Tuesday, April 16, 2013

വെനസ്വേലയുടെ ശബ്ദം

ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വെനസ്വേലയുടെ പ്രസിഡന്റായി നിക്കോളസ് മഡുറോ തെരഞ്ഞെടുക്കപ്പെട്ടത് ലോകരാഷ്ട്രീയത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന സംഭവവികാസമാണ്; ഒപ്പം ലോകമെമ്പാടുമുള്ള പുരോഗമനവാദികള്‍ക്ക് ആവേശവും ആഹ്ലാദവും പകരുന്നതും. സാമ്രാജ്യത്വത്തിനും നവഉദാര ആക്രമണത്തിനും എതിരായ ചെറുത്തുനില്‍പ്പിന് കരുത്ത് പകരുന്ന വിജയമാണ് സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി മഡുറോ (50) നേടിയത്. ഷാവേസിന്റെ നയങ്ങള്‍ പിന്തുടരുകയാണ് തന്റെ കടമയെന്ന് മഡുറോ പ്രഖ്യാപിച്ചിട്ടുണ്ട്.

ബസ് ഡ്രൈവറായിരിക്കെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് മഡുറോ പൊതുജീവിതം ആരംഭിച്ചത്. ഷാവേസ് സര്‍ക്കാരില്‍ വിദേശമന്ത്രിയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണനിക്ഷേപമുള്ള രാജ്യത്തെ ഭൂരിപക്ഷം വോട്ടര്‍മാര്‍ സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയുടെ ബനാന റിപ്പബ്ലിക്കായിരുന്ന വെനസ്വേലയെ, സ്വാഭിമാനവും പരമാധികാരവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രമാക്കി മാറ്റുകയും പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും നയിക്കുകയുംചെയ്ത ഹ്യൂഗോ ഷാവേസിന്റെ അകാല വിയോഗത്തെതുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാലാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഷാവേസിന് രോഗബാധ കാരണം അധികാരമേല്‍ക്കാന്‍ കഴിഞ്ഞില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പ്രതിനിധികളായാണ് വെനസ്വേലന്‍ പ്രതിപക്ഷം പ്രവര്‍ത്തിച്ചുവരുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാര്‍ സകലവിധ ശ്രമങ്ങളും നടത്തി. പ്രതിപക്ഷസ്ഥാനാര്‍ഥി ഹെന്‍ട്രി കാപ്രിലസിനെ വധിച്ച് വെനസ്വേലയില്‍ കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനപോലും അമേരിക്കയുടെ നേതൃത്വത്തില്‍ അരങ്ങേറി.

വെനസ്വേലയുടെ എണ്ണസമ്പത്ത് ദീര്‍ഘകാലം ചൂഷണംചെയ്ത സ്വകാര്യഎണ്ണക്കമ്പനികളുടെ മുന്‍ഉദ്യോഗസ്ഥരും മറ്റ് നിക്ഷിപ്ത താല്‍പ്പര്യക്കാരും ഷാവേസിന്റെ ഭരണകാലത്ത് അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. ഇവര്‍ക്ക് അമേരിക്ക എല്ലാവിധ ഒത്താശയും ചെയ്യുന്നു. ക്യൂബന്‍വിപ്ലവം വിജയിച്ചതോടെ അവിടെനിന്ന് അമേരിക്കയിലെ ഫ്ളോറിഡയിലേക്ക് കുടിയേറിയ വിപ്ലവവിരുദ്ധര്‍ ക്യൂബയിലെ വിപ്ലവസര്‍ക്കാരിനെതിരെ നടത്തിവരുന്ന കുപ്രചാരണങ്ങള്‍ക്ക് സമാനമായ പ്രചാരവേലയാണ് വെനസ്വേല വിട്ട് അമേരിക്കയിലെത്തിയവരും നടത്തുന്നത്. ഇവരുടെ വാക്കുകള്‍ക്ക് സാമ്രാജ്യത്വമാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം ചെറുതല്ല. വെനസ്വേലയിലെ മുന്‍ഭരണാധികാരികളുടെ പക്ഷക്കാര്‍ക്ക് രാജ്യത്തെ നഗരങ്ങളില്‍ ഇപ്പോഴും സ്വാധീനമുണ്ട്. അവര്‍ രാജ്യത്തെ ക്രമസമാധാനനില തകര്‍ക്കാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാനും പല ശ്രമങ്ങളും നിരന്തരം നടത്തുന്നു.

ഷാവേസിന്റെ കാലത്തും രാജ്യത്തെ ക്രമസമാധാനനില മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വലതുപക്ഷം കിണഞ്ഞുപരിശ്രമിച്ചിരുന്നു. ഇപ്പോള്‍, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന കാപ്രിലസിന്റെ പ്രഖ്യാപനം ജനവിധിയോടുള്ള അവരുടെ അസഹിഷ്ണുത വ്യക്തമാക്കുന്നു. അമേരിക്കയുടെ ഉള്ളിലിരുപ്പാണ് കാപ്രിലസിലൂടെ പുറത്തുവന്നത്. ഷാവേസിന്റെ വിയോഗത്തെ വെനസ്വേലയില്‍ മാറ്റങ്ങള്‍ക്കുള്ള അവസരമായാണ് അമേരിക്ക വിലയിരുത്തിയത്. വീണ്ടും സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി വിജയിച്ചത് അമേരിക്കയ്ക്ക് കടുത്ത ഇച്ഛാഭംഗമാണ് സൃഷ്ടിച്ചിട്ടുള്ളത്. മഡുറോയുടെ ഭൂരിപക്ഷം കുറവാണെന്ന മട്ടിലുള്ള മുതലാളിത്തമാധ്യമങ്ങളുടെ പ്രചാരണത്തെ ഇതിന്റെ ഭാഗമായി വേണം കാണേണ്ടത്. വെനസ്വേലയില്‍ ഇത്ര പരസ്യമായി ഇടപെടാന്‍ അമേരിക്ക കാട്ടുന്ന വ്യഗ്രതയുടെ കാരണവും രഹസ്യമല്ല. 1999ല്‍ അധികാരമേറ്റെടുത്തശേഷം ഷാവേസ് ആദ്യം ചെയ്തത് അധികാരം യഥാര്‍ഥത്തില്‍ ജനങ്ങളിലെത്തിക്കുന്ന വിധത്തില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തലായിരുന്നു. 2001 മുതല്‍, അദ്ദേഹത്തിനെതിരായ അട്ടിമറിശ്രമം ജനകീയമുന്നേറ്റത്തില്‍ തകര്‍ന്നശേഷം, ഷാവേസ് ഏറ്റെടുത്ത ദൗത്യം രാജ്യത്തിന്റെ എണ്ണസമ്പത്തിനുമേല്‍ ദേശീയപരമാധികാരം സ്ഥാപിക്കുക എന്നതായിരുന്നു.

വെനസ്വേലയില്‍നിന്ന് എണ്ണ ചുളുവിലയ്ക്ക് അമേരിക്കയിലേക്ക് കടത്തിയിരുന്നത് ഷാവേസ് അവസാനിപ്പിച്ചു. ഭീമന്‍ എണ്ണക്കമ്പനിയായ പിഡിവിഎസ്എയെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്ന ഷാവേസ് പാശ്ചാത്യ എണ്ണക്കമ്പനികള്‍ക്കുമേല്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. സ്വന്തം പെട്രോള്‍ ഡോളര്‍ വരുമാനം അമേരിക്കയിലെയും ഇതര പാശ്ചാത്യരാജ്യങ്ങളിലെയും ബാങ്കുകളില്‍ നിക്ഷേപിക്കുകയെന്ന പരമ്പരാഗത എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സമ്പ്രദായത്തില്‍നിന്ന് അദ്ദേഹം പിന്മാറി. തുടര്‍ന്ന്, വൈദ്യുതി- ടെലികോം വ്യവസായങ്ങള്‍ ദേശസാല്‍ക്കരിച്ചു. ഭൂപരിഷ്കരണം നടപ്പാക്കുകയും 30 ലക്ഷം ഹെക്ടര്‍ ഭൂമി പതിനായിരക്കണക്കിന് കര്‍ഷകര്‍ക്കായി വിതരണംചെയ്യുകയുമുണ്ടായി. അടുത്ത പടിയായി ഷാവേസ് ചെയ്തത് എണ്ണയില്‍നിന്നുള്ള വരുമാനം ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കലാണ്. ബൊളിവാറിയന്‍ റിപ്പബ്ലിക്കില്‍ ദാരിദ്ര്യം പകുതിയായി കുറഞ്ഞു. ആരോഗ്യമേഖലയിലെ ദൗത്യത്തിന്റെ ഭാഗമായി രാജ്യമെമ്പാടും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിച്ചു. ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയത് ഒന്നാംകിട ചികിത്സ നല്‍കാന്‍ ശേഷിയുള്ള പതിനാലായിരത്തോളം ക്യൂബന്‍ഡോക്ടര്‍മാരെയും ഇതര മെഡിക്കല്‍ ജീവനക്കാരെയും നിയോഗിച്ചാണ്. ഇതൊന്നും സാമ്രാജ്യത്വത്തിന് ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ലല്ലോ? മേഖലയില്‍ ക്യൂബ അനുഭവിച്ചുവന്ന ഒറ്റപ്പെടല്‍ അവസാനിപ്പിച്ചതും വെനസ്വേലയാണ്.

ലാറ്റിനമേരിക്കയില്‍ പുതിയ ഇടതുപക്ഷ തരംഗം സൃഷ്ടിക്കാന്‍ ഷാവേസിനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. ലാറ്റിനമേരിക്കയില്‍ അമേരിക്കയുടെ സ്വാധീനം പരിമിതപ്പെടുത്താനും വെനസ്വേലയുടെയും ക്യൂബയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകള്‍ക്ക് കഴിഞ്ഞു. ബൊളീവിയ, ഇക്വഡോര്‍, നിക്കരാഗ്വ എന്നീ രാജ്യങ്ങളും അടങ്ങിയ ആല്‍ബ (ബൊളിവാറിയന്‍ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ദി അമേരിക്കാസ്) അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഷാവേസിനെ അട്ടിമറിക്കാന്‍ 2006ലും അമേരിക്ക പണമൊഴുക്കിയതിന്റെ വിശദാംശങ്ങള്‍ വിക്കിലീക്സ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഷാവേസിന്റെ എതിരാളികളെയും അദ്ദേഹത്തിന്റെ അനുകൂലികളെയും വരുതിയിലാക്കാന്‍ യുഎസ് അന്താരാഷ്ട്ര വികസന ഏജന്‍സി കോടികളാണ് വിനിയോഗിച്ചത്. ഇതിനായി മൂവായിരം വേദികള്‍ രാജ്യത്ത് രൂപീകരിച്ചു. ഷാവേസിന്റെ നയങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ച മഡുറോ പ്രസിഡന്റായി വരുന്നത് ഒഴിവാക്കാന്‍ ശതകോടി ഡോളറുകളാണ് സാമ്രാജ്യത്വവും അവരുടെ ഏജന്റുമാരും ഒഴുക്കിയത്. എന്നാല്‍, പണശക്തിക്ക് മുന്നില്‍ ജനങ്ങളുടെ ശക്തി വിജയിച്ചിരിക്കുകയാണ്. വീവാ സോഷ്യലിസ്റ്റ് വെനസ്വേല!

*
ദേശാഭിമാനി മുഖപ്രസംഗം 16 ഏപ്രില്‍ 2013

No comments: