Sunday, May 11, 2014

വൃത്തിയുടെ വേലക്കാരി

വീട്ടുവേലക്കാരി,അവള്‍ ആ വീട്ടിലേയ്ക്ക് വന്നാല്‍
തന്റെ ചുരിദാറിന്റെ ദുപ്പട്ട ഊരി കൃത്യതയോടെ മടക്കി
വടക്കേ സൂക്ഷിപ്പുമുറിയുടെ അയയില്‍ തൂക്കിയിടും.

പിന്നെ, എല്ലാ ചവിട്ടികളും പെറുക്കിയെടുത്ത്
പുറത്ത് സൂര്യവെളിച്ചത്തില്‍ ഭംഗിയായി നിരത്തിയിടും.
നിറമുള്ള തുണികള്‍
ബക്കറ്റില്‍നിന്നും വേര്‍തിരിച്ചുമാറ്റി
വാഷിങ്മെഷീന്‍ കതകു തുറന്ന് അതിലിടും.
മുകളിലെ അറ തുറന്ന് സോപ്പുപൊടി
യും മണം പടര്‍ത്തുന്നതും തുണികളെ
ഉണര്‍ത്താനുള്ളതുമായ ഉത്തേജക മരുന്നുകളും
നിറച്ചടച്ചു മെഷീന്‍ ഓണാക്കിപ്പോരും.
പിന്നെ, ചൂലെടുത്ത് അവള്‍ക്കേറ്റവും വെറുപ്പുള്ള മാറാലകള്‍
തൂത്തു നിലത്തിട്ട് കോരികയിലേയ്ക്ക് വാരി മാറ്റും.
നിലമടിക്കുമ്പോള്‍, കുഞ്ഞു യജമാനത്തിയുടെ
ചിതറിക്കിടക്കുന്ന പാവകള്‍ പീപ്പികളെല്ലാം
അവളുടെ കളിസ്ഥലത്ത് വൃത്തിയില്‍ അടുക്കി ഒതുക്കിവെക്കും.
വലിച്ചെറിഞ്ഞു കിടക്കുന്ന തീറ്റി സാധനങ്ങള്‍
ഒട്ടൊരു ഖേദത്തോടെ, നെഞ്ചില്‍ കെട്ടിയ സങ്കടത്തിന്റെ
കഴപ്പോടെ തൂത്തുവാരി കുപ്പത്തൊട്ടിയിലിടും.
ഊരി എറിഞ്ഞിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍
അവ കഴുകാനുള്ള ബക്കറ്റിലിടും.
ചിന്നിച്ചിതറിയ കൂമ്പാരം ചെരിപ്പുകള്‍
തട്ടിലടുക്കി മെനയ്ക്കു വയ്ക്കും.
പിന്നെ, യജമാനത്തിയുടെ മടക്കാനുള്ള തുണികള്‍
ഇസ്തിരിയിട്ടപോലെ അടുക്കി അലമാരയില്‍ ഒതുക്കും.
യജമാനന്റെ പെര്‍ഫ്യും മണക്കുന്ന
നീളന്‍ ഷര്‍ട്ടുകള്‍ ഒരേ തട്ടിലും
പാന്റുകളും അടിവസ്ത്രങ്ങളും മറ്റൊന്നിലും വയ്ക്കും.
കൈലേസുകള്‍ അടുക്കി ഹാങ്ങറില്‍ തൂക്കിയിടും.
പിന്നെ, ബക്കറ്റില്‍ എടുത്താല്‍ പൊങ്ങാത്തത്ര
വെള്ളം നിറച്ചു അണുനാശിനി കലക്കി
കുനിഞ്ഞു കിടന്നു തുണിമുക്കിപ്പിഴിഞ്ഞ് തറ അമര്‍ത്തിത്തുടയ്ക്കും.
വരാന്തയില്‍ ഇരിക്കുന്ന തുടപ്പുകോലില്‍
മിഴിയുടക്കാതെ സൂക്ഷിക്കും (കൊച്ചമ്മയ്ക്കു തുണികൊണ്ട് അമര്‍ത്തി തുടയ്ക്കണം,
എങ്കിലേ ചെളി പോകൂ എന്ന്)
നീളന്‍ വരാന്തകളും, ചാരടിയും തുടച്ചുണക്കുമ്പോള്‍
കൊച്ചുയജമാനത്തി വലിയവായില്‍
ചെറിയ വര്‍ത്താനങ്ങളുമായി അവളെത്തേടി എത്തും.
ഹോര്‍ലിക്സ് കലക്കിയ കൊഴുത്ത പാല്‍
എന്തിനോ വിറയ്ക്കുന്ന കൈയോടെ
കുഞ്ഞുചുണ്ടില്‍ച്ചേര്‍ത്ത് കൊടുക്കും.
വീണ്ടും നെഞ്ചില്‍ കെട്ടിയ സങ്കടത്തിന്റെ കഴപ്പോടവള്‍
പടിവാതിലില്‍ യജമാനത്തിയുടെ വരവും കാത്തിരിക്കും.
പിന്നെ, അന്നത്തെ നൂറ്റമ്പതു രൂപ തിടുക്കത്തില്‍ വാങ്ങി,
ഒരു ബക്കറ്റില്‍ ആടിനുവേണ്ടി നീക്കിവച്ച കഞ്ഞിവെള്ളവും,
പെറുക്കിമാറ്റിയ ചിരട്ടയും, മകള്‍ക്കുവേണ്ടി കിട്ടിയ പഴയ കുപ്പായവും
പേറി വീട്ടിലേക്ക്.
വീട്ടരുകില്‍ കൂടിനിന്ന അഞ്ചാറു പേര്‍
അവളെ സഹതാപത്തോടെ നോക്കുന്നു.
അങ്കലാപ്പോടെ ആ ബലമില്ലാത്ത പ്ലാസ്റ്റിക് വാതിലില്‍ത്തള്ളി
വീട്ടിലേക്കവള്‍ ഓടിക്കയറി.
ഇരുട്ടിലെ മാറാലയില്‍നിന്നും കൈയും കാലും കൂട്ടിക്കെട്ടിയൊരു
മരണം വിശപ്പോടെ, വേദനയോടെ അമ്മേ അമ്മേ എന്ന് നിലവിളിച്ചു.

*
അനിത ശ്രീജിത്ത് ദേശാഭിമാനി വാരിക

No comments: