Showing posts with label വെനിസ്വേല. Show all posts
Showing posts with label വെനിസ്വേല. Show all posts

Friday, April 25, 2014

വെനസ്വേലയിലും ഉക്രൈന്‍ മോഡല്‍ അട്ടിമറിക്ക് അമേരിക്കന്‍ നീക്കം

വെനസ്വേലയില്‍ അമേരിക്കന്‍ ഒത്താശയോടെ പ്രതിപക്ഷം നടത്തിവരുന്ന അട്ടിമറി സമരം തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടുമാസത്തിലേറെയായിരിക്കുന്നു. അമേരിക്കന്‍ ഭരണാധികാരികളും ലോകമാസകലമുള്ള കോര്‍പറേറ്റ് മാധ്യമങ്ങളും തികച്ചും "സമാധാനപരമായ പ്രതിഷേധം" എന്ന് അവകാശപ്പെടുന്ന ഈ അട്ടിമറി ശ്രമത്തില്‍ ഇതിനകം ചുരുങ്ങിയത് 39 ആളുകള്‍ കൊല്ലപ്പെട്ടു; നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 8 പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ അധികവും വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അനുകൂലിക്കുന്നവരാണ്. അമേരിക്കന്‍ പിന്തുണയോടെ നടക്കുന്ന "സമാധാനപരമായ പ്രക്ഷോഭ"ത്തിന്റെ തനിനിറമാണ് ഇത് വ്യക്തമാക്കുന്നത്. "ദ ഗാര്‍ഡിയന്‍" ദിനപത്രത്തില്‍ ഏപ്രില്‍ 7ന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍, വെനസ്വേലയില്‍ ഉക്രൈന്‍ മാതൃകയിലുള്ള അട്ടിമറി നീക്കമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറൊ പറഞ്ഞത്. വെനസ്വേലയുടെ എണ്ണ സമ്പത്ത് കൈക്കലാക്കലാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ""ഡെമോക്രാറ്റിക് യൂണിറ്റി റൗണ്ട് ടേബിള്‍"" എന്നറിയപ്പെടുന്ന വെനസ്വേലയിലെ പ്രതിപക്ഷ സഖ്യത്തിലെ വലതുപക്ഷ തീവ്രവിഭാഗമാണ് ഈ അക്രമങ്ങള്‍ക്കുപിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

""കീവില്‍ സംഭവിച്ചതിന്റെ ഏറെക്കുറെ തനിയാവര്‍ത്തനമാണ് വെനസ്വേലയിലും നടത്തുന്നത്. നഗരങ്ങളിലെ മുഖ്യപാതകള്‍ ഉപരോധിക്കുക, അങ്ങനെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളെയാകെ നിശ്ചലമാക്കുക - ഭരണം അസാധ്യമാക്കുംവരെ ഇതു തുടരുക; അങ്ങനെയാണല്ലോ ഉക്രൈനിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവര്‍ അട്ടിമറിച്ചത്!"" മഡുറോ "ഗാര്‍ഡിയന്‍" ലേഖകനോട് പറഞ്ഞ വാക്കുകളാണിത്. ഏപ്രില്‍ ഒന്നിന് "ന്യൂയോര്‍ക്ക് ടൈംസി"ല്‍ പ്രസിദ്ധീകരിച്ച "സമാധാനത്തിനായുള്ള ഒരഭ്യര്‍ഥന" എന്ന ലേഖനത്തില്‍ മഡുറൊ പറയുന്നു -""വീണ്ടും അംബാസിഡര്‍മാരെ കൈമാറാനുള്ള ഞങ്ങളുടെ തീരുമാനം അറിയിച്ചുകൊണ്ട് എെന്‍റ ഗവണ്‍മെന്‍റ് പ്രസിഡന്‍റ് ഒബാമയെ സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവണ്‍മെന്‍റ് അനുഭാവപൂര്‍വം പ്രതികരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ"". അതോടൊപ്പം തന്നെ ഏപ്രില്‍ 10ന് വെനസ്വേലയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി മഡുറൊ അവിടത്തെ വലതുപ്രതിപക്ഷവുമായി ഒരു വട്ടം ചര്‍ച്ച നടത്തുകയുമുണ്ടായി. ബ്രസീല്‍, കൊളമ്പിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും വെനസ്വേലയിലെ വത്തിക്കാന്‍ പ്രതിനിധിയായ കര്‍ദിനാള്‍ പെട്രോ പരോളിനുമാണ് ഈ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. ഈ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രസിദ്ധീകരിച്ച പൊതുപ്രസ്താവനയില്‍ തെന്‍റ നിലപാട് മഡുറൊ ഇങ്ങനെ വ്യക്തമാക്കുന്നു -

""രാജ്യം കെട്ടിപ്പടുക്കാനുള്ള സംവാദത്തിേന്‍റതാണ് നമുക്ക് മുന്നോട്ടു നീങ്ങാനുള്ള പാത. ഞങ്ങള്‍ അവരെ സോഷ്യലിസത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തില്ല; ഞങ്ങളെ മുതലാളിത്തത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ അവരും നോക്കണ്ട"".

10-ാം തീയതിയിലെ ചര്‍ച്ചയില്‍, രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കുകയും പ്രതിപക്ഷത്തിെന്‍ അഭിപ്രായം കൂടി കണക്കിലെടുത്ത് നടപ്പിലാക്കാനുള്ള സന്നദ്ധത സര്‍ക്കാര്‍ അറിയിക്കുകയുമുണ്ടായി. സംവാദത്തിന്റെയും സമവായത്തിന്റെയും സമീപനമാണ് സര്‍ക്കാരിേന്‍റത് എന്ന് വ്യക്തം. എന്നാല്‍, പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം, അവര്‍ക്കുപിന്നില്‍ നില്‍ക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളവും ഒറ്റ അജന്‍ഡയെയുള്ളൂ; മഡുറൊ സര്‍ക്കാര്‍ അധികാരം ഒഴിയുക എന്നത്. 2013 ഏപ്രില്‍ 14ന് നടന്ന തിരഞ്ഞെടുപ്പില്‍ 1.7 ശതമാനം വോട്ടിെന്‍റ ഭൂരിപക്ഷത്തില്‍ പ്രസിഡന്‍റായ മഡുറൊയ്ക്കും സോഷ്യലിസ്റ്റ് പാര്‍ടിക്കും അനുകൂലമായി 10 ശതമാനത്തിലധികം വോട്ടിെന്‍റ ഭൂരിപക്ഷമാണ് 2013 ഡിസംബര്‍ 8ന് നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. എന്നാല്‍ ഈ ജനവിധിയൊന്നും അംഗീകരിക്കാന്‍ വെനസ്വേലയിലെ പ്രതിപക്ഷമോ അമേരിക്കയോ തയ്യാറല്ല.

വെനസ്വേലയിലെ തിരഞ്ഞെടുപ്പുകള്‍ ലോകത്തില്‍ ഏറ്റവും മാതൃകാപരവും സുതാര്യവും ലേശംപോലും കൃത്രിമങ്ങള്‍ക്ക് സാധ്യതയില്ലാത്തതും ആണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാകട്ടെ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് നിരീക്ഷകരായ കാര്‍ട്ടര്‍ സെന്‍ററും. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ വെനസ്വേലയില്‍ നടന്ന 19 തിരഞ്ഞെടുപ്പുകളില്‍ 18 എണ്ണത്തിലും ഷാവേസ് പക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നിട്ടും ഇക്കാലമത്രയും വെനസ്വേലയിലെ പ്രതിപക്ഷവും അമേരിക്കയും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജനാധിപത്യവിരുദ്ധമായ സര്‍വമാര്‍ഗങ്ങളും അവലംബിക്കുകയായിരുന്നു. 2013 ഡിസംബറില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ വിജയം വരിച്ചശേഷം, തിരഞ്ഞെടുപ്പ് നടന്ന 10 ദിവസത്തിനുശേഷം തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷക്കാരായ എല്ലാ ഗവര്‍ണര്‍മാരുടെയും മേയര്‍മാരുടെയും യോഗം മഡുറൊ വിളിച്ചുചേര്‍ത്തു; സുരക്ഷ, പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ പ്രദേശവുമായി ബന്ധപ്പെട്ട പരാതികളും അവ സംബന്ധിച്ച അവരുടെ നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനു വേണ്ടിയായിരുന്നു ആ യോഗം വിളിച്ചു ചേര്‍ത്തത്. തുടര്‍ന്ന് ജനുവരിയില്‍ കള്ളക്കടത്തുകാര്‍ക്ക് 14 വര്‍ഷം വരെയും പൂഴ്ത്തിവെയ്പുകാര്‍ക്ക് 12 വര്‍ഷം വരെയും നിയന്ത്രിത വിലയെക്കാള്‍ അധികം വില ഈടാക്കുന്നവര്‍ക്ക് 8 മുതല്‍ 10 വര്‍ഷം വരെയും ജയില്‍ശിക്ഷ ഉറപ്പാക്കുന്ന നിയമം പാസ്സാക്കുകയുണ്ടായി. ഇതിനുപുറമെ വിലനിലവാരത്തെക്കുറിച്ച് നിരന്തരം നിരീക്ഷിക്കാനും നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപത്തിന്റെ 30 ശതമാനത്തിലധികം ലാഭമെടുക്കില്ലെന്നും ഉറപ്പാക്കാനായി ദേശീയാടിസ്ഥാനത്തില്‍ പ്രത്യേകം ഓഫീസ് തന്നെ സ്ഥാപിക്കുകയുമുണ്ടായി. അഴിമതിക്കെതിരെയും കര്‍ക്കശമായ നിലപാടും നടപടികളുമാണ് ഷാവേസിന്റെ കാലത്തെന്നപോലെ മഡുറൊയും സ്വീകരിച്ചത്. 2013ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ബിസിനസ്സുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അഴിമതി നടത്തിയതിന് ജയിലില്‍ അടയ്ക്കപ്പെട്ടത്. അതില്‍ ഭരണകക്ഷിക്കാരായ, പ്രത്യേകിച്ചും മഡുറൊയോട് ഏറെ അടുപ്പമുള്ളവര്‍പോലും ഒഴിവാക്കപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഷാവേസ് അധികാരത്തില്‍ വരുന്നതിനുമുമ്പ് അഴിമതിക്കെതിരെ ഇത്തരം കര്‍ക്കശമായ നടപടികള്‍ സങ്കല്‍പിക്കാന്‍പോലും ആകുമായിരുന്നില്ല. ഫെബ്രുവരി ആദ്യം ദേശീയ അസംബ്ലി പ്രസിഡന്‍റ് ഡയോസ് ഡാഡൊ കാബെല്ലൊയുടെ നേതൃത്വത്തില്‍, സര്‍ക്കാര്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന അവശ്യസാധനങ്ങള്‍ കൊള്ളലാഭമുണ്ടാക്കുന്നതിനായി നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള നടപടികള്‍ ആരംഭിച്ചു. കൊളംമ്പിയയുടെ അതിര്‍ത്തിയിലെ സംസ്ഥാനങ്ങളിലാണ് വലിയ തോതില്‍ കള്ളക്കടത്ത് നടന്നിരുന്നത്. കള്ളക്കടത്തിനായി സംഭരിച്ചിരുന്ന അവശ്യസാധനങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള വലിയൊരു കാംപെയ്ന്‍ തന്നെ നടത്തപ്പെട്ടു. അങ്ങനെ ബിസിനസ്സുകാര്‍ കൃത്രിമമായി സൃഷ്ടിച്ചിരുന്ന ക്ഷാമത്തിനെതിരായ കര്‍ക്കശമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത് സാധാരണ ജനങ്ങളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ചുരുക്കത്തില്‍, മൂലധനശക്തികളും വലതുപക്ഷ രാഷ്ട്രീയക്കാരും ചേര്‍ന്ന് നടത്തിയ, ഇടതുപക്ഷ സര്‍ക്കാരിനെതിരായ "സാമ്പത്തിക യുദ്ധ"ത്തിനെതിരെ മഡുറൊയുടെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണം അഴിച്ചുവിടുകയുണ്ടായി. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും സമാധാനം സ്ഥാപിക്കുകയും അഭിപ്രായസമന്വയം ഉണ്ടാക്കുകയും ചെയ്യുന്നതിനുവേണ്ടി പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ പ്രസിഡന്‍റ് മഡുറൊ സന്നദ്ധനായിട്ടും ഫാസിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിയാന്‍ വലതുപക്ഷം തയ്യാറായിട്ടില്ല.

ലാറ്റിനമേരിക്കയിലെ ജനാധിപത്യ രാഷ്ട്രങ്ങളെയാകെ അസ്ഥിരീകരിക്കാനും മുന്‍പത്തെപ്പോലെ തങ്ങളുടെ ആശ്രിതരാജ്യങ്ങളാക്കി അവയെ നിര്‍ത്താനുമുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്ത്രത്തിന്റെ ഒരു മുഖമാണ് വെനസ്വേലയില്‍ കാണുന്നത്. ഷാവേസിന്റെ നാട്ടില്‍നിന്ന് തുടങ്ങി, തുടര്‍ന്ന് ഇക്വഡോര്‍, ബൊളീവിയ, അര്‍ജന്‍റീന, ബ്രസീല്‍, ഉറുഗ്വേ എന്നീ ക്രമത്തില്‍ ഓരോ രാജ്യത്തായി നിലവിലുള്ള തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റുകളെ അട്ടിമറിക്കുകയാണ് അമേരിക്കന്‍ തന്ത്രം. കൃത്യമായി പറഞ്ഞാല്‍ ക്യൂബന്‍ വിപ്ലവത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് ലാറ്റിനമേരിക്കന്‍ - കരീബിയന്‍ രാജ്യങ്ങളെയാകെ കൊണ്ടുപോവുക- അതായത്, അമേരിക്കയുടെ സാമ്പത്തിക - രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിധേയമായി നില്‍ക്കുന്ന പുത്തന്‍ കോളനിവാഴ്ച സ്ഥാപിക്കുക. ഇതിനെ അവര്‍ സുഹൃദ് രാജ്യങ്ങളുടെ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കും. മഡുറൊ ചൂണ്ടിക്കാണിച്ചതുപോലെ ഉക്രൈനിലെപ്പോലെ ഫാസിസ്റ്റ് സംഘങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതിയാണ് വെനസ്വേലയില്‍ അമേരിക്ക നടപ്പാക്കി വരുന്നത്. ലക്ഷ്യവും ഏറെക്കുറെ സമാനമാണ്. അമേരിക്കന്‍ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള രാഷ്ട്രങ്ങളെയാകെ കീഴ്പ്പെടുത്തുക. അതിന് അതാതിടത്തെ മൂലധന ശക്തികളെ അണിനിരത്തിക്കൊണ്ടുള്ള അട്ടിമറികള്‍ സംഘടിപ്പിക്കുക. ഫാസിസ്റ്റ് സ്വേച്ഛാധിപത്യവാഴ്ച സ്ഥാപിക്കുക. ഉക്രൈനില്‍ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ നവനാസികള്‍ ജനാധിപത്യപരമായ പ്രതിഷേധ പ്രകടനങ്ങളെയാകെ പട്ടാളത്തെ ഇറക്കി ഉരുക്കുമുഷ്ടി ഉപയോഗിച്ചും ഒപ്പം വംശീയവാദികളായ നവനാസി ഭീകരസംഘങ്ങളെ കെട്ടഴിച്ചുവിട്ടും നേരിടുന്നതില്‍നിന്നു തന്നെ സാമ്രാജ്യത്വം ജനാധിപത്യത്തിന്റെ മുഖംമൂടി പോലും ഉപേക്ഷിക്കാന്‍ മടിക്കില്ലെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നു. ഉക്രൈനില്‍ എന്നപോലെ തന്നെ ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘങ്ങളാണ് ഇന്ന് വെനസ്വേലയില്‍ ആക്രമണങ്ങളും അട്ടിമറികളും നടത്തുന്നത്. മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും കഴിഞ്ഞ 15 വര്‍ഷമായി ആവര്‍ത്തിച്ചുള്ള ജനവിധി നേടി അധികാരത്തില്‍ തുടരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടുമുള്ള കടുത്ത ശത്രുതയും പകയും, ജനാധിപത്യ സ്ഥാപനങ്ങളെയും നടപടികളെയും തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, കമ്യൂണല്‍ കൗണ്‍സിലുകള്‍, പൊതുജനാരോഗ്യ - പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനം, സബ്സിഡി നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റോറുകള്‍, ട്രേഡ് യൂണിയനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍, വന്‍കിടബാങ്കുകള്‍, ഭൂപ്രഭുക്കള്‍, സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നല്‍കുന്ന പിന്തുണ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നല്‍കുന്ന ഒത്താശ എന്നിവയാണ് വെനസ്വേലയിലെ ഫാസിസ്റ്റ് സംഘങ്ങളുടെ സവിശേഷത. ഇടത്തരക്കാരായ സര്‍വകലാശാലാ വിദ്യാര്‍ഥികളും ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയ വിഭാഗങ്ങളും സൈനിക ഉദ്യോഗസ്ഥരും മുന്‍ സൈനിക ഉദ്യോഗസ്ഥരുമെല്ലാമാണ് ഈ ഫാസിസ്റ്റ് സംഘങ്ങളില്‍ അണിനിരന്നിട്ടുള്ളത്. അഭിപ്രായ സമന്വയത്തിന്റെയും അനുരഞ്ജനത്തിന്റെയും ഭാഷയും ശൈലിയും ഈ സംഘങ്ങള്‍ക്ക് അന്യമാണ്. ഒത്തുതീര്‍പ്പിനുംസമവായത്തിനുമുള്ള സര്‍ക്കാര്‍ നീക്കങ്ങളെ അവര്‍ സര്‍ക്കാരിന്റെ ദൗര്‍ബല്യമായാണ് കാണുന്നത്. ഉക്രൈനില്‍ ഒരു വശത്ത് അന്താരാഷ്ട്ര സമ്മര്‍ദത്തിലൂടെ ചര്‍ച്ചകള്‍ക്കായി സര്‍ക്കാരിനെ പ്രേരിപ്പിക്കുമ്പോള്‍ മറുവശത്ത് ഭീകരസംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് നാം കണ്ടത്. ഈ ഫാസിസ്റ്റ് സംഘങ്ങള്‍ നടത്തുന്നത് ഒറ്റതിരിഞ്ഞ ആക്രമണങ്ങളല്ല, വൈകാരികമായ പ്രതികരണങ്ങളുമല്ല. കൃത്യമായും കേന്ദ്രീകൃതമായ ആസൂത്രണം അവയ്ക്കെല്ലാം പിന്നിലുണ്ട്. അവ നടപ്പാക്കുന്നതാകട്ടെ വികേന്ദ്രീകൃതമായും.

അമേരിക്കന്‍ ഗവണ്‍മെന്‍റും കോര്‍പറേറ്റ് മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പ്രതിപക്ഷം നടത്തുന്ന സമാധാനപരമായ പ്രകടനങ്ങളെ വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭീകരമായി അടിച്ചമര്‍ത്തുന്നതായാണ്. ഈ "സമാധാനപരമായ പ്രതിഷേധക്കാര്‍" ആശുപത്രികളും വിദ്യാലയങ്ങളും പൊതുയാത്രാ സംവിധാനങ്ങളും സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുമെല്ലാം ബോംബെറിഞ്ഞ് തകര്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. പൊലീസിനും സുരക്ഷാസൈന്യത്തിനുംനേരെ സായുധാക്രമണമാണ് അമേരിക്കന്‍ ഗവണ്‍മെന്‍റ് പറയുന്ന സമാധാനത്തിന്റെ ഈ വെള്ളരി പ്രാവുകള്‍ നടത്തുന്നത്. വലിയ തോതില്‍ അവര്‍ ആയുധങ്ങള്‍ ശേഖരിക്കുകയും കൃത്യമായ ആയുധ പരിശീലനം നേടുകയും ചെയ്യുന്നു. ഉക്രൈനില്‍ നിന്നു വ്യത്യസ്തമായി വെനസ്വേലയില്‍ ഒരു വശത്ത് അനുരഞ്ജനത്തിനും സമവായത്തിനും ശ്രമിക്കുമ്പോള്‍ തന്നെ ഫാസിസ്റ്റ് ഭീകരസംഘങ്ങളെയും അവര്‍ക്കുപിന്നിലുള്ള മൂലധന ശക്തികളെയും തുറന്നുകാണിക്കാനും ജനങ്ങളെ അണിനിരത്തി കര്‍ക്കശമായി നേരിടാനും മഡുറൊ സര്‍ക്കാരിന് കഴിയുന്നുണ്ട്. ലാറ്റിനമേരിക്കയിലെ രാജ്യങ്ങളാകെ ഈ ഭീകരസംഘങ്ങള്‍ക്കെതിരെ വെനസ്വേലയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പിന്നില്‍ അണിനിരക്കുമ്പോള്‍ അമേരിക്കന്‍ ഗവണ്‍മെന്‍റാകട്ടെ ഈ അട്ടിമറിസംഘങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്.

പ്രതിവര്‍ഷം 50 ലക്ഷം ഡോളറാണ് വെനസ്വേലയിലെ അട്ടിമറിസംഘങ്ങള്‍ക്കായി അമേരിക്കയില്‍നിന്നു ലഭിക്കുന്നത്. യുഎസ്എയ്ഡ്, എഡോവ്മെന്‍റ് ഫോര്‍ ഡെമോക്രസി എന്നിവയിലൂടെയാണ് അമേരിക്കന്‍ ഗവണ്‍മെന്‍റ് അട്ടിമറിക്കാര്‍ക്ക് പണമെത്തിക്കുന്നത്. അതുകൊണ്ട് വെനസ്വേലയിലെ ജനങ്ങള്‍ക്ക് സമാധാനവും സ്ഥിരതയും ലഭിക്കണമെങ്കില്‍ അട്ടിമറിക്കാര്‍ക്ക് പിന്തുണ കൊടുക്കുന്ന അമേരിക്കന്‍ ഗവണ്‍മെന്‍റിനെതിരെ അന്താരാഷ്ട്ര പൊതുജനാഭിപ്രായം ഉയരണം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ ഇന്‍റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ വിചാരണ ചെയ്യപ്പെടണം. വെനസ്വേലയിലെയോ ഉക്രൈനിലെയോ ജനങ്ങള്‍ മാത്രം അഭിമുഖീകരിക്കുന്ന വെല്ലുവിളിയല്ല അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍നിന്ന് ഇന്ന് ഉയര്‍ന്നുവരുന്നത്. അത് ലോകജനതയ്ക്കെതിരെ ആകെ ഉയരുന്ന ഭീഷണിയാണ്. ഫാസിസ്റ്റ് സംഘങ്ങളുടെ ഭീകരാക്രമണങ്ങള്‍പോലെ തന്നെ കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന നുണപ്രചരണങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ടും നേരിട്ടുകൊണ്ടും മാത്രമേ ഈ മഹാവിപത്തിനെ ഇല്ലായ്മ ചെയ്യാനാകൂ.

*
ജി വിജയകുമാര്‍

Sunday, March 16, 2014

സമുദ്രങ്ങളെ ഉഴുതുമറിച്ചവന്‍

കരീബിയന്‍ കടല്‍ത്തീരത്തെ തലസ്ഥാന നഗരി, കരാകസില്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് രണ്ടു ദശലക്ഷം വെനസ്വേലക്കാര്‍ ഒത്തുകൂടി. ഒരൊറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ. തങ്ങളുടെ ഭാവിയെ പുതുക്കിപ്പണിത പ്രിയനേതാവിനെ അവ സാനമായി ഒരുനോക്കു കാണണം. ലാറ്റിനമേരിക്കയുടെതന്നെ രാഷ്ട്ര ചരിത്രത്തില്‍ ഇത്ര വലിയ ജനക്കൂട്ടം ഏതെങ്കിലും മുഹൂര്‍ത്തത്തിനു സാക്ഷിയായിട്ടില്ല. ഒരു ജനതയുടെ സ്നേഹവിശ്വാസങ്ങള്‍ അവരുടെ നേതാവിനുമേല്‍ അന്ത്യമാല്യം ചാര്‍ത്തുന്ന ഉജ്വലമുഹൂര്‍ത്തം. വെനസ്വേലയുടെ അനശ്വരനായ ബൊളിവാറിയന്‍ വിപ്ലവകാരി, ഹ്യൂഗോ ഷാവേസ് ഈ ആദരവിനു പാത്രീഭൂതനായതില്‍ അത്ഭുതമില്ല.

വെനസ്വേലയിലെ ഏറ്റവും സാധാരണക്കാരായ ജനതയുടെ ജീവിതം മാറ്റിമറിച്ച ചരിത്രപുരുഷനാണ് ഷാവേസ്. തന്നെ ഗ്രസിച്ച അര്‍ബുദരോഗബാധക്കെതിരെ രണ്ടു വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. ക്യൂബയിലും വെനസ്വേലയിലുമായി രോഗത്തിനെതിരെ പടവെട്ടി. നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായ ഷാവേസിന് പക്ഷേ മാരകരോഗത്തിനുമുന്നില്‍ കീഴടങ്ങേണ്ടിവന്നു. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ആ മരണം ഏറെ തളര്‍ത്തിയത് ക്യൂബയിലെ ജ്വലിക്കുന്ന വിപ്ലവകാരി ഫിദല്‍ കാസ്ട്രോയെ ആണ്. കാസ്ട്രോ പറഞ്ഞു: ""ക്യൂബന്‍ ജനതക്ക് എക്കാലത്തേയും ഉത്തമസുഹൃത്തിനെ നഷ്ടപ്പെട്ടു. എത്ര മഹത്വം നിറഞ്ഞവനാണ് അയാളെന്ന് അയാള്‍ക്ക് തന്നെ അറിയില്ല!"" അതായിരുന്നു ഹ്യൂഗോ ഷാവേസ്. പ്രസിഡന്റായിരിക്കെ, ദി അസോസിയേറ്റ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ""എന്നെ ഏറ്റവും വേദനിപ്പിക്കുന്നത് ദാരിദ്ര്യമാണ്. എന്നെ കലാപകാരിയാക്കിയതും മറ്റൊന്നല്ല"". വെനസ്വേലയുടെ ഏറെ പിന്നോക്കം നില്‍ക്കുന്ന ബരിനസ് സംസ്ഥാനത്തെ സബനെറ്റ പ്രദേശത്ത് കയ്പുനിറഞ്ഞ ജീവിതാനുഭവങ്ങളില്‍ വളര്‍ന്നുവന്ന ആ ബാലന്റെ യൗവനസ്വപ്നങ്ങളില്‍ കുടിയേറിയതാണ് സഹജീവികളുടെ ജീവിതത്തില്‍ ക്ഷേമം കൊണ്ടുവരികയെന്നത്.

സൈനിക വൃത്തിയില്‍ ചേര്‍ന്നിട്ടും, മനസ്സില്‍ അടങ്ങാത്ത തിരയായി അതുയര്‍ന്നുകൊണ്ടിരുന്നു. ദരിദ്രരായ മനുഷ്യരുടെ മോചനമായിരുന്നു അയാളുടെ ജീവിതാഭിലാഷം. 14 വര്‍ഷം മാത്രമാണ് ഹ്യൂഗോ ഷാവേസിന് ഭരണത്തിലിരിക്കാന്‍ സാധിച്ചത്. ആദ്യമായി പ്രസിഡന്റ് പദവിയിലെത്തിയ 1998 മുതല്‍ 2012 വരെ തുടര്‍ച്ചയായി രാജ്യത്ത് നടത്തിയ തെരഞ്ഞെടുപ്പുകളില്‍ എല്ലാം അദ്ദേഹം വിജയിച്ചു. വളരെ വേഗത്തിലായിരുന്നു ഭരണരംഗത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. തന്റെ ജനതയ്ക്കുവേണ്ടി വരാനുള്ള പത്തുവര്‍ഷത്തേയ്ക്കുള്ളതുകൂടി ചെയ്തുവയ്ക്കാന്‍ കിട്ടിയ കാലംകൊണ്ട് അദ്ദേഹത്തിനു സാധിച്ചു. ഉറക്കത്തിനായി 3-4 മണിക്കൂറേ ഷാവേസ് ചെലവഴിച്ചിരുന്നുള്ളൂ. തിരക്കിട്ടു നടത്തിയ ആ ഭരണപരിഷ്കാര നടപടികളുടെ വിജയം ജനചൂഷകരിലുണ്ടാക്കിയ അമ്പരപ്പ് ചില്ലറയല്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനു തടസ്സമുണ്ടാക്കുന്ന നിയമവ്യാഖ്യാനങ്ങളേയും ഭരണസംവിധാനങ്ങളെപോലും ചിലപ്പോള്‍ മറികടന്ന് ഉത്തരവുകള്‍ പ്രയോഗത്തിലെത്തിക്കാന്‍ അദ്ദേഹം നേരിട്ട് രംഗത്തിറങ്ങി.

ഏകാധിപതിയെന്നു സാമ്രാജ്യത്വാനുകൂലികളും വെനസ്വേലയിലെ വന്‍കിട ഭൂവുടമകളും കുത്തക മുതലാളിമാരുടെ പാര്‍ടിയും ആരോപിച്ചു. പക്ഷേ ജനത്തെ ബോധ്യപ്പെടുത്താനായില്ല; ജനവിരുദ്ധനെന്നവര്‍ക്കു സ്ഥാപിക്കാനായില്ല. പ്രസിഡന്റ് പദവിയിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഓരോ തവണയും ഭൂരിപക്ഷം കൂട്ടി നല്‍കി ജനത അദ്ദേഹത്തിന്റെ നയങ്ങള്‍ക്കു പിന്തുണ നല്‍കിക്കൊണ്ടിരുന്നു. തെരഞ്ഞെടുത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള ലോകരാഷ്ട്രങ്ങള്‍ക്കുതന്നെ മാതൃകയായ ഏറ്റവും വലിയ ജനാധിപത്യാവകാശം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. ഈ അവകാശം ഷാവേസിനെ പുറത്താക്കാനുദ്ദേശിച്ച് പ്രതിപക്ഷം ഉപയോഗിച്ചു. ആ റഫറണ്ടത്തിലും ജനം അദ്ദേഹത്തെ കൈവിട്ടില്ല.

തങ്ങള്‍ക്ക് ഒരേയൊരു പ്രസിഡന്റേ ഉണ്ടായിട്ടുള്ളൂ എന്നവര്‍ ഉറപ്പിച്ചു. ക്രിസ്തീയ വിശ്വാസികളേറെയുള്ള വെനസ്വേലയ്ക്ക് "പാവങ്ങളുടെ ക്രിസ്തുവായിരുന്നു ഷാവേസ്" വിങ്ങിപ്പൊട്ടിക്കൊണ്ടാണവര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ മരണാനന്തരയാത്രയില്‍ അണിചേര്‍ന്നത്. കരാകസ് നഗരത്തിലെ ആശുപത്രി മുതല്‍ സൈനിക അക്കാദമി വരെയുള്ള എട്ടു കിലോമീറ്റര്‍ ദൂരം ചുകപ്പുകുപ്പായമണിഞ്ഞുകൊണ്ട് ചുകപ്പുതൊപ്പി (beret) വച്ച് അണിനിരന്ന ആയിരക്കണക്കിനു ഷാവേസ് അനുയായികള്‍ - ഷവിസ്താസ്-ക്കൊപ്പം അവര്‍ ശവമഞ്ചത്തെ അനുഗമിച്ചു. അവസാന ദര്‍ശനത്തിനും റീത്തു സമര്‍പ്പിക്കാനുമെത്തിയവരുടെ നിര നീണ്ടു നീണ്ടുപോയി. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് പൊതുദര്‍ശനം ഏഴുദിവസം അനുവദിക്കേണ്ടിവന്നു.

വെനസ്വേലയിലെ ദരിദ്രരും നിസ്വരും നിരക്ഷരരുമായ ജനതയ്ക്ക് ഹ്യൂഗോ ഷാവേസിനെ എങ്ങനെ മറക്കാനാകും? ലാറ്റിനമേരിക്കയിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളിലൊന്നാണ് വെനസ്വേല. ലോകത്തെ എണ്ണ ഉല്‍പാദകരാഷ്ട്രങ്ങളില്‍ അക്കാലം രണ്ടാം സ്ഥാനത്തും. എന്നാല്‍ ആ രാഷ്ട്രത്തിന്റെ എണ്ണ സമ്പത്തില്‍നിന്നു ലഭിക്കുന്ന സാമ്പത്തികനേട്ടം അനുഭവിക്കാന്‍ കഴിഞ്ഞത് ന്യൂനപക്ഷമായ മുതലാളിമാര്‍ക്കും ഭൂസ്വാമിമാര്‍ക്കും മാത്രം. ലക്ഷങ്ങള്‍ താമസിക്കുന്ന അവിലാക്കുന്നിലെ ചേരിപ്രദേശങ്ങളില്‍ ശുദ്ധജല ലഭ്യതയില്ല, വൈദ്യുതിയില്ല, കുളിമുറി, കക്കൂസ് തുടങ്ങിയ പ്രാഥമികാവശ്യ നിര്‍വഹണത്തിന്റെ കാര്യം പറയാനുമില്ല. അഴുക്കുചാലുകളില്ലാത്തതുകൊണ്ട്, വെള്ളം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധി ഇടക്കിടെ അലട്ടിക്കൊണ്ടിരുന്നു. തനിക്ക് ഉഴുതുമറിക്കേണ്ട വെനസ്വേല കാടും പടലും പിടിച്ച് കിടക്കുകയാണ്. എതിരിടേണ്ടത് നിസ്സാര പ്രവണതകളെയല്ല. ദാരിദ്ര്യം, നിരക്ഷരത, തൊഴിലില്ലായ്മ തുടങ്ങി ദുരിതങ്ങളുടെ അളവ് കൂടുതലാണ്. പക്ഷേ ഷാവേസിന് മാത്രം കഴിയുന്ന രീതിയില്‍ അദ്ദേഹം ഇടപെട്ടു.

ആ രാജ്യത്തെ പുതിയ ലോകത്തേക്കുയര്‍ത്തി. നോക്കുക: 14 വര്‍ഷംകൊണ്ട് എന്തൊക്കെ സാധ്യമായിയെന്ന്. ദാരിദ്ര്യത്തിന്റെ നിലവാരം 70 ശതമാനത്തില്‍നിന്ന് 21 ശതമാനത്തിലേക്ക് താഴ്ന്നു. പരമദാരിദ്ര്യത്തിന്റെ നിലവാരം 40 ശതമാനത്തില്‍ നിന്ന് 7 ശതമാനത്തിലേക്ക് താഴ്ന്നു. സ്കൂള്‍ പ്രവേശനിരക്ക് 6 ദശലക്ഷത്തില്‍നിന്ന് 130 ദശലക്ഷമായി ഉയര്‍ന്നു. പ്രവേശനത്തിന്റെ വളര്‍ച്ച 93.2 ശതമാനം അങ്കണവാടി ഘട്ടം മുതല്‍ സര്‍വകലാശാലാതലംവരെ പഠനം സൗജന്യമാക്കി. 2005ല്‍തന്നെ നിരക്ഷരത നിര്‍മാര്‍ജനം ചെയ്തതായി യുനെസ്കോ പ്രഖ്യാപിച്ചു. സൗജന്യ ആരോഗ്യപദ്ധതി നടപ്പിലാക്കി. പതിനായിരത്തിലേറെ മെഡിക്കല്‍ സെന്ററുകള്‍ സ്ഥാപിച്ചു. ഡോക്ടര്‍മാരുടെ ലഭ്യതയുടെ അളവ് 400 ശതമാനം വര്‍ധിച്ചു.

കുട്ടികളില്‍ പോഷാകാഹാരക്കുറവ് 40 ശതമാനം കുറഞ്ഞു. 95 ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലലഭ്യത. 3 ദശലക്ഷം ഹെക്ടര്‍ ഭൂമി, ഭൂരഹിതരായ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്തു. ആദിവാസികള്‍ക്ക് തിരിച്ചുപിടിച്ചു നല്‍കിയതോ പുതുതായി നല്‍കിയതോ ആയ ഭൂമിയുടെ കണക്ക് ഒരു ദശലക്ഷം ഹെക്ടര്‍, 7 ലക്ഷം വീടുകള്‍ ഭൂരഹിതര്‍ക്കായി പണിതുനല്‍കി. ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചിക (HDI)ഉയര്‍ന്നുനില്‍ക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തിലിന്ന് വെനസ്വേലക്ക് സ്ഥാനമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞത്തില്‍ മുന്നേറിയ ലാറ്റിനമേരിക്കന്‍ രാഷ്ട്രവും വെനസ്വേലയാണ്. 98 ശതമാനം ഭക്ഷ്യവിഭവങ്ങളും ഇറക്കുമതി ചെയ്തിരുന്ന വെനസ്വേലയില്‍ ഇപ്പോളത് 30 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ ഉപഭോഗമാകട്ടെ ഇരട്ടിയാവുകയും ചെയ്തു.

5 ദശലക്ഷം പൗരന്മാര്‍ക്ക് സൗജന്യ ഭക്ഷണവിതരണം നടത്തുന്നുണ്ട്. നികുതിവരുമാനം ഗണ്യമായ നിരക്കില്‍ വര്‍ധിച്ചു. ദേശസ്വാതന്ത്ര്യത്തിന്റെ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് ഇതെല്ലാം വായിച്ച് അത്ഭുതപ്പെടാം. 14 വര്‍ഷം കൊണ്ട് എന്തു മാന്ത്രികതയാണ് ഹ്യൂഗോ ഷാവേസ് ചെയ്തത് എന്നന്വേഷിക്കണം. കാറ്റാടിയന്ത്രങ്ങളോടു യുദ്ധം പ്രഖ്യാപിച്ച ഡോണ്‍ ക്വിക്സോട്ടിന്റെ വലിയ ആരാധകനായിരുന്നു ഷാവേസ്. ഒരിക്കല്‍ "ഡോണ്‍ക്വിക്സോട്ട്" എന്ന നോവല്‍ ഒരു ദശലക്ഷം കോപ്പി അച്ചടിച്ച് രാജ്യത്തെ നവസാക്ഷരര്‍ക്കായി വിതരണം ചെയ്യുകവരെ ഉണ്ടായി. ക്വിക്സോട്ടിനെ ആരാധിച്ച ഷാവേസിന് പക്ഷേ, ദാരിദ്ര്യം, അജ്ഞത, നിരക്ഷരത, അഴിമതി, കെടുകാര്യസ്ഥത ഇവയോടുള്ള യുദ്ധം സാങ്കല്‍പികമായിരുന്നില്ല. ജീവിതാനുഭവങ്ങള്‍ ഒപ്പം രാഷ്ട്രചരിത്രം, ലോകവിപ്ലവങ്ങളെ അടുത്തറിയല്‍, മാറ്റത്തിന്റെ തത്വശാസ്ത്രം തിരിച്ചറിഞ്ഞത്, ലാറ്റിനമേരിക്കയുടെ വിമോചകന്‍ സൈമണ്‍ ബൊളിവറെ നെഞ്ചോടു ചേര്‍ക്കാനായത്, ജനതയോടുള്ള ആത്മസമര്‍പ്പിതമായ മനസ്സ് -ഇവയുടെ പിന്‍ബലത്തിലാണ് ഷാവേസ് വിമോചന യുദ്ധം പ്രഖ്യാപിച്ചത്.

ഇവയിലേറെയും ഷാവേസിനെ പ്രചോദിപ്പിച്ചത് സ്വന്തം ജനതയുടെ വിമോചനപോരാട്ടത്തിന്റെ പാരമ്പര്യവും വിമോചന പോരാളികളും തന്നെ. ദേശചരിത്രത്തില്‍നിന്നു നിറച്ച ഇന്ധനവുമായാണ് തത്വചിന്താ പദ്ധതികള്‍ ആവിഷ്കരിച്ചതും പ്രയോഗത്തിലെത്തിച്ചതും. ഷാവേസിനെ നയിച്ച നിറവെളിച്ചം, സംശയം വേണ്ട സൈമണ്‍ ബൊളിവര്‍ തന്നെ. ബൊളിവര്‍ തെളിയിച്ച തീജ്വാലയിലെ പ്രകാശത്തിലാണ് ഷാവേസ് വെനസ്വേലയെ ഉഴുതുമറിച്ചതെന്നു പറയാം. ഷാവേസിന്റെ വിപ്ലവപദ്ധതി രാഷ്ട്രനിയമം, രാഷ്ട്രീയ പ്രസ്ഥാനം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, എന്നുവേണ്ട നിരവധി പദ്ധതികളില്‍ ബൊളിവര്‍ നിറഞ്ഞുനിന്നു. ബൊളിവറിന്റെ ആശയങ്ങളോട് കടുത്ത പ്രതിബദ്ധത എതിര്‍പക്ഷത്തിനു പരിഹാസവിഷയമായിരുന്നു. ഇക്കാര്യം ചെഗുവേരയുടെ മകള്‍ അലീനയുമായി നടത്തിയ ഒരു അഭിമുഖത്തില്‍ ഷാവേസ് ഓര്‍മിക്കുന്നുണ്ട്. ""ഷാവേസിന് വട്ടാണ്"" എന്ന് അവര്‍ പ്രചാരണം അഴിച്ചുവിട്ടു. അവര്‍ വീണ്ടും വീണ്ടും വിളിച്ചുപറഞ്ഞു. ""ആ ഷാവേസ് ഭ്രാന്തനാണ്. അയാളെക്കുറിച്ചുള്ള ഏറ്റവും പുതിയ തമാശ കേള്‍ക്കണോ? ഭക്ഷണത്തിനുമുമ്പ് പട്ടാള യൂണിഫോം ധരിച്ചു മേശയുടെ മുമ്പിലിരിക്കും. ഭാര്യ വിളമ്പിക്കൊടുക്കും. പക്ഷേ മേശയുടെ മുഖ്യഭാഗത്ത് ആരേയും ഇരുത്തുകയില്ല. എപ്പോഴും സീറ്റ് ഒഴിച്ചിട്ടിരിക്കും. അതു സൈമണ്‍ ബൊളിവറുടെ കസേരയാണത്രേ! ബൊളിവറിനുവേണ്ടി ഭക്ഷണം തയ്യാറാക്കാനും അയാള്‍ പറയുമെന്നു കേള്‍ക്കുന്നു!"" ഇങ്ങനെയെല്ലാമാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഇതൊന്നും ഷാവേസിനെ പുറകോട്ട് വലിച്ചില്ല.

സ്പാനിഷ് ശക്തിയില്‍നിന്നു പോരാടി മോചിപ്പിച്ച ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളോടും അവിടുത്തെ ജനതയോടുമുള്ള പ്രതിബദ്ധത ഷാവേസിന്റെ സിരകളിലേക്കു പടര്‍ന്നുകയറിയിരുന്നു. ഷാവേസ് വിജയകരമായി നടപ്പിലാക്കിയ - ബൊളിവാറിയന്‍ വിപ്ലവ പ്രക്രിയയുടെ കാതലെന്തെന്ന് ചുരുക്കി പരിശോധിച്ചാല്‍ അതിപ്രകാരമാണ്. ഭരണഘടനാ സൃഷ്ടി രാഷ്ട്രീയത്തില്‍ സജീവമാകുന്ന കാലം മുതലേ ജനപക്ഷത്തു നില്‍ക്കുന്ന ഭരണഘടന നിര്‍മിക്കണമെന്നത് ഷാവേസിന്റെ മുഖ്യലക്ഷ്യമായിരുന്നു. ഭൂസ്വാമിമാര്‍ നിര്‍മിച്ച ഭരണഘടനയാണ് 1961 മുതല്‍ വെനസ്വേല ഭരണക്രമം അടിസ്ഥാന പ്രമാണമായി സ്വീകരിച്ചത്. 1811 മുതല്‍ 1961 വരെയാകട്ടെ വെനസ്വേലയ്ക്ക് 26 ഭരണഘടന ഉണ്ടായിരുന്നതായും ചരിത്രം പറയുന്നു. ഭൂപ്രഭുവര്‍ഗത്തെയും സഖ്യകക്ഷികളെയും സഹായിക്കുന്ന ഭരണഘടന തകര്‍ക്കണമെന്നും പകരം എല്ലാ പൗരന്മാര്‍ക്കും തുല്യതയും ജീവിതസുരക്ഷയും (വിദ്യാഭ്യാസം, ആരോഗ്യം തൊഴില്‍ മേഖലകളില്‍) വാഗ്ദാനം ചെയ്യുന്നവയും ആദിവാസികളുടെ അവകാശങ്ങള്‍, പരിസ്ഥിതി സംരക്ഷണം, സ്ത്രീ സമത്വം എന്നിവ ഉറപ്പു വരുത്തുന്നതുമായ ഭരണഘടനയ്ക്കായി ഷാവേസ് പ്രചാരണം നടത്തി. പുതിയ യുഗത്തില്‍ ഭരണഘടന അപ്പാടെ മാറ്റിത്തീര്‍ക്കണമെന്നതിനു വകുപ്പില്ലെന്ന എതിര്‍വാദങ്ങളെ ഖണ്ഡിക്കുക പ്രയാസകരമായിരുന്നെങ്കിലും ഷാവേസിന്റെ കൂര്‍മബുദ്ധിയും ചരിത്രബോധവും അതിനു പരിഹാരം കണ്ടെത്തി.

ജനഹിത പരിശോധനയാണ് ഇവിടെ പോംവഴിയെന്ന് പ്രഖ്യാപിച്ചു. അതും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോള്‍ ഷാവേസ് ഇതിനെ നേരിട്ടു. ""പരമാധികാരം ജനങ്ങള്‍ക്കാണ്, തെരഞ്ഞെടുക്കുന്ന അധികാര സ്ഥാപനങ്ങളിലൂടെ ജനങ്ങള്‍ അവരുടെ അധികാരം പ്രയോഗിക്കുന്നു"". ഇപ്രകാരം നിലവിലുള്ള ഭരണഘടനയിലെ ഒരു വകുപ്പ് പറയുന്നുണ്ട്. ഈ വകുപ്പാണ് ഉപയോഗിക്കുന്നതെന്ന് പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ-നിയമമേഖലകളില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നുവെങ്കിലും ഷാവേസിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുക വഴി, പുതിയ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയെന്ന ആശയത്തെ ജനം അംഗീകരിച്ചുകഴിഞ്ഞിരുന്നു. 1999 ഫെബ്രുവരി രണ്ടിന് പ്രസിഡന്റ് പദവി ഏറ്റെടുത്ത് ആദ്യം ചെയ്തത് പുതിയ ഭരണഘടനയ്ക്കായുള്ള ജനഹിത പരിശോധനക്കുവേണ്ടിയുള്ള ഉത്തരവ് ഒപ്പുവയ്ക്കലാണ്. ഈ ഉത്തരവിനെതിരെ ഇരുപത്തിയഞ്ചു വാദമുഖങ്ങളുമായി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ജനഹിത പരിശോധനയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ട് വിധി പ്രഖ്യാപിച്ചു. ജനഹിത പരിശോധനയില്‍ 88 ശതമാനം ജനങ്ങളും അനുകൂലിച്ചു. കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി രൂപീകരിച്ചു. തുടര്‍ന്ന് അംഗീകരിച്ച ഭരണഘടനയാണ് ഹ്യൂഗോ ഷാവേസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിത്തറയായത്. ഭരണഘടന റിപ്പബ്ലിക് ഓഫ് വെനസ്വേലയെ "ബൊളിവറിയന്‍ റിപ്പബ്ലിക്ക് ഓഫ് വെനസ്വേല" എന്ന് പുനര്‍നാമകരണം ചെയ്തു. പതാകയില്‍ ബൊളിവറെ ആദരിച്ചുകൊണ്ട് ഒരു നക്ഷത്രംകൂടി തുന്നിച്ചേര്‍ക്കുകയും ചെയ്തു.

വ്യവസായങ്ങളുടെ ദേശസാല്‍ക്കരണം

വിഭവസമ്പന്നമായ വെനസ്വേലയില്‍ വര്‍ധിച്ചുവരുന്ന ധനിക-ദരിദ്രവ്യത്യാസം ഏതു സാമൂഹിക പരിഷ്കര്‍ത്താവിന്റെയും ശ്രദ്ധ ആകര്‍ഷിക്കും. വിഭവങ്ങളിലുള്ള ആധിപത്യവും ലാഭം കൊയ്യുന്നതും ന്യൂനപക്ഷമാണ്. ഇതവസാനിപ്പിക്കാതെ പൊതുഖജനാവിലേക്കു പണം എത്തില്ലെന്നു മനസ്സിലാക്കി ആദ്യമേതന്നെ എണ്ണ സമ്പത്തിന്റെ പരിപൂര്‍ണ നിയന്ത്രണം സര്‍ക്കാരിനാണെന്നു പ്രഖ്യാപിച്ചു. അതിനുള്ള ശ്രമങ്ങള്‍ അധികം വൈകാതെ ഫലം കണ്ടു.  PDVSA എന്ന പൊതുമേഖലാ എണ്ണഖനക്കമ്പനിയിലെ സമരവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ഇതിനു നിമിത്തമായി. എണ്ണക്കമ്പനികളുടെ ദേശസാല്‍ക്കരണം ശക്തമാക്കുകയും ഹൈഡ്രോകാര്‍ബണ്‍ നിയമം 2001 പ്രകാരം സ്വകാര്യകുത്തകകളുമായുള്ള കരാറുകള്‍ പുനരാലോചനക്കു വിധേയമാക്കുകയും ചെയ്തു. എണ്ണ സമ്പത്തു കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടു. പലരേയും ഇളക്കി പ്രതിഷ്ഠിച്ചു. ജനക്ഷേമതല്‍പരരും വിശ്വസ്തരുമായവരെ നിയമിച്ചു. അങ്ങനെ ലഭിച്ച സാമ്പത്തികമിച്ചം സാമൂഹ്യദൗത്യങ്ങള്‍(Social Missions) ക്കായി വിനിയോഗിച്ചു.

ഭൂപരിഷ്കരണം

മറ്റൊരു നിര്‍ണായക വികസനതന്ത്രം 2001ല്‍ ഭൂനിയമം നടപ്പിലാക്കിയതാണ്. ലാറ്റിഫ്ണ്ടിയോസ് എന്ന പേരിലറിയപ്പെടുന്ന വന്‍കിട എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തു ഭൂരഹിതര്‍ക്കു വിതരണം ചെയ്തു.

ഭരണഘടന ആര്‍ട്ടിക്കിള്‍ 15 വ്യക്തികള്‍ക്ക് ഭൂവുടമസ്ഥത ഉറപ്പു നല്‍കുന്നു. ഒപ്പം പൊതുതാല്‍പര്യാര്‍ഥം നിയന്ത്രണാധികാരം സര്‍ക്കാരിനാണുതാനും. ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്തു. ഇപ്രകാരം 7.7 ദശലക്ഷം ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഗ്രാമീണ തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ എന്നിവര്‍ക്കിടയില്‍ വിതരണം ചെയ്തു. വലിയൊരളവ് ഭൂമി സര്‍ക്കാര്‍ ഫാമുകള്‍ക്കും ഭക്ഷ്യഗവേഷണ സ്ഥാപനങ്ങള്‍ക്കും നല്‍കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഭൂവിനിയോഗം പരമാവധിയാക്കല്‍തന്നെ ലക്ഷ്യം. 2010ല്‍ വെനസ്വേലന്‍ നാഷണല്‍ അസംബ്ലി ഭൂനിയമം വീണ്ടും പരിഷ്കരിച്ചു. ഭൂരഹിത കര്‍ഷകര്‍, കൃഷിക്കാരുടെ കൂട്ടായ്മകള്‍ തുടങ്ങി കൃഷിയോഗ്യമായ ഭൂമി കൃഷിചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന പദ്ധതികളിലൂടെ തുടക്കമായി. ആഭ്യന്തര കൃഷി ഉല്‍പാദനത്തിനായി ഭൂമി നല്‍കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ധനവായ്പയടക്കം സഹായമെത്തിക്കാന്‍ മിഷന്‍ അഗ്രോ വെനസ്വേലയ്ക്കു തുടക്കമിട്ടു. ഭക്ഷ്യസ്വയം പര്യാപ്തതയായിരുന്നു ലക്ഷ്യം. സാമൂഹ്യ നീതിയും തുല്യതയും ബ്രസീലിലെ പൊര്‍ട്ടോ അലെഗ്രയില്‍ നടന്ന ലോകസോഷ്യല്‍ ഫോറത്തിന്റെ (2005) 5-ാം വേദിയില്‍ വച്ചാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സോഷ്യലിസത്തെക്കുറിച്ച് ഷാവേസ് പ്രസ്താവിക്കുന്നത്. നവഉദാരീകരണ സമ്പദ്വ്യവസ്ഥക്കു ബദലായി ഷാവേസ് ഉയര്‍ത്തിയ ഈ മുദ്രാവാക്യം ഇന്നു ലാറ്റിനമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും പ്രതീക്ഷയോടെ നോക്കിക്കാണുന്ന ആശയമാണ്.

  ന്യൂനപക്ഷത്തിന്റെ സുഖഭോഗങ്ങളിലും ഭൂരിപക്ഷത്തിന്റെ ചൂഷണത്തിലും ഊന്നുന്ന സമ്പദ്ക്രമത്തെ പിന്തുണയ്ക്കുന്ന മുതലാളിത്തത്തിനു ബദലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം. സോവിയറ്റ് ബ്ലോക്കിന്റെ പതനത്തിനുശേഷം മുതലാളിത്ത, സാമ്രാജ്യത്വശക്തികള്‍ക്ക് ഒരു ബദലെന്ന നിലയില്‍ അതു ഉയര്‍ന്നുവന്നു. നിരവധി പ്രഖ്യാപനങ്ങളിലെന്നപോലെ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കൂടുതല്‍ വിശദീകരിച്ചിരുന്നില്ലെങ്കിലും സാമൂഹികനീതിയിലും തുല്യതയിലും അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമമാണ് അതിന്റെ അടിത്തറയെന്നു തെളിയിച്ചുകൊണ്ടാണ്, ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണം സാധ്യമാക്കിയത്. അതിന്റെ മുഖ്യശത്രു സാമ്രാജ്യത്വവും നവ ഉദാരീകരണനയങ്ങളുമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ആഹാരം, വീട് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളില്‍ ജനങ്ങളെ സഹായിക്കുന്ന നിരവധി ദൗത്യസംഘടനകള്‍ (Missions) സാധാരണക്കാര്‍ക്കായി വ്യാപകമാക്കിക്കൊണ്ടാണ് ഷാവേസ് ഇതു നേടിയത്. സമഗ്ര ആരോഗ്യപദ്ധതി (മിഷന്‍ ബാരിയോ അദന്ത്രെ), കൊഴിഞ്ഞുപോയവരുടെ പുനര്‍വിദ്യാഭ്യാസം (മിഷന്‍ റിബാസ്), സാക്ഷരതാ നിര്‍മാര്‍ജനം (മിഷന്‍ റോബിന്‍സണ്‍), ഉന്നതവിദ്യാഭ്യാസം ധനസഹായം (സുകര്‍ മിഷന്‍), ഭക്ഷണസാമഗ്രികള്‍ക്കു സഹകരണസംഘങ്ങള്‍ (മെര്‍സല്‍ മിഷന്‍), സൗജന്യ ചികിത്സ (മിറാക്കിള്‍ മിഷന്‍), വീടു നല്‍കല്‍ (മിഷന്‍ കരസ്), കര്‍ഷകരെ സഹായിക്കല്‍ (സമോറ മിഷന്‍) തുടങ്ങി ഒട്ടേറെ മിഷനുകള്‍.

ഇവയെല്ലാം ചേര്‍ന്നാണ് വെനസ്വേലയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയത്. സൈമണ്‍ ബൊളിവര്‍ മുതല്‍ ദേശസ്വാതന്ത്ര്യത്തിനായി പോരാടിയ നിരവധി ധീരനേതാക്കളുടെ പേരില്‍ ഈ പദ്ധതികള്‍ അറിയപ്പെട്ടു. ഇവ ഷാവേസിന്റെ നയതന്ത്രജ്ഞതയുടെയും പ്രതിബദ്ധതയുടെയും തെളിവായി. എണ്ണ ദേശസാല്‍കരണത്തിലൂടെ ഇതിനെല്ലാം പണം കണ്ടെത്താന്‍ കഴിഞ്ഞു എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് കാര്യക്ഷമമായ പൊതു ഉടമസ്ഥതയുടെ സാമ്പത്തിക ചരിത്രപ്രാധാന്യം നാമറിയുക. ഐക്യ ലാറ്റിനമേരിക്ക സൈമണ്‍ ബൊളിവറുടെ പരാജയപ്പെട്ട സ്വപ്നങ്ങളിലൊന്നാണ് ഐക്യലാറ്റിനമേരിക്ക. സ്പെയിനില്‍നിന്നു മോചിപ്പിച്ച പ്രദേശങ്ങളുടെ ഐക്യമെന്ന ആ സ്വപ്നം ന്യായവുമായിരുന്നു. 47-ാം വയസ്സില്‍ ജീവന്‍ വെടിഞ്ഞ ബൊളിവര്‍ക്ക് ഇതു സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല. ബൊളിവറുടെ പൈതൃകവുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വ്യത്യസ്ത സംഘടനാരൂപങ്ങളിലൂടെ ഇതു സാധ്യമാക്കാന്‍ ഷാവേസ് ശ്രമിച്ചതിന് പിന്നില്‍ ഒരു പ്രധാനലക്ഷ്യമുണ്ടായിരുന്നു.

പുത്തന്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഐക്യനിര കെട്ടിപ്പടുക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം. അതതു രാഷ്ട്രങ്ങളുടെ പരമാധികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ആ ഐക്യത്തിന് അതീവ ശക്തിയുണ്ടെന്ന് തെളിയിക്കുന്ന പല സന്ദര്‍ഭങ്ങളും പിന്നീടുണ്ടായി. ഐക്യ ലാറ്റിനമേരിക്കയ്ക്കായുള്ള ചുവടുവയ്പിനു വഴിയൊരുക്കിയ സംഭവമാണ് 2005-ല്‍ അര്‍ജന്റീനയില്‍ 33 ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തലവന്മാരും അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് ജോര്‍ജ് ബുഷുമൊത്ത് ചേര്‍ന്ന  Free Trade Area of the Americas  സമ്മേളനവും അതിനെ എതിര്‍ത്ത് ഷാവേസിന്റെ നേതൃത്വത്തില്‍ മാര്‍ ഡെല്‍ പ്ലാറ്റയിലെ സോക്കര്‍ സ്റ്റേഡിയത്തില്‍ 2500 പേര്‍ പങ്കെടുത്ത പ്രതിഷേധവും. സ്വതന്ത്ര വിപണിയിലെ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന വാഷിങ്ടണ്‍ സമവായത്തിനു പിന്തുണ തേടിയുള്ള FTAA  സമ്മേളനത്തെ ഷാവേസ് തകര്‍ത്തുകളഞ്ഞു. ബുഷിനെ ഹിറ്റ്ലറോടു ഉപമിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെ, ഫുട്ബോള്‍ ചക്രവര്‍ത്തി മറഡോണയെ ഒപ്പം നിര്‍ത്തി ആ സ്റ്റേഡിയത്തില്‍ വച്ച് FTAA  മരിച്ചതായി ഷാവേസ് പ്രഖ്യാപിച്ചു. മാധ്യമങ്ങളെഴുതി "ഏറ്റവും വലിയ നഷ്ടം ബുഷിനാണ്. മുറിവേറ്റാണ് ആ മുനുഷ്യന്‍ പോയത്. അദ്ദേഹത്തിന്റെ മുഖത്ത് പരാജയം പ്രതിഫലിച്ചിരുന്നു." ഇതിനെ തുടര്‍ന്നുള്ള മുന്നേറ്റമാണ് ALBA - Bolivarian Alliance for the people of our America യ്ക്കു രൂപം നല്‍കിയത്. "പുതിയ പ്രഭാതം" എന്ന അര്‍ഥവുമുണ്ട് ALBA എന്ന വാക്കിന്.

2010 ആകുമ്പോഴേക്ക് ഇതിനെ വിപുലീകരിച്ച് Community of Latin American and Caribbean States (CELAC) രൂപീകരിച്ചു. പരസ്പര സഹകരണത്തിന്റെയും സഹായത്തിന്റെയും പുതിയ നൂറ്റാണ്ടിനു തുടക്കമിട്ടു ഷാവേസ്. ദീര്‍ഘകാലം പരസ്പരം യുദ്ധത്തിലേര്‍പ്പെട്ട അയല്‍രാജ്യം കൊളംബിയ അമേരിക്കയുടെ എതിര്‍പ്പിനെ അവഗണിച്ച് CELACയില്‍ അംഗമായി. അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ ഈ കൂട്ടായ്മകളില്‍നിന്ന് അമേരിക്കയെയും കാനഡയെയും ഒഴിച്ചുനിര്‍ത്താന്‍ ബോധപൂര്‍വം ഷാവേസ് ശ്രമിച്ചിരുന്നു. ലാറ്റിനമേരിക്കയ്ക്കു പൊതുവായി സുക്രെ എന്ന കറന്‍സി, അന്താരാഷ്ട്ര നാണയനിധി (IMT)  യ്ക്കു ബദലായി തെക്കിന്റെ ബാങ്ക് (Bank of the south of), Telasur  എന്ന ടെലിവിഷന്‍ ശൃംഖല, 14 കരീബിയന്‍ രാഷ്ട്രങ്ങള്‍ക്ക് മിതമായ നിരക്കില്‍ എണ്ണ നല്‍കുന്നതിന് Petro Caribe, ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീനയുമായി ചേര്‍ന്ന് കൊളംബിയ, ഇക്വഡോര്‍, പെറു, ബൊളീവിയ ഇവയോടു ചേര്‍ന്ന് Petro Andinaഇവയെല്ലാം ഷാവേസിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ്.

തൊള്ളായിരത്തി എഴുപതുകളില്‍ നടന്ന ഇടതുമുന്നേറ്റങ്ങളെ പലവിധേന അട്ടിമറിച്ച, ക്യൂബയുടെ ധീരപോരാട്ടമൊഴിച്ച്, അമേരിക്കന്‍ എംപയറിന്റെ ദീര്‍ഘവിജയങ്ങള്‍ക്ക് ഈ നൂറ്റാണ്ട് നല്‍കിയ മറുപടിയാണ് ഷാവേസ്. അദ്ദേഹത്തിന്റെ ചങ്കൂറ്റം മറ്റ് ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്ക് കുറേശ്ശെ പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. 2002ല്‍ ഹ്യൂഗോ ഷാവേസിനെ അമേരിക്കന്‍ സഹായത്തോടെ അട്ടിമറിച്ച് അധികാരമേറ്റ കര്‍മോണയുടെ പാവസര്‍ക്കാരിനെ അംഗീകരിക്കാന്‍, മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ തയ്യാറായില്ല. അമേരിക്കക്കൊപ്പം ആ രാഷ്ട്രങ്ങള്‍ അണിനിരന്നില്ല. വെനസ്വേലയുടെ ജനാധിപത്യ തകര്‍ച്ചയെക്കുറിച്ചുള്ള സാമ്രാജ്യത്വ വിലാപങ്ങളെ അവ അംഗീകരിച്ചുമില്ല; എല്‍സാല്‍വദോര്‍ ഒഴിച്ച്. ഷാവേസിന്റെ അന്ത്യരംഗങ്ങള്‍ക്ക് സാക്ഷികളാവാന്‍ ലാറ്റിനമേരിക്കയിലെ എല്ലാ രാഷ്ട്രത്തലവന്മാരും എത്തിച്ചേര്‍ന്നിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കുക. അവര്‍ നല്‍കിയ അംഗീകാരവും ആദരവും പ്രകടമാകുന്നതായിരുന്നു ആ സാന്നിധ്യം. വടക്കേ അമേരിക്കന്‍ മേഖലകളില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ മുന്‍കയ്യെടുത്ത ഷാവേസിനെ കൊളംബിയ പ്രസിഡന്റ് മാനുവല്‍ സാന്റോസ് അനുശോചന പ്രസംഗമധ്യേ പ്രകീര്‍ത്തിച്ചു. എക്കാലവും അമേരിക്കന്‍ വിധേയത്വം പ്രകടമാക്കിയ രാഷ്ട്രമാണ് കൊളംബിയ.

ഷാവേസിന്റെ എല്ലാ ആശയങ്ങളോടും യോജിക്കാന്‍ കഴിയില്ലെങ്കിലും വെനസ്വേലന്‍ ജനതയില്‍ അദ്ദേഹം ചൊരിഞ്ഞ സൗഹൃദവും സ്നേഹവും വിശ്വാസ്യതയും അഭിനന്ദിക്കാതിരിക്കാനാവില്ലെന്നത് ബ്രസീലിലെ മുന്‍പ്രസിഡന്റ് ലുല ദെസില്‍വ പ്രസ്താവിച്ചു. നവസാമ്രാജ്യത്വ വിരുദ്ധചേരി അന്താരാഷ്ട്രതലത്തില്‍ സമാനസ്വഭാവമുള്ള രാഷ്ട്രങ്ങളുടെ വ്യത്യസ്ത പ്രസ്ഥാനങ്ങള്‍ ഷാവേസിന്റെ സ്വപ്നമായിരുന്നു. ഏകധ്രുവ ലോകസങ്കല്‍പത്തെ തകര്‍ത്ത് ബഹുധ്രുവലോകത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ഷാവേസ് ചെയ്തത്. നെഹ്റു, നാസര്‍, എന്‍ക്രൂമ, ടിറ്റോ തുടങ്ങിയവര്‍ ചേര്‍ന്ന് ജാതി, മത, വംശ, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായ പൊതുലക്ഷ്യങ്ങളും ആവശ്യങ്ങളുമായി നടത്തിയ ഐക്യപ്പെടലുകളാണ് അതിന്റെ പ്രചോദനം. അന്താരാഷ്ട്രവേദികളില്‍ ശക്തമായ സാമ്രാജ്യത്വ വിരുദ്ധ സാന്നിധ്യമായി വെനസ്വേല ഉയര്‍ന്നുവന്നു.

സോവിയറ്റ് ചേരിയുടെ തളര്‍ച്ചക്കുശേഷം ക്യൂബ ഒറ്റപ്പെട്ടിരിക്കുന്ന വേളയിലാണ് വെനസ്വേല-ക്യൂബ കൂട്ടുകെട്ട് അന്താരാഷ്ട്രവേദികളില്‍ വരുന്നത്. കൂര്‍മബുദ്ധിയും മൂര്‍ച്ചയുള്ള നാക്കും ചങ്കൂറ്റവും കൈമുതലാക്കി ഷാവേസ് തിളങ്ങി. ഐക്യരാഷ്ട്രസഭയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷിനെ ചെകുത്താനെന്നു വിളിക്കാനുള്ള ധീരതയിലെത്തി അത്. "വാഷിങ്ടണ്‍ സമവായ" (Washington Consensus) ത്തെ പിന്തുടരുന്ന നവഉദാരീകരണശക്തികളെ എതിരിടാന്‍ തന്ത്രപൂര്‍വം കരുക്കള്‍ നീക്കുന്ന രാഷ്ട്രതന്ത്രജ്ഞന്‍ ഈ പ്രവൃത്തികളിലൂടെ ഷാവേസില്‍ തെളിയുന്നു.

ഗള്‍ഫ് യുദ്ധത്തിനുശേഷം നിര്‍ജീവമായ പെട്രോളിയം കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന OPECവിളിച്ചുചേര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മറ്റൊരു വന്‍ നീക്കമാണ്. പ്രസിഡന്റായി അധികം താമസിയാതെ ഇറാനിലും ഇറാഖിലും സന്ദര്‍ശനം നടത്തി. നിയന്ത്രണമില്ലാതെ എണ്ണഖനം നടത്തുകമൂലം ലഭ്യത കൂടി എണ്ണ വില കുറഞ്ഞ സാഹചര്യം അതിജീവിക്കേണ്ടത് വെനസ്വേലയുടെ അടിയന്തരാവശ്യം കൂടിയായിരുന്നു. ഇറാനില്‍നിന്നു വിമാനം വഴി ഇറാഖിലേക്കു യാത്ര ചെയ്യുമ്പോള്‍, പരസ്പരം വ്യോമയാത്ര നിരോധിച്ചിരുന്ന രണ്ടു രാഷ്ട്രങ്ങള്‍ ഷാവേസിനായി സൗഹൃദം നീട്ടുന്ന കാഴ്ചയാണ് കാണാനായത്.

ഗള്‍ഫ് യുദ്ധത്തിനുശേഷം ഇറാഖ് സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രത്തലവന്‍ ഷാവേസ് ആണെന്നും ശ്രദ്ധേയം. അമേരിക്കയുടെ താക്കീതിനെ അവഗണിച്ചായിരുന്നു ഈ സന്ദര്‍ശനം. ഇതിനുമുമ്പ് ക്യൂബന്‍ സന്ദര്‍ശനം വിലക്കാന്‍ ശ്രമിച്ചപ്പോള്‍ അമേരിക്കക്കു നല്‍കിയ ചുട്ടമറുപടി ""വെനസ്വേല ഒരു പരമാധികാര രാഷ്ട്രമാണ്""- എന്ന് ഷാവേസ് ആവര്‍ത്തിക്കുകയുണ്ടായി. ഇസ്രയേല്‍ ഗാസയില്‍ കടന്നുകയറ്റം നടത്തിയതിനെ അപലപിച്ച ഷാവേസ്, വെനസ്വേലയുടെ അംബാസഡറെ ഇസ്രയേലില്‍ നിന്നു പിന്‍വലിക്കുകയുണ്ടായി. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തെയും ഇറാനു നേരെയുള്ള നടപടികളെയും എതിര്‍ത്ത, ചുരുക്കം ചില നേതാക്കളിലൊരാള്‍ ഷാവേസാണ്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് കരാകസിലെ മരണാനന്തര ചടങ്ങില്‍ വികാരഭരിതനായി വിതുമ്പിയതിനു കാരണം മറ്റൊന്നാകില്ല. അവിടെവച്ച് അദ്ദേഹം പറഞ്ഞു: ""ഷാവേസ് പ്രതീകാത്മകമായി മാത്രമേ മരിച്ചിട്ടുള്ളൂ. നീതിമാന്മാര്‍ക്കൊപ്പം ജീസസ് പ്രവാചകനെപ്പോലെ അദ്ദേഹം തിരിച്ചുവരുമെന്നതില്‍ യാതൊരു സംശയവുമില്ല"". ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകം കഴിഞ്ഞ നൂറ്റാണ്ടില്‍ ക്യൂബയാണെങ്കില്‍ ഈ നൂറ്റാണ്ടിലേത് വെനസ്വേലയാണ്. കുറഞ്ഞ കാലത്തെ ഭരണനടപടികള്‍ കൊണ്ടാണ് ഷാവേസ് ആ സ്ഥാനം നേടിയത്.

അദ്ദേഹത്തിന്റെ മരണശേഷവും ആ ആവേശം നിലനില്‍ക്കുമെന്നതിന്റെ തെളിവുകള്‍ ലാറ്റിനമേരിക്കയില്‍ നിന്നു ലഭിക്കുന്നുണ്ട്. അമേരിക്കയുടെ ചടഅ നടത്തുന്ന ഇന്റര്‍നെറ്റിലെ ചാരപ്പണി ലോകത്തെ അറിയിച്ച എഡ്വേര്‍ഡ് സ്നോഡന് അഭയം നല്‍കാന്‍ നിരവധി ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ തയ്യാറായെന്നത് നിസ്സാര കാര്യമല്ല. അമേരിക്ക മീശ പിരിച്ചാല്‍ വിരളുന്നവരല്ല ഷാവേസിന്റെ അയല്‍പക്കക്കാര്‍ എന്ന നില വന്നിട്ടുണ്ടെന്നര്‍ഥം. ഷാവേസ് ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള അമേരിക്കന്‍ ശ്രമത്തോട് മെക്സിക്കോയുടെ പ്രതികരണം അന്നേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനെ അംഗീകരിച്ചാല്‍ അതു മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും പകരുമെന്നതായിരുന്നു മെക്സിക്കോയുടെ മുന്നറിയിപ്പ്. എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും വാള്‍സ്ട്രീറ്റിന്റെയും ഐഎംഎഫിന്റെ നിര്‍ദേശാനുസരണമുള്ള സ്വതന്ത്ര വിപണി വിപ്ലവം തകരുന്നതിന്റെയും പുരോഗമന സ്വഭാവമുള്ള സര്‍ക്കാരുകള്‍ ലാറ്റിനമേരിക്കയില്‍ ഉയര്‍ന്നുവരുന്നതിന്റെയും കാഴ്ചകളാണ് തുടര്‍ന്ന് വന്നത്.

2002 ഒക്ടോബറില്‍ ചരിത്രത്തിലാദ്യമായി തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധി ലുല ദെ സില്‍വ ബ്രസീലിന്റെ പ്രസിഡന്റായി. അതിനെതുടര്‍ന്ന് അര്‍ജന്റീനയില്‍ നെസ്റ്റര്‍ കിര്‍ച്ചനര്‍ പ്രസിഡന്റായി. 2004 നവംബറില്‍ ഉറുഗ്വേയില്‍ പ്രഥമ സോഷ്യലിസ്റ്റ് പ്രസിഡന്റായി തബരെ വസ്ക്യൂ തെരഞ്ഞെടുക്കപ്പെട്ടു. അത്ഭുതപ്പെടുത്തിയ വിജയം തദ്ദേശ വംശജനായ ഇവ മൊറേല്‍സ് ബൊളീവയുടെ പ്രസിഡന്റായി 2005 ല്‍ വിജയിച്ചതാണ്. ഷാവേസിന്റെ ജീവിതത്തിനും ചിന്തകള്‍ക്കും സാഹോദര്യം ഉള്ളയാളാണ് മൊറേല്‍സ്. ബസ്സില്‍നിന്നും പുറത്തേക്കെറിയുന്ന പഴത്തൊലികള്‍ക്ക്വേണ്ടി പുറകെ ഓടിയിരുന്ന ഒരു ബാല്യം ഇവ മൊറേല്‍സിനുമുണ്ട്. അതല്ലാതെ തിന്നാന്‍ മറ്റൊന്നുമില്ലായിരുന്നു. അത്ര ദരിദ്രമായിരുന്നു ജീവിതാവസ്ഥ. ഇടതിന്റെ ഉയിര്‍പ്പു തുടര്‍ന്നുകൊണ്ടേയിരുന്നു. ചിലിയില്‍ ആദ്യമായി സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള വനിത പ്രസിഡന്റായി. 2006ല്‍ നിക്കരാഗ്വേയില്‍ ഡാനിയല്‍ ഒര്‍ട്ടേഗയും സാന്റിനിസ്റ്റാ കക്ഷിയും അധികാരത്തിലെത്തി. മാസങ്ങള്‍ക്കുള്ളില്‍ ഇടതു സാമ്പത്തിക വിദഗ്ധനായ ഡോക്ടര്‍ റാഫേല്‍ കൊറിയ ഇക്വഡോറില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

വാഷിങ്ടണ്‍ സമവായത്തിന്റെ കടുത്ത വിമര്‍ശകനാണ് റാഫേല്‍ കൊറിയ. ഷാവേസിനെ പോലെ സൈമണ്‍ ബൊളിവര്‍ അദ്ദേഹത്തിന്റെയും പ്രധാന വഴിവിളക്കാണ്. ബൊളിവറിന്റെ സ്വപ്നം 21-ാം നൂറ്റാണ്ടില്‍ സ്വപ്നത്തിനുമപ്പുറമാണ്. അതു അതിജീവനത്തിന്റെ തീരുമാനമാണെന്ന് റാഫേല്‍ കൊറിയ പ്രസ്താവിച്ചു. അമേരിക്കന്‍ ഐക്യനാടുകളുടെ അധീശത്വത്തിനെതിരെ വിവിധ മുന്നണികള്‍ സംഘടിപ്പിക്കുന്നതിന് ഷാവേസിന് പ്രചോദനമേകിയ രാഷ്ട്രീയ പരിവര്‍ത്തനങ്ങളായി ഇവയെ കണക്കാക്കാം.

അമേരിക്ക, കാനഡ എന്നീ രാഷ്ട്രങ്ങളെ മാറ്റിനിര്‍ത്തി ആ ഭൂഖണ്ഡത്തിലെ ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഷാവേസിന്റെ സ്വപ്നപദ്ധതിയായിരുന്നു.  CELAC  ലൂടെ അത് സാധ്യമായി. റൗള്‍ കാസ്ട്രോ അധ്യക്ഷനായ സിലാകിന്റെ 2014ലെ ഉച്ചകോടി ജനുവരി അവസാനവാരം ഹവാനയില്‍ നടന്നു. പരസ്പര സഹകരണം, ലോകസമാധാനം, മനുഷ്യാവകാശ സംരക്ഷണം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയായിരുന്നു ഉച്ചകോടിയിലെ ചര്‍ച്ചാവിഷയങ്ങള്‍. ഇത്തവണത്തെ പുതിയ ചുവടുവെയ്പ് ചൈനയുമായുള്ള വാണിജ്യ-വ്യവസായബന്ധം വികസിപ്പിക്കാനുള്ള കൂട്ടായ തീരുമാനമാണ്. വെനസ്വേല നേരത്തെ എണ്ണഖനത്തില്‍ ചൈനയുമായി സഹകരിച്ചു തുടങ്ങിയിരുന്നു. പിന്നാലെ നിക്കരാഗ്വേ, കോസ്റ്ററിക്ക, മെക്സിക്കോ എന്നിവയും. ഇതു വ്യാപകമാക്കാന്‍ സിലാക് എടുത്ത തീരുമാനം, ഫലത്തില്‍ ലാറ്റിനമേരിക്കന്‍, കരീബിയന്‍ പ്രദേശങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വ അധികാരം കുറച്ചുകൊണ്ടുവരാനുള്ള തന്ത്രപരമായ ഇടപെടലാണ്. ഹ്യൂഗോ ഷാവേസിന്റെ ധീരസ്മരണയും ഫിദല്‍ കാസ്ട്രോയുടെ സാമീപ്യവുംകൊണ്ട് ഉജ്വലമായ ഉച്ചകോടിയില്‍ വെച്ച് കോസ്റ്റാറിക്ക സിലാക്കിന്റെ അധ്യക്ഷപദവി ഏറ്റെടുത്തു. ശക്തമായി മുന്നോട്ടുനീങ്ങുമെന്ന പ്രതിജ്ഞയോടെ, സൈമണ്‍ ബൊളിവര്‍ അസാധ്യമെന്നു പറഞ്ഞത് സാധ്യമാകാന്‍, അമേരിക്കയെ പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് ആ രാഷ്ട്രങ്ങള്‍ ഒന്നടങ്കം. അതിലവര്‍ക്ക് ഊര്‍ജം ഹ്യൂഗോ ഷാവേസിന്റെ ഓര്‍മതന്നെ ധാരാളം. എല്ലാംകൊണ്ടും അസാധാരണവും അപൂര്‍വവുമായ വ്യക്തിത്വമായിരുന്നു ഹ്യൂഗോ ഷാവേസ്. ജോസ് മാര്‍ട്ടി, സൈമണ്‍ ബൊളിവര്‍, ചെഗുവേര, ഫിദല്‍ കാസ്ട്രോ തുടങ്ങിയ ധീരവിപ്ലവകാരികളുടെ നിരയിലാണ് ലാറ്റിനമേരിക്കന്‍ ചരിത്രത്തില്‍ ഷാവേസിന്റെയും സ്ഥാനം. ആ മഹാവിപ്ലവകാരികളില്‍ ജീവിച്ചിരിക്കുന്നത് ഫിദല്‍ മാത്രം.

20-ാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ ഫിദല്‍ കാസ്ട്രോ ഇപ്രകാരം പ്രവചിച്ചു. ""ലാറ്റിന്‍ അമേരിക്കയില്‍ മാറ്റത്തിന്റെ തിരമാല ഉരുണ്ടുകൂടും. പക്ഷേ അത് അടുത്ത നൂറ്റാണ്ടിലായിരിക്കും. ഇപ്പോള്‍ ആ തിരമാല ഉയര്‍ന്നുകഴിഞ്ഞു. മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ നമുക്കു കാണാം"". ഈ പ്രവചനം യാഥാര്‍ഥ്യമാവുകയാണ്. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങള്‍ അതാണ് കാണിക്കുന്നത്. തിരമാലകള്‍ ഉരുണ്ടുകൂടുന്ന കാഴ്ച! കടല്‍ ഇളകിമറിയുകയാണ്. ചൂഷകാധിപത്യത്തെ അത് കടപുഴക്കിയെറിയുമെന്നു തീര്‍ച്ച. ആ കൊടുങ്കാറ്റുയര്‍ത്തിയത്, സംശയമില്ല ഹ്യൂഗോ ഷാവേസ് തന്നെ.

*
എന്‍ ആര്‍ ഗ്രാമപ്രകാശ് (ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ഷാവേസിന്റെ ജീവചരിത്രം - ""കൊടുങ്കാറ്റിനൊപ്പം"" - എന്ന കൃതിയിലെ ഒരു അധ്യായം).

Saturday, December 28, 2013

ഷാവേസിന്റെ സ്വപ്നത്തിലുറച്ച് ലാറ്റിനമേരിക്ക

പോരാട്ടത്തിന്റെ കുന്തമുനയും സംരക്ഷണത്തിന്റെ തണല്‍മരവുമായിരുന്ന ഹ്യൂഗോ ഷാവേസിന്റെ ലോകമാണ് ഇന്ന് ലാറ്റിനമേരിക്ക. ഷാവേസിന്റെ സ്വപ്നം അദ്ദേഹത്തിന്റെ വേര്‍പാടോടെ അവസാനിക്കുന്നില്ല. ഒരു ചരടില്‍ കോര്‍ത്ത മുത്തുകള്‍ കണക്കേ തെക്കനമേരിക്കന്‍ രാജ്യങ്ങളെ ഒറ്റക്കെട്ടായി നിലനിര്‍ത്താനുള്ള ശ്രമം ഷാവേസിന്റെ വേര്‍പാടോടെ അസ്തമിക്കുമെന്ന സാമ്രാജ്യത്വമോഹം പാഴ്ക്കിനാവാണെന്ന് ഇതിനകം വ്യക്തമായിരിക്കുന്നു. ഷാവേസിന്റെ സാന്നിദ്ധ്യത്തേക്കാള്‍ ശക്തിപകരാന്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് കഴിയുമെന്ന് ലാറ്റിനമേരിക്കയിലെ ജനങ്ങളും ഭരണാധികാരികളും ലോകത്തോട് വിളിച്ചുപറയുന്നു. ക്യൂബക്കും വെനസ്വേലക്കും പിന്നാലെ ലാറ്റിനമേരിക്കയുടെ മറ്റ് നാടുകളും കൂടുതല്‍ ചുവക്കുകയാണ്. ബൊളീവിയയില്‍ ഇവോ മെറാലിസും നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗയും ഇക്വഡോറില്‍ റാഫേല്‍ കൊറീയയും ഷാവേസിന്റെ പ്രതിപുരുഷന്മാരാകുന്നു. ബ്രസീലും അര്‍ജന്റീനയും ചിലിയും അടക്കമുള്ള മറ്റ് രാജ്യങ്ങളും ഇടതുപക്ഷമുന്നേറ്റത്തിനൊപ്പം തന്നെ. തന്റെ അഭാവത്തില്‍ ജനങ്ങളെ നയിക്കാന്‍ ഷാവേസ് നിര്‍ദ്ദേശിച്ച നിക്കോളസ് മഡുറോയെ വെനസ്വേലന്‍ ജനതയും ലാറ്റിനമേരിക്കയും ഹൃദയത്തിലേറ്റിയതാണ് പിന്നിടുന്ന വര്‍ഷത്തെ മനോഹരമായ നിമിഷങ്ങളിലൊന്ന്.

അമേരിക്കയും കൂട്ടാളികളും അംഗീകരിച്ചില്ലെങ്കിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സമ്പൂര്‍ണ പിന്തുണയോടെയാണ് വെനസ്വേലയുടെ പ്രസിഡന്റായി നിക്കോളസ് മഡുറോ അധികാരമേറ്റത്. അമ്പതുകാരനായ മഡുറോ ചെറുപ്രായത്തില്‍ തന്നെ സോഷ്യലിസ്റ്റ് ലീഗില്‍ അംഗമായി പൊതുരംഗത്തുണ്ട്. ബസ് ഡ്രൈവറായിരുന്ന അദ്ദേഹം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് ഉയര്‍ന്നുവന്നത്. ഏപ്രില്‍ 14ന് നടന്ന തെരഞ്ഞെടുപ്പില്‍ 2.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഡുറോ വിജയിച്ചത്. ഇത് അംഗീകരിക്കാത്ത പ്രതിപക്ഷം നടത്തിയ അക്രമത്തില്‍ എട്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ജനവിധി അട്ടിമറിക്കാന്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ അതിജീവിച്ചാണ് വെനസ്വേലന്‍ ജനത ഷാവേസിന്റെ ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് വിപ്ലവപാതയില്‍ ഉറച്ചുനിന്നത്. ലാറ്റിനമേരിക്കന്‍ കൂട്ടായ്മ (ഉനസുര്‍) മഡുറോക്കും വെനസ്വേലന്‍ ജനതയ്ക്കും സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷം അക്രമത്തിലേക്ക് നീങ്ങിയെങ്കിലും നൂറു ശതമാനം വോട്ടും ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെ അവര്‍ക്ക് ഉത്തരംമുട്ടി. വോട്ടുകള്‍ വീണ്ടും പരിശോധിക്കണമെന്ന പ്രതിപക്ഷ സ്ഥാനാര്‍ഥി ഹെന്‍റിക് കാപ്രിലെസിന്റെ ആവശ്യത്തെ മഡുറോ ഒരു ഘട്ടത്തിലും എതിര്‍ത്തിരുന്നില്ല. പ്രതിപക്ഷത്തിന്റെ സംശയനിവൃത്തിക്ക് ഏത് തരത്തിലും സഹകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് സാമ്പത്തിക അട്ടിമറിക്കുള്ള സാമ്രാജ്യത്ത്വ-വലതുപക്ഷ ശക്തികളുടെ കുതന്ത്രങ്ങളെ നേരിടാന്‍ സുസജ്ജമായ പദ്ധതികള്‍ ആവിഷ്കരിച്ചാണ് വെനസ്വേല മുന്നേറുന്നത്. ഒരുവര്‍ഷത്തേക്ക് പ്രരിസഡന്റ് നിക്കോളസ് മഡൂറോക്ക് പ്രത്യേക അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. കച്ചവടക്കാരുടെയും വ്യവസായികളുടെയും മറ്റും ലാഭം 15 ശതമാനം മുതല്‍ 30 ശതമാനം വരെയായി നിജപ്പെടുത്തുതാണ് മഡുറോയുടെ ആദ്യ ഉത്തരവ്. വെനസ്വേലയിലെ ഡോളര്‍ വില്‍പ്പന നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുന്നതാണ് മറ്റൊന്ന്. കള്ളപ്പണക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും കുത്തിനുപിടിക്കാന്‍ ആവശ്യമായ നിയമങ്ങള്‍ യഥാസമയം പാസാക്കണമെന്ന് ഷാവേസ് നിര്‍ദ്ദേശിച്ചിരുന്നു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും അവസാനിപ്പിക്കാന്‍ നിരവധി നടപടികള്‍ വെനസ്വേലന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിതരണം അട്ടിമറിച്ച് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കം യഥാസമയം കണ്ടെത്താനും തടയാനും ദേശീയതലത്തില്‍ സമിതിയെ നിയോഗിച്ചു. ക്രമക്കേട് കാട്ടിയ നൂറിലേറെ വ്യവസായികളെ അറസ്റ്റ്ചെയ്യുകയും സാധനങ്ങള്‍ പിടിച്ചെടുക്കുകയുംചെയ്തു.

*
ദേശാഭിമാനി

Friday, April 19, 2013

വെനസ്വേലന്‍ വിപ്ലവം തുടരുന്നു

നിക്കോളാസ് മഡുറൊ വെനസ്വേലയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഹൂഗോ ഷാവേസ് ആരംഭിച്ച വെനസ്വേലന്‍ വിപ്ലവം പുതിയ ഒരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി ഹെന്റിക് കാപ്രിലെസിന്റെ പിന്നിലുണ്ടായിരുന്നത് വോള്‍സ്ട്രീറ്റും ആഗോള കോര്‍പറേഷനുകളുമായിരുന്നു.

ഇത് ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല; ഒരു ജനഹിത പരിശോധനയും കൂടെയായിരുന്നു. ഷാവേസ് വെട്ടിത്തെളിച്ച പുതിയ സോഷ്യലിസ്റ്റ് പാതയിലൂടെ മുന്നോട്ടുപോകണമോ എന്നുള്ളതിനെപ്പറ്റിയുള്ള ഹിതപരിശോധന. സോഷ്യലിസമാണ് വേണ്ടത്, മുതലാളിത്തമല്ല, വെനസ്വേലന്‍ ജനത വിധിയെഴുതി.

ഷാവേസിന് തന്റെ പിന്‍ഗാമിയാരായിരിക്കണമെന്നതില്‍ വ്യക്തതയുണ്ടായിരുന്നു. അതുകൊണ്ട് തെരഞ്ഞെടുപ്പ് വിജയം മഡുറൊയെ സംബന്ധിച്ചിടത്തോളം ഒരു നിയോഗത്തിന്റെ അംഗീകാരമായിരുന്നു. കഴിഞ്ഞ പതിനാലു വര്‍ഷങ്ങളിലെ വിപ്ലവയാത്രയില്‍ പ്രതിസന്ധികളുണ്ടായപ്പോഴൊക്കെ ഷാവേസിനോടൊത്തുനിന്ന് പൊരുതിയത് മഡുറൊ ആയിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിലെ നേരിയ ഭൂരിപക്ഷം മഡുറൊ നേരിടാന്‍ പോകുന്ന വെല്ലുവിളികളെയും പ്രതിലോമശക്തികളുടെ വളര്‍ച്ചയെയും സൂചിപ്പിക്കുന്നു. ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് മഡുറൊയുടെ മുമ്പില്‍. ഷാവേസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ മഡുറൊ ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ വലുതാണ്. ആ പ്രതീക്ഷകള്‍ സഫലീകരിക്കുമോ എന്നതിനോടൊപ്പം പരിശോധിക്കേണ്ടത് അത്തരം പ്രതീക്ഷകള്‍ യാഥാര്‍ഥ്യബോധത്തിന് നിരക്കുന്നതാണോ എന്നുള്ളതത്രെ.

ചരിത്രത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ അവതരിക്കുന്ന അപൂര്‍വവും അതുല്യവുമായ വ്യക്തിത്വങ്ങളിലൊന്നാണ് ഷാവേസ്. ലാറ്റിന്‍ അമേരിക്കന്‍ ചരിത്രത്തില്‍ ബൊളിവര്‍, ചെഗുവേര, കാസ്‌ട്രോ എന്നിവരോടൊപ്പം സ്ഥാനം നേടിയ നേതാവാണ് ഷാവേസ്.ഷാവേസ് കാട്ടിയ വഴിയിലൂടെ പോകാനും നേട്ടങ്ങള്‍ പരിരക്ഷിക്കുവാനും മഡുറൊ ശ്രമിക്കുമെന്ന് തീര്‍ച്ചയാണ്.

നവലിബറല്‍ സമ്പദ്‌വ്യവസ്ഥിതിക്കു ബദലായുള്ളത് സോഷ്യലിസമാണെന്നും അവിടെയെത്തുന്നതിന് മുമ്പുതന്നെ സാമൂഹ്യനീതി ഉറപ്പാക്കാന്‍ കഴിയുമെന്നും ഷാവേസ് കാണിച്ചു. എല്ലാം ആഗോളവിപണിയുടെ കീഴിലാക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുമ്പോള്‍, ഒരു ദേശത്തിന് സാമ്പത്തിക സ്വയം നിര്‍ണായാവകാശമുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഷാവേസ്. ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥിതിക്കു ബദലില്ലെന്ന് പറയുന്നവര്‍, ബദലുകളുടെ അന്വേഷണത്തെപ്പോലും ഭയപ്പെടുത്തുന്നുവെന്ന് ഷാവേസ് വ്യക്തമാക്കി. ബദലുകള്‍ക്കുള്ള ശ്രമങ്ങളെ അടിച്ചമര്‍ത്തുന്ന ആഗോള മൂലധനശക്തികള്‍ക്കെതിരെ തന്നെയായിരുന്നു ഷാവേസിന്റെ വിപ്ലവം. ഈ പാതയിലൂടെയാണ് മഡുറൊ നീങ്ങേണ്ടത്.

''നമുക്കു സോഷ്യലിസത്തെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു- ഒരു പുതിയ സോഷ്യലിസം, മനുഷ്യമുഖത്തുള്ള ഒന്ന്. എല്ലാറ്റിനും മുകളില്‍ യന്ത്രങ്ങളേയോ, ഭരണകൂടങ്ങളേയോ അല്ലാത്തത് പ്രതിഷ്ഠിക്കുക. ഈ സംവാദമാണ് ലോകമെങ്ങും വളരേണ്ടത്'', ഷാവേസ് നിര്‍വചിച്ചു. വിപ്ലവം എളുപ്പമാണെന്നൊന്നും ഷാവേസ് വിചാരിച്ചിരുന്നില്ല. ''കടല്‍ ഉഴുതിമറിക്കുന്നത്ര ശ്രമകരമാണതെന്ന്'' ബോളിവര്‍ പറഞ്ഞത് അദ്ദേഹം ഉദ്ധരിക്കുമായിരുന്നു.

സുവ്യക്തമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഷാവേസിനുണ്ടായിരുന്നു. ഇതിന് ഇനിയും വേണ്ടത്ര വിശകലനമുണ്ടായിട്ടില്ല. ചരിത്രത്തിന്റെയും ക്രിസ്ത്രീയതയുടെയും മാര്‍ക്‌സിസത്തിന്റെയും മൗലികമായ ഒരു കൂടിവരവാണ് ഈ പ്രത്യയശാസ്ത്രത്തില്‍. ചരിത്രമെന്ന് പറയുമ്പോള്‍ ബൊളിവാറിയന്‍ വിപ്ലവചരിത്രമായിരുന്നു. ക്രിസ്തീയത വിമോചന ദൈവശാസ്ത്രജ്ഞന്മാര്‍ ഉയര്‍ത്തിക്കാട്ടുന്ന ദരിദ്രരോടു പ്രത്യേക ആഭിമുഖ്യമുള്ള ക്രിസ്തീയതയായിരുന്നു. മാര്‍ക്‌സിസത്തില്‍ ഏറ്റവും പ്രധാനമായി ഷാവേസ് കണ്ടത് വര്‍ഗസമരമാണ്. വെനസ്വേലന്‍ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ ഇളകാതെ സൂക്ഷിക്കാന്‍ കഴിയുമോ എന്നതാണ് മഡുറൊയുടെ മുമ്പിലെ ഒരു പ്രധാന വെല്ലുവിളി.

ഒരു ദേശത്തിന്റെ വിഭവങ്ങള്‍ ആ ദേശത്തെ ജനങ്ങള്‍ക്കു അവകാശപ്പെടുന്നതാണെന്നും ആ സ്വത്ത് അനുഭവിക്കാനും അതിന്റെ വിനിയോഗം നിര്‍ണയിക്കുവാനുമുള്ള അധികാരം ആ ജനതയുടേതാണെന്നും വരേണ്യവര്‍ഗത്തിനോ, ബഹുരാഷ്ട്ര 'കോര്‍പറേഷനുകള്‍'ക്കോ ഉള്ളതല്ലെന്നുമുള്ള ദേശീയതയുടെ പുതിയ മാനം ഉയര്‍ത്തിക്കാട്ടുവാന്‍ ഷാവേസിന് കഴിഞ്ഞു. വെനസ്വേലയുടെ എണ്ണ സമ്പത്തിന്റെ പുനര്‍വിനിയോഗത്തിലൂടെയാണ് ഷാവേസ് ദാരിദ്ര്യനിര്‍മാര്‍ജനം ചെയ്തതും  സാമൂഹ്യനീതി നേടിയെടുത്തതും. ഇവിടെയും ഷാവേസിന്റെ പാത പിന്തുടരാന്‍ മഡുറൊ പ്രതിജ്ഞാബദ്ധനാണ്.

ഇതിനപ്പുറത്തേക്ക് ഷാവേസ് ഉജ്വല നേതൃത്വം നല്‍കിയ രണ്ടു മണ്ഡലങ്ങളില്‍ എന്തു പങ്ക് വഹിക്കാന്‍ വെനസ്വേലയിലെ പുതിയ ഭരണാധികാരിക്കു കഴിയുമെന്ന ചോദ്യം പ്രസക്തമാണ്. ഒന്ന്, ലാറ്റിന്‍ അമേരിക്കന്‍ ഐക്യവും ഉല്‍ഗ്രഥനവും, രണ്ട്, സാമ്രാജ്യത്വവിരുദ്ധ പോരാട്ടം.

ലാറ്റിന്‍ അമേരിക്കന്‍ വന്‍കരയില്‍ മുഴുവന്‍ ഷാവേസിന് സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞു. വ്യക്തമായ ഒരു ഇടതുപക്ഷ ചായ്‌വ് ലാറ്റിന്‍ അമേരിക്കയിലുണ്ടായതില്‍ ഷാവേസിന്റെ പങ്കു വലുതാണ്. ഷാവേസ് നല്‍കിയ, ബൊളിവാരിയല്‍ വിപ്ലവത്തിന്റെ സമകാലിക പ്രസക്തിയുടെ സന്ദേശം, ഷാവേസിന്റെ സാമ്പത്തിക നയങ്ങളെ പൂര്‍ണമായി പിന്തുണക്കാതിരുന്ന ബ്രസില്‍ തുടങ്ങിയ രാജ്യങ്ങളും സ്വീകരിച്ചു. ഷാവേസ് വിഭാവനം ചെയ്ത, വളര്‍ത്തിയെടുക്കാന്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ ഉല്‍ഗ്രഥനത്തിന്റെ അടിസ്ഥാനം ഇതായിരുന്നു. ഇതിനായി പല സ്ഥാപനങ്ങളും അദ്ദേഹം തുടങ്ങി. യൂണിയന്‍ ഓഫ് സൗത്ത് അമേരിക്കന്‍ നേഷന്‍സ്, ഗ്രേറ്റ് സതേണ്‍ കോമണ്‍ മാര്‍ക്കറ്റ് മുതലായവ. ഈ സ്ഥാപനങ്ങളെ നിലനിര്‍ത്താനും ലാറ്റിന്‍ അമേരിക്കന്‍ ഉല്‍ഗ്രഥനത്തിന്റെ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കാനും വെനസ്വേലയ്ക്ക് ഇനിയും കഴിയുമോയെന്ന ചോദ്യവും പ്രസക്തമാണ്.

സാമ്പ്രാജ്യത്വത്തിന്റെ അക്രമാസക്തമായ ഒരു പുതിയ ഘട്ടത്തിലാണ് ഷാവേസ് ലോകവേദിയിലേക്ക് വരുന്നത്. 2001 സെപ്തംബര്‍ 11 ന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെ നേതൃത്വത്തില്‍ സാമ്പ്രാജ്യത്വ യുദ്ധങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും അമേരിക്ക തയാറായി.  ഇതിനെതിരെ ധീരമായി നിലകൊണ്ട ഏകഭരണാധികാരി ഷാവേസായിരുന്നു. പ്രസിഡന്റ്ബുഷിനെതിരെ യു എന്‍ പൊതുസഭാ വേദിയില്‍ അദ്ദേഹം നടത്തിയ വിമര്‍ശനം വെനസ്വേലക്കു വേണ്ടി മാത്രമായിരുന്നില്ല, എല്ലാ രാജ്യങ്ങളുടേയും പരമാധികാരത്തിനു വേണ്ടിയായിരുന്നു. സാമ്പ്രാജ്യത്വ യുദ്ധങ്ങളുടെ ലക്ഷ്യവും സാമ്രാജ്യത്വ സമ്പദ്ക്രമത്തിന്റെ ഇന്ധനവുമായ എണ്ണ ഉപയോഗിച്ചുകൊണ്ടുതന്നെ സാമ്രാജ്യത്വ പരിപാടികളെ പ്രിരോധിക്കുവാന്‍ ഷാവേസിന് കഴിഞ്ഞു. ഷാവേസിന്റെ തിരോധാനം ഏറ്റവും വലിയ വിടവുണ്ടാക്കിയിരിക്കുന്നതു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലാണ്.

വെനസ്വേലന്‍ വിപ്ലവത്തെയും മഡുറൊയെയും അട്ടിമറിക്കാന്‍ അകത്തുനിന്നും പുറത്തുനിന്നും ശ്രമമുണ്ടാകുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ ഷാവേസിന്റെ വിപ്ലവസന്ദേശം ആ ജനതയ്ക്ക് പ്രചോദനമാകുമെന്ന് പ്രത്യാശിക്കാം.

*
നൈനാന്‍ കോശി ജനയുഗം

Tuesday, April 16, 2013

വെനസ്വേലയുടെ ശബ്ദം

ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വെനസ്വേലയുടെ പ്രസിഡന്റായി നിക്കോളസ് മഡുറോ തെരഞ്ഞെടുക്കപ്പെട്ടത് ലോകരാഷ്ട്രീയത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന സംഭവവികാസമാണ്; ഒപ്പം ലോകമെമ്പാടുമുള്ള പുരോഗമനവാദികള്‍ക്ക് ആവേശവും ആഹ്ലാദവും പകരുന്നതും. സാമ്രാജ്യത്വത്തിനും നവഉദാര ആക്രമണത്തിനും എതിരായ ചെറുത്തുനില്‍പ്പിന് കരുത്ത് പകരുന്ന വിജയമാണ് സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി മഡുറോ (50) നേടിയത്. ഷാവേസിന്റെ നയങ്ങള്‍ പിന്തുടരുകയാണ് തന്റെ കടമയെന്ന് മഡുറോ പ്രഖ്യാപിച്ചിട്ടുണ്ട്.

ബസ് ഡ്രൈവറായിരിക്കെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് മഡുറോ പൊതുജീവിതം ആരംഭിച്ചത്. ഷാവേസ് സര്‍ക്കാരില്‍ വിദേശമന്ത്രിയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണനിക്ഷേപമുള്ള രാജ്യത്തെ ഭൂരിപക്ഷം വോട്ടര്‍മാര്‍ സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയുടെ ബനാന റിപ്പബ്ലിക്കായിരുന്ന വെനസ്വേലയെ, സ്വാഭിമാനവും പരമാധികാരവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രമാക്കി മാറ്റുകയും പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും നയിക്കുകയുംചെയ്ത ഹ്യൂഗോ ഷാവേസിന്റെ അകാല വിയോഗത്തെതുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാലാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഷാവേസിന് രോഗബാധ കാരണം അധികാരമേല്‍ക്കാന്‍ കഴിഞ്ഞില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പ്രതിനിധികളായാണ് വെനസ്വേലന്‍ പ്രതിപക്ഷം പ്രവര്‍ത്തിച്ചുവരുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാര്‍ സകലവിധ ശ്രമങ്ങളും നടത്തി. പ്രതിപക്ഷസ്ഥാനാര്‍ഥി ഹെന്‍ട്രി കാപ്രിലസിനെ വധിച്ച് വെനസ്വേലയില്‍ കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനപോലും അമേരിക്കയുടെ നേതൃത്വത്തില്‍ അരങ്ങേറി.

വെനസ്വേലയുടെ എണ്ണസമ്പത്ത് ദീര്‍ഘകാലം ചൂഷണംചെയ്ത സ്വകാര്യഎണ്ണക്കമ്പനികളുടെ മുന്‍ഉദ്യോഗസ്ഥരും മറ്റ് നിക്ഷിപ്ത താല്‍പ്പര്യക്കാരും ഷാവേസിന്റെ ഭരണകാലത്ത് അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. ഇവര്‍ക്ക് അമേരിക്ക എല്ലാവിധ ഒത്താശയും ചെയ്യുന്നു. ക്യൂബന്‍വിപ്ലവം വിജയിച്ചതോടെ അവിടെനിന്ന് അമേരിക്കയിലെ ഫ്ളോറിഡയിലേക്ക് കുടിയേറിയ വിപ്ലവവിരുദ്ധര്‍ ക്യൂബയിലെ വിപ്ലവസര്‍ക്കാരിനെതിരെ നടത്തിവരുന്ന കുപ്രചാരണങ്ങള്‍ക്ക് സമാനമായ പ്രചാരവേലയാണ് വെനസ്വേല വിട്ട് അമേരിക്കയിലെത്തിയവരും നടത്തുന്നത്. ഇവരുടെ വാക്കുകള്‍ക്ക് സാമ്രാജ്യത്വമാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം ചെറുതല്ല. വെനസ്വേലയിലെ മുന്‍ഭരണാധികാരികളുടെ പക്ഷക്കാര്‍ക്ക് രാജ്യത്തെ നഗരങ്ങളില്‍ ഇപ്പോഴും സ്വാധീനമുണ്ട്. അവര്‍ രാജ്യത്തെ ക്രമസമാധാനനില തകര്‍ക്കാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാനും പല ശ്രമങ്ങളും നിരന്തരം നടത്തുന്നു.

ഷാവേസിന്റെ കാലത്തും രാജ്യത്തെ ക്രമസമാധാനനില മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വലതുപക്ഷം കിണഞ്ഞുപരിശ്രമിച്ചിരുന്നു. ഇപ്പോള്‍, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന കാപ്രിലസിന്റെ പ്രഖ്യാപനം ജനവിധിയോടുള്ള അവരുടെ അസഹിഷ്ണുത വ്യക്തമാക്കുന്നു. അമേരിക്കയുടെ ഉള്ളിലിരുപ്പാണ് കാപ്രിലസിലൂടെ പുറത്തുവന്നത്. ഷാവേസിന്റെ വിയോഗത്തെ വെനസ്വേലയില്‍ മാറ്റങ്ങള്‍ക്കുള്ള അവസരമായാണ് അമേരിക്ക വിലയിരുത്തിയത്. വീണ്ടും സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി വിജയിച്ചത് അമേരിക്കയ്ക്ക് കടുത്ത ഇച്ഛാഭംഗമാണ് സൃഷ്ടിച്ചിട്ടുള്ളത്. മഡുറോയുടെ ഭൂരിപക്ഷം കുറവാണെന്ന മട്ടിലുള്ള മുതലാളിത്തമാധ്യമങ്ങളുടെ പ്രചാരണത്തെ ഇതിന്റെ ഭാഗമായി വേണം കാണേണ്ടത്. വെനസ്വേലയില്‍ ഇത്ര പരസ്യമായി ഇടപെടാന്‍ അമേരിക്ക കാട്ടുന്ന വ്യഗ്രതയുടെ കാരണവും രഹസ്യമല്ല. 1999ല്‍ അധികാരമേറ്റെടുത്തശേഷം ഷാവേസ് ആദ്യം ചെയ്തത് അധികാരം യഥാര്‍ഥത്തില്‍ ജനങ്ങളിലെത്തിക്കുന്ന വിധത്തില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തലായിരുന്നു. 2001 മുതല്‍, അദ്ദേഹത്തിനെതിരായ അട്ടിമറിശ്രമം ജനകീയമുന്നേറ്റത്തില്‍ തകര്‍ന്നശേഷം, ഷാവേസ് ഏറ്റെടുത്ത ദൗത്യം രാജ്യത്തിന്റെ എണ്ണസമ്പത്തിനുമേല്‍ ദേശീയപരമാധികാരം സ്ഥാപിക്കുക എന്നതായിരുന്നു.

വെനസ്വേലയില്‍നിന്ന് എണ്ണ ചുളുവിലയ്ക്ക് അമേരിക്കയിലേക്ക് കടത്തിയിരുന്നത് ഷാവേസ് അവസാനിപ്പിച്ചു. ഭീമന്‍ എണ്ണക്കമ്പനിയായ പിഡിവിഎസ്എയെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്ന ഷാവേസ് പാശ്ചാത്യ എണ്ണക്കമ്പനികള്‍ക്കുമേല്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. സ്വന്തം പെട്രോള്‍ ഡോളര്‍ വരുമാനം അമേരിക്കയിലെയും ഇതര പാശ്ചാത്യരാജ്യങ്ങളിലെയും ബാങ്കുകളില്‍ നിക്ഷേപിക്കുകയെന്ന പരമ്പരാഗത എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സമ്പ്രദായത്തില്‍നിന്ന് അദ്ദേഹം പിന്മാറി. തുടര്‍ന്ന്, വൈദ്യുതി- ടെലികോം വ്യവസായങ്ങള്‍ ദേശസാല്‍ക്കരിച്ചു. ഭൂപരിഷ്കരണം നടപ്പാക്കുകയും 30 ലക്ഷം ഹെക്ടര്‍ ഭൂമി പതിനായിരക്കണക്കിന് കര്‍ഷകര്‍ക്കായി വിതരണംചെയ്യുകയുമുണ്ടായി. അടുത്ത പടിയായി ഷാവേസ് ചെയ്തത് എണ്ണയില്‍നിന്നുള്ള വരുമാനം ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കലാണ്. ബൊളിവാറിയന്‍ റിപ്പബ്ലിക്കില്‍ ദാരിദ്ര്യം പകുതിയായി കുറഞ്ഞു. ആരോഗ്യമേഖലയിലെ ദൗത്യത്തിന്റെ ഭാഗമായി രാജ്യമെമ്പാടും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിച്ചു. ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയത് ഒന്നാംകിട ചികിത്സ നല്‍കാന്‍ ശേഷിയുള്ള പതിനാലായിരത്തോളം ക്യൂബന്‍ഡോക്ടര്‍മാരെയും ഇതര മെഡിക്കല്‍ ജീവനക്കാരെയും നിയോഗിച്ചാണ്. ഇതൊന്നും സാമ്രാജ്യത്വത്തിന് ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ലല്ലോ? മേഖലയില്‍ ക്യൂബ അനുഭവിച്ചുവന്ന ഒറ്റപ്പെടല്‍ അവസാനിപ്പിച്ചതും വെനസ്വേലയാണ്.

ലാറ്റിനമേരിക്കയില്‍ പുതിയ ഇടതുപക്ഷ തരംഗം സൃഷ്ടിക്കാന്‍ ഷാവേസിനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. ലാറ്റിനമേരിക്കയില്‍ അമേരിക്കയുടെ സ്വാധീനം പരിമിതപ്പെടുത്താനും വെനസ്വേലയുടെയും ക്യൂബയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകള്‍ക്ക് കഴിഞ്ഞു. ബൊളീവിയ, ഇക്വഡോര്‍, നിക്കരാഗ്വ എന്നീ രാജ്യങ്ങളും അടങ്ങിയ ആല്‍ബ (ബൊളിവാറിയന്‍ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ദി അമേരിക്കാസ്) അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഷാവേസിനെ അട്ടിമറിക്കാന്‍ 2006ലും അമേരിക്ക പണമൊഴുക്കിയതിന്റെ വിശദാംശങ്ങള്‍ വിക്കിലീക്സ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഷാവേസിന്റെ എതിരാളികളെയും അദ്ദേഹത്തിന്റെ അനുകൂലികളെയും വരുതിയിലാക്കാന്‍ യുഎസ് അന്താരാഷ്ട്ര വികസന ഏജന്‍സി കോടികളാണ് വിനിയോഗിച്ചത്. ഇതിനായി മൂവായിരം വേദികള്‍ രാജ്യത്ത് രൂപീകരിച്ചു. ഷാവേസിന്റെ നയങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ച മഡുറോ പ്രസിഡന്റായി വരുന്നത് ഒഴിവാക്കാന്‍ ശതകോടി ഡോളറുകളാണ് സാമ്രാജ്യത്വവും അവരുടെ ഏജന്റുമാരും ഒഴുക്കിയത്. എന്നാല്‍, പണശക്തിക്ക് മുന്നില്‍ ജനങ്ങളുടെ ശക്തി വിജയിച്ചിരിക്കുകയാണ്. വീവാ സോഷ്യലിസ്റ്റ് വെനസ്വേല!

*
ദേശാഭിമാനി മുഖപ്രസംഗം 16 ഏപ്രില്‍ 2013

Friday, April 12, 2013

വിജയമുറപ്പിച്ച് മഡുറോ

വെനസ്വേലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷം വെനസ്വേലയെ ധീരോദാത്തമായ നിലയില്‍ നയിക്കുകയും സ്വന്തം രാജ്യത്തെ, ലോകമനഃസാക്ഷിക്കുമുമ്പില്‍ പ്രതിഷ്ഠിക്കുകയും ചെയ്ത അതിപ്രഗത്ഭനായ ഭരണാധികാരി ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തെതുടര്‍ന്നാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ക്യാന്‍സര്‍ ബാധിതനായി ശയ്യാവലംബിയായിരിക്കെയാണ് 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഷാവേസ് വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടനാപരമായി വൈസ് പ്രസിഡന്റുപദം വഹിച്ചിരുന്ന നിക്കൊളാസ് മഡുറോ മോര്‍സ് ഇപ്പോള്‍ ആക്ടിങ് പ്രസിഡന്റും യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് വെനസ്വേലയുടെ സ്ഥാനാര്‍ഥിയുമാണ്. പ്രസിഡന്റുസ്ഥാനത്തേക്ക് ഏഴുപേര്‍ മത്സരിക്കുന്നുണ്ടെങ്കിലും പ്രധാന എതിരാളി കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷാവേസിനെതിരെ മത്സരിച്ച ഹെന്റിക് കാപ്രിലോസാണ്. എക്കാലത്തും ഷാവേസിനെതിരെയുള്ള ഗൂഢാലോചനകള്‍ക്കും അട്ടിമറിശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയ സാമ്രാജ്യത്വത്തിന്റെ അരുമസന്താനമാണ് കാപ്രിലോസ്.

വെനസ്വേലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തയാണ്. അഭിപ്രായസര്‍വേകളില്‍ നിക്കൊളാസ് മഡുറോയ്ക്ക് 49.5 ശതമാനംമുതല്‍ 55 ശതമാനംവരെ വോട്ട് കണക്കാക്കുമ്പോള്‍, കാപ്രിലോസിന് 36 ശതമാനംവരെ വോട്ട് ലഭിക്കുമെന്നാണ് സൂചന. എന്നാല്‍, സാമ്രാജ്യത്വപക്ഷപാതികളായ ചില മാധ്യമ വിശകലനക്കാര്‍ കാപ്രിലോസിന് വിജയിച്ചുവരാനുള്ള നേരിയ സാധ്യത വിലയിരുത്തിയുള്ള പംക്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മഡുറോയുടെ തെരഞ്ഞെടുപ്പുപ്രചാരണങ്ങളിലും വ്യത്യസ്തത പ്രകടമാണ്. ബസ് ഡ്രൈവറായിരുന്ന അദ്ദേഹം സ്വന്തമായി ബസ് ഓടിച്ചാണ് പല സ്ഥലങ്ങളിലും പ്രചാരണം നടത്തുന്നത്. നിക്കൊളാസ് മഡുറോ കാരക്കാസിലാണ് ജനിച്ചത്. ഹൈസ്കൂള്‍ പഠനകാലത്ത്് വിദ്യാര്‍ഥിസംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചു. ബസ് ഡ്രൈവറായി ജോലി സ്വീകരിച്ച നിക്കൊളാസ്, മോട്ടോര്‍തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ നേതാവായി ഉയര്‍ന്നു. രാഷ്ട്രീയത്തില്‍ ഷാവേസിന്റെ ഉറ്റ സഖാവായി. 2006ല്‍ അദ്ദേഹം ഷാവേസിന്റെ മന്ത്രിസഭയില്‍ വിദേശമന്ത്രിയായി പ്രവര്‍ത്തിച്ചു. 2012ല്‍ വൈസ് പ്രസിഡന്റായി. അദ്ദേഹത്തിന്റെ ഭാര്യ സീലിയ ഫ്ളോറസ് യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടിയിലെ അറിയപ്പെടുന്ന പ്രവര്‍ത്തകയും പ്രസിദ്ധ അഭിഭാഷകയുമാണ്. ഷാവേസ് 14 വര്‍ഷം അധികാരത്തിലിരുന്ന കാലഘട്ടം വെനസ്വേലയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി.

അമേരിക്കന്‍ എണ്ണക്കമ്പനികളെല്ലാം ദേശസാല്‍ക്കരിച്ചു. 30 ലക്ഷം ഹെക്ടര്‍ ഭൂമി കൃഷിക്കാര്‍ക്ക് വിതരണംചെയ്തു. നഗര- ഗ്രാമ വ്യത്യാസം കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. ക്യൂബയുടെ സഹായത്തോടെ ആരോഗ്യരംഗത്ത് വമ്പിച്ച പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. വെനസ്വേലയിലെ നിരക്ഷരത നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ യുനെസ്കോ പ്രശംസിച്ചു. 14 വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവരുടെ എണ്ണം 49.8 ശതമാനത്തില്‍നിന്ന് 26.5 ശതമാനത്തിലേക്ക് എത്തിച്ചു. ലോക രാഷ്ട്രീയമണ്ഡലത്തില്‍ വെനസ്വേലയെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞു. ഹ്യൂഗോ ഷാവേസിന്റെ സോഷ്യലിസ്റ്റ് നടപടികളെ, 96 ശതമാനം വരുന്ന കത്തോലിക്കരില്‍ ഭൂരിപക്ഷവും അനുകൂലിക്കുന്നതായാണ് കാണുന്നത്. നിക്കൊളാസ് മഡുറോ ഷാവേസിന്റെ എല്ലാ നിലപാടുകളെയും പിന്തുണയ്ക്കുകയും അദ്ദേഹം തെളിച്ച സോഷ്യലിസത്തിന്റെ പാതയിലൂടെ മുന്നോട്ടുപോകുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്യൂഗോ ഷാവേസിനെ ആധുനിക വെനസ്വേലയുടെ നായകനാക്കിയ വെനസ്വേലന്‍ ജനത, അദ്ദേഹത്തിന്റെ ശിഷ്യനായ നിക്കൊളാസ് മഡുറോ മോര്‍സിനെ പ്രസിഡന്റുപദവിയില്‍ എത്തിക്കുമെന്നത് സുനിശ്ചിതം.

*
കെ ജെ തോമസ് ദേശാഭിമാനി 12 ഏപ്രില്‍ 2013

Monday, April 1, 2013

ഇവിടെ പിശാചിന്റെ സാന്നിധ്യം, ഗന്ധകത്തിന്റെ മണം

2006 സെപ്തംബര്‍ 20ന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് നടത്തിയ പ്രസംഗം

ആദ്യമേ തന്നെ, വളരെ ആദരവോടെ ഞാനൊരുകാര്യം ആവശ്യപ്പെടട്ടെ. എന്റെ കൈയിലുള്ള ഈ പുസ്തകം ഇതുവരെ വായിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി അതുവായിക്കുക. നോം ചോംസ്കിയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണത്. അമേരിക്കയിലെയും ലോകത്തിലെതന്നെയും ഏറ്റവും പ്രമുഖരായ മനീഷികളില്‍ ഒരാളാണദ്ദേഹം. "ആധിപത്യമോ അതിജീവനമോ: ഭൂഗോളാധിപത്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ ത്വര" എന്നാണ് ഈ ഗ്രന്ഥത്തിന്റെ പേര്.

ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത് എന്തു സംഭവിച്ചുവെന്നും ഇപ്പോഴെന്തു സംഭവിക്കുന്നുവെന്നും മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നുണ്ട്. നമ്മുടെ ഈ ഗ്രഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണതില്‍ സൂചിപ്പിക്കുന്നത്. അതെ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശപരമായ, ആധിപത്യാഭിമുഖമായ അവകാശവാദങ്ങള്‍. അതാവട്ടെ മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെ തന്നെ ഭീഷണിപ്പെടുത്തുന്നു. ഈ വിപത്തിനെപ്പറ്റി നാം മുന്നറിയിപ്പ് നല്‍കുന്നു, അമേരിക്കന്‍ ഐക്യനാടുകളിലെയും ലോകത്തെയും ജനങ്ങളോട് ഈ വിപത്തവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കണമെന്നാഹ്വാനം ചെയ്യുന്നു; നമ്മുടെ തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന ഡെമോക്ലസിന്റെ ഖഡ്ഗമാണത്. പുസ്തകത്തിലെ ഒരധ്യായം ഇവിടെ വായിക്കണമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ സമയം ലാഭിക്കുന്നതിനുവേണ്ടി ഇവിടെ ഞാന്‍ ഒരു ശുപാര്‍ശവയ്ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. വളരെ നല്ലൊരു ഗ്രന്ഥമാണിത്, എളുപ്പത്തില്‍ വായിച്ചുപോകാം.

ഭവതിക്ക് അതറിയാമെന്ന്, മദാം പ്രസിഡന്റ്, എനിക്കുറപ്പുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍, റഷ്യന്‍, അറബിക് എന്നീ ഭാഷകളില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ആദ്യം വായിച്ചിരിക്കേണ്ടത്, ഐക്യനാടുകളിലെ നമ്മുടെ സഹോദരീസഹോദരന്മാരാണ്. കാരണം ഭീഷണി അവരുടെ സ്വന്തം വീട്ടിനകത്താണ്. പിശാച് അവിടെയാണ്, അവരുടെ വീട്ടിനകത്താണ്. ആ പിശാച് ഇന്നലെ ഇവിടെ വന്നു, ഈ സ്ഥലത്ത്. അതിന്റെ ഗന്ധകമണം ഇന്നും ഇവിടെയുണ്ട്. ഇന്നലെ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്, ഈ പ്രസംഗപീഠത്തില്‍നിന്നുകൊണ്ട് പ്രസംഗിച്ചു, അയാളെയാണ് ഞാന്‍ പിശാച് എന്ന് പരാമര്‍ശിക്കുന്നത്. ഈ ലോകത്തിന്റെ ഉടമസ്ഥനാണെന്ന പോലെയാണ് അയാള്‍ പ്രസംഗിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്നലത്തെ പ്രസംഗം വിശകലനം ചെയ്യാന്‍ ഒരു സൈക്ക്യാട്രിസ്റ്റുണ്ടാവുന്നത് ഉചിതമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

സാമ്രാജ്യത്വത്തിന്റെ പ്രവക്താവെന്നനിലയില്‍, ലോകജനതയുടെ മേല്‍ ഇന്നു നടപ്പാക്കുന്ന ആധിപത്യവും ചൂഷണവും കൊള്ളയും തുടരുന്നതിനുള്ള നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുകയാണയാള്‍ ചെയ്തത്. ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സിനിമപോലെയായിരുന്നു അത്. അതിന് ഞാനൊരു ശീര്‍ഷകം നിര്‍ദേശിക്കുകപോലും ചെയ്യും: "പിശാചിന്റെ വഴി." ഇവിടെ ഈ പുസ്തകത്തില്‍ നോം ചോംസ്കി സുവ്യക്തമായും ആഴത്തിലും പറയുന്നതുപോലെ, സ്വന്തം അധിനിവേശം തുടരുന്നതിനുവേണ്ടി, ആധിപത്യരീതി തുടരുന്നതിനുവേണ്ടി, അമേരിക്കന്‍ സാമ്രാജ്യത്വം അതിനു സാധ്യമായതെല്ലാം ചെയ്യുകയാണ്. പക്ഷേ നമുക്ക് അതനുവദിക്കാന്‍ വയ്യ. ലോകസര്‍വാധിപത്യം സ്ഥാപിക്കുന്നതും ഏകോപിപ്പിക്കുന്നതും അനുവദിക്കാന്‍ വയ്യ. ലോക ഏകാധിപതിയുടെ ഇന്നലത്തെ പ്രസംഗം, മറ്റുള്ളവരിലെല്ലാം കുറ്റം കാണുന്നതും ആത്മവഞ്ചന നിറഞ്ഞതുമായ പ്രസംഗം, ലോകത്തുള്ളതെല്ലാം നിയന്ത്രിക്കാനുള്ള ഉദ്ദേശ്യമാണ് കാണിക്കുന്നത്. അവര്‍ പറയുന്നു, അവര്‍ക്ക് ലോകത്തെമ്പാടും ജനാധിപത്യമാതൃക സ്ഥാപിക്കണമെന്ന്, പക്ഷേ, അതവരുടെ സ്വന്തം ജനാധിപത്യമാതൃകയാണ്! കുലീനവര്‍ഗത്തിന്റെ സവിശേഷമായ ജനാധിപത്യമാതൃക! മാത്രമല്ല, വളരെ മൗലികമായ ഈ ജനാധിപത്യമാതൃക അവര്‍ സ്ഥാപിക്കുക ബോംബുകള്‍വഴിയും കൈയേറ്റങ്ങള്‍ വഴിയും കടന്നാക്രമണങ്ങള്‍ വഴിയുമാണ്. എന്തൊരത്ഭുതകരമായ ജനാധിപത്യം! മുങ്ങിക്കപ്പലുകള്‍ വഴി, കടന്നാക്രമണങ്ങള്‍ വഴി, അക്രമം വഴി, ബോംബുകള്‍ വഴി അടിച്ചേല്‍പ്പിക്കുന്ന ഈ ജനാധിപത്യമാതൃകയുടെ മുന്നില്‍ അരിസ്റ്റോട്ടിലിന്റേയും ജനാധിപത്യത്തിന്റെ ഇതര യവനസമാരംഭകരുടേയും ആശയങ്ങള്‍ തിരുത്തിയെഴുതേണ്ടി വരുകതന്നെചെയ്യും.

ഇന്നലെ ഈ ഹാളില്‍ വച്ച് അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് നമ്മളോട് പറഞ്ഞു: "എവിടേക്കുതിരിഞ്ഞാലും നിങ്ങള്‍ കേള്‍ക്കുന്നത് ഭീകരവാദികളുടെ ശബ്ദമാണ്, അവര്‍ പറയുന്നത് ഹിംസ വഴി, ഭീകരവൃത്തി വഴി, രക്തസാക്ഷിത്വം വഴി നിങ്ങള്‍ക്കു ദുരിതങ്ങളില്‍നിന്ന് രക്ഷപ്രാപിക്കാന്‍ കഴിയുമെന്നാണ്, നിങ്ങളുടെ അഭിമാനം നിലനിര്‍ത്താന്‍ കഴിയുമെന്നാണ്"". അയാളെവിടേക്കുനോക്കിയാലും കാണുന്നത് തീവ്രവാദികളെയാണ്. സഹോദരാ, നിങ്ങളുടെ മുഖത്തുനോക്കി, അതിന്റെ നിറം കാണുമ്പോള്‍ അയാള്‍ പറയും: "നിങ്ങളൊരു തീവ്രവാദിയാണ്" . ബൊളീവിയയുടെ ആദരണീയനായ പ്രസിഡന്റ് മി. ഇവോ മൊറേയ്ല്‍സ് അയ്മ അയാളുടെ കണ്ണില്‍ ഒരു തീവ്രവാദിയാണ്. സാമ്രാജ്യവാദികള്‍ എവിടെയും തീവ്രവാദികളെ കാണുന്നു. അല്ല, കാര്യം അതല്ല, നമ്മള്‍ തീവ്രവാദികളായതല്ല കാരണം. സംഭവിക്കുന്നത് ലോകം ഉണര്‍ന്നെണീക്കുകയാണ്, എങ്ങുമുള്ള ജനങ്ങള്‍ ഉണരുകയാണ്. ലോകസര്‍വാധിപതിയോട് ഞാന്‍ പറയുന്നു: "താങ്കളുടെ അവശേഷിച്ച ദിനങ്ങള്‍ ഒരു പേടിസ്വപ്നമായിരിക്കുമെന്ന തോന്നലുണ്ടെനിക്ക്. കാരണം, എവിടെയും ജനങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് താങ്കള്‍ കാണുകയാണ്; സ്വാതന്ത്ര്യത്തിന് വേണ്ടി, ജനങ്ങള്‍ തമ്മിലുള്ള സമത്വത്തിനു വേണ്ടി, രാഷ്ട്രങ്ങളുടെ പരമാധികാരത്തിനു വേണ്ടി". അതെ, ഞങ്ങള്‍ തീവ്രവാദികളായി വിവരിക്കപ്പെട്ടേക്കാം, പക്ഷേ ഞങ്ങള്‍ സാമ്രാജ്യത്തിനെതിരായി, ആധിപത്യമാതൃകകള്‍ക്കെതിരായി ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്.

പ്രസിഡന്റ് പിന്നെയും പറഞ്ഞു: "മധ്യപൗരസ്ത്യദേശത്തെ ജനങ്ങളോട് നേരിട്ട് സംസാരിക്കാന്‍ ഞാനഭിലഷിക്കുന്നു. എന്റെ രാജ്യം സമാധാനം കാംക്ഷിക്കുന്നു". സത്യമാണത്. ബ്രോങ്ക്സിന്റെ, ന്യൂയോര്‍ക്കിന്റെ, വാഷിങ്ടണ്ണിന്റെ, സാന്‍ ദീഗോയുടെ, കാലിഫോര്‍ണിയയുടെ, സാന്‍ അന്റോണിയോവിന്റെ, സാന്‍ ഫ്രാന്‍സിസ്കോവിന്റെ തെരുവുകളിലൂടെ നാം നടക്കുകയാണെങ്കില്‍- അമേരിക്കന്‍ ഐക്യനാടുകളിലെവിടെയും നാം നടക്കുകയാണെങ്കില്‍- അവിടങ്ങളിലെ പൗരജനങ്ങളോട് വ്യക്തിപരമായി സംസാരിക്കുകയാണെങ്കില്‍, നമുക്കറിയാം രാജ്യത്തിന് സമാധാനമാണ് വേണ്ടത്. എന്നാല്‍ ഇതിനൊരപവാദമുണ്ട്, അമേരിക്കന്‍ ഐക്യനാടുകളിലെ ഗവണ്മെന്റിന്് സമാധാനമാവശ്യമില്ല. അതിനു വേണ്ടത്, യുദ്ധത്തിലൂടെ അതിന്റെ ചൂഷണവും കൊള്ളയും ആധിപത്യവും അടിച്ചേല്‍പ്പിക്കുകയാണ്. അതിന് സമാധാനമാണ് വേണ്ടതെങ്കില്‍, എന്താണ് ഇറാഖില്‍ സംഭവിക്കുന്നത്? എന്താണ് ലബനനിലും പലസ്തീനിലും സംഭവിച്ചത്? കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തിനിടയ്ക്ക് ലാറ്റിനമേരിക്കയിലും ലോകത്തിലും എന്താണ് നടന്നുകൊണ്ടിരുന്നത്? ഇപ്പോഴാണെങ്കില്‍ വെനസ്വേലയ്ക്കും ഇറാനുമെതിരെ പുതിയ ഭീഷണികള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

പ്രസിഡന്റ് ലബനനിലെ ജനങ്ങളോട് സംസാരിച്ചു: "നിങ്ങള്‍ പലരും കണ്ടിട്ടുണ്ട്, നിങ്ങളുടെ വീടുകളിലും സമുദായങ്ങളിലുമെല്ലാം സംഘര്‍ഷമാണ്". എന്തിനീ ദോഷദര്‍ശനം! ഇങ്ങനെ ലജ്ജാരഹിതമായ കളവ് പറയാന്‍ എന്തൊരു കഴിവ്! ബെയ്റൂത്തില്‍, മില്ലിമീറ്റര്‍ അകലങ്ങളില്‍ കൃത്യമായി ബോംബുവര്‍ഷം നടന്നതിന്റെ ഫലമായുണ്ടായ സംഘര്‍ഷമല്ലാതെ മറ്റെന്തു സംഘര്‍ഷമാണവിടെയുള്ളത്? അയാളാലോചിക്കുന്നുണ്ടാവുക ഒരു വെസ്റ്റേണിനെ പറ്റിയാണോ? (വെസ്റ്റേണ്‍-അമേരിക്കയുടെ വൈല്‍ഡ് വെസ്റ്റിനെ ആധാരമാക്കി വളര്‍ന്നുവന്ന സിനിമയുള്‍പ്പെടെയുള്ള കലാരൂപങ്ങള്‍) അതില്‍ ആളുകള്‍ അരയ്ക്കുതാഴെ വെടിവയ്ക്കുന്നു, ചിലര്‍ അഗ്നിനാളങ്ങളിലകപ്പെടുന്നു. പക്ഷേ ഇത് സാമ്രാജ്യത്വത്തിന്റെ അഗ്നിയായിരുന്നു, ഫാസിസ്റ്റ് അഗ്നിയായിരുന്നു, ഘാതകന്റെ അഗ്നിയായിരുന്നു. സാമ്രാജ്യത്വവും ഇസ്രയേലും ചേര്‍ന്ന് ലബനനിലേയും പലസ്തീനിലേയും നിഷ്കളങ്കരായ ജനങ്ങള്‍ക്കുനേരെ നടത്തിയ വംശഹത്യക്കുള്ള അഗ്നിയായിരുന്നു. അതാണ് സത്യം. ഇപ്പോള്‍ പറയുന്നത്, നാം കഷ്ടപ്പെടുന്നത് ഭവനങ്ങള്‍ കത്തിയെരിയുന്നത് കാണ്‍കയാലാണെന്നാണ്.

എന്റെയീ പ്രസംഗം തയ്യാറാക്കുന്നതിനുവേണ്ടി, ഇന്നുരാവിലെ ഞാന്‍ ചില പ്രസ്താവനകള്‍ നോക്കുകയായിരുന്നു. വിവിധ ജനതകളോട് ഐക്യനാടുകളുടെ പ്രസിഡന്റ് സംസാരിക്കുന്നതിന്റെ ഒരു രേഖ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളോട്, ലബനനിലെ ജനങ്ങളോട്, ഇറാനിലെ ജനങ്ങളോട് അയാള്‍ സംസാരിച്ചു. എല്ലാവരോടും അയാള്‍ നേരിട്ട് സംസാരിച്ചു. തിരിച്ചെന്തെങ്കിലും പറയാനൊരവസരം ലഭിച്ചാല്‍ അവര്‍ എന്തുപറയുമായിരുന്നുവെന്ന് നമുക്ക് ആശ്ചര്യപ്പെടാവുന്നതാണ്. അവര്‍ക്കെന്താണ് പറയുവാനുണ്ടാവുക? തെക്കെ അമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ആത്മാവിന്നുള്ളിലെന്താണെന്നെനിക്കറിയാം. അവര്‍ പറയും: "യാങ്കീ സാമ്രാജ്യവാദികള്‍ മടങ്ങിപ്പോവുക!". അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി ഒരുമിച്ച് സംസാരിക്കാന്‍ ഒരവസരമുണ്ടായാല്‍ ലോകത്തെമ്പാടുമുള്ള ജനതകളുടെ ശബ്ദമിതായിരിക്കും.

അതുകൊണ്ടാണ് കഴിഞ്ഞവര്‍ഷം ഈ ഹാളിലേക്കു കടന്നുവന്നപ്പോള്‍, ഇപ്പോള്‍ തീര്‍ത്തും ശരിയായിക്കഴിഞ്ഞ വാക്കുകള്‍ ഞാന്‍ പറഞ്ഞത്- ഇത് കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടെ സന്നിഹിതരായിരിക്കുന്ന ഒരാള്‍ക്കും ഐക്യരാഷ്ട്രസഭയുടെ രീതിയോട് യോജിക്കാനാവില്ല. നമുക്ക് സത്യസന്ധരാവാം, രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ ആ വ്യവസ്ഥ തകര്‍ന്നടിഞ്ഞുപോയെന്ന സത്യം നമുക്ക് സ്വീകരിക്കാം. പ്രയോജനരഹിതമാണത്. ഒരുകാര്യം സത്യമാണ്. കൊല്ലത്തിലൊരിക്കല്‍ ഒരുമിച്ചുകൂടാന്‍, പ്രസ്താവന നടത്താന്‍, ദീര്‍ഘമായ പ്രമാണങ്ങള്‍ തയ്യാറാക്കാന്‍, ഇന്നലെ പ്രസിഡന്റ് ഇവോ മൊറേയല്‍സും പ്രസിഡന്റ് ലുലായും നടത്തിയതുപോലുള്ള നല്ല നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍, ഇപ്പോള്‍ നാം ശ്രവിച്ചുകഴിഞ്ഞ ശ്രീലങ്കന്‍ പ്രസിഡന്റിന്റേയും ചിലിയന്‍ പ്രസിഡന്റിന്റേയും പോലുള്ള പ്രസംഗങ്ങള്‍ക്ക് ചെവികൊടുക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു. പക്ഷേ ജനറല്‍ അസംബ്ലി, ലോകത്തെ ഭയാനകമായ സംഭവങ്ങളില്‍ ഫലപ്രദമായ എന്തെങ്കിലും ചെയ്യാനധികാരമില്ലാത്ത, കേവലമൊരു ചര്‍ച്ചാവേദിയായി തകര്‍ന്നുപോയിരിക്കുന്നു. അതുകൊണ്ടാണ് ഇന്ന്, 2006 സെപ്തംബര്‍ 20ന്, ഐക്യരാഷ്ട്രസഭ വീണ്ടും സ്ഥാപിക്കണമെന്ന നിര്‍ദേശം വെനസ്വേല പിന്നെയും മുന്നോട്ടുവയ്ക്കുന്നത്.

പോയവര്‍ഷം ഞങ്ങള്‍ വളരെ പ്രധാനമായ നാലുനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും അംബാസഡര്‍മാരും രാഷ്ട്രപ്രതിനിധികളും നിര്‍ബന്ധമായി ചര്‍ച്ചചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കുതോന്നിയ മിതമായ നാലുനിര്‍ദേശങ്ങളായിരുന്നു അവ. അവയിലാദ്യത്തേത്- അതിനെ പറ്റി ഇന്നലെ പ്രസിഡന്റ് ലുലാ പറഞ്ഞു- സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിര- അസ്ഥിര അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക; മൂന്നാം ലോകത്തെ വികസിത- അവികസിത രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി സ്ഥിരാംഗങ്ങളുടെ സംഖ്യവര്‍ധിപ്പിക്കുക. ഇതാണൊന്നാമത്തെ ചുവട്. രണ്ടാമത്തേത്- സുതാര്യമായ ചര്‍ച്ചകളും തീരുമാനങ്ങളും വഴി ലോകസംഘര്‍ഷങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനുമുള്ള മാര്‍ഗങ്ങളുണ്ടാവണം. മൂന്നാമത്തേത്- സെക്യൂരിറ്റി കൗണ്‍സിലില്‍ തീരുമാനങ്ങള്‍ വീറ്റോ ചെയ്യുന്ന ജനാധിപത്യവിരുദ്ധമായ സംവിധാനം അവസാനിപ്പിക്കണം, ഇത് എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. ഒരു സമീപകാല ഉദാഹരണം ഞാന്‍ പറയാം. ഐക്യരാഷ്ട്രസഭയുടെ അധാര്‍മികമായ വീറ്റോ അധികാരം വഴി, ലബനനിനെ സംബന്ധിച്ച പ്രമേയം പാസായില്ല, മാത്രമല്ല, ഇസ്രയേലി സൈന്യത്തിന് ഒരു വിവേചനവുമില്ലാതെ ലബനനില്‍ നശീകരണം നടത്താന്‍ ഇതുവഴി സാധിച്ചു. നാലാമത്തേത്- നമ്മളെല്ലാം എല്ലായ്പ്പോഴും പറയാറുള്ളതുപോലെ സെക്രട്ടറി ജനറലിന്റെ പങ്കും അധികാരവും കൂടുതല്‍ ശക്തമാവണം. ഇന്നലെ സെക്രട്ടറി ജനറല്‍ ഫലത്തില്‍ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമാണ് നടത്തിയത്.

കഴിഞ്ഞ ഒരു ദശകമായി വിശപ്പ്, ദാരിദ്ര്യം, ഹിംസ, മനുഷ്യാവകാശലംഘനങ്ങള്‍ തുടങ്ങിയ അതിഗുരുതരമായ പ്രശ്നങ്ങള്‍ വര്‍ധിക്കുകയും സങ്കീര്‍ണമായിത്തീരുകയും ചെയ്തതായി അദ്ദേഹം അംഗീകരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പതനത്തിന്റേയും അമേരിക്കന്‍ ആധിപത്യനാട്യങ്ങളുടേയും ഭീകരമായ ഫലമാണിത്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഐക്യരാഷ്ട്രസഭയ്ക്കകത്ത് ഈ സമരം നടത്താന്‍ വെനസ്വേല നിശ്ചയിച്ചു. അംഗങ്ങളെന്ന നിലയില്‍ ഐക്യരാഷ്ട്രസഭയെ അംഗീകരിച്ചുകൊണ്ടുതന്നെ, അതിന് ഞങ്ങളുടെ ശബ്ദവും ഞങ്ങളുടെ ചിന്തയും കടമായി നല്‍കിക്കൊണ്ട് ഇത് ചെയ്യാനാണ് വെനസ്വേല തീരുമാനിച്ചത്. ഞങ്ങളുടെ ശബ്ദം സ്വതന്ത്രമാണ്. അത് മനുഷ്യന്റെ അന്തസ്സിനുവേണ്ടി നിലകൊള്ളുന്നു, സത്യാന്വേഷണത്തിനായി നിലനില്‍ക്കുന്നു, ഭൂമുഖത്തെ ജനതകള്‍ക്കെതിരെ അധിനിവേശശക്തികള്‍ നടത്തുന്ന പീഡനത്തെയും ആക്രമണത്തെയും തിരസ്കരിക്കുന്നു. അങ്ങനെയാണ് ബൊളീവറിന്റെ ജന്മനാടായ വെനസ്വേല സെക്യൂരിറ്റി കൗണ്‍സിലിലെ അസ്ഥിരാംഗപദവിക്കുവേണ്ടി സ്വയംമുന്നോട്ടുവന്നത്. ഇതിനെതിരെ, ഐക്യനാടുകളുടെ ഗവണ്മെന്റ്, തുറന്ന, അധാര്‍മികമായ ഒരാക്രമണം ലോകമെമ്പാടും അഴിച്ചുവിട്ടു; സെക്യൂരിറ്റി കൗണ്‍സിലിലെ ഒരു സീറ്റില്‍ വെനസ്വേല തെരഞ്ഞെടുക്കപ്പെടുന്നതിനെതിരായി.

സാമ്രാജ്യത്തിന് സത്യത്തെ ഭയമാണ്, സ്വതന്ത്രശബ്ദങ്ങളെ ഭയമാണ്. അമേരിക്ക ഞങ്ങളെ തീവ്രവാദികളെന്നുവിളിക്കുന്നു, സത്യത്തില്‍ അമേരിക്കയാണ് തീവ്രവാദി. വെനസ്വേലയെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവന്ന എല്ലാ രാജ്യങ്ങളോടും ഞാന്‍ കൃതജ്ഞനാണ്. വോട്ടെടുപ്പ് രഹസ്യമാണ്, പിന്തുണ പരസ്യമായി പ്രഖ്യാപിക്കേണ്ടതില്ല. സത്യത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ എതിര്‍പ്പുകാരണം പലരാജ്യങ്ങളും പുതുതായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. ഈ പിന്തുണ വെനസ്വേലയുടെയും ഞങ്ങളുടെ ഗവണ്മെന്റിന്റേയും ഞങ്ങളുടെ ജനങ്ങളുടേയും ധാര്‍മികചൈതന്യം ബലപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് സതേണ്‍ കോണ്‍ കോമണ്‍ മാര്‍ക്കറ്റിലെ (MERCOSUR) സഹോദരങ്ങള്‍ ഒന്നിച്ച് ഒരേശബ്ദത്തില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അര്‍ജന്റീന, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളോടും ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയോടുമൊപ്പം വെനസ്വേല ങഋഞഇഛടഡഞ ലെ പൂര്‍ണ അംഗമാണ്. കരീബിയന്‍ രാഷ്ട്രസമൂഹവും അറബ് ലീഗും വെനസ്വേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അറബ്, കരീബിയന്‍ സഹോദരങ്ങളോട് എനിക്ക് അളവറ്റ നന്ദിയുണ്ട്. മിക്കവാറും ആഫ്രിക്ക മുഴുവനുമടങ്ങുന്ന ആഫ്രിക്കന്‍ യൂണിയന്‍ വെനസ്വേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു; അതുപോലെ റഷ്യ, ചൈന തുടങ്ങിയ മറ്റനേകം രാജ്യങ്ങളും. വെനസ്വേലയുടേയും അവിടുത്തെ ജനങ്ങളുടേയും പേരില്‍, സത്യത്തിന്റെ പേരില്‍, അവര്‍ക്കെല്ലാം ഞാന്‍ ഊഷ്മളമായി കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളട്ടെ.

സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗമായാല്‍ വെനസ്വേലയുടെ ശബ്ദം മാത്രമല്ല ലോകമെമ്പാടും മുഴങ്ങുക, മൂന്നാം ലോകത്തിന്റെ മുഴുവന്‍ ശബ്ദവും എല്ലാ ജനവിഭാഗങ്ങളുടേയും ശബ്ദവുമായിരിക്കും. മനുഷ്യന്റേയും രാഷ്ട്രങ്ങളുടേയും അന്തസ്സും സത്യവും ഞങ്ങള്‍ സംരക്ഷിക്കും. ഇതിലുപരി, ശുഭാപ്തിവിശ്വാസികളായിരിക്കാന്‍ വേറെയും കാരണങ്ങളുണ്ട്; കവി പറയുന്നതുപോലെ, "നൈരാശ്യജനകമാം വിധം പ്രത്യാശാഭരിതരാവാന്‍". ഭീഷണികള്‍ക്കും ബോംബുകള്‍ക്കും യുദ്ധങ്ങള്‍ക്കും അക്രമത്തിനും പ്രതിരോധയുദ്ധത്തിനും ജനസമൂഹങ്ങളുടെ സമ്പൂര്‍ണ നശീകരണത്തിനുമപ്പുറം പുതിയൊരു യുഗം ഉദയംകൊള്ളുകയാണ്. സില്‍വിയോ റോഡ്റിഗസ് (ക്യൂബന്‍ ഗായകന്‍) പാടുന്നതുപോലെ, "കാലഘട്ടം ഒരു ഹൃദയത്തിന് ജന്മം നല്‍കുകയാണ്". പുതുപ്രവണതകള്‍, ബദല്‍ ചിന്താരീതികള്‍, ബദല്‍പ്രസ്ഥാനങ്ങള്‍ വികാസം പ്രാപിക്കുകയാണ്. യുവജനങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുകയാണ്. ചരിത്രത്തിന്റെ അന്ത്യമെന്ന ആശയം തീര്‍ത്തും കപടമാണെന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടിനു താഴെയുള്ള കാലയളവില്‍തന്നെ തെളിഞ്ഞിരിക്കുന്നു.

പാക്സ് അമേരിക്കാന എന്ന ആശയവും അതിന്റെ മറവിലുള്ള മുതലാളിത്ത നവഉദാരീകരണ മാതൃകയുമെല്ലാം കപടമാണെന്ന് വ്യക്തമായിരിക്കുകയാണ്; കേവലമായ ദാരിദ്ര്യസൃഷ്ടിക്കുമാത്രമുതകുന്നതാണെന്ന തിരിച്ചറിവില്‍, അത് നിരാകരിക്കപ്പെടുകയാണ്. ഇനി നാം ലോകത്തിന്റെ ഭാവി നിര്‍വചിക്കേണ്ടതുണ്ട്. എല്ലാടവും പ്രഭാതം പൊട്ടിവിടരുകയാണ്. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും ഓഷ്യാനിയയിലുമെല്ലാം. ലോകത്തെ രക്ഷിക്കാനും നൂതനവും കൂടുതല്‍ നന്മയാര്‍ന്നതുമായ ഒരു ലോകം പടുത്തുയര്‍ത്താനുമുള്ള നമ്മുടെ ഇച്ഛാശക്തിയും നമ്മുടെ സന്നദ്ധതയും ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഞാന്‍ ആ ശുഭാപ്തിവിശ്വാസം, ആ ശുഭാപ്തിദര്‍ശനം ഉയര്‍ത്തിപ്പിടിക്കട്ടെ. വെനസ്വേല ആ സമരത്തില്‍ പങ്കാളിയാവുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ക്കെതിരെ ഭീഷണിയുണ്ടാവുന്നത്. വെനസ്വേലയില്‍ ഒരു കലാപം സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ഇതിനകം നടത്തിക്കഴിഞ്ഞിട്ടുണ്ട്, അതിന്റെ ആസൂത്രണം നടത്തിയിട്ടുണ്ട്, അതിന് സാമ്പത്തികസഹായം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കെതിരെ കലാപത്തിനും ഭീകരപ്രവര്‍ത്തനത്തിനുമുള്ള പരിശ്രമങ്ങള്‍ക്കുള്ള പിന്തുണ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അല്‍പസമയം മുമ്പാണ് പ്രസിഡന്റ് മിഷേലാ ബാഷിലേ മുന്‍ചിലിയന്‍ വിദേശകാര്യമന്ത്രി ഓര്‍ലന്റോ ലെതേല്യയുടെ ഭീകരമായ കൊലപാതകത്തെപറ്റി ഇവിടെ പറഞ്ഞത്. അതിനോട് ഞാന്‍ ഇത്രമാത്രം കൂട്ടിച്ചേര്‍ക്കുന്നു: കൂട്ടത്തില്‍ ഒരമേരിക്കന്‍ പൗരന്‍കൂടി കൊല്ലപ്പെട്ട ആ സംഭവത്തിനുത്തരവാദികളായവര്‍, ഇപ്പോഴും സ്വതന്ത്രരായി ജീവിക്കുന്നു. അവര്‍ അമേരിക്കക്കാര്‍ തന്നെയാണ്, സിഐഎ ഭീകരന്മാരാണ്.

അല്‍പദിവസങ്ങള്‍ക്കകം മറ്റൊരു വാര്‍ഷികദിനംകൂടി വന്നെത്തുകയാണെന്ന് നാം ഓര്‍മിക്കണം. നിഷ്കളങ്കരായ 73 മനുഷ്യരെ കശാപ്പുചെയ്ത സംഭവത്തിന്റെ സ്മരണാദിനം. ക്യൂബന്‍ വിമാനം തകര്‍ത്തിട്ട് മുപ്പതുവര്‍ഷം കഴിഞ്ഞിരിക്കുന്നു. അതിന്റെ വാര്‍ഷികദിനം സമാഗതമാവുകയാണ്. ഈ സംഭവം ആസൂത്രണം ചെയ്തുനടപ്പാക്കിയ ഈ വന്‍കരയിലെ ഏറ്റവും വലിയ ഭീകരവാദി എവിടെയാണ്? അയാള്‍ കുറച്ചുവര്‍ഷങ്ങള്‍ വെനസ്വേലയില്‍ തടവിലായിരുന്നു. സി ഐഎയും അന്നത്തെ വെനസ്വേലന്‍ സര്‍ക്കാറിന്റെ ഉദ്യോഗസ്ഥരും ചേര്‍ന്ന് അയാള്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യം ചെയ്തുകൊടുത്തു. അയാളിപ്പോള്‍ സര്‍ക്കാര്‍ പരിരക്ഷിതനായി അമേരിക്കയിലാണ് ജീവിക്കുന്നത്. അയാള്‍ കുറ്റസമ്മതം നടത്തി, അയാളെ കോടതി ശിക്ഷിച്ചു. പക്ഷേ അമേരിക്കന്‍ ഗവണ്മെന്റിന് എല്ലാകാര്യത്തിലും ഇരട്ടത്താപ്പാണ്, അവര്‍ക്കാവശ്യമുള്ളപ്പോഴൊക്കെ അത് ഭീകരവാദത്തെ സംരക്ഷിക്കുന്നു. തീവ്രവാദത്തിനും ഹിംസയ്ക്കും വെനസ്വേല എതിരാണ്, അവയ്ക്കെതിരായ പോരാട്ടത്തിന് വെനസ്വേല പ്രതിജ്ഞാബദ്ധമാണ്; ഇത് സൂചിപ്പിക്കുന്നതിനുവേണ്ടിയാണ് ഞാനിതുപറയുന്നത്. സമാധാനത്തിനും സമത്വപൂര്‍ണമായ ലോകത്തിനും വേണ്ടി പൊരുതുന്നവരുടെ കൂടെ വെനസ്വേല ചേര്‍ന്നുനില്‍ക്കുന്നു. ക്യൂബന്‍വിമാനത്തെ പറ്റി ഞാന്‍ ഇപ്പോള്‍ പറഞ്ഞുവല്ലോ. അത് നടത്തിയ തീവ്രവാദിയുടെ പേര് ലൂയി പൊസാദാ കാര്‍ലസ് എന്നാണ്. അയാള്‍ ഇവിടെ സംരക്ഷിക്കപ്പെടുകയാണ്. അതുപോലെതന്നെ വെനസ്വേലയില്‍നിന്ന് ഓടിപ്പോന്ന ദുഷിച്ച ചിലരും ഇവിടെ സംരക്ഷിക്കപ്പെടുകയാണ്. ഒരുകൂട്ടം തീവ്രവാദികള്‍ വിവിധ എംബസികളില്‍ ബോംബിടുകയും ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു. ഈ കലാപശ്രമത്തിനിടയില്‍ അവര്‍ എന്നെ തട്ടിക്കൊണ്ടുപോയി; അവര്‍ എന്നെ വെടിവച്ചുകൊല്ലാന്‍ പോവുകയായിരുന്നു. പക്ഷേ അവിടെ ദൈവം ഇടപെട്ടു. ദൈവത്തോടൊപ്പം വിശ്വസ്തരായ ഒരു സംഘം സൈനികരും അവരോടൊപ്പം ജനങ്ങളും. ജനങ്ങള്‍ തെരുവിലിറങ്ങി. അതെ, ഞാനിവിടെ നില്‍ക്കുന്നത്, സത്യം, ഒരത്ഭുതമാണ്. ആ കലാപശ്രമത്തിന് നേതൃത്വം നല്‍കിയവര്‍, ആ ഭീകരവൃത്തിയുടെ നേതാക്കള്‍ ഇവിടെ ഈ രാജ്യത്ത് (അമേരിക്കയില്‍) സുരക്ഷിതരായി ജീവിക്കുകയാണിന്ന്. അവരെ സംരക്ഷിക്കുന്നത് അമേരിക്കന്‍ ഗവണ്മെന്റാണ്. തീവ്രവാദികളെ സംരക്ഷിക്കുന്ന സര്‍ക്കാറാണ് അമേരിക്കയിലുള്ളതെന്ന് ഞാന്‍ കുറ്റപ്പെടുത്തുന്നു; തികച്ചും കാപട്യപൂര്‍ണമായ ചര്‍ച്ചയാണത് ഈ സഭയില്‍പോലും നടത്തുന്നതെന്നും ഞാന്‍ കുറ്റപ്പെടുത്തുന്നു.

ഞാന്‍ ക്യൂബയെ പറ്റി സംസാരിച്ചു. ഈയിടെ കുറേദിവസം ഞാന്‍ ഹവാനയിലായിരുന്നു. ഞാന്‍ അവിടം വിട്ടുപോന്നത് ഏറെ സന്തുഷ്ടനായാണ്, കാരണം എവിടെയും പരിവര്‍ത്തനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു, ഒരു പുതുയുഗത്തിന്റെ പിറവി എങ്ങും ദൃശ്യമായിരുന്നു. ചേരിചേരാ ഉച്ചകോടി ഐതിഹാസികമായ ഒരു പ്രമാണരേഖയ്ക്ക് അന്തിമരൂപം നല്‍കി. ഭയപ്പെടേണ്ട, ഞാനതുവായിക്കുന്നില്ല. അതിലുള്ളത് കുറേ പ്രമേയങ്ങളാണ്, അവ അംഗീകരിക്കപ്പെട്ടത് തുറന്ന, സുതാര്യമായ ചര്‍ച്ചകള്‍ക്കുശേഷമാണ്. അമ്പതിലധികം രാഷ്ട്രത്തലവന്മാര്‍ അതില്‍ പങ്കെടുത്തു. ഒരാഴ്ചക്കാലം ഹവാന തെക്കെ അമേരിക്കയുടെ തലസ്ഥാനമായിരുന്നു. ഞങ്ങള്‍ ചേരിചേരാപ്രസ്ഥാനം പുനരാരംഭിച്ചിരിക്കുന്നു. ഇവിടെ സമ്മേളിച്ചിരിക്കുന്ന എല്ലാവരോടും എന്താണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്? എന്റെ പങ്കാളികളോട്, സഹോദരീസഹോദരന്മാരോട്? ചേരിചേരാപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് അവരുടെ സദ്ഭാവനയുണ്ടായിരിക്കണമെന്നതാണത്; അവരുടെ ഹൃദയപൂര്‍വമായ അഭ്യുദയാശംസകള്‍ ഉണ്ടായിരിക്കണമെന്നതാണത്. ഒരു നവയുഗത്തിന്റെ ഉദയത്തിന് അത് വളരെ പ്രധാനമാണ്, അധിനിവേശവും സാമ്രാജ്യത്വവും തടയുന്നതിന് വളരെ അത്യാവശ്യമാണത്.

പ്രസിഡന്റ് ഫിദല്‍ കാസ്ട്രോവിനെ വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള ചേരിചേരാപ്രസ്ഥാനത്തിന്റെ ചെയര്‍മാനായി ഞങ്ങള്‍ തെരഞ്ഞെടുത്തവിവരം ജനറല്‍ അസംബ്ലിയെ ഞാന്‍ അറിയിക്കുകയാണ്. അദ്ദേഹം ഞങ്ങളെ ഫലപ്രദമായി നയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉത്തമബോധ്യമുണ്ട്. ഫിദല്‍ ആസന്നമരണനാണെന്ന് ആശ്വസിച്ചവര്‍ക്ക് നൈരാശ്യം നല്‍കിക്കൊണ്ട് അദ്ദേഹം ഇപ്പോഴും രംഗത്തുണ്ട്. അവര്‍ക്ക് ഇനിയും ഇനിയും നിരാശപ്പെടേണ്ടിവരും. തന്റെ ഒലിവ് പച്ചവസ്ത്രമണിഞ്ഞ് അദ്ദേഹം തിരിച്ചുവന്നിരിക്കുന്നു. ഇപ്പോഴദ്ദേഹം ക്യൂബന്‍ പ്രസിഡന്റ് മാത്രമല്ല, ചേരിചേരാപ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍കൂടിയാണ്. സുശക്തമായൊരു പ്രസ്ഥാനം രൂപമെടുത്തിരിക്കുന്നു: തെക്കെ അമേരിക്കക്കാരുടെ പ്രസ്ഥാനം. ഞങ്ങള്‍ തെക്കെ അമേരിക്കക്കാരായ സ്ത്രീപുരുഷന്മാരാണ്. ഈ രേഖകളോടെ, ആശയങ്ങളോടെ, വിമര്‍ശങ്ങളോടെ, വിചിന്തനങ്ങളോടെ ഞാന്‍ ഈ ഫയല്‍ അടച്ചുവയ്ക്കട്ടെ, ഈ പുസ്തകം എടുക്കട്ടെ. ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവരും ഈ പുസ്തകം വായിക്കണമെന്ന് ഞാന്‍ ഊഷ്മളമായി, വിനയാന്വിതനായി ശുപാര്‍ശചെയ്യുന്നു. അതു മറന്നുപോവരുത്. നമ്മുടെ ഈ ഗോളത്തെ രക്ഷിക്കുന്നതിനുള്ള, അതിനെ സാമ്രാജ്യത്വഭീഷണിയില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് ഞാന്‍ ശ്രമിച്ചത്. ഈ നൂറ്റാണ്ടില്‍ തന്നെ, വളരെ വിദൂരമല്ലാത്ത ഭാവിയില്‍, നമ്മുടെ മക്കളും പേരമക്കളും പ്രശാന്തമായ ഒരു ലോകത്ത് ജീവിക്കുന്നത് കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

പുതുക്കിയതും പുനഃസ്ഥാപിതവുമായ ഐക്യരാഷ്ട്രസഭയുടെ മൗലികതത്ത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു ലോകമായിരിക്കുമത്. ഐക്യരാഷ്ട്രസഭ മറ്റൊരു രാജ്യത്തേക്ക്, ഏതെങ്കിലും തെക്കെ അമേരിക്കന്‍ നഗരത്തിലേക്കു മാറണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണ് ഞങ്ങള്‍ വെനസ്വേലക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അസംബ്ലിക്കറിയാം എന്റെ ഡോക്ടറും എന്റെ സെക്യൂരിറ്റി ചീഫും തടഞ്ഞുവച്ച ഒരു വിമാനത്തിനുള്ളില്‍ കഴിയുകയാണ്. ഐക്യരാഷ്ട്രസഭയിലേക്കു കടന്നുവരാന്‍ അവരെ അനുവദിച്ചില്ല. ഇത് പിശാചിന്റെ വകയായ വ്യക്തിപരമായ അവഹേളനമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഇവിടെ ഗന്ധകത്തിന്റെ മണമുണ്ട്. പക്ഷേ ദൈവം നമ്മളോടൊപ്പമാണ്, ഞാന്‍ നിങ്ങളെല്ലാവരേയും ആലിംഗനംചെയ്യുന്നു. ദൈവം നമ്മളെല്ലാവരേയും അനുഗ്രഹിക്കട്ടെ.

*
മൊഴിമാറ്റം: സി പി അബൂബക്കര്‍ ദേശാഭിമാനി വാരിക 24 മാര്‍ച്ച് 2013

Saturday, March 30, 2013

മുതലാളിത്തം കാടത്തമാണ്


2005ല്‍ കരാക്കസില്‍ നടന്ന ലോക സോഷ്യല്‍ ഫോറത്തില്‍ ഷാവേസ് ചെയ്ത പ്രസംഗം

ഇക്കാഷ്യോ റാമോണെ എന്നെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞത് ഞാന്‍ ഒരു പുതിയതരം നേതാവാണ് എന്നാണ്. ഞാനത് ഏറ്റെടുക്കുന്നു; പ്രത്യേകിച്ചും ഇക്കാഷ്യോവിന്റേതുപോലുള്ള തെളിഞ്ഞ മനസ്സില്‍നിന്നുവരുന്ന ആ പ്രയോഗം. പക്ഷേ ഒട്ടനവധി പ്രായംചെന്ന നേതാക്കള്‍ എന്റെ പ്രചോദന കേന്ദ്രങ്ങളായുണ്ട്. എക്കാലത്തെയും വലിയ വിപ്ലവകാരിയായ യേശുക്രിസ്തുവിനെപ്പോലെ വളരെ പഴയവര്‍; ലോകചരിത്രത്തിലെ സാമ്രാജ്യത്വ വിരുദ്ധപോരാളിയായ യഥാര്‍ഥ ക്രിസ്തു, പാവങ്ങളുടെ വിമോചകന്‍! ഈ ഭൂപ്രദേശങ്ങളുടെ തലങ്ങുംവിലങ്ങും സഞ്ചരിച്ച് ജനങ്ങളില്‍ പ്രത്യാശപകര്‍ന്നുകൊണ്ട് വിമോചിതരാവാന്‍ അവരെ സഹായിച്ച സൈമണ്‍ ബൊളിവാര്‍; അല്ലെങ്കില്‍ നമ്മുടെ ഭൂഖണ്ഡത്തിന്റെ ഓരോ ഊടുപാതയിലൂടെയും ഒരു മോട്ടോര്‍സൈക്കിളില്‍ ചുറ്റിയടിച്ചുകൊണ്ട് 1955ല്‍ ഗ്വാട്ടിമാലയില്‍ നടന്ന പരദേശി ആക്രമണം - വടക്കനമേരിക്കന്‍ സാമ്രാജ്യത്വം നമ്മുടെ ഭൂഖണ്ഡത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച മറ്റനേകം അപമാനപ്പെടുത്തലുകളില്‍ ഒന്ന് - നേരില്‍ കാണാനായി മധ്യ അമേരിക്കയിലെത്തിയ ആ അര്‍ജന്റീനന്‍ ഡോക്ടര്‍; അല്ലെങ്കില്‍ ആ താടിക്കാരന്‍ കാരണവര്‍ - ഫിദല്‍ കാസ്ട്രോ. അബ്ര്യു ലിമ, ആര്‍ടിഗാസ്, സാന്‍മാര്‍ട്ടിന്‍, ഓഹിജിന്‍സ് എമിലിയാനോ സപാട്ടാ, പാഞ്ചോ വില്ല, സാന്റിനോ, മൊറാസന്‍, ട്യൂപാക് അമാറു - ഈ വയോജനങ്ങളില്‍നിന്നെല്ലാം ഒരുവന് ആവേശമുള്‍ക്കൊള്ളാം. ഒരു ചുമതല ഏറ്റെടുത്ത വയോജനങ്ങള്‍. ഇപ്പോള്‍ എനിക്ക് അവരെ എന്റെ ഹൃദയത്തില്‍ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് മനസ്സിലാക്കാനാവുന്നുണ്ട് -കാരണം, നാം ഏറെ കടുത്ത ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്; അവരെല്ലാം തിരിച്ചുവരികയാണ്.

ഇന്ന് നാം ദശലക്ഷങ്ങളാണ്. ഈ വൃദ്ധജനങ്ങളിലൊരാള്‍, അദ്ദേഹം കഷ്ണങ്ങളായി പിച്ചിച്ചീന്തപ്പെടുകയായിരുന്നു. കൈയിലും കാലിലും കുതിരകളെ കെട്ടിവലിക്കുകയായിരുന്നു. സാമ്രാജ്യത്വങ്ങളെല്ലാം എന്നും എപ്പോഴും ക്രൂരമായിരുന്നു. നല്ല സാമ്രാജ്യത്വവും മോശം സാമ്രാജ്യത്വവുമില്ല. അവ എന്നും അസാധാരണമാംവിധം നിഷ്ഠുരവും കുടിലവുമായിരുന്നു. അവര്‍ എന്തു ധരിക്കുന്നുവെന്നതോ, എങ്ങനെ സംസാരിക്കുന്നുവെന്നതോ ഒരു പ്രശ്നമേയല്ല. താന്‍ മരിക്കാന്‍ പോവുകയാണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം ഉറക്കെപ്പറഞ്ഞു: ""ഇന്നു ഞാന്‍ മരിക്കുകയാണ്. പക്ഷേ ഒരുനാള്‍ ഞാന്‍ തിരിച്ചെത്തും. ദശലക്ഷങ്ങളായി""അതാഹുവാല്‍പാ ഇന്ന് തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹം ഇപ്പോള്‍ ദശലക്ഷങ്ങളാണ്. ടുപാക് അമാറു തിരിച്ചെത്തിയിരിക്കുന്നു - ദശലക്ഷങ്ങളായി. ബൊളിവാര്‍ തിരിച്ചെത്തിയിരിക്കുന്നു, അദ്ദേഹവും ദശലക്ഷങ്ങളാണ്. സുകര്‍, സപാടാ, അതേ ഇവിടെ ഇപ്പോള്‍ അവര്‍ നമുക്കൊപ്പം തിരിച്ചെത്തിയിരിക്കുന്നു - ഈ നിറഞ്ഞുകവിഞ്ഞ ഗിഗാന്‍ തിന്‍ഹോ സ്റ്റേഡിയത്തില്‍.

രണ്ടുവര്‍ഷം മുമ്പ് ഇവിടെ പോര്‍ടോ അലഗ്രേയില്‍ മൂന്നാം ലോകസോഷ്യല്‍ഫോറത്തില്‍ വച്ച് ഞാന്‍ പറഞ്ഞതുപോലെ ഈ സോഷ്യല്‍ഫോറം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ സംഭവമാണ്. നാമിവിടെ വന്നിരിക്കുന്നത് പഠിക്കാനും വിജ്ഞാനം വശത്താക്കാനുമാണ്. നമ്മെ ഇവിടെ നിറഞ്ഞുകവിയുന്ന അഭിനിവേശത്തിന്റെ വികാരത്തില്‍ സ്വയം കുതിരാനുമാണ്. നമ്മള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്. കാരണം വെനസ്വേലന്‍ പ്രക്രിയ ഏതൊരു ട്രയല്‍റണ്ണും എന്നതുപോലെ സൂക്ഷ്മനിരീക്ഷണം നടത്തേണ്ടതും പരിഷ്കരിച്ചു കൊണ്ടേയിരിക്കേണ്ടതുമാണ്. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ അത്ഭുതകരമായ അനുഭവങ്ങള്‍ക്കുമായി തുറന്നിട്ടുകൊടുത്ത ഒരു പരീക്ഷണമാണത്.

വേള്‍ഡ് സോഷ്യല്‍ഫോറം അതിന്റെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചക്കുമുള്ള ഒരു ബലിഷ്ഠവും വിശാലവും വ്യത്യസ്തവുമായ തറയാണ്. പുറന്തള്ളപ്പെട്ടവരുടെ ഭൂരിപക്ഷവും അധികാരത്തിന്റെ ഇടനാഴികളില്‍ യാതൊരു ശബ്ദമില്ലാത്തവരുമാണ് ഇവിടെ തങ്ങളുടെ സ്വയംപ്രകാശനത്തിനും പ്രതിഷേധ പ്രകടനത്തിനുമായി എത്തുന്നത്. തങ്ങള്‍ ആരാണെന്ന് പറയാനും തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പ്രഖ്യാപിക്കാനുമാണ് അവരിവിടെ വന്നു പാടുന്നത്, തങ്ങളുടെ കവിതകള്‍ ചൊല്ലുന്നത് - ഒരു സമവായത്തിലെത്താം എന്ന തങ്ങളുടെ പ്രതീക്ഷയുമായി.

ഒരു പ്രസിഡന്റാണ് എന്ന് എനിക്ക് തോന്നുന്നേയില്ല. പ്രസിഡന്റായത് തികച്ചും യാദൃച്ഛികമായാണ്. ഏതൊരു ടീമിലെ അംഗത്തെയുംപോലെ ഞാന്‍ എന്റെ ഭാഗം നിറവേറ്റുക മാത്രമാണ്. ഒരു കടമ നിറവേറ്റുന്നുവെന്നേയുള്ളൂ. പക്ഷേ ഞാനൊരു കര്‍ഷകനാണ്, ഞാനൊരു ഭടനാണ്. മെച്ചപ്പെട്ടതും സാധ്യമായതുമായ ഒരു ബദല്‍ ലോകത്തിനുള്ള, ഈ ഭൂമിയെ രക്ഷിക്കാനാവശ്യമായ ഒരു പദ്ധതിയോട് കൂറുള്ള ഒരു മനുഷ്യനാണ് ഞാന്‍. വിപ്ലവകരമായ ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന മറ്റൊരുശിരന്‍ പ്രവര്‍ത്തകനാണ് ഞാന്‍.

മിലിറ്ററി സ്കൂളില്‍ ചേര്‍ന്നതു മുതല്‍ ഞാനൊരു മാവോയിസ്റ്റായിരുന്നു. ഞാന്‍ ചെഗുവേര വായിച്ചു. ബൊളിവാറിനെ വായിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അക്ഷരങ്ങളും പഠിച്ചു. അങ്ങനെ ഒരു ബൊളിവാറിയന്‍ മാവോയിസ്റ്റായി. അതിന്റെ ഒരു സമ്മിശ്രസങ്കരം. മാവോ പറയുന്നുണ്ട്, ഏതൊരു വിപ്ലവകാരിയും തന്റെ മിത്രങ്ങളാര്, ശത്രുക്കളാര് എന്നത് കൃത്യമായും തിരിച്ചറിയേണ്ടത് ഏറെ പ്രധാനമാണ് എന്ന്.

ലാറ്റിനമേരിക്കയില്‍ ഇത് പ്രത്യേകിച്ചും പ്രധാനമാണ്. ശതകങ്ങളായി നാം കുടുങ്ങിക്കിടക്കുന്ന പ്രഹേളികയില്‍നിന്ന് പുറത്തുകടക്കാന്‍ നമുക്കാവണമെങ്കില്‍, അത് വിപ്ലവത്തിന്റെ പാതയിലൂടെ മാത്രമാണ് എന്ന കാര്യത്തില്‍ എനിക്ക് ഉത്തമബോധ്യമുണ്ട്. ഉറുഗ്വേന്‍ കവിയായ മറിയോ ബെന്‍ഡറ്റിയുടെ ഭാഷയില്‍ പറഞ്ഞാല്‍, തെക്കും നിലനില്‍ക്കുന്നുണ്ട്. വടക്കനമേരിക്കയിലും യൂറോപ്പിലുമൊക്കെ ഒട്ടനവധി വിപ്ലവകാരികളുണ്ട്. ഒരുപക്ഷേ ഞാന്‍ പറയുന്നത്, തെറ്റായിരിക്കാം, എന്നാലും ഞാന്‍ കരുതുന്നു, ലോകത്ത് അടിയന്തരമായും ത്വരിതഗതിയിലും മാറ്റം വരണമെന്ന ശക്തമായ അവബോധം കൂടുതലായുള്ളത് തെക്കാണ്.

1956ല്‍ നാം ബന്ദൂങ്ങില്‍ ഒരുച്ചകോടി ചേര്‍ന്നു. അവിടെയാണ് ചേരിചേരാ പ്രസ്ഥാനം പിറവിയെടുത്തത്. തെക്കിന്റെ മനസ്സാക്ഷിയെക്കുറിച്ചുള്ള ആശയം രൂപംകൊണ്ടത് അവിടെ വച്ചാണ്. പക്ഷേ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ, ബര്‍ളിന്‍ മതിലിന്റെ പതനത്തോടെ, സ്റ്റിഗ്ലിറ്റ്സ് പറഞ്ഞതുപോലെ, ""ആഹ്ലാദകരമായ 90കളുടെ"" കാലമായി. നമ്മളാകെ, പ്രത്യക്ഷമായ ആഹ്ലാദത്തിലായിരുന്നു. ചരിത്രത്തിന്റെ അവസാനം, ശാസ്ത്രസാങ്കേതിക വിദ്യയുടെ യുഗം, അങ്ങനെ തെക്കിന്റെ മനസ്സാക്ഷി ജഡീഭവിച്ചു. പിന്നെയൊരു ഹിമാനി പതനമായിരുന്നു. വാഷിങ്ടണ്‍ സമവായത്തിന്റെ നിര്‍ദേശം, തനി നിയോ കൊളോണിയലിസം, പുതിയ വേഷത്തില്‍ നിയോ ലിബറലിസമെന്ന പേരില്‍, ഐഎംഎഫിന്റെ സകലമാന നയങ്ങളും ലത്തീനമേരിക്കക്കായുള്ള പ്രത്യേകതരം വിഷത്തോടെ, കുത്തിവയ്ക്കപ്പെട്ടു.

ഇന്ന്, ലോക സോഷ്യല്‍ഫോറം - ഇതിനേക്കാള്‍ ഉചിതമായ മറ്റൊരിടമില്ല - ലോകത്തെ രഷിക്കാനായി എടുക്കേണ്ട ആദ്യനടപടി തെക്കിന്റെ മനസ്സാക്ഷി വീണ്ടെടുക്കുകയാണ് എന്നുപറയാനുള്ള അവസരമായിരിക്കുന്നു. തെക്കിന്റെ മനസ്സാക്ഷി പുനര്‍വിക്ഷേപിക്കുക, വടക്കുള്ള പലര്‍ക്കും ഇതറിയാനിടയില്ല. പക്ഷേ വടക്കിന്റെ ഭാവി തെക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. എന്തെന്നാല്‍, നാം ചെയ്യേണ്ടത് ചെയ്തില്ലെങ്കില്‍ മെച്ചപ്പെട്ട ഒരു ലോകമെന്നത് യാഥാര്‍ഥ്യമാക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍ നാവികരുടെ ബയനറ്റുകള്‍ക്കും ബുഷിന്റെ മാരകബോംബുകള്‍ക്കും മുമ്പില്‍ നാം തോറ്റുപോയാല്‍, നമുക്ക്, തെക്കിന്, നവസാമ്രാജ്യത്വ ആക്രമണങ്ങളെ ചെറുക്കാനുള്ള ശക്തിയും അന്തഃകരണ വിശുദ്ധിയും സംഘടനയും ഇല്ലെങ്കില്‍ ബുഷിന്റെ തിട്ടൂരങ്ങള്‍ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണെങ്കില്‍ ലോകം തന്നെ തകര്‍ന്നുപോവും.

ധ്രുവാഗ്രങ്ങള്‍ ഉരുകിയൊലിച്ച് രാജ്യങ്ങളാകെ വെള്ളത്തിനടിയിലാവുന്നതിനുമുമ്പ് ഈ ഭൂഗോളം നൂറുകണക്കിന് ഹിംസാത്മക കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. നിയോ ലിബറല്‍ മാതൃകകള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനതകള്‍ സമാധാനപരമായി കൈയും കെട്ടി സ്വീകരിക്കില്ല. പട്ടിണികിടന്ന് ചാവുന്നതിലും ഭേദം മരണമാണ് എന്ന് അവര്‍ തിരിച്ചറിയും. ട്രോട്സ്കി പറഞ്ഞിട്ടുണ്ട്, ഏതൊരു വിപ്ലവത്തിനും മുമ്പ് പ്രതിവിപ്ലവത്തിന്റെ ഒരു ചാട്ടവാറുണ്ടാവുമെന്ന്! പ്രതിവിപ്ലവമാകട്ടെ, നമ്മെ നന്നായി ചാട്ടക്കിരയാക്കി - സാമ്പത്തിക - മാധ്യമ - സാമൂഹിക അട്ടിമറികളിലൂടെ, ഭീകരത, ബോംബുകള്‍, ഹിംസയും ചോരയും മരണവും, പട്ടാള അട്ടിമറികള്‍, സ്ഥാപനപരമായ കൃത്രിമപ്പണികള്‍, അന്താരാഷ്ട്ര സമ്മര്‍ദം - വെനസ്വേലയെ ഒരു സാമന്തരാജ്യമാക്കി മാറ്റാന്‍ അവര്‍ പരിശ്രമിച്ചു. ഞങ്ങളുടെ നിയമങ്ങള്‍ക്കുമേല്‍ അവര്‍ രാഷ്ട്രാന്തരീയ അധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഞങ്ങളുടെ സ്ഥാപനങ്ങള്‍ക്കും ഭരണഘടനകള്‍ക്കും മേലെ. പക്ഷേ വെനസ്വേലന്‍ ജനത ഈ പ്രഭു ജനാധിപത്യത്തിന് ഒരു കാര്യം ബോധ്യപ്പെടുത്തിക്കൊടുത്തു - തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന്!

ഞങ്ങള്‍ ചെറുത്തുനിന്നു. സ്വയം പ്രതിരോധിച്ചു. പിന്നെ പ്രത്യാക്രമണം നടത്തി. അതിന്റെ ഭാഗമായി 2003ല്‍ ആദ്യമായി വെനസ്വേല അതിന്റെ എണ്ണക്കമ്പനികള്‍ വീണ്ടെടുത്തു. അത് അതിനുമുമ്പ് വെനസ്വേലന്‍ സമ്പന്ന പ്രഭുക്കളുടെയും വടക്കനമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും കൈയിലായിരുന്നു. ഞങ്ങളിപ്പോള്‍ പാവപ്പെട്ടവര്‍ക്കുള്ള സാമൂഹികമേഖലക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ലഘുവായ്പക്കും ഭവനനിര്‍മാണത്തിനുമായി 400 കോടി ഡോളര്‍ നീക്കിവയ്ക്കുന്നുണ്ട്. നിയോലിബറലുകള്‍ പറയുന്നത്, ഞങ്ങള്‍ കാശ് എറിഞ്ഞുകളയുകയാണ് എന്നാണ്. പക്ഷേ മുമ്പ്, ഇവര്‍ ഇത് പരദേശികള്‍ക്ക് (ഗ്രിന്‍ഗോ) വിട്ടുകൊടുക്കുകയായിരുന്നു. അല്ലെങ്കില്‍ അവര്‍ തമ്മില്‍ വീതിച്ചെടുക്കുകയായിരുന്നു - തങ്ങളുടെ അപവാദപരമായ ബിസിനസ്സ് ഇടപാടുകളിലൂടെ.

ഞങ്ങള്‍ എല്ലാവരോടും പഠിക്കാന്‍ പറഞ്ഞു. അമ്മൂമ്മമാരോടും കുഞ്ഞുങ്ങളോടും - അവരില്‍ പലരും കടുത്ത ദുരിതത്തിലാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഒരാള്‍ക്ക് ഒരുമാസം 100 ഡോളര്‍ കിട്ടുന്ന നിരക്കില്‍ കാശ് നല്‍കാനാവുന്ന ഒരു സംവിധാനമുണ്ടാക്കി - 5 ലക്ഷം പേര്‍ക്ക് ഗ്രാന്റ്. ഏതാണ്ട് 60 കോടി രൂപ വരും ഒരു വര്‍ഷത്തേക്ക്. ഇത്രയും തുക മുമ്പ് ഞങ്ങളില്‍നിന്നും കവര്‍ന്നെടുക്കപ്പെടുകയായിരുന്നു. ഇപ്പോളത് പുനര്‍വിതരണം നടത്തി പാവപ്പെട്ടവരെ ശാക്തീകരിക്കുകയാണ്. തങ്ങളുടെ സ്വന്തം ദാരിദ്ര്യത്തെ തോല്‍പ്പിക്കാനായി പാവങ്ങളെ സഹായിക്കുകയാണ്.

ഇന്ന് ഞങ്ങള്‍ക്ക് പല പദ്ധതികളുമുണ്ട്. ഉദാഹരണത്തിന് ബാരിയോ ആഡെന്‍ട്രോ. അതൊരു ദേശീയ ധര്‍മസമരമാണ്. എല്ലാവരെയും ഉള്‍പ്പെടുത്തുന്ന ഒരു കുരിശുയുദ്ധം. സിവിലിയന്മാര്‍, പട്ടാളക്കാര്‍, വൃദ്ധര്‍, യുവാക്കള്‍, സമുദായങ്ങള്‍, ദേശീയ ഗവണ്‍മെന്റും തദ്ദേശീയ സര്‍ക്കാരുകളും കീഴ്ത്തല സാമൂഹിക സംഘടനകള്‍- ഇതിനുള്ള സഹായമെത്തിക്കുന്നതാകട്ടെ, ക്യൂബന്‍ വിപ്ലവകാരികളും. ഇന്ന് ക്യൂബയില്‍ നിന്നുള്ള 25,000 ഡോക്ടര്‍മാരും ദന്തവൈദ്യന്മാരും ഞങ്ങളുടെ പരമദരിദ്രര്‍ക്കൊപ്പം ജീവിക്കുന്നു. അവര്‍ക്കൊപ്പം വെനസ്വേലക്കാരായ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നേഴ്സുമാരും. 2004ല്‍ മാത്രം, 5 കോടി കേസുകളാണ് ഇവര്‍ പരിശോധിച്ചത്. അതാകട്ടെ, വെനസ്വേലന്‍ ജനസംഖ്യയുടെ ഇരട്ടി വരും. മുമ്പാകട്ടെ, ഇതിനൊക്കെ നീക്കിവയ്ക്കേണ്ട കാശാകെ രാജ്യാതിര്‍ത്തി കടന്നിരുന്നു. മുമ്പ് വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിച്ചിരുന്നു. അതാണ് നിയോലിബറല്‍ സാമ്രാജ്യത്വ പദ്ധതി. ആരോഗ്യമേഖല സ്വകാര്യമുതലാളിമാരുടെ പിടിയിലായിരുന്നു. അതനുവദിക്കാനാവില്ല. അതൊരു മൗലിക മനുഷ്യാവകാശമാണ്. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഊര്‍ജം, പൊതുസേവനങ്ങള്‍ - ഇവയൊന്നും സ്വകാര്യ മൂലധനത്തിന്റെ അത്യാര്‍ത്തിക്ക് വിട്ടുകൊടുത്തുകൂടാ. ജനതകള്‍ക്ക് ഈ അവകാശങ്ങള്‍ നിഷേധിക്കുന്നത് കാടത്തത്തിലേക്കുള്ള പോക്കാണ്; മുതലാളിത്തം കാടത്തമാണ്.

ദിനേനയെന്നോണം, ഞാനൊരു കാര്യം കൂടുതല്‍ക്കൂടുതലായി തിരിച്ചറിയുകയാണ്. കുറഞ്ഞ മുതലാളിത്തം സമം കൂടിയ സോഷ്യലിസം എന്ന കാര്യം. മുതലാളിത്തത്തെ നമുക്ക് മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. പക്ഷേ അകത്തിരുന്നുകൊണ്ട് അതിനെ പുതുക്കിപ്പണിയാനാവില്ല. സോഷ്യലിസം വഴി മാത്രമേ അതിനെ മാറ്റിത്തീര്‍ക്കാനാവൂ. തുല്യതയും നീതിയും -മുതലാളിത്തശക്തിക്ക് അതീതമാവാനുള്ള വഴി അതു മാത്രമാണ്. ഇത് നിറവേറ്റാന്‍ ജനാധിപത്യത്തില്‍ കഴിയും എന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. പക്ഷേ കണ്ണുതുറന്നു നോക്കുക, ഏതുതരം ജനാധിപത്യമാണോ മിസ്റ്റര്‍ സൂപ്പര്‍മാന്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്, ആ ജനാധിപത്യമല്ല എന്നുറപ്പു വരുത്തുക.

ചെഗുവേരയെ ഞാന്‍ വളരെയേറെ ആരാധിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ സിദ്ധാന്തം പ്രായോഗികമായിരുന്നില്ല എന്നാണെനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ ഗറില്ലാ യൂണിറ്റ് ഒരുപക്ഷേ പര്‍വതമുകളിലെ 100 പേര്‍, ക്യൂബയില്‍ അതിന് സാധ്യതയുണ്ടാവാം. പക്ഷേ മറ്റെവിടെയും സ്ഥിതി വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാണ് ചെക്ക് ബൊളീവിയയില്‍ മരണമടയേണ്ടിവന്നത്. ഒരു ക്വിക്സോട്ടിക്കന്‍ കഥാപാത്രം! ഇന്ന് ഗറില്ലാ സെല്ലുകള്‍ ഉള്‍പ്പെടുന്നതല്ല സ്ഥിതിഗതികള്‍. അവരെ പര്‍വതപ്രദേശങ്ങളില്‍ റെയ്ഞ്ചര്‍മാര്‍ക്കോ നാവികര്‍ക്കോ വളഞ്ഞിടാം - ചെഗുവേരയോട് കാട്ടിയതുപോലെ. അവര്‍ ആകെ ഒരുപക്ഷേ 50 പേരേ ഉണ്ടായിരുന്നുള്ളൂ, മറ്റവരുടെ 500നു പകരമായി. ഇന്ന് ഞങ്ങള്‍ ദശലക്ഷങ്ങളാണ്, അവരെങ്ങനെയാണ് ഞങ്ങളെ വളയുക? ശ്രദ്ധിക്കുക, നമ്മളായിരിക്കും അവരെ വളയുക. ഇതുവരെയും അതായിട്ടില്ല. പക്ഷേ കുറേശ്ശെ കുറേശ്ശെയായി. സാമ്രാജ്യങ്ങളെ ചിലപ്പോള്‍ വളയാനാവില്ല. അവ അകത്തുകിടന്ന് അളിയും. എന്നിട്ട് നിലംപൊത്തി തകരും. റോമാസാമ്രാജ്യവും മറ്റു നിരവധി യൂറോപ്യന്‍ സാമ്രാജ്യങ്ങളും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ തകര്‍ന്നതുപോലെ. ഒരുനാള്‍ അമേരിക്കന്‍ സാമ്രാജ്യത്വം അത് അകത്ത് പേറുന്ന കെട്ട ഭാഗങ്ങള്‍ കാരണം നിലംപൊത്തിയേക്കാം. എന്നിട്ട് മാര്‍ടിന്‍ ലൂതര്‍ കിങ്ങിന്റെ മഹത്തായ ജനത, നമ്മുടെ സഹോദരീസഹോദരന്മാര്‍ സ്വതന്ത്രരായേക്കും.

ഞങ്ങളിപ്പോഴും വിജയം പ്രഖ്യാപിക്കുന്നില്ല. പക്ഷേ യാഥാര്‍ഥ്യം തെളിയിക്കുന്നത് ഞങ്ങള്‍ അതിലേക്കുള്ള വഴിയിലാണെന്നാണ് -പ്രതിദിനം ഞങ്ങള്‍ക്കതിനെ പരിപാലിക്കേണ്ടതുണ്ടെങ്കിലും. എല്ലാ ദിവസവും എന്റെ സഖാക്കാളോടുള്ള എന്റെ ഉദ്ബോധനങ്ങളില്‍ പെടുന്ന ഒന്നാണ് അക്കാര്യം. ചെ പറഞ്ഞതുപോലെ ഉദ്യോഗസ്ഥ മേധാവിത്വത്തിനും അഴിമതിക്കുമെതിരെ പോരാടിക്കൊണ്ട് നമുക്ക് വിപ്ലവകരമായ ഒരു ശ്രേഷ്ഠത കൈവരിക്കാനാവണം. 2003ലും 2004ലും നാം കണ്ട വെനസ്വേലന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തിപ്പെടല്‍ - ഉല്‍പാദനമേഖലയും കൃഷിയും എല്ലാം മുന്നേറുകയായിരുന്നു. ഒരു ദീര്‍ഘകാലത്തിനിടയില്‍ ഇതാദ്യമായാണ്, ഇനി അരി ഇറക്കുമതി വേണ്ടെന്നു പറയാന്‍ നമുക്കാവുന്നത്. ധാന്യങ്ങളുടെ കാര്യത്തിലും നമ്മള്‍ സ്വാശ്രയരാണ്. ഞങ്ങളുടെ കൃഷിയെ രക്ഷപ്പെടുത്തുന്ന നടപടികള്‍ ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. ഭക്ഷ്യസുരക്ഷ നേടിയെടുക്കും. ഭൂവുടമകള്‍ക്കെതിരായ യുദ്ധത്തില്‍ എംഎസ്ടിയുടെ മാതൃക ഞങ്ങള്‍ അംഗീകരിക്കുന്നു. അത് ഞങ്ങള്‍ക്കും ഈ ഭൂഖണ്ഡത്തിലെ കര്‍ഷകര്‍ക്കാകെയും ഒരുദാഹരണമാണ്.

2004ല്‍ ഞങ്ങള്‍ മെര്‍കൂസറില്‍ അംഗത്വം നേടി. (ദക്ഷിണ അമേരിക്കന്‍ പൊതുവിപണിയാണ് മെര്‍ക്കൂസര്‍). അതിന്റെ രൂപരേഖയെക്കുറിച്ച് എനിക്ക് എതിരഭിപ്രായമുണ്ട്; പക്ഷേ എന്നിട്ടും ഞങ്ങളതില്‍ ചേരാന്‍ തീരുമാനിച്ചു. 5 വര്‍ഷംമുമ്പ് കനഡയിലെ അമേരിക്കാസ് ഉച്ചകോടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഞാന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവിടെ എഫ്ടിഎഎ യെ എതിര്‍ക്കുന്നതിന് ഞാനൊരുത്തനേ ഉണ്ടായിരുന്നുള്ളൂ. കാരണം അത് ഒരു കൊളോണിയല്‍ പദ്ധതിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. നമുക്ക് വേണ്ടത് ഒരു സംയോജിത ബദല്‍ മോഡലാണ്. അതിനെ ഞങ്ങള്‍ വിളിക്കുക ബൊളിവാറിയന്‍ ബദല്‍ എന്നാണ് - ALBA (Bolevarian Alternative for Latin America)ഈ പദ്ധതി പുരോഗമിക്കുന്നുണ്ട്. അത് കുറേക്കൂടി വേഗത കൈവരിക്കണമെന്ന് ആരും ആഗ്രഹിക്കും. പക്ഷേ യാഥാര്‍ഥ്യങ്ങളുണ്ട്. മുഹൂര്‍ത്തങ്ങളുണ്ട്, സമയക്രമങ്ങളും.

2005 ജനുവരി 1ന് സൂര്യനുദിച്ചു. എഫ്ടിഎഎ നാശത്തിലേക്കും പോയി. മിസ്റ്റര്‍ അപകടകാരീ, ഇപ്പോള്‍ എവിടെയുണ്ട് എഫ്ടിഎഎ? എഫ്ടിഎഎ ചത്തുപോയി. കൊച്ചു എഫ്ടിഎഎ കളുണ്ട്. പക്ഷേ ഫ്രീട്രേഡ് സോണ്‍ പ്രതിനിധാനംചെയ്യുന്ന സാമ്രാജ്യത്വാനുകൂല നിയോ കൊളേണിയല്‍ മോഡല്‍ അടിച്ചേല്‍പ്പിക്കാനായി ഇത്രക്കേറെ സമ്മര്‍ദങ്ങളും ഭീഷണികളും ഉയര്‍ത്തിയിട്ടും അത് നേടിയെടുക്കാനുള്ള ശക്തി വടക്കനമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇനിയും കിട്ടിയിട്ടില്ല. നമ്മളുടെ എതിരാളിയുടെ ദൗര്‍ബല്യങ്ങള്‍ പെരുപ്പിച്ചു കാട്ടാന്‍ ഞാനുദ്ദേശിക്കുന്നില്ല. അതൊരു മാരകമായ തെറ്റായിത്തീരും. എന്നിരിക്കിലും എനിക്കു തോന്നുന്നു, അതിന്റെ ദൗര്‍ബല്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നത് സൗകര്യപ്രദമാണ് എന്ന്. കാരണം എതിരാളി മര്‍ദനാതീതനാണെന്നു ഒരാള്‍ കരുതിയാല്‍ അതേ, അത് മര്‍ദനാതീതം തന്നെയായിരിക്കും; എന്നും. ചരിത്രത്തില്‍ വിയറ്റ്നാമുണ്ട്, ആക്രമണവും അധിനിവേശവും ചെറുക്കുന്ന ഇറാഖി ജനതയുണ്ട്, നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ചെറുത്തുനില്‍പ്പ് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന വിപ്ലവ ക്യൂബയുണ്ട്.

ബൊളിവാറിയന്‍ വെനസ്വേലയും 6 വര്‍ഷമായി പൊരുതിക്കൊണ്ടിരിക്കുകയാണ.് വടക്കനമേരിക്കന്‍ സാമ്രാജ്യത്വം അപ്രതിരോധ്യമല്ല. നേരാണ്, സദുദ്ദേശക്കാരായ ഒട്ടനവധി പാവങ്ങള്‍ കരുതുന്നത്അതിനെ തകര്‍ക്കാനാവില്ലെന്നാണ്. റോസാദളം കൊണ്ടുപോലും അതിനെ മര്‍ദിക്കാനാവില്ല. സാമ്രാജ്യത്വം കോപിക്കുകയും തിരിച്ചടിക്കുകയും ചെയ്യുമെന്ന് ഭയക്കുന്നവര്‍! ഗോലിയാത്ത് അപ്രതിരോധ്യനല്ല. അതുകൊണ്ടാണയാള്‍ കൂടുതല്‍ അപകടകാരിയാവുന്നത്. തന്റെ ദൗര്‍ബല്യം മനസ്സിലാക്കിത്തുടങ്ങിയാല്‍ അത് സര്‍വശക്തിയും എടുത്ത് തിരിച്ചടിക്കാന്‍ തുടങ്ങും - അതിന്റെ മുഴുവന്‍ മൃഗീയതയും ഉപയോഗിച്ച്! വെനസ്വേലക്കുനേരെ അത് കടന്നാക്രമണം നടത്തുന്നത് ദൗര്‍ബല്യത്തിന്റെ അടയാളമാണ്; പ്രത്യയശാസ്ത്രപരമായ ദൗര്‍ബല്യമാണത്. ഇന്ന് പഴയ ലത്തീനമേരിക്ക 5 വര്‍ഷം മുമ്പുള്ളതുപോലുമല്ല. നിങ്ങളോടുള്ള ബഹുമാനം കാരണം മറ്റേതെങ്കിലും രാജ്യത്തിലെ ആഭ്യന്തരസ്ഥിതിയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ മുതിരുന്നില്ല. വെനസ്വേലയില്‍, വിശേഷിച്ചും ആദ്യത്തെ രണ്ടുവര്‍ഷം എന്റെ പ്രവര്‍ത്തനങ്ങളെ പലരും വിമര്‍ശിച്ചു. വേഗം കൂട്ടണമെന്നും കുറേക്കൂടി പുരോഗമനപരമാവണമെന്നും ആവശ്യപ്പെട്ടു.

അതിനുള്ള നേരമായിട്ടില്ല എന്ന് എനിക്കു തോന്നി. കാരണം ഏതു പ്രക്രിയക്കും ഘട്ടങ്ങളുണ്ടല്ലോ. സഖാക്കളേ പടവുകളുണ്ട് ഏത് പ്രക്രിയയിലും. ഓരോ രാജ്യത്തെയും ആഭ്യന്തര സാഹചര്യങ്ങള്‍ക്കപ്പുറമുള്ള അന്താരാഷ്ട്ര സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമായ ആഭ്യന്തര താളമുണ്ട്. നിങ്ങളില്‍ ചിലര്‍ എതിര്‍ത്തേക്കാമെങ്കിലും ഞാനതു പറയുകതന്നെ ചെയ്യും. എനിക്ക് ലുലയെ ഇഷ്ടമാണ്. ഞാനദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. വലിയൊരു ഹൃദയമുള്ള ഒരു സഹോദരന്‍, ഒരു സഖാവ്. എനിക്കുറപ്പാണ്, ലുലയും ബ്രസീലിലെ ജനങ്ങളും നെസ്റ്റര്‍ കിര്‍ച്ച്നറും അര്‍ജന്റീനന്‍ ജനങ്ങളും താബറെസ് വസ്ക്യുസും ഉറുഗ്വേയന്‍ ജനതയും ഒത്തുചേര്‍ന്ന് യുണൈറ്റഡ് ലാറ്റിന്‍ അമേരിക്ക എന്ന വ്യത്യസ്തവും സാധ്യവുമായ സ്വപ്നത്തിലേക്കുള്ള പാത വെട്ടിത്തുറക്കുക തന്നെ ചെയ്യും. ഒരു തകര്‍പ്പന്‍ ആശ്ലേഷം, ഞാന്‍ നിങ്ങളെയെല്ലാവരെയും അത്രമേല്‍ സ്നേഹിക്കുന്നു, എല്ലാവര്‍ക്കും ഒരു തകര്‍പ്പന്‍ സൗഹൃദാശ്ലേഷം. നന്ദി. വളരെ വളരെ നന്ദി.

*
മൊഴിമാറ്റം: എ കെ രമേശ് (ഡാനിയല്‍ മര്‍ഡുക്കോവിക്സിന്റെ ഇംഗ്ലീഷ് പരിഭാഷയെ മുന്‍നിര്‍ത്തി തയ്യാറാക്കിയത്)

Friday, March 22, 2013

ജനാധിപത്യ വിപ്ലവത്തിന്റെ നായകന്‍

രണ്ട് നൂറ്റാണ്ടിനിടെ ലാറ്റിനമേരിക്ക ലോകത്തിന് നല്‍കിയ വീരനായകരുടെ പട്ടികയിലാണ് ഹ്യൂഗോ ഷാവേസിന്റെ സ്ഥാനം. തെക്കനമേരിക്കയുടെ വിമോചകരായ സൈമണ്‍ ബൊളിവറിന്റെയും ഹോസെ സാന്‍ മാര്‍ത്തീനിന്റെയും ക്യൂബന്‍ സ്വാതന്ത്ര്യ നായകന്‍ ഹോസെ മാര്‍ത്തിയുടെയും ഫിദല്‍ കാസ്ട്രോയുടെയും ചെ ഗുവേരയുടെയും മറ്റും നിരയില്‍. വെനസ്വേലക്കാരനായ ബൊളിവറിന്റെയും അര്‍ജന്റീനക്കാരനായ സാന്‍ മാര്‍ത്തീനിന്റെയും ഹോസെ മാര്‍ത്തിയുടെയും പോരാട്ടങ്ങള്‍ കൊളോണിയലിസത്തിനെതിരെയായിരുന്നു. ഫിദല്‍ ക്യൂബയെ സ്വേഛാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായി പോരാടാന്‍ ചെ യുമുണ്ടായിരുന്നു. തുടര്‍ന്ന് കോംഗോയിലെ പോരാട്ടത്തിന് ശേഷം ബൊളീവിയയില്‍ എത്തിയ ചെ അവിടെ രക്തസാക്ഷിത്വം വരിച്ചത് ചരിത്രം. ഇവരെല്ലാം വിമോചനത്തിന് സായുധ പോരാട്ടം മാര്‍ഗമാക്കിയപ്പോള്‍ പുതിയ കാലത്ത് ജനാധിപത്യ മാര്‍ഗത്തില്‍ പുതിയ ഒരു വിപ്ലവത്തിന് തുടക്കമിടുകയായിരുന്നു ഷാവേസ്.

വെനസ്വേലയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ ആരംഭിച്ച ആ വിപ്ലവത്തിന്റെ അമരക്കാരനായിരുന്നു ഹ്യൂഗോ ഷാവേസ്. വെനസ്വേലയുടെ മാത്രമല്ല, ലാറ്റിനമേരിക്കയുടെയാകെ മുഖഛായ മാറ്റി ആ വിപ്ലവം. അതുവരെ അമേരിക്കയുടെ പിന്നാമ്പുറമായിരുന്ന ഭൂഖണ്ഡത്തെ പുതിയ ഒരു ലോകമാക്കി. പുതിയ ഒരു ലോകം സാധ്യമാണെന്ന വിശ്വാസം മറ്റ് ഭൂഖണ്ഡങ്ങളിലേക്കും പടര്‍ത്തി. രണ്ട് നൂറ്റാണ്ടുമുമ്പ് ലാറ്റിനമേരിക്കയുടെ ഐക്യം സ്വപ്നം കണ്ട ബൊളിവറും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സോഷ്യലിസത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് ലാറ്റിനമേരിക്കന്‍ ജനതകളെ പ്രചോദിപ്പിച്ച ഫിദലും ചെ യും ആയിരുന്നു ഷാവേസിന്റെ വീരനായകര്‍. ഷാവേസ് ഫിദലിന് മാനസപുത്രനായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് മുതലാളിത്തത്തിന് ബദലില്ലെന്ന സാമ്രാജ്യത്വ പ്രചാരണം ലോകമെങ്ങും ആധിപത്യം സ്ഥാപിച്ചുവന്ന വേളയിലാണ് 1988ലെ തെരഞ്ഞെടുപ്പില്‍ ഷാവേസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 99 ജനുവരിയില്‍ അദ്ദേഹം അധികാരമേല്‍ക്കുമ്പോള്‍ ദാരിദ്ര്യവും രോഗങ്ങളും നിരക്ഷരതയും മൂലം വലയുകയായിരുന്നു വെനസ്വേലയിലെ ജനങ്ങള്‍. ഇന്നവര്‍ ഭൂഖണ്ഡത്തിലെ ഏറ്റവും സന്തുഷ്ട ജനതയാണ്. ലോകപ്രശസ്ത സര്‍വേ ഏജന്‍സിയായ ഗാലപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ന് ലോകത്തിലെ ഏറ്റവും സന്തുഷ്ട രാഷ്ട്രങ്ങളില്‍ അഞ്ചാം സ്ഥാനമാണ് വെനസ്വേലയ്ക്ക്. ഷാവേസിന്റെ 14 വര്‍ഷത്തെ ഭരണത്തില്‍ വെനസ്വേല നേടിയ പുരോഗതി ആ രാജ്യത്തെ ഇന്ന് ഒരു ഗണനീയ ശക്തിയായി മാറ്റി എന്നത് അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശകരും സമ്മതിക്കും.

എണ്ണസമ്പത്തില്‍ പരമാധികാരം

ഷാവേസിന്റെ നേട്ടങ്ങളെ നിസാരവല്‍ക്കരിക്കാന്‍, അവയ്ക്ക് കാരണം രാജ്യത്തിന്റെ എണ്ണസമ്പത്താണെന്ന് വിമര്‍ശകര്‍ ആക്ഷേപിക്കാറുണ്ട്. അത് അര്‍ധസത്യവുമാണ്. എന്നാല്‍ വെനസ്വേലയുടെ എണ്ണസമ്പത്ത് പെട്ടെന്നുണ്ടായതല്ല. എണ്ണപ്പണം ജനങ്ങളുടെ വികസനത്തിന് വേണ്ടി ഉപയോഗിക്കുന്നത് ആദ്യമായിട്ടായിരുന്നു എന്നുമാത്രം. സമാന്തര രാജ്യം പോലെ പ്രവര്‍ത്തിച്ചിരുന്ന രാജ്യത്തെ പ്രധാന എണ്ണക്കമ്പനി പിഡിവിഎസ്എയെ 2003ല്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ ഷാവേസ് രാജ്യത്തിന്റെ ഊര്‍ജ പരമാധികാരം സ്ഥാപിക്കുകയായിരുന്നു. അതിനു മുമ്പ് തന്നെ ആഗോള എണ്ണക്കുത്തകകള്‍ വെനസ്വേലയില്‍ നിന്ന് കൊള്ളലാഭം കടത്തിക്കൊണ്ടിരുന്നത് തടയാന്‍ ഷാവേസ് നടപടികള്‍ ആരംഭിച്ചിരുന്നു. വിദേശ കമ്പനികള്‍ക്ക് എണ്ണ വില്‍പനയില്‍ നിന്ന് കിട്ടിയിരുന്ന പങ്ക് 84 ശതമാനത്തില്‍ നിന്ന് 70 ശതമാനമാക്കി കുറച്ച് 2001ല്‍ തന്നെ നിയമം കൊണ്ടുവന്നിരുന്നു. ഒറിനോക്കോ തടത്തിലെ ഘന അസംസ്കൃത എണ്ണയ്ക്ക് ഇപ്പോള്‍ വിദേശ കമ്പനികള്‍ നല്‍കുന്ന റോയല്‍റ്റി 16.6 ശതമാനമാണ്. നേരത്തെ ഇത് വെറും ഒരു ശതമാനമായിരുന്നു. ഈ നിബന്ധന അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന എക്സണിനെയും കൊണോക്കോ ഫിലിപ്സിനെയും ഷാവേസ് പുറത്താക്കി. വ്യവസ്ഥ അംഗീകരിച്ചാണ് ഷെവ്റണ്‍ തുടരുന്നത്.

അമേരിക്കന്‍ ഊര്‍ജ വകുപ്പിന്റെ കണക്കനുസരിച്ച് വെനസ്വേലയുടെ എണ്ണ ശേഖരം 1.36 ലക്ഷം കോടി വീപ്പ വരും. എണ്ണ ശേഖരത്തില്‍ സൗദി അറേബ്യയയുടെയും മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ വെനസ്വേല. എണ്ണ കയറ്റുമതിയില്‍നിന്നുള്ള പണം തീര്‍ത്തും ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കുന്നു എന്നതാണ് ഷാവേസ് വരുത്തിയ മാറ്റം. മറ്റൊന്ന് പണത്തിന് പകരം ഇറക്കുമതിക്കാരില്‍നിന്ന് ചരക്കുകളും സേവനങ്ങളും സ്വീകരിച്ച് പരസ്പര സഹകരണത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാനും ഷാവേസിന് കഴിഞ്ഞു. ക്യൂബയില്‍നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും സേവനം സ്വീകരിക്കുമ്പോള്‍ ഉറുഗ്വായില്‍ നിന്ന് പശുക്കളെയാണ് എണ്ണയ്ക്ക് പകരമായി വാങ്ങുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജനം 2000നും 2010നുമിടയില്‍ വെനസ്വേലയുടെ സാമൂഹ്യ ക്ഷേമ ചെലവുകള്‍ 61 ശതമാനം അഥവാ 77,200 കോടി ഡോളര്‍ വര്‍ധിച്ചു എന്നാണ് കണക്ക്. എണ്ണപ്പണം ജനക്ഷേമത്തിനുപയോഗിക്കാന്‍ തുടങ്ങിയതോടെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ വലിയ പുരോഗതിയുണ്ടായി. 1996ല്‍ 71 ശതമാനമായിരുന്ന ദാരിദ്ര്യം ഇപ്പോള്‍ 21 ശതമായി. കൊടുംദാരിദ്ര്യം 40 ശതമാനത്തില്‍നിന്ന് 7.3 ശതമാനമാക്കി കുറയ്ക്കാനും ഷാവേസിന് കഴിഞ്ഞു. രാഷ്ട്രങ്ങളിലെ അസമത്വത്തിന്റെ തോത് അളക്കാന്‍ ഉപയോഗിക്കുന്ന ഗിനി സൂചിക വെനസ്വേലയില്‍ 1999 ല്‍ 0.46 ആയിരുന്നത് 2011 ല്‍ 0.39 ആയിക്കുറഞ്ഞു. ലാറ്റിനമേരിക്കയില്‍ ഗിനി സൂചിക ഏറ്റവും കുറവ് -അസമത്വം ഏറ്റവും കുറവ്- വെനസ്വേലയിലാണ്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലെ ഭക്ഷ്യ കൃഷി സംഘടനയുടെ(എഫ്എഒ) കണക്കനുസരിച്ച് ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളില്‍ പട്ടിണി ഇല്ലാതാക്കുന്നതില്‍ ഏറ്റവും മുന്നില്‍ വെനസ്വേലയാണ്. 50 ലക്ഷം കുട്ടികള്‍ക്കാണ് ഇപ്പോള്‍ സ്കൂളുകളിലൂടെ സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നത്. 1998ല്‍ ഇത് രണ്ടര ലക്ഷം കുട്ടികള്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്. ഭക്ഷ്യ ദൗത്യ പരിപാടിയിലൂടെ 22,000 ഭക്ഷ്യശാലകളടങ്ങുന്ന ഒരു ശൃംഖല തുടങ്ങിയതിന്റെ ഫലമായി 1999ന് ശേഷം വെനസ്വേലക്കാരുടെ ശരാശരി കലോറി ഉപഭോഗത്തിന്റെ അളവില്‍ 50 ശതമാനം വര്‍ധനവുണ്ടായി. മാംസാഹാരത്തില്‍ 75 ശതമാനമാണ് വര്‍ധന. ഇതിന്റെയെല്ലാം ഗുണഫലമായി പോഷകാഹാരക്കുറവ് 1998ല്‍ 21 ശതമാനമായിരുന്നത് ഇപ്പോള്‍ മൂന്ന് ശതമാനത്തില്‍ താഴെയാണ്.

മിസ്യോണസ് എന്ന സാമൂഹ്യ ക്ഷേമ പരിപാടികളുടെ ഗുണഭോക്താക്കള്‍ രണ്ട് കോടിയാളുകളാണ്. ആകെ ജനസംഖ്യ 2.9 കോടി ആണെന്നോര്‍ക്കുക. 21 ലക്ഷമാളുകള്‍ക്ക് വാര്‍ധ്യ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഷാവേസ് അധികാരമേറ്റ ശേഷം ഇത് ലഭിക്കുന്നവരുടെ എണ്ണം ഏഴ് മടങ്ങ് വര്‍ധിച്ചു. ഏഴ് ലക്ഷം പുതിയ വീടുകള്‍ നിര്‍മിച്ചതാണ് മറ്റൊരു നേട്ടം. തൊഴിലില്ലാത്ത സ്ത്രീകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും മിനിമം കൂലിയുടെ 80 ശതമാനം (ഇന്ത്യന്‍ കണക്കില്‍ 14,000 രൂപയോളം) പെന്‍ഷനായി നല്‍കുന്നുണ്ട്.

ജനങ്ങള്‍ക്ക് ആരോഗ്യം

സാമൂഹ്യ ക്ഷേമ, ഭക്ഷ്യ രംഗങ്ങളിലെ നടപടികള്‍ക്ക് പൂരകമായാണ് ആരോഗ്യ രംഗത്ത് ഷാവേസ് കൈക്കൊണ്ട നടപടികള്‍. മുഴുവന്‍ പൗരന്മാര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ദേശീയ പൊതു സംവിധാനം ആരംഭിച്ചു. 1999ല്‍ ഒരുലക്ഷമാളുകള്‍ക്ക് 20 ഡോക്ടര്‍മാര്‍ മാത്രം ഉണ്ടായിരുന്നത് 2010ല്‍ 80 ആയി വര്‍ധിച്ചു. 400 ശതമാനം വര്‍ധന. 98ല്‍ 30 ലക്ഷത്തില്‍ താഴെയാളുകള്‍ക്ക് മാത്രമാണ് പതിവായി ഡോക്ടറുടെ സേവനം ലഭിച്ചിരുന്നതെങ്കില്‍ മിഷന്‍ ബാരിയോ അഡെന്‍ട്രോയിലൂടെ 1.7 കോടി ആളുകള്‍ക്ക് ഇത് ലഭ്യമാക്കി. ഭക്ഷ്യ, ചികിത്സാ രംഗങ്ങളിലെ പുരോഗതിയുടെ ഫലമായി ശിശുമരണനിരക്ക് 99ല്‍ ആയിരത്തില്‍ 19.1 ശതമാനമായിരുന്നത് 2012ല്‍ 10 ശതമാനമായി കുറഞ്ഞു. 49 ശതമാനത്തിന്റെ കുറവ്. ശരാശരി ആയുര്‍ദൈര്‍ഘ്യം 1999 ല്‍ 72.2 വയസ്സായിരുന്നത് 2012 ല്‍ 74.3 ആയി. 2004 ല്‍ ആരംഭിച്ച ഓപറേഷന്‍ മിറക്കിള്‍ പരിപാടിയിലൂടെ 15 ലക്ഷം ആളുകള്‍ക്ക് കാഴ്ച തിരിച്ചുകിട്ടി.

എല്ലാവര്‍ക്കും വിദ്യാഭ്യാസം

ഷാവേസിന്റെ ഭരണത്തില്‍ വെനസ്വേല അഭിമാനകരമായ കുതിച്ചുചാട്ടം നടത്തിയ മറ്റൊരു മേഖല വിദ്യാഭ്യാസമാണ്. ഔപചാരിക, അനൗപചാരിക തലങ്ങളിലൂടെ വിദ്യാഭ്യാസത്തില്‍ കൈവരിച്ച പുരോഗതി 2005 ഓടെ തന്നെ വെനസ്വേലയെ യുനെസ്കോ സമ്പൂര്‍ണ സാക്ഷര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ഇടയാക്കി (85 ശതമാനം സാക്ഷരതയാണ് ഇതിനുള്ള മാനദണ്ഡം). 98ല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം 60 ലക്ഷമായിരുന്നത് 2011 ല്‍ 1.3 കോടിയായി. ഇരട്ടിയിലധികം വര്‍ധന. സ്കൂള്‍ പ്രവേശന നിരക്ക് 93.2 ശതമാനമായി. മിഷന്‍ റോബിന്‍സണ്‍ എന്നുപേരിട്ട സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഫലമായി 15 ലക്ഷമാളുകള്‍ എഴുത്തും വായനയും പഠിച്ചു. അതിന്റെ തുടര്‍ച്ചയില്‍ മുഴുവനാളുകള്‍ക്കും സെക്കന്‍ഡറി തലം വരെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ "റോബിന്‍സണ്‍ 2" പദ്ധതി നടപ്പാക്കുന്നു. സെക്കന്‍ഡറി സ്കൂള്‍ പ്രവേശന നിരക്ക് 2000 ല്‍ 53.6 ശതമാനം ആയിരുന്നത് 2011 ല്‍ 73.3 ശതമാനമായി. റിബാസ്, സൂക്രെ പദ്ധതികളിലൂടെ പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം സാധ്യമാക്കി. അങ്ങനെ 2000 ല്‍ ഒമ്പത് ലക്ഷത്തില്‍ താഴെയായിരുന്ന സര്‍വകലാശാല വിദ്യാര്‍ഥികളുടെ എണ്ണം 23 ലക്ഷത്തിലധികമാക്കി. ഇവര്‍ക്കായി പുതിയ സര്‍വകലാശാലകളും സ്ഥാപിച്ചു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ പ്രശസ്തമായ ക്യൂബന്‍ മാതൃകയാണ് ഷാവേസ് പിന്തുടര്‍ന്നത്. ഭൂപരിഷ്കരണം, കൃഷി, വ്യവസായം ഷാവേസ് അധികാരമേറ്റ ശേഷം 10 ലക്ഷം ഹെക്ടറിലധികം ഭൂമി ആദിവാസികള്‍ക്ക് നല്‍കി. ഭൂപരിഷ്കരണത്തിന്റെ ഫലമായി ലക്ഷക്കണക്കിന് കര്‍ഷകര്‍ ഭൂമിക്ക് ഉടമകളായി. മൊത്തം 30 ലക്ഷം ഹെക്ടറിലധികം ഭൂമി പുനര്‍വിതരണം ചെയ്തു. ഭൂപരിഷ്കരണം കാര്‍ഷികോല്‍പാദനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കി. 1999ല്‍ ഭക്ഷ്യ ഉപഭോഗത്തിന്റെ 51 ശതമാനമായിരുന്നു വെനസ്വേലയുടെ ഉല്‍പാദനം. 99ന് ശേഷം ഭക്ഷ്യ ഉപഭോഗം 81 ശതമാനം വര്‍ധിച്ചിട്ടും ആകെ ഉപഭോഗത്തിന്റെ 71 ശതമാനം ഭക്ഷ്യ ഉല്‍പാദനം 2012ല്‍ ഉണ്ടായി. വൈദ്യുതി, ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ സ്വകാര്യ കുത്തകകളുടെ തേര്‍വാഴ്ച അവസാനിപ്പിച്ച് ദേശസാല്‍ക്കരണം നടപ്പാക്കിയതോടെ ഈ സേവനങ്ങള്‍ സാര്‍വത്രികമായി ലഭ്യമായി. വിവിധ രംഗങ്ങളിലായി അരലക്ഷത്തില്‍പ്പരം സഹകരണ സ്ഥാപനങ്ങള്‍ ആരംഭിച്ചാണ് മറ്റൊരു നേട്ടം. 40 ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെട്ടതോടെ തൊഴിലില്ലായ്മ 98 ല്‍ 15.2 ആയിരുന്നത് 2012 ല്‍ 6.4 ശതമാനമായി കുറഞ്ഞു. മിനിമം കൂലി 98 ല്‍ മാസം 100 ബൊളിവര്‍ ആയിരുന്നത് 2012 ല്‍ 2047.52 ബൊളിവര്‍ (ഉദ്ദേശം 17,640 രൂപ) ആയി. 2000 ശതമാനത്തിലധികം വര്‍ധന. ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന മിനിമം കൂലിയാണിത്. 1998ല്‍ 65 ശതമാനം തൊഴിലാളികള്‍ക്കും മിനിമം കൂലിയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2012ല്‍ അത് 21 ശതമാനം പേര്‍ക്കായി കുറഞ്ഞു. മറ്റുള്ളവര്‍ക്ക് അതിനുമുകളിലായി. തൊഴില്‍ സമയം ദിവസം ആറുമണിക്കൂറാക്കി.

സമ്പദ്വ്യവസ്ഥ ശക്തം

പല രാജ്യങ്ങളിലും സാമ്പത്തിക വളര്‍ച്ചയും ജനങ്ങളുടെ ജീവിത നിലവാരവും തമ്മില്‍ പൊരുത്തമില്ലെങ്കിലും വെനസ്വേലയില്‍ അതല്ല സ്ഥിതി. ഉല്‍പാദനശക്തികളെ സ്വതന്ത്രമാക്കി നടപ്പാക്കിയ വിപ്ലവകരമായ നയങ്ങള്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) ആളോഹരി വിഹിതത്തിലും വര്‍ധനവുണ്ടാക്കി. 1999 ല്‍ 4100 ഡോളറായിരുന്ന ഇത് 2011 ല്‍ 10810 ഡോളറിലെത്തി. 1998ല്‍ ജിഡിപിയുടെ 45 ശതമാനമായിരുന്ന പൊതുകടം 2011ല്‍ 20 ശതമാനമായി താണു. അന്താരാഷ്ട്ര നാണ്യനിധിയിലും (ഐഎംഎഫ്) ലോക ബാങ്കിലും ഉണ്ടായിരുന്ന വായ്പകള്‍ കാലാവധിയെത്തുംമുമ്പേ തിരിച്ചടച്ച് അവയില്‍നിന്ന് സ്വതന്ത്രമായി(സലിം ലംറാനി-ഓപെറ മുന്‍ഡി, മാര്‍ച്ച് 9, 2013). ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വെനസ്വേലയുടെ സാമ്പത്തിക നില അപകടത്തിലാക്കുന്നു എന്നാണ് രാജ്യത്തെ വലതുപക്ഷത്തിന്റെയും അവയുടെ നിയന്ത്രണത്തിലുള്ള കുത്തക മാധ്യമങ്ങളുടെയും വാദം. 2012ലെ ബജറ്റ് കമ്മി ജിഡിപിയുടെ 51.3 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയത്. ഇത് ശരാശരി 82.5 ശതമാനം ബജറ്റ് കമ്മിയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടേതിനേക്കാള്‍ എത്രയോ താഴെയാണെന്ന് ഗാര്‍ഡിയന്‍ പത്രത്തില്‍ മാര്‍ക് വീസ്ബോട്ട് ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പ നിരക്കും ഗണ്യമായി കുറഞ്ഞു. 2010ല്‍ 19 ശതമാനമായിരുന്നത് ഇപ്പോള്‍ 10 ശതമാനമാണ്.

ഏറ്റവും മികച്ച ജനാധിപത്യ മാതൃക

ഷാവേസിനെ ഒരു സ്വേഛാധിപതി ആയാണ് പാശ്ചാത്യ മാധ്യമങ്ങളും ലാറ്റിനമേരിക്കയിലെ വലതുപക്ഷ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ നിലപാട് അടിസ്ഥാനമായുള്ള ചേരിചേരാ പ്രസ്ഥാനത്തില്‍ നായകസ്ഥാനം വഹിച്ചിട്ടുള്ള ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മാധ്യമങ്ങള്‍ പോലും ഈ പ്രചാരണത്തില്‍ വീണുപോവുന്നുണ്ട്. എന്നാല്‍ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവുമധികം തവണ ജനപിന്തുണ തെളിയിച്ച ഭരണാധികാരിയായിരുന്നു ഷാവേസ് എന്ന യാഥാര്‍ഥ്യമാണ് ഇവിടെ തമസ്കരിക്കപ്പെടുന്നത്. ജനാധിപത്യം ശക്തിപ്പെടുത്തിയതാണ് യഥാര്‍ഥത്തില്‍ വെനസ്വേലയിലെ പുരോഗതിയുടെ അടിത്തറയായത്. തങ്ങളുടെ ജീവിതം തീരുമാനിക്കുന്നതില്‍ അധികാരം ലഭിച്ചുതുടങ്ങിയ ജനങ്ങളാണ് 2002ലെ വലതുപക്ഷ അട്ടിമറിശ്രമം പരാജയപ്പെടുത്തിയത്. 1999 ല്‍ അധികാരമേറ്റ ശേഷം ഷാവേസ് വെനസ്വേലയില്‍ 16 തെരഞ്ഞെടുപ്പുകള്‍ നടത്തി. അവയില്‍ 15ലും മികച്ച വിജയം നേടി. അധികാരമേറ്റ വര്‍ഷം തന്നെ ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ വെനസ്വേലയ്ക്ക് പുതിയ ഭരണഘടനയുണ്ടാക്കിയ ഷാവേസ് അടുത്തവര്‍ഷം തന്നെ അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തി ജനവിധി നേടി. 2002ലെ അട്ടിമറിശ്രമവും തുടര്‍ന്ന് എണ്ണക്കുത്തകകള്‍ കമ്പനികള്‍ പൂട്ടിയിട്ടുനടത്തിയ ലോക്കൗട്ട് സമരവും അതിജീവിച്ച ഷാവേസ് 2004ല്‍ തന്നെ ജനാധിപത്യ മാര്‍ഗത്തില്‍ തന്നെ പുറത്താക്കാന്‍ പോലും പ്രതിപക്ഷത്തിന് അവസരം നല്‍കി. എന്നാല്‍ ആ "പുറത്താക്കല്‍" തെരഞ്ഞെടുപ്പിലും ഷാവേസിന് അനുകൂലമായി വിധിയെഴുതി ജനങ്ങള്‍ പ്രതിപക്ഷത്തെയാണ് പരാജയപ്പെടുത്തിയത്. പ്രസിഡന്റ് സ്ഥാനത്തിനുള്ള ഊഴനിയന്ത്രണം നീക്കുന്നതിനടക്കം ചില ഭരണഘടനാ പരിഷ്കരണങ്ങള്‍ക്ക് 2007ല്‍ നടത്തിയ ഹിതപരിശോധനയില്‍ മാത്രമാണ് ഷാവേസിന് തോല്‍വിയുണ്ടായത്. ഷാവേസ് സ്വേഛാധിപത്യം സ്ഥാപിക്കാന്‍ പോവുന്നു എന്ന വലതുപക്ഷ പ്രചാരണം ചിലരെയെങ്കിലും സ്വാധീനിച്ചതിന്റെ ഫലമായി പോളിങ്ങ് കുറഞ്ഞതാണ് ആ പരാജയത്തിനിടയാക്കിയത്. എന്നാല്‍ 2009 ല്‍ ചില മാറ്റങ്ങളോടെ ഈ ഭരണഘടനാ പരിഷ്കരണങ്ങള്‍ വീണ്ടും വോട്ടിനിട്ടപ്പോള്‍ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ അതിന് അംഗീകാരം നല്‍കി.
ഇതോടെ വീണ്ടും മത്സരിക്കാന്‍ സാധിച്ച ഷാവേസ് കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 55 ശതമാനം വോട്ടോടെയാണ് വിജയിച്ചത്. തുടര്‍ന്ന് രോഗബാധിതനായ ഷാവേസ് ക്യൂബയില്‍ ചികിത്സയിലിരിക്കെയാണ് വെനസ്വേലയില്‍ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 23 സംസ്ഥാനങ്ങളില്‍ 20ലും സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചത് ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം അവിടെ അടിത്തറ ഉറപ്പിക്കുക മാത്രമല്ല വിപുലീകരിക്കുകയും ചെയ്തു എന്നാണ് വ്യക്തമാക്കുന്നത്. അതുവരെ വലതുപക്ഷ ഭരണത്തിലായിരുന്ന ചില സംസ്ഥാനങ്ങളിലും ഇടതുപക്ഷം ജയിച്ചു. പരാജയപ്പെടുമ്പോള്‍ വലതുപക്ഷം തെരഞ്ഞെടുപ്പ് ക്രമക്കേടുകളുണ്ടായി എന്ന ആരോപണവുമായി രംഗത്തുവരുന്നത് പതിവാണ്. എന്നാല്‍ ജീവിച്ചിരിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും നീതിമാനെന്ന് അറിയപ്പെടുന്ന ജിമ്മി കാര്‍ട്ടര്‍ സാക്ഷ്യപ്പെടുത്തുന്നത് ലോകത്തെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് സംവിധാനമാണ് വെനസ്വേലയിലേത് എന്നാണ്. വെനസ്വേലയില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും നിരീക്ഷകരായി എത്താറുള്ള യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കന്‍ രാഷ്ട്ര സംഘടനയുടെയും തെക്കനമേരിക്കന്‍ രാഷ്ട്ര യൂണിയന്റെയും കാര്‍ട്ടര്‍ സെന്ററിന്റെയും പ്രതിനിധികള്‍ ഏകകണ്ഠമായി സാക്ഷ്യപ്പെടുത്തുന്നത് തെരഞ്ഞെടുപ്പുകള്‍ സുതാര്യമായാണ് നടന്നത് എന്നാണ്.

ലാറ്റിനമേരിക്കന്‍ ഐക്യം

മറ്റ് ജനതകളോടും ഐക്യദാര്‍ഢ്യം വെനസ്വേലയുടെ അന്തസ്സുയര്‍ത്തിയതു മാത്രമല്ല ഷാവേസിന്റെ സംഭാവന. ബൊളിവര്‍ സ്വപ്നം കണ്ടതുപോലെ ലാറ്റിനമേരിക്കന്‍ ജനതകളുടെ ഐക്യത്തിന് സുശക്തമായ അടിത്തറ സ്ഥാപിക്കാന്‍ പ്രധാന പങ്കുവഹിക്കുക കൂടി ചെയ്തു അദ്ദേഹം. പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ വിശാലമായ മേഖലാ കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഷാവേസിന്റെ മുന്‍കൈയില്‍ വിവിധ കൂട്ടായ്മകള്‍ വളര്‍ത്തിയെടുത്തു. ക്യൂബയും വെനസ്വേലയും ചേര്‍ന്ന് 2004 ല്‍ രൂപീകരിച്ച അമേരിക്കന്‍ ജനതകള്‍ക്കായുള്ള ബൊളിവാറിയന്‍ സഖ്യത്തില്‍ (ആല്‍ബ) ഇപ്പോള്‍ എട്ട് രാജ്യങ്ങള്‍ അംഗങ്ങളാണ്. 2011ല്‍ ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാഷ്ട്ര സമൂഹം (സെലാക്) രൂപീകരിക്കുന്നതിനും നേതൃത്വം നല്‍കിയത് ഷാവേസാണ്. ആദ്യമായാണ് മേഖലയിലെ 33 രാജ്യങ്ങള്‍ ഒരു കൂട്ടായ്മയില്‍ ഒന്നിക്കുന്നത്. 2005 ല്‍ ഷാവേസ് സ്ഥാപിച്ച പെട്രോകരീബ് മേഖലയിലെ 18 രാജ്യങ്ങള്‍ക്ക് 40 മുതല്‍ 60 ശതമാനം വരെ സബ്സിഡിയോടെ എണ്ണ ലഭ്യമാക്കി അവയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നു. ഒമ്പത് കോടിയാളുകള്‍ക്ക് (വെനസ്വേലന്‍ ജനസംഖ്യയുടെ രണ്ടിരട്ടി) ഇതിന്റെ പ്രയോജനം ലഭിക്കുന്നു. തെക്കനമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്ക് ഗ്രാന്‍ഡായും വായ്പയായും ഊര്‍ജ സഹായമായും 880 കോടി ഡോളര്‍ ഷാവേസ് ചെലവഴിച്ചു. തെക്കനമേരിക്കന്‍ രാജ്യങ്ങളെ എന്നും തങ്ങളുടെ കമ്പോളാധിപത്യത്തില്‍ നിര്‍ത്താന്‍ അമേരിക്ക ആവിഷ്കരിച്ച നവകൊളോണിയല്‍ പദ്ധതിയായ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎഎ) കുഴിച്ചുമൂടുന്നതിന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുല ഡ സില്‍വയും മറ്റുമായി ചേര്‍ന്ന് ഷാവേസ് വഹിച്ച പങ്കും എന്നും ഓര്‍മിക്കപ്പെടുന്നതാണ്. തെക്കനമേരിക്കന്‍ രാജ്യങ്ങളുടെ പൊതു കമ്പോള രൂപമായ മെര്‍ക്കോസൂര്‍ വെനസ്വേലയും അംഗമായതോടെ ശക്തമായിട്ടുണ്ട്. മെര്‍ക്കോസൂറിന്റെ തുടര്‍ച്ചയായി തെക്കനമേരിക്കന്‍ രാഷ്ട്രങ്ങളുടെ യൂണിയനായ യൂനസൂര്‍ രൂപീകരണത്തിലും ഷാവേസ് പ്രധാന പങ്ക് വഹിച്ചു. ഐഎംഎഫിനും ലോക ബാങ്കിനും ബദലായി തെക്കിന്റെ ബാങ്കായ ബാങ്കോ ഡെല്‍ സൂര്‍ ആണ് ഷാവേസിന്റെ മറ്റൊരു സംഭാവന. 1998 ല്‍ താന്‍ ആദ്യമായി ജനവിധി തേടിയപ്പോഴാണ് ഇത്തരം ഒരു ബാങ്കിനുള്ള ആശയം ഷാവേസ് ആദ്യം മുന്നോട്ടുവച്ചത്. പിന്നീട് മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇടതുപക്ഷ നേതാക്കള്‍ അധികാരത്തിലെത്തിയപ്പോള്‍ ഇത് യാഥാര്‍ഥ്യമായി.

ആഫ്രിക്കന്‍ രാജ്യങ്ങളുമായി ലാറ്റിനമേരിക്കയുടെ ബന്ധം ശക്തമാക്കുന്നതിനും ഷാവേസ് നേതൃത്വം നല്‍കി. തന്റെ ആഫ്രിക്കന്‍ പാരമ്പര്യം അഭിമാനത്തോടെ പ്രഖ്യാപിച്ച ആദ്യ ലാറ്റിനമേരിക്കന്‍ നേതാവാണ് ഷാവേസ്. ആഫ്രിക്കയില്‍ വെനസ്വേലയുടെ സ്ഥാനപതി കാര്യാലയങ്ങളുടെ എണ്ണം ഇരട്ടിയാക്കിയ ഷാവേസ് മുമ്പ് വെനസ്വേലയുടെ ഒരു പ്രസിഡന്റും തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചു. ഷാവേസിന്റെ സഹായഹസ്തങ്ങള്‍ അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജര്‍ പാര്‍ക്കുന്ന ദരിദ്ര മേഖലകളിലേക്ക് വരെ നീണ്ടിട്ടുണ്ട്.

പലസ്തീനിലെയും സഹറാവിയിലെയും ജനതകളുടെ വിമോചന പോരാട്ടങ്ങളുടെയും ഉറ്റ ബന്ധുവായിരുന്നു ഷാവേസ്. സാമ്രാജ്യത്വത്തിനെതിരെയും നവകൊളോണിയല്‍ ആധിപത്യ ശ്രമങ്ങള്‍ക്കെതിരെയും നെഞ്ചുവിരിച്ച് പോരാടാന്‍ ലോകമെങ്ങുമുള്ള ജനതകള്‍ക്ക് ആവേശം പകര്‍ന്നു ഷാവേസ്. പാശ്ചാത്യ വാര്‍ത്താ ഏജന്‍സികളും മറ്റ് മാധ്യമങ്ങളും ലോകമെങ്ങും എത്തിച്ച വിഷലിപ്തമായ പ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് തന്റെ കാലത്തെ ഏറ്റവും ആദരണീയനായ ലോക നേതാക്കളില്‍ ഒരാളായി ഷാവേസ് മാറി. ഒരുപക്ഷേ ഫിദല്‍ കാസ്ട്രോയും നെല്‍സണ്‍ മണ്ടേലയും കഴിഞ്ഞാല്‍ ഏറ്റവും ആദരണീയന്‍.

*
എ ശ്യാം ദേശാഭിമാനി വാരിക 24 മാര്‍ച്ച് 2013