Tuesday, April 16, 2013

വേനല്‍ച്ചൂടില്‍ വിരിയുന്ന അഗ്നിപുഷ്പങ്ങള്‍

ബാലസംഘം വേനല്‍ത്തുമ്പികള്‍ ചിറകുവിരിച്ച് പറയുന്നുയരുകയായി. വേനലറുതിയിലെ കൊടുംചൂടിലാണ് തുമ്പികള്‍ ഒരുങ്ങുന്നത്. എല്ലാം ചന്തയ്ക്കുകീഴ്പ്പെടുന്ന കെട്ടകാലത്ത് മനുഷ്യന്റെ ക്രൂരതകള്‍ക്കതിരില്ലാതാകുമ്പോള്‍, ജീവിതം ഒടുക്കമില്ലാത്ത സഹനമാകുമ്പോള്‍ ആ കൊടുചൂടില്‍നിന്ന് അഗ്നിപുഷ്പങ്ങള്‍ വിരിയുകതന്നെ ചെയ്യുമെന്നും പാകിസ്ഥാനിലെ മലാല യൂസഫ് സായിയും യമനിലെ നുജൂദലിയും നമുക്ക് കാണിച്ചുതരുന്നു. വേനല്‍ തുമ്പികള്‍-2013 സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് മൂന്ന് പെണ്‍കുട്ടികള്‍ക്കാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പൊരുതുന്ന മലാലയും ദുരിതപൂര്‍ണമായ വിവാഹജീവിതത്തിന്റെ നരകത്തീയില്‍നിന്ന് വിവാഹമോചനം നേടിയ 10 വയസ്സുകാരി നുജൂദും തിരൂരില്‍ തെരുവോരത്ത് ഉറങ്ങിക്കിടക്കുമ്പോള്‍ മൃഗീയതയ്ക്കിരയായ കൊച്ചുപാപ്പാത്തിക്കുട്ടിയുമാണ് ആ മൂന്ന് കുരുന്നുകള്‍.

കുട്ടികള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയുടെയും ചെറുത്തുനില്‍പ്പിന്റെയും സന്ദേശമാണ് ഇത്തവണ വേനല്‍ത്തുമ്പികള്‍ പകരുന്നത്. 10 വയസ്സ് തികയുന്നതിനുമുമ്പ് വിവാഹിതയാവേണ്ടിവന്ന നുജൂദ്, കൊടും ദാരിദ്ര്യത്തിന്റെയും പുരുഷാധിപത്യ പ്രവണതകളുടെയും നിസ്സഹായയായ ഇരയാണ്. എന്നാല്‍, അസാമാന്യധൈര്യംകൊണ്ട് തന്റെ ദുര്‍വിധിക്കെതിരെ പൊരുതിക്കയറി മോചനം നേടിയ നുജൂദ് ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്ക് മലാലയെപ്പോലെതന്നെ മാതൃകയാണ്. "നൂജൂദ്- ധൈര്യമുള്ള രണ്ട് കണ്ണുകള്‍" ഗോപി കുറ്റിക്കോട് നുജൂദിന്റെ തീക്ഷ്ണാനുഭവങ്ങള്‍ക്ക് രംഗഭാഷ പകര്‍ന്നിരിക്കുന്നു. നാടകം കണ്ടുകഴിയുമ്പോള്‍ നുജൂദ് നമ്മുടെ സ്വന്തം നാട്ടിലുണ്ടെന്ന് നാം തിരിച്ചറിയണം.

ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി എന്ന പൊള്ളുന്ന ചോദ്യമാണ് വേനല്‍ത്തുമ്പികള്‍ സമൂഹത്തോട് ചോദിക്കുന്നത്. ഏറ്റവും കൂടുതല്‍ കരുതലും പരിചരണവും ആവശ്യമുള്ള പ്രായത്തില്‍ കശക്കി എറിയപ്പെടുന്ന ബാല്യം നമ്മുടെ ജനാധിപത്യത്തിന് ഒട്ടും അഭിമാനകരമല്ല. അവതരണശില്‍പ്പത്തിലൂടെ കുട്ടികളുയര്‍ത്തുന്ന ഈ ചോദ്യത്തിന്റെ ഈരടികള്‍ രചിച്ചത് ഹരിശങ്കര്‍ മുന്നൂര്‍ക്കോടാണ്. മലയാളികളുടെ മധ്യവര്‍ഗമനസ്സിന് കുട്ടികളുടെ വിദ്യാഭ്യാസം തങ്ങളുടെ സ്റ്റാറ്റസ് സിംബലാണ്. മാതൃഭാഷയില്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന പൊതുവിദ്യാലയങ്ങള്‍ ഉപേക്ഷിച്ച് രക്ഷിതാക്കള്‍ ഇംഗ്ലീഷ് മീഡിയം തേടി നെട്ടോട്ടമോടുന്നു. തങ്ങളുടെ അഭീഷ്ടസാധ്യത്തിനുള്ള ഉരുപ്പടികളായാണ് പലരും കുഞ്ഞുങ്ങളെ കണക്കാക്കുന്നത്. രക്ഷിതാക്കള്‍ ഉടമസ്ഥരായി മാറുമ്പോള്‍, കുട്ടികള്‍ക്ക് പഠനം പീഡനമാകുന്നു; ജീവിതവും. "ഉറക്കമത്രേ നിന്‍ ശത്രു" എന്ന ചൊല്‍ക്കാഴ്ചയിലൂടെ തുമ്പികള്‍ മലയാളികളുടെ അപകടകരമായ ഈ പൊങ്ങച്ചത്തെ തുറന്നുകാട്ടുന്നു.

ഹാസ്യപ്രധാനമായ ഈ ചൊല്‍ക്കാഴ്ചയുടെ രചയിതാവ് എ ആര്‍ ചിദംബരം. ഡി പാണി രചിച്ച കുഞ്ഞുങ്ങളുടെ പ്രിയനാടകം അപ്പമരം വീണ്ടും അരങ്ങിലെത്തുന്നു. ബാലസംഘം രൂപീകരണത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആദ്യത്തെ വേനല്‍ത്തുമ്പികള്‍ അവതരിപ്പിച്ച ഈ നാടകം പുനരവതരിപ്പിക്കുകയാണ് ഇപ്പോള്‍. വിശക്കുന്ന കുഞ്ഞുങ്ങളെ അപ്പംകാട്ടി മയക്കി ചോരയൂറ്റുന്ന പൊട്ടിപ്പിശാചിനെതിരെ പ്രതിരോധത്തിന്റെ അപ്പമരം തീര്‍ക്കുന്ന കുട്ടികളുടെ കൂട്ടായ്മയുടെ വിജയഗാഥയാണ് അപ്പമരം. കളിയും നാടകവും തമ്മിലുള്ള ജൈവബന്ധത്തെ ദൃഷ്ടാന്തവല്‍ക്കരിക്കുന്ന അപ്പമരം ലക്ഷണയുക്തമായ ബാലനാടകമാണ്. ബാലസംഘം രൂപീകരണത്തിന്റെ 75-ാം വാര്‍ഷികം നമ്മളെങ്ങനെ നമ്മളായി എന്നോര്‍ക്കാന്‍ പുതുതലമുറയ്ക്ക് അവസരം നല്‍കുന്നതായിരിക്കണമെന്നാണ് ബാലസംഘം കരുതുന്നത്.

കേരളം കടന്നുപോന്ന ചോരയും കണ്ണീരും നിറഞ്ഞ ചരിത്രവഴികളില്‍ വഴിവിളക്കുകളായി പ്രശോഭിക്കുന്ന കുട്ടികളെയും അവരുടെ പ്രസ്ഥാനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന രംഗശില്‍പ്പമാണ് ചരിത്രവഴികള്‍. ഡോക്യു- ഡ്രാമയുടെ രൂപഘടനയിലുള്ള ചരിത്രവഴികള്‍ സുനില്‍ കുന്നരുവിന്റെ രചനയാണ്. ഭഗത്സിങ്ങും ചന്ദ്രശേഖര്‍ ആസാദും ഉത്തംസിങ്ങും ജയലക്ഷ്മിയും കുഞ്ഞുങ്ങളായിരുന്നപ്പോള്‍ തങ്ങളുടെ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളോട് പ്രതികരിച്ചതെങ്ങനെയെന്ന് ഈ രംഗശില്‍പ്പം പുതുതലമുറയ്ക്ക് കാണിച്ചുതരുന്നു. ബ്രിട്ടീഷ് പൊലീസുകാരോടും ജന്മിഗുണ്ടകളോടും നിര്‍ഭയരായി പൊരുതി മുന്നേറിയ ബാലസംഘത്തിന്റെ ആദ്യകാലത്തെ സമരോത്സുക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് നാടകം പ്രേരണ നല്‍കുന്നു. ആംഷി, കൂംഷി രസകരമായ ഒരു മാസ്ക് പ്ലേയാണ്. കൊച്ചുകൂട്ടുകാര്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നതോടൊപ്പം പരിസ്ഥിതിയെക്കുറിച്ചും പരിസരമലിനീകരണത്തെക്കുറിച്ചും ചിന്തിക്കാന്‍ മുതിര്‍ന്നവര്‍ക്ക് പ്രേരണയാകുന്നു, പ്രിയദര്‍ശന്‍ ഒരുക്കിയ ഈ രംഗരചന. ബാലസംഘം പ്രവര്‍ത്തകരായ പ്രവീണും അഖിലയും രചിച്ച രണ്ട് സ്കിറ്റുകള്‍ വര്‍ത്തമാനകാല സമൂഹത്തിന്റെ പൊങ്ങച്ചങ്ങളെ തുറന്നുകാട്ടുന്നു.

ഇന്നത്തെ ലോകത്തിന്റെ സ്നേഹശൂന്യതയും ദയാരാഹിത്യവും ഹാസ്യാത്മകമായി ചിത്രീകരിക്കുന്നവയാണ് രണ്ട് സ്കിറ്റും. വേനല്‍ത്തുമ്പികള്‍ പാടിനടന്ന അനേകം കുട്ടിപ്പാട്ടുകളും കൂട്ടപ്പാട്ടുകളും അവയില്‍ ചിലത് കൊരുത്ത് ഒരു ഗാനമാലയും വേനല്‍ത്തുമ്പികള്‍ ഒരുക്കിയിരിക്കുന്നു. ഒ എന്‍ വി, ഏഴാച്ചേരി, ശ്രീരേഖ, ടി ആര്യന്‍ കണ്ണന്നൂര്‍, എം എസ് കുമാര്‍, എം വി മോഹനന്‍, സി ആര്‍ ദാസ്, സ്നേഹ ചന്ദ്രന്‍, കെ കെ കൊച്ച്, ഇ രാമചന്ദ്രന്‍, നാരായണദാസ് തുടങ്ങിയവര്‍ രചിച്ച പാട്ടുകളാണ് ഗാനമാലയിലുള്ളത്. കലാമണ്ഡലം വാസുദേവപ്പണിക്കര്‍, മഞ്ഞളൂര്‍ സുരേന്ദ്രന്‍, എം ശിവശങ്കരന്‍, ഗോപി കണയം, എന്‍ കെ മധുസൂദനന്‍ തുടങ്ങിയവരാണ് ഈ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. ഹരിശങ്കര്‍ മൂന്നൂര്‍ക്കോട്, കെ കെ കൊച്ച്, സ്നേഹചന്ദ്രന്‍, യൂസഫ് കേച്ചേരി, ദിനേശ് കുമാര്‍ എരമം, രവി ഏഴോം, ആതിര, ആനന്ദമോഹന്‍ എന്നിവരുടെ ഈരടികള്‍ക്ക് സംഗീതം പകര്‍ന്നത് കെ എം ഉദയന്‍, എം ശിവശങ്കരന്‍ എന്നിവരാണ്. ഏറ്റവും ഒടുവില്‍ തിത്തേരക്കുട പാടി ചടുലമായ ചുവടുകളില്‍ വേദിയും സദസ്സും ഒരുമിച്ച് ആടിത്തിമിര്‍ക്കുമ്പോള്‍ വേനല്‍ത്തുമ്പികള്‍ വിടവാങ്ങുന്നു.

എറണാകുളം ജില്ലയിലെ തുമ്പികള്‍ ചൊവ്വാഴ്ച ചിറക് നിവര്‍ത്തും. തുടര്‍ന്ന് മെയ് 15 നകം സംസ്ഥാനത്തെ 14 ജില്ലയിലായി നൂറോളം കലാജാഥ പര്യടനം പൂര്‍ത്തിയാക്കും. നൂറ് കലാജാഥയിലായി ആയിരത്തഞ്ഞൂറിലധികം കലാപ്രതിഭകള്‍ അണിനിരക്കും. രണ്ടായിരത്തോളം വേദികളില്‍ ലക്ഷക്കണക്കായ കുട്ടികളോടും രക്ഷിതാക്കളോടും വേനല്‍ത്തുമ്പികള്‍ സംവദിക്കും. വില്ലേജ് കമ്മിറ്റികള്‍ ഒരുക്കുന്ന ബാലോത്സവവേദികളിലാണ് വേനല്‍ത്തുമ്പികള്‍ പറന്നിറങ്ങുന്നത്. കുട്ടികളുടെ സര്‍വതോമുഖമായ കഴിവുകളുടെ പ്രകാശനവേദികളാണ് ബാലോത്സവങ്ങള്‍. ഒന്നോ രണ്ടോ ദിവസം നടക്കുന്ന ബാലോത്സവവേദികളില്‍ പറന്നിറങ്ങുന്ന തുമ്പികള്‍ ഒന്നര- രണ്ടുമണിക്കൂര്‍ നേരത്തെ പരിപാടി അവതരിപ്പിച്ച് അടുത്ത വേദിയിലേക്ക് പറന്നകലും. ഈ രീതിയിലാണ് വേനല്‍ത്തുമ്പികളുടെ പര്യടനം ക്രമീകരിച്ചിട്ടുള്ളത്. വേനല്‍ അവധിക്കാലത്ത് കേരളത്തില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സംഭവമാകും വേനല്‍ത്തുമ്പികള്‍.

*
ടി കെ നാരായണദാസ് ദേശാഭിമാനി 16 ഏപ്രില്‍ 2013

No comments: