തേയിലയുടെ സുഗന്ധം ജീവിതത്തിലും പരന്നിരുന്ന നാളുകള്‍ മാഹിന്റെ ഓര്‍മയിലുണ്ട്. ബോണക്കാട്ട് അന്ന് സമൃദ്ധി ദൃശ്യമായിരുന്നു. പുലര്‍ച്ചെ തന്നെ കുരിശടി ജങ്ഷന്‍ സജീവം. തങ്കയ്യന്‍നാടാരുടെയും രാജയ്യന്‍ നാടാരുടെയും പള്ളിയാടിയുടെയും ചായക്കടയില്‍ പുലര്‍ച്ചെ തന്നെ ആവിപറക്കുന്ന പലഹാരങ്ങള്‍ നിരക്കും. കൊളുന്തെടുപ്പ് കഴിഞ്ഞ് തൊഴിലാളികള്‍ ഇറങ്ങിയാല്‍ മണിക്കൂറുകളോളം കടകളില്‍ തിരക്കു തന്നെ. ബുധനാഴ്ചയായിരുന്നു ബോണക്കാട്ടെ ചന്ത ദിവസം. നെടുമങ്ങാട്, വിതുര, പറന്തോട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നെല്ലാം വ്യാപാരികള്‍ കുരിശടി നടയിലേക്ക് എത്തുമായിരുന്നു. പച്ചക്കറിയും മത്സ്യവും അരിയും കരിപ്പട്ടിയുമെല്ലാം ചൂടപ്പംപോലെ വിറ്റഴിയും.
തോട്ടങ്ങളുടെയും ജീവിതത്തിന്റെയും പ്രസരിപ്പുമാഞ്ഞ ബോണക്കാട് ഇന്ന് ശ്മശാനമൂകം. സ്റ്റേഷനറി കടകളും ഹോട്ടലുകളും പലവ്യഞ്ജന കടകളും തയ്യല്‍ക്കടകളും ബാര്‍ബര്‍ഷോപ്പും ഇന്ന് ഇവിടെയില്ല. ഡോക്ടടറും നേഴ്സുമാരും ഒപി വിഭാഗവും കിടത്തിച്ചികിത്സയും എല്ലാം ഉണ്ടായിരുന്ന കമ്പനി ആശുപത്രിയില്‍ ഇന്ന് ആകെയുള്ളത് ഒരു നേഴ്സ് മാത്രം. പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ തേയിലത്തോട്ടത്തിലെ മറ്റു തൊഴിലാളികളെപോലെ അവരും ഇവിടെ അകപ്പെട്ടിരിക്കുകയാണ്. ആശുപത്രിയിലെ മിഡ്വൈഫായി സേവനമനുഷ്ഠിച്ചിരുന്ന പ്രസന്ന കുമാരി ആ ജോലി ഇല്ലാതായതോടെ കമ്പനി ഓഫീസില്‍ കണക്കുനോക്കുന്ന ജോലിയിലേക്ക് മാറി. കാടുകയറിക്കിടക്കുന്ന തേയിലച്ചെടികള്‍ ബോണക്കാടിന്റെ ഇന്നത്തെ കഥ പറയുന്നു. 1350 ഏക്കറാണ് ബോണക്കാട് എസ്റ്റേറ്റ്. ഇതില്‍ 950 ഏക്കറും തേയിലയാണ്. 110 ഏക്കറില്‍ റബര്‍ മരങ്ങളും ബാക്കി സ്ഥലത്ത് ഏലവുമാണ് കൃഷി. ബ്രിട്ടീഷുകാരായിരുന്നു മുമ്പ് ഇതിന്റെ ഉടമകള്‍. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം പല കൈമറിഞ്ഞു. മഹാവീര്‍ പ്ലാന്റേഷന്‍സാണ് ഇപ്പോഴത്തെ ഉടമകള്‍.
മൂവായിരം തൊഴിലാളികളുണ്ടായിരുന്ന തോട്ടം ഒരുകാലത്ത് പ്രതാപത്തിന്റെ നെറുകയിലായിരുന്നു. മികച്ചയിനം തേയിലച്ചെടികള്‍ സമൃദ്ധമായ വിളവ് നല്‍കിയിരുന്നു. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് നടപ്പാക്കിയ ആഗോളവല്‍ക്കരണ നയങ്ങള്‍ കേരളത്തിന്റെ പ്ലാന്റേഷന്‍ മേഖലയെയാകെ പിടിച്ചുലയ്ക്കുകയായിരുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് അനുബന്ധമായി നടപ്പാക്കിയ സാര്‍ക്ക് കരാര്‍ തേയിലത്തോട്ടങ്ങളെ വന്‍ പ്രതിസന്ധിയിലാക്കി. അന്യരാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെട്ടവ കുറഞ്ഞ ഇറക്കുമതിചുങ്കം നല്‍കി ഇന്ത്യയില്‍ വിറ്റഴിക്കാന്‍ അവസരം നല്‍കിയതോടെ ശ്രീലങ്കയില്‍നിന്ന് വന്‍തോതില്‍ തേയില ഇന്ത്യയിലേക്ക് എത്തി. അത് വന്‍ വിലത്തകര്‍ച്ചയ്ക്ക് ഇടയാക്കി. 1999 സെപ്തംബറില്‍ ഒരു കിലോ തേയിലക്ക് 79.77 രൂപ ലഭിച്ചിരുന്നെങ്കില്‍ 2001ല്‍ അത് 43.70 രൂപയായും 2002ല്‍ 41 രൂപയായും ഇടിഞ്ഞു. തേയിലയുടെ വില ഉല്‍പാദനച്ചെലവിനേക്കാള്‍ കുറഞ്ഞതോടെ പ്രതിസന്ധി പാരമ്യത്തിലെത്തി. സര്‍ക്കാരിലേക്കുള്ള നികുതികളും വൈദ്യുതി ചാര്‍ജുമെല്ലാം തോട്ടം ഉടമകള്‍ നല്‍കാതായി. തോട്ടങ്ങളിലെ തൊഴിലാളികളുടെ ശമ്പളത്തില്‍നിന്ന് പിടിച്ച പിഎഫ് തുകയും ഒടുക്കിയില്ല. പലതോട്ടങ്ങളും ഉടമകള്‍ ഉപേക്ഷിച്ച നിലയിലായി. പലതിന്റെയും പ്രവര്‍ത്തനം നിലച്ചു. പട്ടിണിമരണങ്ങള്‍ തോട്ടങ്ങളില്‍ നടമാടി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സാന്ത്വന നടപടികള്‍ തോട്ടം മേഖലയിലേക്ക് എത്തിയിരുന്നു. എന്നാല്‍, അവ നിലച്ചതോടെ തോട്ടം തൊഴിലാളികളുടെ ജീവിതം ഇന്ന് കൂടുതല്‍ പ്രതിസന്ധിയിലാണ്. ബോണക്കാട്ടെ തൊഴിലാളികള്‍ക്ക് ശമ്പളവും ആഴ്ചയിലൊരിക്കല്‍ ലഭിക്കേണ്ട ചെലവുകാശും മുടങ്ങുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിമാസം നല്‍കിയിരുന്ന 40 ലക്ഷം രൂപയുടെ സഹായം നിലയ്ക്കുകയും ചെയ്തതോടെ തൊഴിലാളികളുടെ ജീവിതത്തിലേക്ക് മുഴുപ്പട്ടിണിയുടെ ദിനങ്ങള്‍ വീണ്ടും വിരുന്നെത്തുകയാണ്. തോട്ടം കാടായി; ലയങ്ങളില്‍ കൊടുംപട്ടിണി എഴുപതാം വയസ്സിലെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ തെങ്കാശിക്കാരി ചെല്ലത്തായിക്ക് കഴിയുന്നില്ല. 40 വര്‍ഷം മുമ്പാണ് ഇവര്‍ ബോണക്കാട്ട് എത്തിയത്. ഭര്‍ത്താവ് ദേവരാജ് 10 കൊല്ലം മുമ്പ് മരിച്ചു. ഏക മകള്‍ കല്യാണം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പമാണ് താമസം. 2002ല്‍ തൊഴിലില്‍നിന്ന് വിരമിച്ച ഇവര്‍ക്ക് ഇതുവരെയും ആനുകൂല്യങ്ങളൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരു തുണ്ടു ഭൂമി വാങ്ങി തോട്ടത്തിലെ ദുരിതങ്ങളില്‍നിന്ന് മാറി നില്‍ക്കാന്‍ ചെല്ലത്തായിക്ക് കഴിയുന്നില്ല. മുമ്പ് സൗജന്യ റേഷന്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ അതും മുടങ്ങി. ഒരു മാസം ശമ്പളവും ചെലവു കാശും ലഭിക്കാതെ വന്നപ്പോള്‍ പല ദിവസവും പട്ടിണി കിടക്കേണ്ടി വന്നു-കഴിഞ്ഞ മാസം ലയങ്ങള്‍ നേരിട്ട മുഴുപ്പട്ടിണിയുടെ ചിത്രം ചെല്ലത്തായിയുടെ വാക്കുകളില്‍ നിഴലിക്കുന്നു. ചെല്ലത്തായി അടക്കമുള്ള തൊഴിലാളികള്‍ക്ക് 36 മാസത്തെ ശമ്പളം ഇന്നും കിട്ടാനുണ്ട്. ഇതിനു പുറമേ കമ്പനി വക ആശുപത്രിയില്‍ വര്‍ഷങ്ങളോളം തൂപ്പുജോലി ചെയ്തതിന്റെ ശമ്പളമായി നയാപൈസ ചെല്ലത്തായിക്ക് ലഭിച്ചിട്ടില്ല. രാവും പകലും കമ്പനിക്കു വേണ്ടി വിയര്‍പ്പൊഴുക്കിയ ഇവര്‍ക്ക് ജീവിത സായാഹ്നത്തിലും സന്തോഷം അകലെ. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി തേയിലക്കൃഷി അകപ്പെട്ട പ്രതിസന്ധിയില്‍ തൊഴിലാളികളുടെ ജീവിതം മുങ്ങിത്താഴുകയായിരുന്നു.
ബി ഡിവിഷനിലെ കാറ്റാടിമുക്ക് ലയത്തില്‍ താമസിക്കുന്ന സുധ എസ്റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളിയാണ്. സ്ഥിരം തൊഴിലാളിയായിരുന്ന ഭര്‍ത്താവ് തങ്കരാജ് 2006ല്‍ വിരമിച്ചെങ്കിലും പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങളൊന്നും കിട്ടിയിട്ടില്ല. തൊഴിലാളിയുടെ വിഹിതം കൃത്യമായി പിടിച്ചെടുത്ത കമ്പനി അധികൃതര്‍ അത് അടച്ചില്ല. ബാങ്ക് വായ്പയ്ക്കുള്ള ഈടായി മാത്രം തോട്ടം മാറി. ഉടമയുടെ ഏജന്റുമാര്‍ക്കാണ് തോട്ടത്തിന്റെ നടത്തിപ്പ് ചുമതല. മാറി മാറി വന്ന അവര്‍ക്കെല്ലാം റബ്ബറില്‍നിന്നുള്ള ആദായത്തില്‍ മാത്രമായിരുന്നു കണ്ണ്. തോട്ടം അതോടെ അനാഥമായി. കളപറിക്കാനോ വളമിടാനോ മെനക്കെടാത്തതിനാല്‍ തോട്ടത്തിന്റെ വലിയൊരു ഭാഗം കാടായി മാറി. അവശേഷിക്കുന്ന ഭാഗത്തെ തേയിലയില്‍ നിന്ന് കിട്ടുന്ന ആദായംപോലും തൊളിലാളികളില്‍ എത്തുന്നില്ല. ഏഴെട്ടു കൊല്ലമായി കമ്പനിയുടെ ഫാക്ടറി അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികളില്‍നിന്ന് പിടിക്കുന്ന തുകപോലും ബാങ്കിലടച്ചില്ല. പ്ലാന്റേഷന്‍ നികുതിയും റവന്യൂ നികുതിയും കുടിശ്ശികയാക്കിയതിനെ തുടര്‍ന്ന് ഓഫീസും പൂട്ടാന്‍ നിര്‍ബന്ധിതരായി. ഫാക്ടറിയുടെയും ഓഫീസിന്റെയും താക്കോല്‍ ഇന്ന് അധികൃതരുടെ കൈവശമാണ്. തൊഴിലാളികളുടെ രേഖകള്‍ ഓഫീസിനുള്ളില്‍ നശിക്കുന്നു.
ഏറ്റവും കുറഞ്ഞ കൂലി വ്യവസ്ഥയുള്ളത് തേയില തോട്ടം മേഖലയിലാണ്. പ്ലാന്റേഷന്‍ നിയമമനുസരിച്ച് 184 രൂപയാണ് തൊഴിലാളിക്ക് ദിവസം ലഭിക്കുക. ഒരു വിട്ടില്‍ മൂന്നു പേര്‍ക്കെങ്കിലും ജോലിയുണ്ടാകുമെന്ന സാഹചര്യത്തിലാണ് ഇത് അംഗീകരിക്കപ്പെട്ടു വന്നത്. എന്നാല്‍ തോട്ടം നശിച്ചതോടെ ഇന്ന് ഒരാള്‍ക്കു മാത്രമാണ് പണിയുണ്ടാവുക. ഒരാളുടെ വരുമാനംകൊണ്ട് കുടുംബം കഴിഞ്ഞുപോവില്ല. ആഴ്ചതോറും ചെലവുകാശും മാസാവസാനം അവശേഷിക്കുന്ന തുക ശമ്പളമായും കിട്ടിയിരുന്ന തൊഴിലാളിക്ക് അവ കൂടി മുടങ്ങിയതോടെ ജീവിതം ചോദ്യചിഹ്നമായി.
തോട്ടത്തില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ് പത്തുവര്‍ഷമായി തളര്‍ന്നുകിടക്കുന്ന രാജുവിന്റെ കുടുംബത്തിന്റെ വേദന ഭാര്യ അന്നക്കിളിയുടെ വാക്കുകളിലുണ്ട്. ചികിത്സയുടെ ഭാഗമായി എല്ലാ മാസവും പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പോകണം. വിതുരയില്‍നിന്ന് കാറുവിളിച്ചുകൊണ്ടുവന്ന് ആശുപത്രിയില്‍ പോയി മടങ്ങിയെത്തുമ്പോള്‍ രണ്ടായിരം രൂപ ചെലവാകും. അന്നക്കിളിയുടെ വരുമാനംകൊണ്ടു വേണം കുടുംബത്തിന്റെ ജീവിതവും രാജുവിന്റെ ചികിത്സയും നടക്കാന്‍. ശമ്പളം മുടങ്ങുന്നതോടെ പട്ടിണിയുടെ പിടിയിലാകും. മൂവായിരത്തോളം തൊഴിലാളികളുണ്ടായിരുന്നു ബോണക്കാട്ട്. ഇന്നാവട്ടെ, സ്ഥിരം തൊഴിലാളികളുടെ എണ്ണം 200ല്‍ താഴെ മാത്രം. 56-ാം വയസ്സില്‍ ഔദ്യോഗികമായി ജോലിയില്‍നിന്ന് പിരിഞ്ഞിട്ടും ആനുകൂല്യങ്ങളൊന്നും കിട്ടാത്തതിനാല്‍ വാര്‍ധക്യത്തില്‍ താല്‍ക്കാലിക തൊഴിലാളികളായി കഴിയുന്നവര്‍ മുന്നൂറോളമാണ്. സമയത്ത് കൂലി കിട്ടുന്നില്ല. ഒരു സെന്റ് സ്ഥലവും കൂരയും കിട്ടണമെങ്കില്‍ പോലും ഇന്ന് ലക്ഷങ്ങള്‍ കൊടുക്കണം. അവശേഷിക്കുന്ന കാലം തോട്ടത്തില്‍ തന്നെ കഴിയാമെന്നു കരുതിയാല്‍ ലയങ്ങളുടെ സ്ഥിതി പരമദയനീയവും. മരണഭയത്തില്‍ ജീവിതം ബോണക്കാട്ട് പത്തുമറി ലയത്തില്‍ കനിരാജിനും ഭാര്യ തങ്കവടിവിനും രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. ഹുങ്കാരത്തോടെ വീശുന്ന കാറ്റില്‍ വീടിന്റെ ഓടുകള്‍ ഒന്നൊന്നായി നിലം പൊത്തുകയാണ്. കട്ടിലിനുമേലെ പലകകൊണ്ട് തട്ട് ഉണ്ടാക്കിയാണ് ഓടിന്‍ കഷ്ണങ്ങളില്‍നിന്ന് രക്ഷ നേടുന്നത്. ലയങ്ങളിലേക്ക് കമ്പനി അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ട് വര്‍ഷങ്ങളായി. അറ്റകുറ്റപ്പണിയെല്ലാം ലയങ്ങളിലെ താമസക്കാര്‍ ചെയ്യണം. അഷ്ടിക്കു വകയില്ലാത്ത അവസ്ഥയില്‍ ഇതിനുള്ള പണം കണ്ടെത്താന്‍ ആര്‍ക്കും കഴിയുന്നില്ല. തൊട്ടടുത്ത ലയത്തിലെ ചെല്ലത്തായിയുടെ തലയില്‍ ഓടു വീണ് പരിക്കേറ്റു. പ്രാണഭയത്തോടെയാണ് അവരുടെയും ജീവിതം. മറ്റു ലയങ്ങളിലുള്ളവരും ഇതേ അവസ്ഥയിലാണ്.
ഡിസംബര്‍, ജനുവരി മാസം ആഞ്ഞുവീശുന്ന കാറ്റ് ബോണക്കാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ഇടിഞ്ഞുപൊളിഞ്ഞ് നിലംപൊത്താവുന്ന നിലയിലാണ് ലയങ്ങള്‍. പതിറ്റാണ്ടായി ഒരു അറ്റകുറ്റപ്പണിയും നടക്കുന്നില്ല. ഒരുചാക്ക് സിമന്റ് കിട്ടണമെങ്കില്‍ വിതുരയില്‍ പോകണം. അവിടെ നിന്ന് ഓട്ടോറിക്ഷ ബോണക്കാട്ട് എത്താന്‍ 400 രൂപ നല്‍കണം. അതുകൊണ്ടു തന്നെ ലയങ്ങളുടെ അറ്റകുറ്റ പണി നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ലയങ്ങളില്‍ വൈദ്യുതി എത്താത്തതിനാല്‍ സന്ധ്യയോടെ ബോണക്കാട് ഇരുട്ടില്‍ മുങ്ങും. ഡോക്ടറും സ്റ്റാഫ് നേഴ്സും മിഡ്വൈഫും കിടത്തിച്ചികിത്സയുമെല്ലാം ഉണ്ടായിരുന്ന കമ്പനി ആശുപത്രിയുടെ സ്ഥിതിയും ഇന്ന് ദയനീയമാണ്. ഇന്ന് ഇവിടെ ആകെ സേവനത്തിനുള്ളത് റിട്ടയര്‍ ചെയ്ത ഒരു നേഴ്സ് മാത്രം. റിട്ടയര്‍മെന്റ് ആനൂകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ മറ്റു തൊഴിലാളികളെ പോലെ ബോണക്കാട്ട് തങ്ങുകയാണ് അവരും. സമീപത്തെ പള്ളി വഴി സൗജന്യമായി എത്തിക്കുന്ന മരുന്നുകളാണ് ആശുപത്രിയില്‍നിന്ന് നല്‍കുന്നത്. ആശുപത്രിയില്‍ മിഡ്വൈഫായിരുന്ന സ്ത്രീ കമ്പനി ഓഫീസില്‍ കണക്കെഴുതുന്നു. ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളുണ്ടായിരുന്ന എല്‍ പി സ്കൂളിന്റെ പ്രതാപവും പോയി. ആകെ പത്ത് വിദ്യാര്‍ഥികളാണ് ഇന്ന് ഇവിടെയുള്ളത്. ഹെഡ്മാസ്റ്ററും മറ്റൊരു അധ്യാപകനുമാണ് ക്ലാസെടുക്കുന്നത്.
വ്യാപിക്കുന്ന പ്രതിസന്ധി ആഗോളവല്‍ക്കരണ നയത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ ബോണക്കാട് മാത്രമല്ല അകപ്പെട്ടത്. 30,000 തൊഴിലാളികളുണ്ടായിരുന്ന നെല്ലിയാമ്പതി മേഖലയില്‍ ഇന്ന് രണ്ടായിരം പേര്‍ മാത്രം. തിരുവനന്തപുരം ജില്ലയില്‍ 582 ഏക്കറും 400 തൊഴിലാളികളുമുണ്ടായിരുന്ന ഇന്‍വര്‍ക്കാട് പ്രവര്‍ത്തനരഹിതമായി. 752 ഏക്കറും 1400 തൊഴിലാളികളുമുണ്ടായിരുന്ന പൊന്മുടി എസ്റ്റേറ്റില്‍ ഇന്ന് 40 തൊഴിലാളികള്‍ മാത്രമാണുള്ളത്. 800 ഏക്കറും 2500 തൊഴിലാളികളുമുണ്ടായിരുന്ന മര്‍ച്ചിസ്റ്റന്‍ എസ്റ്റേറ്റില്‍ ഇപ്പോള്‍ 200 പേരേയുള്ളൂ. 600 ഏക്കറുള്ള ബ്രൈമൂറില്‍ തൊഴിലാളികളുടെ എണ്ണം ആയിരത്തില്‍ നിന്ന് വെറും 50 ആയി കുറഞ്ഞു. 200 തൊഴിലാളികളുണ്ടായിരുന്ന അച്ചന്‍കോവില്‍ പ്രിയ എസ്റ്റേറ്റില്‍ തൊഴിലാളികളുടെ എണ്ണം 40ല്‍ താഴെ മാത്രം. ഇതിനിടെ ഇഎഫ്എല്‍ പരിധിയുടെ പേരില്‍ പുതിയ പ്രതിസന്ധിയും ഈ മേഖലയെ ബാധിക്കുന്നു. തോട്ടങ്ങളുടെ ഒരു ഭാഗം ടൂറിസം ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ള നീക്കം പ്രതിസന്ധിയുടെ ആഴം കൂട്ടും. ആശ്വാസ നടപടികള്‍ നിലയ്ക്കുന്നു തൊഴിലാളികള്‍ക്ക് ആശ്വാസം പകരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2009ല്‍ തുടക്കംകുറിച്ച ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി തുടര്‍ നടപടികളില്ലാതെ ഇന്ന് അട്ടിമറിച്ചിരിക്കുകയാണ്. ഇതുവരെ ഒരു തൊഴിലാളിക്കു പോലും ആനുകൂല്യം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറായിട്ടില്ല. പുതിയ ബോര്‍ഡിന്റെ രൂപീകരണം പോലും നടത്തിയില്ല. ക്ഷേനിധിയുടെ അംശാദായം പിരിക്കാന്‍ ഉദ്യേഗസ്ഥരെ നിയോഗിക്കുന്നതും നിര്‍ത്തി. ക്ഷേനിധിയിലേക്കുള്ള പാസ്ബുക്ക് പോലും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. തോട്ടം തൊഴിലാളികളുടെ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളും നിലച്ചു. കന്നുകാലി തൊഴൂത്തിനു തുല്യമായ ഇന്നത്തെ ലയങ്ങളുടെ സ്ഥാനത്ത് രണ്ട് കിടപ്പുമുറിയും വരാന്തയും അടുക്കളയും കക്കൂസുമെല്ലാമുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയും നിലച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബോണക്കാട്ടെ തൊഴിലാളികള്‍ക്കായി റിലീഫ് കമ്മിറ്റി രൂപീകരിച്ചിരുന്നു. തൊഴിലാളികളുടെ ചികിത്സ, വിദ്യാഭ്യാസം, വിവാഹധനഹായം തുടങ്ങിയ കാര്യങ്ങള്‍ക്കായി 40 ലക്ഷം രൂപയാണ് പ്രതിവര്‍ഷം നല്‍കിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ മാറിയതോടെ ആ പദ്ധതിയും നിലച്ചു. ഓണക്കാലത്ത് തോട്ടംതൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം ഉത്സവ അലവന്‍സ് നല്‍കിയിരുന്നതും നിര്‍ത്തലാക്കിയിരിക്കുകയാണ്.
ദുരിതങ്ങളില്‍ മുടങ്ങുന്നത് കുട്ടികളുടെ പഠനം ബോണക്കാട് കാറ്റാടിമുക്ക് ലയത്തില്‍ തങ്കരാജിന്റെയും സുധയുടെയും മകന്‍ വിഷ്ണുവിന് പഠനവും ജീവിത ദുരിതങ്ങള്‍ മൂലം മുടങ്ങി. മൂന്ന് എ പ്ലസ് അടക്കം നല്ല രീതയില്‍ എസഎസ്എല്‍സി പാസായ വിഷ്ണു വിതുര ഗവര്‍മെണ്ട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരിക്കെ പഠിത്തം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അച്ഛന്‍ തങ്കരാജിന്റെ വലതുകൈയ്ക്ക് സ്വാധീനമില്ല. അമ്മ സുധ രോഗ ബാധിതയും. തോട്ടത്തില്‍ നിന്നു കിട്ടുന്ന തുഛമായ വരുമാനം കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് വിഷ്ണുവിന്റെ ബസ് കണ്‍സഷനുള്ള ചെലവ് ബാധ്യതയായി മാറുകയായിരുന്നു. വിഷ്ണീവിന്റെ സഹോദരി നെയ്യാറ്റിന്‍കരയിലെ ഒരു അനാഥാലയത്തില്‍ താമസിച്ചാണ് പഠിക്കുന്നത്. വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ കഴിയാത്തതില്‍ മക്കളെ പള്ളി വക സ്ഥാപനങ്ങളില്‍ അയച്ച് പഠിപ്പിക്കുന്ന കുടുംബങ്ങള്‍ ബോണക്കാട് തേയിത്തോട്ടത്തില്‍ നിരവധിയാണ്.
*
ആര്‍ സാംബന്‍ ദേശാഭിമാനി 07 ഏപ്രില്‍ 2013

No comments:
Post a Comment