Thursday, May 29, 2014

കശ്മീരിന്റെ പ്രത്യേക പദവി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിപോലുള്ള മര്‍മപ്രധാന കാര്യങ്ങളില്‍ ആലോചനാരഹിതമായ അവിവേക പ്രഖ്യാനങ്ങള്‍ പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്നുതന്നെയുണ്ടാകുന്നു എന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുണ്ടായ പ്രഖ്യാപനം ചരിത്രബോധത്തോടെയുള്ളതായില്ല എന്നുമാത്രമല്ല ദേശീയപ്രശ്നങ്ങള്‍ ഗൗരവബോധത്തോടെ കൈകാര്യംചെയ്യുന്ന തരത്തിലുള്ളതുമായില്ല. ആവര്‍ത്തിച്ചുകൂടാത്ത അബദ്ധങ്ങളിലൊന്നാണത്.

ഒരു സംസ്ഥാനത്തിനുമാത്രം എന്തിന് പ്രത്യേക പദവി എന്നുചോദിക്കുന്നവര്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ദുരന്തഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന സംസ്ഥാനമാണ് അത് എന്നത് കാണുന്നില്ല. കശ്മീരില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കലുഷാവസ്ഥ, അത് മുതലെടുത്ത് അവിടത്തെ ജനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദി- ഭീകരസംഘടനകള്‍, അവയെ നേരിട്ടുകൊണ്ട് ദേശീയ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന അവിടത്തെ ജനത, അവരെ എല്ലാ അര്‍ഥത്തിലും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയൊന്നും ബിജെപി കാണുന്നില്ല. ഭരണഘടനയുടെ 370-ാം വകുപ്പും അതിന്റെ ഫലമായുള്ള പ്രത്യേക പദവിയും എടുത്തുകളയുക എന്നുപറഞ്ഞാല്‍ ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്ര ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തികളെ ക്ഷീണിപ്പിക്കലും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള അരങ്ങൊരുക്കലുമാകും.

ഇന്നത്തെ ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരും പാക് അധീനതയിലുള്ള കശ്മീര്‍ പ്രദേശവും ഉള്‍പ്പെട്ടതായിരുന്നു പഴയ കശ്മീര്‍ രാജഭരണ പ്രവിശ്യ. ജമ്മു കശ്മീരില്‍ത്തന്നെ മൂന്ന് പ്രത്യേക മേഖലകളുണ്ട്. 54 ലക്ഷം ജനസംഖ്യയുള്ള കശ്മീര്‍ താഴ്വര, 44 ലക്ഷം ജനസംഖ്യയുള്ള ജമ്മു, മൂന്നുലക്ഷം ജനസംഖ്യയുള്ള ലഡാക് എന്നിങ്ങനെ. മൂന്നിനും വേറിട്ട പ്രദേശത്തനിമകളുമുണ്ട്. പാകിസ്ഥാന്‍ ഭാഗത്താകട്ടെ, മുസഫറാബാദ് മേഖലയും ബള്‍ട്ടിസാന്‍ -ഹില്‍ജിത് -ഗുന്‍സാ എന്നിവ ഉള്‍പ്പെട്ട വടക്കന്‍മേഖലകളുമുണ്ട്. ഇതൊക്കെ ഉള്‍ച്ചേര്‍ന്ന കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ സന്നദ്ധനായിരുന്നില്ല ഹരിസിങ് മഹാരാജാവ്. തന്റെ രാജ്യത്തെ സ്വതന്ത്രരാഷ്ട്രമായി നിര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ 1947 ആഗസ്ത് 15നുപോലും ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്.

പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്നുള്ള ആക്രമണം ഏതാണ്ട് ശ്രീനഗറില്‍വരെ എത്തിയ ഘട്ടത്തില്‍മാത്രമാണ് ഹരിസിങ് രാജാവ് ഇന്ത്യാ യൂണിയനില്‍ ചേരാന്‍ തയ്യാറായത്. ഇന്ത്യന്‍ സൈന്യം ആകാശമാര്‍ഗം ശ്രീനഗറില്‍ എത്തി ശത്രുസൈന്യത്തെ തുരത്തുകയായിരുന്നു അന്ന്. ഹരിസിങ്ങും അദ്ദേഹത്തിന്റെ ഫ്യൂഡല്‍ ഭരണത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഷേഖ് അബ്ദുള്ളയും തമ്മില്‍ ധാരണയായി. കശ്മീര്‍ അധികാരികളും ഇന്ത്യന്‍ യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ഡല്‍ഹി കരാറില്‍ 1952ല്‍ ഒപ്പുവച്ചു. ആ ഘട്ടത്തില്‍ ആ പ്രദേശത്തെ കഴിയുന്നത്ര ജനങ്ങളെ പാകിസ്ഥാന്‍ സ്വാധീനത്തില്‍നിന്ന് വിടുവിച്ചെടുക്കുക എന്നത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത സംരക്ഷിക്കാന്‍ ആവശ്യമായിരുന്നു; പ്രത്യേകിച്ചും എതിര്‍ഭാഗത്തുനിന്നുള്ള പ്രീണന-പ്രലോഭന നടപടികള്‍ തുടര്‍ന്ന സാഹചര്യത്തില്‍. ഇത്തരമൊരു അവസ്ഥയിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥചെയ്യപ്പെട്ടത്. ആ പദവി എടുത്തുകളയാന്‍ തക്കവിധം കശ്മീരിലെ സ്ഥിതി മാറിയിട്ടില്ല എന്നത് അവിടുന്നുള്ള ദൈനംദിന റിപ്പോര്‍ട്ടുകളില്‍നിന്നുതന്നെ അറിയാനുള്ളതേയുള്ളൂ.

ഷേഖ് അബ്ദുള്ള ഭൂപരിഷ്കരണം നടപ്പാക്കി സ്വാധീനമുറപ്പിക്കുന്നുവെന്ന് വന്നപ്പോഴാണ് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ ശത്രുതയോടെ കണ്ടുതുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായി 1953ലും "65ലും ഒക്കെ ഷേഖ് അബ്ദുള്ളയെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റുചെയ്തത് കശ്മീരിലെ സ്ഥിതി പിന്നെയും വഷളാക്കി. അതിനിടെയാണ് ജനസംഘത്തിന്റെ മുന്‍രൂപമായിരുന്ന പ്രജാപരിഷത്ത് ഭരണഘടനയുടെ 370-ാം വകുപ്പുപ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയണമെന്ന ആവശ്യമുന്നയിച്ചത്. കശ്മീരില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്തുക എന്നതായിരുന്നു പ്രജാപരിഷത്തിന്റെ പരിപാടി. അത്തരം ഒരാവശ്യം എങ്ങനെ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ സഹായകവുമാകും എന്നത് അവര്‍ക്ക് പ്രശ്നമായിരുന്നില്ല. പിന്നീട് കോണ്‍ഗ്രസ് ഭരണംതന്നെ പ്രത്യേക പദവിയെ ദുര്‍ബലപ്പെടുത്തുന്ന പല നടപടികള്‍ കൈക്കൊണ്ടു. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കി ജി എം ഷായുടെ പാവഭരണത്തെ അവരോധിച്ചു. ജനാധിപത്യാവകാശങ്ങള്‍ ധ്വംസിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടി. അങ്ങനെ അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറി. അപ്പോഴൊക്കെ സ്വതന്ത്രകശ്മീരായി നില്‍ക്കുന്നതാണ് നല്ലത് എന്ന വിഘടനവാദികളുടെ അഭിപ്രായത്തിന് സ്വീകാര്യത കിട്ടുന്ന അന്തരീക്ഷം അവിടെ പരക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണസംവിധാനത്തിനെതിരെ ജനങ്ങളില്‍ രോഷം വളര്‍ത്താന്‍ ഇതിലോരോന്നും പാക് പിന്തുണയുള്ള ശക്തികള്‍ ഉപയോഗിച്ചു. ജെകെഎല്‍എഫ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സായുധനീക്കങ്ങള്‍ക്കൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി. ഇന്ത്യയുടെ ഭാഗമായിനിന്നാല്‍ തടയില്ല എന്ന ആശങ്ക പടര്‍ത്തി. ജമ്മു കശ്മീരിന്റെ സ്വയംഭരണാധികാരമേഖല കേന്ദ്രാധികാരത്തിന്റെ കൈയേറ്റത്തിന് വിധേയമായ ഘട്ടങ്ങളിലൊക്കെ യഥാര്‍ഥത്തില്‍ ഈ ആശങ്ക ശക്തിപ്പെടുത്തുന്നതില്‍ തീവ്രവാദ സംഘടനകള്‍ വിജയിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അധികാര കൈയേറ്റങ്ങള്‍ കശ്മീരിനെ പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയില്‍നിന്ന് സംസ്ഥാനാധികാരത്തില്‍പ്പെട്ട വിഷയങ്ങളില്‍പ്പോലും നിയമനിര്‍മാണം നടത്താന്‍ അനുവാദമില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്ക് താഴ്ത്തുകയായിരുന്നു. ഭീകര- തീവ്രവാദ സംഘടനകള്‍ക്ക് സത്യത്തില്‍ അതുതന്നെയായിരുന്നു ആവശ്യവും.

ഭരണഘടനയുടെ 370-ാം വകുപ്പ് ഇപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കുന്നത് അവിടെ വര്‍ഗീയചേരിതിരിവ് ശക്തിപ്പെടുത്താനും ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തിപകരാനും അങ്ങനെ തീവ്രവാദ- ഭീകരപ്രവര്‍ത്തന സംഘടനകള്‍ക്ക് സ്വാധീനമുറപ്പിക്കാനുമുള്ള അന്തരീക്ഷമുണ്ടാക്കുകയാവും ചെയ്യുക. ഇത് മനസ്സിലാക്കാനുള്ള വിവേകം ബിജെപി ഭരണത്തിനില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതല്ല രാഷ്ട്രതന്ത്രജ്ഞത. 370-ാം വകുപ്പ് എടുത്തുകളയുന്നതുപോകട്ടെ, അതുപ്രകാരമുള്ള സ്വയംഭരണാവകാശത്തില്‍ നേരിയ ഇടിവുവരുത്തുന്നതുപോലും ആപത്തുണ്ടാക്കുകയേ ചെയ്യൂ. കശ്മീര്‍ ജനതയുടെ അഭിലാഷങ്ങളെ പരിരക്ഷിക്കാനുതകുംവിധം പ്രത്യേക പദവി ദുര്‍ബലപ്പെടാതെ നോക്കുകയാണ് ഇന്നുവേണ്ടത്. കശ്മീര്‍ ജനതയുടെ സ്വത്വം സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കുന്നവിധം കൂടുതല്‍ സ്വയംഭരണാധികാരം കൊടുക്കുമെന്ന് പറയേണ്ട ഘട്ടത്തിലാണ് നേര്‍വിപരീതദിശയിലുള്ള നീക്കങ്ങളുണ്ടാകുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തിന് ഇത് കൊള്ളാമായിരിക്കും. എന്നാല്‍, രാഷ്ട്രതാല്‍പ്പര്യത്തിന് ഇത് ഗുണംചെയ്യില്ല. ഇതിപ്പോള്‍ ചര്‍ച്ചാവിഷയമാക്കുന്നതോ ഇതേക്കുറിച്ച് തിരിച്ചും മറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ പറയുന്നതോ ഒന്നും ആശാസ്യമല്ല.
*
deshabhimani editorial

1 comment:

സുധി അറയ്ക്കൽ said...

67 വർഷത്തെ പ്രത്യേക അവകാശം കൊണ്ട്‌ ജമ്മുകാഷ്മീരിനു എന്തു നേട്ടമാ കിട്ടിയതെന്നു ഈ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യക്കകത്തു പ്രത്യേക ഭരണഘടനയും,പതാകയുമുള്ള മറ്റൊരു രാജ്യം.
ലോകത്തെങ്ങുമില്ലാത്ത ഒരു ഇടപാട്‌.
ഇന്ത്യയിലെ സകല അവകാശങ്ങളും വേണം,എന്നാൽ ഇന്ത്യക്ക്‌ അവിടെ ഒന്നും ചെയ്യാനും മേലാ.
ഇതൊക്കെ ഉൾക്കൊള്ളാൻ പറ്റുന്നവർ കാണും.
യഥാർത്ഥ രാജ്യസ്നേഹികൾക്ക്‌ പറ്റില്ല എന്നു മാത്രം.