Friday, April 26, 2013

മൗനംകൊണ്ടുള്ള ഒറ്റുകൊടുക്കല്‍

നരേന്ദ്ര മോഡി വന്നു; പോയി. പക്ഷേ, ആ വരവ് ശിവഗിരിയുടെ യശസ്സിനും മഹത്വത്തിനും ഏല്‍പ്പിച്ച കളങ്കം അത്രവേഗം പോകുന്നതല്ല. അതു കളയാന്‍ ഒരു വഴിയേ ഉള്ളു. ആ തീര്‍ഥാടന കേന്ദ്രത്തിന്റെ മതാതീതമായ പ്രസക്തിക്ക് മുഴുവന്‍ മതനിരപേക്ഷ വാദികളും മനസ്സുകൊണ്ട് കാവല്‍ നില്‍ക്കുക എന്നതാണത്. ശിവഗിരിയെ ഒരു മതവര്‍ഗീയ കേന്ദ്രമാക്കി മാറ്റാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ ഉണ്ടായ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങള്‍ അപകടപ്പെടില്ലെന്ന് ഉറപ്പാക്കാനും ആ വിധത്തിലുള്ള ജാഗ്രത കൂടിയേ തീരു.

ശിവഗിരി സമൂഹനന്മ ആഗ്രഹിക്കുന്ന മുഴുവനാളുകള്‍ക്കും ഒരു പ്രതീകസ്ഥാനമാണ്. മതനിരപേക്ഷതയുടെ പ്രതീകം. സമുദായ സൗഹാര്‍ദത്തിന്റെ പ്രതീകം. മനുഷ്യരുടെയാകെ ഒരുമയുടെ പ്രതീകം. അത് അങ്ങനെയാണ് എന്നുള്ളതുകൊണ്ടുതന്നെയാണ് അതിനെ തങ്ങളുടെ ആധിപത്യത്തിന് കീഴിലാക്കാന്‍ സംഘപരിവാര്‍ ഇടവിട്ടിടവിട്ട് പ്രത്യേക വ്യഗ്രത കാട്ടിക്കൊണ്ടിരിക്കുന്നത്. ആ പ്രക്രിയയിലെ പുതിയ കണ്ണിയായിരുന്നു നരേന്ദ്രമോഡിയുടെ സന്ദര്‍ശനം. മോഡിയുടെ സന്ദര്‍ശനത്തെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ എതിര്‍ത്തത് മോഡി മുഖ്യമന്ത്രിയായതുകൊണ്ടല്ല. മറിച്ച് ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങളെ അത്രയേറെ ധ്വംസിച്ച ആളാണ് അദ്ദേഹം എന്നതുകൊണ്ടാണ്. "ഒരു പീഡ എറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പ"യെക്കുറിച്ച് ശ്രീനാരായണഗുരു പാടി. ഗുരു പറഞ്ഞ ആ അനുകമ്പയാണോ ഗുജറാത്തിന്റെ തെരുവുകളില്‍ ഭരണരക്ഷാകര്‍തൃത്വത്തോടെ നരേന്ദ്രമോഡി ആസൂത്രണംചെയ്ത് നടത്തിയ വംശഹത്യാപരമ്പരകളില്‍ കണ്ടത്?

"മനുഷ്യാണം മനുഷ്യത്വം ജാതി" എന്നു ഗുരു പഠിപ്പിച്ചു. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്നര്‍ഥം. ആ മനുഷ്യത്വമാണോ ഗുജറാത്തില്‍ വ്യാപകമായി ഇസ്ലാം മതവിശ്വാസികളെ തെരഞ്ഞെുപിടിച്ച് കൂട്ടക്കൊലചെയ്തതില്‍ കണ്ടത്? "നരജാതി ഇതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം" എന്ന ഗുരുസൂക്തത്തിന് അല്‍പ്പമെങ്കിലും വില കല്‍പ്പിച്ചിരുന്നെങ്കില്‍ തെരുവിലിട്ട് മനുഷ്യരെ പച്ചജീവനോടെ ചുട്ടുകൊല്ലാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കഴിയുമായിരുന്നോ? "കൊല പാപമാകുന്നു" എന്ന ഗുരുവചനത്തെ ആദരിക്കലാണോ ഗുജറാത്തിലെ വംശഹത്യാപരമ്പരകളില്‍ കണ്ടത്. "എല്ലാവരുമാത്മസഹോദരരെന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം" എന്ന് പഠിപ്പിക്കാനാണ് ഗുരു തന്റെ ജീവിതമാകെ വിനിയോഗിച്ചത്. എല്ലാവരും ആത്മസഹോദരരാണെന്നു കരുതുന്ന ഒരു മനസ്സിന് സാധിക്കുന്ന നിഷ്ഠുരതയാണോ ന്യൂനപക്ഷത്തിനു നേര്‍ക്ക് മോഡിയും കൂട്ടരും നടത്തിയത്? എല്ലാ മതങ്ങളും ഒരുപോലെ എന്നു ഗുരുപഠിപ്പിച്ചു. "പുരുഷാകൃത പൂണ്ട ദൈവമോ, നരദിവ്യാകൃതി പൂണ്ടധര്‍മമോ, പരമേശപവിത്ര പുത്രനോ, കരുണാവാന്‍ നബി മുത്തുരത്നമോ?" എന്ന വരികളില്‍ നമുക്കതു കാണാം. സ്നേഹവാനായ ക്രിസ്തുവും ദയാമയനായ നബിയും അനുകമ്പ ഉടലാര്‍ന്ന മഹാത്മാക്കളല്ലാതെ മറ്റാരാണെന്ന് ഗുരു ആ കവിതയില്‍ ചോദിച്ചു. ദയാമയന്‍ എന്നു ഗുരു വിശേഷിപ്പിച്ച നബിയുടെ പാത പിന്തുടരുന്നവരെ കൂട്ടക്കൊലചെയ്യുന്നതിന് സൂത്രധാരത്വം വഹിച്ച ആളെ ഗുരുവിന്റെ സ്മൃതിസന്നിധിയില്‍ വിളിച്ച് ആദരിക്കുന്നത് ഉചിതമാണോ? ആ അനൗചിത്യത്തേക്കാള്‍ വലിയ ഗുരുനിന്ദ വേറെയുണ്ടോ?

ആര്യപുരാതനരുടെ വംശ "മഹിമ" പുനഃസ്ഥാപിക്കാന്‍ ഹിറ്റ്ലര്‍ ശ്രമിച്ചതുപോലെ ജീര്‍ണമായ ബ്രാഹ്മണ്യത്തിന്റെ "മഹിമ"പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് സംഘപരിവാര്‍. സമൂഹത്തെ നാലു തട്ടായി തിരിക്കുക. അതില്‍ ഏറ്റവും മുകളിലായി ബ്രാഹ്മണരെ പ്രതിഷ്ഠിക്കുക. ഏറ്റവും താഴത്തെ തട്ടില്‍ ശൂദ്രരെ സ്ഥാപിക്കുക. "തന്മന്ത്രം ബ്രാഹ്മണാധീനം, ബ്രാഹ്മണോ മമദൈവതം" എന്ന് മുഴുവന്‍ ബ്രാഹ്മണേതരരെക്കൊണ്ടും അംഗീകരിപ്പിക്കുക. അതായത് ബ്രാഹ്മണനാണ് തന്റെ ദൈവമെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുക. ഇത്തരമൊരു ബ്രാഹ്മണാധിപത്യത്തില്‍ അധിഷ്ഠിതമായ പഴയ ചാതുര്‍വര്‍ണ്യക്രമത്തിന്റെ, വര്‍ണാശ്രമധര്‍മത്തിന്റെ ജീര്‍ണ സാമൂഹ്യഘടന പുനഃസ്ഥാപിക്കലാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഇത് ഇങ്ങനെയല്ല എന്നു വാദിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ സംഘപരിവാറിനെക്കൊണ്ട് "ചാതുര്‍വര്‍ണ്യം മയാസൃഷ്ടം, ഗുണകര്‍മവിഭാഗശഃ" എന്ന ഗീതാവാക്യത്തെ തള്ളിപ്പറയിക്കട്ടെ. ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ് എന്നാണിതിനര്‍ഥം. ഈ ഭാഗം സംഘപരിവാര്‍ എന്നും മാനിഫെസ്റ്റോപോലെ ഉയര്‍ത്തിപ്പിടിച്ചിട്ടേയുള്ളൂ. ഈ ചാതുര്‍വര്‍ണ്യക്രമം പൊളിച്ച് അടിമകള്‍ക്ക് തുല്യം സമൂഹഘടനയില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്ന ജനകോടികളെ മനുഷ്യര്‍ എന്ന് അംഗീകരിപ്പിക്കാനാണ് ഗുരു ജീവിതംകൊണ്ട് ശ്രമിച്ചത്. ആ ഗുരുവിന്റെ സമാധിമന്ദിരത്തിലേക്കുതന്നെ വേണമായിരുന്നോ വര്‍ണാശ്രമധര്‍മത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യക്രമം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്ന സംഘപരിവാറിന്റെ നായകനെ; അതും നരഹത്യയുടെ ചോരപുരണ്ട കൈകളുമായി നില്‍ക്കുന്ന നേതാവിനെ ചുവപ്പു പരവതാനി വിരിച്ച് ആദരിച്ച് ആനയിക്കാന്‍? ഗുരുവിന്റെ സ്മൃതികളെപ്പോലും വേദനിപ്പിക്കുന്ന മറ്റെന്തുണ്ട് ഇനി ചെയ്യാന്‍? ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ സംഘപരിവാറിന്റെ സങ്കല്‍പ്പം യാഥാര്‍ഥ്യമായി വന്നാല്‍ സമൂഹഘടനയില്‍ തങ്ങളുടെ നില എവിടെയായിരിക്കുമെന്ന കാര്യമെങ്കിലും എസ്എന്‍ഡിപി യോഗം സെക്രട്ടറിയും ശിവഗിരിയിലെ സ്വാമിമാരും ഓര്‍ക്കേണ്ടിയിരുന്നില്ലേ? അവര്‍ അത് ഓര്‍ക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അവരെ അത് ഓര്‍മിപ്പിക്കുകയെന്ന ദൗത്യം ശ്രീനാരായണഗുരുവിന്റെ ചിന്തയുടെ വെളിച്ചം- സമഭാവനയുടെ വെളിച്ചം- ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന സാധാരണക്കാരായ കേരളീയ ജനലക്ഷങ്ങള്‍ ഏറ്റെടുക്കുകതന്നെ ചെയ്യും. ഓര്‍മകളുണ്ടായിരിക്കണം എന്നുമാത്രം യോഗം സെക്രട്ടറിയെയും സ്വാമിമാരെയും ഓര്‍മിപ്പിക്കട്ടെ. ശിവഗിരിയെ അധീനത്തിലാക്കിയാല്‍ അതിലൂടെ വലിയ ഒരു ജനവിഭാഗത്തെയും അവര്‍ സൃഷ്ടിച്ച സ്വത്തുവകകളെയും അധീനത്തിലാക്കാമെന്ന് സംഘപരിവാര്‍ കണക്കുകൂട്ടുന്നു. സംഘപരിവാറിന്റെ അധീശത്വത്തിന്‍ കീഴിലായാല്‍ ആ നിമിഷം ശിവഗിരിക്കും ശ്രീനാരായണ ധര്‍മപരിപാലനയോഗത്തിനും അതിന്റെ സ്വത്വം പൂര്‍ണമായി നഷ്ടപ്പെടും. ആ അവസ്ഥ ഉണ്ടാവാതിരിക്കാനും ഈ ഘട്ടത്തില്‍ ജാഗ്രതാപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്.

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്നുപറഞ്ഞ ശ്രീനാരായണ ഗുരുവിനെ ഒരു പ്രത്യേക മതത്തിന്റെ വരുതിക്കു കീഴിലാക്കണ്ട. എല്ലാ മതങ്ങളെയും ഒരുപോലെ കണ്ട ഗുരുവിനെ ഹിന്ദുസന്യാസിയാക്കി മുദ്രകുത്തുകയും വേണ്ട. മതനിരപേക്ഷതയുടെ, മതാതീതമായ മാനവികതയുടെ മഹാസന്ദേശത്തിന്റെ പ്രസരണകേന്ദ്രമായിത്തന്നെ ശിവഗിരി തുടരണം. ശിവഗിരിയുടെ ആ വിശിഷ്ട വ്യക്തിത്വം ഏതു ജീര്‍ണാനാചാരങ്ങള്‍ക്കെതിരെ, ഏതു ജീര്‍ണസാമൂഹ്യക്രമത്തിനെതിരെ ഗുരു പൊരുതിയോ അതേ ഇരുട്ടിന്റെ ശക്തികള്‍ക്ക് അടിയറവച്ചുകൂടാ. ഗുരുസൂക്തങ്ങളെ വികലപ്പെടുത്താനും ഗുരുവിന്റെ വ്യക്തിത്വത്തെ ഒരു പ്രത്യേക മതത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് പരിമിതപ്പെടുത്തി ഒതുക്കാനും ആരെയും അനുവദിക്കില്ലെന്ന് ഒറ്റക്കെട്ടായി കേരളം പറയണം. ആ ഒരുമ മാത്രമാണ് ശിവഗിരിയുടെ പൈതൃകം അന്യാധീനപ്പെടാതിരിക്കാനുള്ള ഏക മാര്‍ഗം.

എന്നാല്‍, ഇങ്ങനെ കേരളമാകെ ഒരേ സ്വരത്തില്‍ പറയേണ്ട സന്ദര്‍ഭത്തില്‍ തനിക്ക് "അഭിപ്രായമില്ല" എന്ന് പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കാനാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നോക്കുന്നത്. വര്‍ഗീയശക്തികളെ വിമര്‍ശിച്ച് അവരുടെ വോട്ടു കിട്ടാതാക്കേണ്ട എന്ന നിലയ്ക്കുള്ള ഈ അവസരവാദത്തെ ശിവഗിരിയുടെ സംസ്കൃതിയെ ആദരിക്കുന്ന ആരും കാണാതെപോകില്ല. മൗനംകൊണ്ടുള്ള ഒറ്റുകൊടുക്കലായി ചരിത്രം മുഖ്യമന്ത്രിയുടെ "നിശ്ശബ്ദത"യെ രേഖപ്പെടുത്തുകതന്നെചെയ്യും.

*
ദേശാഭിമാനി മുഖപ്രസംഗം 26 ഏപ്രില്‍ 2013

No comments: