Wednesday, May 21, 2014

കോര്‍പറേറ്റുകള്‍ നയിച്ച തെരഞ്ഞെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പുഫലം പ്രത്യേകതരത്തിലാകാന്‍ തല്‍പ്പരകക്ഷികള്‍ കൈക്കൊണ്ട പല നടപടികളുമുണ്ട്. നമുക്ക് നേരത്തെ പരിചിതമായ ചുവരെഴുത്ത്, പോസ്റ്റര്‍, നോട്ടീസ്, ലഘുലേഖ, പത്രപ്പരസ്യം, പൊതുയോഗ പ്രസംഗങ്ങള്‍, വാഹനയാത്ര, മൈക്കുവഴി പ്രചാരണം, വീടുകയറിയുള്ള വോട്ടുതേടല്‍ മുതലായവയുണ്ട്. ചാനലുകളില്‍ നടത്തുന്ന ചര്‍ച്ചയും പരസ്യവും മറ്റുമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് കൂലിക്ക് വാര്‍ത്ത കൊടുക്കല്‍ (പെയ്ഡ് ന്യൂസ്) തുടങ്ങിയത്. അത് തെരഞ്ഞെടുപ്പു കമീഷന്‍ അംഗീകരിക്കുന്നതല്ല. അതിനെച്ചൊല്ലി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ചവാന്റെമേല്‍ കേസുണ്ട്. ചവാന്‍ ഒരുപക്ഷേ, ശിക്ഷിക്കപ്പെട്ടേക്കാം എന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമായിരുന്നു.

തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള പണത്തിന്റെ കുത്തൊഴുക്കിന്റെ ഒരു വഴിയാണ് പണംവാങ്ങി വാര്‍ത്ത കൊടുക്കുന്നത്. നിഷ്പക്ഷമായി വാര്‍ത്ത നല്‍കുക മാധ്യമധര്‍മം മാത്രമല്ല, മാധ്യമത്തിന്റെ ഉത്തരവാദിത്തവുമാകുന്നു. എന്നാല്‍, ആ ധര്‍മത്തിന്റെ മറപിടിച്ച് പക്ഷപാതപരമായ വിവരം വാര്‍ത്തയായി നല്‍കുന്നത് പത്രധര്‍മ ലംഘനം മാത്രമല്ല, തെരഞ്ഞെടുപ്പില്‍ സ്വാര്‍ഥ താല്‍പ്പര്യംവച്ചുള്ള ഇടപെടലാണ്; തെരഞ്ഞെടുപ്പു ചട്ടലംഘനവുമാണ്. ചവാന്റേത് അന്ന് ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കില്‍ ഇത്തവണ അത് വ്യാപകമായ തോതില്‍ നടന്നതായി പല സംസ്ഥാനങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഇതുകൂടാതെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു കൊണ്ടുപോയ 300 കോടിയില്‍പരം രൂപയും കോടിക്കണക്കിന് ലിറ്റര്‍ മദ്യവും മറ്റും തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ പിടികൂടിയതായി വാര്‍ത്തയുണ്ടായിരുന്നു. മുമ്പൊക്കെ കോര്‍പറേറ്റുകള്‍- എന്നുവച്ചാല്‍, വന്‍കിട വ്യവസായികളും വ്യാപാരികളും- രാഷ്ട്രീയ പാര്‍ടികള്‍ക്ക് സംഭാവന നല്‍കാറുണ്ടായിരുന്നു. അങ്ങനെ നല്‍കുന്ന തുകയ്ക്ക് അവര്‍ക്ക് നികുതികിഴിവ് ലഭിക്കും. എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള രാഷ്ട്രീയപാര്‍ടികള്‍ക്ക് സംഭാവന നല്‍കുന്നതില്‍ ഒതുങ്ങുന്നതല്ല കോര്‍പറേറ്റ് ഇടപെടല്‍. തങ്ങള്‍ക്ക് പറ്റിയ രാഷ്ട്രീയ പാര്‍ടിയെയല്ല, രാഷ്ട്രീയ നേതാവിനെ കണ്ടെത്തുന്നു. അത്തരമൊരാളെ അമേരിക്കയിലെ കോര്‍പറേറ്റുകള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കുന്നതുപോലെ, ഇവിടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കുന്നു. ഇവിടെ ഒരാള്‍ പ്രധാനമന്ത്രിയാകണമെങ്കില്‍ ലോക്സഭാംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണവേണം. അതിനാല്‍, തങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തിയെ ജയിപ്പിക്കുന്നതിനും ഭൂരിപക്ഷം ലോക്സഭാംഗങ്ങളുടെ പിന്തുണ അയാള്‍ക്ക് ലഭിക്കുന്നതിനുംവേണ്ടി ഇടപെടലിനും ചെലവിനുമൊക്കെ ഈ കോര്‍പറേറ്റ് ഗ്രൂപ്പ് തയ്യാറാവുന്നു. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കുന്നതിനു വേണ്ട സകല കാര്യങ്ങളിലും ആ ഗ്രൂപ്പ് ഇടപെട്ടു എന്നു ചുരുക്കം.

മോഡിയാണ് മാസങ്ങള്‍ നീണ്ട ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഒരു നിരയെത്തന്നെ നിരന്തരം ഉപയോഗിച്ച് സകല സംസ്ഥാനങ്ങളിലും പോയി ബിജെപിക്കും എന്‍ഡിഎയ്ക്കുംവേണ്ടി പ്രചാരണം നടത്തിയത്. ലക്ഷക്കണക്കിന് കിലോമീറ്റര്‍ ദൂരമാണ് മാസങ്ങള്‍ നീണ്ട പ്രചാരണത്തിനിടെ അദ്ദേഹം താണ്ടിയത്. കോടിക്കണക്കിന് രൂപയാണ് അതിനായി ചെലവഴിക്കപ്പെട്ടത്. അദാനി എന്ന ഗുജറാത്തി കുത്തക മുതലാളിയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ഇതിനായി ഉപയോഗിക്കപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡിസര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ വക ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അദാനിക്ക് സൗജന്യമായി നല്‍കിയതായും പതിനായിരക്കണക്കിന് കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വേറെ അനുവദിച്ചതായും വാര്‍ത്ത ഉണ്ടായിരുന്നു. കുറ്റം പറയരുതല്ലോ, അദാനിക്കു നല്‍കിയതിനേക്കാള്‍ കൂടുതല്‍ ഇത്തരം സൗജന്യങ്ങള്‍ അംബാനി കുടുംബത്തിനും ടാറ്റയ്ക്കും മോഡി നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് കോടി രൂപയാണ് ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കായി കോര്‍പറേറ്റുകള്‍ സംഭാവനചെയ്തത്. ഇത്തവണ മുതലാളിമാരുടെ സഹായം തങ്ങള്‍ക്ക് കുറച്ചേ ലഭിച്ചുള്ളൂ, മോഡിക്കാണ് വന്‍തോതില്‍ ലഭിച്ചത് എന്ന് വോട്ടെടുപ്പെല്ലാം കഴിഞ്ഞശേഷം കോണ്‍ഗ്രസ് നേതാവ് ജയറാംരമേശ് പരാതിപറയുന്നത് കേട്ടു.

ഇതെല്ലാം കാണിക്കുന്നത് അടുത്ത അഞ്ചുവര്‍ഷത്തേക്ക് രാജ്യത്തിന്റെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ വന്‍കിട മുതലാളിമാര്‍ വന്‍തോതില്‍ മുതലിറക്ക് നടത്തുന്ന പരിപാടിയായി മാറിയിരിക്കുന്നു എന്നാണ്. നേരിട്ട് സംഭാവന നല്‍കുന്നതില്‍നിന്നും വിമാനവും മറ്റും ഏര്‍പ്പാട് ചെയ്തുകൊടുക്കുന്നതില്‍നിന്നും ഒക്കെ അപ്പുറത്ത് പരോക്ഷമായി വോട്ടര്‍മാരെ സ്വാധീനിക്കുന്ന മറ്റു പല നടപടികളിലേക്കും ഇത് വ്യാപിച്ചു. മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബിജെപി നേതൃത്വം പ്രഖ്യാപിക്കുന്നത് കഴിഞ്ഞ സെപ്തംബറിലാണ്. അക്കാലം മുതല്‍ ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിലെ വിലകള്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. അന്ന് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വിലസൂചിക ഏതാണ്ട് 19,000 ആയിരുന്നു. വോട്ടെടുപ്പിന്റെ അവസാനഘട്ടം ആയപ്പോഴേക്ക് അത് 23,000 കടന്നു. മോഡി നയിക്കുന്ന ബിജെപിക്കും എന്‍ഡിഎയ്ക്കും ആണ് വിജയസാധ്യത എന്ന എക്സിറ്റ്പോള്‍ ഫലം വന്നപ്പോള്‍ സൂചിക പിന്നെയും 500ല്‍പരം കണ്ട് വര്‍ധിച്ചു. 25 ശതമാനത്തിലധികം വര്‍ധന. ഇത് താനേ വര്‍ധിച്ചതല്ല. വിദേശ മുതലാളിമാര്‍ ആയിരക്കണക്കിന് കോടി ഡോളര്‍ (പതിനായിരക്കണക്കിന് കോടി രൂപ) നിക്ഷേപിച്ചതിന്റെ ഫലമാണ് ഇതെന്ന് പലപ്പോഴായി വാര്‍ത്ത വന്നിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ കണ്ട വാര്‍ത്ത ഒരു ഇന്ത്യക്കാരന്‍മാത്രം അവസാനഘട്ടത്തില്‍ 2000 കോടി രൂപയിലേറെ ഇതിനായി രഹസ്യമായി നിക്ഷേപിച്ചതായി ഓഹരിക്കമ്പോളത്തെ നിയന്ത്രിക്കുന്ന "സെബി" എന്ന സ്ഥാപനം കണ്ടെത്തി എന്നതാണ്. ഈ അഭ്യാസമെല്ലാം ബിജെപി ജയിച്ച് അധികാരത്തില്‍ എത്തിയാല്‍ സാമ്പത്തികരംഗമാകെ തിളങ്ങും എന്ന പ്രതീതി വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കാനാണ് ചെയ്തത് എന്ന് വെളിവാകുന്നു. ഓഹരിവിലയ്ക്ക് നിത്യോപയോഗ സാധനങ്ങളുടെയോ തൊഴിലിന്റെയോ ലഭ്യതയും വിലയുമായി ഒരു ബന്ധവുമില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. ഓഹരിവില കയറിയാല്‍ എല്ലാം പരമസുഖം എന്നും അത് ഇടിഞ്ഞാല്‍ എല്ലാം തകര്‍ന്നു എന്നുമാണ് മാധ്യമങ്ങള്‍ സാധാരണ പറഞ്ഞുപരത്താറുള്ളത്.

വേറെ വിചിത്രമായ ഒരു റിപ്പോര്‍ട്ടു കണ്ടത് ഗൂഗിള്‍പോലുള്ള ഐടി സംവിധാനങ്ങളെ ഒരു നിയോജകമണ്ഡലത്തില്‍ ഏത് സ്ഥാനാര്‍ഥിയാണ് ഏറ്റവും അഭിലഷണീയന്‍ എന്ന് തീരുമാനിക്കാന്‍ വോട്ടര്‍മാരെ സ്ഥാപിത താല്‍പ്പര്യത്തോടെ ഉപയോഗിക്കാന്‍ കഴിയുന്നതു സംബന്ധിച്ചാണ്. ഈ തെരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്കും ട്വിറ്ററും മറ്റും വ്യാപകമായി മോഡിപക്ഷം ഉപയോഗിച്ചതിനെയും അക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉദാസീനത കാണിച്ചതിനെയുംകുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഐടിയിലെ "നെറ്റി"നെ വിപുലമായി ഉപയോഗിക്കുന്നവരും രാഷ്ട്രീയ ബോധത്തിന്റെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുമായ ചെറുപ്പക്കാരെ സ്വാധീനിക്കാന്‍ ഈ സംവിധാനത്തെ വിപുലമായി ഉപയോഗിക്കാന്‍ കഴിയും എന്നാണ് വാര്‍ത്ത. ഏതെങ്കിലും പാര്‍ടി അങ്ങനെ എത്രത്തോളം ഉപയോഗിച്ചു അവരുടെ സ്ഥാനാര്‍ഥികള്‍ക്കായി എന്നത് സംബന്ധിച്ച് വ്യക്തമായ വിവരമൊന്നും ഇപ്പോഴില്ല. വന്‍കിടക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തരം സംവിധാനങ്ങളുടെ പട്ടിക നീളുന്നു. എല്ലാം ഇവിടെ വിവരിക്കുന്നില്ല. പക്ഷേ, ഇന്റര്‍നെറ്റ് പോലുള്ള ചില സംവിധാനങ്ങളെ ഏത് രാഷ്ട്രീയക്കാര്‍ക്കും വലിയ ചെലവില്ലാതെ ഉപയോഗിക്കാന്‍ കഴിയും. വോട്ടര്‍മാരില്‍ എത്ര ശതമാനം, ഏത് വിഭാഗത്തില്‍പെട്ടവര്‍, ഇത്തരം സംവിധാനം വഴിയുള്ള പ്രചാരണത്തിന് വിധേയരാകും എന്നതാണ് നമ്മുടേതുപോലുള്ള വികസ്വര രാജ്യത്തെ ചോദ്യം. ജനങ്ങളില്‍ 37 കോടിയില്‍പ്പരം നിരക്ഷരരാണ് ഇപ്പോഴും എന്ന വസ്തുതകൂടി ഓര്‍ക്കേണ്ടതുണ്ട്.

നാട്ടിലാകെ നടക്കുന്ന വിശദമായ അഭിപ്രായപ്രകടനങ്ങളും വാദപ്രതിവാദങ്ങളും വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്നു തീരുമാനിക്കാന്‍ സഹായകമാകണം. അതാണ് തെരഞ്ഞെടുപ്പ് പ്രചാരണംകൊണ്ട് യഥാര്‍ഥത്തിലുള്ള ഉദ്ദേശ്യം. എന്നാല്‍, ഏതെങ്കിലും ഒരു പാര്‍ടിക്കോ സ്ഥാനാര്‍ഥിക്കോ വോട്ടുചെയ്യാന്‍ വോട്ടറെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വാധീനിക്കാനുള്ള അവസരമായി ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തകാലത്ത് മാറിയിട്ടുണ്ട്. അതിന്റെ കുറെക്കൂടി വഷളായ രൂപമാണ് ഈ തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്. ജനാധിപത്യ വ്യവസ്ഥയില്‍ വോട്ടര്‍ ഏറ്റവും വിവേകത്തോടെ വിനിയോഗിക്കേണ്ട ഒന്നാണ് വോട്ടവകാശം. എന്നാല്‍, എങ്ങനെ വോട്ടറെ വഴിതെറ്റിച്ച് വോട്ട് ചെയ്യിക്കാം എന്നതിനുള്ള തയ്യാറെടുപ്പുകാലമായി പ്രചാരണകാലം ഇവിടെ മാറി. പുതിയ സര്‍ക്കാര്‍ എന്തുചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നാണ് ഓരോ പാര്‍ടിയും ജനങ്ങളോട് പറയേണ്ടത്. തങ്ങള്‍ എന്താണ് സ്ഥാനാര്‍ഥികളില്‍നിന്ന് പ്രതീക്ഷിക്കുന്നത് എന്നാണ് വോട്ടര്‍മാര്‍ അവരോട് പറയേണ്ടത്. എന്നാല്‍, ഇത്തരത്തിലുള്ള ആരോഗ്യകരമായ ആദാനപ്രദാനം നടത്തുന്നതിനെ പരമാവധി തടയുകയാണ് അധികാരമോഹംമൂത്ത രാഷ്ട്രീയ നേതാക്കളും അവരുടെ പാര്‍ടികളും അവരെ തങ്ങളുടെ കടിഞ്ഞാണിന്‍ കീഴിലാക്കാന്‍ ശ്രമിക്കുന്ന കോര്‍പറേറ്റുകളും മുതലാളിമാരും നടത്തുന്ന മേല്‍വിവരിച്ച രൂപത്തിലുള്ള ഇടപെടലുകള്‍വഴി ചെയ്യുന്നത്.

ഇത്തരം നീക്കങ്ങളുടെ ഫലമായി രാജ്യം മൊത്തത്തിലെടുത്താല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ഉദ്ദേശിക്കപ്പെട്ട രീതിയില്‍ സ്വതന്ത്രമോ നീതിപൂര്‍വമോ അല്ലാതായി. അതിനാല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തില്‍ വരുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള പാര്‍ടികളല്ല, പണച്ചാക്കുകളോട് വിധേയരായവരാണ്.

*
സി പി നാരായണന്‍ ദേശാഭിമാനി

No comments: