Wednesday, May 28, 2014

പ്രകൃതിയെയും കൃഷിയെയും സംരക്ഷിക്കുക

കോര്‍പറേറ്റ് നിയന്ത്രിത മുതലാളിത്ത വികസനവഴി കഴുത്തറുപ്പന്‍ ലാഭത്തിന്റേതാണ്. ലാഭമല്ലാതെ മറ്റൊന്നിനും അവിടെ മൂല്യമില്ല. പ്രകൃതിയും കൃഷിയും വ്യവസായവും ലാഭംനോക്കികളുടെ കൈയിലകപ്പെടുമ്പോള്‍ പ്രകൃതിസംരക്ഷണവും പാരിസ്ഥിതിക സന്തുലനവും ക്രൂരമായി അവഗണിക്കപ്പെടുന്നു. വര്‍ത്തമാനകാലത്ത് പാരിസ്ഥിതികപ്രശ്നങ്ങള്‍ ലോകത്തെയാകെ ഗ്രസിക്കുകയാണ്. അമിതമായ പ്രകൃതിചൂഷണത്തിന് വാതില്‍ തുറന്നിടുന്ന നവ ലിബറല്‍നയങ്ങളുടെ ഉല്‍പ്പന്നവുമാണത്. അത് പരിസ്ഥിതിയെമാത്രമല്ല, കൃഷിയെയും കൃഷിക്കാരെയും ജനജീവിതത്തെയാകെയും ബാധിക്കുന്നു. വികസനത്തിനും വ്യവസായവല്‍ക്കരണത്തിനുമെന്ന പേരില്‍ കൃഷിഭൂമി വന്‍തോതില്‍ ഏറ്റെടുക്കുന്നു. അവശേഷിക്കുന്ന കൃഷിഭൂമി അശാസ്ത്രീയവും നിരുത്തരവാദപരവുമായി വളവും കീടനാശിനികളും ചെന്നുചേരുന്നതിലൂടെ വിഷമയമാകുന്നു. അത് പച്ചപ്പുകളുടെ വളര്‍ച്ച തടയുകയും ജലക്ഷാമത്തിലേക്കും മരുവല്‍ക്കരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ഇതിനുപുറമെ നിയമവിരുദ്ധ ഖനവും വായു- ജല മലിനീകരണവുമടക്കം പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിലൊന്നും കണ്ണുപായിക്കാതെ സ്ഥിതി കൂടുതല്‍ കൂടുതല്‍ വഷളാക്കാനുള്ള ഇടപെടലാണ് കോര്‍പറേറ്റുകളുടേത്.

കൃഷിച്ചെലവിലെ കുത്തനെയുള്ള വര്‍ധനയും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും കുത്തകവല്‍ക്കരിക്കപ്പെട്ട വിപണിയും അവധിവ്യാപാരത്തിലെ ചതിക്കുഴികളും കൃഷിക്കാരെ കൃഷിയില്‍നിന്ന് അകറ്റുകയാണ്. ക്രമരഹിതമായ കാലവര്‍ഷം, വരള്‍ച്ച, പ്രളയം എന്നിങ്ങനെയുള്ള പ്രകൃതിപ്രതിഭാസങ്ങള്‍ കാര്‍ഷികമേഖലയ്ക്ക് നിരന്തരഭീഷണിയായി തുടരുന്നു. പ്രകൃതിദുരന്തങ്ങളെ നേരിടാനോ ദുരന്തബാധിതരാകുന്ന കര്‍ഷകരെ സഹായിക്കാനോ സര്‍ക്കാരിന് മൂര്‍ത്തമായ പദ്ധതികളൊന്നുമില്ല. തത്വദീക്ഷയില്ലാത്ത ജലചൂഷണം രാജ്യത്തിന്റെ ഭൂഗര്‍ഭ ജലസ്രോതസ്സുകളെ വറ്റിക്കുകയാണ്. ശാസ്ത്രീയമോ പ്രായോഗികമോ ആയ ജലവിഭവനിയന്ത്രണ സംവിധാനം എവിടെയുമില്ല. ശുദ്ധജലശേഖരണവും മലിനജലശുദ്ധീകരണവും അടക്കമുള്ള മാര്‍ഗങ്ങള്‍ ഗൗരവമായി പരീക്ഷിക്കപ്പെടുന്നില്ല. പകരം ശുദ്ധജലവിതരണംപോലും ലാഭക്കച്ചവടമാക്കി സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. നദികളുടെ സംയോജനം, വഴിതിരിച്ചുവിടല്‍ തുടങ്ങിയ നടപടികളിലൂടെ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവിതമാര്‍ഗത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍.

കൂടുതല്‍ ഉല്‍പ്പാദനത്തിനുവേണ്ടി നടത്തുന്ന ക്രമരഹിതമായ വളം- കീടനാശിനി പ്രയോഗം കൃഷിച്ചെലവ് വര്‍ധിപ്പിക്കുന്നതിനൊപ്പം ഭൂമിയുടെ മലിനീകരണത്തിനും നിരവധി അനുബന്ധപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ച ഭീകരാവസ്ഥ നമുക്കുമുന്നിലുണ്ട്. കര്‍ഷകരുടെയും ജനങ്ങളുടെയാകെയും ആരോഗ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് വിപണിയില്‍ ലഭിക്കുന്ന ഫലമൂലാദികള്‍. ഈ വിഷവസ്തുക്കളുടെ അപകടം സമൂഹത്തെ സാരമായി ബാധിച്ചിരിക്കുന്നു. കാര്‍ഷികരാജ്യമെന്ന് അഭിമാനംകൊള്ളാറുള്ള ഇന്ത്യയില്‍ വളത്തിന്റെ യുക്തിഭദ്രമായ ഉപയോഗമോ ജൈവവളങ്ങളുടെ വ്യാപനമോ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കാത്ത സുസ്ഥിരമായ ശാസ്ത്രീയ കൃഷിസമീപനത്തിന്റെ പുരോഗതിയോ ഉറപ്പാക്കപ്പെടുന്നില്ല. അതുസംബന്ധിച്ച് ദേശീയതലത്തില്‍ നയരൂപീകരണം ഉണ്ടാകുന്നില്ല. അമിതലാഭം ലക്ഷ്യമിട്ടുള്ള അഗ്രി ബിസിനസാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ജൈവവൈവിധ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുംവിധം ജൈവവൈവിധ്യനിയമത്തിന്റെ പരിധിയില്‍നിന്ന് നിരവധി വിളകളെ ഒഴിവാക്കിയിരിക്കുന്നു. ഇതിലൂടെ വന്‍കിട അഗ്രി ബിസിനസ് കമ്പനികള്‍ക്ക് ലാഭംകൊയ്യാനും പേറ്റന്റ് നേടാനുമുള്ള വാതിലുകളാണ് തുറന്നിടുന്നത്. വനംകൊള്ള വ്യാപകമാണ്. ധാതുലവണങ്ങള്‍ നിയന്ത്രണമില്ലാതെ ചൂഷണംചെയ്യപ്പെടുന്നു.

അമിതലാഭം ലക്ഷ്യംവച്ചുള്ള നിയമവിരുദ്ധ ഖനവും കല്ലെടുപ്പും മരംവെട്ടും അനധികൃത നിര്‍മാണവും തടയാന്‍ ഇടപെടലുകളുണ്ടാകുന്നില്ല. പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റ് മുതലാളിത്തത്തിന് കൊള്ളയടിക്കാനുള്ളതല്ല. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മനുഷ്യന് നിലനില്‍പ്പ് സാധ്യമല്ല. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയെ തന്റെ ജീവിതപുരോഗതിക്കും നിലനില്‍പ്പിനുതന്നെയും വേണ്ടി ഉപയോഗപ്പെടുത്തുന്നു എന്നതാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. മനുഷ്യന്‍ തന്റെ പണിയായുധങ്ങള്‍കൊണ്ടും ബുദ്ധിശേഷികൊണ്ടും പ്രകൃതിയെ തനിക്കുവേണ്ട രീതിയില്‍ മാറ്റിയാണ് ജീവിക്കുന്നത്; അതിനാണ് നിരന്തരം പ്രയത്നിക്കുന്നത്. പ്രകൃതിയില്‍ ഇടപെട്ടുകൊണ്ടല്ലാതെ മനുഷ്യന് ജീവിതമില്ല. ആ ഇടപെടലിന്റെ തോത് ഭ്രാന്തമായി വിപുലപ്പെടുന്നതാണ് ഒരു പ്രശ്നമെങ്കില്‍, പ്രകൃതിസംരക്ഷണത്തിന്റെ മറവില്‍ മനുഷ്യന്റെ ജീവിതസ്വാതന്ത്ര്യംപോലും ഇല്ലാതാക്കാനുള്ള ഭ്രാന്തന്‍ശ്രമങ്ങള്‍ മറുവശത്തും നടക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടടക്കമുള്ള അത്തരം രീതികളും കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിക്കുന്നതാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും കൃഷിയെയും കര്‍ഷകനെയും മാനവരാശിയെ ആകെയും സംരക്ഷിക്കാനുള്ള മുന്‍കൈ ഉയര്‍ന്നുവരേണ്ടത് ഈ സാഹചര്യത്തിന്റെ ആവശ്യമാണ്. 2014ലെ ലോക പരിസ്ഥിതിദിനം (ജൂണ്‍ അഞ്ച്) പരിസ്ഥിതി- കൃഷി സംരക്ഷണദിനമായി ആചരിക്കാനുള്ള അഖിലേന്ത്യാ കിസാന്‍സഭയുടെ തീരുമാനം അതുകൊണ്ടുതന്നെ ശ്ലാഘനീയമായ മുന്‍കൈയാണ്. കിസാന്‍സഭയുടെ ആഹ്വാനം ജനങ്ങളാകെ ഏറ്റെടുക്കേണ്ടതുണ്ട്.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: