യാപനത്തില്‍ ഒപ്പുചാര്‍ത്തി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം നാലു ചെറുപ്പക്കാരെ കഴുമരമേറ്റി വധിച്ച കയ്യൂര്‍ സമരത്തെ ഔദ്യോഗികമായി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ സ്വതന്ത്ര ഇന്ത്യയില്‍ അരനൂറ്റാണ്ട് വേണ്ടിവന്നു.

1996 നവംബര്‍ 8-10 തീയതി കേരള മുഖ്യമന്ത്രി ഇ കെ നായനാര്‍ കേന്ദ്രആഭ്യന്തരമന്ത്രി ഇന്ദ്രജിത് ഗുപ്തയ്ക്കു നല്‍കിയ നിവേദനം പരിഗണിച്ച മന്ത്രിസഭായോഗമാണ് കയ്യൂര്‍, പുന്നപ്രവയലാര്‍, കരിവെള്ളൂര്‍, മൊറാഴ, കാവുമ്പായി മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് കലാപം എന്നീ പ്രക്ഷോഭങ്ങളെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ചത്.
ഇന്ത്യന്‍ കര്‍ഷകരുടെ നാല് ഉത്തമപുത്രന്മാര്‍ കഥാവശേഷരായി. കയ്യൂര്‍ സഖാക്കളുടെ രക്ഷയ്ക്കുവേണ്ടി ഓരോ ഭാരതീയനും ദേശാഭിമാനിയും കഴിവതു പരിശ്രമിച്ചു. ഏഴുകടലുകള്‍ അപ്പുറത്ത് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളിവര്‍ഗവും നമ്മുടെ സഖാക്കളുടെ മോചനത്തിനുവേണ്ടി പൊരുതി, പക്ഷെ ഫലമുണ്ടായില്ല. മണ്ണിന്റെ മക്കളായ അവര്‍ മനുഷ്യരാശിക്കുവേണ്ടി കഴുമരത്തെ വരിച്ചു. പി സി ജോഷിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജയിലിനുള്ളില്‍ ചെന്നു അവരെ കണ്ട് ദീര്‍ഘമായി സംസാരിച്ചതിനുശേഷം ജനറല്‍സെക്രട്ടറി ജോഷി ഇങ്ങനെ പറഞ്ഞു. ''പാര്‍ട്ടി അതിന്റെ അംഗങ്ങളില്‍ ആരെയുംകാള്‍ നിങ്ങള്‍ നാലുപേരിലാണ് അഭിമാനം കൊള്ളുന്നത്. ഞങ്ങള്‍ വെറും നൂറുകള്‍ ആയിരുന്നപ്പോഴാണ് നിങ്ങള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നത്. ഇന്ന് നമ്മള്‍ ഒന്‍പതിനായിരം പാര്‍ട്ടി അംഗങ്ങളും എണ്ണായിരം സ്ഥാനാര്‍ഥി അംഗങ്ങളുമാണ്. നിങ്ങള്‍ അമൂല്യമായി മുറുകെ പിടിച്ച പതാക ഞങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്നും പോരാട്ടം തുടരുമെന്നും'' പ്രതിജ്ഞയെടുത്തായിരുന്നു മടങ്ങിയത്. മറുപടിയെന്നോണം, ഇനിയും ജന്മമുണ്ടെങ്കില്‍ നമ്മുടെ ലക്ഷ്യത്തിനുവേണ്ടി വീണ്ടുംവീണ്ടും മരിക്കുവാന്‍ തയ്യാറാണെന്നായിരുന്നു സഖാക്കളുടെ അവസാനവാക്ക്.

നിരഞ്ജനയുടെ ചിരസ്മരണയില്‍ ഒരിടത്ത് ഇങ്ങനെ വിവരിക്കുന്നു.

'....മഴയെ പ്രതീക്ഷിച്ച് ഉണങ്ങിത്തപിച്ചിരുന്ന നിലം തണുത്തുമരവിച്ചു. കാറ്റ് ചലിക്കാന്‍ വിസമ്മതിച്ചതിനാല്‍ മരങ്ങളും ചെടികളും നിശ്ചലമായി. പ്രകൃതി മൂകമായി. കുടിലുകളില്‍ ദീപമെരിഞ്ഞില്ല. പിരിഞ്ഞുപോയ നാലുപേരെ ചൊല്ലി കുടിലുകള്‍ ഇടനെഞ്ഞു പൊട്ടിക്കരഞ്ഞു. ...അപ്പുക്കുട്ടിയെ എടുത്ത് ജാനകി മുറ്റത്തിരിക്കയാണ്. കുട്ടി നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. അവനെ സമാധാനിപ്പിക്കാനാവാതെ തോറ്റ ജാനകി ആകാശത്തിലേക്കു നോക്കി. അവിടെ കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നു. പടിഞ്ഞാറ് ഭാഗത്ത് ഒരിടത്ത് അനുസ്യൂതം പ്രഭാപൂരംചൊരിഞ്ഞുനിന്ന നാലുനക്ഷത്രം അവളുടെ ദൃഷ്ടിയില്‍പ്പെട്ടു. ജാനകി അതില്‍ ആദ്യത്തെ നക്ഷത്രത്തിനുനേരെ ചൂണ്ടി കുഞ്ഞിനോടു പറഞ്ഞു. അപ്പുക്കുട്ടി, നീ അങ്ങ് നോക്ക്യേ? ദാ അച്ഛന്‍ അവിടെയുണ്ട്. നീ കരഞ്ഞുകൂട. കരഞ്ഞാല്‍ അച്ഛന് സങ്കടാകും. അങ്ങനെ കയ്യൂരിന് ഓരോ രാത്രികളും വളരെ ദീര്‍ഘിച്ചതായിരുന്നു'.

’അതാകേള്‍പ്പൂ ദൂരദൂരമുയര്‍ന്നുയര്‍ന്നലച്ചെത്തും
നിതാന്തഗംഭീരം തൂക്കുമരത്തിന്‍വിളി;
ചെവിക്കൊള്‍വിന്‍ നാട്ടുകാരെ വീവിക്തതയിലും ത്യാഗ-
പവിത്രപുളകം ചേര്‍ക്കും സുധീരനാദം;
ഉണക്കുപുല്ലിനുമുയിര്‍കൊടുക്കുമവര്‍ണനീയ-
ഗുണം വെറും സ്വാതന്ത്ര്യദാഹത്തിനാഹ്വാനം;
കണ്ണൂര്‍ സെന്‍ട്രല്‍ജയില്‍ ഭീമപ്രാകാരങ്ങള്‍ ഭേദിച്ചെത്തു
മുന്നതദ്ദേശപ്രേമത്തിന്‍ വിജയഘോഷം
വീരോത്തംസങ്ങളാം നാലു കയ്യൂര്‍ സഖാക്കളേറിയ
മരണവേദിതന്‍ പുണ്യസന്ദേശം കേള്‍പ്പൂ.....

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള പോരാട്ടങ്ങളില്‍ തൂലിക പടവാളാക്കിയ അനശ്വര കവി ടി എസ് തിരുമുമ്പിന്റെ ഈ വരികള്‍ മര്‍ദ്ദനങ്ങള്‍ക്കും ഭീഷണികള്‍ക്കും കൊലമരത്തിനുപോലും കീഴ്‌പ്പെടുത്താനാകാത്ത കയ്യൂരിന്റെ ഇഛാശക്തിയെ, സംഘബോധത്തെ മാന്ത്രിക ശക്തിയോടെ വരച്ചുകാട്ടുന്നു.

കയ്യൂര്‍ സഖാക്കളെ കാണാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ സി പി ഐ ജനറല്‍ സെക്രട്ടറി പി സി ജോഷിയും സുന്ദരയ്യ, കൃഷ്ണപ്പിള്ള, കേരളീയന്‍ തുടങ്ങിയ സഖാക്കളും കയ്യൂര്‍ സഖാക്കളെ കണ്ട് സമയമായപ്പോള്‍ സെല്ലില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങി. അപ്പു ജോഷിയുടെ കയ്യില്‍ പിടിച്ച് പതുക്കെ മന്ത്രിച്ചു. സഖാവേ....മറ്റുവാക്കൊന്നും പുറത്തു വന്നില്ല. ജോഷി വരാന്തക്ക് പുറത്തേക്ക് നോക്കി. അവിടെ ഒരു പൂച്ചെടിത്തടമുണ്ടായിരുന്നു. അറിയാതെ ജോഷി പറഞ്ഞുപോയി. ഈ പൂക്കള്‍ നശ്വരങ്ങളാണ്. എന്നാല്‍ ഒരിക്കലും നശിക്കാത്ത മനുഷ്യരാശിയുടെ പൂക്കളാണ് നിങ്ങള്‍.

കൊല്ലങ്ങള്‍ ഏഴുപതിറ്റാണ്ടോളമായെങ്കിലും എല്ലാവരുടേയും മനസ്സില്‍ കയ്യൂര്‍ ചിരസ്മരണയായി നിറഞ്ഞുനില്‍ക്കുന്നു. നോവലുകളും കഥകളും കവിതകളുമായി. കയ്യൂരിനെക്കുറിച്ച് പറയാന്‍ സാംസ്‌കാരിക കേരളത്തിന് ഇനിമേറെയുണ്ട്. കാരണം അവയിപ്പോഴും വാടാതെ സൗരഭ്യം പരത്തുന്ന പൂക്കളായി നമുക്കിടയില്‍ത്തന്നെയുണ്ടല്ലോ.

*
എന്‍ കെ ജനയുഗം

Friday, January 7, 2011

കയ്യൂരിലേക്ക് ഒരു യാത്ര

ജന്മിത്വത്തിനെതിരായ സമരമുഖത്തെ സമുജ്വല ഭൂപരിസരമാണ് കയ്യൂരിന്റേത്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സ്വകാര്യബസ്സില്‍ നഗര പരിവേഷമില്ലാത്ത കയ്യൂരിന്റെ പോര്‍വീര്യമാര്‍ന്ന മാറിലൂടെ യാത്ര. ചാറ്റല്‍മഴ അന്തരീക്ഷത്തെ ഇടയ്ക്കിടെ തണുപ്പിക്കുന്നുണ്ട്. സമരപഥങ്ങളുടെ നാള്‍വഴികള്‍ അയവിറക്കിയുള്ള യാത്രയായതിനാല്‍ നേരിയ തണുപ്പുപോലും മാറിനിന്നു. അവസാന സ്റ്റോപ്പിലെത്തിയ ബസ് കിതപ്പോടെ നിന്നു. അതിനടുത്താണ് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി കയ്യൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്. എണ്‍പതുകളിലെ ദേശാഭിമാനി ബാലസംഘത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന എം രാജഗോപാലന്‍ (സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റംഗം) ഏല്‍പ്പിച്ചതനുസരിച്ച് ഡിവൈഎഫ്ഐ കയ്യൂര്‍ വില്ലേജ് പ്രസിഡന്റ് പ്രമോദ് തന്റെ മോട്ടോര്‍ സൈക്കിളുമായി പാര്‍ടി ഓഫീസില്‍ കാത്തിരിക്കുന്നുണ്ട്. മുന്‍പരിചയം ഇല്ലെങ്കിലും വേഗം തിരിച്ചറിഞ്ഞ പ്രമോദ് കാര്യങ്ങളിലേക്ക് കടന്നു.

സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോടനുബന്ധിച്ചുള്ള എ കെ ജി ഹാളിന്റെ നവീകരണത്തിന്റെ ഭാഗമായി, 1940 മുതല്‍ ജില്ലയില്‍ പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പോര്‍ട്രെയിറ്റ് വരക്കാനുള്ള ചുമതല എന്നെ ഏല്‍പ്പിച്ചിരുന്നു. അവിഭക്ത ജില്ലയിലെ കയ്യൂരിലേതുള്‍പ്പെടെ ഒട്ടേറെ പേരുടെ ഫോട്ടോ തീരെ ലഭ്യമായിരുന്നില്ല. എന്നാല്‍ പരിചിതരില്‍നിന്ന് ഓര്‍മയും, ബന്ധുക്കളില്‍നിന്ന് രൂപഭാവങ്ങളും ശേഖരിച്ചെങ്കിലും മുഴുവന്‍ പേരുടെയും ഫോട്ടോകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രസ്മൃതിയിലെ അമൂല്യ സമ്പത്താക്കണമെന്ന സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍, അനാരോഗ്യത്തിന്റെയും ചികിത്സയുടെയും പ്രശ്നങ്ങള്‍ പരാമര്‍ശിക്കാന്‍പോലും തോന്നാതെ ഉരുകിത്തീരുകയായിരുന്നു.

കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റിയത് 1943ല്‍.

കയ്യൂര്‍ പാര്‍ടി ഓഫീസിനു മുന്നില്‍ യാത്രക്കായി കാത്തിരിക്കുന്ന മോട്ടോര്‍ സൈക്കിളിന്റെ ഹെഡ്ലൈറ്റിന്റെ മുകളിലായുള്ള കറുത്ത കവറിനുപുറത്ത് സാമാന്യം വലുപ്പത്തില്‍ ചുവന്ന അക്ഷരത്തില്‍ മൂര്‍ത്തമായി തെളിഞ്ഞുനില്‍ക്കുന്നുണ്ട്.

'1943' എന്നുതന്നെ.

പത്തിരുപത് പേരുമായി പ്രമോദ് മിനുട്ടുകള്‍ക്കകം ബന്ധപ്പെട്ടു. യാത്ര തുടങ്ങാനുള്ള ചാര്‍ട്ട് തയ്യാറായി.

ഇതിഹാസ സമാനമായ സമുജ്വല സമരങ്ങളുടെ ആരവങ്ങള്‍ അനുഭവിച്ച ഭൂപ്രദേശത്തെ ലക്ഷ്യമാക്കിയാണ് മോട്ടോര്‍ സൈക്കിള്‍ കുന്നിറങ്ങിച്ചെല്ലുന്നത്. ധീരസ്മരണകളോര്‍ത്ത് ഒഴുക്ക് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന തേജസ്വിനിയ്ക്കരികില്‍ കയ്യൂര്‍ രക്തസാക്ഷി സ്തൂപത്തിനരികില്‍ '1943' ഓഫാക്കി.

പ്രമോദും ഞാനും ഇറങ്ങി.

സ്തൂപത്തിനരികെ പണിത സിപിഐ എം ബ്രാഞ്ച് ഓഫീസില്‍ സെക്രട്ടറി കെ പി കൃഷ്ണന്‍ കാത്തിരിക്കുന്നുണ്ട്. ഓഫീസിന്റെ ചുവരില്‍ അന്‍പതുകളിലെ നിറംമങ്ങാത്ത സ്മരണകളുടെ സാക്ഷ്യംപോലെ കുറെ ഫോട്ടോകള്‍ തൂക്കിയിരിക്കുന്നു. മഠത്തില്‍ അപ്പു, കുഞ്ഞമ്പുനായര്‍, അബൂബക്കര്‍, ചിരുകണ്ടന്‍ എന്നിവരുടെ ബന്ധുക്കളുടെ ഫോട്ടോകള്‍ രക്തസാക്ഷികളുടെ കുടുംബസാക്ഷ്യമായി ഓര്‍മപ്പെടുത്തുന്നു.

കയ്യൂര്‍ സഖാക്കളുടെ ബന്ധുക്കളുടെ രേഖാചിത്രങ്ങള്‍ കുറെയെണ്ണം രേഖപ്പെടുത്തിയതോടെ സ്റ്റാര്‍ട്ടാക്കിയ '1943' ല്‍ കേറി ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ ടി കുഞ്ഞിരാമന്റെ വീട്ടിലേക്ക്. അറിയാവുന്നിടത്തോളം വിവരങ്ങള്‍ പറഞ്ഞുതന്നു. കയ്യൂര്‍ സ്മരണികയുടെ ഒരു കോപ്പിയും തന്ന്, കയ്യൂര്‍ സഖാക്കളുടെ ഫോട്ടോകളുടെ പ്രത്യേകതകള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.

കിട്ടിയേടത്തോളം വിഭവങ്ങളുമായി കയ്യൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക്. ഓഫീസിനുമുന്നില്‍ തികഞ്ഞ പാര്‍ടി അച്ചടക്കത്തോടെ '1943' നിന്നു. ഓഫീസിനകത്ത് ലോക്കല്‍ സെക്രട്ടറി എം ബാലകൃഷ്ണന്‍, ഏരിയാ കമ്മിറ്റിയംഗം കയനി കുഞ്ഞിക്കണ്ണന്‍, ലോക്കല്‍ കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍, പാര്‍ടി അംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമായ പവിത്രന്‍ എന്നിവര്‍ കാത്തിരിക്കുന്നുണ്ട്. കൂടുതല്‍ വിഭവം ശേഖരിക്കാനുള്ള അന്വേഷണ ത്വരയോടെയുള്ള കാത്തിരിപ്പ്.

ഒന്നുരണ്ടു സര്‍ക്കാര്‍ ഓഫീസുകളുടെയും സഹകരണ സ്ഥാപനത്തിന്റെയും പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍നിന്നും തിടുക്കത്തില്‍ എത്തിച്ചുതന്ന ചായയും അകത്താക്കി പിന്നെയും ഇറങ്ങി.

പൊടോര കുഞ്ഞമ്പുനായരുടെ വീട്ടിലേക്ക്. ബന്ധുക്കളുടെ പഴയ ഫോട്ടോകള്‍ കാണുമെന്ന പ്രതീക്ഷയോടെ യാത്ര. സഹോദരന്റെ മകന്‍ രവീന്ദ്രന്‍ കൃഷിപ്പണിയുടെ ജൈവോര്‍ജത്തില്‍നിന്നും കരകയറി വന്നു. ഉശിരാര്‍ന്ന തടി. ചുവരില്‍ തൂങ്ങുന്ന അച്ഛന്റെ ഫോട്ടോ അവര്‍ കാണിച്ചുതന്നു.

"ഇതുപോലെ തന്ന്യാന്നാ എല്ലാരും പറേന്നത്.''

രവീന്ദ്രന്‍ വളച്ചുകെട്ടില്ലാതെ പറഞ്ഞുതന്നു.

ഇരുഭാഗങ്ങളിലേക്കായി പൂമുഖമുള്ള നാല്‍പതുകളിലെ പുര ഏതര്‍ഥത്തിലും മാറ്റമില്ലാതെ നില്‍ക്കുന്നു. പൊടോര കുഞ്ഞമ്പുനായര്‍ കളിച്ചുവളര്‍ന്ന പുര.

നാല്‍പ്പതുകളുടെ പഴക്കം പുരയുടെ എല്ലാ ഭാഗങ്ങളിലും നിറയുമ്പോള്‍ ഓര്‍മയില്‍ തികട്ടിവരുന്നത് കര്‍ഷക കലാപത്തിന്റെ പോര്‍വീര്യംതന്നെ. തൊട്ടുപിറകെ പുതിയൊരു പുരയില്‍ കുഞ്ഞമ്പുനായരുടെ സഹോദരി പാര്‍ക്കുന്നുണ്ട്. പറയുന്നതിനൊന്നും യാതൊരു കൃത്യതയും ഇല്ല. മകന്‍ ടി എ നായര്‍ അറിയപ്പെടുന്ന സിപിഐ നേതാവ്. ഒരാള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍.

കയ്യൂര്‍ സമരസേനാനിയായിരുന്ന കുറുവാന്‍ നാരായണന്‍നായരുടെ വീട്ടിലേക്കായിരുന്നു പിന്നെ പോയത്. കേള്‍വിയുടെയും കാഴ്ചയുടെയും പ്രശ്നങ്ങളോടെ തൊണ്ണൂറിലെത്തിനില്‍ക്കുന്ന ആരോഗ്യം. ഉറക്കെ ചോദിക്കുമ്പോള്‍ മാത്രം പോര്‍വീര്യത്തോടെ അയവിറക്കുന്ന പഴയ ഓര്‍മകള്‍.

അവശതകള്‍ക്കിടയിലും പങ്കുവച്ച വിവരങ്ങള്‍ വിലപ്പെട്ട കനിപോലെ മുറുകെപിടിച്ച് വീണ്ടും ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക്.

ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും വിവരങ്ങള്‍ ലഭിക്കാനുള്ള ആലോചനകള്‍.

കര്‍മനിരതരായ സഖാക്കള്‍.

പാര്‍ടി സഖാക്കളുടെ നാവിന്‍തുമ്പിലൂടെ പല പേരുകളും കടന്നുപോവുമ്പോഴേക്കും പ്രമോദ് വിവരം ശേഖരിക്കാനുള്ള സാധ്യത ആരാഞ്ഞുകൊണ്ട് ഫോണ്‍ ചെയ്തിരിക്കും.

പ്രമോദ് പ്രത്യാശയുടെ കണ്‍തിളക്കത്തോടെ അറിയിച്ചു.

"പി ടി കുഞ്ഞമ്പുവേട്ടന്‍ അവിടെയുണ്ട്. ഒരുപാട് പറഞ്ഞുതരാന്‍ പറ്റും.''

വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍തന്നെ അടുത്ത വായനശാലയില്‍ വന്നുനില്‍ക്കാന്‍ വിവരവും നല്‍കിക്കഴിഞ്ഞു.

മാര്‍ഗമധ്യേ വലതുഭാഗത്ത് കൂറ്റന്‍കെട്ടിടം തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

പ്രമോദ് ഓര്‍മിപ്പിച്ചു.

"ഇതാണ് കയ്യൂര്‍ സ്മാരക മന്ദിരം... ചരിത്രമ്യൂസിയം ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിക്കണമെന്നാണ് പാര്‍ടി ആഗ്രഹിക്കുന്നത്.''

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശിലാസ്ഥാപനം നിര്‍വഹിച്ച സ്ഥാപനം ഉദ്ഘാടനത്തിന്റെ വക്കിലെത്തിനില്‍ക്കുന്നു. ആകര്‍ഷകമായ മറ്റൊരു ലൈബ്രറിസമുച്ചയവും അടുത്തുതന്നെ തലയുയര്‍ത്തിയിട്ടുണ്ട്. കയ്യൂര്‍ മന്ദിരത്തിനനുബന്ധമായി ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ലൈബ്രറി. മന്ദിരത്തിന്റെ അകക്കാഴ്ചകള്‍ കണ്ടശേഷം കുഞ്ഞമ്പുവേട്ടന്റെ അടുത്തേക്ക്.

കുഞ്ഞമ്പുവേട്ടന്‍ കാത്തിരിക്കുന്നുണ്ട്.

എണ്‍പത്തി ആറ് പിന്നിട്ട കുഞ്ഞമ്പുവേട്ടന്‍ നാല്‍പതിന്റെ ചുറുചുറുക്കോടെ കാര്യങ്ങള്‍ വിശദമാക്കി.

ഓരോ സഖാക്കളുടെയും രൂപം ഇന്നലെ കണ്ടതുപോലെ മുന്നില്‍ വരച്ചിട്ടു. സ്മരണികയിലെ രക്തസാക്ഷികളുടെ ബന്ധുക്കളുടെ ഫോട്ടോകള്‍കൂടി കാണിച്ചുകൊടുത്തു. എവിടെയൊക്കെ സാമ്യതയുടെ സൂചകങ്ങള്‍ എന്ന് ഓര്‍മിപ്പിച്ചു. കയ്യൂര്‍ സഖാക്കളെ പൊലീസ് പിടിക്കുംമുമ്പേ ജാഥ പുറപ്പെട്ടതും ഏതു വഴിയിലൂടെയെല്ലാം കടന്നുപോയെന്നും മങ്ങലേല്‍ക്കാത്ത ഓര്‍മയോടെ പങ്കുവച്ചു.

ഒരു അന്വേഷണദിനത്തിന്റെ ഫലപ്രാപ്തി കണ്ടെത്തിയ പ്രതീതിയോടെ, ഞങ്ങള്‍ ഇറങ്ങി. രക്തസാക്ഷികളുടെ കുറച്ചു രേഖാചിത്രങ്ങളുമായി ഒരാഴ്ചകൊണ്ട് വീണ്ടും വരാം എന്ന സൂചന കുഞ്ഞമ്പുവേട്ടന് നല്‍കി.

അവര്‍ക്കും എന്തെന്നില്ലാത്ത സന്തോഷം.

കയ്യൂര്‍സഖാക്കളെ ഒരിക്കല്‍ക്കൂടി കാണാമല്ലൊ എന്നതിനാലുള്ള സന്തോഷം.

ചിരുകണ്ടന്റെ മരുമകന്‍ അതേ രൂപത്തിലായിരുന്നുവെന്ന് കുഞ്ഞമ്പുവേട്ടന്‍ ഓര്‍മിപ്പിച്ചു. അവരുടെ ഫോട്ടോ കിട്ടിയാലും കാര്യം കൂടുതല്‍ എളുപ്പമാവും എന്ന ഓര്‍മപ്പെടുത്തല്‍.

എന്റെ അമ്മാവന്‍കൂടിയാണ് അവരെന്ന പ്രമോദിന്റെ അറിയിപ്പോടെ, ഒരുദിനം മുഴുവന്‍ പങ്കുവച്ച് നടന്നത് അര്‍ഹതപ്പെട്ട ആള്‍രൂപത്തോടൊപ്പമെന്ന ചാരിതാര്‍ഥ്യമായി. അടുത്ത രേഖാചിത്രത്തിലെ കുറ്റവും കുറവും പരാമര്‍ശിക്കാമെന്ന് കുഞ്ഞമ്പുവേട്ടന്‍ പറഞ്ഞതോടെ, ജീവിതത്തിലെ മികച്ച ധന്യതയായി അത് നെഞ്ചോടു ചേര്‍ത്തുവച്ച് ഞങ്ങള്‍ ഇറങ്ങി.

ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഇടതുഭാഗത്തെ ഉയര്‍ന്ന പറമ്പില്‍ ചീമേനി രക്തസാക്ഷികളെ സംസ്കരിച്ച സ്ഥലത്ത് പണിത സ്തൂപം കാഴ്ചയില്‍നിന്ന് മറയുന്നതുവരെ നോക്കാനേ കഴിഞ്ഞുള്ളൂ.

ചീമേനിയിലെ തുറന്ന ജയില്‍ കാണണമെന്ന് ഏറെക്കാലമായി ആഗ്രഹിക്കുന്നു. എന്റെ ദേശക്കാരന്‍കൂടിയായ പൊന്ന്യം ചുണ്ടങ്ങാപ്പൊയിലിലെ പ്രകാശന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സജീവന്‍ കുറച്ചുകാലമായി ചിമേനിയിലാണുള്ളത്.

അന്യായക്കാര്‍ക്കുപോലും അറിയാവുന്ന നിരപരാധി. പ്രമോദിന്റെ കൂടെ തുറന്ന ജയിലിലേക്കായി യാത്ര. മുന്നൂറ് ഏക്കറിലധികം വിസ്തൃതിയില്‍ കിടക്കുന്ന ഭൂപ്രദേശം.

അതിരുകളായി കൂറ്റന്‍ കന്മതിലുകളില്ലാത്ത തുറന്ന ജയില്‍. ഒന്നരമീറ്റര്‍ ഉയരത്തിലുള്ള കമ്പിവേലി മാത്രം. ജയിലകവും പുറവും തിരിച്ചറിയാനാവാത്ത വിധം ഐക്യപ്പെടല്‍.

അന്‍പതില്‍പരം തടവുകാര്‍ മാത്രം.

പരസ്പര വിശ്വാസത്തോടെ ജീവിക്കാന്‍ കഴിയുന്നൊരിടം. ഒറ്റ മുളകൊണ്ട് കെട്ടിയ കവാടത്തില്‍ സെക്യൂരിറ്റിക്കാരനുണ്ട്. അപേക്ഷ തയ്യാറാക്കാനായി അയാള്‍ നിര്‍ദേശിച്ചു.

എന്റെ പേരും വിലാസവും രേഖപ്പെടുത്തി ഒപ്പ് ചാര്‍ത്തി. രണ്ടാമന്റെ പേര്‍ തൊട്ടുതാഴെ.

പ്രമോദ് എന്ന് എഴുതി തീരുമ്പോഴേക്കും അവന്‍ തന്നെ 'കെ' എന്നു പറഞ്ഞുതന്നു.

അവന്റെ മുഖത്തേക്കായി എന്റെ നോട്ടം. വീട്ടുപേരിനാണ് സൂചനയെന്നറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു.

"കോയിത്താറ്റില്‍ ഹൌസ്'' കയ്യൂര്‍.

അതെ, കോയിത്താറ്റില്‍ ചിരുകണ്ടന്റെ തലമുറയില്‍പ്പെട്ട യുവജന പ്രവര്‍ത്തകന്‍.

ഒരു പകല്‍ദിന സഞ്ചാരം കയ്യൂര്‍ സമരസേനാനിയുടെ ബന്ധുവിന്റെ കൂടെയാക്കാനായതിന്റെ ചാരിതാര്‍ഥ്യത്തോടെ തുറന്ന ജയിലിനകത്തും പിന്നീട് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കും.

ഒരു മഴയുടെ ഒരുക്കം തിരിച്ചറിഞ്ഞതിനാല്‍ പിരിയലിന്റെ ഔപചാരികതകളിലേക്ക് കടക്കാതെ അവന്‍ തിരിച്ചു.

അധികനാള്‍ കഴിയുംമുമ്പേ വീണ്ടും കാണാമല്ലൊ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു.

പ്രമോദിനെയും വഹിച്ച് '1943' കണ്‍മുന്നില്‍നിന്ന് മായുംവരെ നോക്കിനില്‍ക്കുകമാത്രം ചെയ്തു. ട്രെയിനില്‍ ആള്‍ത്തിരക്ക് കുറഞ്ഞ ഒരിടത്തിരുന്ന്, പുസ്തക വായനക്കായി ശ്രമിക്കുമ്പോഴും മനസ്സില്‍ നിറഞ്ഞുനിന്നത് '1943' എന്ന വലിയ ചുവന്ന അക്ഷരങ്ങള്‍തന്നെ..

*
പൊന്ന്യം ചന്ദ്രന്‍ കടപ്പാട്: ദേശാഭിമാനി വാരിക 02 ജനുവരി 2010

ഈ വിഷയത്തില്‍ ശ്രീ സുനില്‍ കൃഷ്ണന്‍ എഴുതിയ പ്രസക്തമായ ലേഖനം

കയ്യൂരിന്റെ മാനത്തെ രക്ത നക്ഷത്രങ്ങള്‍ !