Monday, April 15, 2013

പഞ്ചസാര നയംമാറ്റം മില്ലുടമകളുടെ കൊള്ളലാഭത്തിന്


ഇന്ത്യയിലിപ്പോള്‍ യുപിഎ ഗവണ്‍മെന്‍റ് നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ ഓരോന്നിെന്‍റയും ഫലം ഇതാണ്: വന്‍കിട വ്യവസായികള്‍, വന്‍കിട കച്ചവടക്കാര്‍ എന്നിവര്‍ക്ക് (അവരില്‍ വിദേശ കുത്തകകളും പെടും) കൊള്ളലാഭം; കൃഷിക്കാര്‍, ചെറുകിട വ്യവസായികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കൊക്കെ നഷ്ടം. രണ്ടാമത്തെ കൂട്ടര്‍ നൂറിലധികം കോടി പേരാണ്. അവര്‍ക്കുണ്ടാകുന്ന ചെറുതും വലുതുമായ നഷ്ടങ്ങളുടെ ആകത്തുക ഒരുവര്‍ഷം ദശലക്ഷക്കണക്കിനു കോടി രൂപ വരും. അത് ജനങ്ങളില്‍ ഒരു ശതമാനംപോലും വരാത്ത വന്‍കിട വ്യവസായികളും വ്യാപാരികളും കയ്യടക്കുന്നു. അങ്ങനെയാണ് ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ഷംതോറും ഏറി വരുന്നത്.

ഏതാണ്ട് 10 ദിവസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാരയുടെ മേലുള്ള നിയന്ത്രണം പിന്‍വലിച്ചു. ഓരോ പഞ്ചസാര മില്ലും ഉല്‍പാദിപ്പിക്കുന്ന പഞ്ചസാരയില്‍ പത്തുശതമാനം റേഷന്‍ വിതരണത്തിനായി കിലോക്ക് ഏതാണ്ട് 19 രൂപ വിലയ്ക്കു സര്‍ക്കാരിനു നല്‍കണമായിരുന്നു. ആ വ്യവസ്ഥ സര്‍ക്കാര്‍ റദ്ദാക്കി. തല്‍ഫലമായി ഒരു വര്‍ഷം പഞ്ചസാര ഫാക്ടറി ഉടമകള്‍ക്ക് ഏതാണ്ട് 3000 കോടി രൂപയുടെ നേട്ടമുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ബിപിഎല്ലുകാര്‍ക്ക് ഇനിയും പഞ്ചസാര കിലോക്ക് 13.50 രൂപ നിരക്കില്‍ റേഷന്‍ വിതരണം തുടരും. ഇതിനു ആവശ്യമായ പഞ്ചസാര സംസ്ഥാന സര്‍ക്കാരുകള്‍ കമ്പോളത്തില്‍ നിന്നു വാങ്ങി വിതരണം ചെയ്യണം. കമ്പോള വിലയായി 32 രൂപയില്‍ കൂടാത്ത തുക കൊടുക്കാം. അതും റേഷന്‍ വിലയും തമ്മിലുള്ള അന്തരം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. പഞ്ചസാര മില്ലുകാര്‍ക്ക് ഉണ്ടാകുന്ന സമ്പാദ്യത്തിന്റെ ഇരട്ടിയെങ്കിലും തുക ആ ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും എന്നു ചുരുക്കം. ഇത് മാത്രമല്ല പഞ്ചസാര മില്ലുകാര്‍ക്ക് രംഗരാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഇളവ്. ഓരോ മില്ലും പ്രതിമാസം എത്ര പഞ്ചസാര കമ്പോളത്തില്‍ വില്‍ക്കാം എന്നതിനു പരിധി നിശ്ചയിച്ചിരുന്നു. പഞ്ചസാര പൂഴ്ത്തിവെച്ച് വില കൃത്രിമമായി വര്‍ധിപ്പിക്കാതിരിക്കാനായിരുന്നു ഈ നിയന്ത്രണം. എല്ലാ മാസവും കമ്പോളത്തില്‍ എത്ര പഞ്ചസാര വരുമെന്ന് നിജപ്പെടുത്താന്‍. എന്നിട്ടും വില കുത്തനെ കയറാറുണ്ടെന്നത് വേറെ കാര്യം. ആ വ്യവസ്ഥ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നു. മില്ലുകാര്‍ക്ക് എപ്പോള്‍ എത്ര പഞ്ചസാര കമ്പോളത്തില്‍ വില്‍ക്കണം, എത്ര കയറ്റി അയക്കാം, എത്ര പൂഴ്ത്തിവെക്കാം എന്നതിനൊന്നും ഇനി നിയന്ത്രണമില്ല. ഈ ഇളവുകള്‍ ചെയ്തതുമൂലം പഞ്ചസാര മില്ലുകാര്‍ ഏറെ സന്തുഷ്ടരാണ്. അവയുടെ ഓഹരി വിലകള്‍ കുതിച്ചുയര്‍ന്നിരിക്കുന്നു. വക രണ്ടില്‍ വലിയ ലാഭമല്ലേ അവര്‍ ഇനി കൊയ്യാന്‍ പോകുന്നത്?

ഇനി പഞ്ചസാര കയറ്റുമതിയും ഉണ്ടായേക്കും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പു വേളയിലാണ് പഞ്ചസാര കമ്പോളവിലയിലും കുറഞ്ഞ വിലയ്ക്കു കയറ്റി അയച്ചത്. തുടര്‍ന്ന് ആഭ്യന്തരക്കമ്പോളത്തില്‍ പഞ്ചസാരക്ഷാമം കൊടുമ്പിരിക്കൊണ്ടു. തുടര്‍ന്ന് ഉയര്‍ന്ന വിലയ്ക്ക് അത് ഇറക്കുമതി ചെയ്തു. ഉപഭോക്താക്കള്‍ തീവില കൊടുക്കേണ്ടി വന്നു. സര്‍ക്കാരിനു വന്‍നഷ്ടവും പറ്റി. പക്ഷേ, പഞ്ചസാര മുതലാളിമാര്‍ക്ക് വലിയ ലാഭം കൊയ്യാനായി. അത് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് കാലത്തും ആവര്‍ത്തിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ഉപഭോക്താക്കള്‍ക്കു എന്തു സംഭവിക്കാന്‍ പോകുന്നു എന്ന് വരാന്‍ പോകുന്ന മാസങ്ങള്‍ നിശ്ചയിക്കും. പഞ്ചസാര വ്യവസായത്തിലെ നിര്‍ണായക ഘടകമാണ് കരിമ്പ് കൃഷിക്കാര്‍. അവര്‍ക്ക് ന്യായവില കിട്ടാറില്ല. ഗവണ്‍മെന്‍റ് എന്തൊക്കെ ചെയ്താലും അതാണ് അവരുടെ അനുഭവം. പഞ്ചസാര മുതലാളിമാരുടെ പക്കല്‍ കരിമ്പിെന്‍റയും പഞ്ചസാരയുടെയും വലിയ ശേഖരം ഉണ്ടാകും. അതിനാല്‍ കരിമ്പ് മൂത്ത് വെട്ടി കൃഷിക്കാര്‍ കൊണ്ടു ചെന്നാല്‍, തങ്ങളുടെ കയ്യില്‍ കരിമ്പിെന്‍റ വലിയ സ്റ്റോക്കുണ്ട്, അതിനാല്‍ പുതിയ കരിമ്പ് വേണ്ട എന്ന് മില്ലുകാര്‍ പറയും. കരിമ്പ് ആര്‍ക്കെങ്കിലും വില്‍ക്കുക, അല്ലെങ്കില്‍ കത്തിച്ചുകളയുക എന്നല്ലാതെ കൃഷിക്കാര്‍ക്ക് മറ്റ് പോംവഴിയൊന്നുമില്ല.

കഴിഞ്ഞ പല വര്‍ഷങ്ങളില്‍ മില്ലുകാര്‍ക്ക് വില എപ്പോഴെങ്കിലും തന്നാല്‍ മതി എന്ന വ്യവസ്ഥയില്‍ കരിമ്പ് എറിഞ്ഞ് കൊടുക്കാന്‍ കൃഷിക്കാര്‍ നിര്‍ബന്ധിതരായിരുന്നു. സര്‍ക്കാര്‍ കരിമ്പ് നേരിട്ട് വാങ്ങാത്തതുകൊണ്ടോ, സ്വകാര്യ മുതലാളിമാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താത്തതുകൊണ്ടോ ആണ് ഈ ദുര്‍ഗതി. കരിമ്പു കൃഷിക്കാരുടെ മേല്‍ കുതിര കയറാന്‍ വേണ്ടത്ര സ്വാതന്ത്ര്യം അനുവദിക്കാത്തതില്‍ മുതലാളിമാര്‍ക്കു മുറുമുറുപ്പുണ്ട്. അതിനുള്ള സമ്മര്‍ദ്ദമാകും അവരിനി ചെലുത്തുക. റേഷന്‍ പഞ്ചസാരയുടെ കാര്യത്തില്‍ ഇതേവരെ അനുഭവിക്കേണ്ടിവന്ന നഷ്ടത്തില്‍നിന്ന് സര്‍ക്കാര്‍ മില്ലുകാരെ കരകയറ്റിയതിന്റെ ഗുണഫലം അവര്‍ കൃഷിക്കാര്‍ക്ക് കൈമാറുമെന്ന പ്രതീക്ഷ ചില വാര്‍ത്തകളില്‍ പ്രകടിപ്പിച്ചു കണ്ടു. ആട്ടിന്‍കുട്ടിയുടെ സംരക്ഷണം കുറുക്കനെ ഏല്‍പിച്ചിട്ടുണ്ട് എന്ന് പറയുന്നതുപോലെയായിരിക്കും അത്.

കൃഷിക്കാര്‍ക്ക് മില്ലുകള്‍ ന്യായമായ വില നല്‍കാറില്ല. കൊടുക്കുന്ന വില തന്നെ കരിമ്പ് വാങ്ങിയാല്‍ ഉടനെ കൊടുക്കാറില്ല. അവരെ നിരവധി തവണ നടത്തി വശംകെടുവിച്ച ശേഷമേ അത് ചെയ്യാറുള്ളൂ. കൂടുതല്‍ ലാഭത്തില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന മുതലാളിമാര്‍ക്കുണ്ടോ കൃഷിക്കാരെന്‍റ ദുരിതം അറിയുന്നു? പഞ്ചസാര വ്യവസായത്തില്‍ ഇപ്പോള്‍ പ്രധാനകക്ഷി, അതുപയോഗിച്ച് മുതലുണ്ടാക്കുന്ന മില്ലുടമയാണ്. വാസ്തവത്തില്‍ കരിമ്പുകൃഷിക്കാരാണ് പഞ്ചസാര വ്യവസായത്തിലെ നിര്‍ണായകശക്തി. അവര്‍ അധ്വാനിക്കുന്നതിന്റെ ഫലമായാണ് കരിമ്പുല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിക്കുന്നത്. അവരില്ലെങ്കില്‍ കരിമ്പില്ല. ഈ വ്യവസായവുമില്ല. ആ പ്രാധാന്യവും പരിഗണനയും സര്‍ക്കാര്‍ ഇനിയും കൃഷിക്കാര്‍ക്ക് നല്‍കിക്കാണുന്നില്ല.

മുതലാളിമാര്‍ക്ക് പഞ്ചസാര തന്നെ ഉല്‍പാദിപ്പിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. കരിമ്പിന്‍ ചണ്ടിയില്‍നിന്നാണ് ഇപ്പോള്‍ ചാരായം ഉല്‍പാദിപ്പിക്കുന്നത്. കരിമ്പിന്‍നീരില്‍നിന്നു തന്നെ അത് ഉല്‍പാദിപ്പിക്കുന്ന പക്ഷം കൂടുതല്‍ ചാരായം ഉല്‍പാദിപ്പിക്കാന്‍ കഴിയും. അതിനു കൂടുതല്‍ വില ലഭിക്കുമെന്നതിനാല്‍, മില്ലുകാരുടെ ആദായം കൂടും. അങ്ങനെയും ചിന്തിക്കുന്ന മില്ലുകാരുണ്ടെന്നു ചുരുക്കം. അങ്ങനെ വന്‍തോതില്‍ ചാരായം ഉല്‍പാദിപ്പിക്കുന്നപക്ഷം രാജ്യത്തിന്റെ ഗതി എന്താകുമെന്ന് ആ വഴിക്ക് ചിന്തിക്കുന്ന മുതലാളിമാര്‍ ആലോചിക്കുന്നതേയില്ല. കരിമ്പിന്‍ കൃഷിക്കാര്‍, അവരുടെ മെച്ചപ്പെട്ട ഉല്‍പാദനം, അതിനു അര്‍ഹതപ്പെട്ട പ്രതിഫലം, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്കു പഞ്ചസാര/ശര്‍ക്കര, ഉപോല്‍പന്നമായി ചാരായം - ഇതായിരിക്കണം ഈ വ്യവസായത്തിന്റെ കാഴ്ചപ്പാട്. ഗവണ്‍മെന്‍റ് ഇപ്പോള്‍ പ്രഖ്യാപിച്ച പരിഷ്കാരം പഞ്ചസാര മേഖലയെ ആ വഴിക്കാണോ നയിക്കുക? കാത്തിരുന്നു കാണാം.

*
സി പി നാരായണന്‍ ചിന്ത വാരിക

No comments: