Monday, April 15, 2013

ശരി കണ്ടെത്താന്‍ വെമ്പുന്ന പിതാവ്, ആ ശരി ശരിയേ അല്ലെന്ന് പുത്രന്‍

എന്റെ അറുപത്തെട്ടുകൊല്ലത്തെ കമ്യൂണിസ്റ്റു പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എത്രപേരെ പാര്‍ടി അംഗത്വത്തിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടെന്ന് പറയാന്‍ വിഷമം. എന്നാല്‍ ഒന്ന് ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു, ഞാന്‍ പാര്‍ടിക്കുള്ളിലേക്കു കൊണ്ടുവന്നിട്ടുള്ള സഖാക്കളില്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് കുതിച്ചുയര്‍ന്നവരില്‍ സ. വി ബി ചെറിയാന്‍ ആണ് അഗ്രഗാമി. ഏതാണ്ട് ഒരു മാസം മുമ്പ് ഞാന്‍ അദ്ദേഹത്തെ ടെലഫോണില്‍ ബന്ധപ്പെട്ടു. ഏലൂര്‍ വരുമ്പോള്‍ വീട്ടില്‍വന്ന് എന്നെ കാണണമെന്നഭ്യര്‍ഥിച്ചു. അങ്ങനെ ആവാമെന്ന് സമ്മതിച്ചു. തന്നെ കാര്‍ന്നു തിന്നുന്ന മാരകരോഗത്തെപ്പറ്റി ഒരു സൂചന പോലും തന്നില്ല, അതാണ് ചെറിയാനുള്ള അനേകം സവിശേഷതകളില്‍ ഒന്ന്.

തികഞ്ഞ ശുഭാപ്തിവിശ്വാസം. തികച്ചും അപ്രതീക്ഷിതമായിരുന്നു ചരമവാര്‍ത്ത. എന്റെ ചിന്ത പിന്നോട്ടുപോയി. എഫ്എസിടി തുടങ്ങിയ കാലത്തു തന്നെ വി സി ബഹനാന്‍ - ചെറിയാന്റെ പിതാവ് - ഇവിടെ എത്തിയിരുന്നു. എന്റെ വീടിനു സമീപത്തുള്ള ഒരു വീട്ടില്‍ വാടകയ്ക്ക് താമസമായിരുന്നു. എഫ്എസിടിയില്‍ ഞാനും ജോലിക്കു കയറിയപ്പോള്‍ പരിചയപ്പെട്ടു. ടൈം ഓഫീസിലെ ഇതര ജോലിക്കാരെപ്പോലെ ബഹനാന് കമ്യൂണിസ്റ്റുകാരോട് വിരോധമില്ലെന്ന് മനസ്സിലാക്കി... സംഭവബഹുലമായ വര്‍ഷങ്ങള്‍ പിന്നിട്ട് 1957ല്‍ ജയില്‍ മോചിതനായ ഞാന്‍ ബഹനാനെ കാണുന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പൊതുയോഗങ്ങളിലെ ഒരു ശ്രോതാവായിട്ടാണ്. ഞങ്ങള്‍ തമ്മില്‍ അടുത്തു. അറുപതുകളില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം സകല മറകളും നീക്കി പുറത്തുവന്നു. ബഹനാന്‍ തികച്ചും ചൈനീസ് പക്ഷപാദി ആയി മാറി. പീക്കിംഗ് റേഡിയോ പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകള്‍ തേടിപ്പിടിച്ച് എന്നെ ബോദ്ധ്യപ്പെടുത്താന്‍ എന്തുല്‍സാഹമായിരുന്നു അദ്ദേഹത്തിന്. ആ അവസരം ഉപയോഗപ്പെടുത്തി അദ്ദേഹത്തെ പാര്‍ടിയിലേക്കു കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പാര്‍ടി അംഗത്വം സ്വീകരിക്കാനോ പരസ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനോ തയ്യാറായില്ല. 1971ല്‍ ബഹനാനെ കണ്ടപ്പോള്‍ പീക്കിങ് വിശേഷങ്ങള്‍ക്കുപുറമെ ഒരു പരാതി കൂടി പറഞ്ഞു. എഞ്ചിനീയറിംഗിന് വിട്ട മകന്‍ തലതിരിഞ്ഞു പോയിരിക്കുന്നു. സ്വാഭാവികമായും മകനോട് എന്നെ വന്നു കാണാന്‍ ആവശ്യപ്പെടണമെന്നായി ഞാന്‍. ബഹനാെന്‍റ മകെന്‍റ കാര്യത്തില്‍ ഇടപെടാതിരുന്നതിനെക്കുറിച്ച് എഫ്എസിടിയിലെ സീനിയര്‍ സഖാക്കളോടു തിരക്കി. അജിതയുടെ യോഗത്തില്‍ പോയവനെക്കുറിച്ച് ഞങ്ങള്‍ എന്തിന് തിരക്കണം എന്ന മറു ചോദ്യമായിരുന്നു മറുപടി. സ. വി ബി ചെറിയാന്‍ വന്നു. എന്നെ കണ്ടു. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം എടുത്തു. ഇപ്പോള്‍ എഫ്എസിടിയുടെ തന്നെ ഫെഡോയില്‍ അപ്രന്‍റിസു ചെയ്യുകയാണ്. രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ട്. നക്സലൈറ്റ് അജിതയുടെ യോഗത്തില്‍ പോയതു ശരിയാണ്.

ഇന്ത്യന്‍ പരിതഃസ്ഥിതികള്‍ക്ക് ഇപ്പോള്‍ നിരക്കാത്ത പരിപാടികളേക്കുറിച്ച് ചോദ്യം ചോദിച്ച അജിത വെള്ളം കുടിച്ച കഥ വിവരിച്ചു. പ്രായത്തില്‍ കവിഞ്ഞ രാഷ്ട്രീയ വിജ്ഞാനം ചെറിയാന്‍ നേടിയിരിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. പാര്‍ടി അംഗമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ചോദിച്ചു ഉറപ്പുവരുത്തി. ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സുള്ള ഒരു യുവാവിനെയല്ല തനിവിപ്ലവത്തങ്ക തീക്കട്ടയെ ആണ് ഞാന്‍ കണ്ടുമുട്ടിയത് എന്ന് ബോദ്ധ്യമായി. ചെറിയാന് പാര്‍ടി അംഗത്വം നല്‍കുന്നതിനെക്കുറിച്ചുള്ള ആലോചന വന്നപ്പോള്‍ എഫ്എസിടിയിലെ സീനിയര്‍ സഖാക്കള്‍ക്ക് ഒരു ആശങ്ക. മാര്‍ക്സിസ്റ്റുകാര്‍ക്ക് സ്വീകാര്യമല്ലാത്ത "തലമുറകളുടെ വിടവ്" എന്ന സിദ്ധാന്തം നിഴലാടിയോ എന്ന സംശയം. കാരണവന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ അന്ന് ചെറിയാനും സങ്കോചം തോന്നിയിരിക്കാം. ആയിടെ സംഘടിപ്പിക്കപ്പെട്ടിരുന്ന ഫാക്റ്റ് സ്കൂള്‍ വിദ്യാര്‍ഥികളുടെ പാര്‍ടി ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തി ചെറിയാന് കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പ് കൊടുത്തു. ഞാന്‍ ഓര്‍ക്കുകയാണ്: - പീക്കിംങ് റേഡിയോ പ്രക്ഷേപണം ക്ലേശം സഹിച്ച് കണ്ടെത്തി, അതു മാത്രമാണ് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ശരി എന്ന് വിശ്വസിച്ച്, അത് എന്നേപ്പോലുള്ളവരെ ധരിപ്പിക്കാന്‍ വെമ്പുന്ന പിതാവ്; അതേ ദിവസങ്ങളില്‍ തന്നെ, മാവോവിെന്‍റ പേര് ഉരുവിട്ടുകൊണ്ട് ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തില്‍ ശൈഥില്യം സൃഷ്ടിക്കുന്ന നക്സലൈറ്റുകളെ എതിര്‍ക്കുന്ന പുത്രന്‍! കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ശരി കണ്ടുപിടിക്കാന്‍ താന്‍ വെമ്പുന്നുണ്ടെങ്കിലും മകന്‍ തലതിരിഞ്ഞ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്കു ചാടാതെ, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉദ്യോഗം സ്വീകരിച്ച് വലിയ കുടുംബസ്ഥന്‍ ആകണമെന്നു മോഹിക്കുന്ന പിതാവ്!

പലരെയും മാനസാന്തരപ്പെടുത്തിയാണ് പാര്‍ടിയിലേക്ക് കൊണ്ടുവന്നിട്ടുള്ളതെങ്കിലും ചെറിയാന്റെ കഥ അങ്ങനെയല്ല. അംഗത്വം നല്‍കുക എന്ന ചടങ്ങ് സാങ്കേതികമായി ഞാന്‍ നിര്‍വഹിച്ചു എന്നു പറയുന്നതായിരിക്കും ശരി. അജിതയുടെ യോഗത്തില്‍ പോയവനെ ആശങ്കയോടെയാണ് സഖാക്കള്‍ കണ്ടിരുന്നതെന്ന് വ്യക്തമായി. അതിനുള്ള മറുമരുന്ന് ഞാന്‍ കണ്ടെത്തി. രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിക്കാനുള്ള ചുമതല ചെറിയാനെ ഏല്‍പിക്കുകയും മുന്‍കൂട്ടി ആവശ്യമായ ചര്‍ച്ചയിലൂടെ ചെറിയാനെ സജ്ജമാക്കുകയും ചെയ്തു. ഫാക്ടറികളിലും പുറത്തുമുള്ള സഖാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ചെറിയാനെ ക്ഷണിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു: സഖാക്കളെ, ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ സ. ചെറിയാന്‍ എന്റെയും നിങ്ങളുടെയും തലയ്ക്കുമീതെ പാര്‍ടിയുടെ ഉന്നത നേതൃത്വത്തിലേക്ക് ഉയരുന്നതു നമുക്കു കാണാം.

ചെറിയാന്റെ റിപ്പോര്‍ട്ടിംഗ് എല്ലാവര്‍ക്കും ഹൃദ്യമായി തോന്നി. അതോടെ ചെറിയാന്‍ വ്യവസായമേഖലയിലെ സുസമ്മതനായ കമ്യൂണിസ്റ്റായി ഉയര്‍ന്നു; അംഗീകരിക്കപ്പെട്ടു. അതിനിടയില്‍ തന്നെ അദ്ദേഹം ഡിവൈഎഫ്ഐയുടെയും സംസ്ഥാന നേതൃത്വത്തില്‍ എത്തിയിരുന്നു. താമസിയാതെ ചെറിയാന് കെഎസ്ഇബിയില്‍ നിയമനം ലഭിച്ചു. സ്വാഭാവികമായും അദ്ദേഹത്തിന്റെ പാര്‍ടി ഘടകം മാറി. ട്രേഡ് യൂണിയന്‍ രംഗത്തെ പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതായി വന്നു. സിഐടിയുവിെന്‍റ അഖിലേന്ത്യാ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ടിയിലും പടിപടിയായി ഉയര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ എത്തി. ശ്രദ്ധേയനായ എണ്ണപ്പെട്ട ബുദ്ധിജീവിയായി ചെറിയാനെ കമ്യൂണിസ്റ്റുകാരും അംഗീകരിച്ചു. ഭിന്നാഭിപ്രായങ്ങളുടെ സംഘര്‍ഷങ്ങളും വോട്ടെടുപ്പും ജയാപജയങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അസാധാരണമല്ല. അതിനെ ആ നിലയ്ക്ക് കാണാന്‍ ചെറിയാന് കഴിഞ്ഞില്ല. തെറ്റുകള്‍ തിരുത്തുന്ന പ്രക്രിയയില്‍ മുഴുകി ഇരിക്കേ ആ വിലപ്പെട്ട ജീവനെ മാരകരോഗം അപഹരിച്ചു കളഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടം തന്നെ.

*
പയ്യപ്പിള്ളി ബാലന്‍ ചിന്ത വാരിക

No comments: