Sunday, May 4, 2014

നബാര്‍ഡിന്റെ കുതന്ത്രങ്ങള്‍

ഉദാരവല്‍ക്കരണനയം സഹകരണ ബാങ്കിങ് മേഖലയില്‍ നടപ്പാക്കി ഈ മേഖലയെ തകര്‍ക്കുന്നതിന് കരാറെടുത്തപോലെയാണ് നബാര്‍ഡിന്റെ പ്രവര്‍ത്തനം. 2013-14 സാമ്പത്തികവര്‍ഷം അവസാനിച്ചതിനുശേഷം മുഖ്യധാരാമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വാര്‍ത്തയാണ് മൂലധനപര്യാപ്തത ഇല്ലാത്തതുമൂലം സംസ്ഥാനത്തെ ഭൂരിഭാഗം സഹകരണ ബാങ്കുകളുടെയും റിസര്‍വ് ബാങ്ക് ലൈസന്‍സ് ഉടന്‍ നഷ്ടമാകും എന്നത്. എന്നാല്‍ ഇതിനു പിന്നിലെ യാഥാര്‍ഥ്യം മറ്റൊന്നാണ്.

സഹകരണ ബാങ്കിങ് മേഖല

കേരളത്തില്‍ സഹകരണ ബാങ്കിങ് മേഖലയില്‍ ത്രിതലസംവിധാനമാണ് നിലവിലുള്ളത്. മുകളില്‍ സംസ്ഥാന സഹകരണ ബാങ്ക്, നടുവില്‍ 14 ജില്ലാ സഹകരണ ബാങ്കുകള്‍, താഴെ 1600 പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍. ഈ ത്രിതല ബാങ്കിങ് സംവിധാനത്തിനുപുറമെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് അര്‍ബന്‍ സഹകരണ ബാങ്കുകളും ചുരുക്കം ചില എംപ്ലോയീസ് സഹകരണസംഘങ്ങളും ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നു. 2013-14ലെ കണക്കനുസരിച്ച് ഇവയ്ക്കെല്ലാംചേര്‍ന്ന് ഒരുലക്ഷം കോടിയിലേറെ രൂപ നിക്ഷേപവും 30000 കോടിയിലേറെ വായ്പയുമുണ്ട്. ഇന്ത്യയിലെ മൊത്തം സഹകരണ ബാങ്കുകള്‍ കൈകാര്യംചെയ്യുന്ന നിക്ഷേപത്തിന്റെ 60 ശതമാനത്തിലേറെയും കൈകാര്യംചെയ്യുന്നത് കേരളത്തിലാണ്.

നിലവിലെ സ്ഥിതി

റിസര്‍വ് ബാങ്കും നബാര്‍ഡും നിലവില്‍ ബാങ്കിങ് ലൈസന്‍സിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത് സംസ്ഥാന സഹകരണ ബാങ്കിനെയും ജില്ലാ സഹകരണ ബാങ്കുകളെയും അര്‍ബന്‍ സഹകരണ ബാങ്കുകളെയും മാത്രമാണ്. ഈ ഗണത്തില്‍പ്പെടുന്ന കേരളത്തിലെ എല്ലാ ബാങ്കുകള്‍ക്കും ഇപ്പോള്‍ ലൈസന്‍സ് ഉണ്ട്. ഔപചാരികമായി ലൈസന്‍സ് പരിധിയില്‍ ഇല്ലെങ്കിലും ഏറ്റവും വിശ്വാസയോഗ്യമായി പ്രവര്‍ത്തിക്കുന്ന മികച്ച ബാങ്കുകള്‍തന്നെയാണ് പ്രാഥമിക സഹകരണ ബാങ്കുകളും. ഭൂരിഭാഗം ബാങ്കുകളും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചില ബാങ്കുകള്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത് വെറും "പ്രൊവിഷനിങ്"  നഷ്ടം മാത്രമാണ്.

സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു

ജനകീയ ബാങ്കിങ് പ്രവര്‍ത്തനത്തിലൂടെ കേരളം സഹകരണ ബാങ്കിങ് രംഗത്ത് കൈവരിച്ച വലിയ നേട്ടങ്ങള്‍ നവഉദാരവല്‍ക്കരണത്തിന്റെ പ്രയോക്താക്കളെ എക്കാലവും അസൂയപ്പെടുത്തുന്ന ഒന്നാണ്. കേന്ദ്രം, കേരളത്തിന്റെ ഈ പ്രത്യേക നേട്ടത്തില്‍ സന്തുഷ്ടരല്ല. സ്വകാര്യവല്‍ക്കരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന അവരും ആഗ്രഹിക്കുന്നത് ഇത്തരം ജനാധിപത്യസ്ഥാപനങ്ങളുടെ തകര്‍ച്ചയാണ്. അതിനായി അവര്‍ ഒരുപാട് പുതിയ നിയമങ്ങള്‍ പടച്ചുണ്ടാക്കുന്ന റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയവയിലൂടെ അത് നടപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് ആശങ്കയുണര്‍ത്തുന്ന രീതിയിലുള്ള മാധ്യമവാര്‍ത്തകള്‍. ഈ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും സഹകരണ ബാങ്കിങ് സംവിധാനത്തിന്റെ ഭാവി സംബന്ധിച്ച ആശങ്ക ഉണ്ടാകും. സഹകരണ ബാങ്കുകളിലെ നിക്ഷേപകനെ സംബന്ധിച്ചാണെങ്കില്‍ ഈ ആശങ്ക ഒരുപക്ഷേ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്ന അവസ്ഥവരെ എത്തിച്ചേക്കാം. ഈ മേഖല തകര്‍ക്കണമെന്നാഗ്രഹിക്കുന്നവരുടെ ഉദ്ദേശ്യവും ഇതുതന്നെ. സഹകരണ ബാങ്കുകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക, വിശ്വാസ്യത കളങ്കപ്പെടുത്തുക, ഈ മേഖലയിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഇത്രയും വലിയ തുക പിടിച്ചെടുക്കുക. ഇത് വലിയൊരു ഗൂഢാലോചനയാണ്.

മൂലധന പര്യാപ്തത

2006-07 മുതലാണ് റിസര്‍വ് ബാങ്ക് ബേസല്‍ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഐആര്‍എസി നോംസുകള്‍ സഹകരണ ബാങ്കുകള്‍ക്കുകൂടി ബാധകമാക്കാന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വാര്‍ഷിക കുടിശ്ശിക കണക്കാക്കി ആവശ്യമായ കരുതലുകള്‍ നീക്കിവച്ചിരുന്നതിനു പകരമായി നിഷ്ക്രിയ ആസ്തി വ്യവസ്ഥകളും തരംതിരിച്ചുള്ള നിര്‍ബന്ധിത പ്രൊവിഷനിങ്ങും നിലവില്‍വന്നു. ഇത് കുടിശ്ശിക ശതമാനം ഉയര്‍ന്നുനിന്ന സഹകരണ ബാങ്കുകളെ നഷ്ടത്തിലാക്കി. ഒരുഭാഗത്ത് നിഷ്ക്രിയ ആസ്തിയില്‍നിന്ന് പലിശ വരുമാനം ഇല്ലായ്ക, മറുഭാഗത്ത് നിഷ്ക്രിയ ആസ്തിക്ക് ആനുപാതികമായ പ്രൊവിഷനിങ്. രണ്ടും ചേര്‍ത്ത് സഹകരണ ബാങ്കുകളെ ശ്വാസംമുട്ടിക്കുമ്പോഴാണ് റിസര്‍വ് ബാങ്കും നബാര്‍ഡും ചേര്‍ന്ന് വാണിജ്യ, സ്വകാര്യ ബാങ്കുകളുടേതിന് സമാനമായ തോതില്‍ സഹകരണ ബാങ്കുകളും മൂലധന പര്യാപ്തത കൈവരിച്ചിരിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കുന്നത്. എന്നാല്‍ ഈ വ്യവസ്ഥകള്‍ കര്‍ശനമാക്കുമ്പോള്‍ റിസര്‍വ് ബാങ്കും നബാര്‍ഡും കാണാതെപോയ ചില കാര്യങ്ങളുമുണ്ട്. വാണിജ്യ ബാങ്കുകള്‍ മൂലധനപര്യാപ്തത കൈവരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വര്‍ഷാവര്‍ഷം നല്‍കുന്ന ബജറ്റ് വിഹിതം കൊണ്ടാണ്. സ്വകാര്യ ബാങ്കുകള്‍ ഓഹരി മാര്‍ക്കറ്റില്‍നിന്ന് മൂലധനം സമാഹരിക്കുന്നു. സഹകരണ ബാങ്കുകള്‍ക്കാകട്ടെ ഇത്തരമൊരു സാഹചര്യമില്ല. ഗ്രാമീണതലത്തില്‍ സഹകരണ ബാങ്കുകള്‍ പ്രാഥമിക സര്‍വീസ് സഹകരണബാങ്കുകളില്‍ അംഗത്വമെടുക്കാന്‍ നല്‍കേണ്ട പത്തുരൂപയുടെ ഓഹരിയാണ് സഹകരണ ബാങ്കുകളുടെ മൂലധനം. പ്രാഥമിക ബാങ്കുകള്‍ ഇങ്ങനെ സമാഹരിക്കുന്ന ഓഹരിസംഖ്യയില്‍നിന്ന് ഒരു വിഹിതം അവര്‍ അംഗങ്ങളായിട്ടുള്ള ജില്ലാ സഹകരണ ബാങ്കുകളിലേക്ക് ഓഹരികളായി നല്‍കുന്നു. ജില്ലാ സഹകരണ ബാങ്കുകള്‍ അവര്‍ അംഗങ്ങളായിട്ടുള്ള സംസ്ഥാന സഹകരണ ബാങ്കിലേക്ക് ഇതേ രീതിയില്‍ത്തന്നെ ഓഹരി നല്‍കുന്നു. ഇതിനുപുറമെ സംസ്ഥാന സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ ചെറിയതോതില്‍ സഹകരണ ബാങ്കുകള്‍ക്ക് ഓഹരി മൂലധനമായി സഹായം നല്‍കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ സമാഹരിക്കപ്പെടുന്ന ഓഹരി സംഖ്യ ഈ ബാങ്കുകളുടെ റിസ്ക് അസറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിസര്‍വ് ബാങ്ക്/ നബാര്‍ഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച മൂലധനത്തോത് ഉണ്ടാകുക എന്നത് പ്രയാസകരമാണ്. ഇതിനെയാണ് പല മാധ്യമങ്ങളും സഹകരണ ബാങ്കുകളുടെ കാര്യക്ഷമതയില്ലായ്മയോ കെടുകാര്യസ്ഥതയോ ഒക്കെ ആയി വ്യാഖ്യാനിക്കുന്നത്. വാണിജ്യ ബാങ്കുകളും സ്വകാര്യ ബാങ്കും ഇറങ്ങിച്ചെല്ലാന്‍ മടിക്കുന്ന, സാധാരണ ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ധനസ്ഥാപനം എന്ന നിലയില്‍ സഹകരണ ബാങ്കുകള്‍ക്ക് പ്രത്യേകമായി ഒരു "മൂലധന പര്യാപ്തതാ മാനദണ്ഡം" നിര്‍ണയിച്ചു നല്‍കുന്നതിനാവശ്യമായ സമ്മര്‍ദതന്ത്രങ്ങള്‍ രൂപപ്പെടുത്തുക എന്നതായിരിക്കണം ഇക്കാര്യത്തില്‍ കേരളത്തിലെ പൊതുസമൂഹവും ഭരണവും മാധ്യമങ്ങളും സ്വീകരിക്കേണ്ട നിലപാട്.

സംസ്ഥാന സഹകരണബാങ്കിന്റെ ഉത്തവാദിത്തം

ഷെഡ്യൂള്‍ഡ് ബാങ്കിന്റെ പദവിയിലുള്ള അപ്പെക്സ് സഹകരണ ബാങ്കാണ് സംസ്ഥാന സഹകരണബാങ്ക്. 14 ജില്ലാ സഹകരണ ബാങ്കുകളാണ് ഇതിലെ അംഗങ്ങള്‍. സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖലയ്ക്ക് ചുക്കാന്‍ പിടിക്കേണ്ടതും നയപരിപാടികള്‍ ആവിഷ്കരിക്കേണ്ടതും ഈ മേഖലയെ സംരക്ഷിക്കേണ്ടതുമായ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ സംസ്ഥാന സഹകരണ ബാങ്കിനുണ്ട്. എന്നാല്‍, വിവിധ കാരണങ്ങളാല്‍ സംസ്ഥാന ബാങ്കിന് സമീപകാലത്തായി ഈ നിയന്ത്രണവും നേതൃത്വവും നഷ്ടപ്പെടുന്ന കാഴ്ചയാണിപ്പോള്‍. പല ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കിന്റെ നിര്‍ദേശങ്ങള്‍ ബോധപൂര്‍വം ലംഘിക്കുന്നു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് സംസ്ഥാന ബാങ്കിനെ വകവയ്ക്കാതെ നബാര്‍ഡില്‍നിന്ന് നേരിട്ട് കാര്‍ഷികവായ്പയെടുത്തത് ഇതിനുദാഹരണമാണ്. ഇത് ഈ മേഖലയുടെ കെട്ടുറപ്പിനേറ്റ തിരിച്ചടിയാണ്. ഈ മേഖലയുടെ നിലനില്‍പ്പിന് ശക്തിയായി നില്‍ക്കേണ്ട കോഴിക്കോട് ജില്ലാ ബാങ്ക് ഈ പ്രവൃത്തിയിലൂടെ സംസ്ഥാന സഹകരണബാങ്കിനെയും സംസ്ഥാന സര്‍ക്കാരിനെയും വകവയ്ക്കാതെ സഹകരണ ജനാധിപത്യമൂല്യങ്ങള്‍ കളഞ്ഞുകുളിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ ഭരണപരമായ നേതൃത്വവും നിയന്ത്രണവും സംസ്ഥാന സര്‍ക്കാരിനാണ്. സഹകരണ രജിസ്ട്രാറിലൂടെ ഈ നിയന്ത്രണം കാലങ്ങളായി നിര്‍വഹിച്ചുപോരുന്നതുമാണ്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശങ്ങളെ മറികടക്കാനുള്ള പ്രവണത പല സഹകരണബാങ്കുകളും കാണിക്കുന്നു. സഹകരണബാങ്കുകളുടെ ഭരണം ജനാധിപത്യവിരുദ്ധമായ രീതിയില്‍ പിടിച്ചെടുത്ത് അധികാരം കൈയാളുന്നവര്‍തന്നെ സര്‍ക്കാരിന്റെ തീരുമാനങ്ങളെ അട്ടിമറിക്കുന്നു. ഇതിന് വളംവച്ചുകൊടുക്കുന്നതാകട്ടെ നബാര്‍ഡും. സഹകരണ ബാങ്കിങ് മേഖലയില്‍ നിലനില്‍ക്കുന്ന ത്രിതല സംവിധാനം പൊളിച്ച് സഹകരണ ബാങ്കുകളുടെ സംഘടനാശേഷിയെ ഇല്ലാതാക്കുക എന്ന ഉദാരവല്‍ക്കരണ കാഴ്ചപ്പാടാണ് നബാര്‍ഡ് നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിനെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ അമാന്തിച്ചുകൂടാ.

നബാര്‍ഡ്: ഏറ്റവും വലിയ ശത്രു

1982ല്‍ നബാര്‍ഡ് രൂപീകരിക്കുന്ന കാലത്ത് രാജ്യത്ത് വിതരണം ചെയ്തിരുന്ന മൊത്തം കാര്‍ഷികവായ്പയില്‍ 80 ശതമാനവും സഹകരണ ബാങ്കുകളിലൂടെയായിരുന്നു. എന്നാല്‍, ഇന്ന് അത് 17 ശതമാനം മാത്രമാണ്. ഈ കണക്കുകള്‍തന്നെയാണ് നബാര്‍ഡ് സഹകരണ ബാങ്കുകളെ സഹായിക്കുകയല്ല മറിച്ച് തകര്‍ത്തുകൊണ്ടിരിക്കുകയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവ്. 2013-14 സാമ്പത്തികവര്‍ഷം നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 1000 കോടി രൂപയുടെ കാര്‍ഷികവായ്പ നബാര്‍ഡ് നിഷേധിച്ചത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ബാങ്കിങ് മേഖലയില്‍ വ്യാപകമായി നടപ്പാക്കുന്ന ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണനയങ്ങള്‍ സഹകരണമേഖലയില്‍ നടപ്പാക്കുക എന്ന ലക്ഷ്യം മാത്രമാണ് നിലവില്‍ നബാര്‍ഡിനുള്ളത്. ഈ സ്ഥാപനം വെറുമൊരു ലാഭകേന്ദ്രീകൃത സ്ഥാപനമായി മാറിയിരിക്കുന്നു. ഭൂരിഭാഗം ഉദ്യോഗസ്ഥരും നവലിബറല്‍ നയങ്ങളുടെ നടത്തിപ്പുകാരും. ഇവരുടെ നയങ്ങള്‍ക്ക് അല്‍പ്പമെങ്കിലും പ്രതിബന്ധം സൃഷ്ടിച്ചിരുന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനമായിരുന്നു. ഇതാണ് അവ ശിഥിലമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം നബാര്‍ഡ് നേതൃത്വത്തില്‍ നടപ്പാക്കിയ കോര്‍ ബാങ്കിങ് സംവിധാനം നമ്മുടെ സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കാനുള്ളത് തന്നെയാണ്. വളരെ പഴകിയ ഒരു സോഫ്റ്റ്വെയര്‍ വേര്‍ഷന്‍ ഉപയോഗിക്കുക വഴി വലിയ ഒരു വിഭാഗം ജില്ലാ സഹകരണബാങ്കുകളും സംസ്ഥാന സഹകരണബാങ്കും നേരിടുന്ന സാങ്കേതികപ്രശ്നങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിരുന്നോ എന്ന കാര്യം അന്വേഷിക്കണം. സഹകരണ ബാങ്കിങ് മേഖല ശക്തമായി നിലനില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. കേരളവികസനത്തിന്റെ നാഴികക്കല്ലും വഴികാട്ടിയുമാണ് ഈ മേഖല. അതികര്‍ക്കശ നിയമങ്ങളും അനാവശ്യ ഇടപെടലുകളും നടത്തി അതിന്റെ ഭാവി അപകടപ്പെടുത്താന്‍ വിവിധ കോണുകളില്‍നിന്നുണ്ടാകുന്ന ആസൂത്രിതനീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കണം. (മുന്‍ സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റാണ് ലേഖകന്‍)

*
എം മെഹബൂബ് deshabhimani 30-04-2014

No comments: